ചെറിയ പിണക്കങ്ങൾ പോലും വേർപിരിയലിൽ കലാശിക്കുന്ന ഇന്നത്തെ കാലത്ത് നിങ്ങളുടെ ദാമ്പത്യ ബന്ധം പ്രണയപൂർവം മുന്നോട്ട് കൊണ്ട് പോകണമെങ്കിൽ ചിലകാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാകൂ. രണ്ട് വ്യക്തികൾ ഒന്നാകുമ്പോൾ രണ്ട് ചിന്താഗതികളും രണ്ട് ജീവിതശൈലിയുമെല്ലാം ഒരുപോലെ കൊണ്ട് പോകാൻ വളരെ ശ്രദ്ധ നൽകണം. തുടക്കത്തിൽ നിങ്ങൾ നിങ്ങളെ തന്നെ പൂർണമായി പങ്കാളിക്ക് മുന്നിൽ അവതരിപ്പിക്കില്ലായിരിക്കാം. പക്ഷെ പിന്നീട് തനിസ്വഭാവം പുറത്തുവന്നു തുടങ്ങും. ഇതു തെറ്റല്ല, നിങ്ങൾ ജെനുവിൻ ആണ് എന്നതുകൊണ്ട് തന്നെയാണ്. പക്ഷെ അമിതമായാൽ അമൃതും വിഷമെന്നു പറയുന്നത് പോലെ പരസ്പരം സഹിക്കുന്നതിലുമപ്പുറമായി കാര്യങ്ങൾ മുന്നോട്ട് പോയാൽ ദാമ്പത്യം തകരും. ഇതാ നിങ്ങളുടെ ദാമ്പത്യം തകരാതിരിക്കാൻ ഈ ആറുകാര്യങ്ങൾ ശ്രദ്ധിക്കണം.
എപ്പോഴും പങ്കാളിയുമായി ചെയ്യുന്ന കാര്യങ്ങൾ നിങ്ങൾ അറിയാതെ തന്നെ നിങ്ങളെ ബോറടിപ്പിക്കും. ആദ്യം തന്നെ മനസിൽ ഉറപ്പിക്കുക. നിങ്ങൾ ജീവിത കാലം മുഴുവൻ ജീവിക്കുന്നത് ഈ പങ്കാളിയുമായിട്ടാണ്. അയാൾ അവിടെ തന്നെയുണ്ടാകും. നിങ്ങൾക്ക് നിങ്ങളുടേതും അയാൾക്ക് അയാളുടേതുമായ സ്പെയ്സ് ഉണ്ടാകണം. എല്ലായിടത്തും ഒരുപോെല ഭർത്താവുമായി തന്നെ പോകണമെന്നോ അല്ലെങ്കിൽ അയാൾ തന്നെ കൂട്ടാതെ മറ്റൊരിടത്തും പോകരുതെന്നോ വാശിപിടിക്കരുത്. നിങ്ങൾ എന്നും രണ്ട് വ്യക്തികളും അതേ സമയം ഒന്നായവരുമാകണം. നിങ്ങളുടെ സുഹൃത്തുക്കളുമായി സമയം ചിലവഴിക്കണം. അത് പോലെ പങ്കാളിക്കും അവസരം നൽകുക. എന്നും കൂടെ താമസിക്കുന്ന പങ്കാളിയെങ്കിൽ ഇടയ്ക്ക് പങ്കാളിക്കൊപ്പമല്ലാതെ താമസിക്കണം. അത് പോലെ തന്നെ എല്ലാ കാര്യങ്ങളും എപ്പോഴും സംസാരിച്ച് ബോറടിപ്പിക്കരുത്. പ്രണയത്തിലെന്ന പോലെ അൽപ്പം സസ്പെൻസ് ഒക്കെ ആകാം. അത്തരം കാര്യങ്ങൾ ബന്ധങ്ങളിലെ പുതുമ നിലനിർത്തും.
2 ആരും പൂർണരല്ല, പങ്കാളിയും
ദാമ്പത്യത്തിന്റെ ആദ്യ കാലഘട്ടം ഹണിമൂൺ പിരീഡ് എന്ന പേര് പോലെ മധുരതരമാകാം. പിന്നീട് പുളിപ്പും ചവർപ്പും നിറയ്ക്കാതെ നോക്കാൻ നിങ്ങൾ തന്നെ ശ്രദ്ധിക്കണം. പങ്കാളികൾ കുടുംബജീവിതത്തിന്റെ ആദ്യ കാലഘട്ടത്തിൽ നല്ല കാര്യങ്ങൾ മാത്രമാകും പറയുന്നതും പ്രവർത്തിക്കുന്നതും. അത് പോലെ തന്നെ നിങ്ങളും എന്നുകരുതി ബന്ധം മുന്നോട്ട് പോകുമ്പോൾ അത് അങ്ങനെ തന്നെ തുടരണം എന്ന് ഇരുവർക്കും വാശി പിടിക്കാനാകില്ല. രണ്ട് വ്യക്തികൾക്കും പോരായ്മകളുണ്ട് എന്നു മനസിലാക്കൽ ആണ് ആദ്യപടി. മറ്റൊരുകാര്യം നിങ്ങൾ മറ്റൊരാളുമായി നിങ്ങളുടെ പങ്കാളിയെ ഒരിക്കലും താരതമ്യം ചെയ്യാൻ പാടില്ല എന്നതാണ്. ആരും പൂർണരല്ല എന്ന സത്യം മനസിലാക്കണം.