close

വിവാഹപൂര്‍വ കൗണ്‍സിലിംഗ് അനിവാര്യം

ദാമ്പത്യത്തെ പവിത്രമായി കണ്ടുകൊണ്ടിരുന്നവരാണ് മലയാളികള്‍. പക്ഷേ തലമുറകളുടെ ചിന്താഗതിക്കും ജീവിതരീതിക്കും മാറ്റം വന്നപ്പോള്‍ അവിടെ പൊരുത്തങ്ങളെക്കാള്‍ കൂടുതല്‍ പൊരുത്തക്കേടുകള്‍ വന്നുതുടങ്ങി. അണ്ടര്‍സ്റ്റാന്‍ഡിംഗ് എന്നത് അഡ്ജസ്റ്റ്മെന്‍റിലേക്ക് വഴിമാറി. പരസ്പരം മനസിലാക്കാനോ പ്രശ്നങ്ങള്‍ ഒരുമിച്ചിരുന്നു ചര്‍ച്ചചെയ്തു പരിഹരിക്കാനോ ശ്രമിക്കാത്ത യുവതലമുറ ആര്‍ക്കും എപ്പോഴും ഒഴിഞ്ഞുപോകാവുന്ന കൂട്ടുകച്ചവടത്തിന്‍റെ അവസ്ഥയിലേക്കു കുടുംബബന്ധങ്ങളെ കൊണ്ടെത്തിക്കുകയാണ്.

ചെറിയപ്രശ്നങ്ങള്‍ ഉണ്ടായാല്‍പോലും വിവാഹമോചനത്തിനു മുതിരുകയും വിവാഹബന്ധങ്ങളുടെ തകര്‍ച്ച തീരെ ഗൗരവമല്ലാതായി മാറുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗ് ഏറെ പ്രസക്തമാവുകയാണ്. വിവാഹ ജീവിതത്തിലേക്ക് കടക്കുന്നവരെ അതിന് സജ്ജരാക്കുകയാണ് വിവാഹപൂര്‍വ കൗണ്‍സിലിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്. വിവാഹം നിയമപരമായി മാത്രം ഒരുമിക്കാന്‍ കഴിയുന്ന ഒന്നാണെങ്കിലും ശാരീരികവും മാനസികവുമായ ഐക്യമാണ് വിവാഹജീവിതത്തിനു അടിത്തറ ഒരുക്കുന്നത്. അതിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനൊപ്പം ഉള്ളില്‍പതിഞ്ഞുപോയ സംശയങ്ങള്‍ ദൂരീകരിക്കാനും കുടുംബജീവിതത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും വന്നുചേരാനിടയുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യേണ്ട രീതികളെക്കുറിച്ചും സംതൃപ്ത ദാമ്പത്യജീവിതത്തെക്കുറിച്ചും കുട്ടികളുടെ പരിചരണത്തെക്കുറിച്ചുമെല്ലാം വേണ്ടത്ര അറിവുപകരാനും വിവാഹപൂര്‍വ കൗണ്‍സിലിംഗ് സഹായകരമാകും.

പെരുകുന്ന വിവാഹമോചനങ്ങള്‍

ഇന്ത്യയുടെ വിവാഹമോചന തലസ്ഥാനമെന്ന വിശേഷണം കേരളം കൊണ്ടുനടക്കാന്‍ തുടങ്ങിയിട്ടു കാലങ്ങളേറെയായി. കേരളത്തില്‍ പ്രതിവര്‍ഷം ശരാശരി രണ്ടായിരത്തോളം ദമ്പതികള്‍ വിവാഹമോചിതരാകുന്നുവെന്നാണ് കുടുംബകോടതികള്‍ ലഭ്യമാക്കുന്ന കണക്ക്. ഇതിന്‍റെ എത്രയോ ഇരട്ടി വിവാഹമോചന കേസുകളാണ് കുടുംബകോടതികളില്‍ കെട്ടിക്കിടക്കുന്നത്. മൂന്നുവര്‍ഷം മുമ്പുവരെ ഇത് ആയിരത്തിനും ആയിരത്തി അഞ്ഞൂറിനും ഇടയിലായിരുന്നു. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ വിവാഹമോചന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകള്‍ പരിശോധിച്ചാല്‍ പലതിലും അടിസ്ഥാനമില്ലാത്തതും പ്രാധാന്യമില്ലാത്തതുമായ കാരണങ്ങളിലാണ് വിവാഹമോചനം നടന്നിരിക്കുന്നതെന്നു കാണാം. കേരളത്തില്‍ വിവാഹമോചനത്തിനുവേണ്ടി ഏറ്റവും കൂടുതല്‍ കോടതിയില്‍ കയറിയിറങ്ങുന്നത് 18നും 35നും മധ്യേ പ്രായമുള്ളവരാണ്. പ്രൊഫഷണലുകളും വിദ്യാസമ്പന്നരായവരുമാണ് ഇതില്‍ കൂടുതലും.

വിവാഹമോചനങ്ങള്‍ പെരുകുന്നതിന്‍റെ ചില കാരണങ്ങള്‍:

* വിവാഹജീവിതത്തോടുള്ള പ്രതിബദ്ധതക്കുറവ്

* ദമ്പതികള്‍ തമ്മിലുള്ള ആശയവിനിമയത്തിന്‍റെ അഭാവം.

* പങ്കാളിയെ അവഗണിക്കല്‍.

* ഈഗോയും പരസ്പരം അംഗീകരിക്കുന്നതിലുള്ള താല്‍പര്യമില്ലായ്മയും.

* ലൈംഗികമായ പൊരുത്തക്കേടുകളും പരസ്പരവിശ്വാസക്കുറവും.

* മദ്യം അടക്കമുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം.

* ശാരീരികവും മാനസികവും ലൈംഗികവുമായ അതിക്രമം.

* പ്രശ്നങ്ങള്‍ പരിഹരിക്കാനോ കൈകാര്യം ചെയ്യാനോ ഉള്ള കഴിവില്ലായ്മ.

* വ്യക്തിപരവും തൊഴില്‍പരവുമായ ലക്ഷ്യങ്ങളിലുള്ള വൈരുദ്ധ്യം.

* കുടുംബത്തെ മുന്നോട്ടു നയിക്കുന്നതില്‍ ഉണ്ടാകുന്ന വിഭിന്നമായ പ്രതീക്ഷകള്‍.

* സാമ്പത്തിക പ്രശ്നങ്ങള്‍.

* ബൗദ്ധികമായ പൊരുത്തക്കേടുകളും കാര്‍ക്കശ്യസ്വഭാവവും.

* മനോരോഗങ്ങള്‍.

* മതപരമായ വിശ്വാസങ്ങളിലെ വ്യത്യാസം.

* സംസ്കാരത്തിലെയും ജീവിതരീതിയിലെയും വൈരുദ്ധ്യങ്ങള്‍.

യഥാസമയം ഒരുമിച്ചിരുന്നു സംസാരിച്ചോ ചര്‍ച്ചചെയ്തോ പരിഹരിക്കാവുന്ന പ്രശ്നങ്ങളാണു കൂടുതല്‍ വഷളാക്കി വേര്‍പിരിയലിന്‍റെ വക്കിലേക്ക് കൊണ്ടെത്തിക്കുന്നത്. നിസ്സാര കാരണങ്ങളുടെ പേരിലാണു ഭൂരിഭാഗം പേരും പിരിയാന്‍ തീരുമാനമെടുക്കുന്നത്. പലര്‍ക്കും പിരിയുന്നതില്‍ അല്‍പംപോലും സങ്കടമില്ലെന്നതാണ് മറ്റൊരു വസ്തുത. ജീവിതത്തെ നിസാരവത്കരിക്കുകയാണ് ഇവര്‍. ഒരു ദിവസം പോലും ഒരുമിച്ച് ജീവിച്ചിട്ടില്ലാത്ത ആളുകള്‍പോലും വിവാഹ മോചനത്തിന് ഒരുങ്ങുന്നകാലമാണിത്. വിദ്യാഭ്യാസപരമായും സാമൂഹികമായും മാറ്റമുണ്ടായെങ്കിലും ഭദ്രമായൊരു കുടുംബാന്തരീക്ഷം കൊണ്ടുപോകാനുള്ള പക്വത പലര്‍ക്കുമില്ല എന്നതാണ് ഇത്തരം നീക്കങ്ങള്‍ തെളിയിക്കുന്നത്. അതുകൊണ്ടുതന്നെ, ചെറിയ മത്സരപരീക്ഷകള്‍ക്കുപോലും വന്‍തയ്യാറെടുപ്പ് നടത്തുന്നവര്‍ വിവാഹജീവിതം എന്ന വലിയ പരീക്ഷക്കുവേണ്ടി മാനസികമായ എന്തുതയ്യാറെടുപ്പ് നടത്തുന്നുവെന്നു സ്വയം ചിന്തിച്ചുനോക്കുന്നതും ഈഅവസരത്തില്‍ നന്നായിരിക്കും.

ഇത് വിവിഹമോചനത്തെ പിന്തുണക്കുന്ന മാതാപിതാക്കളുടെ കാലം

പണ്ടുകാലത്ത് വരന്‍റെയോ വധുവിന്‍റെ മാതാപിതാക്കള്‍ പുലര്‍ത്തുന്ന കാര്‍ക്കശ്യനിലപാടുകളും കൃത്യമായ നിരീക്ഷണവും കുടുംബബന്ധങ്ങളുടെ കെട്ടുറപ്പും കാരണം വിവാഹബന്ധങ്ങള്‍ക്ക് ദീര്‍ഘായുസ്സ് ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അണുകുടുംബങ്ങളിലേക്കു ജീവിതം പറിച്ചുനടപ്പെടുമ്പോള്‍ ദമ്പതികള്‍ക്കു സ്വന്തം കുടുംബത്തിലെ മുതിര്‍ന്ന ഒരാളിനോടു ഒരു തുറന്നുപറച്ചിലിനു കഴിയാതെ വരുന്നു. പണ്ട് വിവാഹമോചനം തടയാന്‍ മാതാപിതാക്കള്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇന്നു മാതാപിതാക്കളുടെ പിന്തുണയോടെയുള്ള വേര്‍പിരിയലാണ് നടക്കുന്നത്. വിവാഹമോചനത്തിനു പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുന്‍കൈയെടുക്കുന്ന പ്രവണത ഇന്നു വര്‍ധിക്കുകയാണ്. ഇതേനിലപാടുതന്നെ അവരുടെ അഭിഭാഷകരും കോടതിയില്‍ സ്വീകരിക്കുന്നു.

യാഥാര്‍ഥ്യബോധത്തോടെയാകണം പ്രതീക്ഷകള്‍

വിവാഹജീവിതത്തെക്കുറിച്ചു ഉന്നതമായ ശുഭപ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്നത് നല്ലതാണ്. പക്ഷേ അത്തരം പ്രതീക്ഷകള്‍ യാഥാര്‍ഥ്യബോധത്തില്‍ അധിഷ്ഠിതമായിരിക്കണം. കുടുംബജീവിതത്തില്‍ ഉണ്ടായേക്കാവുന്ന സാമ്പത്തികാവശ്യങ്ങള്‍, പുലര്‍ത്തേണ്ട ഉത്തരവാദിത്തങ്ങള്‍, നിലനിര്‍ത്തേണ്ട സാമൂഹ്യബന്ധങ്ങള്‍ എന്നിവയെക്കുറിച്ചു മുന്‍പേതന്നെ വ്യക്തമായ അവബോധമുണ്ടായിരിക്കണം. ഇവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസ്വാരസ്യങ്ങളാണു പലപ്പോഴും കുടുംബസംഘര്‍ഷത്തിലേക്കു നയിക്കുന്നത്. പൊരുത്തക്കേടുകള്‍ പലകാരണങ്ങള്‍കൊണ്ടും പല സാഹചര്യങ്ങള്‍കൊണ്ടും സംഭവിച്ചേക്കാം. എന്നാല്‍ നിങ്ങളുടെയും പങ്കാളിയുടെയും ചിന്താഗതികളെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുണ്ടെങ്കില്‍ കുടുംബജീവിതത്തില്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ നല്ലൊരു ശതമാനവും ഒഴിവാക്കാനാകും. പക്ഷേ അതിനായി ചില കണക്കുകൂട്ടലുകള്‍ അനിവാര്യമാണ്. വിവാഹജീവിതത്തിനുമുമ്പുതന്നെ ഈ കണക്കുകൂട്ടലുകളില്‍ വ്യക്തത വരുത്തിയിരിക്കണമെന്നുകൂടി ഓര്‍മിപ്പിക്കട്ടെ.

കലഹരഹിത സന്തുഷ്ടജീവിതം മിഥ്യാധാരണ

കലഹരഹിതമായും സ്നേഹപൂര്‍ണമായും നൂറുശതമാനവും സന്തുഷ്ടമായ വൈവാഹിക ജീവിതം നയിക്കാന്‍ കഴിയുമെന്നത് വിവാഹത്തിനുമുമ്പ് തോന്നുന്ന ഒരു മിഥ്യാധാരണയാണ്. വിവാഹശേഷം യാഥാര്‍ഥ്യങ്ങളെ മുഖാമുഖം വീക്ഷിക്കേണ്ടിവരുമ്പോള്‍ ഭാവനയില്‍ കണ്ടതൊന്നുമല്ല വാസ്തവമെന്നു തിരിച്ചറിയേണ്ടിവരും. എന്തെങ്കിലും തരത്തിലുള്ള എതിരഭിപ്രായങ്ങള്‍ വിവിധ സാഹചര്യങ്ങളില്‍ നിങ്ങളുടെ പങ്കാളിയില്‍നിന്നുണ്ടാകുമ്പോള്‍ മാത്രമാണ് നിങ്ങളുടെ ഭാവനാവിഗ്രഹങ്ങള്‍ ഓരോന്നായി ഉടയാന്‍ തുടങ്ങുന്നത്. വാക്കുകള്‍ക്കിടയിലെ പൊരുത്തക്കേടുകള്‍ മനസുകള്‍ തമ്മിലുള്ള അകല്‍ച്ചയിലേക്കു വഴിമാറാന്‍ അധികം വൈകണമെന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യങ്ങള്‍ എപ്പോഴെങ്കിലും വന്നുചേര്‍ന്നേക്കാമെന്നു കരുതി അതിനെ അതിജീവിക്കാന്‍ നിങ്ങള്‍ വിവാഹത്തിനുമുമ്പുതന്നെ മാനസികമായി തയ്യാറെടുത്തിരിക്കണം. അതുകൊണ്ടാണ് സമീപഭാവിയില്‍ വിവാഹിതരാകാന്‍ പോകുന്നവര്‍ നല്ലൊരു കുടുംബജീവിതം സാധ്യമാക്കാന്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗിനു നിര്‍ബന്ധമായും വിധേയരായിരിക്കണമെന്നു പറയുന്നത്.

വിവാഹപൂര്‍വ കൗണ്‍സിലിംഗ്

അറിഞ്ഞോ അറിയാതെയോ വിവിധ സാഹചര്യങ്ങളില്‍നിന്നും വന്നുചേരുന്ന വ്യക്തിയധിഷ്ഠിതമായ സംഘര്‍ഷങ്ങള്‍ക്കിടയില്‍നിന്നാണു ഭൂരിഭാഗം പേരും യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ വിവാഹമെന്ന മറ്റൊരു ജീവിതാവസ്ഥയിലേക്കു മാറുന്നത്. എന്നാല്‍ വിവാഹജീവിതത്തെക്കുറിച്ചു മുന്‍ധാരണയോടെ മനസിലുറച്ചുപോയ സങ്കല്‍പങ്ങളല്ല വിവാഹാനന്തരം തുടര്‍ച്ചയായി അഭിമുഖീകരിക്കേണ്ടി വരുന്നതെങ്കില്‍ അത്തരത്തിലുള്ള ഒരു കുടുംബജീവിതം ഇരുപങ്കാളികള്‍ക്കും ബാധ്യതയായി തീരും. അതേസമയം പ്രശ്നങ്ങളും അഭിപ്രായ വൈരുദ്ധ്യങ്ങളും പൊരുത്തക്കേടുകളും ഉണ്ടാകുമ്പോള്‍ അതിനെ സമചിത്തതയോടെ നേരിടാന്‍ പ്രാപ്തനാണെങ്കില്‍ ദീര്‍ഘകാലം നീളുന്ന സന്തുഷ്ട ദാമ്പത്യജീവിതം നയിക്കാനാകും. ഇത്തരത്തില്‍ പ്രശ്നങ്ങളെ അതിജീവിക്കാന്‍ വിവാഹത്തിനുമുമ്പുതന്നെ പ്രാപ്തമാക്കുന്ന ശാസ്ത്രീയരീതിയാണ് വിവാഹപൂര്‍വ കൗണ്‍സിലിംഗ് പിന്തുടരുന്നത്. വിവാഹജീവിതത്തിനിടെ നിങ്ങളുടെ താളം തെറ്റിച്ചേക്കാവുന്ന അപ്രതീക്ഷിത സംഭവങ്ങളെയും പ്രശ്നങ്ങളെയും മന:സ്ഥൈര്യത്തോടെ നേരിടാന്‍ ഇത്തരം പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ നിങ്ങളെ സഹായിക്കും.

കൗണ്‍സിലിംഗ് പ്രസക്തമാകുന്നത് എന്തുകൊണ്ട്?

വിവാഹത്തെക്കുറിച്ചു പലര്‍ക്കും പലതരത്തിലുള്ള സങ്കല്‍പങ്ങളാകും ഉണ്ടാകുക. ഇത്തരത്തില്‍ മനസില്‍ ഉറച്ചുപോയ സങ്കല്‍പങ്ങള്‍ പലതും യാഥാര്‍ഥ്യത്തിനു നിരക്കുന്നത് ആയിരിക്കണമെന്നില്ല. ഈ സാഹചര്യത്തില്‍ നിങ്ങളില്‍ ഉറഞ്ഞുപോയ തെറ്റിദ്ധാരണകളെ മാറ്റാന്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ സഹായകരമാകും. മറ്റൊന്നു വിവാഹജീവിതത്തെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ പരിഹരിക്കലാണ്. ഭാര്യാഭര്‍തൃബന്ധം, പരസ്പരം മനസ്സിലാക്കല്‍, മനപൊരുത്തം, കുടുംബാസൂത്രണത്തിന്‍റെ പ്രാധാന്യം, സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടവിധം, ലൈംഗികമായ തെറ്റിദ്ധാരണകള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം ഈ ക്ലാസ്സുകളില്‍ ഉത്തരം ലഭിക്കും. അസംഭവ്യമെന്നോ അപ്രതീക്ഷിതമെന്നോ നിങ്ങള്‍ക്കു തോന്നിയേക്കാവുന്നതും എന്നാല്‍ ഭാവിയില്‍ നേരിടേണ്ടി വന്നേക്കാവുന്നതുമായ ചില പ്രശ്നങ്ങള്‍ക്കു മുന്‍കരുതലെടുക്കുന്നതിനും സഹായിക്കുന്നതിനു പുറമേ പ്രിമാരിറ്റല്‍ കൗണ്‍സിലിംഗ് ക്ലാസ്സുകളില്‍ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ നിങ്ങളുടെ ഭാവിജീവിതത്തിനു മുതല്‍ക്കൂട്ടാകുമെന്ന കാര്യത്തിലും ഒരു സംശയവും വേണ്ട.

വിവാഹപൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമെന്ന് വനിതാ കമ്മീഷന്‍

കേരളത്തില്‍ വിവാഹമോചിതരാകുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണമെന്ന സംസ്ഥാന വനിതാ കമ്മീഷന്‍റെ നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്. കുടുംബബന്ധങ്ങളുടെ കെട്ടുറപ്പ് സ്നേഹത്തിന്‍റെയും പരസ്പര ധാരണകളുടെയും സുവര്‍ണനൂലിഴകള്‍കൊണ്ട് തുന്നിച്ചേര്‍ക്കേണ്ട ഒന്നാണ്. ആ തുന്നിച്ചേര്‍ക്കല്‍ പൂര്‍ണമാകണമെങ്കില്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗ് അനിവാര്യമാണ്. ബന്ധങ്ങളിലെ വിശ്വാസക്കുറവും പരസ്പരം മനസിലാക്കുന്നതില്‍ വരുന്ന വീഴ്ചയും ദാമ്പത്യജീവിതത്തെ തച്ചുടക്കുന്ന സാഹചര്യത്തിലാണ് വധൂവരന്‍മാര്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗിനു വിധേയമായിരിക്കണമെന്ന കര്‍ശന നിര്‍ദേശം വനിതാ കമ്മീഷന്‍ മുന്നോട്ടുവെച്ചത്. കുടുംബങ്ങളില്‍ ആരോഗ്യകരമായ ബന്ധം ഉണ്ടാകുവാന്‍ യുവതീയുവാക്കള്‍ക്ക് കൃത്യമായ ബോധവത്കരണം അനിവാര്യമാണ്. ഇപ്പോള്‍ തന്നെ ചില ക്രിസ്ത്യന്‍സഭകളടക്കമുള്ള സമുദായ സംഘടനകള്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗ് നടത്തിവരുന്നുണ്ട്.

പരാജിതരാകരുത്, ഈ ജീവിതപരീക്ഷയില്‍

ജീവിതം ഒരു പരീക്ഷയാണ്. അവിടെ അവനോ അവള്‍ക്കോ സ്വന്തമായി ഒരു ചോദ്യകടലാസും ഉണ്ടാകും. അതിന്‍റെ ഉത്തരങ്ങള്‍ മറ്റൊരാളിന്‍റെ ജീവിതത്തില്‍നിന്നും പകര്‍ത്താനാകില്ല. സ്വന്തം ജീവിതത്തില്‍ നിന്നുയരുന്ന ചോദ്യങ്ങള്‍ക്കു സ്വയം ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ ഒരു പരാജയമാണെന്നു ഉറപ്പിക്കാം. പ്രശ്നങ്ങള്‍ക്കുമുമ്പില്‍ പകച്ചുനില്‍ക്കുന്നതിനുപകരം അവയെ ആത്മവിശ്വാസത്തോടെയും ലക്ഷ്യബോധത്തോടെയും നേരിടുന്നവരാണ് യഥാര്‍ഥ വിജയികള്‍. ഈ പ്രശ്നം കൈകാര്യം ചെയ്യാന്‍ എനിക്കറിയാം എന്ന ദൃഢനിശ്ചയമാണ് നമുക്ക് ഉണ്ടാകേണ്ടത്. ഇത്തരത്തിലുള്ള ദൃഢനിശ്ചയത്തിന്‍റെ അഭാവത്തിലും അപക്വമായ തീരുമാനങ്ങളുടെ പേരിലും മനോഹരമായ ജീവിതം നയിച്ചിരുന്ന പലകുടുംബങ്ങളും തകര്‍ച്ചയിലകപ്പെട്ട പല ഉദാഹരണങ്ങളും കൗണ്‍സിലിംഗ് ക്ലാസ്സുകളില്‍ പങ്കെടുക്കുന്നതോടെ നിങ്ങള്‍ക്കു ബോധ്യമാകും. വിവാഹാനന്തരമുണ്ടാകുന്ന പ്രശ്നങ്ങളെ സമചിത്തതയോടെ നേരിടാനും പ്രതിസന്ധികളെ അതിജീവിക്കാനും ഉത്തമ വൈവാഹിക ജീവിതം സാധ്യമാക്കുന്നതിനും വിവാഹപൂര്‍വ കൗണ്‍സിലിംഗ് നിങ്ങളെ ഏറെ സഹായിക്കുമെന്നു ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കട്ടെ.

Tags : വിവാഹമോചനങ്ങൾ
blogadmin

The author blogadmin

Leave a Response