ഡോ. മേജര്‍ നളിനി ജനാര്‍ദനന്‍
സ്ത്രീ ശരീരത്തിലെ ഒരു പ്രധാന അവയവമാണ് സ്തനം. കൗമാരപ്രായത്തില്‍ ഈസ്ട്രജന്‍ ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായി പെണ്‍കുട്ടികളില്‍ സ്തനവളര്‍ച്ചയുണ്ടാകുന്നു. ഒരു ലൈംഗികാവയവമെന്നതിലുപരി ശിശുവിനാവശ്യമായ മുലപ്പാല്‍ ഉത്പാദിപ്പിക്കുന്ന ഒരു ഗ്രന്ഥിയാണ് സ്തനം. സ്തനങ്ങളില്‍ പലതരത്തിലുള്ള രോഗങ്ങളും പ്രശ്‌നങ്ങളും ഉണ്ടാവാറുണ്ട്. പലപ്പോഴും ലജ്ജകൊണ്ടും പുറത്തുപറയാനുള്ള മടികൊണ്ടും ചികിത്സ തുടങ്ങുന്നതില്‍ സ്ത്രീകള്‍ കാലതാമസം വരുത്തുന്നു. സ്തനങ്ങളിലെ പ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്നു നോക്കാം.
സ്തനങ്ങളില്‍നിന്ന് പഴുപ്പു വരിക: ശിശുക്കള്‍ക്ക് മുലപ്പാല്‍ കൊടുക്കുന്ന സ്ത്രീകളില്‍ മുലപ്പാല്‍ കെട്ടിക്കിടന്ന് സ്തനം നീരുവെച്ചു വീര്‍ക്കാറുണ്ട്. ക്രമേണ അതു പഴുക്കുകയും മുലക്കണ്ണിലൂടെ പഴുപ്പുവരികയും ചെയ്യും. ഉടനെ ചികിത്സ തുടങ്ങിയില്ലെങ്കില്‍ പഴുപ്പ് കല്ലുപോലെയാവും. രോഗിയെ ബോധംകെടുത്തി, സ്തനം കീറി പഴുപ്പു കളയേണ്ടിവരും.
സ്തനങ്ങളില്‍നിന്ന് പാല്‍ വരിക: ഗര്‍ഭിണിയല്ലാത്ത സ്ത്രീകള്‍ക്ക് സ്തനങ്ങളില്‍നിന്ന് പാല്‍ വരികയാണെങ്കില്‍ അതിനു കാരണം രക്തത്തില്‍ പ്രൊലാക്ടിന്‍ എന്ന ഹോര്‍മോണ്‍ കൂടുന്നതാണ്. സ്‌പെഷലിസ്റ്റിനെ കാണിച്ച് ചികിത്സ തുടങ്ങേണ്ടത് ആവശ്യമാണ്.
സ്തനങ്ങളില്‍നിന്ന് രക്തം വരിക: ഇത് കാന്‍സറിന്റെ ലക്ഷണമാവാനിടയുണ്ട്. ഉടനെ ഡോക്ടറെ കാണിച്ച് ചികിത്സ തുടങ്ങണം.
മുലക്കണ്ണ് വിണ്ടുകീറുക: ശിശുക്കള്‍ക്ക് മുലപ്പാല്‍ കൊടുക്കുന്ന സ്ത്രീകളില്‍ ഇത് കാണാറുണ്ട്. സാധാരണയായി ശിശു മുലപ്പാല്‍ വലിച്ചുകുടിക്കുമ്പോള്‍ മുലക്കണ്ണും അതിനു ചുറ്റുമുള്ള കറുത്ത ഭാഗവും ശിശുവിന്റെ വായ്ക്കുള്ളിലാവേണ്ടതാണ്. അതിനുപകരം മുലക്കണ്ണുമാത്രം ശിശുവിന്റെ വായ്ക്കുള്ളിലാവുമ്പോള്‍ മുലക്കണ്ണിന്റെ ചര്‍മം വിണ്ടുകീറുകയും പിന്നീട് പഴുക്കുകയും ചെയ്യുന്നു.
ഉള്ളിലേക്കു വലിഞ്ഞ മുലക്കണ്ണ്: ചില സ്ത്രീകളുടെ മുലക്കണ്ണുകള്‍ ഉള്ളിലേക്കു വലിഞ്ഞിരിക്കും. അപ്പോള്‍ ശരിയായ രീതിയില്‍ മുലപ്പാലൊഴുകാന്‍ തടസ്സം നേരിടുന്നു. അതുകൊണ്ട് ഗര്‍ഭിണിയെ ഡോക്ടര്‍ പരിശോധിക്കുമ്പോള്‍ സ്തനപരിശോധനയും നടത്തേണ്ടതാണ്. വലിഞ്ഞിരിക്കുന്ന മുലക്കണ്ണ് ശരിയാവുന്നില്ലെങ്കില്‍ മുലപ്പാല്‍ പിഴിഞ്ഞെടുത്ത് സ്പൂണ്‍കൊണ്ട് ശിശുവിനു നല്‍കാം.
സ്തനങ്ങളിലുണ്ടാകുന്ന മുഴകള്‍: സ്തനങ്ങളിലുണ്ടാകുന്ന മുഴകള്‍ നിരുപദ്രവകാരിയാവാം. അല്ലെങ്കില്‍ അര്‍ബുദംകൊണ്ടായിരിക്കാം. നിരുപദ്രവകാരിയായ മുഴകള്‍ പലപ്പോഴും ഹോര്‍മോണുകളുടെ ആധിക്യംകൊണ്ടായിരിക്കാം. അവ ചികിത്സിക്കുകയോ ശസ്ത്രക്രിയവഴി നീക്കംചെയ്ത് പരിശോധിക്കുകയോ ചെയ്യാം. എല്ലാ മുഴകളും കാന്‍സറായിരിക്കണമെന്നില്ലെങ്കിലും ചിലപ്പോള്‍ കാന്‍സറായി തീര്‍ന്നേക്കാം.
ഫൈബ്രോ അഡിനോമ: യുവതികളിലും കന്യകമാരിലും കാണപ്പെടുന്ന ഒരുതരം മുഴയാണിത്. സ്തനത്തിനുള്ളില്‍ എളുപ്പത്തില്‍ ചലിപ്പിക്കാവുന്ന, സാമാന്യം കട്ടിയുള്ള വേദനയില്ലാത്ത ഈ മുഴ ശസ്ത്രക്രിയകൊണ്ട് നീക്കം ചെയ്യാം. 35 വയസ്സിനുശേഷം സ്ത്രീകളില്‍ ഫൈബ്രോ അഡിനോമ കണ്ടുപിടിച്ചാല്‍ മാമ്മോഗ്രാഫി ചെയ്ത് അര്‍ബുദമുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്.
ഫൈബ്രോ അഡിനോസിസ് അഥവാ ഫൈബ്രോസിസ്റ്റിക് രോഗം: ചില സ്ത്രീകളില്‍ ആര്‍ത്തവകാലത്തുമാത്രം മാറിടത്തില്‍ വേദനയും മുഴകളും ഉണ്ടാവാറുണ്ട്. മധ്യവയസ്‌കരില്‍ കൂടുതല്‍ കാണപ്പെടുന്നു. ഇതിനെ ഫൈബ്രോ അഡിനോസിസ് എന്ന് വിളിക്കുന്നു.
ക്ഷയരോഗം: സ്തനത്തില്‍ ക്ഷയരോഗംകൊണ്ട് മുഴകളും പഴുപ്പും ഉണ്ടാവാനിടയുണ്ട്. ഇതിന് ക്ഷയരോഗത്തിനുള്ള ചികിത്സ നല്‍കണം. സ്തനങ്ങള്‍ക്കുണ്ടാകുന്ന ക്ഷതങ്ങളോ ചതവോ കാരണമായി മുഴകളുണ്ടാവാം.
കാന്‍സര്‍ കൊണ്ടുണ്ടാവുന്ന മുഴകള്‍ അധികവും വേദനരഹിതമായിരിക്കുമെങ്കിലും ചിലതരം കാന്‍സര്‍, വേദനയുള്ള മുഴകള്‍ ഉണ്ടാക്കാറുണ്ട്. സ്തനാര്‍ബുദം ഉണ്ടാവാന്‍ സാധ്യതയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം: ആര്‍ത്തവം വളരെ നേരത്തേ (8-9 വയസ്സില്‍) തുടങ്ങിയവര്‍, വളരെ വൈകി ആര്‍ത്തവ വിരാമം വന്നവര്‍, സ്തനാര്‍ബുദത്തിന്റെ കുടുംബപാരമ്പര്യമുള്ളവര്‍, 60-65 വയസ്സിനുശേഷം സ്തനാര്‍ബുദ സാധ്യത കൂടുന്നു.
അതുകൊണ്ട് വര്‍ഷത്തിലൊരിക്കലെങ്കിലും സ്തനപരിശോധനയും മാമ്മോഗ്രാഫിയും നടത്തേണ്ടതാണ്. കൂടുതലളവില്‍ ഹോര്‍മോണുകള്‍ അടങ്ങിയ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നവര്‍. മേല്‍പ്പറഞ്ഞ ഗ്രൂപ്പുകളില്‍പ്പെടുന്ന സ്ത്രീകള്‍ ഇടയ്ക്കിടെ പരിശോധനയ്ക്ക് വിധേയരാവേണ്ടതാണ്.
സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍: വിശപ്പില്ലായ്മ, തൂക്കം കുറയല്‍, സ്തനത്തില്‍ മുഴകള്‍, സ്തനത്തിന്റെ ഏതെങ്കിലും ഭാഗം കല്ലുപോലെ കട്ടികൂടിയിരിക്കുക, സ്തനത്തിലെ മുഴയ്ക്കുമുകളിലുള്ള ചര്‍മം അകത്തേക്ക് വലിഞ്ഞ് കാണപ്പെടുക, സ്തനത്തിലെ മുഴയ്ക്ക് മുകളില്‍ മുലക്കണ്ണ് ഉള്ളിലേക്ക് വലിഞ്ഞിരിക്കുക, സ്തനത്തില്‍ നീര്, ചുവപ്പുനിറം, തൊടുമ്പോള്‍ ചൂട് എന്നിവ, മുലക്കണ്ണിലൂടെ രക്തമോ ചുവന്ന ദ്രാവകമോ ബ്രൗണ്‍ നിറമുള്ള ദ്രാവകമോ വരിക, കക്ഷത്തില്‍ മുഴ, സ്തനങ്ങളുടെ വലിപ്പത്തിലോ ആകൃതിയിലോ വ്യത്യാസം, മുലക്കണ്ണില്‍ ചുവപ്പോ ചൊറിച്ചിലോ പൊറ്റകെട്ടലോ ഉണ്ടാവുക. മേല്പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ഡോക്ടറെ സമീപിച്ച് ചികിത്സ തുടങ്ങണം.
കാന്‍സര്‍ തടയാന്‍ മാര്‍ഗങ്ങള്‍: അമിതവണ്ണം കുറയ്ക്കുക, കൃത്യമായി വ്യായാമം ചെയ്യുക, അധികം കൊഴുപ്പുള്ളതും എണ്ണയില്‍ വറുത്തതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക, സമീകൃതാഹാരം കഴിക്കുക, പുകവലി, മദ്യപാനം എന്നീ ശീലങ്ങള്‍ ഉണ്ടെങ്കില്‍ നിര്‍ത്തുക, കുട്ടികള്‍ക്ക് കഴിയുന്നത്ര മുലപ്പാല്‍ നല്‍കാന്‍ ശ്രമിക്കുക, എല്ലാ മാസവും ആര്‍ത്തവത്തിനുശേഷം ഏകദേശം ഏഴ് ദിവസം കഴിയുമ്പോള്‍ സ്വയം സ്തനപരിശോധന നടത്തുക, പ്രായത്തിനനുസരിച്ച് നിര്‍ദിഷ്ട കാലയളവില്‍ ഡോക്ടറെക്കൊണ്ട് സ്തനപരിശോധനയും മാമ്മോഗ്രാഫിയും നടത്തിക്കുക.