close
ആർത്തവം (Menstruation)ചോദ്യങ്ങൾ

ആദ്യ ആർത്തവം: അമ്മ മകളോട് പറയേണ്ട ചില കാര്യങ്ങൾ

നിങ്ങളുടെ പെൺ മകൾക്ക് ആർത്തവത്തെക്കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കേണ്ട സമയമായി എന്ന് തോന്നുന്നുണ്ടോ? മകളോട് ഇത് എങ്ങനെ പറയും, എന്ത് പറഞ്ഞുകൊടുക്കും എന്നൊക്കെ ഓർത്ത് വിഷമിക്കുന്ന അമ്മമാർ അറിയാൻ…

ഒട്ടുമിക്ക പെൺകുട്ടിയുടെയും ജീവിതത്തിൽ ആർത്തവം ഏതാണ്ട് 12-13 വയസ്സിൽ ആരംഭിക്കുന്നു. എന്നാൽ ചിലരിൽ 8 വയസ്സ് പ്രായമുള്ളപ്പോൾ തുടങ്ങി ആർത്തവം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഈ ചെറിയ പ്രായത്തിൽ നമ്മുടെ കുട്ടികൾക്ക് ഇതിനെപ്പറ്റി യാതൊരു ധാരണയും ഉണ്ടാകാൻ സാധ്യതയില്ലാത്തതിനാൽ ഈ വിഷയം അവരുമായി നേരത്തെ തന്നെ ചർച്ച ചെയ്യേണ്ടതും അവരെ അതിനായി ഒരുക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ആർത്തവത്തെ കുറിച്ചുള്ള കാര്യങ്ങൾ വിശദീകരിക്കുക എന്നത് അമ്മമാരെ സംബന്ധിച്ചിടത്തോളം അവതരിപ്പിക്കാൻ ഏറ്റവും വിഷമകരമായ ഒരു വിഷയമാണ്. തങ്ങളുടെ കുട്ടിയുടെ ആദ്യ ആർത്തവത്തെ ധൈര്യപൂർവ്വം നേരിടുന്നതിന് അവരെ തയ്യാറെടുപ്പിക്കാനായി നിങ്ങൾക്ക് എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് കണ്ടെത്താം.

​നേരത്തേ തന്നെ തുറന്ന് സംസാരിക്കണം

ഒരു പെൺകുട്ടിയുടെ ആർത്തവത്തെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അമ്മമാർ തന്നെയാവണം ഏറ്റവും ആദ്യം അവർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടത്. ഏതൊരു പെൺകുട്ടിയുടെ ശരീരത്തിലും ഒരു പ്രത്യേക കാലയളവിൽ ഉണ്ടാകാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച് നിങ്ങളുടെ കുട്ടിയോട് നേരത്തെ തന്നെ തുറന്നു സംസാരിക്കുന്നത് നല്ലതാണ്. ആർത്തവത്തെ കുറിച്ചുള്ള വസ്തുതകളും നിർദ്ധേശങ്ങളുമെല്ലാം ഒറ്റയടിക്ക് അവരെ പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ട ഒന്നല്ല. പകരം, സംഭാഷണങ്ങളുടെ ഒരു പരമ്പര ആസൂത്രണം ചെയ്യുക. നിങ്ങളുടെ കുട്ടി ആർത്തവത്തെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുമ്പോഴും സംശയങ്ങളും ഉന്നയിക്കുമ്പോഴും യാതൊരു മടിയും കൂടാതെ അവയ്ക്ക് പരസ്യമായും സത്യസന്ധമായും ഉത്തരം നൽകുക. ഇക്കാര്യങ്ങൾ തിരിച്ചറിയേണ്ട പ്രായമായിട്ടും കുട്ടി നിങ്ങളോട് ഇതേപ്പറ്റി ചോദ്യങ്ങൾ ചോദിക്കാൻ മുതിരുന്നില്ലെങ്കിൽ, ആർത്തവത്തെക്കുറിച്ചുള്ള കാര്യങ്ങളെപ്പറ്റി സംസാരിച്ചു തുടങ്ങേണ്ടത് നിങ്ങളാണ്.

ഋതുമതിയായി മാറുന്നതുമായി ബന്ധപ്പെട്ട് ഒരു പെൺകുട്ടിയുടെ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ ചിലപ്പോൾ പലപ്പോഴും അവരെ അല്പം ഭയപ്പെടുത്തുന്നതായിരിക്കാം. ആർത്തവത്തെക്കുറിച്ച് ആശങ്ക തോന്നുന്നത് സാധാരണമാണെന്നും അതിൽ പേടിക്കേണ്ട കാര്യമൊന്നുമില്ലെന്നും കുട്ടിയെ ഓർമിപ്പിക്കുക. ധൈര്യപൂർവ്വമായും സന്തോഷം നിറഞ്ഞ ഒരു മനസ്സോടെയും ഓരോ ആർത്തവത്തെയും വരവേൽക്കാൻ നിങ്ങളുടെ കുട്ടിയെ പരിശീലിപ്പിക്കുക.

​ആർത്തവത്തെകുറിച്ച് എന്ത് പറയണം?

ആർത്തവം ഉണ്ടാകുക അല്ലെങ്കിൽ ഒരു പെൺകുട്ടി ഋതുമതിയാകുക എന്നതിനെക്കുറിച്ച് നിങ്ങളുടെ കുട്ടിക്ക് എന്തെല്ലാമറിയാം എന്ന ചോദ്യം ഉന്നയിച്ചുകൊണ്ട് നിങ്ങൾക്ക് അവരോട് ഇക്കാര്യങ്ങൾ ചർച്ചചെയ്യാൻ ആരംഭിക്കാം. ഇതുമായി ബന്ധപ്പെട്ട് നിങ്ങളുടെ കുട്ടി എന്തെങ്കിലും തെറ്റായ വിവരങ്ങൾ ധരിച്ചു വച്ചിട്ടുണ്ടോ എന്ന് ചോദിച്ചറിയുക. അവൾക്ക് അതേപ്പറ്റി അറിയാൻ ആഗ്രഹമുണ്ടോ എന്ന് ചോദിക്കുക, അടിസ്ഥാനകാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുക. നിങ്ങൾക്ക് ആർത്തവവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള അനുഭവങ്ങൾ അവളുമായി പങ്കിടുക. നിങ്ങളുടെ കുട്ടിക്ക് സ്കൂളിൽ നിന്നും ലഭിക്കുന്ന പാഠങ്ങളോടൊപ്പം ആരോഗ്യ കാര്യങ്ങളും ലൈംഗിക വിദ്യാഭ്യാസവും വേണ്ട രീതിയിൽ പകർന്നു കൊടുക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങൾ ഇക്കാര്യങ്ങൾ സംസാരിച്ചു തുടങ്ങുമ്പോൾ കുട്ടി പ്രതിരോധിക്കുവാനും പിന്തിരിയാനും ശ്രമിക്കുന്നുവെങ്കിൽ കൂടി നിങ്ങളുടെ ശ്രമങ്ങൾ ഉപേക്ഷിക്കരുത്.

ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ

നിങ്ങളുടെ പെൺകുട്ടി ആർത്തവത്തെക്കുറിച്ചുള്ള എല്ലാ വസ്തുതകളും ഇത് ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളെക്കുറുച്ചും പൂർണ്ണമായി അറിയേണ്ടതുണ്ട്. സുഹൃത്തുക്കൾ ഒരുപക്ഷേ അവർക്ക് തെറ്റായതും പേടിപ്പെടുത്തുന്നതുമായ ധാരണകൾ നൽകിയേക്കാം. നിങ്ങളുടെ കുട്ടിയുമായി ഇക്കാര്യങ്ങൾ തുറന്ന് സംസാരിക്കുന്നത് ആർത്തവവുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള അടിസ്ഥാനരഹിതമായ ഭയങ്ങളും ഉത്കണ്ഠയുമെല്ലാം ഇല്ലാതാക്കാൻ സഹായിക്കും. അതുപോലെ തന്നെ നിങ്ങളുടെ ഇത്തരം ചർച്ചകൾ കുട്ടിയുടെ പ്രതിച്ഛായയെ ക്രിയാത്മകമായി സ്വാധീനിക്കുകയും നിങ്ങളോടുള്ള മാനസിക അടുപ്പം വർദ്ധിപ്പിക്കുകയും ചെയ്യും. ഇപ്പോൾ നിങ്ങൾ കുട്ടിയുമായി നടത്തുന്ന ഇത്തരം സംഭാഷണങ്ങൾ ഭാവിയിൽ ദാമ്പത്യത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമുള്ള സംഭാഷണങ്ങൾക്ക് അടിസ്ഥാനമിടുകയും ചെയ്യുന്നു.

​എന്താണ് ആർത്തവം? ഇത് എങ്ങനെ അവർക്ക് പറഞ്ഞുകൊടുക്കണം

ആർത്തവം എന്താണെന്നും അതിൻ്റെ ജീവശാസ്ത്രം എങ്ങനെയാണെന്നും ഓരോ പെൺകുട്ടിയും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. മിക്ക കുട്ടികളും ഇതുമായി ബന്ധപ്പെട്ട പ്രായോഗിക വിവരങ്ങൾ കൂടുതലറിയാൽ താല്പര്യം കാണിക്കുന്നു. അത് എപ്പോൾ സംഭവിക്കും, അത് എങ്ങനെയായിരിക്കും, ആ സമയം വരുമ്പോൾ എന്തുചെയ്യണം എന്നുള്ളതായിരിക്കും അവരുടെ ചോദ്യങ്ങൾ.

ആർത്തവമെന്നാൽ ഒരു പെൺകുട്ടിയുടെ ശരീരം ഗർഭിണിയാകാൻ അഥവാ ഒരു കുഞ്ഞിന് ജന്മം നൽകാൻ ശാരീരികമായി പ്രാപ്തമാകുന്ന സമയമാണ് എന്നവർക്ക് പറഞ്ഞു കൊടുക്കുക.

ഗര്‍ഭധാരണം എന്നത് ഒരു സ്ത്രീയുടെ ജീവിതത്തില്‍ കുറച്ച് തവണ മാത്രം സംഭവിക്കുന്ന ഒരു കാര്യമാണെങ്കിൽ പോലും അതിനുള്ള തയ്യാറെടുപ്പ് അവളുടെ ശരീരത്തിൽ ഓരോ മാസവും നടക്കുന്നുണ്ട്. ഒരു സ്ത്രീ ഗർഭം ധരിക്കുന്നതിനായി അവളുടെ ശരീരത്തിൽ അണ്ഡം ആവശ്യമാണ്. ഒരു പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ അവളുടെ ജീവിതകാലത്തേയ്ക്ക് മുഴുവന്‍ ആവശ്യമായ അണ്ഡങ്ങളും പാതി പാകമായ അവസ്ഥയില്‍ ആ കുഞ്ഞിൻ്റെ അണ്ഡാശയത്തില്‍ ഉണ്ടായിരിക്കും.പെണ്‍കുട്ടി ഋതുമതിയാകുന്നതോടെ, ആ അണ്ഡങ്ങളില്‍ ചിലത് പൂര്‍ണ്ണ വളര്‍ച്ച പ്രാപിച്ചുകൊണ്ട് എല്ലാ മാസവും അണ്ഡാശയത്തില്‍ നിന്നും പുറത്തു കടക്കുന്നു.

ആർത്തവ ദിനങ്ങളെ കുറിച്ച്

ഇങ്ങനെ പുറത്തുവരുന്ന അണ്ഡം, ഒരു ആണ്‍ ബീജവുമായി ചേർന്ന്, ഗര്‍ഭാശഭിത്തിയിൽ ഉറച്ച്‌ വളര്‍ന്ന് ഭ്രൂണമായിത്തീരുന്നു. അണ്ഡം വളര്‍ച്ച പ്രാപിക്കുന്നതോടൊപ്പം, ഭ്രൂണത്തെ സ്വീകരിക്കാനായി ഗര്‍ഭാശയവും ഓരോ മാസവും തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആർത്തവ ദിനങ്ങളുടെ ആദ്യ പകുതിയിൽ, ഒരു പെൺകുട്ടിയുടെ ശരീരം ഈസ്ട്രജൻ എന്ന ഹോർമോണുകളെ ഉയർന്ന അളവിൽ പുറപ്പെടുവിക്കുകയും ഇത് അവളുടെ ഗർഭാശയ പാളികളെ കട്ടിയുള്ളതാക്കി മാറ്റുകയും ചെയ്യുന്നു. എന്നാല്‍ ഗര്‍ഭധാരണം ഒരു സ്ത്രീയുടെ ശരീരത്തിൽ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒന്നായതിനാൽ ബീജസങ്കലനം നടന്ന് ഗര്‍ഭധാരണം സംഭവിക്കാത്ത പക്ഷം ഇപ്രകാരം വളര്‍ന്നു കട്ടിവെച്ച ഗര്‍ഭാശയത്തിന്റെ പാളികൾ അടര്‍ന്ന് രക്തത്തോടൊപ്പം യോനിയിലൂടെ പുറത്തേക്ക് പോകുന്നു. ഇതാണ് ആര്‍ത്തവം.

ഇത് എത്ര സമയം നീണ്ടുനിൽക്കും

ആദ്യ ആർത്തവം എപ്പോൾ സംഭവിക്കുമെന്ന് ആർക്കും കൃത്യമായി പറയാൻ കഴിയില്ല. എന്നിരുന്നാലും, സാധാരണ ഗതിയിൽ സ്തനങ്ങൾ വികസിക്കാൻ തുടങ്ങി ഏകദേശം രണ്ട് വർഷത്തിനുള്ളിൽ ആർത്തവം ആരംഭിക്കുന്നു.

പൊതുവേ ആദ്യത്തെ ആർത്തവങ്ങൾ അനായാസമായ ഒന്നായിരിക്കും. ഇത് രക്തത്തിന്റെ ഏതാനും പാടുകൾ മാത്രമേ അവശേഷിപ്പിക്കുകയുള്ളൂ. അതുകഴിഞ്ഞുള്ള ആർത്തവം സാധാരണഗതിയിൽ മൂന്ന് മുതൽ അഞ്ച് ദിവസം വരെ നീണ്ടുനിൽക്കും പല സാഹചര്യങ്ങളിലും രണ്ട് മുതൽ ഏഴ് ദിവസം വരെ നീണ്ടു നിൽക്കാനും സാധ്യതയുണ്ട്.

 

​ആർത്തവം ശരീരത്തിൽ എത്രത്തോളം വേദനയുണ്ടാക്കും?

പല പെൺകുട്ടികൾക്കും ഉണ്ടാകുന്ന സംശയമാണിത്. ആർത്തവത്തിൻ്റെ സാധാരണ ലക്ഷണങ്ങൾ അടിവയറ്റിലോ പിൻഭാത്തോ ഉള്ള വേദനയും ഞരമ്പു വലിച്ചിലും ഒക്കെയാണ്. സ്തനങ്ങളിൽ ബലഹീനതകൾ അനുഭവപ്പെടുന്നതും, തലവേദന, തലകറക്കം, ഓക്കാനം, വയറിളക്കം എന്നിവയും ആർത്തവ സമയങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള ലക്ഷണങ്ങളാണ്. വ്യായാമം, ചൂടുവെള്ളത്തിലുള്ള കുളി, താപം നിലനിർത്തുന്ന ഒരു പാഡ്, അല്ലെങ്കിൽ വേദനസംഹാരി ഗുളികകൾ എന്നിവയെല്ലാം അസ്വസ്ഥതകളും വേദനയും കുറയ്ക്കാൻ സഹായിക്കുന്നു.

പാഡ് ഉപയോഗിക്കുമ്പോൾ

സാനിറ്ററി പാഡുകൾ, ടാംപോൺ, മെൻസ്ട്രൽ കപ്പുകൾ എന്നിവ എങ്ങനെ ഉപയോഗിക്കണമെന്നും അവ പതിവായി മാറ്റേണ്ടതിന്റെ ആവശ്യകതകളെക്കുറിച്ചും നിങ്ങളുടെ കുഞ്ഞിന് വിശദീകരിച്ചു കൊടുക്കുക. പാഡുകൾക്കും ടാംപോണുകൾക്കും ഓരോ നാല് മുതൽ എട്ട് മണിക്കൂർ വരെയും ആർത്തവ കപ്പുകൾക്ക് ഓരോ എട്ട് മുതൽ 12 മണിക്കൂർ വരെയും സൂക്ഷിക്കാൻ കഴിയും. കുട്ടിയുടെ ആർത്തവ സമയത്തിന് മുൻപായി തന്നെ ആവശ്യമായ സാനിറ്ററി ഉൽപ്പന്നങ്ങൾ വാങ്ങി നിങ്ങളുടെ ബാത്ത്റൂം സംഭരിക്കുക. അവരുടെ ശരീരത്തിന് കൂടുതൽ അനുയോജ്യമായ ഉൽപ്പന്നങ്ങൾ കണ്ടെത്താനും അത് പരീക്ഷിക്കാനും നിങ്ങളുടെ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.

​ഒരുപോലെയല്ല, വ്യത്യസ്തമാണ് എല്ലാവർക്കും

പാഡുകൾ, ടാംപോൺ, മെൻസ്ട്രൽ കപ്പുകൾ എന്നിവ ഉപയോഗിക്കുകയാണെങ്കിൽ ആർത്തവം ഉണ്ടാകുന്നത് വസ്ത്രത്തിലൂടെ ദൃശ്യമാകില്ലെന്ന് അവർക്ക് വിശദീകരിച്ചു കൊടുക്കുക. ഒരു ബാഗിലോ പേഴ്‌സിലോ ലോക്കറിലോ ഇവ കൊണ്ടുപോകാൻ നിങ്ങളുടെ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.

നിങ്ങളുടെ കുട്ടിയുടെ സുഹൃത്തുക്കൾ ആർത്തവമുണ്ടാകുമ്പോൾ അല്ലെങ്കിൽ അവരുടെ കാലഘട്ടങ്ങൾ തൻ്റെതിൽ നിന്ന് വ്യത്യസ്തമാണെന്ന തോന്നൽ അവൾക്ക് ഉണ്ടാകുമ്പോൾ അതോർത്ത് വിഷമിക്കേണ്ടതില്ലെന്ന് നിങ്ങളുടെ കുട്ടിയെ ഓർമ്മിപ്പിക്കുക. ആർത്തവവും, അതിൻ്റെ കാലചക്രവും മാറ്റങ്ങളുമെല്ലാം ഉൾപ്പടെ ഓരോ വ്യക്തിക്കും ഓരോ മാസത്തിനും വ്യത്യാസമുണ്ടാകുമെന്ന് വിശദീകരിക്കുക.

 

ആർത്തവം ട്രാക്ക് ചെയ്യാം

കൗമാരപ്രായക്കാരായ പെൺകുട്ടികൾക്ക് ക്രമരഹിതമായ ആർത്തവ ദിനങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. നിങ്ങളുടെ കുട്ടിക്ക് ആർത്തവം ആരംഭിച്ചു കഴിഞ്ഞാൽ തന്നെയും അത് ക്രമമായി മാറുന്നതിനായി കുറഞ്ഞത് ആറ് വർഷമോ അതിൽ കൂടുതലോ എടുത്തേക്കാം. സാധാരണഗതിയിൽ പൂർണ്ണ വളർച്ചയെത്തിയ ഒരു സ്ത്രീയുടെ ഒരു ആർത്തവം വന്നുപോകാനായി ശരാശരി 28 ദിവസം വേണ്ടിവരുന്നു. ഇതിൽ ഒരു ആർത്തവത്തിന്റെ ആദ്യ ദിവസം മുതൽ അടുത്ത ആർത്തമുണ്ടാകുന്നതിൻ്റെ ആദ്യ ദിവസം വരെയുള്ള ദിനങ്ങൾ കണക്കിയിരിക്കുന്നു. എന്നാൽ കൗമാരപ്രായക്കാരായ പെൺകുട്ടികളിലെ ആർത്തവ ചക്രങ്ങൾ 21 മുതൽ 45 ദിവസം നീണ്ടുനിൽക്കുന്നതാകാം. ആർത്തവം ആരംഭിച്ച് ആദ്യത്തെ കുറച്ച് വർഷങ്ങളിൽ ദൈർഘ്യമേറിയ ആർത്തവകാലചക്രങ്ങൾ കുട്ടികളിൽ കൂടുതലായി കണ്ടുവരുന്നു.

ഒരു കലണ്ടറിലോ അല്ലെങ്കിൽ ഒരു സ്മാർട്ട്ഫോൺ അപ്ലിക്കേഷൻ ഉപയോഗിച്ചുകൊണ്ടോ അവളുടെ പിരീഡുകൾ എങ്ങനെ ട്രാക്കു ചെയ്യാമെന്ന് നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കുക. അങ്ങനെയെങ്കിൽ തൻ്റെ അടുത്ത ആർത്തവം എപ്പോൾ ആരംഭിക്കുമെന്ന് നിങ്ങളുടെ കുട്ടിക്ക് നേരത്തേ പ്രവചിക്കാൻ കഴിഞ്ഞേക്കും. പീരിയഡുകൾ കൃത്യമായി ട്രാക്ക് ചെയ്ത് സൂക്ഷിക്കുന്നത് നിങ്ങളുടെ കുട്ടിയുടെ തയ്യാറെടുപ്പിനും ആർത്തവ സംബന്ധമായ അസുഖങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടോയെന്ന് തിരിച്ചറിയാനും അത്യാവശ്യമാണ്.

 

​മെഡിക്കൽ പരിശോധനകൾ ആവശ്യമുള്ളത് എപ്പോൾ?

15 വയസ്സിനകം ആർത്തവം ഉണ്ടായിട്ടില്ലെങ്കിലോ സ്തനവളർച്ച ആരംഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ ആർത്തവം ആരംഭിച്ചിട്ടില്ല എങ്കിലോ, 13 വയസ്സിനുള്ളിൽ നിങ്ങളുടെ കുട്ടിയുടെ സ്തനങ്ങൾ വളരാൻ തുടങ്ങിയിട്ടില്ലെങ്കിലോ ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകളും നിർദ്ദേശങ്ങളും തേടണം.

> ആർത്തവം ആരംഭിച്ചു കഴിഞ്ഞ് ശേഷം മൂന്നു മാസത്തിൽ ഒരിക്കലെങ്കിലും ആർത്തവം ഉണ്ടാകുന്നില്ലെങ്കിൽ

> ഓരോ തവണ ആർത്തവങ്ങൾ ഉണ്ടാകുന്നത് 21 ദിവസത്തിനും 45 ദിവസത്തിനു ഇടയിലല്ല എങ്കിൽ

> കൃത്യമായി മാറികഴിഞ്ഞ ആർത്തവം പിന്നീട് ക്രമരഹിതമായി മാറുന്നുണ്ടെങ്കിൽ

> ഏഴ് ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ആർത്തവ ദിനങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ

> ഒട്ടും സഹിക്കാനാവാത്ത വേദനകൾ ഉണ്ടാകുന്നുണ്ടെങ്കിൽ

> പതിവിലും കൂടുതൽ രക്തസ്രാവമുണ്ടാകുന്നുണ്ട് അല്ലെങ്കിൽ ഓരോ ഒന്നോ രണ്ടോ മണിക്കൂറുകൾ കൂടുമ്പോൾ ഒന്നിൽ കൂടുതൽ പാഡ് ഉപയോഗിക്കേണ്ടതായി വരുന്ന സാഹചര്യം ഉണ്ടാകുമ്പോൾ

> പെട്ടെന്ന് ഒരു പനി പിടിപെടുകയും ടാംപോൺ ഉപയോഗിച്ചതിന് ശേഷം എന്തെങ്കിലും അസ്വസ്ഥതകൾ അനുഭവപ്പെടുകയും ചെയ്താൽ

blogadmin

The author blogadmin

Leave a Response