ഈ തടിയൊന്നു കുറഞ്ഞു കിട്ടിയാൽ മതി എന്നാണോ ചിന്തിക്കുന്നത് ? ശരീരഭാരം കുറയ്ക്കാൻ പറ്റാവുന്ന പണിയൊക്കെ ചെയ്തിട്ടും വിഷമത്തിലാണോ? ശരീരഭാരം കുറയ്ക്കുക എന്നത് അത്ര പെട്ടെന്നൊന്നും സാധിക്കുന്ന കാര്യമല്ല. പ്രത്യേകിച്ചും വയറു കുറയ്ക്കുക എന്നത്. വയറിൽ അടിയുന്ന കൊഴുപ്പ്, ഹൃദ്രോഗം, പ്രമേഹം, അർബുദം മുതലായ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം. ഭക്ഷണക്രമീകരണവും വ്യായാമവും കൊണ്ട് സാവധാനം ശരീരഭാരം കുറച്ചുകൊണ്ടു വരാൻ സാധിക്കും.
എന്നാൽ ഈ വയറൊന്നു കുറഞ്ഞു കിട്ടിയാൽ മതി എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഒരു ശുഭവാർത്തയുണ്ട് എന്താണെന്നല്ലേ. മധുരം കുറയ്ക്കുക അത്ര തന്നെ. ശരിയായ ഭക്ഷണം കഴിക്കുക എന്നത് കൊഴുപ്പ് കളയാൻ അത്യാവശ്യമാണ്. ഉപാപചയ പ്രവർത്തനങ്ങളെ മോശമായി ബാധിക്കുന്ന ഭക്ഷണം ഒഴിവാക്കുക എന്നതും പ്രധാനമാണ്.
വയറിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ ആദ്യം ചെയ്യേണ്ടത് മധുരം കൂടുതൽ അടങ്ങിയ ഭക്ഷണം ഒഴിവാക്കുകയാണ്. മധുരം കൂടുതൽ അടങ്ങിയ ഭക്ഷണം ടൈപ്പ് 2 പ്രമേഹവുമായും ഫാറ്റി ലിവർ ഡിസീസുമായും ബന്ധപ്പെട്ടിരിക്കുന്നു.
ഭക്ഷണത്തോടൊപ്പം എട്ടാഴ്ചക്കാലം മധുരപാനീയങ്ങൾ കുടിച്ച ഒരു സംഘത്തെ ഗവേഷകർ പഠനവിധേയരാക്കി. ഇവരുടെ ഭക്ഷണരീതിയിൽ മാറ്റം ഒന്നും വരുത്താതെതന്നെ മൂന്നു പൗണ്ട് ഭാരം കൂടിയതായി കണ്ടു. കൂടാതെ അടിവയറിലെ കൊഴുപ്പും കൂടി.
ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക എന്നതാണ് 80 ശതമാനവും വയർ കുറയ്ക്കാനുള്ള വഴി. കീറ്റോ ഡയറ്റ് ഇതിൽ പ്രധാനമാണെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. പച്ചക്കറികൾ, പ്രോട്ടീൻ, മുഴുധാന്യങ്ങൾ എന്നിവ കഴിക്കുന്നതോടൊപ്പം വറുത്തതും പൊരിച്ചതുമായ ലഘുഭക്ഷണങ്ങൾ ഒഴിവാക്കുകയും വേണം.
രാവിലത്തെ കാപ്പിയിൽ അൽപ്പം കറുവാപ്പട്ട വിതറുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. കൂടാതെ വയർ നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കാൻ ഇതു സഹായിക്കുന്നതുകൊണ്ട് ഭക്ഷണം അമിതമായി കഴിക്കുന്നതു തടയും.
ഈ ഭക്ഷണരീതികൾ പിന്തുടരുന്നത് അപകടകരമായ വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.