ഏറെ സെന്‍സിറ്റീവായ ഭാഗമാണ് യോനി. അണുബാധകള്‍ക്കുള്ള സാധ്യത കൂടുതലായതിനാൽ അതിന്റെ വൃത്തിയും വളരെ പ്രധാനമാണ്. യോനിയിലെ ചൊറിച്ചിൽ അസ്വസ്ഥതകൾ മാത്രമല്ല മറ്റു പ്രശ്നങ്ങൾക്കും കാരണമായേക്കാം. യീസ്റ്റ് അണുബാധ, ബാക്ടീരിയൽ വാജിനോസിസ് എന്നിവ അസാധാരണമായ ഡിസ്ചാർജിന് കാരണമായേക്കാം. എന്നാൽ റേസർ ബമ്പുകൾ ജനൈറ്റൽ ഹെർപ്പസ് പോലുള്ള മറ്റു പ്രശ്നങ്ങൾ ഉണ്ടാക്കില്ല. എന്തുതന്നെയായാലും, സമയബന്ധിതവും ശരിയായ ചികിത്സ ആരംഭിക്കുന്നതിനും യോനിയിലെ ചൊറിച്ചിലിന്റെ കാരണങ്ങൾ അറിയേണ്ടത് ആവശ്യമാണ്.
“യോനിയിലെ ചൊറിച്ചിൽ മറ്റു പല പ്രശ്നങ്ങളുടെയും കാരണമാകാം. അസ്വാസ്ഥ്യം അസഹനീയമായിരിക്കാം, എന്നാൽ യോനിയിൽ ചൊറിച്ചിൽ ഉണ്ടാകുന്നത് വളരെ സാധാരണമാണ്, ഇതിനു നിരവധി കാരണങ്ങളുണ്ട്,” ഗൈനക്കോളജിസ്റ്റ്റ്റും ഒബ്സ്റ്റട്രിഷനുമായ ഡോ. ശ്രുതി ശർമ്മ ഇൻസ്റ്റാഗ്രം പോസ്റ്റിൽ പറയുന്നു.
യോനിയിലെ ചൊറിച്ചിലിനുള്ള പ്രധാന കാരണങ്ങൾ ഇവയാണ്:
ബാക്ടീരിയൽ വാജിനോസിസ്
ബാക്ടീരിയയുടെ വളർച്ചയും യോനിയിലെ പിഎച്ച് അസന്തുലിതാവസ്ഥയും മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ് ബാക്ടീരിയൽ വാഗിനോസിസ്, ഇത് ചൊറിച്ചിലിന് കാരണമാകുന്നു. ” സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, ഡൗച്ചിങ് എന്നിവയാകാം ഇതിനു കാരണം,” മുംബൈ ഭാട്ടിയ ഹോസ്പിറ്റലിലെ ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി കൺസൾട്ടന്റായ ഡോ.കിഞ്ചൽ ഷാ അഭിപ്രായപ്പെടുന്നു.
കോൺടാക്റ്റ് ഡെർമറ്റൈറ്റിസ്
സോപ്പുകൾ, ഡിറ്റർജന്റുകൾ, ബബിൾ ബത്ത്, പുതിയ തരം അടിവസ്ത്രങ്ങൾ, എന്നിങ്ങനെ ഒരു പുതിയ ഉൽപന്നം യോനിയുമായി സമ്പർക്കം പുലർത്തുന്ന സാഹചര്യത്തിൽ ചൊറിച്ചിൽ ഉണ്ടാക്കാം. യോനിയുടെ ചുറ്റുമുള്ള ചർമ്മത്തിന്റെ മൃദുവായ മടക്കുകളിൽ ഉണ്ടാകുന്ന ചുവപ്പ്, വേദന, ചൊറിച്ചിൽ എന്നിവയാണ് വൾവാർ ഡെർമറ്റൈറ്റിസ് എന്ന അവസ്ഥയുണ്ടാകുന്നതെന്ന്, ഡോ. കിഞ്ചൽ പറഞ്ഞു.
യീസ്റ്റ് ഇൻഫെക്ഷൻ
കോട്ടേജ് ചീസ് പോലെയുള്ള ഡിസ്ചാർജ്, ലാബിയയ്ക്കും വൾവയ്ക്കും ചുറ്റുമുള്ള ചുവപ്പ്, ചൊറിച്ചിൽ എന്നിവയെല്ലാം യീസ്റ്റ് അണുബാധയുടെ ലക്ഷണങ്ങളാണ്. ഫംഗസ് അണുബാധയായ കാൻഡിഡ വൾവോജെനിറ്റിസ് ആണ് ഇവയുടെ കാരണം.
ലൈംഗികമായി പടരുന്ന അണുബാധ (എസ്ടിഐ)
ചെറിച്ചിൽ എസ്ടിഐയുടെ ലക്ഷണം ആകണമെന്നില്ല. എന്നിരുന്നാലും അവ മറ്റ് എന്തിന്റെയങ്കിലും ലക്ഷണം ആകാനും സാധ്യതയുണ്ട്. ജനൈറ്റൽ ഹെർപ്പസ്, ട്രൈക്കോമോണിയാസിസ്, ഗൊണോറിയ, ക്ലമീഡിയ, ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) അണുബാധ എന്നിവയാണ് ചർമ്മത്തെ അസ്വസ്ഥമാക്കുകയും ചൊറിച്ചിൽ ഉണ്ടാക്കുകയും ചെയ്യുന്ന ചില എസ്ടിഐകളെന്ന് ഡോ. കിഞ്ചൽ പറഞ്ഞു.
പ്യൂബ്ലിക് ലൈസ്
പ്യൂബിക് ലൈസുകൾ എന്നത് നിങ്ങളുടെ ജനൈറ്റൽ മേഖലയിലെ ചെറിയ പേനുകളുടെ ബാധയാണ്. അവ ചൊറിച്ചിൽ വർധിപ്പിക്കുന്നു.
ആര്‍ത്തവവിരാമം
ഒരു സ്ത്രീ ആർത്തവവിരാമത്തോട് അടുക്കുന്ന സമയത്ത് ഈസ്ട്രജൻ ഉൽപാദനത്തിൽ ഇടിവുണ്ടാകുന്നു. അത് യോനിയിലെ ഭിത്തികൾ നേർത്തതും ഡ്രൈയുമാക്കുകയും ചൊറിച്ചിലിന് കാരണമാകുകയും ചെയ്യുന്നു. ഈസ്ട്രജന്റെ അളവ് കുറഞ്ഞ്, യോനിയിലെ ആവരണം വരണ്ടതും കനം കുറഞ്ഞതുമായിത്തീരുന്ന അട്രോഫിക് വാഗിനൈറ്റിസ് (യോനിയിലെ അട്രോഫി) മൂലമാണ് ഇത് സംഭവിക്കുന്നതെന്ന് ഡോ. കിഞ്ചൽ അഭിപ്രായപ്പെട്ടു.
യോനിയിലെ ചൊറിച്ചിലിനുള്ള പരിഹാരങ്ങൾ
ചൊറിച്ചിലിന്റെ യഥാർഥ കാരണം കണ്ടെത്തി കഴിഞ്ഞാൽ, ആരോഗ്യ വിദഗ്ധർ അതിനുള്ള ചികിത്സ ആരംഭിക്കും. കാരണത്തെ അടിസ്ഥാനമാക്കി ചികിത്സയിൽ വ്യത്യാസമുണ്ടാകാം.
- യോനിയിലെ യീസ്റ്റ് അണുബാധ ആന്റി ഫംഗൽ മരുന്നുകളാലാണ് ചികിത്സിക്കുന്നത്. ക്രീമുകൾ, ഓയിൻമെന്റ്, ഗുളികകൾ എന്നിങ്ങനെ പല രൂപത്തിലാകാം.
- ബാക്ടീരിയൽ വാജിനോസിസിന്റെ ചികിത്സയ്ക്കായി ആന്റിബയോട്ടിക്കുകളാണ് ഉപയോഗിക്കുന്നത്.
- എസ്ടിഐയ്ക്ക് ആന്റിബയോട്ടിക്കുകൾ, ആന്റി വൈറൽ, ആന്റി പാരാസൈറ്റിസ് എന്നിവയിലൂടെ ചികിത്സിക്കാം.
- ആർത്തവിരാമവുമായി ബന്ധപ്പെട്ട ചൊറിച്ചിലിന് ഈസ്ട്രജൻ ക്രീമുകൾ, ഗുളികകൾ, എന്നിവ ഉപയോഗിക്കുന്നു.
ചില വീട്ടുവൈദ്യങ്ങൾ
യോനിയിലെ ചൊറിച്ചിൽ ഇല്ലാതാക്കാനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ചില മാർഗങ്ങളുണ്ടെന്ന് ഗോരേഗാവ് ക്ലൗഡ് നൈൻ ഹോസ്പിറ്റൽ ഗൈനക്കോളജി, സീനിയർ കൺസൾട്ടന്റായ ഡോ. റിതു സേഥി പറയുന്നു.
- യോനി ഭാഗം വൃത്തിയാക്കുന്നതിനായി, ചെറു ചൂടുവെള്ളവും മൃദുവായ ക്ലെൻസറും ഉപയോഗിക്കുക.
- സുഗന്ധമുള്ള സോപ്പുകൾ, ലോഷനുകൾ, ബബിൾ ബത്ത് എന്നിവ ഒഴിവാക്കുക.
- നീന്തലിനും വ്യായാമത്തിനുംശേഷം നനഞ്ഞ വസ്ത്രങ്ങൾ മാറ്റുക.
- കോട്ടൺ അടിവസ്ത്രങ്ങൾ ധരിക്കുക.
- യോനിയിൽ നിന്നും ബാക്ടീരിയകളെ അകറ്റി നിർത്താൻ എപ്പോഴും മുന്നിൽനിന്നു പിന്നിലേയ്ക്ക് തുടയ്ക്കുക.
- ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സുരക്ഷാ മാർഗങ്ങൾ ഉപയോഗിക്കുക.