close
ആരോഗ്യംചോദ്യങ്ങൾ

മുലഞെട്ടിലെ നിറവ്യത്യാസവും സ്രവങ്ങളും ശ്രദ്ധിക്കണം ; സ്തനത്തിലെ എല്ലാ മുഴകളും കാൻസറല്ല

സ്തനങ്ങളിൽ കാണുന്ന വ്യതിയാനങ്ങളും മുഴകളും എല്ലാ അപകടകാരികളാണെന്ന് പൊതുവെ പലർക്കും ധാരണയുണ്ട്. എന്നാൽ കൂടുതലും കണ്ടുവരുന്നത് അപകടകാരികളല്ലാത്ത മുഴകളാണ്.

പേജിലെ പുതിയ അപ്ഡേറ്റ്സ് whatsapp വഴി ലഭിക്കുവാൻ. https://api.whatsapp.com/send?phone=447868701592&text=subscribe

ഫൈബ്രോ അഡിനോമ

സ്തനങ്ങളിൽ വേ​ദനയില്ലാത്ത മുഴകൾ യുവതികളിലും പെൺകുട്ടികളിലും കാണുകയാണെങ്കിൽ അത് മിക്കവാറും ഫൈബ്രോ അഡിനോമ വിഭാ​ഗത്തിൽ പെടുന്നവയാണ്. വൃത്താകൃതിയിൽ കട്ടിയായ, പരിശോധനയിൽ തെന്നിമാറുന്നവയാണിവ. ഇത് കാൻസറാകാൻ സാധ്യതയില്ലാത്ത മുഴകളാണ്. ഈ മുഴകൾ എല്ലായ്പ്പോഴും നീക്കണമെന്നില്ല. എന്നാൽ വലുതാകുന്നതായി തോന്നുക, ഇതേക്കുറിച്ച് ആശങ്കപ്പെടുക തുടങ്ങിയ അവസ്ഥകളിൽ ചെറിയ ഓപ്പറേഷൻ വഴി നീക്കം ചെയ്യാറുണ്ട്.

30-40 വയസ്സുള്ള സ്ത്രീകളിൽ മുഴയോ, വെള്ളമുള്ള മുഴയോ കാണുന്നെങ്കിൽ മിക്കവാറും ഫൈബ്രോസിസ്റ്റിക് ഡിസീസ് ആകാനാണ് സാധ്യത. ​ഹോർമോൺ വ്യത്യാസങ്ങളുടെയും ആർത്തവംമൂലം മാറിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളുടെയും ഫലമാണ് ഇത്തരം മുഴകൾ. ഈ മുഴകൾക്കുള്ള മറ്റൊരു പ്രത്യേകത ചിലപ്പോൾ( പ്രത്യേകിച്ച് ആർത്തവത്തിന്റെ തൊട്ടുമുൻപുള്ള ദിവസങ്ങളിൽ) വേദന അനുഭവപ്പെടാം എന്നുള്ളതാണ്. ഈ മുഴകൾ അപ്പോൾ ഒന്നുകൂടി വലുതായതായും തോന്നും. ചിലരിൽ ഒന്നിൽ കൂടുതൽ മുഴകൾ ഒരു മാറിലോ, ഇരുമാറിലോ കാണാം. ചിലരിൽ ഇത് ആർത്തവം നിലയ്ക്കുന്നതോടെ അപ്രത്യക്ഷമാകാറുണ്ട്.

എന്നാൽ ഇത്തരം മുഴകൾ കാൻസർ അല്ല എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. സൂചി ഉപയോ​ഗിച്ച് ഈ മുഴയിൽ നിന്ന് കോശങ്ങൾ പരിശോധനയ്ക്ക് എടുക്കുകയോ, ഒരുമുഴ തന്നെ പൂർണമായും പരിശോധനയ്ക്ക് വിധേയമാക്കുകയോ ചെയ്യാം.

മരുന്നുകൊണ്ട് പൂർണമായ ചികിത്സ ഇതിനില്ല. ചില സ്ത്രീകൾക്ക് വേദനസംഹാരികൾ കൊണ്ട് ആശ്വാസം കിട്ടാറുണ്ട്. മറ്റ് ചിലർക്ക് അതുകൊണ്ടും ആശ്വാസം ലഭിക്കാറുമില്ല. ചില വിറ്റാമിനുകളും ചെറിയ അളവിലുള്ള ഹോർമോണുകളും ഇതിനായി ഉപയോ​ഗിക്കാറുണ്ട്.

സിസ്റ്റുകൾ

സിസ്റ്റുകളെ കാൻസറായി തെറ്റിദ്ധരിക്കാം. ഫൈബ്രോസിസ്റ്റിക് ഡിസീസിന്റെ ഭാ​ഗമല്ലതെയും സിസ്റ്റുകൾ പ്രത്യക്ഷപ്പെടാം. പാൽ ഒഴുകുന്ന കുഴലുകൾ അടഞ്ഞുപോയാലും ഇവ ഉണ്ടാകാറുണ്ട്. കൂടാതെ മറ്റ് കാരണങ്ങൾ കൊണ്ടും ഇത് ഉണ്ടാകാം. അൾട്രാസൗണ്ട് സ്കാൻ ചെയ്യുമ്പോൾ വളരെ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും.

സൂചി ഉപയോ​ഗിച്ച് സിസ്റ്റിനുള്ളിലെ വെള്ളം വലിച്ചെടുക്കാം. അപ്പോൾ തന്നെ അത് തത്കാലത്തേക്ക് അപ്രത്യക്ഷമാവും. അധികം വൈകാതെ വീണ്ടും പ്രത്യക്ഷപ്പെടുകയാണെങ്കിൽ ചെറിയ ഓപ്പറേഷൻ കൊണ്ട് മാറ്റുന്നതാണ് നല്ലത്.

ക്ഷതങ്ങൾ ഉണ്ടാക്കുന്ന മുഴകൾ

പലതരത്തിലുള്ള ക്ഷതങ്ങൾ മാറിൽ രക്തം കട്ടപിടിച്ച് മുഴകൾ വരാറുണ്ട്. കുറച്ചുനാൾ കഴിഞ്ഞ് അവ മുഴ രൂപത്തിൽ മാറിൽ അവശേഷിക്കും. പണ്ടുണ്ടായ ക്ഷതത്തിന്റെ കാര്യം മറന്നു പോകുകയും ചെയ്യും. ഇത്തരം മുഴകളും കാൻസർ അല്ല എന്ന് ബയോപ്സി വഴി തീരുമാനിക്കുകയാണ് നല്ലത്.

കൊഴുപ്പ് കട്ടിപിടിക്കൽ

മാറിന് ക്ഷതമേൽക്കുന്ന സമയത്ത് കൊഴുപ്പ് കട്ടിപിടിച്ച് മുഴയായി കാണണമെന്നില്ല. എന്നാൽ കുറച്ചുകാലം കഴിഞ്ഞ് ഇത് കട്ടിയുള്ള മുഴയായി മാറാം. കൊഴുപ്പുകോശങ്ങൾക്ക് വരുന്ന മാറ്റങ്ങൾ കാരണമാണ് ഈ പ്രക്രിയ. രക്തം കട്ടപിടിച്ച് മുഴപോലെ ഇതിനെയും സമീപിക്കാം. ബയോപ്സി പരിശോധനയും, ആവശ്യമെങ്കിൽ ശസ്ത്രക്രിയയും വേണ്ടിവരും.

മുലഞെട്ടിലെ വ്യത്യാസങ്ങൾ

മുലഞെട്ടുകൾ ചുവന്നും വീങ്ങിയും പൊറ്റപിടിച്ചും പലതരത്തിൽ വരുന്നതാണ് പേജറ്റ്സ്(Pagetഠs disease). എന്നാൽ ഇത് മാറിലെ കാൻസറിന്റെ ഒരു വകഭേദം അല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതും ബയോപ്സി പരിശോധന നടത്തി കാൻസർ അല്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

മുലഞെട്ടിൽ നിന്നുള്ള സ്രവങ്ങൾ

പലതരത്തിലുള്ള സ്രവങ്ങൾ മാറിൽ നിന്ന് വരാൻ സാധ്യതയുണ്ട്. വെള്ളംപോലുള്ളതോ പാൽ പോലുള്ളതോ ആയ സ്രവം ഒന്നുരണ്ട് തുള്ളി ചിലർക്ക് മാറിൽ നിന്ന് വരാം. ഇത് അസാധാരണമല്ല.

പാൽ കുഴുലുകളിൽ ദശ വളരുന്ന അസുഖം(Intraductal Papilloma) വരുമ്പോൾ ഏതാണ്ട് കറുത്ത നിറത്തിലുള്ള സ്രവം വരാം. രക്തമോ കറുപ്പ് നിറത്തിലുള്ള സ്രവമോ, മുലഞെട്ടുകൾ ഞെക്കാതെതന്നെ വരുന്നത് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.

മാറിലെ അണുബാധ

ചുവന്ന നിറത്തോടുകൂടി ചൂട് കൂടുതലായുള്ള വീക്കം മാറിൽ വരുന്നത് അപൂർവമല്ല. പ്രത്യേകിച്ച് മുലയൂട്ടുന്ന അമ്മമാരിൽ. പാൽ വരുന്ന കുഴലുകളിൽ അണുബാധ വന്നാൽ ഇത് സംഭവിക്കാം. ഇത് പിന്നീട് പഴുപ്പ് കൂടുന്ന സ്ഥിതിയിലേക്ക് മാറാം.(Breast abscess). ചിലപ്പോൾ പഴുപ്പ് കീറിക്കളയേണ്ടിയും വരാം. എന്നാൽ മാറിൽ അപൂർവമായി വരുന്ന ഒരുതരം കാൻസറും(Inflammatory Carcinoma) ഈ രൂപത്തിൽ പ്രത്യക്ഷപ്പെടാം. അതുകൊണ്ട് കാൻസറല്ലെന്ന് പരിശോധനയിലൂടെ ഉറപ്പുവരുത്തേണ്ടതുണ്ട്.

മറ്റ് മുഴകൾ

ശരീരത്തിൽ ഏത് ഭാ​ഗത്തും വരാവുന്ന പലതരത്തിലുള്ള മുഴകളും(കാൻസറല്ലാത്തവ) മാറിലും അപൂർവമായി വരാം. ഉദാഹരണമായി കൊഴുപ്പ് ട്യൂമർ രൂപത്തിൽ വരുന്ന ലൈപോമ( Lipoma), പേശികൾ കട്ടിപിടിക്കുന്ന ഫൈബ്രോമ, രക്തക്കുഴലുകളിൽ വരുന്ന മുഴകൾ എന്നിവ.

മാറിൽ വരുന്ന വ്യത്യാസങ്ങളും മുഴകളും എല്ലാം കാൻസർ ആകണമെന്നില്ല. അവയെ സമീപിക്കേണ്ടത് വ്യക്തമായ ധാരണയോടുകൂടി വേണം. ചിലർ പലപ്പോഴും പരിഭ്രാന്തരായി ആവശ്യമില്ലാത്ത പല ടെസ്റ്റുകളും ചികിത്സയും എടുക്കാറുണ്ട്. മറ്റ് ചിലർ ആവശ്യമായ ​ഗൗരവം കൊടുക്കാതെ പൂർണമായും അവ​ഗണിച്ച് കാൻസറായി രൂപപ്പെട്ട നിലയിലാണ് ചികിത്സതേടി വരുന്നത്. രണ്ട് സമീപനങ്ങളും നല്ലതല്ല.

blogadmin

The author blogadmin

Leave a Response