ഗർഭിണിയായാൽ
- ഗർഭകാലത്തെ മൂന്നുമാസം വീതമുള്ള മൂന്ന് ഘട്ടമായിട്ടാണ് കണക്കാക്കുന്നത്. ആദ്യ മൂന്നുമാസമാണ് ഫസ്റ്റ് ട്രൈമെസ്റ്റർ, രണ്ടാമത്തെ
മൂന്നുമാസം സെക്കൻഡ് ട്രൈമെസ്റ്ററും അവസാന മൂന്നുമാസം തേർഡ് ട്രൈമെസ്റ്ററുമാണ്. ആദ്യ ട്രൈമെസ്റ്ററിലാണ് ഛർദിയും ക്ഷീണവുമൊക്കെ ഉണ്ടാകുന്നത്. ഈ സമയത്ത് ഗർഭിണിയുടെ ശരീരഭാരം ഒരുകിലോഗ്രാമാണ് കൂടുക. ആദ്യ മൂന്നുമാസത്തെ ഛർദിയും മറ്റ് പ്രശ്നങ്ങളുമൊക്കെ മാറി അസ്വസ്ഥതകൾ ഇല്ലാതിരിക്കുന്ന കാലമാണ് സെക്കൻഡ് ട്രൈമെസ്റ്റർ. ഈ കാലത്തെ ഹണിമൂൺ പീരിയഡ് ഓഫ് പ്രഗ്നൻസി എന്നാണ് പറയുന്നത്. ഗർഭത്തിന്റെ അവസാന ഘട്ടമാണ് മൂന്നാമത്തെ ട്രൈമെസ്റ്റർ. - ഫോളിക് ആസിഡ് ഗുളികകൾ കഴിക്കാത്തവരാണെങ്കിൽ ഗർഭം ധരിച്ചാൽ ഉടനെ കഴിച്ചുതുടങ്ങണം.
- വൈകാതെ ഡോക്ടറെ കാണുക. ആദ്യസന്ദർശനത്തിൽ തന്നെ പലതരം രക്തപരിശാേധനകൾ നടത്തും. ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പാക്കാൻ പൾസ്, ഹൃദയാരോഗ്യം, ഹീമോഗ്ലോബിൻ, തൈറോയ്ഡ് പരിശോധനകൾ എന്നിവ നടത്തും. ഉയരം, ഭാരം, ബി.എം.ഐ. രക്തഗ്രൂപ്പ് നിർണയം എന്നിവയും ഉണ്ടാകും. നെഗറ്റീവ് രക്തഗ്രൂപ്പുള്ളവരാണെങ്കിൽ ഐ.സി.ടി. എന്ന ടെസ്റ്റുകൂടി ചെയ്യേണ്ടി വരും.
- എല്ലാ ട്രൈമെസ്റ്ററുകളിലും രക്തപരിശോധന നടത്തും.
- രണ്ടാമത്തെ ട്രൈമെസ്റ്ററിന്റെ തുടക്കത്തിൽ 4-6 ആഴ്ചകൾ ഇടവിട്ട് രണ്ട് ഡോസ് ടി.ടി. കുത്തിവെയ്പ് എടുക്കണം.
- ഈ സമയത്ത് അമിത ബി.പി. സാധ്യതയുള്ളതിനാൽ ബി.പി. പരിശോധന നടത്തും.
- 24-28 ആഴ്ചയ്ക്കുള്ളിലാണ് പ്രമേഹ പരിശോധനകൾ നടത്തേണ്ടത്.
- ആദ്യത്തെ മൂന്നുമാസത്തിൽ പനി, മറ്റ് രോഗങ്ങൾ എന്നിവ വരാതെ നോക്കണം. എന്തെങ്കിലും രോഗങ്ങൾ കണ്ടാൽ ഉടനെ ഡോക്ടറെ കാണണം.
- ആദ്യത്തെ 28 ആഴ്ചവരെ മാസത്തിലൊരിക്കൽ ഡോക്ടറെ കണ്ടാൽ മതി. 28-34 ആഴ്ചകളിൽ രണ്ടാഴ്ചയിലൊരിക്കൽ ഡോക്ടറെ കാണണം. 34 ആഴ്ച കഴിഞ്ഞാൽ ആഴ്ചയിലൊരിക്കൽ ഡോക്ടറെ കാണണം.
- അലസമായ ജീവിതശൈലി പാടില്ല. ഗർഭിണിയായാൽ എപ്പോഴും വിശ്രമിക്കുന്ന രീതി പാടില്ല. വ്യായാമത്തിനായി ദിവസവും കുറച്ചുനേരം നടക്കാം. ആദ്യത്തെ മൂന്നുമാസം ഭാരം എടുക്കരുത്. രാത്രി എട്ടുമണിക്കൂർ ഉറങ്ങണം. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് ഒരുമണിക്കൂർ വിശ്രമിക്കണം.
ഭക്ഷണം
- ഗർഭിണികൾ രണ്ടുപേർക്കുള്ള ഭക്ഷണം കഴിക്കരുത്. സാധാരണ കഴിക്കുന്നതുപോലെ കഴിച്ചാൽ മതി.
- ആദ്യ ട്രൈമെസ്റ്ററിൽ കൂടുതൽ കലോറി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട കാര്യമില്ല.
- ദിവസവും ഭക്ഷണത്തോടൊപ്പം ഏതെങ്കിലും ഒരു പഴം ഉൾപ്പെടുത്തുക.
- പാൽ കുടിക്കാം. പ്രമേഹമുള്ളവർ പാട മാറ്റിയ പാൽ വേണം കുടിക്കാൻ.
- ആദ്യ മൂന്നുമാസം മുതൽ അയേണും കാൽസ്യവും കഴിച്ചുതുടങ്ങണം. ആഗിരണത്തെ തടസ്സപ്പെടുത്തുമെന്നതിനാൽ രണ്ടും ഒന്നിച്ച് കഴിക്കരുത്. രണ്ടുനേരമായി വേണം കഴിക്കാൻ.
- നോർമൽ ബി.എം.ഐ. ഉള്ള വ്യക്തിക്ക് ഗർഭകാലത്ത് ആകെ 11 കിലോ ഗ്രാമാണ് കൂടുക. ആദ്യ മൂന്നുമാസം കൂടുതൽ ഭക്ഷണത്തിന്റെ ആവശ്യമില്ല. ഒരുകിലോഗ്രാം മാത്രം കൂടിയാൽ മതി. രണ്ടാമത്തെ ട്രൈമെസ്റ്ററിലും അവസാനത്തെ ട്രൈമെസ്റ്ററിലും അഞ്ചുകിലോവീതമാണ് കൂടേണ്ടത്. എന്നാൽ അമിതവണ്ണമുള്ളവരാണെങ്കിൽ അവരുടെ ശരീരഭാരം അനുസരിച്ചുള്ള തൂക്കംമാത്രമേ കൂടാവൂ.
സ്കാനിങ്
- ഏഴുമുതൽ പത്ത് ആഴ്ചയ്ക്കിടയിലാണ് ആദ്യത്തെ സ്കാനിങ് ചെയ്യുന്നത്.
- കുഞ്ഞിന് ഗുരുതരമായ വൈകല്യങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്താൻ 11-13 ആഴ്ചയ്ക്കുള്ളിൽ എൻ.ടി. സ്കാൻ ചെയ്യും. ഇത് അൾട്രാസൗണ്ട് സ്കാനിങ് തന്നെയാണ്. ഡൗൺ സിൻഡ്രോം ടെസ്റ്റുകളും ഈ സമയത്ത് ചെയ്യാം. 11-14 ആഴ്ചയിൽ ചെയ്യുന്ന സ്കാനിങ്ങിലൂടെയാണ് ഇത് തിരിച്ചറിയുന്നത്. 37 വയസ്സിന് താഴെയുള്ള(സ്ത്രീകളാണെങ്കിൽ ഫസ്റ്റ് ട്രൈമെസ്റ്റർ സ്ക്രീനിങ് ടെസ്റ്റാണ് ചെയ്യുക. 37 വയസ്സിന് മുകളിലുള്ളവരിലാണെങ്കിൽ റിസ്ക് കൂടുതൽ ഉള്ളതിനാൽ എൻ.ഐ.പി.ടി./അംനിയോസിന്തെസിസ് ചെയ്ത് ഡൗൺ സിൻഡ്രോമിനുള്ള സാധ്യത ഉണ്ടോയെന്ന് നോക്കാം. ഇത് നിർബന്ധമുള്ള പരിശോധനയല്ല. ഓപ്ഷണൽ ആണ്.
- കുട്ടിക്ക് എന്തെങ്കിലും വൈകല്യമുണ്ടോ എന്നറിയാൻ 18-20 ആഴ്ചയിൽ അനോമലി സ്കാൻ ചെയ്യണം.
ഗർഭകാല പ്രമേഹം
നേരത്തേ പ്രമേഹം ഇല്ലാത്ത ചിലരിൽ ഗർഭകാലത്ത് പ്രമേഹം പ്രത്യക്ഷപ്പെടും. ഈ അവസ്ഥയാണ് ജസ്റ്റേഷണൽ ഡയബറ്റിസ്. പൊതുവെ ഗർഭാവസ്ഥയുടെ 20 ആഴ്ചയ്ക്ക് ശേഷമാണ് ഇത് ഉണ്ടാകുന്നത്. പ്രസവശേഷം സ്വാഭാവികമായിത്തന്നെ ഷുഗർ നില സാധാരണനിലയിലേക്ക് വരുകയും ചെയ്യും. എന്നാൽ ഭാവിയിൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള മുന്നറിയിപ്പായിക്കൂടി ഇതിനെ വിലയിരുത്താം.
പരിശോധന: 75 ഗ്രാം ഗ്ലൂക്കോസ് അടങ്ങിയ ലായനി ഗർഭിണിക്ക് കുടിക്കാൻ നൽകും. അത് കുടിച്ച് രണ്ടുമണിക്കൂറാകുമ്പോൾ രക്തപരിശോധന നടത്തും. അപ്പോൾ ഗ്ലൂക്കോസ് നില 140mg/dL ൽ കൂടുതലാണെങ്കിൽ ഗർഭകാല പ്രമേഹം ഉണ്ടെന്ന് കണക്കാക്കും. പ്രമേഹം തിരിച്ചറിഞ്ഞാൽ ഉടൻ തന്നെ കൃത്യമായ ചികിത്സ തേടി രോഗത്തെ നിയന്ത്രിക്കണം.
രക്തസമ്മർദം
ഗർഭകാലത്ത് കാണുന്ന അമിതരക്തസമ്മർദത്തെ ക്രോണിക് ഹൈപ്പർടെൻഷൻ എന്നും ജസ്റ്റേഷണൽ ഹൈപ്പർ ടെൻഷൻ എന്നും തരംതിരിക്കാം.
ഗർഭാവസ്ഥയുടെ ആദ്യഘട്ടത്തിൽതന്നെ രക്തസമ്മർദം ഉയർന്നുനിൽക്കുന്ന അവസ്ഥയാണ് ക്രോണിക് ഹൈപ്പർടെൻഷൻ. നേരത്തേ അമിത ബി.പി. ഇല്ലാതിരിക്കുകയും ഗർഭിണിയായിരിക്കുമ്പോൾ പ്രത്യേകഘട്ടത്തിൽ ബി.പി. ഉയരുകയും ചെയ്യുന്ന അവസ്ഥയാണിത്.
അതിനാൽ അമിത ബി.പി. ഉള്ളവർ കൃത്യമായി ബി.പി. പരിശോധിച്ച് ആവശ്യമെങ്കിൽ മരുന്ന് കഴിക്കേണ്ടതുണ്ട്. പ്രസവസമയത്ത് എക്ലാംസിയ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധ ആവശ്യമാണ്.
കൊല്ലം ഉപാസന ഹോസ്പിറ്റലിൽ ലാപ്രോസ്കോപിക് സർജനും കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റുമാണ് ലേഖിക