close

ശരീരഭാരം വർദ്ധിക്കുന്നത് മിക്കവരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും വേഗതയേറിയ മാർഗ്ഗം കഴിക്കുന്നതിനേക്കാൾ കൂടുതൽ കലോറി എരിച്ചു കളയുക എന്നതാണ്. അതിനാദ്യം വേണ്ടത് എന്താണ് കഴിക്കുന്നതെന്ന് സ്വയം നിരീക്ഷിക്കുകയെന്നതാണ്. മികച്ചൊരു ഭക്ഷണശീലം സ്വീകരിക്കാൻ അത് ഓരോരുത്തരേയും പ്രാപ്തമാക്കും.

വീട്ടിൽ എങ്ങനെ വേഗത്തിൽ ശരീരഭാരം കുറയ്ക്കാമെന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ഭക്ഷണരീതി

ശരീരഭാരം നിയന്ത്രിക്കുന്നതിന് ഭക്ഷണം ഒഴിവാക്കരുതെന്നത് പ്രധാനമാണ്. ഒരു ദിവസം നാല് തവണ കഴിക്കേണ്ടതുണ്ട്. രാവിലെ, ഉച്ചയ്ക്ക്, വൈകുന്നേരം 4 മണി, രാത്രി 8 മണി എന്നീ ക്രമത്തിൽ. ശരീരത്തിൽ പോഷകങ്ങൾ സ്വാംശീകരിക്കപ്പെടുന്നതിന് ഈ രീതി പ്രധാനമാണ്. ശരീരഭാരം കുറയ്ക്കുന്നതിന് ഡയറ്റിൽ നിന്നും പഞ്ചസാര, കൊഴുപ്പ് എന്നിവ പാടെ ഒഴിവാക്കാം. ദിവസത്തിൽ നിർദ്ദിഷ്ട ഭക്ഷണങ്ങൾ കഴിക്കുക.

പൂർണ്ണമായും പഞ്ചസാര ഒഴിവാക്കാൻ കഴിയുന്നില്ലെങ്കിൽ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറച്ചു കൊണ്ടുവരാം. ഒന്നോർക്കുക, നാം കഴിക്കുന്ന ഒട്ടുമുക്കാൽ മധുരപലഹാരങ്ങളിലും പഞ്ചസാര നല്ലയളവിൽ അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുമ്പോൾ ശരീരത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിക്കും. ഒപ്പം ശരീരഭാരം വർദ്ധിക്കുകയും ചെയ്യും. പഞ്ചസാര ഒഴിവാക്കാൻ സാധ്യമല്ലെങ്കിൽ ഉപയോഗിക്കുന്ന അളവ് ഗണ്യമായി കുറയ്ക്കാം.

രാവിലെ ഊർജ്ജം വൈകുന്നേരം ലഘുഭക്ഷണം

വ്യായാമത്തിന് മുമ്പായി ചെറിയൊരു പ്രോട്ടീൻ ബാർ കഴിക്കുന്നത് ഉചിതമായിരിക്കും. വ്യായാമത്തിനു ശേഷം മിനറൽ സോൾട്ട് നിറഞ്ഞ വെള്ളമോ മറ്റ് ആരോഗ്യദായക പാനീയമോ കുടിക്കുന്നത് ശരീരത്തിലെ ജലനഷ്ടത്തെ ലഘൂകരിക്കും. സ്വന്തം ലക്ഷ്യങ്ങൾക്കനുസൃതമായി വ്യക്തിഗത ഡയറ്റ് പ്ലാൻ ചെയ്യാൻ ഒരു ന്യൂട്രിഷ്യനിസ്റ്റിന്‍റെ സഹായം തേടാം.

ജങ്ക്ഫുഡ് ഉപേക്ഷിക്കുക

ശരീരഭാരം കുറയ്ക്കണമെന്ന തീവ്രമായ ആഗ്രഹം ഉണ്ട്, എന്നാൽ ചില പലഹാരങ്ങൾ/ ജങ്ക്ഫുഡ് കഴിക്കാതിരിക്കാനും പറ്റുന്നില്ല. ഇങ്ങനെയുള്ള സാഹചര്യത്തിൽ ഒരു കാര്യം ഓർക്കുക. ജങ്ക്ഫുഡ് കഴിക്കുന്നത് കുറയ്ക്കുമ്പോൾ നിങ്ങൾ ഓരോ ദിവസവും കഴിക്കുന്ന കലോറിയുടെ അളവ് ഗണ്യമായി കുറയുകയാണ്. ജങ്ക്ഫുഡിന് യാതൊരു പോഷകമൂല്യവുമില്ലെന്ന് മനസിലാക്കുക. കഴിക്കാൻ രുചികരമാണെങ്കിലും അവ ശരീരത്തിന് ദോഷമെ ചെയ്യൂ. ജങ്ക്ഫുഡ് കഴിക്കണമെന്നുണ്ടെങ്കിൽ കഴിക്കുന്ന അളവ് ക്രമേണ കുറച്ച് കൊണ്ടുവരിക. തുടർന്ന് അവ കഴിക്കുന്നത് തീർത്തും ഒഴിവാക്കിയാൽ മതി. എന്നിട്ടും ജങ്ക്ഫുഡിനോടുള്ള താൽപര്യം കുറയുന്നില്ലെങ്കിൽ കലോറി അളവ് നിയന്ത്രിച്ചു കൊണ്ട് ഉള്ള ചേരുവകൾ വച്ച് അത് വീട്ടിൽ തയ്യാറാക്കി കഴിക്കാം.

കൃത്രിമ പാനീയങ്ങൾക്ക് പകരം വെള്ളം ധാരാളം കുടിക്കാം

വെള്ളം പ്രകൃത്യാ കലോറി ഫ്രീ ആയിട്ടുള്ള പാനീയമാണ്. ദാഹം തോന്നുമ്പോഴൊക്കെ വെള്ളം ധാരാളമായി കുടിക്കാം. ഉയർന്ന അളവിൽ കലോറിയും പഞ്ചസാരയുമടങ്ങിയ പാനീയങ്ങൾക്ക് പകരമായി വെള്ളം കുടിക്കുക.

നിത്യവും 10 മിനിറ്റ് കായികാഭ്യാസം

പ്രഭാത ഭക്ഷണത്തിന് മുമ്പായി വീട്ടിൽ 10 മിനിറ്റ് നേരം കായികാഭ്യാസം നടത്താം. അതിനായി ആധുനിക ഉപകരണങ്ങളൊന്നും ആവശ്യമില്ല. 500 മില്ലി ലിറ്ററിന്‍റെ ചെറിയ 2 കുപ്പികളിൽ വെള്ളം നിറച്ച് ഇരു കൈകളിലുമെടുത്ത് വശങ്ങളിലേക്ക് വൃത്താകൃതിയിൽ ചലിപ്പിക്കുക. കൈകൾ മുന്നോട്ടും വശങ്ങളിലേക്കും നീട്ടുക. അതുപോലെ കൈകൾ ഉയർത്തി പിടിക്കാം. ചെറിയ വോക്കിംഗ് എക്സർസൈസും ഈ 10 മിനിറ്റിൽ ഉൾപ്പെടുത്താം. ഇത്രയും ചെയ്യുന്നത് ദിവസത്തിന്‍റെ നല്ലൊരു തുടക്കത്തിന് സഹായിക്കും. ഇതൊരു ശീലമാക്കുക. കാർഡിയോയേക്കാൾ പേശികളുടെ ശക്തി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. സമയമുള്ളവർ 10 മിനിറ്റിന് അധികമായി വ്യായാമങ്ങൾ ചെയ്യാം.

വൈകുന്നേരം 20 മിനിറ്റ് നടത്തം

പുറത്തായാലും വീട്ടിലെ ട്രെഡ്മില്ലിലായാലും 20 മിനിറ്റ് നേരം നടക്കുന്നത് ഗുണകരമാണ്. ഒരു ദിവസം 20 മിനിറ്റ് നേരം ഓടുന്നതു കൊണ്ട് കാര്യമായ ഗുണം ലഭിക്കില്ല. എന്നാൽ ആഴ്ചയിലുടനീളം ഇക്കാര്യത്തിൽ സ്‌ഥിരത പുലർത്തിയാൽ ഫലങ്ങൾ തീർച്ചയായും കണ്ടു തുടങ്ങും. ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്ന ഏതൊരു വർക്കൗട്ടും കൊഴുപ്പ് കത്തിച്ചു കളയും. അതൊടൊപ്പം ആരോഗ്യകരമായ ഡയറ്റും കൂടിയാകുന്നതോടെ ശരീരഭാരം എളുപ്പത്തിൽ കുറഞ്ഞു കിട്ടും.

നിത്യവും രാവിലെ യോഗ ചെയ്യുക

പ്രഭാതത്തിലെ സ്വഛസുന്ദരമായ അന്തരീക്ഷം യോഗ ചെയ്യാൻ അത്യു ത്തമമാണ്. രാവിലെ യോഗ ചെയ്യുന്നത് ശരീരത്തിനും മനസിനും നവോന്മേഷം പകരും. ശരീരം ഊർജ്ജസ്വലമാകും. അതും അതിരാവിലെയാണെങ്കിൽ അതിന്‍റെ ഗുണം പറഞ്ഞറിയിക്കുന്നതിലും അപ്പുറമായിരിക്കും.

അതിരാവിലെയുള്ള യോഗ മെറ്റബോളിസത്തെ ബൂസ്റ്റ് ചെയ്യും. കൊഴുപ്പിനെ അലിയിച്ച് കളയാനും പോഷകങ്ങൾ ശരീരത്തിലുടനീളം എത്താനും ഇത് സഹായിക്കും. ആസന മുറകൾ പരിശീലിക്കുന്നതിലൂടെ ശരീരത്തിലെ എക്സ്ട്രാ കൊഴുപ്പ് ഇല്ലാതാകും.

കാർഡിയോ എക്സർസൈസ്

ശരീരഭാരം നിയന്ത്രിക്കാൻ കാർഡിയോ ചെയ്യുന്നത് ഏറ്റവും ഫലവത്താണ്. മാത്രവുമല്ല പുറത്ത് അത് അനായാസം ചെയ്യാം. സൈക്കിളിംഗ്, നീന്തൽ, ഓട്ടം, സ്കിപ്പിംഗ്, ജംമ്പിംഗ് ജാക്സ് എന്നിവയാണ് ചില കാർഡിയോ എക്സർസൈസുകൾ. ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്നതിന് സഹായകമായ വ്യായാമങ്ങൾ വീട്ടിലും ചെയ്യാവുന്നതാണ്. വീട്ടിൽ ചെയ്യാവുന്നതിൽ ഒന്നാണ് സ്കിപ്പിംഗ്. ശരീരത്തിന് ഷെയ്പ് ലഭിക്കാനും ശരീരഭാഗങ്ങൾ ഉറച്ചതാകാനും ഇത് സഹായിക്കും.

സ്കൂൾകോളേജ്ജോലി സ്‌ഥലംമാർക്കറ്റ് എന്നിവിടങ്ങളിലേക്ക് നടന്നു പോവുക

നടക്കാവുന്ന ദൂരമാണെങ്കിൽ ഇത്തരമിടങ്ങളിലേക്ക് നടന്നു പോവുക. അൽപം അകലെയാണെങ്കിൽ സൈക്കിളിലാവാം സവാരി. ഇത്തരത്തിൽ സൈക്കിൾ ചവിട്ടുന്നത് പല തരത്തിൽ ഗുണം ചെയ്യും. വ്യായാമത്തിനായി അധിക സമയം പാഴാക്കേണ്ടിയും വരില്ല. മാത്രവുമല്ല ഇത് ദൈനംദിന ദിനചര്യകളോട് എളുപ്പത്തിൽ യോജിക്കുകയും ചെയ്യുന്നു. ഗതാഗത ചെലവ് ഉണ്ടാവുകയുമില്ല.

സമീകൃതാഹാരം

മോശം ഭക്ഷണം ഇല്ലാതാക്കുക കഠിനമാണ്. എന്നാൽ ഇതിനെ അതിജീവിച്ചാൽ നിങ്ങൾ ശരീരഭാരം കുറയ്ക്കുന്നതിൽ പാതി വിജയിച്ചുവെന്ന് തന്നെ പറയാം. ഉയർന്ന ഫൈബർ ഉത്പന്നങ്ങളായ ഓട്സ്, ബ്രൗൺ റൈസ് എന്നിവയുടെ ചെറിയ സർവിംഗുകൾ പോലും വയർ നിറയ്ക്കും. ഇൻസുലിൻ അളവ് വർദ്ധിക്കാതിരിക്കുകയും ചെയ്യും. ഭക്ഷണത്തിൽ വേണ്ടയളവിൽ കൊഴുപ്പും പ്രോട്ടീനും ഉൾപ്പെടുത്തുക.

ഗ്രീൻ ടീ കുടിക്കുക

ഗ്രീൻ ടീ ഏറ്റവും മികച്ച പാനീയങ്ങളിൽ ഒന്നാണ്. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകളുടെ വൻതോതിലുള്ള ശ്രേണി കൊഴുപ്പിനെ കത്തിച്ച് കളയാനും മെറ്റബോളിസം നിരക്ക് വർദ്ധിപ്പിക്കാനും ഉത്തമമാണ്. ഗ്രീൻ ടീയിൽ കലോറി കുറഞ്ഞ അളവിലെ ഉള്ളൂ. പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും തൊട്ടുപിന്നാലെ ഗ്രീൻ ടീ കുടിക്കാം.

വെ പ്രോട്ടീനുകൾ ഉപയോഗിക്കുക

വെ പ്രോട്ടീൻ കഴിക്കുന്നത് ശീലമാക്കിയാൽ കൂടുതൽ സംതൃപ്തി നൽകുകയും കൂടുതൽ നേരം വയർ നിറഞ്ഞ ഫീൽ സൃഷ്ടിക്കുകയും ചെയ്യും. ഇടവേളകളിലുള്ള അനാരോഗ്യകരമായ ലഘുഭക്ഷണശീലങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കും. ശരീരഭാരം കുറയ്ക്കാനും കൊഴുപ്പ് കുറയ്ക്കാനും ഇത് ഉത്തമമാണ്.

നിത്യവും നാരങ്ങാവെള്ളം തേൻ ചേർത്ത് കഴിക്കുക

ഈയൊരു കോമ്പിനേഷന്‍റെ ഗുണങ്ങൾ ഏറെയാണ്. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റയുടൻ ഇളം ചൂടുവെള്ളം നിറച്ച ഒരു ഗ്ലാസിൽ പകുതി നാരങ്ങയുടെ നീരും തേനും ചേർത്ത് കുടിക്കുക. ശരീരഭാരം നിയന്ത്രിക്കാൻ ഫലപ്രദമായ രീതിയാണിത്. മെറ്റബോളിസം വർദ്ധിപ്പിക്കുന്നു.

പഴങ്ങൾ കഴിക്കുകജ്യൂസായിട്ടല്ല

പഴങ്ങൾ ജ്യൂസായി കഴിക്കുന്നത് ആരോഗ്യപ്രദമാണെങ്കിലും അത് ലോ കലോറി പാനീയമാകണമെന്നില്ല. 8 ഔൺസ് ഓറഞ്ച് ജ്യൂസിൽ 110 കലോറിയിലധികം അടങ്ങിയിരിക്കുന്നു. അത് 2 ഓറഞ്ചിന് തുല്യമാണ്. ഒരു വ്യക്‌തി പൊതുവെ ഒരു ഓറഞ്ചിൽ കൂടുതൽ ഒരു ദിവസം കഴിക്കുകയില്ല. പഴങ്ങൾ ജ്യൂസായി കഴിക്കുന്നതിന് പകരമായി പഴങ്ങളുടെ രൂപത്തിൽ അവ കഴിക്കാം.

ഒരാഴ്ച കൊണ്ട് എങ്ങനെ ശരീരഭാരം കുറയ്ക്കാം

ഒരു ഡയറ്റ് പ്ലാൻ

ഡയറ്റ് ചാർട്ട് തയ്യാറാക്കുമ്പോൾ അത് സന്തുലിതവും ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങൾ ലഭിക്കുന്നതും ആയിരിക്കണം. ഡയറ്റിൽ ഇനി പറയുന്നവ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്.

കാർബോഹൈഡ്രേറ്റ്സ്

ശരീരത്തിന്‍റെ പ്രാഥമിക ഈർജ്ജസ്രോതസാണ് കാർബോ ഹൈഡ്രേറ്റുകൾ. ശരിയായ കാർബോ ഹൈഡ്രേറ്റ് തെരഞ്ഞെടുക്കണം. ബ്രഡ്, ബിസ്ക്കറ്റ്, വെളുത്ത അരി, ഗോതമ്പ് പൊടി എന്നിവയിൽ പഞ്ചസാര കൂടുതലായതിനാൽ അവ അനാരോഗ്യകരമാണ്. അതിന് പകരമായി കോംപ്ലക്സ് കാർബോ ഹൈഡ്രറ്റുകൾ തെരഞ്ഞെടുക്കാം. നാരുകളും പോഷകങ്ങളും കൂടുതൽ അടങ്ങിയതാവണം. ഉദാ: ബ്രൗൺ റൈസ്, റാഗി, ഓട്സ് എന്നിവ കോംപ്ലക്സ് കാർബോ ഹൈഡ്രേറ്റുകളുടെ മികച്ച സ്രോതസുകളാണ്.

പ്രോട്ടീനുകൾ

ശരിയായ ആരോഗ്യത്തിന് പ്രോട്ടീനുകൾ ഏറ്റവുമാവശ്യമാണ്. കോശങ്ങൾ, മസിലുകൾ, കാർട്ടിലേജ്, ചർമ്മം എന്നിവയുടെ രൂപീകരണത്തിനും രക്‌തയോട്ടം വർദ്ധിപ്പിക്കാനും പ്രോട്ടീനുകൾ ആവശ്യമാണ്. പ്രോട്ടീൻ ഡയറ്റ് പിന്തുടരുന്നത് ശരീരഭാരം കുറയ്ക്കുന്നതിനും മസിൽ ഗ്രോത്ത് മെച്ചപ്പെടുത്തുന്നതിനും കലോറിയും കൊഴുപ്പും എരിച്ചു കളയുന്നതിനും ഉത്തമമാണ്. പരിപ്പിനങ്ങൾ, പനീർ, കടല, പാൽ, പച്ചക്കറികൾ, മുട്ട, മുളപ്പിച്ച ധാന്യങ്ങൾ എന്നിവ മികച്ച പ്രോട്ടീൻ സ്രോതസുകളാണ്. ഓരോ ഭക്ഷണത്തിലും പ്രോട്ടീനിന്‍റെ ഒരു സർവിംഗ് ഉൾപ്പെടുത്താം.

കൊഴുപ്പുകൾ

ഡയറ്റിൽ കൊഴുപ്പിനെ ചൊല്ലി നെഗറ്റീവായ ധാരണയുണ്ടെങ്കിലും ശരീരത്തിന് ഇത് അത്യാന്താപേക്ഷിതമാണ്. ഹെൽത്തി ഫാറ്റുകളായ പോളിസാച്ചുറേറ്റഡ്, മോണോസാച്ചുറേറ്റഡ്, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ ഡയറ്റിൽ അഞ്ചിലൊന്നു ഭാഗം അളവിൽ ഉൾപ്പെടുത്തിയിരിക്കണം. ഒലീവ് ഓയിൽ, തവിടെണ്ണ, കടുകെണ്ണ, സോയാബീൻ, എള്ള്, സൂര്യകാന്തി, നിലക്കടല എണ്ണ എന്നിവ നിയന്ത്രിത അളവിൽ ഉൾപ്പെടുത്തുന്നതിലൂടെ ശരീരത്തിന് ആവശ്യമായ കൊഴുപ്പ് ലഭ്യമാകും. ഒപ്പം ചെറിയ അളവിൽ വെണ്ണയും നെയ്യും ഉൾപ്പെടുത്താം. എന്നാൽ വറുത്ത് പൊരിച്ച ഭക്ഷണങ്ങളിൽ അധിക അളവിൽ ട്രാൻസ് ഫാറ്റുകൾ ഉള്ളതിനാൽ അവ ഒഴിവാക്കിയെ പറ്റൂ.

വിറ്റാമിനുകൾ ധാതുക്കൾ

വിറ്റാമിൻ എ, ഇ, ബി12, ഡി, കാത്സ്യം, അയൺ എന്നിവ ശരീരത്തിന്‍റെ മെറ്റബോളിസത്തിനും മസിൽ പ്രവർത്തനങ്ങൾക്കും എല്ലിന്‍റെ ആരോഗ്യത്തിനും കോശ നിർമ്മാണത്തിനും ഏറ്റവുമാവശ്യമാണ്. നട്സ്, ഓയിൽ സീഡുകൾ, പഴങ്ങൾ, പച്ച ഇലവർഗ്ഗങ്ങൾ, മാംസം, മത്സ്യം എന്നിവയിൽ നിന്നാണ് പോഷകങ്ങളും ധാതുക്കളും ലഭിക്കുക. അതിനാൽ 100 ഗ്രാം പച്ചക്കറിയിനങ്ങളും 100 ഗ്രാം പഴങ്ങളും നിത്യവും കഴിച്ചിരിക്കണം.

ഒരാഴ്ച കൊണ്ട് പഴങ്ങൾ- പച്ചക്കറി ഡയറ്റിലൂടെ എങ്ങനെ ശരീരഭാരം കുറയ്ക്കാം

4 ആഴ്ചയ്ക്കുള്ള ഫുഡ് പ്ലാനാണിത്. ആഴ്ചയിൽ ഏതെങ്കിലും നാല് ദിവസങ്ങളിൽ ഇത് പ്രാവർത്തികമാക്കാം.

ഒന്നാം ദിവസം: ഇഷ്ടമുള്ളത്ര പഴങ്ങൾ കഴിച്ചു കൊണ്ട് ദിവസത്തിന് ആരംഭം കുറിക്കാം. അവ എത്രമാത്രം എപ്പോൾ കഴിക്കണമെന്നതിന് കൃത്യമായ നിർദ്ദേശങ്ങളൊന്നുമില്ല. ഉയർന്ന അളവിൽ ഫൈബറുകൾ ഉള്ള തണ്ണിമത്തൻ, മസ്ക്മെലൺ എന്നിവ നിയന്ത്രിയ അളവിൽ കഴിക്കാം. ഡയറ്റിൽ ആപ്പിൾ, ഓറഞ്ച്, പപ്പായ എന്നിവ ഉൾപ്പെടുത്താം. 8 മുതൽ 12 ഗ്ലാസ് വെള്ളം നിർബന്ധമായും കുടിച്ചിരിക്കണം. പകൽ സമയത്ത് ഏതെങ്കിലും നേരത്ത് വിശപ്പ് തോന്നുമ്പോൾ പഴങ്ങൾ കഴിക്കാം.

ഒന്നാം ദിവസം പച്ചക്കറികൾ പൂർണ്ണമായും ഒഴിവാക്കണം. ഒപ്പം വാഴപ്പഴം ഒഴിവാക്കുക. ആദ്യ ദിവസം ഇതെ ഡയറ്റിൽ തുടരുന്നതിനാൽ ദിവസം മുഴുവനും ഊർജ്ജസ്വലതയനുഭവപ്പെടും.

രണ്ടാം ദിവസം: ആദ്യ ദിവസത്തേതിൽ നിന്നും വ്യത്യസ്തമാണ്. രണ്ടാം ദിനത്തിലെ ഭക്ഷണക്രമം. ഈ ദിവസം പച്ചക്കറികൾ മാത്രമെ കഴിക്കാൻ പാടുള്ളൂ. അസംസ്കൃതമായിട്ടും അല്ലാതെയുമാണ് പച്ചക്കറികൾ കഴിക്കേണ്ടത്. പച്ചക്കറികൾ തയ്യാറാക്കുന്നതിന് എണ്ണ ഉപയോഗിക്കേണ്ടതില്ല. വിശക്കുമ്പോൾ ദിവസത്തിൽ ഏത് സമയത്തും പച്ചക്കറികൾ കഴിക്കാം. ആവശ്യമെങ്കിൽ ഒലീവ് ഓയിലോ വെണ്ണയോ സ്വാദിനായി ഉപയോഗിക്കാം. ഉരുളക്കിഴങ്ങ്, കാരറ്റ്, ബീൻസ്, കടല, ബ്രോക്കോളി, കുക്കുംബർ, വെണ്ടയ്ക്ക, ചീര, സെലറി എന്നിവ ഉൾപ്പെടുത്താം.

മൂന്നാം ദിവസം: പഴങ്ങളും പച്ചക്കറികളും സംയോജിപ്പിച്ച് കഴിക്കാം. കഴിഞ്ഞ രണ്ട് ദിവസം കഴിച്ച ഭക്ഷണത്തിന് സമാനമായിരിക്കണം ഈ ദിവസത്തെ ഭക്ഷണ ക്രമം. എന്നാൽ ഉരുളക്കിഴങ്ങ്, വാഴപ്പഴം പാടെ ഒഴിവാക്കാം. ആഴ്ചയുടെ പകുതിയോടെ ശരീരം പുതിയ ഭക്ഷണക്രമത്തോട് പൊരുത്തപ്പെടാൻ തുടങ്ങും. ഒപ്പം 8-12 ഗ്ലാസ് വെള്ളം കുടിക്കണം. പഴങ്ങൾ – പച്ചക്കറി ചേർന്നുള്ള ഡയറ്റ് ശരീരത്തിന് ഉയർന്ന അളവിൽ നാരുകളുടെയും പ്രോട്ടീനുകളുടെയും ഗുണങ്ങൾ നൽകും.

നാലാം ദിവസം: കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ഒഴിവാക്കിയ വാഴപ്പഴം കഴിക്കാം. 6- 8 വാഴപ്പഴം കഴിക്കാം. ദിവസത്തെ പ്രധാന ഭക്ഷണമായും ലഘുഭക്ഷണമായും ഇത് കഴിക്കാം. ഒപ്പം പ്രാതൽ, ഉച്ചഭക്ഷണം, അത്താഴം എന്നീ പ്രധാന ഭക്ഷണത്തിനൊപ്പം ഒരു വലിയ ഗ്ലാസ് പാലും കുടിച്ചിരിക്കണം. വാഴപ്പഴത്തിൽ ധാരാളമായുള്ള പെക്റ്റിനുകൾ എന്ന പോഷകം ദഹനത്തെ സഹായിക്കുന്നു. ഒപ്പം ശരീരത്തിന് വേഗത്തിൽ ഊർജ്ജം നൽകുന്നു. മാത്രവുമല്ല വാഴപ്പഴത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യത്തിന്‍റെയും കാത്സ്യത്തിന്‍റെയും മികച്ച ഉറവിടമാണ് പാൽ. നാലാം ദിവസം വാഴപ്പഴമൊഴിച്ച് മറ്റ് പഴങ്ങളൊന്നും കഴിക്കാൻ പാടില്ല. വാഴപ്പഴം, പാൽ എന്നിവയ്ക്ക് പുറമെ അത്തിപ്പഴവും സോയപാലും ഉപയോഗിക്കാം.

TAGS:

blogadmin

The author blogadmin

Leave a Response