close

26 വയസ്സുള്ള അവിവാഹിതയാണ് ഞാന്‍. എന്റെ വിവാഹം ഉടനെയുണ്ടാവും. എനിക്ക് ആര്‍ത്തവസമയത്ത് അതികഠിനമായ വേദനയുണ്ട്. എന്തുകൊണ്ടാണിത്? ഗുളികകള്‍ കഴിച്ചു മടുത്തു. പരിഹാരം എന്താണ്?


ദേവിക, പെരിന്തല്‍മണ്ണ

ആര്‍ത്തവസമയത്ത് അടിവയറ്റില്‍ അസ്വസ്ഥതയും ചെറിയ വേദനയും അനുഭവിച്ചിട്ടില്ലാത്തവര്‍ വിരളമാണ്. ചിലരില്‍ അടിവയറ്റിനും നടുവിനും വേദന, ഇതോടൊപ്പം തുടയുടെ ഉള്‍ഭാഗത്തു വേദന, ഛര്‍ദ്ദി, തലവേദന, തലചുറ്റി വീഴുക തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാവുന്നു. ചിലര്‍ക്ക് ആ സമയത്ത് ശബ്ദം, മണം എന്നിവ പോലും അസഹ്യമായി തോന്നാം. ആദ്യദിവസങ്ങളില്‍ മൂന്നോ നാലോ മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന വേദനയാണ് സര്‍വസാധാരണം. ചിലര്‍ക്ക് ഒന്നോ രണ്ടോ ദിവസം വേദന നീണ്ടുനില്‍ക്കാം. ഇനിയൊരു കൂട്ടരില്‍ മാസമുറയുടെ 14-ാം ദിവസം തുടങ്ങി അടുത്ത മാസമുറ തുടങ്ങുന്നതുവരെ വേദന നീണ്ടുനില്ക്കാം.


ഇതൊരു രോഗമല്ല

ശരീരത്തിലെ മറ്റു പേശികളെ പോലെ തന്നെ സങ്കോചിക്കാനും വികസിക്കാനുമുള്ള കഴിവ് ഗര്‍ഭപാത്രത്തിനുണ്ട്. ആര്‍ത്തവ രക്തം പുറത്തേക്ക് തള്ളാനായി ഗര്‍ഭപാത്രം സങ്കോചിക്കുന്നു. വേദന ഉണ്ടാവാനുള്ള ഒരു പ്രധാന കാരണവും ഇതാണ്. ഗര്‍ഭപാത്രത്തിന്റെ ഉള്ളിലെ ആവരണവും, രക്തവും പുറത്തേക്ക് തള്ളപ്പെടുമ്പോള്‍ ഉണ്ടാവുന്ന രാസപ്രവര്‍ത്തനങ്ങളും വേദനയ്ക്കു കളമൊരുക്കുന്നു. ഇതൊരു രോഗമേയല്ല. ജൈവപരമായ ഒരു പ്രതിഭാസമായി മാത്രമേ ഇതിനെ കാണേണ്ടതുള്ളൂ. ഓരോ മാസവും ഉണ്ടാവുന്ന രാസപ്രവര്‍ത്തനങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് വേദനയുടെ തീവ്രത മാറും. അതുകൊണ്ടുതന്നെ എല്ലാ മാസവും ഒരേപോലെ വേദന ഉണ്ടാവണമെന്നില്ല.
ആര്‍ത്തവം തുടങ്ങുന്ന കാലത്തു മിക്ക പെണ്‍കുട്ടികളും അനുഭവിക്കുന്ന വേദന ഇത്തരത്തില്‍ പെട്ടതാകാം. പക്ഷേ എല്ലാ സ്ത്രീകളുടേയും കൗമാരക്കാരുടേയും കാര്യം അങ്ങനെയല്ല. പ്രത്യേകിച്ച് ആദ്യവര്‍ഷങ്ങളില്‍ വേദന ഇല്ലാതിരുന്നവരില്‍ പിന്നീട് വേദന തുടങ്ങിയാല്‍ ഗൗരവമായി എടുക്കേണ്ടതാണ്.

പ്രത്യുല്‍പ്പാദനപരമായ സങ്കീര്‍ണ്ണതകള്‍ സൃഷ്ടിക്കുന്ന ഒരു രോഗമാണ് എന്‍ഡോമെട്രിയോസിസ് . ഗര്‍ഭപാത്രത്തിനേയും അണ്ഡാശയത്തിനേയും ബാധിക്കുന്ന ഈ രോഗം 10-15 ശതമാനം വരെ കൗമാരക്കാരില്‍ കണ്ടുവരുന്നു. ആദ്യലക്ഷണം ആര്‍ത്തവസമയത്തെ അതികഠിനമായ വേദനയാണ്. സ്‌കാനിങ് വഴി രോഗം കണ്ടുപിടിക്കാം.

ഗര്‍ഭാശയത്തിലും, അണ്ഡാശയങ്ങളിലും അണ്ഡവാഹിനി കുഴലിലും, ചുറ്റുമുള്ള പ്രദേശത്തും അണുബാധ മൂലമുണ്ടാകുന്ന പെല്‍വിക് ഇന്‍ഫെക്ഷന്‍ വേദനയ്ക്കു കാരണമായ മറ്റൊരു രോഗാവസ്ഥയാണ്. ആര്‍ത്തവ ശുചിത്വമില്ലായ്മ, ലൈംഗിക ശുചിത്വക്കുറവ്, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം തുടങ്ങി ഈ രോഗത്തിന്റെ കാരണങ്ങള്‍ പലതാണ്. ആര്‍ത്തവ സമയത്ത് അടിവയറ്റിലുണ്ടാവുന്ന അമിതവേദനയും മറ്റു ആര്‍ത്തവ ക്രമക്കേടുകളും ഈ രോഗത്തിന്റെ ലക്ഷണമാണ്. ചികിത്സിച്ചുമാറ്റാന്‍ പ്രയാസമുള്ള ഈ രോഗം, തുടക്കത്തില്‍ കണ്ടുപിടിച്ചാല്‍ കുറച്ചെങ്കിലും പ്രതീക്ഷയ്ക്കു വക നല്കുന്നു. ഗര്‍ഭപാത്രത്തിലുണ്ടാവുന്ന ചില തരം മുഴകള്‍, ജന്മനായുണ്ടാവുന്ന ഗര്‍ഭപാത്ര തകരാറുകള്‍, ഘടനയിലുണ്ടാവുന്ന മാറ്റങ്ങള്‍ എന്നിവയെല്ലാം അതിശക്തമായ വയറുവേദനയുടെ കാരണങ്ങളാണ്.


ചികിത്സകള്‍

മറ്റു കാരണങ്ങള്‍ കൂടാതെയുള്ള വയറുവേദന ലഘുവായ ചികിത്സയിലൂടെ മാറ്റാനാവും. ഗുളികകള്‍, ഭക്ഷണക്രമീകരണം, യോഗ, നടത്തം, സൈക്ലിങ്, നീന്തല്‍ തുടങ്ങിയ വ്യായാമങ്ങളും ഇതിന് ഫലം ചെയ്യും. വേദന സംഹാര ഗുളികകള്‍ വലിയൊരളവുവരെ സഹായകമാവുമെങ്കിലും, സ്ഥിരമായ ഉപയോഗം ദൂരവ്യാപകമായ മറ്റു ശാരീരിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കരളിന്റെയും വൃക്കയുടേയും പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കാന്‍ സാധ്യതയുമുണ്ട്. മാത്രമല്ല അള്‍സര്‍, അസിഡിറ്റി തുടങ്ങിയവയ്ക്കും ഈ ഗുളികകള്‍ കാരണമാവാം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ വേദന സംഹാരികള്‍ ഉപയോഗിക്കാവൂ.

ഭക്ഷണക്രമീകരണം വേദനയില്‍നിന്ന് മുക്തിനേടാന്‍ നല്ലൊരു മാര്‍ഗ്ഗമാണ്. കൊഴുപ്പുകലര്‍ന്ന ആഹാരം, വറുത്തതും പൊരിച്ചതും, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കി പച്ചക്കറി, പഴങ്ങള്‍, മുളപ്പിച്ച ധാന്യങ്ങള്‍ (പയറ്, കടല മുതലായവ), ചെറുമത്സ്യങ്ങള്‍ എന്നിവ ധാരാളം കഴിക്കുന്നതും നല്ലതാണ്.

blogadmin

The author blogadmin

Leave a Response