close

മനുഷ്യ ജീവിതത്തില്‍ ഏറ്റവും സമ്മോഹനമായ കാലഘട്ടമാണ് കൗമാരം. സ്വപ്നങ്ങളും, ആഗ്രഹങ്ങളും, ജീവിതാഭിലാഷങ്ങളുമെല്ലാം പിറവിയെടുക്കുന്ന കാലം. പക്ഷേ സൂക്ഷിച്ചില്ലെങ്കില്‍ ജീവിതത്തിലെ ഏറ്റവും അപകടമേറിയ കാലഘട്ടവുമാണിത്.

വിദ്യാര്‍ഥികളെ സംബന്ധിച്ച് അവര്‍ക്കു അവരുടെ ശരീരത്തെക്കുറിച്ചും എതിര്‍ലിംഗത്തിലുള്ളവരെക്കുറിച്ചും ചിന്തകളുണരുന്ന സമയം കൂടിയാണ് കൗമാരം. സാങ്കേതികവിദ്യ അതിന്‍റെ എല്ലാവിധ സൗകര്യങ്ങളോടെയും വിദ്യാര്‍ഥി ജീവിതത്തിന്‍റെ ഭാഗമാകുമ്പോള്‍ അവയില്‍നിന്നടക്കം നേടുന്ന അറിവിനെ ശരിയായ രീതിയിലാണോ ഗ്രഹിക്കുന്നതെന്നു ബോധ്യപ്പെടുത്താന്‍ ആധികാരികമായ ചില ബോധ്യപ്പെടുത്തലുകള്‍ അനിവാര്യമാണ്.

അത്തരം ഇടപെടലുകളാണു ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ പ്രസക്തിയിലൂടെ അര്‍ഥമാക്കുന്നത്. മാതാപിതാക്കള്‍ പലപ്പോഴും കൗമാരക്കാരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതില്‍ പരാജയപ്പെടാറുണ്ട്. കുട്ടികള്‍ വലുതാകുമ്പോള്‍ എല്ലാം മനസ്സിലാക്കിക്കോളും എന്ന ധാരണയിലാണു അവര്‍ കഴിഞ്ഞുകൂടുന്നത്. എന്നാല്‍ ഇതു തെറ്റാണെന്നു ആദ്യം തന്നെ പറയട്ടെ. കൗമാരപ്രായത്തില്‍ കുട്ടികളില്‍ ലൈംഗിക വികാരമുണ്ടാകുന്നത് തെറ്റല്ല. ശാരീരികവും വൈകാരികവുമായ വളര്‍ച്ചയും വികാസവും കൗമാര പ്രായത്തിന്‍റെ പ്രത്യേകതയാണ്. കൗമാര പ്രായത്തില്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകള്‍ ലൈംഗിക വികാരത്തെ ഉത്തേജിപ്പിക്കുന്നു.

കൗമാര കാലഘട്ടത്തില്‍ ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളോടും പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളോടും ലൈംഗിക ആകര്‍ഷണം ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ അമിതവും അനിയന്ത്രിതവുമായ ലൈംഗികാഭിനിവേശം കുട്ടികളെ തെറ്റുകളിലേക്ക് നയിക്കാന്‍ ഇടയാക്കും. മദ്യവും മയക്കുമരുന്നുംപോലെ, കുട്ടികളെ വഴിതെറ്റിക്കുന്ന മറ്റൊരു ലഹരിയാണ് തെറ്റായ രീതിയിലുള്ള ലൈംഗികത. അതുകൊണ്ടുതന്നെ അവര്‍ക്കു ഇതിനെക്കുറിച്ചു ശരിയായ ബോധവത്കരണം നല്‍കേണ്ടതുണ്ട്.

വികലമായ അറിവുകള്‍ അപകടം

സമൂഹത്തിനു ലൈംഗികബോധവത്കരണം നല്‍കുന്നതിന്‍റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കു സ്കൂള്‍തലത്തില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നത് ഉചിതമായിരിക്കുമെന്നാണു ഇന്നു പൊതുവേ ഉയരുന്ന അഭിപ്രായം. പഠനത്തോടൊപ്പം ലൈംഗികതയെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് ലഭിക്കാന്‍ സഹായകമാകുന്ന രീതിയില്‍ വിദ്യാഭ്യാസരീതി പരിഷ്കരിക്കണം എന്ന ആവശ്യത്തിനു ഒരു ദശകത്തിലധികം പഴക്കമുണ്ട്. മാറിയ കാലഘട്ടത്തില്‍ കുട്ടികള്‍ ഇന്‍റര്‍നെറ്റ്, മൊബൈല്‍ഫോണ്‍ സൗകര്യങ്ങളില്‍നിന്നും ചുറ്റുമുള്ള സൗഹൃദങ്ങളില്‍നിന്നും ബന്ധുക്കളില്‍നിന്നുമെല്ലാം ലൈംഗികതയുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ മസിലാക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ പലതും ശരിയായ രീതിയില്‍ അല്ലാത്തതിനാല്‍ അവര്‍ തെറ്റായ വഴിയിലേക്കു തിരിയാന്‍ സാധ്യത ഏറെയാണ്. കൗമാരപ്രായത്തില്‍ ഇന്‍റര്‍നെറ്റും സിനിമകളും നല്‍കുന്ന വികലമായ അറിവുകളാണു യൗവനത്തിന്‍റെ ഒരുഘട്ടംവരെ കുട്ടികളെ നയിക്കുന്നത്. ലൈംഗിക ആവശ്യങ്ങള്‍ക്കായി ഇന്‍റര്‍നെറ്റ് ദുരുപയോഗം ചെയ്യുന്ന കൗമാരക്കാരുടെ എണ്ണം കേരളത്തില്‍ വര്‍ധിക്കുകയാണെന്നു സര്‍വേ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ ഇരുപത്തിയഞ്ച് ശതമാനത്തോളം കുട്ടികളും അശ്ലീല വെബ്സൈറ്റുകള്‍ ആസ്വദിക്കാന്‍ വേണ്ടി മാത്രം ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നുവത്രേ. ഇതില്‍ ഭൂരിഭാഗവും വീട്ടിനുള്ളിലെ കമ്പ്യൂട്ടറും ചിലര്‍ മൊബൈല്‍ ഫോണും ആയുധമാക്കുന്നു. കൂടാതെ ലൈംഗിക ആഭാസങ്ങളള്‍ അരങ്ങു തകര്‍ക്കുന്ന സിനിമകളും ടെലിവിഷന്‍ ദൃശ്യങ്ങളും പരസ്യങ്ങളും കുട്ടികളെ വികലമായ മാനസികാവസ്ഥയിലേക്ക് നയിക്കുന്നു. വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധം തെറ്റല്ല എന്ന വിധത്തിലുള്ള സന്ദേശം പ്രചരിപ്പിക്കുന്ന ചാനല്‍ ചര്‍ച്ചകളും പത്രവാര്‍ത്തകളും ചില വനിതാ മാസികകളിലെ ഫീച്ചറുകളും കുട്ടികളെ ലൈംഗികതയുടെ തെറ്റായ വഴികളിലേക്ക് നയിക്കുകയാണ്.

ക്ലാസ് മുറികള്‍ മാതൃകയാകണം

വിവിധ സാഹചര്യങ്ങളില്‍നിന്നും കുട്ടികള്‍ മനസിലാക്കുന്ന തെറ്റായ കാര്യങ്ങളെയും അവരുടെ ഉള്ളില്‍ ഉറച്ചുപോകുന്ന തെറ്റായ അറിവുകളെയും തിരുത്താന്‍ വിദ്യാലയങ്ങളില്‍തന്നെ ശരിയായ ലൈംഗിക വിദ്യാഭ്യാസം നല്‍കാന്‍ സാധിക്കണം. അതിന് പാഠ്യപദ്ധതിയില്‍ ലൈംഗികത ഒരു വിഷയമായി ഉള്‍പ്പെടുത്തുകയും പക്വതയോടെ കുട്ടികള്‍ക്കുമുന്നില്‍ ഇക്കാര്യം പറഞ്ഞുനല്‍കാന്‍ പ്രാപ്തരായ അധ്യാപകരുണ്ടാവുകയും വേണം. ബോധവത്കരണം ലൈംഗിക അറിവുകള്‍ പകര്‍ന്നു നല്‍കുന്നതില്‍ ഒതുക്കുന്നതിനപ്പുറം അവര്‍ക്കുനേരെയുണ്ടാകുന്ന ഏതുതരം ചൂഷണവും പ്രതിരോധിക്കാനുള്ള കഴിവുകളെക്കുറിച്ചും ബോധ്യപ്പെടുത്താന്‍ കഴിയണം. മലയാളി സമൂഹം ഒരുപരിധിവരെയെങ്കിലും പിന്തുടരുന്ന കപട സദാചാരത്തിന്‍റെ കുരുക്ക് അഴിച്ചുമാറ്റാന്‍ തുടക്കമിടേണ്ടതും ക്ലാസ്മുറികളില്‍നിന്നുതന്നെ. സമഗ്രവും ആധികാരികവുമായ അവബോധം പ്രദാനം ചെയ്യുന്നതിലൂടെ മാത്രമേ സദാചാര വിരുദ്ധ സമൂഹത്തിനു മാതൃകയാകാനും നമ്മുടെ കുട്ടികള്‍ക്കു കഴിയൂ. കൗമാരകാലത്ത് കുട്ടികളിലുണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍, കൗമാരകാലത്തെ ലൈംഗിക ചിന്തകള്‍, ലൈംഗികത നിയന്ത്രിക്കേണ്ടതിന്‍റെ ആവശ്യം, തെറ്റായ ലൈംഗികത വഴി പകരുന്ന മാരക വിപത്തുകള്‍, ലൈംഗിക വൈകൃതങ്ങള്‍, എതിര്‍ലിംഗത്തോടുള്ള മനോഭാവം, സദാചാരബോധം വളര്‍ത്തേണ്ടതിന്‍റെയും പാലിക്കേണ്ടതിന്‍റെയും ആവശ്യകത തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ കൗമാരപ്രായത്തില്‍തന്നെ കുട്ടികള്‍ക്കു വിശദീകരിക്കേണ്ടതാണ്. ലൈംഗികത സംബന്ധിച്ച് ശരിയായ ബോധം ലഭിക്കാനും മികച്ച രീതിയില്‍ പെരുമാറാനും കുട്ടികള്‍ക്കു കഴിയണം. ഇതിനു പാകമാകുന്ന തരത്തിലുള്ള ലൈംഗിക വിദ്യാഭ്യാസമാണു ക്ലാസ് മുറികളില്‍ നല്‍കേണ്ടത്.

ബോധവത്കരണം അനിവാര്യം

കുട്ടികള്‍ക്കു ശരിയായ ലൈംഗിക വിദ്യാഭ്യാസം പകര്‍ന്നുനല്‍കാന്‍ പരിമിതിയുണ്ടെന്നു വിശ്വസിക്കുന്നവരാണു മാതാപിതാക്കളില്‍ ഏറെയും. പ്രത്യേകിച്ച് കേരള സാഹചര്യത്തില്‍. അതുകൊണ്ടുതന്നെ രക്ഷകര്‍ത്താവിന്‍റെ സ്ഥാനത്തുനിന്നുകൊണ്ട് ഇത്തരം അറിവുകള്‍ ആധികാരികമായി കുട്ടികള്‍ക്കു പകര്‍ന്നു നല്‍കാന്‍ അധ്യാപകര്‍ക്കു മാത്രമേ കഴിയൂ. ജീവിതത്തില്‍ സെക്സിനുള്ള മഹത്തായ സ്ഥാനം എന്താണെന്നു വ്യക്തമായി തിരിച്ചറിയാനും നിയന്ത്രിക്കാനും സഹായകമാകുന്ന രീതിയിലായിരിക്കണം വിവരങ്ങള്‍ അവരെ ധരിപ്പിക്കേണ്ടത്. ലൈംഗികത വിശാലമായ അര്‍ഥത്തില്‍ എല്ലാ ജീവജാലങ്ങളിലുമുള്ള ജീവധര്‍മ്മമാണെന്നു ബോധ്യപ്പെടുത്താന്‍ ശ്രമിക്കണം.

പഠിപ്പിക്കാനും പക്വതവേണം

പാളിപ്പോയാല്‍ വന്‍തോതില്‍ അരാജകത്വം ഉണ്ടാകാമെന്നതിനാല്‍ മറ്റു വിഷയങ്ങളില്‍നിന്നു വ്യത്യസ്തമായി തികഞ്ഞ പക്വതയോടെ മാത്രം കൈകാര്യം ചെയ്യേണ്ടതാണു ലൈംഗിക വിദ്യാഭ്യാസം. ഇത്തരം പാഠ്യപദ്ധതിയിലും നടത്തിപ്പിലും ഏറെ സൂക്ഷ്മതപാലിച്ചില്ലെങ്കില്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകുന്ന ദുരിതാവസ്ഥയിലാകും. ഈ വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ പക്വതയും അവതരണശൈലിയും ഏറെ പ്രധാനമാണ്.

വാര്‍ത്തകള്‍ വാസ്തവമാണ്, അവഗണിക്കരുത്

ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന നിരവധി വാര്‍ത്തകളാണ് ദിവസേന മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. അത് സ്വന്തം വിട്ടീലായാലും അയല്‍വീടുകളിലായും ബന്ധുഗൃഹങ്ങളിലായാലും അരങ്ങേറിയതാകാം. ഈ വാര്‍ത്തകളില്‍ പ്രതിപാദിപ്പിക്കപ്പെടുന്ന ഇരയാക്കപ്പെട്ട കുട്ടികള്‍ക്കു നേരിടേണ്ടിവന്ന ദുരനുഭവംപോലെ, അതേ മാനസികാവസ്ഥതന്നെയാണ് ഇത്തരം വാര്‍ത്തകള്‍ ശ്രവിക്കേണ്ടിവരുന്ന മറ്റുകുട്ടികളുടെയും ഉള്ളില്‍ രൂപംകൊള്ളുന്നത്. അകാരണമായ ഭയം ഉള്‍പ്പടെ, സമാനമായ സാഹചര്യത്തില്‍ അകപ്പെടേണ്ടി വരുമോ എന്ന ആശങ്കയും അവര്‍ക്കുണ്ടായേക്കാം. ഈ സാഹചര്യത്തില്‍ സ്വയം പ്രതിരോധത്തിനായെങ്കിലും വ്യക്തമായ ലൈംഗിക ബോധവത്കരണം കുട്ടികള്‍ക്കു ലഭ്യമാക്കേണ്ടതാണ്. ്ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്‍റെ കേസ് പട്ടിക പരിശോധിച്ചാല്‍ ശിക്ഷിക്കപ്പെട്ട നല്ലൊരു ഭാഗം കുട്ടികളും ലൈംഗിക കുറ്റകൃത്യത്തിനു വിധേയരായവരാണെന്നു മനസിലാക്കാം. ഇതില്‍ ഭൂരിഭാഗം കുട്ടികളും മാതാപിതാക്കളുടെ സംരക്ഷണയില്‍ കഴിഞ്ഞിരുന്നവരാണ്.

വഴിതെറ്റിക്കാന്‍ ആളുണ്ട്; പക്ഷേ വഴിതെറ്റരുതേ..

കൗമാരക്കാരെ, പ്രത്യേകിച്ച് പെണ്‍കുട്ടികളെ വഴിതെറ്റിക്കാന്‍ സമൂഹത്തില്‍ ചില വിഷവിത്തുകള്‍ പതിയിരുപ്പുണ്ടെന്നു ഓര്‍മിക്കുക. അവര്‍ നിങ്ങള്‍ക്കു ചുറ്റുമോ സമൂഹത്തില്‍ എവിടെയെങ്കിലുമോ അല്ലെങ്കില്‍ ഇന്‍റര്‍നെറ്റിലെ അജ്ഞാതയിടങ്ങളിലോ ഒക്കെ ചതിവല നെയ്തു കാത്തിരിക്കുന്നുണ്ടാകാം. വ്യക്തമായ അറിവില്ലായ്മകൊണ്ടുതന്നെ വഴിതെറ്റിക്കാന്‍ ഇക്കൂട്ടര്‍ക്കു വളരെ എളുപ്പമായിരിക്കും. ഇത്തരം ചതികളില്‍ അകപ്പെടാതിരിക്കാന്‍ കൗമാരക്കാര്‍ക്ക് ഹൈസ്കൂള്‍തലത്തില്‍ തന്നെ ബോധവല്ക്കരണ പരിപാടികള്‍ക്കു തുടക്കമിടുന്നത് നന്നായിരിക്കും.

ശരിയായ ആരോഗ്യപരിചരണത്തിന്

സ്വന്തം ശരീരാവയവങ്ങളെക്കുറിച്ചുള്ള വ്യക്തമായ ബോധ്യമുണ്ടാകുന്നതിനൊപ്പം അവ ശുചിത്വത്തോടെ പരിചരിക്കേണ്ടതിന്‍റെ അനിവാര്യതയും ലൈംഗിക രോഗങ്ങള്‍, അവ കാരണം ഉണ്ടാകുന്ന ദുരിതങ്ങള്‍, സാമൂഹിക പ്രശ്ങ്ങള്‍ തുടങ്ങിയവയും കുട്ടികള്‍ തിരിച്ചറിയേണ്ടതുണ്ട്. ആരോഗ്യബോധവത്കരണത്തിലും സാമൂഹ്യസുരക്ഷിതത്വത്തിലും അധിഷ്ഠിതമായ ലൈംഗിക വിജ്ഞാനം ഉള്‍ക്കൊള്ളുന്ന ലക്ഷ്യബോധത്തോടെയുള്ള പാഠ്യപദ്ധതിയാണു ആവിഷ്കരിക്കേണ്ടത്.

സാമൂഹിക അനിവാര്യത

കുട്ടികള്‍ക്കു ലൈംഗികവിജ്ഞാനം നല്‍കുന്നതു അവരുടെ കൗമാരകാലത്തെ ഭംഗിയായി തരണം ചെയ്യുന്നതിനൊപ്പം യൗവനവും വിവാഹജീവിതവുമൊക്കെ വിജയകരമായി ഭവിക്കാന്‍ അതു സഹായകമാകും. എതിര്‍ ലിംഗത്തിലുള്ളവരെ മാന്യമായി കാണാനും സമീപിക്കാനും പക്വത നല്‍കാനും ഇതു സഹായിക്കും. സ്ത്രീ പുരുഷ സമത്വ മനോഭാവം സൃഷ്ടിക്കുന്നതിനും എതിര്‍ലിംഗത്തിലുള്ളവരും തനിക്കു തുല്യരാണെന്നുള്ള പൊതുബോധം നിലനിര്‍ത്തുന്നതിനും സ്കൂളുകളില്‍നിന്നും നേടുന്ന ഈ അറിവ് ഉപകരിക്കുമെന്നതിലും തര്‍ക്കമില്ല. അതോടൊപ്പം തെറ്റായ ചിന്തകളെയും ദുഷ്പ്രവണതകളെയും മനസില്‍നിന്നകറ്റി ശരിയായ സമൂഹജീവിയായി ജീവിക്കാനും ഇതു സഹായിക്കും.

ബോധവത്കരണവും ചികിത്സയും കൗണ്‍സിലിംഗും

അതേസമയം എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി അടക്കമുള്ള ആരോഗ്യ സംവിധാനങ്ങള്‍ സംഘടിപ്പിക്കുന്ന ബോധവത്കരണ ക്ലാസ്സുകള്‍ ഏറെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. ഇച്ഛാശക്തിയുള്ള തലമുറയെ വളര്‍ത്തിയെടുക്കാന്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സമൂഹത്തിനും ബാധ്യതയുണ്ടെന്ന കാര്യം വിസ്മരിക്കരുത്. തെറ്റായ ലൈംഗിക പ്രവണതകള്‍മൂലം വഴിതെറ്റുന്ന കുട്ടികളില്‍ ഉണ്ടാകുന്ന മാനസികവും വൈകാരികവുമായ പ്രശ്നങ്ങള്‍ നിരവധിയാണ്. ഇവര്‍ക്കു പഠനകാര്യങ്ങളില്‍ ശ്രദ്ധകുറയുകയും ക്രിമിനല്‍വാസനകള്‍ വര്‍ധിക്കുകയും ചെയ്യും. മുതിരുമ്പോള്‍ പീഡനക്കേസുകളിലും പെണ്‍വാണിഭ കുറ്റകൃത്യങ്ങളിലും ഇടപെട്ട് പിടിക്കപ്പെടുകയും സമൂഹത്തില്‍ വെറുക്കപ്പെട്ടവരായി ജീവിക്കേണ്ടിവരുന്ന സാഹചര്യവും ഉണ്ടായിക്കൂടെന്നില്ല. മാത്രമല്ല, വികലമായ ലൈംഗിക ധാരണകള്‍ വച്ചുപുലര്‍ത്തുന്ന കുട്ടികളുടെ ഭാവിയിലെ ദാമ്പത്യജീവിതം പരാജയപ്പെടാന്‍ ഇടയുണ്ടെന്നു മനശാസ്ത്ര വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ചികിത്സ വേണ്ടുന്നവിധത്തില്‍ പെരുമാറ്റ പ്രശ്നങ്ങളും ലൈംഗിക വൈകല്യങ്ങളും പ്രകടിപ്പിക്കുന്ന കുട്ടികളെ നേര്‍വഴിക്ക് നടത്തുന്നതിനായി മനഃശാസ്ത്രജ്ഞരുടെയോ കൗണ്‍സിലര്‍മാരുടെയോ മനോരോഗ വിദഗ്ധരുടെയോ സേവനം പ്രയോജനപ്പെടുത്തേണ്ടതാണ്. ഇവരുടെ അടുത്തേക്ക് ബാല, കൗമാര പ്രായത്തിലുള്ളവര്‍ കൂടുതലായി ചികിത്സ തേടി എത്തുന്നു എന്നതുതന്നെ അവരില്‍ നല്ലൊരുഭാഗവും ചൂഷണങ്ങള്‍ക്കു ഇരയാക്കപ്പെടുന്നു എന്നതിനു തെളിവാണ് ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനെങ്കിലും ദുഷിച്ച ലൈംഗികതയുടെ അപകടങ്ങള്‍ തിരിച്ചറിയാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന വിധത്തില്‍ അവര്‍ക്കു അതിനെക്കുറിച്ചു വ്യക്തമായ ബോധവത്കരണം പകര്‍ന്നു നല്‍കാന്‍ നമുക്കു ശ്രമിക്കാം.

Tags : sex education
blogadmin

The author blogadmin

Leave a Response