Question: എനിക്ക് 40 വയസ്സുണ്ട്. ഒരുവർഷമായി ആർത്തവം ക്രമമല്ല. അമിത രക്തസ്രാവം ഉണ്ടാകാറുണ്ട്. ഫൈബ്രോയ്ഡുകൾ ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇപ്പോൾ കഠിനമായ ക്ഷീണം അനുഭവപ്പെടുന്നുണ്ട്. അൽപം നടക്കുമ്പോൾ പോലും കിതപ്പ് അനുഭവപ്പെടുന്നു. ഹീമോഗ്ലോബിൻ അളവ് 8g/dl ആണ്. ഇത് കാരണമാകുമോ ക്ഷീണം അനുഭവപ്പെടുന്നത്? ഈ പ്രശ്നം പരിഹരിക്കാൻ എന്താണ് ചെയ്യേണ്ടത്?
ഉത്തരം
ആർത്തവസമയത്ത് അമിതമായ രക്തസ്രാവമുണ്ടെങ്കിൽ ആ ദിവസങ്ങൾ തികച്ചും അസഹനീയമാകും. അത് ക്രമം തെറ്റുകകൂടി ചെയ്താൽ ജോലിക്കുപോകുന്നതും യാത്ര ചെയ്യുന്നതുമെല്ലാം പ്രയാസം സൃഷ്ടിക്കും. ഇങ്ങനെ അമിത രക്തസ്രാവം തുടരുന്നത് ശരീരം ദുർബലമാകാനും വിളർച്ചയുണ്ടാകാനും കാരണമാകും.
ഗർഭപാത്രത്തിന് പ്രശ്നങ്ങളൊന്നും ഇല്ലാതിരിക്കെ അമിത രക്തസ്രാവം ഉണ്ടാകുന്ന അവസ്ഥയ്ക്ക് ഡിസ്ഫങ്ഷണൽ യൂട്ടറൈൻ ബ്ലീഡിങ് എന്നു പറയും. നിങ്ങളുടെ കാര്യത്തിൽ കുറച്ച് ഫൈബ്രോയ്ഡുകൾ ഉള്ളതായി മനസ്സിലായി. അതിനാൽ ഫൈബ്രോയ്ഡ് കാരണമായിരിക്കും അമിതമായ രക്തസ്രാവം ഉണ്ടാകുന്നത്. എന്നാൽ ക്രമം തെറ്റിയ രക്തസ്രാവം മറ്റ് ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് നിശ്ചിത അനുപാതത്തിൽ കുറയുന്ന അവസ്ഥയാണ് അനീമിയ. ഇതുകാരണം ക്ഷീണം, തലകറക്കം, വിളർച്ച, വിശപ്പില്ലായ്മ, അമിത ഹൃദയമിടിപ്പ്, ശ്വാസതടസ്സം, കിതപ്പ് ഒക്കെ ഉണ്ടാകാം.
ക്രമംതെറ്റിയതും അമിതവുമായ ആർത്തവം ഉണ്ടെങ്കിൽ ആദ്യമായി എൻഡോമെട്രിയൽ സാംപ്ലിങ് ചെയ്യണം. ഇത് ഒ.പി. വിഭാഗത്തിൽ തന്നെ ചെയ്യാവുന്ന ടെസ്റ്റാണ്. ഇതിന് പിപ്പല്ലെ എൻഡോമെട്രിയൽ സാംപ്ലിങ് എന്നു പറയും. എന്നാൽ ചിലപ്പോൾ ഹിസ്റ്ററോസ്കോപ്പി ചെയ്തു നോക്കുകയും വേണ്ടിവരും. അപ്പോൾ ഗർഭപാത്രത്തിനുള്ളിൽ പോളിപ്പ് പോലുള്ള എന്തെങ്കിലും ഉണ്ടോ എന്ന് തിരിച്ചറിയാനും അത് നീക്കം ചെയ്യാനും സാധിക്കും. ഗർഭപാത്രത്തിലെ എൻഡോമെട്രിയൽ കോശങ്ങൾ എടുത്ത് ഹിസ്റ്റോപാത്തോളജി ടെസ്റ്റിന് അയക്കുകയും ചെയ്യാറുണ്ട്. അണ്ഡവിസർജനം നടക്കുന്നുണ്ടോ എന്നും അമിത രക്തസ്രാവത്തിന്റെ കാരണം ഹോർമോൺ അസന്തുലിതാവസ്ഥയാണോ എന്നുമൊക്കെ തിരിച്ചറിയാൻ സാധിക്കും. കൂടാതെ കാൻസർ പോലുള്ള പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പിക്കാനും സാധിക്കും.
ഫൈബ്രോയ്ഡ് വളരെ ചെറുതാണെങ്കിൽ സർജറി ആവശ്യമില്ല. എന്നാൽ അതിന്റെ വളർച്ച നിയന്ത്രിക്കാൻ ആവശ്യമെങ്കിൽ മൂന്നുമുതൽ ആറുമാസം വരെ ചികിത്സ ചെയ്യാവുന്നതാണ്. ഇതിനുള്ള മരുന്ന് കഴിക്കുമ്പോൾ രക്തസ്രാവം കുറയുകയും അനീമിയ പരിഹരിക്കപ്പെടുകയും ചെയ്യും.
പിന്നെയുള്ള മാർഗം പ്രത്യേക ഇൻട്രായൂട്ടറൈൻ ഉപകരണം ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന രീതിയാണ്. ഇതിലൂടെ വളരെ ചെറിയ തോതിൽ ഗർഭപാത്രത്തിന്റെ ഉള്ളിൽ ഹോർമോൺ എത്തുകയും അതുവഴി അമിത രക്തസ്രാവം കുറയ്ക്കുകയും ചെയ്യും. ചിലരിൽ ആറുമാസംകൊണ്ട് രക്തസ്രാവം വളരെ കുറയ്ക്കാൻ ഇതിലൂടെ സാധിക്കും. ഒരിക്കൽ നിക്ഷേപിച്ചാൽ അഞ്ചുവർഷം വരെ അതിന് ഫലം ലഭിക്കാറുണ്ട്. ഇത് ഫൈബ്രോയ്ഡിന്റെ ചികിത്സാരീതിയുമാണ്. എന്നാൽ വർഷത്തിലൊരിക്കൽ അൾട്രാസൗണ്ട് സ്കാൻ ചെയ്ത് മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. അനീമിയ പരിഹരിക്കാൻ കുറച്ചുകാലം ഡോക്ടറുടെ നിർദേശപ്രകാരം അയേൺ ചേർന്ന ഗുളികകൾ കഴിക്കുന്നതും നല്ലതാണ്.