ഒരു കെട്ടുകഥ പോലെ സുഗമമായി ഒഴുകുന്നവയല്ല പ്രണയബന്ധങ്ങള്‍. തുടക്കത്തിലുള്ള ആവേശത്തിനും തീക്ഷ്ണതയ്ക്കുമപ്പുറം രണ്ടുവ്യക്തികള്‍ തമ്മിലുള്ള ആശയവിനിമയവും മനസ്സിലാക്കലും വിശ്വാസവുമൊക്കെയാണ് ആരോഗ്യപരമായ ബന്ധങ്ങളെ വാര്‍ത്തെടുക്കുന്നതിന് അടിസ്ഥാനം. പങ്കാളിയുടെ കാഴ്ചപ്പാടുകളും ട്രോമകളുമെല്ലാം മനസ്സിലാക്കിയുള്ള യാത്രയാണ് സുദൃഡമായ ബന്ധത്തിനു വേണ്ടത്.
പങ്കാളിയെയും പ്രണയത്തിലെ അവരുടെ കാഴ്ചപ്പാടുകളെയും കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ചെയ്യേണ്ട ഏഴ് കാര്യങ്ങൾ പങ്കുവെക്കുകയാണ് സൈക്കോളജിസ്റ്റ് ആയ ഡോ.നിക്കോള്‍ ലെപേര.
പ്രണയത്തിന്റെ ഭാഷ അഥവാ ‘ലവ് ലാംഗ്വേജ്’ മനസ്സിലാക്കുക എന്നതാണ് ആദ്യത്തേതെന്ന് നിക്കോള്‍ പറയുന്നു. ഇത് ഓരോ വ്യക്തിയ്ക്കും ഓരോ തരത്തിലായിരിക്കും. ചിലര്‍ക്ക് സ്പര്‍ശനമാണെങ്കില്‍ മറ്റു ചിലര്‍ പ്രണയം പ്രകടമാക്കുക സംഭാഷണങ്ങളിലൂടെയാവും. തന്റെ പങ്കാളിക്ക് ഏതാണ് വഴങ്ങുന്നതെന്ന് പ്രണയത്തിലുള്ള ഓരോരുത്തരും അറിഞ്ഞിരിക്കണം. മാറ്റങ്ങള്‍ക്ക് വിധേയമായ മനസ്സുമായാരിക്കണം നാം പ്രണയത്തില്‍ പ്രവേശിക്കേണ്ടത്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളും പരിണാമങ്ങളും എല്ലാ ബന്ധങ്ങളിലുണ്ടാകുമെന്നും അവയെ സ്വാഗതം ചെയ്യുകയും ഉള്‍ക്കൊള്ളുകയും വേണമെന്നും മനസ്സിലാക്കേണ്ടത് അത്യാവശമാണ്.എത്ര അസുഖകരമായ വിഷയങ്ങളെപ്പറ്റിയും തികച്ചും അനായാസകരമായി പങ്കാളിയോട് സംസാരിക്കാന്‍ കഴിയേണ്ടതും അനിവാര്യമാണെന്ന് നിക്കോൾ പറയുന്നു. അതിനുള്ള ബന്ധമാണ് ഉണ്ടാക്കിയെടുക്കേണ്ടത്. ഇരുകൂട്ടര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന സ്വഭാവങ്ങളും രീതികളുമായിരിക്കണം ബന്ധത്തിൽ പ്രതിഫലിക്കേണ്ടത്. ആദ്യം അവനവനെത്തന്നെ സ്‌നേഹിക്കാന്‍ പറ്റിയെങ്കില്‍ മാത്രമേ പങ്കാളിയെ പൂര്‍ണ്ണമായും സ്‌നേഹിക്കാന്‍ കഴിയൂ. നമ്മള്‍ നമ്മളെത്തന്നെ മൃദുവായും കരുതലോടെയും പരിചരിച്ചെങ്കില്‍ മാത്രമേ പങ്കാളിയോടുള്ള സമീപനത്തിലും അത് പ്രതിഫലിക്കൂ. നമ്മുടെ മൂല്യങ്ങളുമായി പങ്കാളിയുടേതിന് ഒത്തുപോകാന്‍ കഴിയുമോ എന്ന് മുന്‍കൂട്ടി അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.
ബന്ധങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളും വൈരുദ്ധ്യങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഒരോരുത്തരും അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നത് പ്രധാനമാണെന്നും നിക്കോൾ കുറിക്കുന്നു. പക്വതയോടെയും സംയമനത്തോടെയും ഭിന്നതകളെ കൈകാര്യം ചെയ്താല്‍ മാത്രമേ ആരോഗ്യപരമായി ബന്ധം മുന്നോട്ടുകൊണ്ടുപോകാനാകൂ. മുന്‍പുണ്ടായിട്ടുള്ള സംഭവങ്ങളില്‍നിന്നുള്ള ട്രോമകളും മറ്റും ആരോഗ്യപരമായ പ്രണയബന്ധത്തെ തകര്‍ക്കുന്ന രീതിയില്‍ മുന്നോട്ടുവരാന്‍ അനുവദിക്കാതിരിക്കുക എന്നതാണ് പ്രധാനമെന്നും നിക്കോള്‍ പറയുന്നു.