ശാരീരിക ബുദ്ധിമുട്ടുകള്‍ തുറന്നു പറയാന്‍ സ്ത്രീകള്‍ പൊതുവേ മടികാണിക്കും. പ്രത്യേകിച്ച് സ്ത്രീകളുടെ മാത്രം ആരോഗ്യപ്രശ്‌നങ്ങള്‍. പല വിഷയങ്ങളും മറ്റൊരാളോട് പങ്കു വയ്ക്കുവാന്‍ അവര്‍ക്ക് മടിയും പേടിയും നാണവുമാണ്. ചിലപ്പോള്‍ തുറന്ന് സംസാരിക്കുവാന്‍ പറ്റിയ ഒരു കൂട്ടുകാരനോ കൂട്ടുകാരിയോ ഇല്ലാത്തതാവാം കാരണം. ആരോഗ്യപ്രശ്‌നങ്ങള്‍ തുറന്നു പറയാന്‍ മടിക്കുന്നതിനാല്‍ പലപ്പോഴും പ്രശ്‌നങ്ങള്‍ ഗുരുതരമാവുന്ന നിലയില്‍ എത്തിച്ചേരും.
ശാരീരിക പ്രശ്‌നങ്ങള്‍
സാധാരണരീതിയില്‍ പ്രത്യുല്‍പാദനാവയം അഥവാ ജനനേന്ദ്രിയം സംബന്ധമായ കാര്യങ്ങള്‍ സ്ത്രീകള്‍ തുറന്ന് പറയുവാന്‍ ആഗ്രഹിക്കാറില്ല. മിക്കതും ശാരീരിക പരിശോധന കൊണ്ടോ മറ്റു ചെറിയ പരീക്ഷണങ്ങള്‍ വഴിയോ അസുഖം കണ്ടുപിടിച്ച് മരുന്നുകള്‍ ഉപയോഗിച്ച് ചികിത്സിക്കാവുന്നതേയുള്ളൂ.
വെള്ളപോക്ക്
എല്ലാ സ്ത്രീകള്‍ക്കും ചെറിയ തോതില്‍ യോനി സ്രവം ഉണ്ടാകാറുണ്ട്. ആര്‍ത്തവചക്രമനുസരിച്ച് ഈ സ്രവത്തില്‍ വ്യത്യാസങ്ങള്‍ കാണാറുണ്ട്. അണ്ഡോല്‍പ്പാദനത്തിന് മുമ്പ് തെളിഞ്ഞതും വലിയുന്നതുമായിരിക്കും. അതിനുശേഷം, ഇത് കട്ടിയുള്ളതും ഒട്ടിപ്പിടിക്കുന്നതുമായി തീരുന്നു. അണുബാധ, ബാക്റ്റീരിയല്‍ വജിനോസിസ്, പൂപ്പല്‍ രോഗം (കാന്‍ഡിഡയാസിസ്) എന്നിവയാണ് സ്വാഭാവികമായി അധികമായിയുണ്ടാകുന്ന സ്രവം. ഇത് കൂടാതെ ഗര്‍ഭാശയഗളത്തിന്റെ പോളിപ്, മുഴ, യോനിയുടെ അകത്തു പാഡ് വയ്ക്കുക എന്നിവയുമാകാം. അണുബാധ മൂലമുണ്ടാകുന്ന ചൊറിച്ചിലോ, സ്രവത്തില്‍ നിറവ്യത്യാസമോ, ദുര്‍ഗന്ധമോ കൂടാതെ അടിവയറുവേദന, പുകച്ചില്‍ എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകാം. വജിനോസിസില്‍ മീനിന്റെ മണമുള്ള നേര്‍ത്ത സ്രവമാണ് ഉണ്ടാകുക. പക്ഷെ, പൂപ്പല്‍ ബാധയില്‍ തൈര് പോലെ വെളുത്ത സ്രവമായിരിക്കും. ട്രൈക്കോമോണസ് അണുബാധയാട്ടെ ഇളം പച്ച നിറത്തിലും കാണപ്പെടുന്നു.
മൂത്രത്തില്‍ പഴുപ്പ് ഉണ്ടെങ്കില്‍ മൂത്രമൊഴിക്കുമ്പോള്‍ നീറ്റലോ കൂടെക്കൂടെ മൂത്രമൊഴിക്കുവാന്‍ തോന്നുകയോ അടിവയറുവേദനയോ ഉണ്ടാകാം. മലബന്ധമുണ്ടെങ്കില്‍ മലദ്വാരത്തില്‍ വേദനയോ പൊട്ടലോ അര്‍ശസോ ഉണ്ടാകാം. പരിശോധനകള്‍ ചെയ്ത് അസുഖം സ്ഥിരീകരിച്ച ശേഷം ശരിയായ ചികിത്സ തേടിയില്ലെങ്കില്‍ മറ്റ് സങ്കീര്‍ണതകളിലേക്ക് ചെന്നെത്തും.
ലൈംഗികരോഗങ്ങള്‍
ഇതില്‍ ഉള്‍പ്പെടുന്നതാണ് ട്രൈക്കോമോണസ് വാജിനാലിസ്, ക്ലമീഡിയ, ഗൊണേറിയ എന്നിവ. വയറു വേദന, ഡിസ്ചാര്‍ജ് (വെള്ളപോക്ക്), പുണ്ണുകള്‍, മൂത്രമൊഴിക്കുമ്പോള്‍ വേദന, മൂത്രനാളിയില്‍ നിന്ന് സ്രവം എന്നീ ലക്ഷണങ്ങള്‍ ഉണ്ടാവാം. പരിശോധനകള്‍ വഴി രോഗം സ്ഥിരീകരിക്കുകയും മരുന്നുകള്‍ നല്‍കി ചികിത്സിക്കുകയും ചെയ്യുക. ലൈംഗികമായി പടരുവാന്‍ സാധ്യത ഉള്ളത് കൊണ്ട്തന്നെ പങ്കാളിയെയും ചികിത്സിക്കേണ്ടിയിരിക്കുന്നു. ഇത്തരം രോഗക്കാര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുകയും വേണം.
ഹെര്‍പീസ് വൈറസ്, ഹ്യൂമന്‍ പാപ്പിലോമാ വൈറസ് എന്നിവയും ലൈംഗികമായി പടരുന്നതാണ്. എച്ച്പി വി വൈറസ് ചെറിയ കുമിളകള്‍ ഉണ്ടാക്കുന്നു. ഗര്‍ഭാശയഗള അര്‍ബുദത്തിന് ഇവ കാരണമായേക്കാം. ഇതിനെതിരെ കുത്തിവയ്പും എടുക്കാവുന്നതാണ്. ഇന്ന് ഗര്‍ഭിണികളില്‍ സാധാരണ പരിശോധിക്കുന്നത് കൂടാതെ മറ്റ് ലൈംഗികരോഗങ്ങള്‍ ഉള്ളവരിലും പരിശോധന നടത്തുന്നു. ഒന്നില്‍ കൂടുതല്‍ പങ്കാളികള്‍ ഉള്ളവരിലും സ്വവര്‍ഗരതിക്കാരിലുമാണ് ഈ പ്രശ്‌നം അധികമായും കണ്ടുവരുന്നത്.
ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നീ വൈറസുകള്‍ക്കും ലൈംഗികമായി പടരുവാനുള്ള സാധ്യത കൂടുതലാണ്. ലൈംഗികപരമായ ജീവിതശൈലിയില്‍ അപായഹേതുക്കളുള്ളവര്‍ തീര്‍ച്ചയായും ഈ അണുക്കള്‍ക്ക് എതിരെയുള്ള പരിശോധനകള്‍ നടത്തേണ്ടിയിരിക്കുന്നു. ഹെപ്പറ്റൈറ്റിസ് ബി യ്ക്ക് എതിരെയുള്ള കുത്തിവയ്പും എടുക്കാവാന്നതാണ്. ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗം ഒരു പരിധി വരെ ലൈംഗിക രോഗങ്ങളില്‍ നിന്ന് രക്ഷ നല്‍കുന്നു. ശരിയായ രീതിയുള്ള ലൈംഗികാരോഗ്യം അഭ്യസിച്ചാല്‍ തന്നെ പല അസുഖങ്ങളില്‍ നിന്ന് സ്വയംരക്ഷ നേടാം.
ഗര്‍ഭാശയഗള അര്‍ബുദം
സ്ത്രീകളില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന അര്‍ബുദമാണ് സര്‍വിക്കല്‍ ക്യാന്‍സര്‍/ഗര്‍ഭാശയഗള അര്‍ബുദം. ഹ്യൂമന്‍ പാപ്പിലോമാ വൈറസാണ് ഇതിനൊരു കാരണം. വൈറസിനെ ചെറുക്കുവാന്‍ പ്രതിരോധകുത്തിവയ്പ്പും ലഭ്യമാണ്. രക്തസ്രാവം അഥവാ ബന്ധപ്പെടലിനുശേഷമുള്ള രക്തസ്രാവം, വെള്ളപോക്ക്, അടിവയറുവേദന എന്നിവ ഗര്‍ഭാശയഗളത്തിന്റെ ലക്ഷണങ്ങളാണ്. പ്രാരംഭത്തില്‍ ലക്ഷണങ്ങള്‍ ഒന്നുംതന്നെ ഇല്ലെന്നിരിക്കെ ഒരു സരളമായ പരിശോധന വഴി ഈ രോഗം കണ്ട് പിടിക്കാവുന്നതാണ്. ഈ മുന്‍കൂര്‍ പരിശോധനയാണ് പാപ്‌സ്മിയര്‍ ടെസ്റ്റ്. ടെസ്റ്റിലൂടെ ഗര്‍ഭാശയഗളത്തില്‍ നിന്നും കോശങ്ങള്‍ എടുത്ത് പരിശോധിക്കുന്നു. അണുബാധയോ അഥവാ കാന്‍സറോ കണ്ടുപിടിക്കുന്നതനുസരിച്ച് ചികിത്സ നല്‍കുന്നു.
ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍
പതിനാറ് വയസുവരെ ആര്‍ത്തവം തുടങ്ങില്ലെങ്കില്‍ പെണ്‍കുട്ടിയെ തീര്‍ച്ചയായും ചികിത്സയ്ക്ക് വിധേയമാക്കേണ്ടതാണ്. ആര്‍ത്തവം ആരംഭിച്ചതിനുശേഷം മുറയ്ക്ക് വരാതിരുന്നാലും രക്തസ്രാവം കുറവാണെങ്കിലും അതിന്റെ കാരണം കണ്ടെത്തുക. ഗര്‍ഭധാരണം കൂടാതെ എക്‌ടോപിക് ഗര്‍ഭം, പിറ്റിയൂട്ടറി ഗ്രന്ഥിയുടെ മുഴയോ, അണ്ഡാശയത്തിലെ പിസിഒഎസ് എന്ന പ്രശ്‌നങ്ങളോക്കെ കാരണങ്ങളാകാം.
ആര്‍ത്തവം ശരിയല്ലെങ്കിലോ, ആര്‍ത്തവസമയത്ത് അമിത രക്തസ്രാവം ഉണ്ടെങ്കിലോ അല്ലെങ്കില്‍ അമിതമായി വയറുവേദനയുണ്ടെങ്കിലോ ഹോര്‍മോണുകളുടെ പ്രശ്‌നമോ ഗര്‍ഭപാത്രത്തിന്റയോ അണ്ഡാശയത്തിന്റെയോ പ്രശ്‌നമോയാകാം. എന്‍ഡോമെട്രിയോസിസ് എന്ന അസുഖത്തില്‍ അടിവയറുവേദന കൂടാതെ മാസമുറയോടൊപ്പമുള്ള വേദനയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴുള്ള വേദനയും ഉണ്ടാകുന്നു. അമിതമായ ആര്‍ത്തവം, മൂത്രാശയമോ വന്‍കുടലിലെ പ്രശ്‌നമോ ഉണ്ടാകാം.
ആര്‍ത്തവത്തോടനുബന്ധിച്ച് ഹോര്‍മോണുകളുടെ വ്യതിയാനം മൂലം ശാരീരിക അസ്വസ്ഥകള്‍ ഉണ്ടാകുന്നതിനെയാണ് പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം എന്ന് പറയുന്നത്. ആര്‍ത്തവവിരാമത്തോട് കൂടിയും ചില ലക്ഷണങ്ങളും മാനസികപ്രശ്‌നങ്ങളും ഉണ്ടാകാം. തീവ്രമായ അവസ്ഥയില്‍ ഇവ ചികിത്സിച്ച് ഒരു പരിധി വരെ ആശ്വാസം ലഭിക്കാവുന്നതാണ്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് ശേഷമാണ് രക്തസ്രാവമെങ്കില്‍ അഥവാ രണ്ടു മാസമുറകള്‍ക്കിടയിലോ രക്തസ്രാവം ഉണ്ടാകുകയാണെങ്കില്‍ അത് ഗര്‍ഭാശയ അര്‍ബുദത്തിന്റെ ലക്ഷണമാകാം. നിസാരമായി കാണാതെ, ഭയപ്പെടാതെ ചികിത്സ തീര്‍ച്ചയായും തേടുക.
ഗര്‍ഭാശയം, അണ്ഡാശയം
മാംസപേശികളുടെ അയവ് മൂലമാണ് ഗര്‍ഭപാത്രം അല്ലെങ്കില്‍ ആമാശയം കീഴ്‌പോട്ടേക്ക് വരുന്നത്. അല്ലെങ്കില്‍ ചുമയ്ക്കുമ്പോള്‍ മൂത്രം അറിയാതെ പോകുന്നു. ആരംഭത്തില്‍ ചില വ്യായാമങ്ങള്‍ ചെയ്ത് ഒരു പരിധി വരെ നിയന്ത്രിക്കാം. അത് കൂടാതെ മറ്റു കാരണങ്ങള്‍ കണ്ടുപിടിച്ച്് മരുന്നുകള്‍ വഴിയോ ശസ്ത്രക്രിയ വഴിയോ പ്രശ്‌നം പരിഹരിക്കാം. അണ്ഡാശയത്തിലെ മുഴകള്‍, സിസ്റ്റുകള്‍ എന്നിവ ഉണ്ടാകാം. സാധരണ ഒരു വയറിന്റെ സോണോഗ്രാം സ്‌കാന്‍ വഴി കണ്ടുപിടിച്ച് ചികിത്സിക്കാവുന്നതാണ്.
ഗര്‍ഭനിരോധനം
ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ഇന്ന് പലതും ലഭ്യമാണെങ്കിലും ഇതിന് അത്ര സ്വീകാര്യത ലഭിച്ചിട്ടില്ല. ഗര്‍ഭനിരോധനത്തിന് ഏതു മാര്‍ഗമാണ് സ്വീകരിക്കേണ്ടതെന്ന കാര്യം പങ്കാളികള്‍ ഇരുവരും ചേര്‍ന്ന് തീരുമാനിക്കേണ്ടതാണ്. ഗര്‍ഭം ധരിച്ചതിനുശേഷം അത് അലസിപ്പിക്കുന്നതിലും നല്ലത് വിദഗ്ധ നിര്‍ദേശങ്ങളോടുകൂടി ഒരു മാര്‍ഗം സ്വീകരിക്കുക എന്നതാണ്. ഇനി അഥവാ ഗര്‍ഭം അലസിപ്പിക്കേണ്ട ഒരവസരം ഉണ്ടാകുകയാണെങ്കില്‍ അതും അംഗീകരിക്കപ്പെട്ട ആശുപത്രിയില്‍ നിന്ന് മാത്രം ചെയ്യുക.
വന്ധ്യത
പല ദമ്പതിമാരും കുട്ടികളുണ്ടാവാത്തതിന്റെ കാരണമറിയുവാനും പ്രതിവിധി സ്വീകരിക്കാനും വൈമനസ്യം കാണിക്കാറുണ്ട്. മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്നതാണ് പലരുടെയും ചിന്ത. ജന്മനായുള്ള തകരാറുകള്‍ കൂടാതെ, ബാഹ്യ ജനനേന്ദ്രിയാവയവങ്ങളില്‍ അണുബാധ, ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അനുഭവപ്പെടുന്ന വേദനയും യോനിയുടെ പ്രശ്‌നങ്ങളും ഗര്‍ഭശയഗള പ്രശ്‌നങ്ങള്‍, ഫലോപ്യന്‍ നാളികളുടെ പ്രശ്‌നങ്ങള്‍, പിസീഓഎസ് ഉള്‍പ്പെടെ അണ്ഡാശയങ്ങളുടെ പ്രശ്‌നങ്ങള്‍, ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ, കാലപ്പഴക്കമുള്ള അസുഖങ്ങള്‍ എന്നിങ്ങനെ നീളുന്നു പട്ടിക. സാമ്പത്തികപ്രശ്‌നങ്ങളും ചെലവുകളും മറ്റു ചിലരെ ചികിത്സയില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. പക്ഷെ യുക്തിപരമായ രീതിയില്‍ മുന്നോട്ട് പോവുകയും സമയം പാഴാക്കാതെ ഉചിതമായ ചികിത്സ സ്വീകരിക്കുകയുമാണ് വേണ്ടത്. ചിലപ്പോള്‍ വയറിന്റെ സോണോഗ്രാം ചെയ്യേണ്ടി വരാം. അല്ലെങ്കില്‍ ലാപ്പറോസ്‌കോപി പോലെയുള്ള ശസ്ത്രക്രിയ വേണ്ടി വന്നേക്കാം. ഇതുപോലെയുള്ള പ്രശ്‌നങ്ങള്‍ എത്രയും നേരത്തെ ചികിത്സിക്കുന്നതാണ് നല്ലത്.
സ്തനാര്‍ബുദം
സ്തനാര്‍ബുദം ലോകത്തില്‍ തന്നെ ഏറ്റവും വ്യാപകമായ രോഗമാണ്. സ്തനങ്ങളുടെ ആകാരം, രൂപം, വലിപ്പവ്യത്യാസം, വെളിയില്‍ കാണുന്ന മുഴ, തൊലിപ്പുറത്തുള്ള ചുവന്ന തടിപ്പ്, ചുളിവുകള്‍, ഓറഞ്ചിന്റെ തൊലി പോലെ കാണപ്പെടുക, സ്തനങ്ങളുടെ ഉള്ളില്‍ ഉള്ള മുഴകള്‍, മുലഞെട്ടുകള്‍ ഉള്ളിലേക്ക് വലിഞ്ഞിരിക്കുക, മുലഞെട്ടുകളില്‍ നിന്ന് ദ്രാവകം, പുണ്ണ്, ശലകങ്ങള്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍. സ്തനാര്‍ബുദം കണ്ടുപിടിക്കുകയാണെങ്കില്‍ ചികിത്സിക്കാന്‍ മാസാമാസം ചെയ്യാവുന്ന സ്വയം സ്തന പരിശോധനയാണ് ഏറ്റവും എളുപ്പമായിട്ടുള്ള മാര്‍ഗം. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ വൈദ്യസഹായം തേടുക.
ആവശ്യമുണ്ടെങ്കില്‍ ഡോക്ടര്‍ മറ്റ് പരിശോധനകളായ അള്‍ട്രാസൗണ്ട്, മാമ്മോഗ്രാം, ബയോപ്‌സി എന്നിവ ശുപാര്‍ശ ചെയ്യും. ആറു മാസം വരെ കുഞ്ഞിന് മുലപ്പാല്‍ മാത്രം കൊടുക്കുന്നത് സ്തനാര്‍ബുദം വരാനുള്ള സാധ്യത കുറയ്ക്കുന്നു.
ജീവിതശൈലി രോഗങ്ങള്‍
പ്രമേഹം, രക്താതിസമ്മര്‍ദം, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്‌നങ്ങള്‍, ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍, മറ്റ് അര്‍ബുദങ്ങള്‍ എന്നിവ ലക്ഷണങ്ങള്‍ അനുസരിച്ച് എത്രയും നേരത്തെ കണ്ടുപിടിച്ച് ചികിത്സ തേടുന്നതാണ് ഉത്തമം. മുറയ്ക്കുള്ള ശരീരപരിശോധന എല്ലാ വര്‍ഷവും നടത്തുകയാണെങ്കില്‍ മറ്റു ജീവിതശൈലീരോഗങ്ങള്‍ ഉണ്ടോയെന്ന് അറിയുകയും അവ ചികിത്സിച്ച് ഭേദമാക്കാവുന്നതുമാണ്. കൂടാതെ ചികിത്സകനെ കാണുമ്പോള്‍ എന്തെങ്കിലും സംശയങ്ങളും ദൂരീകരിക്കാവുന്നതാണ്.
മാനസികാരോഗ്യ പ്രശ്‌നങ്ങള്‍
ശാരീരികമായ വ്യത്യാസങ്ങള്‍ കൂടാതെ മാനസികമായും സ്ത്രീകളും പുരുഷന്മാരും തമ്മില്‍ വ്യത്യാസങ്ങളുണ്ട്. ഇതുമൂലം ഒരേപോലെയുള്ള സാഹചര്യങ്ങളിലും അനുഭവങ്ങളിലും ഒരു സ്ത്രീയും പുരുഷനും പ്രതികരിക്കുന്നതില്‍ വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ പുരുഷന്മാരിലും സ്ത്രീകളിലും കണ്ടുവരുന്ന മാനസിക പ്രശ്‌നങ്ങളും വിഭിന്നമാണ്. ചില മാനസിക രോഗങ്ങള്‍ സ്ത്രീകളില്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. കൂടാതെ മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുന്നതും സ്ത്രീകളില്‍ കുറവായിട്ടാണ് കണ്ടു വരുന്നത്.
വിഷാദരോഗം
വിഷാദരോഗത്തിന്റെ മുഖ്യലക്ഷണങ്ങള്‍, രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ദൈനംദിനജീവിതത്തില്‍ ചെയ്തിരുന്ന പ്രവൃത്തികളില്‍ സന്തോഷം കിട്ടാതിരിക്കുക അല്ലെങ്കില്‍ താല്‍പര്യക്കുറവ്, ആശയില്ലാതിരിക്കുക, ഉറക്കക്കുറവ്, അമിത ഉറക്കം, ഉന്മേഷമില്ലായ്മ, രുചിക്കുറവോ കൂടുതലോ, പരാജയമായെന്ന തോന്നല്‍/മൂല്യക്കുറവ്, ശ്രദ്ധക്കുറവ്, വേവലാതി അല്ലെങ്കില്‍ മന്ദഗതി, ആത്മഹത്യാപ്രവണത എന്നിവ. കൂടാതെ നൈരാശ്യം, സങ്കടം, ലൈംഗികവിരസത എന്നിവയും ഉണ്ടാകാം. പക്ഷെ അത് മറ്റുള്ളവര്‍ അറിഞ്ഞാല്‍ എന്ത് വിചാരിക്കും എന്നോര്‍ത്ത് നമ്മള്‍ ആരോടും പറയാന്‍ കൂട്ടാക്കുന്നില്ല. രോഗലക്ഷണങ്ങളുടെ ആരംഭത്തില്‍ തന്നെ വിവരങ്ങള്‍ ഒളിപ്പിച്ചു വയ്ക്കാതെ ഏറ്റവും
വേണ്ടപ്പെട്ടവരോടോ വിശ്വസ്തരോടോ സംസാരിക്കുകയും വിഷമം പങ്കു വയ്ക്കുകയും ചെയ്യുക. മരുന്നുകളോ വ്യവഹാരചികിത്സയോ അല്ലെങ്കില്‍ രണ്ടും ഉപയോഗിച്ചോ ചികിത്സിക്കാവുന്നതാണ്.
ഉത്കണ്ഠ
ചെറിയ കാര്യങ്ങള്‍ക്കുവരെ ഭീതി, പിരിമുറുക്കം, നെഞ്ചിടിപ്പ് എന്നിവയാണ് ലക്ഷണങ്ങള്‍. ഉത്കണ്ഠ ഉള്ളവരില്‍ അനുപാതമില്ലാതെയും അകാരണമായിട്ടുമായിരിക്കും ഈ അവസ്ഥ ഉണ്ടാകുക. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കൂടാതെ, ശാരീരികമായി ക്ഷീണം, തലവേദന, ദേഷ്യം, മാംസപേശികളില്‍ പിരിമുറുക്കം, ശ്രദ്ധക്കുറവ്, നെഞ്ചിടിപ്പ്, വയറിളക്കം, ശ്വാസംമുട്ട് വരെ ഉണ്ടാകാം. സമ്മര്‍ദം കുറയ്ക്കുവാന്‍ വേണ്ടിയുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുക, ചികിത്സ തേടുന്നതും അനിവാര്യമാണ്.
ലൈംഗിക പ്രശ്‌നങ്ങള്‍
ലൈംഗികത ഇന്നും നമ്മുടെ സമൂഹത്തില്‍ ആരും സംസാരിക്കാത്ത ഒരു വിഷയമാണ്. ഈ വിഷയത്തെക്കുറിച്ച് സ്‌കൂളിലും കോളജുകളില്‍ പോലും ഒരു പാഠ്യവിഷയമായി അധ്യാപകര്‍ പറഞ്ഞു കൊടുക്കുന്നില്ല, രക്ഷകര്‍ത്താക്കളും മടിക്കുന്നു. ഈ വിഷയങ്ങളെ കുറിച്ചറിയുവാനുള്ള ശരിയായ സ്രോതസ്സുകളും അധികം ലഭ്യമല്ല.
ലൈംഗിക താല്‍പര്യം
ഒരാള്‍ക്ക് സ്വന്തം ലിംഗത്തിലെയോ എതിര്‍ലിംഗത്തിലെയോ ആളുമായി ആകര്‍ഷണം തോന്നാം. ഒരേ ലിംഗവുമായി സ്വയം ധാരണ ഉള്‍ക്കൊള്ളുന്നുവെങ്കില്‍ സ്വവര്‍ഗപ്രേമി ലെസ്ബിയന്‍ എന്ന് വിശേഷിപ്പിക്കുന്നു.
ലൈംഗിക പ്രതികരണം
നാല് ഘട്ടങ്ങളാണ് ലൈംഗിക പ്രതികരണത്തിന്റെ ഭാഗമായി കണ്ടുവരുന്നത്. ആവേശം, സമനില, രതിമൂര്‍ച്ഛ, സമാപ്തി. സ്ത്രീകളില്‍ ലൈംഗികബന്ധത്തിന് ആഗ്രഹമുണ്ടെങ്കില്‍, അത് ഉത്തേജനത്തിലേക്കെത്തി വേദനയോ മറ്റും ഇല്ലെങ്കില്‍ ഈ ബന്ധം സന്തോഷം പ്രദാനം ചെയ്യുകയും അങ്ങനെ വീണ്ടും ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
തെറ്റിദ്ധാരണകള്‍ അഥവാ കെട്ടുകഥകള്‍
ആധുനികയുഗത്തില്‍ പല സ്രോതസുകളില്‍ കൂടെ വിവരം കിട്ടുന്നതിനാല്‍ പലപ്പോഴും ചില തെറ്റിധാരണകള്‍ ഉടലെടുക്കുകയും അവ ലൈംഗികബന്ധങ്ങളെ ബാധിക്കുകയും ചെയ്യുന്നു.
1. സ്ത്രീകള്‍ക്ക് ലൈംഗികബന്ധത്തിനേക്കാളും സ്‌നേഹമാണ് വേണ്ടത്.
2. സ്ത്രീകളേക്കാളും ശാരീരിക ബന്ധം ആവശ്യമുള്ളത് പുരുഷന്‍മാര്‍ക്കാണ്.
3. ആണുങ്ങളാണ് മുന്‍കൈ എടുക്കേണ്ടത് എന്ന് മാത്രമല്ല, ലൈംഗികബന്ധത്തിനെക്കുറിച്ച് വിശദമായി അറിഞ്ഞിരിക്കേണ്ടതും പുരുഷന്മാര്‍ തന്നെയാണ്.
4. ലൈംഗികബന്ധം എന്ന് പറഞ്ഞാല്‍ ശാരീരികബന്ധം മാത്രമാണ്.
5. പുരുഷന്മാര്‍ പ്രത്യേകിച്ച് വികാരങ്ങള്‍ കാണിക്കുവാന്‍ പാടില്ല.
6. പുരുഷന്മാര്‍ക്ക് മാത്രമേ പങ്കാളിക്ക് ലൈംഗികസുഖം കൊടുക്കുന്നതിന് ഉത്തരവാദിത്വമുള്ളൂ.
7. എപ്പോള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാലും അത് രതിമൂര്‍ച്ഛയില്‍ ചെന്നവസാനിക്കണം.
8. പ്രായം കൂടുംതോറും ശാരീരിക ബന്ധത്തിലേര്‍പ്പെടുവാനുള്ള താല്പര്യം കുറയുന്നു.
9. ഇരു പങ്കാളികളും ഒരേ സമയത്തു രതിമൂര്‍ച്ഛയില്‍ എത്തണം
സ്ത്രീകളിലെ ലൈംഗിക പ്രശ്‌നങ്ങള്‍
താത്പര്യക്കുറവും ഉത്തേജനക്കുറവ് ലൈംഗികതാല്പര്യക്കുറവും ഉത്തേജനക്കുറവും തമ്മിലുള്ള പരസ്പരവ്യവഹാരം സങ്കീര്‍ണമായിട്ടുള്ള ഒന്നാണ്. പ്രശ്‌നമുണ്ടെന്ന് സ്ഥിരീകരിക്കാന്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുവാനുള്ള താല്‍പര്യക്കുറവ് കൂടാതെ ലൈംഗികപരമായ ചിന്തകള്‍ ഉണ്ടാകാതിരിക്കുക. പങ്കാളിയുടെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങാതിരിക്കുക, സന്തോഷം ലഭിക്കാതിരിക്കുക, ലൈംഗിക ഉത്തേജനം ഉണ്ടാകുന്ന കാര്യങ്ങളിലും ഉത്തേജനം ഉണ്ടാകാതിരിക്കുക, മുന്‍കൈ എടുക്കാതിരിക്കുക, വികാരക്കുറവ് എന്നിങ്ങനെയുള്ള ഏതെങ്കിലും മൂന്ന് ലക്ഷണങ്ങള്‍ ആറ് മാസമെങ്കിലും ഉണ്ടായിരിക്കണം.
1. ലിംഗ പ്രവേശനത്തിന്റെ ബുദ്ധിമുട്ട്
ലിംഗപ്രവേശനത്തിനുള്ള ബുദ്ധിമുട്ട് ഉണ്ടാകാന്‍ പലകാരണങ്ങളുണ്ട്. അതില്‍ ചില കാരണങ്ങളാണ് വേദന ഉണ്ടാവുമോയെന്നുള്ള ഭയം, മറ്റസുഖങ്ങള്‍ മൂലം അടിവയറില്‍ വേദന, അല്ലെങ്കില്‍ വജിനിസ്മസ് എന്നിവ. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോഴുണ്ടാകുന്ന വേദനയ്ക്കാണ് ഡിസ്പാരൂനിയ എന്ന് പറയുന്നത്. യോനീമുഖത്തിലെ അണുബാധ, വഴങ്ങാത്ത കന്യാചര്‍മം, വ്യാസക്കുറവ്, സിസ്റ്റുകള്‍, മലദ്വാരത്തിലെ വിണ്ടുകീറല്‍ എന്ന പ്രശ്‌നങ്ങള്‍ കൂടാതെ, യോനിയുടെ മുഴകള്‍, വരള്‍ച്ച എന്നിവയും വേദനയുണ്ടാക്കാം. ഗര്‍ഭാശയഗളത്തിന്റെ അണുബാധ, അഡിനോമയോസിസ്, ഗര്‍ഭാശയത്തിലുണ്ടാകുന്ന നീര്‍ക്കെട്ട്, അണ്ഡാശയങ്ങളുടെ സ്ഥാനചലനം, അണുബാധ, എന്‍ഡോമെട്രിയോസിസ് എന്നിവയാണ് മറ്റു ചില കാരണങ്ങള്‍. വന്‍കുടലുമായി ആന്തരികാവയവങ്ങളുടെ ഒട്ടലും ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ വേദനയുണ്ടാക്കാം. ചട്ടക്കൂടിന്റെ എല്ലുകളുടെ അനക്കക്കുറവ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുവാനുള്ള ബുദ്ധിമുട്ടുണ്ടാകാം. ശസ്ത്രക്രിയ മൂലവും ബന്ധപ്പെടുമ്പോള്‍ വേദന ഉണ്ടാകാം. വേദന ബഹിര്‍മാത്രസ്പര്‍ശിയായതോ, തീവ്രമായതോ ചിലപ്പോള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷമോയാകാം.
കാരണങ്ങളെ കണ്ടുപിടിച്ച് മരുന്നുകള്‍ വഴിയോ, ശസ്ത്രക്രിയ വഴിയോ, മാനസികമായിട്ടുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതിനും പരിഹാരം ചെയ്യുക എന്നതാണ് ചികിത്സ. വേദനയുണ്ടാകുമോ എന്ന പേടി ചിലപ്പോള്‍ ചെറുപ്പത്തില്‍ ലൈംഗിക ഉപദ്രവം അനുഭവപ്പെട്ടത് കൊണ്ടോ അല്ലെങ്കില്‍ മുറിവേറ്റത് കൊണ്ടോ ആവാം.
2. വജിനിസ്മസ്
യോനിയുടെ മാംസപേശികളുടെ പിടുത്തം മൂലവും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുവാനുള്ള ബുദ്ധിമുട്ടുണ്ടാകാം.
3. രതിമൂര്‍ച്ഛയെത്താനുള്ള പ്രശ്‌നങ്ങള്‍
രതിമൂര്‍ച്ഛ വൈകിവരുകയോ വല്ലപ്പോഴും വരുകയോ ഒരിക്കലും വരാതിരിക്കുകയോ ചെയ്യാം. പല സ്ത്രീകളും വിചാരിക്കുന്നത് ഇത് പുരുഷന്മാര്‍ക്ക് മാത്രം വരുന്നതാണെന്നാണ്. ലിംഗത്തിനെ പോലെതന്നെ ആണ് ക്ലിറ്റോറീസ്. ക്ലിറ്റോറിസിന്റെയും ഉത്തേജനം ശരിയായ രതിമൂര്‍ച്ഛയ്ക്ക് വേണ്ടി ആവശ്യമാണ്. ഓരോ സ്ത്രീയുടെയും ആവശ്യമനുസരിച്ച് ഈ ഉത്തേജനം യോനിഭാഗങ്ങളിലോ ക്ലിറ്റോറിസിലോ അല്ലെങ്കില്‍ മറ്റു രീതികളിലാവാം.
ചികിത്സാ രീതി
ലൈംഗികതയെ കുറിച്ചുള്ള വ്യക്തമായ അറിവ് തീര്‍ച്ചയായും ആദ്യത്തെ പടിയാണ്. തെറ്റിധാരണകള്‍ മാറ്റുവാനും പ്രശ്‌നം എന്താണെന്ന് തീരുമാനിക്കാനും ഈ അറിവ് സഹായകരമാവും. മനസു തുറന്ന് സംസാരിച്ച് കൗണ്‍സിലിങ് വഴി ഒരു പരിധി വരെ ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ലഭിക്കാവുന്നതാണ്. മറ്റ് കാരണങ്ങളുടെ ചികിത്സയും അത്യാവശ്യമാണ്. ജീവിതപങ്കാളിക്കും അറിവ് നല്‍ക്കേണ്ടിയിരിക്കുന്നു. ശാരീരികമായും മാനസികമായും മറ്റ് ചികിത്സാരീതികളും ഉപയോഗിച്ച് ഒരു നല്ല ലൈംഗിക ജീവിതം ആസ്വദിക്കുവാന്‍ പറ്റുന്നതാണ്. കൃത്യമായ സമയത്തുതന്നെ നാണമോ ഭയമോ കൂടാതെ രഹസ്യങ്ങളെ ഉചിതമായ രീതിയില്‍ കൈകാര്യം ചെയ്ത് ജീവിതം ആസ്വദിച്ച് മുന്നേറുന്നതാണ് ജീവിക്കുന്നതിന്റെ വിജയം.