close

പുനര്‍വിവാഹം ഇന്ന് അപരിചിതമായൊരു വാക്കല്ല. പലകാരണങ്ങളാല്‍ വിവാഹമോചനം നേടിയവരും ജീവിതപങ്കാളിയെ നഷ്ടപ്പെട്ടവരുമെല്ലാം പുനര്‍വിവാഹത്തിനു തയ്യാറാവുന്നു.

ജീവിതയാത്രയില്‍ ഒരു കൂട്ടുവേണമെന്ന തോന്നലാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നത്. ഒറ്റപ്പെടല്‍ ഒഴിവാക്കാനും പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനും പുനര്‍വിവാഹങ്ങള്‍ സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ പുനര്‍വിവാഹിതരിലും വിവാഹമോചനങ്ങള്‍ കൂടുകയാണ്.

ആദ്യ വിവാഹത്തിലെ എല്ലാ വെല്ലുവിളികളും പുനര്‍വിവാഹത്തിലും നിലനില്‍ക്കുന്നുണ്ടെങ്കിലും മക്കള്‍, സ്വത്തുവിഭജനം തുടങ്ങി ആദ്യ വിവാഹത്തില്‍ പ്രത്യക്ഷമല്ലാതിരുന്ന ചില കാരണങ്ങള്‍ കൂടി പുനര്‍വിവാഹത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.

കോളേജ് അധ്യാപികയാണ് മീര. പഠനം കഴിഞ്ഞയുടന്‍ വീട്ടുകാര്‍ അവളെ വിവാഹം കഴിപ്പിച്ചയച്ചു. ഭര്‍ത്താവും വീട്ടുകാരും അവളോട് ഏറെ സ്നേഹത്തോടെയാണ് ഇടപെട്ടിരുന്നത്. സന്തോഷകരമായ ദാമ്പത്യത്തിനിടെ അവര്‍ക്ക് ഒരു മകള്‍ ജനിച്ചു. ഒരു വര്‍ഷം കൂടി കഴിഞ്ഞപ്പോഴാണ് അവള്‍ക്ക് സ്വന്തം വീടിന് അടുത്തുള്ള കോളേജില്‍ ജോലി ശരിയാവുന്നത്. ഭര്‍ത്താവിന്‍റെ അനുവാദത്തോടെ തന്നെ അവള്‍ ആ ജോലി സ്വീകരിച്ചു. തത്കാലികമായി അവള്‍ സ്വന്തം വീട്ടില്‍ താമസമാക്കി. ഒരു അവധിദിനത്തില്‍ പതിവു പോലെ കുഞ്ഞിനേയും കൊണ്ട് ഭര്‍തൃവീട്ടില്‍ എത്തിയ അവള്‍ വലിയൊരു വഴക്കിന് സാക്ഷിയായി. തന്‍റെ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെ ചൊല്ലിയാണ് ആ വഴക്കെന്ന് അറിഞ്ഞതോടെ അവള്‍ ആകെ തകര്‍ന്നു പോയി.

പിന്നീടുള്ള അന്വേഷണത്തില്‍ ഇക്കാര്യം സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ അവള്‍ വിവാഹമോചനം നേടി. ജോലിയും കുഞ്ഞുമായി തന്‍റേതായൊരു ലോകത്തില്‍ ജീവിക്കുമ്പോഴും വീട്ടുകാര്‍ അവളെ മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. എന്നാല്‍ ഇനിയൊരു വിവാഹം വേണ്ടെന്ന നിലപാടിലായിരുന്നു അവള്‍.

ഒരു സഹപ്രവര്‍ത്തകയുടെ വീട്ടില്‍ നടന്ന പിറന്നാളാഘോഷത്തിനിടെയാണ് മീര സ്റ്റീഫനെ പരിചയപ്പെടുന്നത്. പിന്നീട് സാമൂഹ്യമാധ്യമം വഴി അവര്‍ സൗഹൃദം നിലനിര്‍ത്തി. ബാങ്ക് ഉദ്യോഗസ്ഥനായ സ്റ്റീഫന്‍റെ ഭാര്യ രണ്ടു വര്‍ഷം മുന്‍പ് കാറപകടത്തില്‍ മരിച്ചു പോയിരുന്നു. സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള സംസാരം ഇരുവരേയും അടുപ്പിച്ചു.

ഇരുവീട്ടുകാര്‍ക്കും ഈ ബന്ധത്തില്‍ താത്പര്യമുണ്ടായിരുന്നില്ല. എതിര്‍പ്പിനെ വകവയക്കാതെ തന്നെ അവര്‍ വിവാഹിതരായി. ഒരു വാടകവീടെടുത്ത് താമസം ആരംഭിച്ചു. കുഞ്ഞിനോട് സ്റ്റീഫന്‍ സ്നേഹത്തോടെ പെരുമാറുന്നതു കാണുമ്പോഴൊക്കെ തന്‍റെ തീരുമാനം ശരിയായിരുന്നുവെന്ന് മീര ആശ്വസിച്ചു. അവര്‍ക്ക് ഒരു ആണ്‍കുഞ്ഞു ജനിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മൂത്ത കുട്ടി കുഞ്ഞിനെ ഉപദ്രവിക്കുന്നുവെന്ന് സ്റ്റീഫന്‍ പരാതിപ്പെടാന്‍ തുടങ്ങി.

ഇരുവരും കളിക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞാലുടന്‍ സ്റ്റീഫന്‍ മൂത്ത കുട്ടിയെ അടിക്കും. ഒരു ദിവസം വീട്ടിലെത്തിയ മീര കാണുന്നത് മകളെ സ്റ്റീഫന്‍ ഒരു മുറിയില്‍ അടച്ചിട്ടിരിക്കുന്നതാണ്. ഇതു ചോദ്യം ചെയ്തപ്പോള്‍ ഇളയ കുഞ്ഞിനെ ഉപദ്രവിക്കാതിരിക്കാനാണെന്ന മറുപടിയാണ് കിട്ടിയത്. മൂത്തകുട്ടിയാകട്ടെ, സ്റ്റീഫനെ കാണുമ്പോള്‍ പേടിച്ച് നിലവിളിക്കാന്‍ തുടങ്ങി.

പെട്ടെന്നുണ്ടായ പ്രശ്നങ്ങള്‍ മകളുടെ മനസ്സിനെ ബാധിക്കുന്ന ഘട്ടം എത്തിയപ്പോഴാണ് മീര കൗണ്‍സിലിങ് സെന്‍ററിലെത്തിയത്. സ്റ്റീഫന്‍റെ പെട്ടെന്നുള്ള ഭാവമാറ്റം ഉള്‍ക്കൊള്ളാന്‍ കഴിയാത്തതായിരുന്നു ഇരുവരുടേയും പ്രശ്നം. സ്റ്റീഫനാകട്ടെ പുതിയ കുഞ്ഞിനെ ഭാര്യ വേണ്ടത്ര സ്നേഹിക്കുന്നുണ്ടോ എന്ന സംശയമായിരുന്നു. ഇരുവരേയും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. മൂത്ത കുട്ടിയുടെ മനസ്സിലാകട്ടെ സ്റ്റീഫന്‍ ഒരു പേടിസ്വപ്നമായിരുന്നു. അത് പെട്ടെന്ന് തുടച്ചു മാറ്റാന്‍ എളുപ്പമല്ലെങ്കിലും സ്നേഹപൂര്‍ണ്ണമായ പെരുമാറ്റത്തിലൂടെ മകളോട് അടുക്കാന്‍ അയാള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

തെറ്റുകള്‍ ആവര്‍ത്തിക്കരുത്

പുതിയ ചുവടുവെയ്പ്പാണ് പുനര്‍വിവാഹം. മുന്‍ വിവാഹത്തില്‍ നിന്ന് നിങ്ങള്‍ പലതും പഠിച്ചിട്ടുണ്ടാകും. ഒരു വിവാഹമോചനത്തിനു ശേഷമാണ് വിവാഹത്തിനൊരുങ്ങുന്നതെങ്കില്‍ മുന്‍ വിവാഹത്തിലെ ശരിതെറ്റുകള്‍ വിലയിരുത്തുക. പൂര്‍ണ്ണമായും ഒരാളുടെ മാത്രം തെറ്റു കൊണ്ട് വിവാഹമോചനത്തിലെത്താനുള്ള സാധ്യത കുറവാണ്. സ്വതന്ത്രമായി ചിന്തിച്ച് ആദ്യ വിവാഹത്തില്‍ തന്‍റെ ഭാഗത്തു നിന്നുണ്ടായ പിഴവുകള്‍ മനസ്സിലാക്കുക. തെറ്റുകള്‍ സംഭവിച്ചിരിക്കാം; അത് ആവര്‍ത്തിക്കാതിരിക്കുക എന്നതാണ് പുനര്‍വിവാഹത്തിനൊരുങ്ങുമ്പോള്‍ ആദ്യം ഓര്‍മ്മിക്കേണ്ടത്. മുന്‍ വിവാഹം പരാജയപ്പെടാന്‍ ഉണ്ടായ കാരണങ്ങളും സാഹചര്യങ്ങളും പുനര്‍വിവാഹത്തിലും ഉണ്ടായേക്കാം. അതുകൊണ്ട് പെട്ടെന്നൊരു തീരുമാനത്തിലേയ്ക്ക് എത്തരുത്. ആദ്യ വിവാഹത്തേക്കാള്‍ കരുതലോടെ വേണം പുനര്‍വിവാഹത്തിനൊരുങ്ങാന്‍. ആദ്യ വിവാഹത്തില്‍ എന്താണോ നഷ്ടപ്പെട്ടിരുന്നത് അതാണ് മിക്കവരും പുനര്‍വിവാഹത്തില്‍ തേടുന്നത്. ആദ്യ പങ്കാളിയ്ക്ക് ഇല്ലാതിരുന്ന ഗുണഗണങ്ങള്‍ പുതിയ പങ്കാളിയ്ക്ക് ഉണ്ടായേക്കാം. എന്നാല്‍ ആദ്യ പങ്കാളിയില്‍ നിങ്ങള്‍ ശ്രദ്ധിക്കാതെ പോയിരുന്ന പല ഗുണങ്ങളും പുതിയ പങ്കാളിയക്ക് ഉണ്ടായില്ല എന്നു വരാം. ആദ്യ വിവാഹത്തില്‍ നിന്ന് പൂര്‍ണ്ണമായും മോചനം നേടിയ ശേഷം മാത്രമേ പുനര്‍വിവാഹത്തിനൊരുങ്ങാവൂ. ഒരു വാശിയ്ക്കോ മാതാപിതാക്കളെ സന്തോഷിപ്പിക്കാനോ വേണ്ടി ഒരിക്കവും വീണ്ടും വിവാഹം കഴിക്കരുത്. വിവാഹത്തിനു മുന്‍പ് പുതിയ പങ്കാളിയെ മനസ്സിലാക്കുക. നിങ്ങളുടെ പ്രതീക്ഷകളും സങ്കല്‍പ്പങ്ങളും പങ്കുവയ്ക്കുന്നതോടൊപ്പം ആദ്യ വിവാഹത്തില്‍ നിന്നുണ്ടായ ആശങ്കകളും തുറന്നു സംസാരിക്കാം. ‘തന്‍റേതല്ലാത്ത കാരണത്താല്‍ വിവാഹമോചനം നേടിയ’ എന്ന സംബോധനയോടെയാണ് പല വിവാഹപരസ്യങ്ങളും തുടങ്ങുന്നത്. തന്‍റെ ഭാഗത്ത് യാതൊരു തെറ്റും ഉണ്ടായിരുന്നില്ല, എല്ലാം പങ്കാളിയുടെ കുറ്റമായിരുന്നു എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതാണ് ഈ പരസ്യങ്ങള്‍. ഈ ഒരു മനോഭാവത്തോടെ ഒരിക്കലും പുതിയ പങ്കാളിയെ സമീപിക്കരുത്. പകരം തന്‍റെ ജീവിതത്തില്‍ സംഭവിച്ചതെന്താണെന്ന് തുറന്നു പറയുക. തന്‍റെ പ്രവര്‍ത്തികള്‍ തെറ്റായിരുന്നു എന്ന് ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതും പറയാം. ഒരു വിലയിരുത്തലിന് അവസരം നല്‍കണം. കാര്യങ്ങളെല്ലാം അറിഞ്ഞു കൊണ്ടു തന്നെ അവര്‍ നിങ്ങളെ സ്വീകരിക്കുമ്പോള്‍ മാത്രമേ ആ ബന്ധം നിലനില്‍ക്കൂ. എന്തെങ്കിലും ഒളിച്ചുവയ്ക്കാന്‍ ശ്രമിച്ചു എന്ന തോന്നല്‍ പോലും വലിയ വഴക്കുകള്‍ക്ക് വഴിവച്ചേക്കാം.

കുട്ടികളെ അവഗണിക്കരുത്

കുട്ടികളെ ചൊല്ലിയാണ് പല പുനര്‍വിവാഹങ്ങളും വേര്‍പിരിയുന്നത്. പുതിയ പങ്കാളി ആദ്യ ബന്ധത്തിലെ കുട്ടിയോട് വേണ്ടത്ര സ്നേഹം കാണിക്കുന്നില്ല എന്നത് പുനര്‍വിവാഹിതര്‍ക്കിടയിലെ സ്ഥിരം പരാതിയാണ്. ഇവിടെ മനസ്സിലാക്കാതെ പോകുന്ന ഒരു കാര്യം ബയോളജിക്കല്‍ പാരന്‍റായ നിങ്ങള്‍ കുട്ടിയ്ക്കു നല്‍കുന്ന അതേ പരിഗണനയും സ്നേഹവും പുതിയ പങ്കാളിയ്ക്ക് നല്‍കാന്‍ കഴിയണമെന്നില്ല എന്നതാണ്. ഇത് അംഗീകരിച്ചു കൊണ്ടു തന്നെ വേണം പുതിയ വിവാഹബന്ധത്തിലേയക്കു കടക്കാന്‍. എന്നാല്‍ കുട്ടിയെ ഒറ്റപ്പെടുത്തുകയോ വേര്‍തിരിച്ചു കാണുകയോ പാടില്ലെന്ന് നിര്‍ബന്ധം പിടിക്കാം. കുട്ടിയും പുതിയ പങ്കാളിയുമായി ആരോഗ്യകരമായ ഒരു ബന്ധം വിവാഹത്തിനു മുന്‍പേ വളര്‍ത്തിയെടുക്കുന്നതും നല്ലതാണ്. പുതിയ വിവാഹത്തിനു തയ്യാറെടുക്കുമ്പോള്‍ തന്നെ കുട്ടികളുടെ ഉത്കണഠകളും പരിഗണിക്കണം. ഏതുപ്രായത്തിലുള്ള കുട്ടികളായാലും കുടുംബത്തിലേയ്ക്ക് പെട്ടെന്നൊരാള്‍ വരുന്നത് അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരില്ല. മുതിര്‍ന്ന കുട്ടികളാണെങ്കില്‍ ഈ വിഷയത്തെ പറ്റി അവരുമായി സംസാരിക്കാം. അവരുടെ ആശങ്കകള്‍ അതെന്തു തന്നെയായാലും ക്ഷമയോടെ കേള്‍ക്കുന്നത് ഗുണം ചെയ്യും. നിങ്ങള്‍ അവരെ പരിഗണിക്കുന്നു എന്നൊരു തോന്നല്‍ അവരില്‍ വളര്‍ത്താന്‍ ഇതിലൂടെ കഴിയും. വിവാഹത്തോടെ ഇതുവരെ അച്ഛന് അല്ലെങ്കില്‍ അമ്മയ്ക്ക് തന്നോടുണ്ടായിരുന്ന സ്നേഹം കുറഞ്ഞു പോയേക്കുമോ എന്ന ഭയം അവരുടെ ഉള്ളില്‍ ഉണ്ടാകും. എന്നാല്‍ എന്തുസംഭവിച്ചാലും അവര്‍ നിങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞായിരിക്കുമെന്ന് ഉറപ്പു നല്‍കാം. നമ്മുടെ ജീവിതത്തിലേയ്ക്ക് പുതിയൊരാള്‍ വരുന്നുവെന്നുവെന്ന് അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കണം. ഒറ്റയ്ക്കു കഴിയുന്ന രക്ഷിതാവിനൊപ്പം ജീവിച്ച കുട്ടി പുതിയ പങ്കാളിയുടെ കടന്നു വരവിനെ സംശയത്തോടെയാവും വീക്ഷിക്കുക. പുതിയ പങ്കാളി നല്ലവനല്ലെന്ന് ചിലപ്പോള്‍ അവര്‍ മനസ്സില്‍ ഉറപ്പിച്ചിട്ടുണ്ടാകും.  അമ്മയെ അല്ലെങ്കില്‍ അച്ഛനെ തനിക്കു തിരിച്ചു കിട്ടാന്‍ വേണ്ടി ഓരോ കാരണങ്ങള്‍ കണ്ടുപിടിച്ച് പുതിയ ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുന്ന കുട്ടികളും കുറവല്ല. അതുപോലെ തന്നെ നിങ്ങള്‍ പുതിയ പങ്കാളിയെ ഇഷ്ടപ്പെടുന്നതു പോലെ കുട്ടിയ്ക്ക് സ്നേഹിക്കാന്‍ കഴിയണമെന്നില്ല. അവരുടെ മനസ്സില്‍ സ്വസ്ഥമായ ജീവിതത്തിലേയ്ക്കു കടന്നുവരുന്ന ഒരു അപരിചിതനാണ് പുതിയ പങ്കാളി. ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ ഏറെ സങ്കീര്‍ണ്ണമായി മാറിയേക്കാവുന്ന പ്രശ്നങ്ങളാണ് ഇതെല്ലാം. കുട്ടികളുടെ പ്രായം പരിഗണിച്ചു കൊണ്ട് അവര്‍ക്ക് മനസ്സിലാക്കാന്‍ പറ്റുന്ന രീതിയില്‍ ഇക്കാര്യങ്ങള്‍ അവതരിപ്പിക്കുകയാണ് പോംവഴി. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ ഒരു കൗണ്‍സിലറുടെ സഹായം തേടുക. ഒപ്പം പുതിയ പങ്കാളിയും കുട്ടിയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നിങ്ങളാല്‍ കഴിയാവുന്നതെല്ലാം ചെയ്യുക. അതുപോലെ തന്നെ പുതിയ പങ്കാളിയ്ക്ക് കുട്ടികള്‍ ഉണ്ടെങ്കില്‍ അവരോട് സ്നേഹത്തോടെ പെരുമാറാന്‍ നിങ്ങളും ശ്രദ്ധിക്കണം. കുട്ടികള്‍ തമ്മിലും ആരോഗ്യകരമായ ബന്ധം വളര്‍ത്തിയെടുക്കണം. നിസ്സാരകാര്യങ്ങള്‍ക്ക് അവര്‍ തമ്മില്‍ വഴക്കിടുമ്പോള്‍ പോലും കൃത്യമായി ഇടപെട്ടിട്ടില്ലെങ്കില്‍ അത് ബന്ധത്തെ ബാധിക്കും. ആദ്യവിവാഹത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ മറ്റൊരു സാഹചര്യമാണ് പുനര്‍വിവാഹത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം വ്യക്തമായി ഉള്‍ക്കൊണ്ടു കൊണ്ടു വേണം വിവാഹബന്ധത്തിലേയ്ക്കു കടക്കാന്‍.

സാമ്പത്തികവശങ്ങള്‍ അറിയണം

സ്വത്തുക്കളെ സംബന്ധിച്ചുള്ള തര്‍ക്കമാണ് പുനര്‍വിവാഹങ്ങളെ വേര്‍പിരിയലിലേയ്ക്കു നയിക്കുന്ന മറ്റൊരു ഘടകം. ആദ്യ വിവാഹത്തിലെ സാമ്പത്തിക ബാധ്യതകള്‍ കഴിയുന്നതും തീര്‍ത്തതിനു ശേഷമേ വീണ്ടും ഒരു ബന്ധത്തിലേയ്ക്കു കടക്കാവൂ. വിവാഹത്തിനു മുന്‍പു തന്നെ സ്വത്തുവിവരങ്ങളെ കുറിച്ച് പങ്കാളിയുമായി സംസാരിക്കാം. ആദ്യ ബന്ധത്തില്‍ നിങ്ങള്‍ക്കു വന്നിട്ടുള്ള ബാധ്യതകളെ കുറിച്ചും പറയണം. നിയമപരമായി ആദ്യ ബന്ധത്തിലെ കുട്ടിയ്ക്കു നിങ്ങളുടെ സ്വത്തിന്‍മേലുള്ള അവകാശത്തെ പറ്റിയും പുതിയ പങ്കാളിയെ ബോധ്യപ്പെടുത്തണം. വിവാഹത്തിനു മുന്‍പേ ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തിയാല്‍ പിന്നീട് കലഹം ഒഴിവാക്കാം. ആദ്യവിവാഹത്തിലെ മകന് അല്ലങ്കില്‍ മകള്‍ക്ക് സ്വത്തിന്‍റെ ഒരു വിഹിതം നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പലപ്പോഴും കൊലപാതകങ്ങളിലേയ്ക്കു വരെ നയിക്കാറുണ്ട്. ഇതിന് ദിവസവും എത്രയോ ഉദാഹരണങ്ങള്‍ നാം പത്രങ്ങളില്‍ കാണുന്നു. അതുകൊണ്ടു തന്നെ ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. ആദ്യവിവാഹത്തിലെ കുട്ടിയെ പുതിയ പങ്കാളിയ്ക്ക് സ്വന്തം കുട്ടിയായി കണക്കാക്കാന്‍ കഴിയാതെ വരുന്നതിനാലാണ് അവന് അല്ലെങ്കില്‍ അവള്‍ക്ക് സ്വത്തിന്‍റെ ഒരു പങ്ക് നല്‍കുന്നതിനെ അവര്‍ എതിര്‍ക്കുന്നത്. തന്‍റെ മകന് അര്‍ഹതപ്പെട്ടത് മറ്റൊരാള്‍ തട്ടിയെടുക്കുന്നു എന്ന ചിന്തയായിരിക്കും അവരുടെ ഉള്ളില്‍. പുതിയ പങ്കാളിയുമൊത്ത് ജീവിതം തുടങ്ങുന്നതിനു മുന്‍പു തന്നെ ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കണം. വേണമെങ്കില്‍ ഒരു അഭിഭാഷകന്‍റെ സഹായവും തേടാം. ആദ്യ വിവാഹത്തിലെ സാമ്പത്തിക ബാധ്യതകളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന കാര്യത്തിലും വ്യക്തത വേണം. പുതിയ പങ്കാളിയ്ക്ക് കുട്ടികളുണ്ടെങ്കില്‍ സ്വത്തുവിഭജിക്കുമ്പോള്‍ അവരേയും കണക്കിലെടുക്കേണ്ടി വരുമെന്ന കാര്യം നിങ്ങളും മനസ്സിലാക്കണം. അവരുടെ ചെലവുകള്‍ കൈകാര്യം ചെയ്യേണ്ടതെങ്ങനെയാണെന്ന കാര്യത്തിലും വിവാഹത്തിനു മുന്‍പ് ധാരണയുണ്ടാക്കണം. പുനര്‍വിവാഹത്തിലെ സാമ്പത്തികപ്രശ്നങ്ങള്‍ പരിഹരിക്കുന്നത് പലപ്പോഴും എളുപ്പമല്ല. വിവാഹത്തിനു മുന്‍പു തന്നെ ഒരു അഭിഭാഷകന്‍റെ സഹായത്തോടെ എല്ലാ കാര്യങ്ങളിലും ധാരണയുണ്ടാക്കുന്നത് സഹായകരമാകും.

താരതമ്യം വേണ്ട

“ഞാന്‍ എത്ര ശ്രമിച്ചാലും അതുപോലെയാകാന്‍ കഴിയില്ല, അതുകൊണ്ട് ഈ ബന്ധം എനിക്കു വേണ്ട” ആശ സങ്കടത്തോടെ പറഞ്ഞു. ആശയുടെ ആദ്യ വിവാഹമായിരുന്നു അത്. ഭര്‍ത്താവിന്‍റെ ആദ്യഭാര്യ ഒരു അപകടത്തില്‍ മരണപ്പെട്ടിരുന്നു. ഭര്‍തൃവീട്ടുകാരുടെ സാമ്പത്തികനില കൂടി കണക്കിലെടുത്താണ് ആശയുടെ വീട്ടുകാര്‍ ഈ വിവാഹം ഉറപ്പിച്ചത്. വിവാഹം കഴിഞ്ഞ് ആദ്യ ദിവസങ്ങളില്‍ തന്നെ ഭര്‍ത്താവ് അവളോട് ആദ്യ വിവാഹത്തിന്‍റെ കഥകള്‍ പറഞ്ഞു കൊടുത്തു. ഭാര്യയെ നഷ്ടപ്പെട്ടതിനെ പറ്റി പറയുമ്പോഴൊക്കെ അദ്ദേഹം വികാരാധീനനായി. ആദ്യമൊക്കെ ഇതെല്ലാം ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും മുന്‍ഭാര്യയോടുള്ള സ്നേഹത്തെ ഉള്ളില്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നെങ്കിലും ഇത് പതിവായപ്പോള്‍ ആശയ്ക്ക് അത് ഉള്‍ക്കൊള്ളാനായില്ല. ആശ മുടി കെട്ടുമ്പോഴും ഒരുങ്ങുമ്പോഴും എല്ലാം മുന്‍ഭാര്യ ഇങ്ങനെയായിരുന്നു എന്ന് ഭര്‍ത്താവ് പറയും. എ്ല്ലാകാര്യങ്ങളിലും ഇങ്ങനെ താരതമ്യം ചെയ്തു തുടങ്ങിയപ്പോള്‍ അവര്‍ക്കിടയില്‍ ചെറിയ വഴക്കുകള്‍ ഉടലെടുത്തു. ഭര്‍ത്താവ് തന്നെ ഒട്ടും പരിഗണിക്കുന്നില്ലെന്ന തോന്നല്‍ ഉണ്ടായപ്പോഴാണ് ആശ ഇങ്ങനെയൊരു തീരുമാനത്തിലേയ്ക്കെത്തിയത്. ” കേള്‍ക്കുമ്പോള്‍ നിസ്സാരമായി തോന്നാമെങ്കിലും ഏറെ അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നൊരു പ്രശ്നമാണ് താരതമ്യം. ലോകത്തില്‍ എല്ലാ വ്യക്തികളും അവരവര്‍ ആയിരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. മറ്റൊരാളുമായി താരതമ്യപ്പെടുത്തുന്നത് ആര്‍ക്കും സഹിക്കാനാവില്ല. പുതിയ പങ്കാളിയുമൊത്ത് ജീവിതം തുടങ്ങുമ്പോള്‍ പ്രത്യേകം ഓര്‍ക്കേണ്ട കാര്യമാണിത്. പഴയ വിവാഹത്തില്‍ സംഭവിച്ചത് എന്തുമായിക്കൊള്ളട്ടേ, അതിന്‍റെ ഓര്‍മ്മകളെ പുതിയ വിവാഹത്തിലേയ്ക്കു വലിച്ചിഴയ്ക്കരുത്. മുന്‍ വിവാഹത്തിന്‍റെ ഓര്‍മ്മകള്‍ പൂര്‍ണ്ണമായും തുടച്ചു നീക്കാന്‍ സാധ്യമല്ല. പക്ഷേ യാതൊരു കാരണവശാലും പുതിയ പങ്കാളിയുടെ മുന്‍പില്‍ ഇടയ്ക്കിടെ ഇക്കാര്യങ്ങള്‍ പറയാതിരിക്കുക. നിങ്ങള്‍ ഇപ്പോഴും മുന്‍വിവാഹത്തില്‍ ജീവിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന തോന്നല്‍ അവരെ ഏറെ വേദനിപ്പിക്കും. മുന്‍ പങ്കാളിയ്ക്കുണ്ടായിരുന്ന പല ഗുണങ്ങളും പുതിയ പങ്കാളിയ്ക്ക് ഉണ്ടാവണമെന്നില്ല. വിവാഹശേഷം ഇക്കാര്യം നിങ്ങള്‍ തിരിച്ചറിയുമെങ്കിലും ഒരിക്കലും അത് അവരോട് ആ രീതിയില്‍ തുറന്നു പറയാതിരിക്കുക. പകരം ഇങ്ങനെ ചെയ്യുന്നതാണ് എനിക്ക് ഇഷ്ടം എന്നു സൂചിപ്പിച്ചാല്‍ പ്രശ്നം പരിഹരിക്കാം.

ആദ്യവിവാഹത്തില്‍ നിന്ന് എല്ലാം പഠിച്ചു എന്ന മനോഭാവത്തോടെ ഒരിക്കലും വീണ്ടും വിവാഹത്തിന് ഒരുങ്ങരുത്. ആദ്യ വിവാഹത്തിലെ സാഹചര്യങ്ങളോ വെല്ലുവിളികളോ ആയിരിക്കില്ല പുനര്‍വിവാഹത്തില്‍ നിങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. ആദ്യ വിവാഹത്തിന്‍റെ നിന്ന് പൂര്‍ണ്ണമായും മോചനം നേടിയ ശേഷം ഒരു പുതിയ അധ്യായത്തിലേയ്ക്കു കടക്കുന്ന മനോഭാവത്തോടെ വേണം പുനര്‍വിവാഹത്തെ സമീപിക്കാന്‍. എങ്കില്‍ ആദ്യ വിവാഹത്തിലെ കയ്പ്പേറിയ ഓര്‍മ്മകള്‍ തുടച്ചു മാറ്റി സ്നേഹസമൃദ്ധമായ പുതിയ ജീവിതം കെട്ടിപ്പടുക്കാന്‍ നിങ്ങള്‍ക്കു സാധിക്കും.

 

Tags : പുനര്‍വിവാഹം
blogadmin

The author blogadmin

Leave a Response