ശാരീരികം മാത്രമല്ല, മാനസികവും വൈകാരികവുമായ നിരന്തര സമ്മര്‍ദങ്ങള്‍ നിശ്ചയമായും മുഖത്ത് ചുളിവുകള്‍ നേരത്തെ പ്രത്യക്ഷപ്പെടാനും മുഖത്തുണ്ടാകുന്ന മറ്റ് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടുവാനും പര്യാപ്തമാണ്
മുഖസൗന്ദര്യം എന്നാല്‍ കറുപ്പോ വെളുപ്പോ അല്ല. ചര്‍മ്മത്തിന്റെ ആരോഗ്യമാണ്. ഇത് മുഖത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ആകര്‍ഷമുള്ള മുഖം ആത്മവിശ്വാസം പകരും. എന്നാല്‍ പലപ്പോഴും മുഖക്കുരുവും ശ്രദ്ധക്കുറവ് മൂലമുണ്ടാകുന്ന ചെറിയ പാടുകളും മുഖസൗന്ദര്യം കെടുത്തും. ഈ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷനേടാന്‍ ആയുര്‍വേദത്തില്‍ ചില മാര്‍ഗങ്ങളുണ്ട്. അതില്‍ പ്രധാനം ഭക്ഷണത്തിലും ജീവിത രീതിയിലും മാറ്റം വരുത്തുക എന്നതാണ്.
1. മുഖക്കുരുവിന്റെ പ്രശ്‌നം കൂടുതലായി അലട്ടുന്നവര്‍ മുട്ട, കൊഴുപ്പുകള്‍, എണ്ണയിലും മറ്റും വറുത്ത ആഹാരപദാര്‍ത്ഥങ്ങള്‍, തൈര്, പുളി, ഉപ്പ്, എരിവ്, മറ്റ് മസാലകള്‍ എന്നിവയുടെ ഉപയോഗത്തില്‍ നിയന്ത്രണം വരുത്തേണ്ടതാണ്.
2. മുഖക്കുരു മാറാനായി ആര്യവേപ്പിലയും പച്ചമഞ്ഞളും ചേര്‍ത്തരച്ച് കുഴമ്പു രൂപത്തിലാക്കി മുഖത്ത് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകി കളയുക.
3. പാച്ചോറ്റിത്തൊലി, കൊത്തമല്ലി, വയമ്പ് എന്നിവ അരച്ച് പുരട്ടുന്നതും മുഖക്കുരുവിന് നല്ലതാണ്.
4. ആര്യവേപ്പിലയും ചെറുപയറും മഞ്ഞളും ചേര്‍ത്തരച്ച് പുരട്ടി ഉണങ്ങിയ ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകുക. ആര്യവേപ്പില കഷായം കൊണ്ട് മുഖം കഴുകുന്നതും നല്ലതാണ്.
മുഖത്തെ പാടുകള്‍ക്ക് പരിഹാരം
മുഖത്തുണ്ടാകുന്ന വിവിധതരം പാടുകള്‍, സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന കണ്ണുകള്‍ക്ക് താഴെയും ചുറ്റുമായുണ്ടാകുന്ന കറുത്ത അടയാളങ്ങള്‍, ചിക്കന്‍ പോക്‌സ് വന്നതിനു ശേഷം കാണുന്ന പാടുകള്‍ എന്നിവ മുഖസൗന്ദര്യവുമായി ബന്ധപ്പെട്ട് സാധാരണ കാണുന്ന പ്രശ്‌നങ്ങളാണ്.
1. മുഖത്തെ പാടുകള്‍ മാറ്റുന്നതിന് ഉപയോഗിക്കുന്നവയില്‍ വളരെ പ്രധാനപ്പെട്ട ഔഷധമാണ് രക്തചന്ദനം. രക്തചന്ദനം തേനുമായി ചേര്‍ത്തരച്ച് കിട്ടുന്ന ലേപനം മുഖത്ത് പൂശിയ ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് ചെറു ചൂടുവെള്ളത്തില്‍ കഴുകി കളയുക. ഇത് മുഖത്തും കണ്ണിനു ചുറ്റും കാണുന്ന പാടുകളും കരുവാളിപ്പും മാറ്റി മുഖകാന്തി വര്‍ധിപ്പിക്കുന്നു.
2. ഞാവല്‍ തളിര്, മാവിന്‍ തളിര്, മഞ്ഞള്‍, മരമഞ്ഞള്‍, കസ്തൂരിമഞ്ഞള്‍ ഇവ തൈരില്‍ വെള്ളത്തിലരച്ച് പുതിയ ശര്‍ക്കരയും ചേര്‍ത്ത് തേയ്ക്കുന്നത് മുഖത്തെ കറുത്ത പാടുകള്‍ മാറുന്നതിനു ഫലപ്രദമാണ്.
3. ആര്യവേപ്പിലയും പച്ചമഞ്ഞളും തേങ്ങാപ്പാലില്‍ അരച്ചു പുരട്ടുന്നത് ചിക്കന്‍പോക്‌സ് മൂലം വന്ന പാടുകള്‍ മാറാന്‍ ഉപയോഗിച്ചു വരുന്നു.
മുഖകാന്തി വര്‍ധിപ്പിക്കാം
1. മുഖത്തെ അഴുക്കുകള്‍ പോയി പുതുമയാര്‍ന്നതാകുവാന്‍ ത്രിഫലാ കഷായം കൊണ്ട് മുഖം കഴുകുക.
2. ചെറുനാരങ്ങാ നീരും തേനും ചേര്‍ത്ത് പുരട്ടുന്നത് മുഖകാന്തി വര്‍ധിപ്പിക്കും.
3. രക്തചന്ദനം, വെളുത്ത ചന്ദനം എന്നിവ തേന്‍ ചേര്‍ത്ത് അരച്ചു പുരട്ടുന്നത് മുഖത്തെ പാടുകള്‍ മാറുന്നതിനും മുഖചര്‍മത്തിന്റെ ആരോഗ്യവും കാന്തിയും എന്നും നിലനിര്‍ത്തുന്നതിനും ഉപയുക്തമാണ്.
4. കറ്റാര്‍വാഴയും മഞ്ഞളും ചേര്‍ത്തരച്ചു പുരട്ടുന്നത് മുഖത്തെ ചുളിവുകള്‍ നിയന്ത്രിക്കുവാന്‍ നല്ലതാണ്.
മുഖം മനസിന്റെ കണ്ണാടി
ശാരീരികം മാത്രമല്ല, മാനസികവും വൈകാരികവുമായ നിരന്തര സമ്മര്‍ദങ്ങള്‍ നിശ്ചയമായും മുഖത്ത് ചുളിവുകള്‍ നേരത്തെ പ്രത്യക്ഷപ്പെടാനും മുഖത്തുണ്ടാകുന്ന മറ്റ് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടുവാനും പര്യാപ്തമാണ്. നമ്മുടെ മനോവൈകാരിക വിക്ഷോഭങ്ങളുടെ കണ്ണാടിയാണ് മുഖം.ഉള്ളിലേയ്ക്കും പുറമേയ്ക്കുമായി കരിങ്ങാലി, കണിക്കൊന്ന, കടുക്ക, നെല്ലിക്ക, താന്നിക്ക, ആര്യവേപ്പ്, വെളുത്ത ചന്ദനം, രക്തചന്ദനം, തഴുതാമ, മഞ്ചട്ടി, നെന്മേണി വാക, രാമച്ചം, പതിമുഖം, കസ്തൂരി മഞ്ഞള്‍ തുടങ്ങിയ വിവിധ ഔഷധദ്രവ്യങ്ങള്‍ ഉപയോഗിച്ചുള്ള പലതരം ഔഷധങ്ങള്‍ ഉപയോഗിച്ചു വരുന്നു. ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉപയോഗിക്കുന്ന ഖദിരാരിഷ്ടം, നിംബാദി കഷായം, ആരഗ്വധാദി കഷായം, ഏലാദികേരം, ഏലാദി ചൂര്‍ണ്ണം, ത്രിഫല ചൂര്‍ണ്ണം മുതലായ ഔഷധങ്ങളും ഫലപ്രദമാണ്.