ഷുഗര്‍നില പെട്ടെന്ന് നന്നേ താഴേക്ക് പോകുമ്പോള്‍ മാത്രം ചികിത്സ തേടുന്നവരുണ്ട്. ചിലരിലാകട്ടെ അപ്പോഴേക്കും അവസ്ഥ സങ്കീര്‍ണവുമാവാം. ജീവിതരീതിയില്‍ അല്‍പം മാറ്റങ്ങള്‍ വരുത്തിയാല്‍ ഷുഗര്‍നില പെട്ടെന്ന് താഴേക്ക് പോകുന്നത് തടയാനാവും
പേജിലെ പുതിയ അപ്ഡേറ്റ്സ് whatsapp വഴി ലഭിക്കുവാൻ. https://api.whatsapp.com/send?phone=447868701592&text=subscribe
ചോദ്യം
എനിക്ക് 65 വയസ്സുണ്ട്. 10 വര്‍ഷമായി പ്രമേഹത്തിന് ഗുളിക കഴിക്കുന്നു. ബി.പി നോര്‍മലാണ്. രണ്ടുമാസത്തിനിടെ രണ്ടുതവണ പെട്ടെന്ന് ഷുഗര്‍ കുറഞ്ഞുപോകുന്ന അവസ്ഥയുണ്ടായി. കൈകാലുകളില്‍ വിറയലും തലകറക്കവുമാണ് അനുഭവപ്പെട്ടത്. ഷുഗര്‍ പരിശോധിച്ചപ്പോള്‍ 70mg/dl ആണെന്നാണ് മനസ്സിലായത്. ഉടന്‍തവ്വെ ഡോക്ടറെകണ്ട് സാധാരണ നിലയിലേക്ക് കൊണ്ടിവരികയും ചെയ്തു. എന്നാല്‍ രണ്ടുതവണ ഇങ്ങനെ സംഭവിച്ചതിനാല്‍ ഇപ്പോള്‍ പുറത്തേക്ക് പോകുമ്പോഴൊക്കെ ഷുഗര്‍ കുറഞ്ഞുപോകുമോ എന്ന ആശങ്കയാണ്. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?
ഉത്തരം
പ്രമേഹരോഗ ചികിത്സ കൊണ്ട് ലക്ഷ്യമിടുന്നത് രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന നില കുറച്ച് അനുവദനീയമായ അളവില്‍ എത്തിക്കുകയും അത് നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ്. ഇതിലൂടെ പ്രമേഹരോഗ സങ്കീര്‍ണതകളെ തടയാനോ വൈകിക്കാനോ കഴിയും. ഇതിന് പലപ്പോഴും ഒന്നോ അതിലധികമോ ഗുളികകളോ, ചിലപ്പോള്‍ ഇന്‍സുലിനോ വേണ്ടിവരും. എന്നാല്‍ മ്രമേഹരോഗ ചികിത്സയുടെ ഏറ്റവും പ്രധാനപ്പെട്ട സങ്കീര്‍ണതകളിലൊന്നാണ് ഹൈപ്പോഗ്ലൈസീമിയ. രക്തത്തിലെ പഞ്ചസാരയുടെ അളവ് ആവശ്യത്തിലധികം കുറഞ്ഞുപോകുന്ന അവസ്ഥയാണിത്. പ്രായമേറിയ രോഗികള്‍, വൃക്കരോഗങ്ങളുള്ള പ്രമേഹബാധിതര്‍, ഗര്‍ഭിണികള്‍, ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികള്‍ മുതലായവരില്‍ ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ലക്ഷണങ്ങള്‍
സാധാരണയായി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞ് 70mg/dlന് താഴെയെത്തുമ്പോഴാണ് ഷുഗര്‍ കുറയുന്നതിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നത്. രോഗലക്ഷണങ്ങള്‍ ഹൈപ്പോഗ്ലൈസീമിയയുടെ ദൈര്‍ഘ്യത്തെയും കാഠിന്യത്തെയും അനുസരിച്ചിരിക്കും. എന്നിരുന്നാലും സാധാരണഗതിയില്‍ ശരീരത്തിന് ക്ഷീണം അനുഭവപ്പെടുക, തലവേദന, വിറയല്‍, വിയര്‍പ്പ് മുതലായ ലക്ഷണങ്ങളുണ്ടാവുക, ഹൃദയമിടിപ്പ് കൂടുക, ഉത്കണ്ഠ, അസ്വസ്ഥത, വിഭ്രാന്തി, തലചുറ്റല്‍, അമിത വിശപ്പ്, ഓക്കാനം, ഉറക്കക്കൂടുതല്‍ മുതലായ ലക്ഷണങ്ങളും അനുഭവപ്പെടാം, അടിയന്തിരമായി ഇവ തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്തില്ലെങ്കില്‍ ചിലപ്പോള്‍ അപകടകരമായ അവസ്ഥയിലേക്ക് പോകാം. ബോധം നഷ്ടപ്പെടുക, അപസ്മാരം, വീഴ്ച, പരിക്കുകള്‍, അപകടങ്ങള്‍ മുതലായവ സംഭവിക്കാം. അപൂര്‍വമായെങ്കിലും ചിലപ്പോള്‍ മരണംപോലും സംഭവിക്കാം. ഇടയ്ക്കിടെ ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകുന്ന ചില രോഗികളില്‍ ചിലപ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. ഹൈപ്പോഗ്ലൈസീമിയ അണ്‍അവയര്‍വനസ്സ് എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്. ഇത് കൂടുതല്‍ അപകടകരമാണ്.
സാധാരണഗതിയില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് ആവശ്യത്തിലധികം താഴ്ന്നുപോയാല്‍ ഉടന്‍ ഇന്‍സുലിന്‍ ഉത്പാദനം കുറയുകയും ഗ്ലൂക്കഗോണ്‍ ഉത്പാദനം വര്‍ധിക്കുകയും ചെയ്യും. ഒപ്പം അഡ്രിനല്‍ ഗ്രന്ഥിയില്‍ നിന്ന് എപ്പിനെഫ്രിന്‍ എന്ന ഹോര്‍മോണും ഉത്പാദിപ്പിക്കപ്പെടുന്നു. ഈ ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായി രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയും ഒപ്പം ശരീരത്തില്‍ പഞ്ചസാരയുടെ ഉത്പാദനം കൂട്ടി അളവ് സാധാരണ രീതിയിലാക്കുകയും ചെയ്യുന്നു. എന്നാല്‍ പ്രമേഹബാധിതരില്‍ ഈ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നില്ല. ഇതാണ് രക്തത്തിലെ പഞ്ചസാര കുറയുന്നതിന് കാരണം.
കാരണങ്ങള്‍
രക്തത്തിലെ പഞ്ചസാരയുടെ അളവ് പലകാരണങ്ങളാലും കുറഞ്ഞുപോകാം. കഴിക്കുന്ന മരുന്നിന്റെ അളവ് കൂടിപ്പോയാലോ കുത്തിവെക്കുന്ന ഇന്‍സുലിന്റെ അളവ് അധികമായാലോ സ്വാഭാവികമായും പഞ്ചസാരയുടെ അളവ് കുറഞ്ഞുപോകാന്‍ സാധ്യതയുണ്ട്. കൂടാതെ സമയം വൈകി ആഹാരം കഴിക്കുന്നതും സാധാരണ കഴിക്കാറുള്ള ഇടനേരത്തെ ആഹാരം വിട്ടുപോകുന്നതും കാരണങ്ങളാണ്. ഉറങ്ങുന്നതിന് മുന്‍പ് വലിയ ശാരീരിക അധ്വാനത്തില്‍ ഏര്‍പ്പെടുന്നതും മദ്യപിക്കുന്നതും ചിലപ്പോള്‍ ഹൈപ്പോഗ്ലൈസീമിയയ്ക്ക് കാരണമാവാം. വൃക്കരോഗം, കരള്‍രോഗങ്ങള്‍ മുതലായ അനുബന്ധരോഗങ്ങളുള്ള പ്രമേഹബാധിതരിലും ഹൈപ്പോഗ്ലൈസീമിയ സാധ്യത കൂടുതലാണ്. പ്രമേഹ ചികിത്സയ്‌ക്കൊപ്പം കഴിക്കുന്ന ചിലമരുന്നുകളും രോഗകാരണമാകാം.
ചികിത്സ
സാധാരണഗതിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ഒരു ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ച് സ്വയം രക്തപരിശോധന നടത്തി ഷുഗര്‍ നില കുറഞ്ഞുപോയതാണോ എന്ന് വിലയിരുത്തുക. കുറവാണെങ്കില്‍ കുറച്ചു മധുരപാനീയമോ ലഘുഭക്ഷണമോ കഴിച്ചാല്‍ ഷുഗര്‍ സാധാരണ നിലയിലെത്തും. സ്വയം ആഹാരം കഴിക്കാന്‍ കഴിയാത്ത നിലയിലാണെങ്കില്‍ മറ്റൊരാളുടെ സഹായം തേടണം. ബോധക്ഷയമോ മറ്റ് സങ്കീര്‍ണതകളോ ഉണ്ടെങ്കില്‍ അടിയന്തര വൈദ്യസഹായം നല്‍കണം.
പ്രതിരോധം
ഹൈപ്പോഗ്ലൈസീമിയ പ്രതിരോധിക്കുന്നതാണ് ഏറ്റവും നല്ല ചികിത്സ. ഇടയ്ക്കിടെ ഭക്ഷണത്തിന് മുന്‍പും ശേഷവും അതുപോലെ വ്യായാമത്തിന് മുന്‍പും ശേഷവും രക്തപരിശോധന നടത്തുക. വ്യായാമത്തിന് മുന്‍പ് ഷുഗര്‍നില കുറവാണെങ്കില്‍ ലഘുഭക്ഷണം കഴിച്ചതിനുശേഷം വ്യായാമത്തില്‍ ഏര്‍പ്പെടുക. കൃത്യസമയത്ത് ആഹാരം കഴിക്കുക, ആഹാരത്തിന്റെ അളവില്‍ കൃത്യത പാലിക്കുക, വളരെ നേരം ശരീരത്തില്‍ തങ്ങിനില്‍ക്കുന്ന മരുന്നുകളില്‍ നിന്ന് മാറി കുറച്ചുനേരം മാത്രം പ്രവര്‍ത്തിക്കുന്ന മരുന്നുകളിലേക്ക് ചികിത്സ മാറുക. അതുപോലെ ഹൈപ്പോഗ്ലൈസീമിയ സാധ്യത കുറഞ്ഞ അനലോഗ് ഇന്‍സുലിനുകള്‍ ഉപയോഗിക്കാന്‍ കഴിയുമെങ്കില്‍ അതിലേക്ക് മാറുക. മദ്യം ഉപേക്ഷിക്കുക.