close

ജീവിതത്തിൽ വളരെ പ്രാധാന്യം കൊടുക്കേണ്ട ഘടകങ്ങളാണ് ഭക്ഷണവും പോഷകങ്ങളും. ആരോഗ്യപൂർണമായ ഒരു ജീവിതശൈലി തുടർന്നു കൊണ്ടുപോകാൻ ഭക്ഷണത്തിലൂടെ ലഭിക്കുന്ന മികച്ച പോഷകങ്ങൾ അത്യാവശ്യമാണ്. പോഷകക്കുറവ് ഏറെ ബാധിക്കുന്നത് സ്ത്രീകളെയാണ്. ജീവിതം മുഴുവൻ പലതരത്തിലുള്ള ശാരീരിക മാറ്റങ്ങൾക്ക് വിധേയരാകുന്നവരാണ് സ്ത്രീകൾ. അതുകൊണ്ട് അവർക്ക് കൂടുതൽ പോഷകങ്ങളുടെ ആവശ്യമുണ്ട്. പോഷകങ്ങൾ അവരെ കൂടുതൽ ശക്തരാക്കുകയും ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ കൂടുതൽ കരുത്തോടെ നേരിടാൻ സഹായിക്കുകയും ചെയ്യും. രോഗങ്ങളെ മെച്ചപ്പെട്ട രീതിയിൽ നേരിടാനും ഇവ സഹായകമാകും.

സ്ത്രീകൾ പ്രധാനമായും 3 ജീവിത ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത് :

  • കൗമാരവും ആർത്തവാരംഭവും
  • ഗർഭകാലവും മുലയൂട്ടലും
  •  ആർത്തവവിരാമവും വാർദ്ധക്യവും

കൗമാരവും ആർത്തവാരംഭവും

പ്രധാനപ്പെട്ട ഹോർമോൺ മാറ്റങ്ങൾ സംഭവിക്കുന്നത് കൗമാരം തുടങ്ങുമ്പോഴാണ്. ആർത്തവത്തിന് ഒരുങ്ങുന്ന പെൺശരീരം ഹോർമോൺ വ്യതിയാനങ്ങൾ കാണിച്ചുതുടങ്ങും. ചർമപ്രശ്നങ്ങൾ, മുഖക്കുരു, മുടി കൊഴിച്ചിൽ, തൂക്കം കൂടുക, ഉത്കണ്ഠ, വിഷാദം, പി. സി. ഒ. എസ്, തൈറോയ്ഡ് പോലുള്ള അസുഖങ്ങൾ ഈ പ്രായത്തിൽ പ്രകടമായി തുടങ്ങും. സ്ത്രീ ശരീരത്തിന്റെ ആരോഗ്യം വ്യക്തമാകുന്ന ഈ ഘട്ടത്തിൽ പോഷകങ്ങൾ വളരെ പ്രാധാന്യം അർഹിക്കുന്നു.

പ്രധാനമായും കാണപ്പെടുന്ന പോഷകക്കുറവ്

  • ഇരുമ്പ് സത്ത്
  • വിറ്റാമിൻ ഡി 3
  • കാൽസ്യം

ഇത്തരം പോഷകക്കുറവ് പരിഹരിക്കാൻ ഭക്ഷണത്തിലും ജീവിതശൈലിയിലും ശ്രദ്ധ കൊടുക്കണം. ഇരുമ്പ് സത്ത് ധാരാളം അടങ്ങിയ ചിക്കൻ, പയർ വർഗ്ഗങ്ങൾ, മീൻ തുടങ്ങിയവയും വിറ്റാമിൻ ഡി 3 അടങ്ങിയ മീൻ, മീനെണ്ണ തുടങ്ങിയവയും കാൽസ്യം സമ്പുഷ്ടമായ റാഗി, പാൽ, പാലുല്പന്നങ്ങൾ, ഇലക്കറികൾ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

ഗർഭകാലവും മുലയൂട്ടലും

ഗർഭം ധരിക്കലും കുഞ്ഞിനെ മുലയൂട്ടുന്നതും സ്ത്രീയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഘട്ടമാണ്. രണ്ട് പേരുടെ പോഷകാവശ്യങ്ങൾ കണക്കിലെടുത്ത് സാധാരണ കഴിക്കുന്നതിനേക്കാൾ രണ്ടിരട്ടിയോ മൂന്നിരട്ടിയോ പോഷകങ്ങൾ കഴിക്കണം. ഗർഭിണികളിലെ പോഷകക്കുറവ് ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെയും ബാധിക്കും. പോഷകസമ്പന്നമായ സന്തുലിതഭക്ഷണം കഴിക്കുന്നതിലൂടെയും അയൺ പോലുള്ള വിറ്റാമിൻ സപ്ലിമെൻറ്സ് എടുക്കുന്നതിലൂടെയും ആരോഗ്യകരമായ ഗർഭകാലം ഉറപ്പിക്കാം. ഗർഭകാലത്തുണ്ടാകുന്ന പ്രമേഹം ഒഴിവാക്കാനും ഇവ സഹായിക്കും.

മുലയൂട്ടൽ ആരംഭിക്കുമ്പോൾ കൂടുതൽ പോഷകങ്ങൾ ആവശ്യമായി വരും. മുലപ്പാൽ വർധിപ്പിക്കാനുള്ള വഴികൾ അറിയാത്ത അമ്മമാർ കുഞ്ഞിന് പാൽ തികയാതെ ഫോർമുല മിൽക്ക് കൊടുത്തു തുടങ്ങും.

ഈ ഘട്ടത്തിൽ കണ്ടുവരുന്ന പ്രധാന പോഷകക്കുറവ് 

  • അയോഡിൻ
  • വിറ്റാമിൻ എ
  • വിറ്റാമിൻ ബി കോംപ്ലക്സ്

അയോഡിൻ സമ്പുഷ്ടമായ ഇലക്കറികൾ, ഉപ്പ്, തുടങ്ങിയവയും വിറ്റാമിൻ എ അടങ്ങിയ ക്യാരറ്റ്, മുള്ളങ്കി എന്നിവയും വിറ്റാമിൻ ബി കോംപ്ലക്സ് അടങ്ങിയ നട്സ്, ധാന്യങ്ങൾ, വിത്തുകൾ തുടങ്ങിയവയും കഴിക്കണം.

ആർത്തവവിരാമവും വാർദ്ധക്യവും 

വാർദ്ധക്യം മൂലം ഉണ്ടാകുന്ന പോഷകനഷ്ടങ്ങൾ, ആർത്തവ വിരാമത്തിന്റെ ഫലമായുള്ള ഹോർമോൺ മാറ്റങ്ങൾ എന്നിവ സ്ത്രീകളെ ഈ പ്രായത്തിൽ വിഷമാവസ്ഥയിലലാക്കും. മുൻകോപവും ശുണ്ഠിയുമെല്ലാം ഈ മാറ്റങ്ങളുടെ ബാക്കിപത്രമാണ്. ഈസ്ട്രോജന്‍ നിലയിൽ ഉണ്ടാകുന്ന കുറവ് മൂലം ശരീരത്തിൽ ചൂടും വിയർപ്പും അനുഭവപ്പെടാം. ആർത്തവവിരാമത്തിന്റെ പ്രധാന ലക്ഷണമാണ് ഇത്. എല്ലിന്റെ ബലം ക്ഷയിക്കുകയും സിനോവിൽ ഫ്ലൂയിഡ് കുറയുകയും ചെയ്യും.തന്മൂലം എല്ലിനും സന്ധികൾക്കും വേദന ഉണ്ടാകും. വാർദ്ധക്യത്തിലെ ശാരീരിക ബലക്കുറവ് നേരിടാനും പോഷകങ്ങൾ ആവശ്യമാണ്.

ഈ പ്രായത്തിലെ പ്രധാന പോഷകക്കുറവ്

  • അയൺ
  • വിറ്റാമിൻ ഡി 3
  • കാൽസ്യം
  • പൊട്ടാസ്യം
  • വിറ്റാമിൻ എ

ഈ കുറവുകൾ നികത്താൻ ഭക്ഷണത്തിലും ജീവിത ശൈലിയിലും മാറ്റം വേണ്ടി വരും. ഇരുമ്പ് സത്ത് ധാരാളം അടങ്ങിയ ചിക്കൻ, പയർ വർഗ്ഗങ്ങൾ, മീൻ തുടങ്ങിയവയും വിറ്റാമിൻ ഡി 3 അടങ്ങിയ മീൻ, മീനെണ്ണ തുടങ്ങിയവയും കാൽസ്യം സമ്പുഷ്ടമായ റാഗി, പാൽ, പാലുല്പന്നങ്ങൾ, ഇലക്കറികൾ എന്നിവയും പൊട്ടാസ്യം അടങ്ങിയ നട്സ്, വിത്തുകൾ, പച്ചക്കറികൾ എന്നിവയും വിറ്റാമിൻ എ അടങ്ങിയ ക്യാരറ്റ്, മുള്ളങ്കി എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

ലേഖിക: കേജൽ ശേത്ത്

blogadmin

The author blogadmin

Leave a Response