close
ചോദ്യങ്ങൾഡയറ്റ്

അമിത വണ്ണം കുറയ്ക്കാൻ ഇതാ 5 ആയുർവേദ ഒറ്റമൂലികൾ

വയറ്റിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പകറ്റാനും അമിത വണ്ണം കുറയ്ക്കാനും എന്ത് വഴികളും തേടാൻ മടിയില്ലാത്തവരാണ് നാം. അനാരോഗ്യകരമായ മാർഗ്ഗങ്ങളുടെ പുറകെ പോയി അബദ്ധങ്ങളിൽ ചെന്ന് ചാടുന്നതിനു മുമ്പ്, ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആയുർവേദത്തിലെ ചില മരുന്നുകൾ പരിചയപ്പെടാം.

ദിവസേന എത്രയധികം സൗന്ദര്യ സംരക്ഷണ വസ്തുക്കളുടെ പരസ്യങ്ങളാണ് നാം കാണുന്നത്? വിവിധ കമ്പനികൾ നിർമ്മിക്കുന്ന ഇത്തരം സൗന്ദര്യ വസ്തുക്കളുടെ എണ്ണം ആരെയും ഞെട്ടിപ്പിക്കുന്നതാണ്. മറ്റൊരു വസ്തുത എന്തെന്നാൽ, ഇത്തരം പല ഉത്പന്നങ്ങളും വിപണിയിലെത്തുന്നത് ആയുർവ്വേദം അല്ലെങ്കിൽ ഹെർബൽ എന്ന ലേബലിൽ ആണ്. കാരണം മറ്റൊന്നുമല്ല, മലയാളികളുടെ ജീവിതശൈലിയിൽ ആയുർവേദത്തിനുള്ള പങ്ക് വേറെ എന്തിനേക്കാളും മുൻപന്തിയിലാണെന്ന് നിർമ്മാതാക്കൾക്കും നന്നായി അറിയാം. പ്രകൃതിയോടിണങ്ങി ജീവിക്കാൻ താൽപര്യപ്പെടുന്ന കേരളീയർക്ക് ആയുർവേദമെന്നത് മാറ്റിനിർത്താനാവാത്ത കാര്യം തന്നെയാണ്.

രാസവസ്തുക്കളടങ്ങിയ ഉത്പന്നങ്ങളെക്കാൾ നമുക്ക് സുപരിചിതമായ ഔഷധസസ്യങ്ങളും മറ്റ് ആയുർവേദ മരുന്നുകളും ഉപയോഗിച്ച് സൗന്ദര്യം സംരക്ഷിക്കാനുള്ള സാധ്യതകൾ ഇന്ന് വളരെയധികമാണ്. ആയുർവേദത്തിലൂടെ മുഖകാന്തി വർധിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ തേടുന്നതിന് പുറമെ, വണ്ണം കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ അന്വേഷിക്കുന്നവരും കുറച്ചൊന്നുമല്ല നമുക്കിടയിലുള്ളത്. ആയുർവേദത്തിലൂടെ എങ്ങനെ വണ്ണം കുറയ്ക്കാം?

ശരീരഭാരം കുറയ്ക്കാൻ ഏത് വഴികളും തേടാൻ മടിയില്ലാത്തവരാണ് നാം. വണ്ണം കുറയ്ക്കാനായി ശരീരം വിയർത്തുള്ള ഏർപ്പാടുകൾക്ക് മടി കാണിക്കുന്നവരും കുറവല്ല. അതേസമയം സമയക്കുറവ് മൂലം ആരോഗ്യത്തിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാൻ കഴിയാത്തവരും നമുക്കിടയിൽ ധാരാളമുണ്ട്. ഓരോ വ്യക്തിയുടെയും ശരീരപ്രകൃതിയും ജീവിതശൈലിയും പാരമ്പര്യവും എല്ലാം വെവ്വേറെ ആയതുകൊണ്ട് തന്നെ വണ്ണം കുറയ്ക്കാൻ നടത്തുന്ന പരിശ്രമത്തിന്റെ ഫലങ്ങൾ എല്ലാവരിലും ഒരുപോലെ ലഭിക്കണമെന്നില്ല.

വയറ്റിൽ അമിതമായി അടിഞ്ഞു കൂടുന്ന കൊഴുപ്പ് ഹൃദ്രോഗം, അമിതവണ്ണം, പ്രമേഹം, ഹൃദയാഘാതം, ചിലതരം അർബുദങ്ങൾ തുടങ്ങിയ വളരെ സങ്കീർണ്ണങ്ങളായ രോഗാവസ്ഥകളുമായി ബന്ധപ്പെട്ട കിടക്കുന്നു. അതിനാൽ ഈ കൊഴുപ്പ് നീക്കം ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. വയറ്റിലെ കൊഴുപ്പകറ്റി അമിത വണ്ണം കുറയ്ക്കാൻ ആയുർവേദത്തിൽ ചില എളുപ്പവഴികളുണ്ട്. ആയുർവേദമെന്നത് ഒരു ചികിത്സാ സമ്പ്രദായമാണെങ്കിലും വയറ്റിൽ അടിഞ്ഞു കൂടിയ കൊഴുപ്പകറ്റാനും അതുവഴി വണ്ണം കുറയ്ക്കാനും ആയുർവേദ ആശുപത്രികളിൽ പോയി കിടന്ന് ചികിത്സ തേടണമെന്നില്ല.

അമിതവണ്ണം കുറയ്ക്കാനും വയറ്റിലെ കൊഴുപ്പ് നീക്കം ചെയ്യാനും സഹായിക്കുന്ന ആയുർവേദത്തിലെ അതിശക്തമായ ഘടകങ്ങൾ ഇതാ:

1. ഗുൽഗുലു

ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച ആയുർവേദ ഔഷധങ്ങളിലൊന്നാണിത്. കോമിഫോറ മുകുൾ എന്ന മരത്തിന്റെ നീരിൽ (gum resin) നിന്നാണ് ഗുൽഗുലു ഉത്പാദിപ്പിക്കപ്പെടുന്നത്. ഇതിലടങ്ങിയിരിക്കുന്ന പ്ലാന്റ് സ്റ്റിറോൾ, ഗുഗ്ഗുൽസ്റ്റെറോൺ തുടങ്ങിയവ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്. അമിത വണ്ണം കുറയ്ക്കാൻ സഹായിക്കുന്നതോടൊപ്പം തന്നെ ട്രൈഗ്ലിസറൈഡുകളും കൊളസ്ട്രോളും കുറയ്ക്കാൻ ഉപകരിക്കുന്ന പദാർത്ഥങ്ങളും ഗുൽഗുലു അടങ്ങിയിരിക്കുന്നു. ഇത് സേവിക്കുന്നതിനു മുമ്പ് വിദഗ്ധാഭിപ്രായം തേടിയ ശേഷം മാത്രം അവർ നിർദ്ദേശിക്കുന്ന പോലെ ഉപയോഗിക്കാം.

2. ഗാർസിനിയ കംബോജിയ അഥവാ കുടംപുളി

മലബാർ ടാമറിൻഡ് എന്ന് അധികമാരും കേട്ടിട്ടുണ്ടാകില്ല. എന്നാൽ കുടംപുളി എന്ന് പറഞ്ഞാലോ? കുടംപുളി എന്ന് കേൾക്കുമ്പോഴേ നാവിൽ വെള്ളമൂറുന്ന മീൻ കറിയാണ് പലർക്കും ഓർമ്മ വരിക. എന്നാൽ മീൻ കറിക്ക് രുചി കൂട്ടുന്നതിനുമപ്പുറം വളരെയധികം ആരോഗ്യഗുണങ്ങളുള്ള ഒരു പഴമാണ് ഗാർസിനിയ കംബോജിയ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന കുടംപുളി. പഴുത്ത കുടംപുളി അല്ലികളാക്കിയ ശേഷം വെയിലത്തു വെച്ചുണക്കിയ ശേഷം ദീർഘനാൾ കേട് വരാതെ സൂക്ഷിക്കാം.

കുടംപുളി ശരീരഭാരം കുറയ്ക്കുമോ? കുറയ്ക്കും എന്ന് തന്നെയാണ് പഠനങ്ങൾ കാണിക്കുന്നത്. പ്രസവം കഴിഞ്ഞിട്ടും തനിക്ക് അമിതവണ്ണം ഉണ്ടാകാതെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കാൻ കഴിയുന്നതിന്റെ രഹസ്യം ഗാർസിനിയ കംബോജിയ ആണെന്ന് ബോളിവുഡിന്റെ സൗന്ദര്യ റാണി ഐശ്വര്യ റായ് പോലും ഒരിക്കൽ പറഞ്ഞിരുന്നത് ഓർമ്മയുണ്ടോ?

ഗാർസിനിയ കംബോജിയ അഥവാ കുടംപുളിയുടെ ഭാരം കുറയ്ക്കാനുള്ള കഴിവ് നേരത്തെ തന്നെ ശാസ്ത്രലോകം അടിവരയിട്ട് പറഞ്ഞിട്ടുള്ളതാണ്. പാർശ്വഫലങ്ങളില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. കുടംപുളിയിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രോക്സി സിട്രിക് ആസിഡ് (HCA) കൊഴുപ്പുണ്ടാക്കുന്ന എൻസൈമുകളെ തടയുന്നു. മാത്രവുമല്ല ഇത് ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തുകയും വിശപ്പ് ശമിപ്പിക്കുകയും ചെയ്യും. അമിത വണ്ണം ഉണ്ടാകുന്നത് തടയുന്നതോടൊപ്പം കുടംപുളിക്ക് വേറെയുമുണ്ട് ഗുണങ്ങൾ. രക്തത്തിലെ പഞ്ചസാരയുടെ അളവ് (blood sugar) നിയന്ത്രിക്കുക, ശരീരത്തിന് രോഗപ്രതിരോധശേഷി നൽകുക, ദഹനപ്രക്രിയയെ സഹായിക്കുക, എന്ന് തുടങ്ങി മാനസിക പിരിമുറുക്കം തടയാൻ വരെ കുടംപുളിക്ക് കഴിയുമത്രേ.

3. ത്രിഫല

ദിവസം ചെല്ലുന്തോറും കൂടിവരുന്ന വണ്ണം എങ്ങനെ കുറയ്ക്കുമെന്നോർത്ത് ആശങ്കപ്പെടുന്നവർക്കുള്ള ഉത്തമ പരിഹാരമാർഗ്ഗമാണ് ത്രിഫല. നെല്ലിക്ക, താന്നിക്ക, കടുക്ക എന്നീ മൂന്ന് ഫലങ്ങളുടെ ഗുണങ്ങൾ ഒത്തുചേരുമ്പോഴുണ്ടാകുന്ന അത്ഭുതമാണ് ത്രിഫല. വളരെ പ്രശസ്തമായ ഈ ഔഷധക്കൂട്ട് ആയുർവേദത്തിലെ മിക്ക മരുന്നുകളുടെയും ചേരുവകളിലൊന്നാണ്.

ത്രിഫലയുടെ ഗുണങ്ങൾ

  • ത്രിഫലരസായനം ശരീരത്തിലെ വീക്കവും നീര്‍ക്കെട്ടും ഇല്ലാതാക്കാൻ സഹായിക്കുന്നു.
  • ത്രിഫലയുടെ ശരിയായ ഉപയോഗം ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നു.
  • രക്തം ശുദ്ധീകരിക്കാൻ സഹായിക്കുന്നു.
  • മലബന്ധം തടയാൻ സഹായിക്കുന്നു.
  • ദഹനപ്രക്രിയയെ സഹായിക്കുന്നു.
  • കഫ, പിത്ത, വാതങ്ങളെ ക്രമീകരിക്കുന്നു.
  • മുഖകാന്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
  • ശരീരത്തിലെ അമിതകൊഴുപ്പിനെ നീക്കം ചെയ്ത അമിതവണ്ണം തടയുന്നു.

ത്രിഫല ഉപയോഗിക്കേണ്ട വിധം

നെല്ലിക്ക, താന്നിക്ക, കടുക്ക എന്നീ ഫലങ്ങളുടെ കുരു നീക്കം ചെയ്ത് വൃത്തിയാക്കി എടുത്ത ശേഷം ഉണക്കി പൊടിച്ച് സൂക്ഷിക്കാവുന്നതാണ്. ത്രിഫല ചൂർണം ചൂടുവെള്ളത്തിൽ ചേർത്ത് പ്രഭാത ഭക്ഷണത്തിന് അര മണിക്കൂർ മുൻപും അത്താഴം കഴിഞ്ഞ് രണ്ട് മണിക്കൂർ കഴിഞ്ഞും കഴിക്കുന്നത് കുടവയർ കുറയ്ക്കാൻ സഹായിക്കും. തേനിൽ ചാലിച്ചും ത്രിഫല ചൂർണ്ണം കഴിക്കാവുന്നതാണ്. ഇത് കഴിച്ച് തുടങ്ങുന്നതോടെ ശരീരത്തിലെ മാലിന്യങ്ങൾ മലത്തിലൂടെയോ ത്വക്കിലൂടെയോ പുറത്തു പോകുന്നു. ത്രിഫല ചൂർണ്ണം കഴിച്ച് തുടങ്ങിയ ശേഷം ശരീരത്തിലുണ്ടാകുന്ന തടിപ്പും ചൊറിച്ചിലും മാലിന്യങ്ങൾ പുറന്തള്ളപ്പെടുന്നതിന്റെ സൂചനയാണ്. അതേസമയം കൂടിയ അളവിൽ ത്രിഫല കഴിക്കുന്നത് വയറിളക്കത്തിന് കാരണമായേക്കാം.

4. കറുവപ്പട്ട (Cinnamon)

ഇന്ന് മിക്ക അടുക്കളകളിലും കറുവപ്പട്ട ഉണ്ടാകും. ഭക്ഷണത്തിനു രുചിയേകാൻ വീട്ടമ്മമാർ ഉപയോഗിക്കുന്ന സ്ഥിരം വസ്തുവാണിത്. എന്നാൽ കറുവപ്പട്ടയുടെ ആരോഗ്യ ഗുണങ്ങൾ പലരും വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താറില്ല എന്നതാണ് സത്യം. ആന്റി ഓക്സിഡന്റ് ഗുണങ്ങളുടെ കാലവറയാണിത്. ഉപാപചയ രോഗങ്ങളും പൊണ്ണത്തടിയും കുറയ്ക്കാൻ കറുവപ്പട്ടയ്ക്ക് കഴിയും എന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ തെളിയിക്കുന്നത്.

അമിത വണ്ണം ഇല്ലാതാക്കാൻ ദിവസവും രാവിലെ വെറും വയറ്റിൽ കറുവപ്പട്ട വെള്ളം ശീലമാക്കാം. അതല്ലെങ്കിൽ കറുവപ്പട്ട ഇട്ട് തിളപ്പിച്ച ചായ കുടിക്കുന്നതും അമിത വണ്ണത്തെ പ്രതിരോധിക്കാൻ സഹായിക്കും.

കറുവപ്പട്ടയും തേനും: ഇവ രണ്ടും ചേർത്ത കഴിക്കുന്നത് വണ്ണം കുറയ്ക്കാൻ ഏറ്റവും ഉത്തമമായ മാർഗ്ഗങ്ങളിലൊന്നാണ്. ഒരു ടേബിള്‍സ്പൂണ്‍ കറുവപ്പട്ട പൗഡര്‍ അര സ്പൂണ്‍ തേനിൽ ചാലിക്കുക. ഒരു ഗ്ലാസ്സ് തിളപ്പിച്ച വെള്ളത്തില്‍ ഈ മിശ്രിതം ലയിപ്പിച്ചു ശേഷം ഉറങ്ങുന്നതിനു ഏകദേശം അറ മണിക്കൂർ മുമ്പ് കുടിക്കാം. ഇത് വണ്ണം കുറയ്ക്കാൻ സഹായിക്കുന്നതോടൊപ്പം ശരീരത്തിന്റെ മെറ്റബോളിക് പ്രവര്‍ത്തങ്ങളെ ത്വരിതപ്പെടുത്തുകയും ചെയ്യും.

5. പുനര്‍നവ

എന്തിനം ആയുർവേദ മരുന്നാണിത് എന്നോർത്ത് അത്ഭുതപ്പെടേണ്ട. പുനര്‍നവ എന്ന പേരിനേക്കാൾ മലയാളിക്ക് കൂടുതൽ സുപരിചിതം തഴുതാമ എന്നു പറയുന്നതാകും. ബൊയര്‍ഹാവിയ ഡിഫ്യൂസ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന പുനര്‍നവ അഥവാ തഴുതാമ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഏറ്റവും മികച്ച ആയുർവേദ മരുന്നുകളിലൊന്നാണ്. തഴുതാമയുടെ ഡൈയൂറിറ്റിക് ഗുണമേന്മകൾ മൂത്രാശയരോഗങ്ങളെയും വൃക്ക സംബന്ധമായ അസുഖങ്ങളെയും ഉദരസംബന്ധമായ രോഗങ്ങളെയും അതിശക്തമായി പ്രതിരോധിക്കുന്നു. കരൾരോഗത്തിനും പ്രമേഹത്തിനും മഞ്ഞപ്പിത്തത്തിനും തഴുതാമയോളം മേന്മയുള്ള മറ്റൊരു ഔഷധസസ്യമില്ല. അമിതവണ്ണം ചികത്സിക്കാനും ആയുർവേദത്തിൽ തഴുതാമ തന്നെ ബെസ്റ്റ്. ശരീരത്തിൽ അടിഞ്ഞു കൂടിയ മാലിന്യം നീക്കം ചെയ്യാനും തഴുതാമ തന്നയാണ് ഉത്തമം.

blogadmin

The author blogadmin

Leave a Response