close

February 2023

ആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )

സ്വകാര്യഭാ​ഗത്തെ ചർമരോ​ഗങ്ങൾ ചികിത്സിക്കാൻ മടിക്കരുത്, എല്ലാം ലൈം​ഗികരോ​ഗങ്ങളല്ല

പേജിലെ പുതിയ അപ്ഡേറ്റ്സ് whatsapp വഴി ലഭിക്കുവാൻ.  https://api.whatsapp.com/send?phone=447868701592&text=subscribe

 

സ്വകാര്യഭാഗങ്ങളില്‍ ചര്‍മരോഗങ്ങള്‍ ഉണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ ഇതിനെപ്പറ്റി തുറന്നുസംസാരിക്കാനോ ചികിത്സ തേടാനോ പലരും തയ്യാറാകാറില്ല. ജനനേന്ദ്രിയ ഭാഗങ്ങളിലെ ചര്‍മരോഗങ്ങളെ ലജ്ജാവഹമായാണ് പലരും കാണുന്നത്. ലൈംഗിക വിദ്യാഭ്യാസത്തിലുള്ള പിഴവുകളും അബദ്ധധാരണകളും സമൂഹത്തിന്റെ കാഴ്ചപ്പാടുകളുമൊക്കെ ഇതിന് കാരണമാണ്. ഫലമോ, ഇത്തരം പല ചര്‍മരോഗങ്ങളും സങ്കീര്‍ണമായിത്തീരുന്നു. അതുമൂലം ചികിത്സയും ബുദ്ധിമുട്ടാകും. ഇന്ത്യയില്‍ മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ആളുകളില്‍ ലൈംഗിക രോഗബാധ കണ്ടുവരുന്നുണ്ട്. സ്വകാര്യഭാഗങ്ങളിലെ ചര്‍മരോഗങ്ങളുമായി വലയുന്നവരുടെ എണ്ണം ഇതിലും കൂടും.

പറയാന്‍ മടിവേണ്ട

സ്വകാര്യഭാഗങ്ങളിലുണ്ടാകുന്ന എല്ലാ ചര്‍മരോഗങ്ങളും ലൈംഗികരോഗങ്ങളല്ല. ഫംഗസ് ബാധ (പുഴുക്കടി), യീസ്റ്റ് ഇന്‍ഫെക്ഷന്‍, വ്രണങ്ങള്‍, ലൈംഗിക സാംക്രമിക രോഗങ്ങള്‍, അലര്‍ജിരോഗങ്ങള്‍ തുടങ്ങി ഒട്ടനവധി ചര്‍മരോഗങ്ങള്‍ സ്വകാര്യശരീരഭാഗങ്ങളെ ബാധിക്കാം. മേല്‍പ്പറഞ്ഞ ഒട്ടുമിക്ക രോഗങ്ങള്‍ക്കും ഫലപ്രദമായ ചികിത്സ ലഭ്യവുമാണ്. പക്ഷേ, പുറത്ത് പറയാനുള്ള മടി കാരണം പലരും ചികിത്സിക്കാതിരിക്കാറുണ്ട്. ആരുമറിയാതിരിക്കാന്‍ അശാസ്ത്രീയവും അപകടകരവുമായ ചികിത്സാവിധികള്‍ തേടുകയോ സ്വയം ചികിത്സ നടത്തുകയോ ചെയ്ത് കുഴപ്പത്തിലാകുന്നവരും ഉണ്ട്. ഈ അവസ്ഥ മാറണമെങ്കില്‍ തുറന്ന ചര്‍ച്ചകളും സാമൂഹികബോധവത്കരണവും അനിവാര്യമാണ്.

ജനനേന്ദ്രിയഭാഗങ്ങളില്‍ യീസ്റ്റ് അണുക്കള്‍ സാധാരണമായി കാണപ്പെടാറുണ്ട്. രോഗപ്രതിരോധശേഷി വളരെയധികം കുറയുമ്പോഴാണ് യീസ്റ്റ് ഇന്‍ഫെക്ഷന്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുക. പ്രമേഹമുള്ളപ്പോള്‍, സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ഇത് സംഭവിക്കാം

രാസപദാര്‍ഥങ്ങളോടുള്ള അലര്‍ജി, അമിതമായ സോപ്പുപയോഗം, വിരശല്യം, ഹോര്‍മോണുകളുടെ അളവുകളിലുണ്ടാകുന്ന അസന്തുലിതാവസ്ഥ എന്നിവയും ചര്‍മരോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്.

ലക്ഷണങ്ങള്‍

രോഗകാരണവും തീവ്രതയുമനുസരിച്ച് രോഗലക്ഷണങ്ങള്‍ മാറാം. ജനനേന്ദ്രിയത്തിലുണ്ടാകുന്ന ചൊറിച്ചില്‍, എരിച്ചില്‍, വേദന, ചുവപ്പുനിറം, തിണര്‍ത്തപാടുകള്‍, കുമിളകള്‍, കുരുക്കള്‍, തടിപ്പുകള്‍, വ്രണങ്ങള്‍, വളര്‍ച്ചകള്‍, മൂത്രമൊഴിക്കുമ്പോള്‍ വേദന, യോനിയില്‍നിന്നുള്ള അസാധാരണമായ രക്തസ്രാവം, യോനിയില്‍/ലിംഗത്തില്‍ നിന്ന് നിറവ്യത്യാസമുള്ള സ്രവം, കഴലവീക്കം, പനി തുടങ്ങിയ ലക്ഷണങ്ങള്‍ ആണ് സാധാരണമായി കാണാറുള്ളത്.

ചില ലൈംഗിക സാംക്രമിക രോഗങ്ങള്‍ക്ക് പ്രകടമായ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. എന്നാല്‍ ലക്ഷണങ്ങള്‍ ഒന്നും ഇല്ലെങ്കിലും രോഗം മറ്റൊരാളിലേക്ക് പകരാനും അതേസമയംതന്നെ ഗുരുതരമാകാനും സാധ്യതയുണ്ട്.

ഫംഗസ് ബാധിച്ചാല്‍

സാധാരണയായി കണ്ടുവരുന്ന ചര്‍മരോഗമാണ് സ്വകാര്യഭാഗങ്ങളിലെ ഫംഗസ് ബാധ. അത്തരം രോഗികളില്‍ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും ഫംഗസ് ബാധയുണ്ടാകാം. അടുത്തിടപഴകുന്നതിലൂടെയും ദൈനംദിനവസ്തുക്കള്‍ കൈമാറി ഉപയോഗിക്കുന്നതിലൂടെയും മറ്റും രോഗം പകരുന്നു. അസഹ്യമായ ചൊറിച്ചില്‍, ചുവപ്പുനിറം, വേദന എന്നിവയാണ് സാധാരണ രോഗലക്ഷണങ്ങള്‍.

സ്റ്റിറോയ്ഡ് ലേപനങ്ങള്‍ ഉപയോഗിക്കുന്നത് രോഗലക്ഷണങ്ങള്‍ താത്കാലികമായി ശമിപ്പിക്കുമെങ്കിലും ചര്‍മത്തില്‍ ആഴത്തിലുള്ള ഫംഗസ് ബാധയ്ക്കും ആവര്‍ത്തിച്ചുള്ള രോഗബാധയ്ക്കും കാരണമാകാറുണ്ട്.

ഫംഗസ് ബാധയ്‌ക്കെതിരായ ചികിത്സയില്‍ മുഖ്യഘടകം വ്യക്തിശുചിത്വമാണ്. അതോടൊപ്പം ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള ആന്റിഫംഗല്‍ ക്രീമുകള്‍ കൃത്യമായി ഉപയോഗിക്കുന്നതിലൂടെ രോഗം പൂര്‍ണമായി ഭേദമാക്കാം. ദിവസം ചുരുങ്ങിയത് രണ്ടുപ്രാവശ്യമെങ്കിലും മരുന്നുകള്‍ പുരട്ടുക. പാടുകളുടെ രണ്ട് സെന്റീമീറ്റര്‍ ചുറ്റളവിലാണ് മരുന്ന് പുരട്ടേണ്ടത്. പാടുകള്‍ പൂര്‍ണമായി മങ്ങിയാലും രണ്ടാഴ്ചകൂടിയെങ്കിലും മരുന്ന് പുരട്ടുന്നത് തുടരണം. രോഗത്തിന്റെ വ്യാപ്തിയും തീവ്രതയും അധികമെങ്കില്‍ ചിലപ്പോള്‍ ആന്റി ഫംഗല്‍ ഗുളികകള്‍ കഴിക്കേണ്ടിവരും.

അശാസ്ത്രീയവും അനാവശ്യവുമായ സ്റ്റിറോയ്ഡ് മരുന്നുകളുടെ ഉപയോഗമാണ് ഫംഗസ് രോഗചികിത്സയിലെ പ്രധാന വില്ലന്‍. സമയോചിതമായി ചികിത്സിക്കാത്തതും സ്വയംചികിത്സയും പൊടിക്കൈകളുമൊക്കെ രോഗത്തെ സങ്കീര്‍ണമാക്കും.

യീസ്റ്റ് പ്രശ്‌നമുണ്ടാക്കുമ്പോള്‍

യോനി/ ലിംഗത്തിലുണ്ടാകുന്ന അസഹനീയമായ ചൊറിച്ചില്‍, എരിച്ചില്‍, തൈരുപോലുള്ള യോനീസ്രവം, ജനനേന്ദ്രിയങ്ങളിലുണ്ടാകുന്ന പാടുകള്‍, വിണ്ടുകീറല്‍, നീര്‍വീക്കം, മൂത്രമൊഴിക്കുമ്പോള്‍ നീറ്റല്‍ എന്നിവയാണ് യീസ്റ്റ് ഇന്‍ഫെക്ഷന്റെ ലക്ഷണങ്ങള്‍.

പ്രായപൂര്‍ത്തിയായ 75 ശതമാനം സ്ത്രീകളിലും ഒരിക്കലെങ്കിലും യീസ്റ്റ് ബാധ കാണപ്പെടാറുണ്ട്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ഗര്‍ഭാവസ്ഥ തുടങ്ങിയവയാണ് സ്ത്രീകളില്‍ യീസ്റ്റ് ബാധ കൂടുതലാകാന്‍ കാരണമാകുന്നത്. പ്രമേഹം, അമിതവണ്ണം, ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗം, രോഗപ്രതിരോധശേഷിയിലുണ്ടാകുന്ന കുറവ് എന്നിവ പൂപ്പല്‍ ബാധയ്ക്കുള്ള പൊതുകാരണങ്ങളാണ്.

വ്യക്തിശുചിത്വത്തിലൂടെയും കൃത്യമായ ചികിത്സയിലൂടെയും സാധാരണയായി രോഗം വളരെവേഗം ഭേദമാകാറുണ്ട്. ചില രോഗികളില്‍ ആവര്‍ത്തിച്ചുള്ളതും വിട്ടുമാറാത്തതുമായ യീസ്റ്റ് ഇന്‍ഫെക്ഷന്‍ കാണാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ കള്‍ച്ചര്‍, പി.സി.ആര്‍. തുടങ്ങിയ വിശദമായ ലബോറട്ടറി പരിശോധനകള്‍ നടത്തിയ ശേഷമാണ് ചികിത്സ തീരുമാനിക്കുക.
ഫലപ്രദമായ ഒട്ടേറെ മരുന്നുകള്‍ യീസ്റ്റിനെതിരേ ലഭ്യമാണ്. ജനനേന്ദ്രിയങ്ങളില്‍ പുരട്ടുന്ന മരുന്നുകള്‍, യോനിക്കുള്ളില്‍ വയ്ക്കുന്ന ഗുളികകള്‍, പെസ്സറീകള്‍ എന്നിവയാണ് സാധാരണ ഉപയോഗിക്കുന്നത്. അതിതീവ്രവും ആവര്‍ത്തിച്ചുണ്ടാകുന്നതുമായ യീസ്റ്റ് ഇന്‍ഫെക്ഷന് ദീര്‍ഘകാല ചികിത്സയും മരുന്നുകളുടെ ഉപയോഗവും വേണ്ടിവന്നേക്കാം.
പ്രമേഹം പോലുള്ള ജീവിതശൈലീരോഗങ്ങള്‍ നിയന്ത്രിക്കുക, മദ്യപാനം, പുകവലി തുടങ്ങിയ അനാരോഗ്യശീലങ്ങള്‍ ഒഴിവാക്കുക, അയഞ്ഞ വസ്ത്രങ്ങളുപയോഗിക്കുക തുടങ്ങിയ മുന്‍കരുതലുകളും ആവശ്യമാണ്.

സ്വകാര്യഭാഗങ്ങളിലെ ചൊറിച്ചില്‍

ഫംഗസ്, യീസ്റ്റ് അണുബാധയും ശരീരത്തിന്റെ മടക്കുകളിലുണ്ടാകുന്ന ഇന്റര്‍ട്രിഗോയുമൊക്കെ സ്വകാര്യഭാഗങ്ങളിലെ അസഹനീയമായ ചൊറിച്ചിലിന് കാരണമാകാറുണ്ട്.

വിരശല്യം, അലര്‍ജികള്‍, എക്‌സിമ, മടക്കുകളിലുണ്ടാകാവുന്ന സോറിയാസിസ്, ലൈക്കന്‍ പ്ലാനസ്, സോപ്പുകളുടെയും രാസപദാര്‍ഥങ്ങളുടെയും അമിതമായ ഉപയോഗം, ലൈംഗികരോഗങ്ങള്‍, പ്രൂറിറ്റസ് ആനി, പ്രൂറിറ്റസ് വള്‍വ എന്നിങ്ങനെ ജനനേന്ദ്രിയത്തിലുണ്ടാകുന്ന ചൊറിച്ചിലിന് കാരണങ്ങള്‍ നിരവധിയാണ്. ഗുഹ്യരോമങ്ങളിലെ കീടങ്ങളും ചൊറിച്ചിലുണ്ടാക്കും. അങ്ങനെയുള്ള ചൊറിച്ചില്‍ രാത്രിയില്‍ വളരെ കൂടുതലായിരിക്കും.

കാരണം കണ്ടെത്തി ചികിത്സിക്കുകയെന്നതാണ് പ്രധാനം. അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കള്‍ ഒഴിവാക്കുകയും സോപ്പിന്റെ ഉപയോഗം നിയന്ത്രിക്കുകയും വേണം.

ജനനേന്ദ്രിയത്തില്‍ വേദന

ചിലര്‍ക്ക് ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോഴും അല്ലാതെയും ജനനേന്ദ്രിയങ്ങളില്‍ വേദന അനുഭവപ്പെടാറുണ്ട്. ലൈംഗികരോഗങ്ങള്‍, മുറിവുകള്‍, ലൈക്കന്‍ പ്ലാനസ് (Erosive Lichen Planus) മരുന്നുകളോടുള്ള അലര്‍ജികള്‍, ലൈംഗികരോഗമല്ലാത്ത വ്രണങ്ങള്‍, ക്രോണ്‍സ് ഡിസീസ്, നാഡീസംബന്ധമായ അസുഖങ്ങള്‍ എന്നിവയൊക്കെ വേദനയ്ക്ക് കാരണമാകാം. ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയുംവേഗം ത്വഗ്രോഗവിദഗ്ധനെ സമീപിച്ച് ചികിത്സ തേടുക.

മറ്റ് അണുബാധകള്‍

മറ്റേതൊരു ശരീരഭാഗത്തെയുംപോലെത്തന്നെ രോമകൂപങ്ങളിലുണ്ടാകാവുന്ന അണുബാധഫോളിക്കുലൈറ്റിസ് സ്വകാര്യഭാഗങ്ങളിലും കണ്ടുവരാറുണ്ട്. ബാക്ടീരിയമൂലമുള്ള അണുബാധകള്‍ തടിപ്പുകളായും മുറിവുകളായും പഴുത്ത് വേദനയുള്ള കുരുക്കളായും പ്രകടമാകാം. അനിയന്ത്രിതമായ പ്രമേഹവും വ്യക്തിശുചിത്വമില്ലായ്മയും ഇത്തരം ചര്‍മരോഗങ്ങള്‍ക്ക് വഴിതെളിക്കാറുണ്ട്.
ആന്റിബയോട്ടിക് മരുന്നുകളാണ് ഇതിനുള്ള ചികിത്സ. ഡോക്ടറുടെ നിര്‍ദേശപ്രകാരം രോഗതീവ്രതയ്ക്കനുസൃതമായി മാത്രമേ ഗുളികകള്‍ കഴി
ക്കാവൂ.

ഇന്റര്‍ട്രിഗോ: ശരീര മടക്കുകളിലെ പ്രശ്‌നം

ശരീരത്തിന്റെ മടക്കുകളിലുണ്ടാകുന്ന ചര്‍മരോഗമാണ് ഇന്റര്‍ട്രിഗോ (Intetrrigo). തീവ്രമായ ചൊറിച്ചിലും നീറ്റലും പുകച്ചിലും നിറവ്യത്യാസവും തിണര്‍പ്പുമൊക്കെയാണ് ലക്ഷണങ്ങള്‍. യീസ്റ്റ്, ബാക്ടീരിയ, അലര്‍ജികൊണ്ടുള്ള നീര്‍വീക്കം എന്നിവയാണ് പലപ്പോഴും രോഗത്തിന് കാരണമാകുന്നത്. സ്ത്രീപുരുഷഭേദമന്യേ ഏത് പ്രായക്കാരിലും ഇത്തരം ചര്‍മരോഗങ്ങളുണ്ടാകാം. അമിതവണ്ണമുള്ളവരിലും അമിതമായി വിയര്‍ക്കുന്നവരിലും പ്രമേഹരോഗികളിലും മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളുള്ളവരിലും രോഗസാധ്യത കൂടുതലാണ്.

പരിഹാരം

രോഗകാരണം നിര്‍ണയിക്കുന്നതിന് ലബോറട്ടറി പരിശോധനകള്‍ വേണ്ടിവന്നേക്കാം. സ്വകാര്യഭാഗങ്ങളിലെ ഈര്‍പ്പമൊഴിവാക്കുക, മടക്കുകളിലുണ്ടാകാവുന്ന ഉരസലുകള്‍ കുറയ്ക്കുക, അമിതമായി വിയര്‍ക്കുന്നത് കുറയ്ക്കാനുള്ള ചികിത്സ, ശരീരവണ്ണം കുറയ്ക്കുക എന്നിവയാണ് സാധാരണ പരിഹാര മാര്‍ഗങ്ങള്‍. അണുബാധയുണ്ടെങ്കില്‍ ആന്റിബയോട്ടിക് ക്രീമുകളോ ഫംഗസിനെതിരായ മരുന്നുകളോ ഉപയോഗിക്കേണ്ടി വരും. മടക്കുകളില്‍ അലര്‍ജിമൂലമുള്ള വീക്കത്തിന് വീര്യം കുറഞ്ഞ സ്റ്റിറോയ്ഡ് ലേപനങ്ങള്‍ ഉപകാരപ്രദമാണ്. ഒപ്പം അലര്‍ജിക്ക് കാരണമാകുന്ന വസ്തുക്കളും സഹചര്യങ്ങളും ഒഴിവാക്കുകയും വേണം.

ചര്‍മത്തില്‍ തെളിയുന്ന ലൈംഗികരോഗങ്ങള്‍

എച്ച്.ഐ. വി., എച്ച്.പി.വി., സിഫിലിസ്, ഗൊണൊറിയ, തുടങ്ങി 35ലധികം ലൈംഗികരോഗങ്ങള്‍ മനുഷ്യരെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ ചിലത് പകരാന്‍ ലൈംഗികബന്ധംതന്നെ വേണമെന്നില്ല. അമ്മയില്‍നിന്ന് കുഞ്ഞിലേക്ക്, രക്തമാറ്റത്തിലൂടെ, അണുവിമുക്തമല്ലാത്ത സൂചി, ശസ്ത്രക്രിയാ ഉപകരണങ്ങള്‍ എന്നിവയിലൂടെയൊക്കെ രോഗം പടരാനുള്ള സാധ്യതയുണ്ട്.

ജീവശാസ്ത്രപരമായി, ലൈംഗികരോഗം ബാധിക്കാന്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ സാധ്യത സ്ത്രീകള്‍ക്കാണ്. യോനിപ്രദേശം കൂടുതല്‍ വിസ്തൃതമായതിനാല്‍ ലൈംഗികസ്രവങ്ങളുമായുള്ള സമ്പര്‍ക്കം കൂടുന്നുവെന്നതാണ് കാരണം.

പെല്‍വിക് ഇന്‍ഫ്‌ളമേറ്ററി ഡിസീസ്, സ്ത്രീ വന്ധ്യത, അമ്മയില്‍നിന്ന് കുഞ്ഞിലേക്കുള്ള രോഗപ്പകര്‍ച്ച തുടങ്ങിയ സങ്കീര്‍ണതകളിലേക്ക് നയിക്കാമെന്നതിനാല്‍ സ്ത്രീകള്‍ ലൈംഗികരോഗങ്ങള്‍ തുടക്കത്തിലേ ചികിത്സിച്ച് മാറ്റേണ്ടത് അത്യാവശ്യമാണ്.

ലക്ഷണങ്ങള്‍

പ്രകടമായ രോഗലക്ഷണങ്ങളില്ലാതെത്തന്നെ ശരീരത്തെ ബാധിക്കുന്ന ചില ലൈംഗികരോഗങ്ങളുണ്ട്. ഹെര്‍പിസും ക്ലമീഡിയ രോഗബാധയും ചിലരില്‍ ലക്ഷണങ്ങള്‍ കാണിക്കാറില്ല.

ജനനേന്ദ്രിയങ്ങളിലുണ്ടാകുന്ന മുറിവുകള്‍, തിണര്‍പ്പുകള്‍, ചൊറിച്ചില്‍, എരിച്ചില്‍, ജനനേന്ദ്രിയത്തിന് ചുറ്റിലുമുണ്ടാകുന്ന കുമിളകള്‍, കുരുക്കള്‍, അരിമ്പാറ, മൂത്രമൊഴിക്കുമ്പോള്‍ വേദന, യോനി/ ലിംഗത്തില്‍ നിന്ന് ദുര്‍ഗന്ധവും നിറവ്യത്യാസത്തോടും കൂടിയ സ്രവം, വൃഷണസഞ്ചിയിലോ വൃഷണത്തിലോ വേദന, കഴലവീക്കം, പനി, ശരീരവേദന, ജലദോഷം, തൊണ്ടവേദന എന്നിവയാണ് സാധാരണ കണ്ടുവരുന്ന ലൈംഗികരോഗലക്ഷണങ്ങള്‍.

സിഫിലിസ്

ട്രപൊനിമ പാലിഡം (Treponema pallidum) എന്ന ബാക്ടീരിയല്‍ അണുബാധയാണ് സിഫിലിസ്. ലൈംഗികബന്ധം, രക്തദാനം, അണുവിമുക്തമാക്കാത്ത സൂചിയുടെ ഉപയോഗം, അമ്മയില്‍നിന്ന് കുഞ്ഞിലേക്ക് എന്നിങ്ങനെ രോഗംപകരാം.

ഗര്‍ഭസ്ഥശിശുക്കള്‍, നവജാതശിശുക്കള്‍ തുടങ്ങി പ്രായ, ലിംഗ ഭേദങ്ങളില്ലാതെ ആരിലും രോഗബാധ ഉണ്ടാകാം. വെറുമൊരു ചര്‍മരോഗമായി മാത്രം വിലയിരുത്തേണ്ട അസുഖമല്ല സിഫിലിസ്. ത്വക്ക്, ജനനേന്ദ്രിയ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമല്ല, കണ്ണ്, ചെവി, തലച്ചോര്‍, ഹൃദയം, നാഡികള്‍, സുഷുമ്‌നാ നാഡി, ആന്തരികാവയവങ്ങള്‍ എന്നുവേണ്ട, മനുഷ്യശരീരത്തിന്റെ ഒട്ടുമിക്ക അവയവവ്യവസ്ഥയെയും പലതരത്തിലും തീവ്രതയിലും ബാധിക്കാവുന്ന ലൈംഗികരോഗമാണ് സിഫിലിസ്. അതുകൊണ്ടുതന്നെ പലതരം രോഗലക്ഷണങ്ങളും പ്രകടമായേക്കാം.
ജനനേന്ദ്രിയങ്ങളിലുണ്ടാകാവുന്ന വേദനരഹിതമായ വ്രണങ്ങളായാണ് സിഫിലിസ് സാധാരണ പ്രത്യക്ഷപ്പെടുക. പലരും ഇത് ശ്രദ്ധിക്കണമെന്നില്ല. ഇത്തരം വേദനയില്ലാത്ത വ്രണങ്ങള്‍ ലൈംഗികാവയവങ്ങളില്‍ മാത്രമല്ല, ഗുദം, നാവ്, ചുണ്ട് എന്നിവിടങ്ങളിലും കാണാറുണ്ട്.

രണ്ടാംഘട്ടത്തില്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ജനനേന്ദ്രിയങ്ങളിലും തിണര്‍പ്പ് (Condyloma lata), ചുവന്ന പാടുകള്‍, കൈവെള്ളയിലും കാല്‍വെള്ളയിലും ബ്രൗണ്‍ നിറത്തോടുകൂടിയ തിണര്‍പ്പ്, വായ, രഹസ്യഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മുറിവ് എന്നിങ്ങനെ ഒട്ടേറെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം.

നീണ്ടുപോകുന്തോറും രോഗം ഗുരുതരമാവുകയും ഹൃദയം, തലച്ചോര്‍, സുഷുമ്‌നാനാഡി, ആന്തരികാവയവങ്ങള്‍ എന്നീ പ്രധാന അവയവവ്യവസ്ഥകളെ സങ്കീര്‍ണമായി ബാധിക്കുകയും ചെയ്‌തേക്കാം. ഗര്‍ഭിണിയില്‍നിന്നും ഗര്‍ഭസ്ഥശിശുവിലേക്ക് പകരാവുന്ന രോഗം നവജാതശിശുവില്‍ വൈകല്യങ്ങള്‍ക്കും കാരണമാകാം.

രോഗത്തിന്റെ പ്രാരംഭഘട്ടത്തിലാണ് രോഗവ്യാപനം അതിതീവ്രമാകാവുന്നത്. എങ്കിലും ലക്ഷണങ്ങള്‍ പ്രകടമാകാത്ത ലേറ്റന്റ് ഘട്ടത്തിലും അണുബാധയ്ക്ക് സാധ്യതയുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ളവരോ രോഗബാധിതരുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടവരോ എത്രയും പെട്ടെന്ന് ത്വഗ്‌രോഗ വിദഗ്ധനെ സമീപിച്ച് പരിശോധനകള്‍ക്കും ആവശ്യമെങ്കില്കില്‍ ത്സയ്ക്കും വിധേയരാകണം.

രോഗത്തിന്റെ വിവിധ ഘട്ടങ്ങള്‍ക്കനുസരിച്ച് ഫലപ്രദമായ ആന്റിബയോട്ടിക് ചികിത്സ ലഭ്യമാണ്. പെനിസിലിന്‍ വിഭാഗത്തില്‍പ്പെട്ട മരുന്നുകളാണ് പ്രയോജനപ്പെടുത്തുക. ഗര്‍ഭിണികളിലും ഈ ചികിത്സ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഗര്‍ഭാവസ്ഥയില്‍ കൃത്യമായ പരിശോധനയും ആവശ്യമായ ചികിത്സയും നടത്തുകയാണെങ്കില്‍ ഗര്‍ഭമലസല്‍, ചാപിള്ളയുടെ പ്രസവം, നവജാത ശിശുവില്‍ രോഗബാധ തുടങ്ങിയ സാഹചര്യങ്ങള്‍ ഒഴിവാക്കാം.

ഗൊണേറിയ

നൈസീരിയ ഗൊണേറിയ (Neisseria gonorrheae) എന്ന ബാക്ടീരിയമൂലമുണ്ടാകുന്ന ലൈംഗികരോഗമാണ് ഗൊണോറിയ. മൂത്രമൊഴിക്കുമ്പോഴുണ്ടാകുന്ന അസഹ്യമായ പുകച്ചിലും നീറ്റലും, മൂത്രനാളിയിലൂടെയും യോനിയിലൂടെയും പഴുപ്പുപോലുള്ള സ്രവം, പനി, തലവേദന, നവജാത ശിശുക്കളിലുണ്ടാകുന്ന ചെങ്കണ്ണ് എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. പ്രസവത്തിലൂടെയാണ് രോഗബാധിതയായ അമ്മയില്‍നിന്നും കുഞ്ഞിലേക്ക് അസുഖം പകരുക.

വിട്ടുമാറാത്ത അണുബാധ ശരീരത്തിന്റെ ഒട്ടുമിക്ക അവയവങ്ങളെയും ബാധിക്കാനും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുമുള്ള സാധ്യതയുണ്ട്. സ്ത്രീകളില്‍ ഗര്‍ഭാശയത്തിലേക്കും അണ്ഡവാഹിനിക്കുഴലിലേക്കും അണുബാധ പടര്‍ന്ന് വന്ധ്യതയുണ്ടാകാം. പുരുഷന്മാരില്‍ വൃഷണത്തിലും വൃഷണസഞ്ചിയിലുമുള്ള തീവ്രമായ വേദനയായും രോഗം പ്രകടമായേക്കാം. ഇത്തരം ലൈംഗികരോഗങ്ങള്‍ പുരുഷന്മാരിലും വന്ധ്യതയ്ക്ക് കാരണമായേക്കാം.

ജനനേന്ദ്രിയത്തിലെ ഹെര്‍പ്പിസ്

ജനനേന്ദ്രിയത്തിന് ചുറ്റിലുമുണ്ടാകാവുന്ന വേദനാജനകമായ സുതാര്യമായ കുമിളകള്‍, പനി, ഇടുപ്പുവേദന, അരക്കെട്ടിലുള്ള വേദന, കഴലവേദന തുടങ്ങിയവയാണ് ഹെര്‍പിസ് സിംപ്ലക്‌സ് വൈറസ് ( Herpes simplex virus) എന്ന വൈറസ് ബാധ കാരണമുണ്ടാകുന്ന പ്രാരംഭഘട്ടത്തിലെ ലക്ഷണങ്ങള്‍. ഇത്തരം കുമിളകള്‍ വളരെവേഗം പൊട്ടുകയും ചലം പുറത്തുവരികയും ചെയ്യും.

ആവര്‍ത്തിച്ചുണ്ടാകാനുള്ള സാധ്യതയാണ് ഈ രോഗത്തിന്റെ പ്രത്യേകത. നാഡികളില്‍ മന്ദീഭവിച്ചുകിടക്കുന്ന വൈറസ്, രോഗപ്രതിരോധശേഷി കുറയുന്ന സാഹചര്യങ്ങളില്‍ വീണ്ടും സജീവമാകുന്നതാണ് രോഗം ആവര്‍ത്തിക്കുന്നതിന്കാരണം. അണുബാധയുള്ള അമ്മയില്‍നിന്ന് പ്രസവത്തിലൂടെ നവജാതശിശുവിലേക്കും രോഗം പകരാം.

ലക്ഷണങ്ങളിലൂടെയും നൂതന പരിശോധനകളിലൂടെയും രോഗം വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. ചികിത്സയ്ക്കായി അസൈക്ലോവിര്‍ (Acyclovir) പോലുള്ള ആന്റിവൈറല്‍ മരുന്നുകള്‍ ലഭ്യമാണ്. സ്റ്റിറോയ്ഡ് മരുന്നുകള്‍ കഴിക്കേണ്ടിവരുന്നവര്‍, അവയവം സ്വീകരിച്ച ശേഷം തിരസ്‌കാരം തടയാനുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍ എന്നിവരില്‍ രോഗം കൂടുതല്‍ ഗുരുതരമായേക്കാം. ആവര്‍ത്തിച്ചുണ്ടാകുന്ന ഹെര്‍പ്പിസ് അണുബാധയ്ക്ക് ചിലപ്പോള്‍ മാസങ്ങളോളം മരുന്നുകള്‍ കഴിക്കേണ്ടിവരും. രോഗം ആവര്‍ത്തിച്ചുവരുംതോറും തീവ്രത കുറയാറുമുണ്ട്.

ഷാന്‍ക്രോയ്ഡ്

ഹെമൊഫിലസ് ഡുക്രേയ് (Heamophilus ducreyi) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ലൈംഗികരോഗമാണ് ഷാന്‍ക്രോയ്ഡ് (Chancroid). വേദനാജനകമായ കുരുക്കള്‍ ജനനേന്ദ്രിയ ഭാഗത്തുണ്ടായ ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ ചാരനിറംമഞ്ഞകലര്‍ന്ന ചാരനിറമുള്ള സ്രവം ഉള്‍ക്കൊള്ളുന്ന അള്‍സറായി ഇത് മാറും. ആന്റിബയോട്ടിക് മരുന്നുകളാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.

ട്രൈക്കോമൊണിയാസിസ്

യോനിയില്‍നിന്നോ ലിംഗത്തില്‍നിന്നോ പച്ച അല്ലെങ്കില്‍ മഞ്ഞനിറത്തിലുള്ള, ദുര്‍ഗന്ധമുള്ള സ്രവം വരുന്നത് ട്രൈക്കോമൊണിയാസിസ് എന്ന ലൈംഗികരോഗലക്ഷണമാകാം. മെട്രോനിഡാസോള്‍ വകഭേദത്തില്‍പ്പെട്ട ആന്റിബയോട്ടിക് മരുന്നുകളാണ് ഫലപ്രദമായ ചികിത്സ.

കാന്‍സര്‍ സാധ്യത പരിശോധിക്കണം

ജനനേന്ദ്രിയഭാഗങ്ങളില്‍ കാണപ്പെടുന്ന ചില വളര്‍ച്ചകളും തടിപ്പുകളും മുറിവുകളുമെല്ലാം കാന്‍സറിലേക്ക് നയിക്കുന്ന ചര്‍മരോഗങ്ങളുടെ ലക്ഷണങ്ങള്‍ ആകാനും സാധ്യതയുണ്ട്. ഇവ ലൈംഗികമായി പകരുന്നതല്ല. ശരീരത്തിന്റെ മറ്റേതൊരു ഭാഗത്തെയുംപോലെ സ്വകാര്യഭാഗങ്ങളില്‍ കാന്‍സര്‍ ബാധയ്ക്കുള്ള സാധ്യതയുണ്ട്. വിദഗ്ധ പരിശോധനകളിലൂടെയും ബയോപ്‌സിയിലൂടെയുമൊക്കെ മാത്രമേ രോഗം നിര്‍ണയിക്കാനും തക്കസമയത്ത് ചികിത്സിക്കാനും സാധിക്കുകയുള്ളൂ.

ജനനേന്ദ്രിയത്തിന് ചുറ്റുമുള്ള അരിമ്പാറകള്‍

ഹ്യൂമണ്‍ പാപ്പിലോമ വൈറസ് (Human papilloma virus) ആണ് സ്വകാര്യഭാഗങ്ങളിലുണ്ടാകുന്ന അരിമ്പാറകള്‍ക്ക് കാരണം. അടുത്തുള്ള ഇടപഴകലിലൂടെയും ലൈംഗികബന്ധത്തിലൂടെയും ഇവ പകരാം. മാംസത്തിന്റെ നിറമോ ചാരനിറമോ ഉള്ള മാംസളമായ വളര്‍ച്ചകളാണ് പ്രധാനരോഗലക്ഷണം. എച്ച്‌.െഎ.വി അണുബാധയുള്ളവരില്‍ ഇവ കോളിഫ്‌ളവര്‍ പോലെ കൂട്ടമായി വളരാറുണ്ട്. ഗര്‍ഭിണികളില്‍ ഇത്തരം അരിമ്പാറകള്‍ വളരെപ്പെട്ടെന്ന് വലുതാവുകയും സുഖപ്രസവത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്‌തേക്കാം. നവജാതശിശുക്കളുടെ തൊണ്ടയില്‍ ഇത്തരം വൈറസ് അണുബാധ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
ടി.സി.എ (Trichloroacetic acid) ഉപയോഗിച്ച് അരിമ്പാറ കരിച്ചുകളയുക, തണുപ്പുപയോഗിച്ചുള്ള ചികിത്സ (Gyotherapy), പൊഡസിലിന്‍ (Podophyllin) മരുന്നുകള്‍ എന്നിവയാണ് പ്രധാന പരിഹാര മാര്‍ഗങ്ങള്‍.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • സ്വയം ചികിത്സയും പൊടിക്കൈകളും ഒഴിവാക്കുക.
  • രോഗലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ വിദഗ്‌ധോപദേശം തേടുക.
  • വ്യക്തിശുചിത്വം പാലിക്കുക.
  • സ്വകാര്യഭാഗങ്ങളിലെ ചര്‍മം തീര്‍ത്തും ലോലമായതിനാല്‍ സോപ്പ്, മറ്റ് കെമിക്കലുകള്‍ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുക.

ഡോക്ടറെ വിശ്വസിക്കൂ…

ഓരോ രോഗിയുടെയും സ്വകാര്യതയെ ബഹുമാനിക്കുമെന്ന് പ്രതിജ്ഞ എടുത്താണ് എല്ലാ ഡോക്ടര്‍മാരും കരിയര്‍ ആരംഭിക്കുന്നത്. അതുകൊണ്ട് ഡോക്ടര്‍ എന്തുവിചാരിക്കും, ആരോടെങ്കിലും പറയുമോ, സമൂഹത്തില്‍ ഒറ്റപ്പെടുമോ എന്നൊന്നും പേടിവേണ്ട. അപകടകരവും അനാരോഗ്യപരവുമായ ലൈംഗികബന്ധങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ തുറന്നുപറയാനും മടിക്കരുത്. രോഗനിര്‍ണയം നടത്തുകയും ചികിത്സിക്കുകയും ചെയ്യുകയാണ് ഒരു ഡോക്ടറുടെ കര്‍ത്തവ്യം. ഇത്തരം ചര്‍മരോഗങ്ങള്‍ ചികിത്സിക്കുന്നതില്‍ പരിശീലനം ലഭിച്ച ഡോക്ടര്‍മാരെ (ത്വഗ്രോഗവിദഗ്ധര്‍) സമീപിക്കുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. വിശദമായ പരിശോധനകളും തുടര്‍പരിശോധനകളും വേണ്ടിവരുന്ന സാഹചര്യങ്ങളില്‍ മുടക്കം വരുത്താതെ കൃത്യമായി ഉപദേശം തേടാനും മടിക്കരുത്.

കോട്ടയം ഗവ. മെഡിക്കല്‍ കോളേജിലെ ഡർമറ്റോളജി വിഭാ​ഗം സീനിയർ റസിഡന്റ് ആണ് ലേഖിക

read more
ആരോഗ്യംചോദ്യങ്ങൾ

സ്റ്റിറോയ്ഡ് അടങ്ങിയ ലേപനങ്ങളുടെ അശാസ്ത്രീയ ഉപയോഗം അത്ര നിസ്സാരമല്ല

സ്റ്റിറോയ്ഡ് അടങ്ങിയ ലേപനങ്ങൾ കുറഞ്ഞ വിലയിൽ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെതന്നെ വിപണിയിൽ ലഭിക്കുന്ന സാഹചര്യമുണ്ട്. ……

ജിലെ പുതിയ അപ്ഡേറ്റ്സ് whatsapp വഴി ലഭിക്കുവാൻ. https://api.whatsapp.com/send?phone=447868701592&text=subscribe

രോഗത്തിന്റെ തീവ്രത, രോഗിയുടെ പ്രായം, ശാരീരിക സവിശേഷതകൾ തുടങ്ങി അനേകം കാര്യങ്ങൾ വിശകലനം ചെയ്തശേഷമാണ് ഏതുമരുന്ന്, എങ്ങനെ, എത്രനാൾ, ഏതുഡോസിൽ കൊടുക്കണം എന്ന തീരുമാനത്തിൽ ഡോക്ടർ എത്തുന്നത്.

 

ഒരു രോഗിക്ക് കുറിച്ച മരുന്ന്, മറ്റൊരു രോഗിക്കോ, ഇതേ രോഗിക്കുതന്നെ മറ്റൊരവസരത്തിലോ ചേരണമെന്നില്ല. അതുകൊണ്ടാണ് സ്വയം ചികിത്സ ഒഴിവാക്കണമെന്നും മുൻ അനുഭവത്തിന്റെ വെളിച്ചത്തിൽ മരുന്ന് വാങ്ങി കഴിക്കരുതെന്നും പറയുന്നത്. എന്നാൽ ഇന്ത്യയിൽ വർഷാവർഷം ശരാശരി 138 മില്യൺ ഡോളറിന്റെ സ്റ്റിറോയ്ഡ് ലേപനങ്ങൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റഴിക്കുന്നുണ്ടെന്നാണ് കണക്ക്. ചർമരോഗങ്ങൾ ഉള്ളവരാണ് അതിന്റെ ഉപഭോക്താക്കൾ.

സ്റ്റിറോയ്ഡ് അടങ്ങിയ ലേപനങ്ങൾ കുറഞ്ഞ വിലയിൽ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെതന്നെ വിപണിയിൽ ലഭിക്കുന്ന സാഹചര്യമുണ്ട്. ചൊറിച്ചിലിന്, വട്ടച്ചൊറിക്ക്, മുഖക്കുരുവിന് എന്നുവേണ്ട, ഒരു പ്രശ്‌നവും ഇല്ലാത്തപ്പോഴും ചർമത്തിന്റെ നിറത്തിനും മുഖകാന്തിക്കുംവേണ്ടി ഇത്തരം ലേപനങ്ങളെ ആശ്രയിക്കുന്നവരുണ്ട്.

 

സ്റ്റിറോയ്ഡ് അടങ്ങിയ ലേപനങ്ങളുടെ അശാസ്ത്രീയ ഉപയോഗം വരുത്തിവയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങൾ നോക്കാം.

എക്‌സിമ, സോറിയാസിസ് തുടങ്ങിയ രോഗങ്ങൾക്ക് സ്റ്റിറോയ്ഡ് ലേപനങ്ങൾ ഫലപ്രദമാണ്. എന്നാൽ ബാക്ടീരിയൽ, ഫംഗൽ അണുബാധകളിൽ ഇവയുടെ ഉപയോഗം വിപരീതഫലം ചെയ്യും. താത്കാലിക ആശ്വാസം ലഭിച്ചേക്കാം എങ്കിലും മരുന്ന് നിറുത്തുമ്പോൾ രോഗം മൂർച്ഛിക്കും. അതിനാൽ, ക്രമേണ ഇവയുടെ ഉപയോഗം അഡിക്ഷനായി മാറിയേക്കാം.

ബാക്ടീരിയൽ, ഫംഗൽ അണുബാധകളിൽ ഇത്തരം സ്റ്റിറോയ്ഡ് ലേപനങ്ങൾ പുരട്ടുമ്പോൾ രോഗാണുക്കൾ സാധാരണ മരുന്നുകളോട് പ്രതിരോധം (Resistance) ആർജിക്കുകയും രോഗി മരുന്നുകളോട് പ്രതികരിക്കാതെ വരുകയും ചെയ്യുന്നു. ഇത് കൂടുതൽ ചെലവേറിയ മരുന്നുകൾ വാങ്ങി ഉപയോഗിക്കേണ്ട അവസ്ഥയിലേക്ക് എത്തിക്കും.

സ്റ്റിറോയ്ഡ് ലേപനങ്ങൾ ചർമത്തിലെ പാടുകളുടെ യഥാർഥ രൂപത്തിൽ മാറ്റം വരുത്തുന്നു. പിന്നീട് വിദഗ്ധ വൈദ്യപരിശോധനയും ടെസ്റ്റുകളും ചെയ്താൽപോലും രോഗം തിരിച്ചറിയാൻ ബുദ്ധിമുട്ടാകും.

ഇത്തരം മരുന്നുകൾ ചർമത്തിന്റെ കട്ടി കുറയ്ക്കാം. ഇതുമൂലം രക്തക്കുഴലുകൾ തെളിഞ്ഞുകാണുകയും, പ്രസവശേഷം സ്ത്രീകളിൽ വയറിൽ കാണുന്നപോലെയുള്ള വരകൾ ചർമത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്യാം. ഇത്തരം പാർശ്വഫലങ്ങൾ പൂർവസ്ഥിതിയിലേക്ക് തിരിച്ചെത്തിക്കുക ശ്രമകരമാണ്.

ഇത്തരം ലേപനങ്ങൾമൂലം ചർമത്തിൽ ചുവപ്പ്, അമിത രോമവളർച്ച, മുഖക്കുരു, വെയിലിനോട് അലർജി, കറുത്തതോ വെളുത്തതോ ആയ പാടുകൾ, വായയ്ക്കുചുറ്റും ചുവന്ന കുരുക്കൾ (Perioral dermatitis), ബാക്ടീരിയൽ അണുബാധ എന്നിവ ഉണ്ടാകാം.

സ്റ്റിറോയ്ഡ് നിർത്തുമ്പോൾ

ഡോക്ടറുടെ നിർദേശമില്ലാതെ സ്റ്റിറോയ്ഡ് ലേപനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഉടൻതന്നെ ഡോക്ടറുടെ നിർദേശം തേടണം. ഈ പ്രക്രിയ വളരെ സങ്കീർണമാണ്. മരുന്ന് നിറുത്തുമ്പോൾ മുൻപ് ഉണ്ടായിരുന്ന രോഗം മൂർച്ഛിക്കാം. മാത്രമല്ല, ചില പാർശ്വഫലങ്ങൾ പൂർവസ്ഥിതിയിലേക്ക് മാറ്റാനും ബുദ്ധിമുട്ടാവും. ഇവിടെ രോഗിക്ക് മാനസികപിന്തുണ വളരെ അത്യാവശ്യമാണ്.

ചില സന്ദർഭങ്ങളിൽ സ്റ്റിറോയ്ഡ് ലേപനങ്ങൾ ഉപയോഗിക്കുന്നത് നിറുത്താനായി മറ്റുമരുന്നുകളുടെ സഹായം വേണ്ടിവന്നേക്കാം.
ചികിത്സാ കാലയളവിൽ വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. തണുത്ത വെള്ളം തുണിയിൽ മുക്കിപ്പിടിക്കുന്നതും മോയ്‌സ്ചറൈസർ ഉപയോഗിക്കുന്നതും നീറ്റൽ കുറയ്ക്കാൻ സഹായിക്കും.

അനാവശ്യ ഭയം വേണ്ട

സ്റ്റിറോയ്ഡ് അമിതോപയോഗത്തിന്റെ മറുവശം സ്റ്റിറോയിഡ് ചികിത്സ ആവശ്യമായി വരുന്ന സാഹചര്യത്തിൽ അതിനോടുള്ള അമിത പേടിയാണ് (Steroid phobia). സ്റ്റിറോയ്ഡ് മരുന്നുകൾ ചികിത്സയിൽ ആവശ്യമായിവരുന്ന കുറെയധികം ചർമരോഗങ്ങളുണ്ട്; സോറിയാസിസ്, എക്‌സിമ, പെമ്ഫിഗസ് ഒക്കെ ഉദാഹരണങ്ങളാണ്. ഏതുതരം സ്റ്റിറോയ്ഡ്, എപ്പോൾ, എവിടെ, ആരിൽ, എത്രനാൾ ഉപയോഗിക്കണം എന്ന് ചർമരോഗ വിദഗ്ധർ നിർദേശിക്കും. ഡോക്ടറുടെ നിർദേശങ്ങൾ കൃത്യമായി പാലിച്ചാൽ പാർശ്വഫലങ്ങൾ കൂടാതെ രോഗം ഭേദമാകും.

കോട്ടയം ഗവ. മെഡിക്കൽ കോളേജ് ത്വക് രോ​ഗവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആണ് ലേഖിക

read more
ആരോഗ്യംഡയറ്റ്

സമയം വൈകി ആഹാരം കഴിക്കുന്നതും ഷുഗര്‍ പെട്ടെന്ന് കുറയാന്‍ കാരണമാകാം; ചികിത്സയും പ്രതിരോധവും

ഷുഗര്‍നില പെട്ടെന്ന് നന്നേ താഴേക്ക് പോകുമ്പോള്‍ മാത്രം ചികിത്സ തേടുന്നവരുണ്ട്. ചിലരിലാകട്ടെ അപ്പോഴേക്കും അവസ്ഥ സങ്കീര്‍ണവുമാവാം. ജീവിതരീതിയില്‍ അല്‍പം മാറ്റങ്ങള്‍ വരുത്തിയാല്‍ ഷുഗര്‍നില പെട്ടെന്ന് താഴേക്ക് പോകുന്നത് തടയാനാവും

പേജിലെ പുതിയ അപ്ഡേറ്റ്സ് whatsapp വഴി ലഭിക്കുവാൻ. https://api.whatsapp.com/send?phone=447868701592&text=subscribe

ചോദ്യം

എനിക്ക് 65 വയസ്സുണ്ട്. 10 വര്‍ഷമായി പ്രമേഹത്തിന് ഗുളിക കഴിക്കുന്നു. ബി.പി നോര്‍മലാണ്. രണ്ടുമാസത്തിനിടെ രണ്ടുതവണ പെട്ടെന്ന് ഷുഗര്‍ കുറഞ്ഞുപോകുന്ന അവസ്ഥയുണ്ടായി. കൈകാലുകളില്‍ വിറയലും തലകറക്കവുമാണ് അനുഭവപ്പെട്ടത്. ഷുഗര്‍ പരിശോധിച്ചപ്പോള്‍ 70mg/dl ആണെന്നാണ് മനസ്സിലായത്. ഉടന്‍തവ്വെ ഡോക്ടറെകണ്ട് സാധാരണ നിലയിലേക്ക് കൊണ്ടിവരികയും ചെയ്തു. എന്നാല്‍ രണ്ടുതവണ ഇങ്ങനെ സംഭവിച്ചതിനാല്‍ ഇപ്പോള്‍ പുറത്തേക്ക് പോകുമ്പോഴൊക്കെ ഷുഗര്‍ കുറഞ്ഞുപോകുമോ എന്ന ആശങ്കയാണ്. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?

 

ഉത്തരം

പ്രമേഹരോഗ ചികിത്സ കൊണ്ട് ലക്ഷ്യമിടുന്നത് രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന നില കുറച്ച് അനുവദനീയമായ അളവില്‍ എത്തിക്കുകയും അത് നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ്. ഇതിലൂടെ പ്രമേഹരോഗ സങ്കീര്‍ണതകളെ തടയാനോ വൈകിക്കാനോ കഴിയും. ഇതിന് പലപ്പോഴും ഒന്നോ അതിലധികമോ ഗുളികകളോ, ചിലപ്പോള്‍ ഇന്‍സുലിനോ വേണ്ടിവരും. എന്നാല്‍ മ്രമേഹരോഗ ചികിത്സയുടെ ഏറ്റവും പ്രധാനപ്പെട്ട സങ്കീര്‍ണതകളിലൊന്നാണ് ഹൈപ്പോഗ്ലൈസീമിയ. രക്തത്തിലെ പഞ്ചസാരയുടെ അളവ് ആവശ്യത്തിലധികം കുറഞ്ഞുപോകുന്ന അവസ്ഥയാണിത്. പ്രായമേറിയ രോഗികള്‍, വൃക്കരോഗങ്ങളുള്ള പ്രമേഹബാധിതര്‍, ഗര്‍ഭിണികള്‍, ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികള്‍ മുതലായവരില്‍ ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ലക്ഷണങ്ങള്‍

സാധാരണയായി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞ് 70mg/dlന് താഴെയെത്തുമ്പോഴാണ്‌ ഷുഗര്‍ കുറയുന്നതിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നത്. രോഗലക്ഷണങ്ങള്‍ ഹൈപ്പോഗ്ലൈസീമിയയുടെ ദൈര്‍ഘ്യത്തെയും കാഠിന്യത്തെയും അനുസരിച്ചിരിക്കും. എന്നിരുന്നാലും സാധാരണഗതിയില്‍ ശരീരത്തിന് ക്ഷീണം അനുഭവപ്പെടുക, തലവേദന, വിറയല്‍, വിയര്‍പ്പ് മുതലായ ലക്ഷണങ്ങളുണ്ടാവുക, ഹൃദയമിടിപ്പ് കൂടുക, ഉത്കണ്ഠ, അസ്വസ്ഥത, വിഭ്രാന്തി, തലചുറ്റല്‍, അമിത വിശപ്പ്, ഓക്കാനം, ഉറക്കക്കൂടുതല്‍ മുതലായ ലക്ഷണങ്ങളും അനുഭവപ്പെടാം, അടിയന്തിരമായി ഇവ തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്തില്ലെങ്കില്‍ ചിലപ്പോള്‍ അപകടകരമായ അവസ്ഥയിലേക്ക് പോകാം. ബോധം നഷ്ടപ്പെടുക, അപസ്മാരം, വീഴ്ച, പരിക്കുകള്‍, അപകടങ്ങള്‍ മുതലായവ സംഭവിക്കാം. അപൂര്‍വമായെങ്കിലും ചിലപ്പോള്‍ മരണംപോലും സംഭവിക്കാം. ഇടയ്ക്കിടെ ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകുന്ന ചില രോഗികളില്‍ ചിലപ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. ഹൈപ്പോഗ്ലൈസീമിയ അണ്‍അവയര്‍വനസ്സ് എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്. ഇത് കൂടുതല്‍ അപകടകരമാണ്.

സാധാരണഗതിയില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് ആവശ്യത്തിലധികം താഴ്ന്നുപോയാല്‍ ഉടന്‍ ഇന്‍സുലിന്‍ ഉത്പാദനം കുറയുകയും ഗ്ലൂക്കഗോണ്‍ ഉത്പാദനം വര്‍ധിക്കുകയും ചെയ്യും. ഒപ്പം അഡ്രിനല്‍ ഗ്രന്ഥിയില്‍ നിന്ന് എപ്പിനെഫ്രിന്‍ എന്ന ഹോര്‍മോണും ഉത്പാദിപ്പിക്കപ്പെടുന്നു. ഈ ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായി രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയും ഒപ്പം ശരീരത്തില്‍ പഞ്ചസാരയുടെ ഉത്പാദനം കൂട്ടി അളവ് സാധാരണ രീതിയിലാക്കുകയും ചെയ്യുന്നു. എന്നാല്‍ പ്രമേഹബാധിതരില്‍ ഈ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നില്ല. ഇതാണ് രക്തത്തിലെ പഞ്ചസാര കുറയുന്നതിന് കാരണം.

കാരണങ്ങള്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് പലകാരണങ്ങളാലും കുറഞ്ഞുപോകാം. കഴിക്കുന്ന മരുന്നിന്റെ അളവ് കൂടിപ്പോയാലോ കുത്തിവെക്കുന്ന ഇന്‍സുലിന്റെ അളവ് അധികമായാലോ സ്വാഭാവികമായും പഞ്ചസാരയുടെ അളവ് കുറഞ്ഞുപോകാന്‍ സാധ്യതയുണ്ട്. കൂടാതെ സമയം വൈകി ആഹാരം കഴിക്കുന്നതും സാധാരണ കഴിക്കാറുള്ള ഇടനേരത്തെ ആഹാരം വിട്ടുപോകുന്നതും കാരണങ്ങളാണ്. ഉറങ്ങുന്നതിന് മുന്‍പ് വലിയ ശാരീരിക അധ്വാനത്തില്‍ ഏര്‍പ്പെടുന്നതും മദ്യപിക്കുന്നതും ചിലപ്പോള്‍ ഹൈപ്പോഗ്ലൈസീമിയയ്ക്ക് കാരണമാവാം. വൃക്കരോഗം, കരള്‍രോഗങ്ങള്‍ മുതലായ അനുബന്ധരോഗങ്ങളുള്ള പ്രമേഹബാധിതരിലും ഹൈപ്പോഗ്ലൈസീമിയ സാധ്യത കൂടുതലാണ്. പ്രമേഹ ചികിത്സയ്‌ക്കൊപ്പം കഴിക്കുന്ന ചിലമരുന്നുകളും രോഗകാരണമാകാം.

ചികിത്സ

സാധാരണഗതിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ഒരു ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ച് സ്വയം രക്തപരിശോധന നടത്തി ഷുഗര്‍ നില കുറഞ്ഞുപോയതാണോ എന്ന് വിലയിരുത്തുക. കുറവാണെങ്കില്‍ കുറച്ചു മധുരപാനീയമോ ലഘുഭക്ഷണമോ കഴിച്ചാല്‍ ഷുഗര്‍ സാധാരണ നിലയിലെത്തും. സ്വയം ആഹാരം കഴിക്കാന്‍ കഴിയാത്ത നിലയിലാണെങ്കില്‍ മറ്റൊരാളുടെ സഹായം തേടണം. ബോധക്ഷയമോ മറ്റ് സങ്കീര്‍ണതകളോ ഉണ്ടെങ്കില്‍ അടിയന്തര വൈദ്യസഹായം നല്‍കണം.

പ്രതിരോധം

ഹൈപ്പോഗ്ലൈസീമിയ പ്രതിരോധിക്കുന്നതാണ് ഏറ്റവും നല്ല ചികിത്സ. ഇടയ്ക്കിടെ ഭക്ഷണത്തിന് മുന്‍പും ശേഷവും അതുപോലെ വ്യായാമത്തിന് മുന്‍പും ശേഷവും രക്തപരിശോധന നടത്തുക. വ്യായാമത്തിന് മുന്‍പ് ഷുഗര്‍നില കുറവാണെങ്കില്‍ ലഘുഭക്ഷണം കഴിച്ചതിനുശേഷം വ്യായാമത്തില്‍ ഏര്‍പ്പെടുക. കൃത്യസമയത്ത് ആഹാരം കഴിക്കുക, ആഹാരത്തിന്റെ അളവില്‍ കൃത്യത പാലിക്കുക, വളരെ നേരം ശരീരത്തില്‍ തങ്ങിനില്‍ക്കുന്ന മരുന്നുകളില്‍ നിന്ന് മാറി കുറച്ചുനേരം മാത്രം പ്രവര്‍ത്തിക്കുന്ന മരുന്നുകളിലേക്ക് ചികിത്സ മാറുക. അതുപോലെ ഹൈപ്പോഗ്ലൈസീമിയ സാധ്യത കുറഞ്ഞ അനലോഗ് ഇന്‍സുലിനുകള്‍ ഉപയോഗിക്കാന്‍ കഴിയുമെങ്കില്‍ അതിലേക്ക് മാറുക. മദ്യം ഉപേക്ഷിക്കുക.

read more
ആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriageബുക്ക്

ദാമ്പത്യം ഹാപ്പിയ്ക്കട്ടെ കുട്ടികൾ മിടുക്കരാക്കട്ടെ

പുതിയെ പോസ്റ്റുകളും ഇ-ബുക്ക് ഉം whatsapp വഴി ലഭിക്കുവാൻ  https://wa.me/c/447868701592

 

read more
ആരോഗ്യംചോദ്യങ്ങൾ

മുലഞെട്ടിലെ നിറവ്യത്യാസവും സ്രവങ്ങളും ശ്രദ്ധിക്കണം ; സ്തനത്തിലെ എല്ലാ മുഴകളും കാൻസറല്ല

സ്തനങ്ങളിൽ കാണുന്ന വ്യതിയാനങ്ങളും മുഴകളും എല്ലാ അപകടകാരികളാണെന്ന് പൊതുവെ പലർക്കും ധാരണയുണ്ട്. എന്നാൽ കൂടുതലും കണ്ടുവരുന്നത് അപകടകാരികളല്ലാത്ത മുഴകളാണ്.

പേജിലെ പുതിയ അപ്ഡേറ്റ്സ് whatsapp വഴി ലഭിക്കുവാൻ. https://api.whatsapp.com/send?phone=447868701592&text=subscribe

ഫൈബ്രോ അഡിനോമ

സ്തനങ്ങളിൽ വേ​ദനയില്ലാത്ത മുഴകൾ യുവതികളിലും പെൺകുട്ടികളിലും കാണുകയാണെങ്കിൽ അത് മിക്കവാറും ഫൈബ്രോ അഡിനോമ വിഭാ​ഗത്തിൽ പെടുന്നവയാണ്. വൃത്താകൃതിയിൽ കട്ടിയായ, പരിശോധനയിൽ തെന്നിമാറുന്നവയാണിവ. ഇത് കാൻസറാകാൻ സാധ്യതയില്ലാത്ത മുഴകളാണ്. ഈ മുഴകൾ എല്ലായ്പ്പോഴും നീക്കണമെന്നില്ല. എന്നാൽ വലുതാകുന്നതായി തോന്നുക, ഇതേക്കുറിച്ച് ആശങ്കപ്പെടുക തുടങ്ങിയ അവസ്ഥകളിൽ ചെറിയ ഓപ്പറേഷൻ വഴി നീക്കം ചെയ്യാറുണ്ട്.

30-40 വയസ്സുള്ള സ്ത്രീകളിൽ മുഴയോ, വെള്ളമുള്ള മുഴയോ കാണുന്നെങ്കിൽ മിക്കവാറും ഫൈബ്രോസിസ്റ്റിക് ഡിസീസ് ആകാനാണ് സാധ്യത. ​ഹോർമോൺ വ്യത്യാസങ്ങളുടെയും ആർത്തവംമൂലം മാറിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളുടെയും ഫലമാണ് ഇത്തരം മുഴകൾ. ഈ മുഴകൾക്കുള്ള മറ്റൊരു പ്രത്യേകത ചിലപ്പോൾ( പ്രത്യേകിച്ച് ആർത്തവത്തിന്റെ തൊട്ടുമുൻപുള്ള ദിവസങ്ങളിൽ) വേദന അനുഭവപ്പെടാം എന്നുള്ളതാണ്. ഈ മുഴകൾ അപ്പോൾ ഒന്നുകൂടി വലുതായതായും തോന്നും. ചിലരിൽ ഒന്നിൽ കൂടുതൽ മുഴകൾ ഒരു മാറിലോ, ഇരുമാറിലോ കാണാം. ചിലരിൽ ഇത് ആർത്തവം നിലയ്ക്കുന്നതോടെ അപ്രത്യക്ഷമാകാറുണ്ട്.

എന്നാൽ ഇത്തരം മുഴകൾ കാൻസർ അല്ല എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. സൂചി ഉപയോ​ഗിച്ച് ഈ മുഴയിൽ നിന്ന് കോശങ്ങൾ പരിശോധനയ്ക്ക് എടുക്കുകയോ, ഒരുമുഴ തന്നെ പൂർണമായും പരിശോധനയ്ക്ക് വിധേയമാക്കുകയോ ചെയ്യാം.

മരുന്നുകൊണ്ട് പൂർണമായ ചികിത്സ ഇതിനില്ല. ചില സ്ത്രീകൾക്ക് വേദനസംഹാരികൾ കൊണ്ട് ആശ്വാസം കിട്ടാറുണ്ട്. മറ്റ് ചിലർക്ക് അതുകൊണ്ടും ആശ്വാസം ലഭിക്കാറുമില്ല. ചില വിറ്റാമിനുകളും ചെറിയ അളവിലുള്ള ഹോർമോണുകളും ഇതിനായി ഉപയോ​ഗിക്കാറുണ്ട്.

സിസ്റ്റുകൾ

സിസ്റ്റുകളെ കാൻസറായി തെറ്റിദ്ധരിക്കാം. ഫൈബ്രോസിസ്റ്റിക് ഡിസീസിന്റെ ഭാ​ഗമല്ലതെയും സിസ്റ്റുകൾ പ്രത്യക്ഷപ്പെടാം. പാൽ ഒഴുകുന്ന കുഴലുകൾ അടഞ്ഞുപോയാലും ഇവ ഉണ്ടാകാറുണ്ട്. കൂടാതെ മറ്റ് കാരണങ്ങൾ കൊണ്ടും ഇത് ഉണ്ടാകാം. അൾട്രാസൗണ്ട് സ്കാൻ ചെയ്യുമ്പോൾ വളരെ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും.

സൂചി ഉപയോ​ഗിച്ച് സിസ്റ്റിനുള്ളിലെ വെള്ളം വലിച്ചെടുക്കാം. അപ്പോൾ തന്നെ അത് തത്കാലത്തേക്ക് അപ്രത്യക്ഷമാവും. അധികം വൈകാതെ വീണ്ടും പ്രത്യക്ഷപ്പെടുകയാണെങ്കിൽ ചെറിയ ഓപ്പറേഷൻ കൊണ്ട് മാറ്റുന്നതാണ് നല്ലത്.

ക്ഷതങ്ങൾ ഉണ്ടാക്കുന്ന മുഴകൾ

പലതരത്തിലുള്ള ക്ഷതങ്ങൾ മാറിൽ രക്തം കട്ടപിടിച്ച് മുഴകൾ വരാറുണ്ട്. കുറച്ചുനാൾ കഴിഞ്ഞ് അവ മുഴ രൂപത്തിൽ മാറിൽ അവശേഷിക്കും. പണ്ടുണ്ടായ ക്ഷതത്തിന്റെ കാര്യം മറന്നു പോകുകയും ചെയ്യും. ഇത്തരം മുഴകളും കാൻസർ അല്ല എന്ന് ബയോപ്സി വഴി തീരുമാനിക്കുകയാണ് നല്ലത്.

കൊഴുപ്പ് കട്ടിപിടിക്കൽ

മാറിന് ക്ഷതമേൽക്കുന്ന സമയത്ത് കൊഴുപ്പ് കട്ടിപിടിച്ച് മുഴയായി കാണണമെന്നില്ല. എന്നാൽ കുറച്ചുകാലം കഴിഞ്ഞ് ഇത് കട്ടിയുള്ള മുഴയായി മാറാം. കൊഴുപ്പുകോശങ്ങൾക്ക് വരുന്ന മാറ്റങ്ങൾ കാരണമാണ് ഈ പ്രക്രിയ. രക്തം കട്ടപിടിച്ച് മുഴപോലെ ഇതിനെയും സമീപിക്കാം. ബയോപ്സി പരിശോധനയും, ആവശ്യമെങ്കിൽ ശസ്ത്രക്രിയയും വേണ്ടിവരും.

മുലഞെട്ടിലെ വ്യത്യാസങ്ങൾ

മുലഞെട്ടുകൾ ചുവന്നും വീങ്ങിയും പൊറ്റപിടിച്ചും പലതരത്തിൽ വരുന്നതാണ് പേജറ്റ്സ്(Pagetഠs disease). എന്നാൽ ഇത് മാറിലെ കാൻസറിന്റെ ഒരു വകഭേദം അല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതും ബയോപ്സി പരിശോധന നടത്തി കാൻസർ അല്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

മുലഞെട്ടിൽ നിന്നുള്ള സ്രവങ്ങൾ

പലതരത്തിലുള്ള സ്രവങ്ങൾ മാറിൽ നിന്ന് വരാൻ സാധ്യതയുണ്ട്. വെള്ളംപോലുള്ളതോ പാൽ പോലുള്ളതോ ആയ സ്രവം ഒന്നുരണ്ട് തുള്ളി ചിലർക്ക് മാറിൽ നിന്ന് വരാം. ഇത് അസാധാരണമല്ല.

പാൽ കുഴുലുകളിൽ ദശ വളരുന്ന അസുഖം(Intraductal Papilloma) വരുമ്പോൾ ഏതാണ്ട് കറുത്ത നിറത്തിലുള്ള സ്രവം വരാം. രക്തമോ കറുപ്പ് നിറത്തിലുള്ള സ്രവമോ, മുലഞെട്ടുകൾ ഞെക്കാതെതന്നെ വരുന്നത് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.

മാറിലെ അണുബാധ

ചുവന്ന നിറത്തോടുകൂടി ചൂട് കൂടുതലായുള്ള വീക്കം മാറിൽ വരുന്നത് അപൂർവമല്ല. പ്രത്യേകിച്ച് മുലയൂട്ടുന്ന അമ്മമാരിൽ. പാൽ വരുന്ന കുഴലുകളിൽ അണുബാധ വന്നാൽ ഇത് സംഭവിക്കാം. ഇത് പിന്നീട് പഴുപ്പ് കൂടുന്ന സ്ഥിതിയിലേക്ക് മാറാം.(Breast abscess). ചിലപ്പോൾ പഴുപ്പ് കീറിക്കളയേണ്ടിയും വരാം. എന്നാൽ മാറിൽ അപൂർവമായി വരുന്ന ഒരുതരം കാൻസറും(Inflammatory Carcinoma) ഈ രൂപത്തിൽ പ്രത്യക്ഷപ്പെടാം. അതുകൊണ്ട് കാൻസറല്ലെന്ന് പരിശോധനയിലൂടെ ഉറപ്പുവരുത്തേണ്ടതുണ്ട്.

മറ്റ് മുഴകൾ

ശരീരത്തിൽ ഏത് ഭാ​ഗത്തും വരാവുന്ന പലതരത്തിലുള്ള മുഴകളും(കാൻസറല്ലാത്തവ) മാറിലും അപൂർവമായി വരാം. ഉദാഹരണമായി കൊഴുപ്പ് ട്യൂമർ രൂപത്തിൽ വരുന്ന ലൈപോമ( Lipoma), പേശികൾ കട്ടിപിടിക്കുന്ന ഫൈബ്രോമ, രക്തക്കുഴലുകളിൽ വരുന്ന മുഴകൾ എന്നിവ.

മാറിൽ വരുന്ന വ്യത്യാസങ്ങളും മുഴകളും എല്ലാം കാൻസർ ആകണമെന്നില്ല. അവയെ സമീപിക്കേണ്ടത് വ്യക്തമായ ധാരണയോടുകൂടി വേണം. ചിലർ പലപ്പോഴും പരിഭ്രാന്തരായി ആവശ്യമില്ലാത്ത പല ടെസ്റ്റുകളും ചികിത്സയും എടുക്കാറുണ്ട്. മറ്റ് ചിലർ ആവശ്യമായ ​ഗൗരവം കൊടുക്കാതെ പൂർണമായും അവ​ഗണിച്ച് കാൻസറായി രൂപപ്പെട്ട നിലയിലാണ് ചികിത്സതേടി വരുന്നത്. രണ്ട് സമീപനങ്ങളും നല്ലതല്ല.

read more
ആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriageരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationship

മധ്യവയസ്സിലെ മറ്റ് തിരക്കുകൾക്കിടയിൽ ദാമ്പത്യത്തിന്റെ ഊഷ്മളത തകരാതെ നോക്കണം

മധ്യവയസ്സിൽ മറ്റ് പല തിരക്കുകൾക്കിടയിൽ ദാമ്പത്യജീവിതത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കഴിയാതെ പോകാം. എന്നാൽ ദാമ്പത്യത്തിന്റെ ഊഷ്മളതയും ഇഴയടുപ്പവും നഷ്ടമാകാതെ നോക്കേണ്ടത് പ്രധാനമാണ്. ചില ദമ്പതികളിൽ കാമതീവ്രത കുറയാമെങ്കിലും നല്ല സൗഹൃദവും ആശയവിനിമയും നിലനിൽക്കാം.

  • ധാരാളം സംസാരിച്ചതു കൊണ്ട് മാത്രമായില്ല. മറ്റേയാൾക്ക് കാതുകൊടുക്കുന്നുമുണ്ടോ, പറയുന്നത് പ്രവൃത്തിയിൽ വരുന്നുണ്ടോ എന്നുള്ളവയും പ്രസക്തമാണ്.
  • ബന്ധം തുടങ്ങിയ കാലത്തെ ഫോട്ടോകളും കത്തുകളുമൊക്കെ വീണ്ടും നോക്കുക. പങ്കാളിയിൽ ഏറ്റവും ഇഷ്ടം തോന്നാറുണ്ടായിരുന്ന കാര്യങ്ങൾ ഓർമിച്ചെടുക്കുക. ഇതൊക്കെ മനസ്സിലേക്ക് വരുത്തുന്ന ആ ഒരു സങ്കൽപത്തോടും വ്യക്തിയോടും ഒന്നുകൂടി അടുക്കാൻ ശ്രമിക്കുക.
  • ഇരുവർക്കും ഒന്നിച്ച് ആസ്വദിച്ച് ചെയ്യാവുന്ന പ്രവൃത്തികളിൽ ഏർപ്പെടുക. രണ്ടുപേർക്കും സ്വന്തം താൽപര്യങ്ങൾ പിന്തുടരാനും പരസ്പരം സമയം അനുവദിക്കുക.
  • മധ്യവയസ്സിൽ സ്ത്രീകൾ വേഴ്ചാവേളയിൽ കൂടുതൽ ഉത്സാഹവും സ്വാതന്ത്ര്യവും കാണിക്കാം. എന്നാൽ ക്രമേണ അവർക്ക് യോനിയിലെ വഴുവഴുപ്പ് കുറയുകയും ലൈം​ഗികതൃഷ്ണയിൽ ഏറ്റക്കുറച്ചിലുകൾ വരുകയും ചെയ്യാം. പുരുഷന്മാരിലും ഉദ്ധാരണപ്രശ്നങ്ങളും താത്പര്യക്കുറവും കാണാം. ഇതെല്ലാം ശാരീരിക മാറ്റങ്ങളുടെ ഉപോത്പന്നമോ, മാനസിക സമ്മർദത്തിന്റെയോ ദാമ്പത്യ അസ്വാരസ്യത്തിന്റെയോ പ്രതിഫലനമോ, വിവിധ രോ​ഗങ്ങളുടെ ഭാ​ഗമോ, മരുന്നുകളുടെ പാർശ്വഫലമോ ഒക്കെയാകാം. വണ്ണം കൂടുന്നതും ഊർജസ്വലത കുറയുന്നതും ആകാരസൗഷ്ടവം നഷ്ടമാകുന്നതുമൊക്കെ മൂലം മധ്യവയസ്കർക്ക് സ്വയം മതിപ്പ് ദുർബലമാകുന്നതും പ്രസക്തമാകാം. പുരുഷനിലെ ഉദ്ധാരണപ്രശ്നങ്ങളെ, തന്റെ ശരീരത്തിന് ആകർഷണശേഷി നഷ്ടമായതിന്റെ ഫലമെന്ന് സ്ത്രീ തെറ്റിദ്ധരിക്കാം.
  • ആർത്തവവിരാമക്കെ, സ്വന്തം പ്രായത്തിനും വിദ്യാഭ്യാസത്തിനും പശ്ചാത്തലത്തിനും അനുസൃതമായി സ്ത്രീകൾ പോസിറ്റീവായോ നെ​ഗറ്റീവായോ എടുക്കാം. നെ​ഗറ്റീവായി തോന്നുന്നവർ കൂടുതൽ കരുതൽ സ്വീകരിക്കണം.

പരിഹാരങ്ങൾ

  • തടി കുറയ്ക്കുക, പുകവലി ഒഴിവാക്കുക
  • സ്വശരീരത്തെ അന്യായമായി വിലകുറച്ച് കാണുന്നുണ്ടെങ്കിൽ അത്തരം ചിന്തകൾ തിരിച്ചറിഞ്ഞ് ഒഴിവാക്കുക.
  • വേഴ്ചയ്ക്ക് മുന്നോടിയായി ബാഹ്യകേളികൾക്ക് കൂടുതൽ പ്രാമുഖ്യം കൊടുക്കുക.
  • വിദ​ഗ്ധ സഹായം തേടുക.
read more
ആരോഗ്യംഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )

​ഗർഭിണികൾ ഭക്ഷണം കഴിക്കേണ്ടത് എപ്രകാരം? അമ്മയാകാൻ ഒരുങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഗർഭിണിയായാൽ

  • ​ഗർഭകാലത്തെ മൂന്നുമാസം വീതമുള്ള മൂന്ന് ഘട്ടമായിട്ടാണ് കണക്കാക്കുന്നത്. ആദ്യ മൂന്നുമാസമാണ് ഫസ്റ്റ് ട്രൈമെസ്റ്റർ, രണ്ടാമത്തെ
    മൂന്നുമാസം സെക്കൻഡ് ട്രൈമെസ്റ്ററും അവസാന മൂന്നുമാസം തേർഡ് ട്രൈമെസ്റ്ററുമാണ്. ആദ്യ ട്രൈമെസ്റ്ററിലാണ് ഛർദിയും ക്ഷീണവുമൊക്കെ ഉണ്ടാകുന്നത്. ഈ സമയത്ത് ​ഗർഭിണിയുടെ ശരീരഭാരം ഒരുകിലോ​ഗ്രാമാണ് കൂടുക. ആദ്യ മൂന്നുമാസത്തെ ഛർദിയും മറ്റ് പ്രശ്നങ്ങളുമൊക്കെ മാറി അസ്വസ്ഥതകൾ ഇല്ലാതിരിക്കുന്ന കാലമാണ് സെക്കൻ‍ഡ് ട്രൈമെസ്റ്റർ. ഈ കാലത്തെ ഹണിമൂൺ പീരിയഡ് ഓഫ് പ്ര​ഗ്നൻസി എന്നാണ് പറയുന്നത്. ​ഗർഭത്തിന്റെ അവസാന ഘട്ടമാണ് മൂന്നാമത്തെ ട്രൈമെസ്റ്റർ.
  • ഫോളിക് ആസിഡ് ​ഗുളികകൾ കഴിക്കാത്തവരാണെങ്കിൽ ​ഗർഭം ധരിച്ചാൽ ഉടനെ കഴിച്ചുതുടങ്ങണം.
  • വൈകാതെ ഡോക്ടറെ കാണുക. ആദ്യസന്ദർശനത്തിൽ തന്നെ പലതരം രക്തപരിശാേധനകൾ നടത്തും. ആരോ​ഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പാക്കാൻ പൾസ്, ഹൃദയാരോ​ഗ്യം, ഹീമോ​ഗ്ലോബിൻ, തൈറോയ്ഡ് പരിശോധനകൾ എന്നിവ നടത്തും. ഉയരം, ഭാരം, ബി.എം.ഐ. രക്ത​ഗ്രൂപ്പ് നിർണയം എന്നിവയും ഉണ്ടാകും. നെ​ഗറ്റീവ് രക്ത​ഗ്രൂപ്പുള്ളവരാണെങ്കിൽ ഐ.സി.ടി. എന്ന ടെസ്റ്റുകൂടി ചെയ്യേണ്ടി വരും.
  • എല്ലാ ട്രൈമെസ്റ്ററുകളിലും രക്തപരിശോധന നടത്തും.
  • രണ്ടാമത്തെ ട്രൈമെസ്റ്ററിന്റെ തുടക്കത്തിൽ 4-6 ആഴ്ചകൾ ഇടവിട്ട് രണ്ട് ഡോസ് ടി.ടി. കുത്തിവെയ്പ് എടുക്കണം.
  • ഈ സമയത്ത് അമിത ബി.പി. സാധ്യതയുള്ളതിനാൽ ബി.പി. പരിശോധന നടത്തും.
  • 24-28 ആഴ്ചയ്ക്കുള്ളിലാണ് പ്രമേഹ പരിശോധനകൾ നടത്തേണ്ടത്.
  • ആദ്യത്തെ മൂന്നുമാസത്തിൽ പനി, മറ്റ് രോ​ഗങ്ങൾ എന്നിവ വരാതെ നോക്കണം. എന്തെങ്കിലും രോ​ഗങ്ങൾ കണ്ടാൽ ഉടനെ ഡോക്ടറെ കാണണം.
  • ആദ്യത്തെ 28 ആഴ്ചവരെ മാസത്തിലൊരിക്കൽ ഡോക്ടറെ കണ്ടാൽ മതി. 28-34 ആഴ്ചകളിൽ രണ്ടാഴ്ചയിലൊരിക്കൽ ഡോക്ടറെ കാണണം. 34 ആഴ്ച കഴിഞ്ഞാൽ‍ ആഴ്ചയിലൊരിക്കൽ ഡോക്ടറെ കാണണം.
  • അലസമായ ജീവിതശൈലി പാടില്ല. ​ഗർഭിണിയായാൽ എപ്പോഴും വിശ്രമിക്കുന്ന രീതി പാടില്ല. വ്യായാമത്തിനായി ദിവസവും കുറച്ചുനേരം നടക്കാം. ആദ്യത്തെ മൂന്നുമാസം ഭാരം എടുക്കരുത്. രാത്രി എട്ടുമണിക്കൂർ ഉറങ്ങണം. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് ഒരുമണിക്കൂർ വിശ്രമിക്കണം.

ഭക്ഷണം

  • ​ഗർഭിണികൾ രണ്ടുപേർക്കുള്ള ഭക്ഷണം കഴിക്കരുത്. സാധാരണ കഴിക്കുന്നതുപോലെ കഴിച്ചാൽ മതി.
  • ആദ്യ ട്രൈമെസ്റ്ററിൽ കൂടുതൽ കലോറി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട കാര്യമില്ല.
  • ദിവസവും ഭക്ഷണത്തോടൊപ്പം ഏതെങ്കിലും ഒരു പഴം ഉൾപ്പെടുത്തുക.
  • പാൽ കുടിക്കാം. പ്രമേഹമുള്ളവർ പാട മാറ്റിയ പാൽ വേണം കുടിക്കാൻ.
  • ആദ്യ മൂന്നുമാസം മുതൽ അയേണും കാൽസ്യവും കഴിച്ചുതുടങ്ങണം. ആ​ഗിരണത്തെ തടസ്സപ്പെടുത്തുമെന്നതിനാൽ രണ്ടും ഒന്നിച്ച് കഴിക്കരുത്. രണ്ടുനേരമായി വേണം കഴിക്കാൻ.
  • നോർമൽ ബി.എം.ഐ. ഉള്ള വ്യക്തിക്ക് ​ഗർഭകാലത്ത് ആകെ 11 കിലോ ​ഗ്രാമാണ് കൂടുക. ആദ്യ മൂന്നുമാസം കൂടുതൽ ഭക്ഷണത്തിന്റെ ആവശ്യമില്ല. ഒരുകിലോ​ഗ്രാം മാത്രം കൂടിയാൽ മതി. രണ്ടാമത്തെ ട്രൈമെസ്റ്ററിലും അവസാനത്തെ ട്രൈമെസ്റ്ററിലും അഞ്ചുകിലോവീതമാണ് കൂടേണ്ടത്. എന്നാൽ അമിതവണ്ണമുള്ളവരാണെങ്കിൽ അവരുടെ ശരീരഭാരം അനുസരിച്ചുള്ള തൂക്കംമാത്രമേ കൂടാവൂ.

സ്കാനിങ്

  • ഏഴുമുതൽ പത്ത് ആഴ്ചയ്ക്കിടയിലാണ് ആദ്യത്തെ സ്കാനിങ് ചെയ്യുന്നത്.
  • കുഞ്ഞിന് ​ഗുരുതരമായ വൈകല്യങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്താൻ 11-13 ആഴ്ചയ്ക്കുള്ളിൽ എൻ.ടി. സ്കാൻ ചെയ്യും. ഇത് അൾട്രാസൗണ്ട് സ്കാനിങ് തന്നെയാണ്. ഡൗൺ സിൻ‍ഡ്രോം ടെസ്റ്റുകളും ഈ സമയത്ത് ചെയ്യാം. 11-14 ആഴ്ചയിൽ ചെയ്യുന്ന സ്കാനിങ്ങിലൂടെയാണ് ഇത് തിരിച്ചറിയുന്നത്. 37 വയസ്സിന് താഴെയുള്ള(സ്ത്രീകളാണെങ്കിൽ ഫസ്റ്റ് ട്രൈമെസ്റ്റർ സ്ക്രീനിങ് ടെസ്റ്റാണ് ചെയ്യുക. 37 വയസ്സിന് മുകളിലുള്ളവരിലാണെങ്കിൽ റിസ്ക് കൂടുതൽ ഉള്ളതിനാൽ എൻ.ഐ.പി.ടി./അംനിയോസിന്തെസിസ് ചെയ്ത് ഡൗൺ സിൻഡ്രോമിനുള്ള സാധ്യത ഉണ്ടോയെന്ന് നോക്കാം. ഇത് നിർബന്ധമുള്ള പരിശോധനയല്ല. ഓപ്ഷണൽ ആണ്.
  • കുട്ടിക്ക് എന്തെങ്കിലും വൈകല്യമുണ്ടോ എന്നറിയാൻ 18-20 ആഴ്ചയിൽ അനോമലി സ്കാൻ ചെയ്യണം.

​ഗർഭകാല പ്രമേഹം

നേരത്തേ പ്രമേഹം ഇല്ലാത്ത ചിലരിൽ ​ഗർഭകാലത്ത് പ്രമേഹം പ്രത്യക്ഷപ്പെടും. ഈ അവസ്ഥയാണ് ജസ്റ്റേഷണൽ ഡയബറ്റിസ്. പൊതുവെ ​ഗർഭാവസ്ഥയുടെ 20 ആഴ്ചയ്ക്ക് ശേഷമാണ് ഇത് ഉണ്ടാകുന്നത്. പ്രസവശേഷം സ്വാഭാവികമായിത്തന്നെ ഷു​ഗർ നില സാധാരണനിലയിലേക്ക് വരുകയും ചെയ്യും. എന്നാൽ ഭാവിയിൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള മുന്നറിയിപ്പായിക്കൂടി ഇതിനെ വിലയിരുത്താം.

പരിശോധന: 75 ​ഗ്രാം ​ഗ്ലൂക്കോസ് അടങ്ങിയ ലായനി ​ഗർഭിണിക്ക് കുടിക്കാൻ നൽകും. അത് കുടിച്ച് രണ്ടുമണിക്കൂറാകുമ്പോൾ രക്തപരിശോധന നടത്തും. അപ്പോൾ‍ ​ഗ്ലൂക്കോസ് നില 140mg/dL ൽ കൂടുതലാണെങ്കിൽ ​ഗർഭകാല പ്രമേഹം ഉണ്ടെന്ന് കണക്കാക്കും. പ്രമേഹം തിരിച്ചറിഞ്ഞാൽ ഉടൻ തന്നെ കൃത്യമായ ചികിത്സ തേടി രോ​ഗത്തെ നിയന്ത്രിക്കണം.

രക്തസമ്മർദം

​ഗർഭകാലത്ത് കാണുന്ന അമിതരക്തസമ്മർദത്തെ ക്രോണിക് ഹൈപ്പർടെൻഷൻ എന്നും ജസ്റ്റേഷണൽ ഹൈപ്പർ ടെൻഷൻ എന്നും തരംതിരിക്കാം.

​ഗർഭാവസ്ഥയുടെ ആദ്യഘട്ടത്തിൽതന്നെ രക്തസമ്മർദം ഉയർന്നുനിൽക്കുന്ന അവസ്ഥയാണ് ക്രോണിക് ഹൈപ്പർടെൻഷൻ. നേരത്തേ അമിത ബി.പി. ഇല്ലാതിരിക്കുകയും ​ഗർഭിണിയായിരിക്കുമ്പോൾ പ്രത്യേകഘട്ടത്തിൽ ബി.പി. ഉയരുകയും ചെയ്യുന്ന അവസ്ഥയാണിത്.

അതിനാൽ അമിത ബി.പി. ഉള്ളവർ കൃത്യമായി ബി.പി. പരിശോധിച്ച് ആവശ്യമെങ്കിൽ മരുന്ന് കഴിക്കേണ്ടതുണ്ട്. പ്രസവസമയത്ത് എക്ലാംസിയ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധ ആവശ്യമാണ്.

കൊല്ലം ഉപാസന ഹോസ്പിറ്റലിൽ ലാപ്രോസ്കോപിക് സർജനും കൺസൾട്ടന്റ് ​ഗൈനക്കോളജിസ്റ്റുമാണ് ലേഖിക

 

read more
1 2 3
Page 2 of 3