പ്രകൃതിദത്ത കേശസംരക്ഷണ രീതികൾ പിന്തുടരുന്നതിലൂടെ കരുത്തുറ്റ മുടിയിഴകൾ എന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ കഴിയും. മുട്ട, അവോക്കാഡോ, തേൻ, എസൻഷ്യൻ ഓയിൽ ഇവ ചേർന്നുള്ള ഹെയർ പാക് മുടി ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്ന ഒന്നാണ്. നാച്യുറൽ ഓയിലുകളാൽ സമ്പന്നമാണ് അവോക്കാഡോ. മികച്ച നാച്യുറൽ ഹെയർ കണ്ടീഷനർ ആണ് മുട്ട. ശിരോചർമത്തിന്റെ വരൾച്ചയെ പ്രതിരോധിക്കാനും മുടി പൊട്ടുന്നത് തടയാനും തേനിന് കഴിവുണ്ട്. ഇവ മൂന്നും ചേർത്ത് ഉപയോഗിക്കുന്നത് മുടിയിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കും.
ഈ ഹെയർ പാക് ഉണ്ടാക്കേണ്ട വിധം
∙ പഴുത്ത അവോക്കാഡോയുടെ പകുതി
∙ ഒരു ടേബിൾ സ്പൂൺ തേൻ
∙ ഒരു മുട്ട
∙ ഏതാനും തുള്ളി എസൻഷ്യൽ ഓയിൽ
അവോക്കാഡോയുടെ പഴുത്ത ഭാഗവും തേനും ഒരു ബൗളിൽ എടുത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് മുട്ടയുടെ വെള്ള പൊട്ടിച്ച് ഒഴിക്കുക. ഇതു നന്നായി അടിച്ച് പതപ്പിക്കുക. ശേഷം ഏതാനും തുള്ളി എസൻഷ്യൽ ഓയിൽ ചേർക്കാം.
ശിരോചർമത്തിലും മുടിയിലും തേച്ചുപിടിപ്പിച്ച് 15–20 മിനിറ്റിനുശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകാം. പിന്നീട് സാധരണ രീതിയിൽ ഷാംപൂവും ഉപയോഗിച്ച് കഴുകി കണ്ടീഷൻ ചെയ്യാം.
English Summary ; Avacado Hair Pack for Strong Hair