നാല്‍പ്പത്തഞ്ച് പിന്നിട്ട ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് രവികുമാര്‍. ഭാര്യയും ഉദ്യോഗസ്ഥയാണ്. മക്കള്‍ ഇരുവരും നഗരത്തിലെ ഒരു പ്രമുഖ പ്രൊഫഷണല്‍ കോളേജില്‍ പഠിക്കുന്നു. നല്ല നിലയില്‍ ജീവിക്കുന്ന കുടുംബം. തകര്‍ന്ന ഹൃദയവുമായാണ് അദ്ദേഹം സൈക്കോളജിസ്റ്റിനെ കണ്ടത്. എന്നാല്‍ അദ്ദേഹം സംസാരിച്ചു തുടങ്ങിയപ്പോള്‍ ആശങ്കപ്പെടേണ്ടതായി ഒന്നും ഇല്ലെന്നു മനസ്സിലായി.
ജീവിതത്തില്‍ ഒന്നിനും ഒരു ഉേډഷം തോന്നുന്നില്ല എന്നാണ് രവികുമാര്‍ പറഞ്ഞത്. ചെറുപ്പത്തില്‍ ജീവിതം ആസ്വാദ്യകരമായിരുന്നു. ഒന്നിനു പിന്നാലെ ഒന്നായി ഉത്തരവാദിത്തങ്ങള്‍ ജീവിതത്തിലേയ്ക്കു കടന്നുവന്നുകൊണ്ടിരുന്നു. പഠന ശേഷം ജോലി കണ്ടെത്താനായുള്ള ഓട്ടപ്പാച്ചില്‍, അതിനു ശേഷം വിവാഹം പിന്നെ കുട്ടികള്‍, അവരുടെ പഠനം അങ്ങനെ എല്ലാം ഒടുവില്‍ അവസാനിച്ചു.
ഇപ്പോള്‍ ജീവിതത്തിന് പ്രത്യേകിച്ചൊരു ലക്ഷ്യവുമില്ല. ദിവസവും ജോലിക്കു പോകുന്നു, മടങ്ങിയെത്തുന്നു. ഭാര്യയും അങ്ങനെ തന്നെ. കുട്ടികള്‍ അരികിലുണ്ടായിരുന്നപ്പോള്‍ അവരുടെ പഠനവും അവധിക്കാലവും യാത്രകളും ജീവിതത്തിലെ മടുപ്പ് അകറ്റിയിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ ദിവസവും ഒരു പോലെ തോന്നുന്നു.
ജീവിതം ഇങ്ങനെ വെറുതേ കടന്നു പോകുകയാണെന്ന് ഒരു തോന്നല്‍ – ഇത് രവിയുടെ മാത്രം പ്രശ്നമല്ല, നാല്‍പ്പത്തഞ്ചു പിന്നിട്ട വലിയൊരു വിഭാഗം ആളുകളും ഈ ചിന്താഗതിയില്‍ ജീവിതം തള്ളിനീക്കുന്നവരാണ്. ജീവിതത്തിന്‍റെ രസങ്ങളെല്ലാം അവസാനിച്ചു എന്ന ചിന്തയാണ് ഒന്നിനോടും താത്പര്യമില്ലാത്ത അവസ്ഥയില്‍ ഇവരെ കൊണ്ടെത്തിക്കുന്നത്. മറിച്ച്, ജീവിതത്തിന്‍റെ ഈ കാലവും ആസ്വദിക്കാനുള്ളതാണ് എന്ന് തിരിച്ചറിഞ്ഞാല്‍ ഈ മടുപ്പും ഉേډഷമില്ലായ്മയും തുടച്ചു നീക്കാന്‍ കഴിയും.
ഇത് പുതിയ തുടക്കം
ജീവിതം തുടക്കം മുതല്‍ അവസാനം വരെ ഒരുപോലെയല്ല. ഇനി അഥവാ അത് അങ്ങനെയായിരുന്നെങ്കില്‍ അതെത്ര വിരസമാകുമായിരുന്നു എന്ന് ആലോചിച്ചു നോക്കൂ. ജീവിതത്തിലെ ഓരോ കാലഘട്ടത്തിനും അതിന്‍റേതായ സൗന്ദര്യം ഉണ്ട്. യാതൊരുവിധ ഉത്തരവാദിത്തങ്ങളുടേയും ഭാരം ഇല്ലാത്ത തീര്‍ത്തും സ്വതന്ത്രമായ കാലഘട്ടമാണ് ഓരോരുത്തരുടേയും ശൈശവം. കൂട്ടുകാരും കളിപ്പാട്ടങ്ങളും കുസൃതികളും കുറുമ്പുകളും നിറഞ്ഞ കാലം. അതിനു ശേഷം ഓരോരുത്തരും വിദ്യാലയ മുറ്റത്തെത്തുന്നു. അവിടെ നിന്ന് പഠനമെന്ന ഉത്തരവാദിത്തം ജീവിതത്തിലേയ്ക്ക് പതിയ കടന്നു വരുന്നു. പഠനം പൂര്‍ത്തിയാക്കി കൗമാരം കടന്ന് യൗവ്വനത്തിലേയ്ക്ക് ചുവടു വയ്ക്കുന്നതോടെ ചുമതലകളുടെ ഭാരം കൂടി വരും. ജോലി കണ്ടെത്തി വിവാഹജീവിതത്തിലേയ്ക്ക് കടക്കാനുള്ള തയ്യാറെടുപ്പാണ് പിന്നെ. വിവാഹശേഷം കുട്ടികളുണ്ടായി അവരെ വളര്‍ത്തേണ്ട കടമ ഓരോരുത്തരിലും വന്നു ചേരുന്നു. എന്നാല്‍ മക്കള്‍ മുതിര്‍ന്നു കഴിയുമ്പോള്‍ ജീവിതത്തിന്‍റെ വേഗം കുറയുന്നതായി അനുഭവപ്പെടും. മക്കള്‍ പഠനവും ജോലിയുമെല്ലാമായി തിരക്കിലാകുമ്പോള്‍ സ്വന്തം ജീവിതം ശൂന്യമായ അവസ്ഥ. നാല്‍പ്പത്തഞ്ചുകളില്‍ ജീവിക്കുന്ന ഓരോരുത്തര്‍ക്കും ഇത്തരം ഒരു അനുഭവം പങ്കുവയ്ക്കാന്‍ ഉണ്ടാകും. എന്നാല്‍ ഇത് ജീവിതത്തിലെ സന്തോഷങ്ങളുടെ എല്ലാം അവസാനമായി കണക്കാക്കേണ്ടതില്ല. മറിച്ച് ചുമതലകളുടെ ഭാരമൊഴിഞ്ഞ് ജീവിതം ആവോളം ആസ്വദിക്കാന്‍ പറ്റിയ സമയമാണിത്. ഇത് ജീവിതത്തിലെ ഒരു പുതിയ തുടക്കമാണെന്ന് കണക്കാക്കാം. ഇത്രയും കാലം എന്തൊക്കെയോ സ്വന്തമാക്കാനുള്ള ഓട്ടമായിരുന്നു. എന്നാല്‍ ഇനി ഈ നിമിഷം മുതല്‍ ഞാന്‍ സ്വതന്ത്രനാണെന്ന് ചിന്തിക്കാം. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഈ സമയത്തെ നന്നായി ഉപയോഗിക്കുമെന്ന് പ്രതിജ്ഞയെടുക്കാം.
ഒന്നും അവസാനിച്ചിട്ടില്ല
ഒരു പ്രായം കഴിഞ്ഞാല്‍ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും അസ്തമിക്കും എന്ന ധാരണയില്‍ ജീവിക്കുന്നവരാണ് ബഹുഭൂരിഭാഗവും. ചെറുപ്പകാലം മനോഹരമായിരുന്നു. എന്നാല്‍ മധ്യവയസ്സ് പിന്നിട്ടാല്‍ ഒതുങ്ങിക്കൂടണം എന്നാണ് ഇവരുടെ ചിന്ത. ഇത് തീര്‍ത്തും തെറ്റാണ്. ചെറുപ്പകാലത്തെ പല തിരക്കുകള്‍ക്കിടയില്‍ ചെയ്യാന്‍ കഴിയാതെ പോയ പല കാര്യങ്ങളും ചെയ്യാനുള്ള അവസരമാണ് ഈ കാലം നിങ്ങള്‍ക്കു മുന്നില്‍ തുറന്നു തരുന്നത്. ചെറുപ്പത്തില്‍ നൃത്തം പഠിക്കണമെന്ന് ആഗ്രഹിച്ചിട്ടും നടന്നില്ല എങ്കില്‍ ഇപ്പോള്‍ അത് പഠിക്കാന്‍ തുടങ്ങാം. ഈ പ്രായത്തില്‍ നൃത്തപഠനമോ എന്ന മനോഭാവം മാത്രം മാറ്റിയാല്‍ നിങ്ങള്‍ക്ക് അതിനു സാധിക്കും. നൃത്തം മാത്രമല്ല, സംഗീതമോ ചിത്രംവരയോ അങ്ങനെ എന്തും പഠിക്കാം. ചെറുപ്പത്തില്‍ ഒരുപാട് സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെന്ന് മനസ്സില്‍ ആശിച്ചിട്ടുണ്ടാകും. എന്നാല്‍ തിരക്കുകള്‍ കാരണം പലപ്പോഴും അത് നടന്നെന്നു വരില്ല. എന്നാല്‍ താരതമ്യേന ഉത്തരവാദിത്തങ്ങള്‍ കുറഞ്ഞ ഈ സമയത്ത് യാത്രകള്‍ക്ക് സമയം കണ്ടെത്താന്‍ എളുപ്പമാണ്. ദീര്‍ഘകാലമായി ജോലി നോക്കുന്നവരാണെങ്കില്‍ അനുവദിച്ചു കിട്ടാവുന്ന അവധികളുടെ എണ്ണവും കൂടിയിട്ടുണ്ടാകും. ഇതും അനുകൂല ഘടകമാണ്. ഒറ്റയ്ക്കോ കുടുംബത്തിനൊപ്പമോ യാത്രകള്‍ പോകാം. ഇത് മനസ്സിന് ഉേډഷം തിരികെ നല്‍കും. സ്കൂളില്‍ പഠിച്ചിരുന്ന കാലത്തുള്ള സുഹൃത്തുക്കളുമായി പരിചയം പുതുക്കാം. സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ നിന്ന് അവരെ കണ്ടെത്താം. ഇടയ്ക്ക് ഒരുമിച്ചു കൂടാം. യാത്രകളോ ഔട്ടിങ്ങുകളോ പ്ലാന്‍ ചെയ്യാം. അതിലൂടെ കുസൃതിയും കുറുമ്പും നിറഞ്ഞ ആ കുട്ടിക്കാലത്തെ തിരികെ പിടിക്കാന്‍ ശ്രമിക്കാം.
അസുഖങ്ങള്‍ പിടിമുറുക്കുമ്പോള്‍
കാലചക്രം തിരിയുമ്പോള്‍ ഓരോരുത്തരുടേയും ജീവിതത്തിലേയ്ക്ക് വിളിക്കാതെ കയറി വരുന്ന അതിഥിയാണ് അസുഖം. പലതരം ശാരീരിക അവശതകള്‍ പിടിമുറുക്കുമ്പോള്‍ ജീവിതത്തില്‍ ഉേډഷക്കുറവ് അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ശരീരവും മനസ്സും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ശരീരം ക്ഷീണിക്കുമ്പോള്‍ ഒപ്പം മനസ്സും ക്ഷീണിക്കും. അതിനാല്‍ അസുഖങ്ങളെ അകറ്റി നിര്‍ത്താനുള്ള മുന്‍കരുതലുകള്‍ എടുക്കാം. ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമത്തിനായി നീക്കിവയ്ക്കാം. വൈകുന്നേരങ്ങളില്‍ ചെറിയ ദൂരം നടക്കാം. ഇത് മനസ്സിനും ഉേډഷം നല്‍കും. അസുഖത്തിന്‍റെ ചെറിയ ലക്ഷണങ്ങള്‍ പ്രകടമാകുമ്പോഴേയ്ക്കും തളര്‍ന്നു പോകുന്നവരാണ് ഒരു വിഭാഗം ആളുകള്‍. എന്നാല്‍ ഇത് പാടില്ല. മനസ്സിന് ചെറിയ തളര്‍ച്ച ബാധിച്ചാല്‍ അത് ശരീരത്തിലും പ്രതിഫലിക്കും. അസുഖങ്ങളെ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയും. എന്നാല്‍ മാനസികമായി തളര്‍ന്നാല്‍ ജീവിതത്തില്‍ നിന്ന് എല്ലാ സന്തോഷങ്ങളും പോയി മറയും. അതിനാല്‍ അസുഖങ്ങളെ കുറിച്ചോര്‍ത്ത് അമിതമായി ആശങ്കപ്പെടേണ്ടതില്ല. അതേസമയം കൃത്യസമയത്ത് ചികിത്സ തേടാനും ആരോഗ്യകരമായ ജീവിതരീതി പിന്തുടരാനും ശ്രമിക്കുക.
അലസത അകറ്റാം
ജീവിതം ഒരേ താളത്തില്‍ മുന്നോട്ടു പോകുമ്പോള്‍ അലസത പിടികൂടാനുള്ള സാധ്യത കൂടുതലാണ്. അതിനെ മറികടക്കാന്‍ എന്തെങ്കിലും കാര്യങ്ങളില്‍ സജീവമാകാന്‍ ശ്രമിക്കുക. ദൈനംദിന ജീവിതത്തിലെ ചുമതലകള്‍ക്ക് അപ്പുറം സ്വയം എന്തെങ്കിലുമൊക്കെ ചെയ്യാന്‍ സമയം കണ്ടെത്തുക. ജോലി നോക്കുന്ന ഒരാളാണെങ്കിലും കൃഷിയില്‍ താത്പര്യമുണ്ടെങ്കില്‍ എന്തെങ്കിലും നട്ടു വളര്‍ത്താന്‍ ശ്രമിക്കുക. സേവന-സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുണ്ടെങ്കില്‍ അതും ആകാം. അത്തരത്തില്‍ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഏതെങ്കിലും സംഘടനയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാം. മറ്റുള്ളവരുടെ ജീവിതത്തില്‍ വെളിച്ചം പകരാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ മനസ്സിന് സംതൃപ്തിയും സമാധാനവും കൈവരും. വായനാശീലം ഉള്ള വ്യക്തിയാണെങ്കില്‍ അടുത്തുള്ള ലൈബ്രറിയില്‍ അംഗത്വമെടുക്കാം. ദിവസവും അല്പനേരം വായനയ്ക്കായി നീക്കി വയ്ക്കാം. ചുറ്റുവട്ടത്ത് നടക്കുന്ന പൊതുപരിപാടികളില്‍ പങ്കെടുക്കാം. ജോലി-വീട് എന്ന ദിനചര്യമാറ്റി വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും കലാപരിപാടികള്‍ കാണാന്‍ പോകാം. മിക്ക നഗരങ്ങളിലും സംഗീതനാടകനൃത്ത പരിപാടികള്‍ അരങ്ങേറാറുണ്ട്. മിക്കയിടങ്ങളിലും ഇത് പൊതുജനങ്ങള്‍ക്ക് സൗജന്യമായി കാണാന്‍ സാധിക്കുകയും ചെയ്യും. ഇത്തരം അവസരങ്ങള്‍ ഉപയോഗിക്കാം. ഇത്തരത്തില്‍ എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കാന്‍ ശ്രമിച്ചാല്‍ ജീവിതത്തില്‍ ഉേډഷം വീണ്ടെടുക്കാന്‍ സാധിക്കും.
ജീവിതം നമുക്ക് ഒന്നേയുള്ളൂ. അത് ഓരോ നിമിഷവും ആസ്വദിക്കാന്‍ ശ്രമിക്കുക. ജീവിതത്തില്‍ നല്ലത്, മോശം എന്നിങ്ങനെ രണ്ടു കാലഘട്ടങ്ങള്‍ ഇല്ല. ജീവിതത്തിലെ ഓരോ കാലത്തിനും അതിന്‍റേതായ പ്രത്യേകതകള്‍ ഉണ്ട്. അത് ഉള്‍ക്കൊണ്ടു കൊണ്ടു ജീവിക്കാന്‍ ശ്രമിക്കുക. ഓരോരുത്തരുടേയും മനോഭാവമാണ് അവരവരുടെ ജീവിതത്തെ രൂപപ്പെടുത്തിയെടുക്കുന്നത്. ചുമതലകള്‍ തീര്‍ന്നുവെന്നും ജീവിതത്തില്‍ ഇനി ആസ്വദിക്കാന്‍ ഒന്നും ബാക്കി ഇല്ലെന്നും ഒരാള്‍ ചിന്തിച്ചാല്‍ അയാളുടെ ജീവിതം അങ്ങനെ തന്നെയായിത്തീരും. മറിച്ച്, ഓരോ ദിവസവും ആസ്വദിച്ചു കൊണ്ട് മുന്നോട്ടു പോകുമ്പോള്‍ ജീവിതം സന്തോഷഭരിതമായി മാറും.