ശരീരത്തിനു പുറത്ത് കൃത്രിമാവസ്ഥയിൽ അണ്ഡകോശത്തെ പുരുഷബീജം കൊണ്ട് ബീജസങ്കലനം ചെയ്യിക്കുന്നതിനാണ് ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (ഐ.വി.എഫ്) അഥവാ കൃത്രിമ ബീജസങ്കലനം എന്നു പറയുന്നത്. വന്ധ്യതാ ചികിത്സയിൽ, മറ്റ് സങ്കേതങ്ങളുടെ സഹായത്തോടെയുള്ള പ്രക്രിയകളെല്ലാം പരാജയപ്പെടുന്ന അവസ്ഥയിൽ കുട്ടികളുണ്ടാവാൻ ഐ.വി.എഫ് ഒരു പ്രധാന ഉപാധിയായി സ്വീകരിക്കപ്പെടുന്നു.[1]
ഈ സാങ്കേതികവിദ്യയിൽ ഹോർമോണുകളുടെ സഹായത്തോടെ സ്ത്രീയുടെ അണ്ഡോൽപ്പാദനത്തെ കൃത്രിമമായി നിയന്ത്രിക്കുകയും, അങ്ങനെ ഉല്പാദിപ്പിക്കുന്ന അണ്ഡകോശങ്ങളെ സ്ത്രീശരീരത്തിൽ നിന്ന് മാറ്റി പ്രത്യേകം പരുവപ്പെടുത്തിയ ഒരു സംവർധക ദ്രവമാധ്യമത്തിൽ നിക്ഷേപിച്ച് അവയെ പുരുഷബീജങ്ങളെക്കൊണ്ട് ബീജസങ്കലനം (fertilization) ചെയ്യിക്കുകയും സിക്താണ്ഡമാക്കുകയും (zygote) ചെയ്യുന്നു. ഈ സിക്തണ്ഡത്തെ പിന്നീട് ഗർഭധാരണം ചെയ്യാൻ തയ്യാറായ സ്ത്രീയുടെ ഗർഭപാത്രത്തിൽ, ഒരു കുഞ്ഞിനെ വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ നിക്ഷേപിക്കുകയും ചെയ്യുന്നു.
ഈ സാങ്കേതികവിദ്യയിലൂടെ 1978ൽ പിറന്ന ആദ്യ വ്യക്തിയാണ് ആദ്യത്തെ ടെസ്റ്റ്-ട്യൂബ് ശിശുവെന്നറിയപ്പെടുന്ന ലൂയീസ് ബ്രൌൺ). ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതിനു ബ്രിട്ടിഷ് വൈദ്യനും ശരീരധർമ്മശാസ്ത്രജ്ഞനും ആയ റോബേട്ട് ജി. എഡ്വേഡ്സിനു 2010ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയുണ്ടായി.