close

മൂഹത്തിന്റെ ഏറ്റവും അര്‍ഥപൂര്‍ണമായ ഘടകമാണ് കുടുംബം. സമൂഹത്തെ എന്നും പുതുമയോടെ നിലനിര്‍ത്തുന്നതും ആ ബന്ധങ്ങള്‍ തന്നെ. പങ്കാളികള്‍ തമ്മിലുള്ള നല്ല ബന്ധം നല്ല കുടുംബത്തെ സൃഷ്ടിക്കും. നല്ല കുടുംബങ്ങള്‍ നല്ല സമൂഹത്തെയും. എന്നാല്‍ കാലത്തിനൊപ്പം കുടുംബ ബന്ധങ്ങളുടെ സ്വഭാവത്തിലും കെട്ടുറപ്പിലുമെല്ലാം മാറ്റങ്ങള്‍ വരുന്നുണ്ട്. ദാമ്പത്യ ബന്ധങ്ങളില്‍ ഉലച്ചിലുകളും വേര്‍പിരിയലുകളും കൂടിവരുന്നതായാണ് കാണുന്നത്. കുടുംബ കോടതികളില്‍ എത്തുന്ന കേസുകള്‍ ഇതിന് തെളിവാണ്.

വേര്‍പിരിയാന്‍ വേണ്ടിയല്ല ഒന്നായി ചേര്‍ന്നത്. പങ്കുവെച്ച് ജീവിക്കാന്‍ വേണ്ടിതന്നെയാണ്. എന്നിട്ടും ചെറുതും വലുതുമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ ദാമ്പത്യത്തിന്റെ വഴിപിരിയലിന് കാരണമായി മാറുന്നു. മനസ്സ് തുറന്ന് സംസാരിച്ചാല്‍, പങ്കാളി പറയുന്നത് കേള്‍ക്കാന്‍ തയ്യാറായാല്‍ ഒട്ടേറെ പ്രശ്‌നങ്ങളെ പരിഹരിച്ചുമുന്നോട്ട് പോകാനാകും.

പരസ്പരം അടുത്തറിഞ്ഞ് സ്‌നേഹവും കരുതലും താങ്ങും തണലുമായി മാറേണ്ട ജീവിത യാത്രയാണ് ദാമ്പത്യം. രതിയും സുഖ ദുഃഖങ്ങളും ഒരുപോലെ പങ്കുവെച്ച് മുന്നേറേണ്ട യാത്ര. അസ്വാരസ്യങ്ങളെല്ലാം അകറ്റി ദാമ്പത്യ ജീവിതം ആനന്ദകരമാക്കാന്‍ മനസ്സുവെക്കണമെന്ന് മാത്രം.

വിവാഹബന്ധം ഇണകള്‍ക്ക് ചില പ്രയോജനങ്ങള്‍ പ്രദാനംചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഇന്നലെയുടെ പ്രതീക്ഷകളല്ല ഇന്നിന്റേത്. പക്ഷേ, ഒരു വിവാഹബന്ധം നിലകൊള്ളാന്‍, തുടക്കത്തിനും വളര്‍ച്ചയ്ക്കും നിലനില്‍പിനും വിവാഹം നിര്‍വഹിക്കുന്ന ധര്‍മങ്ങള്‍ പ്രധാനപ്പെട്ടതാണ്. പ്രത്യുത്പാദനത്തിനു മാത്രം വിവാഹം നിലകൊണ്ട കാലം ഗതകാലത്തിലെവിടെയോ ഒളിച്ചിരിക്കുന്നു.

ലൈംഗികബന്ധത്തിന്റെ ആവശ്യകതയെ പ്രത്യുത്പാദന താത്പര്യത്തില്‍നിന്ന് പാടെ മാറ്റിനിര്‍ത്തിയിരിക്കുന്നു. ഇന്ന് വൈവാഹികബന്ധത്തിലെ ലൈംഗികബന്ധം ലൈംഗികബന്ധത്തിനു മാത്രമായി മാറിയിരിക്കുന്നു. കുട്ടികളെ വേണ്ടെന്നുവെച്ചും വിവാഹബന്ധത്തിന് മുതിരുന്നവരുണ്ടിന്ന്. കുട്ടികളെ വളര്‍ത്തുന്നതിന്, കൈക്കുഞ്ഞായിരിക്കെത്തന്നെ അതിനനുയോജ്യമായ സ്ഥാപനങ്ങളെ ഏല്‍പിക്കുന്നവരുമുണ്ട്. പരമ്പരാഗതമായി കൊണ്ടുനടന്നിരുന്ന പല പ്രയോജനങ്ങളും ഇന്ന് വിവാഹജീവിതത്തില്‍നിന്ന് വേര്‍പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ഇന്നിന്റെ വൈവാഹികബന്ധം ആസ്വദിക്കാനും ആഘോഷിക്കാനും ഈ മാറ്റങ്ങളറിയേണ്ടതുണ്ട്.

എന്‍.പി. ഹാഫിസ് മുഹമ്മദ്
കോ-ഓഡിനേറ്റര്‍, സോഷ്യോളജി വിഭാഗം മേധാവി,
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസ്

ഹ്ലാദകരമായ വിവാഹജീവിതം നയിക്കുന്നവരില്‍ താരതമ്യേന കൂടുതല്‍ ആയുസ്സും രോഗസാധ്യതകള്‍ കുറവുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗുണങ്ങള്‍ കൂടുതലും പുരുഷന്മാരിലാണെന്ന കൗതുകകരമായ കണ്ടെത്തലുകളുമുണ്ട്. വെറുതെയൊരു കല്യാണം കഴിച്ചാല്‍ ഈ ഗുണമുണ്ടാവില്ല. ആ ബന്ധത്തിന്റെ ഗുണപരമായ നിലവാരം വലിയ ഘടകമാണ്. സംതൃപ്തി, ഇണയോടുള്ള പ്രസാദാത്മകമായ സമീപനം, വിരോധമുള്ളതും നിഷേധാത്മകവുമായ പെരുമാറ്റങ്ങളിലുള്ള നിയന്ത്രണം ഇവയെല്ലാം പ്രധാനമാണ്. കലുഷിതമായ ദാമ്പത്യം സംഘര്‍ഷങ്ങളുടെ ഫാക്ടറിയാണ്.

കല്യാണം കഴിച്ച് ഒപ്പം കൂട്ടിയ ആളിന്റെ കുഴപ്പം മൂലമല്ലേ ആരോഗ്യവും മനസ്സമാധാനവും ക്ഷയിച്ചതെന്ന് കണ്ണടച്ച് കുറ്റപ്പെടുത്താന്‍ വരട്ടെ. അവനവന്റെ സുഖമെന്ന വിചാരത്തില്‍നിന്ന് മാറി ദാമ്പത്യത്തോടും പങ്കാളിയോടും ഓരോ വ്യക്തിയും സ്വീകരിക്കുന്ന സ്പര്‍ധ കലര്‍ന്ന നിലപാടുകളും അതില്‍ സ്വാധീനം ചെലുത്തും. പാളിച്ചകളും സംഘര്‍ഷങ്ങളുമുണ്ടാകുമ്പോള്‍ ഇണയുടെ നേരെ വിരല്‍ ചൂണ്ടുന്നതിനു പകരം, സ്വന്തം പങ്കെന്താണെന്നുള്ള അന്വേഷണമായാല്‍ തിരുത്തല്‍ എളുപ്പമാവും. പരസ്പരം അറിയാനും സ്‌നേഹിക്കാനും പിന്തുണയ്ക്കാനുമുള്ള ശാശ്വതമായൊരു ചങ്ങാത്തത്തില്‍നിന്നാണ് ദാമ്പത്യത്തില്‍ ഊര്‍ജമുണ്ടാകേണ്ടത്.

ഡോ. സി. ജെ. ജോണ്‍
ചീഫ് സൈക്യാട്രിസ്റ്റ്
മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, കൊച്ചി

ല്യാണത്തിരക്കിനിടയില്‍ ആണിനും പെണ്ണിനും വിവാഹജീവിതം ആരംഭിക്കാനാവശ്യമായ തയ്യാറെടുപ്പുകളെക്കുറിച്ചോ ഉണ്ടാകേണ്ട ശാരീരികമാനസികവൈകാരിക പാകപ്പെടലിനെക്കുറിച്ചോ ആരും അന്വേഷിക്കുന്നില്ല. പഠിത്തവും ജോലിയുമെന്നതിലുപരിയായി ശാരീരികവും മാനസികവുമായ വളര്‍ച്ചയും ഫിറ്റ്‌നസ്സും സ്ത്രീയ്ക്കും പുരുഷനുമുണ്ടോ എന്ന കാര്യവും പരിഗണിക്കപ്പെടുന്നില്ല.

പുതിയ ജീവിതം ആരംഭിക്കുമ്പോള്‍ ഉണ്ടാകേണ്ട ഈ ജാഗ്രതയില്ലായ്മയാണ് പലപ്പോഴും തന്റേതല്ലാത്ത കാരണം കൊണ്ട് വിവാഹമോചനം നേടിയെന്ന പരസ്യകോളങ്ങളിലും കുടുംബ കോടതിയിലെ വിചാരണമുറികളിലും ദമ്പതികളെ എത്തിക്കുന്നത്. ജനിതകവൈകല്യങ്ങളുള്ള കുട്ടികള്‍ പിറക്കാതിരിക്കാന്‍, പാരമ്പര്യരോഗങ്ങള്‍ പിന്തുടരാതെയിരിക്കാന്‍, ക്രോണിക് രോഗങ്ങള്‍ ദാമ്പത്യജീവിതത്തിന്റെ രസാനുഭൂതികള്‍ കവരാതെയിരിക്കാന്‍, ആരോഗ്യകരമായ ദാമ്പത്യജീവിതം നയിക്കാന്‍ വിവാഹത്തിന് മുമ്പ് ചില തയ്യാറെടുപ്പുകളും മുന്നൊരുക്കങ്ങളും നടത്തണം.

ഡോ.ബി പദ്മകുമാര്‍
പ്രൊഫസര്‍, മെഡിസിന്‍ വിഭാഗം
ഗവ. മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

മിക്കവരും വിവാഹജീവിതത്തിലേക്കു കടക്കുന്നത്, ബാല്യകൗമാരങ്ങളിലും നിത്യജീവിതത്തിലും പുസ്തകങ്ങളിലോ സിനിമകളിലോ കാണാന്‍കിട്ടിയ ബന്ധങ്ങളില്‍ നിന്നു സ്വയമറിയാതെ സ്വാംശീകരിച്ച ഒത്തിരി പ്രതീക്ഷകളും മനസ്സില്‍പ്പേറിയാണ്. ദമ്പതികള്‍ ഇരുവരുടെയും പ്രതീക്ഷകള്‍ തമ്മില്‍ പൊരുത്തമില്ലാതിരിക്കുകയോ പ്രാവര്‍ത്തികമാവാതെ പോവുകയോ ചെയ്യുന്നത് അസ്വസ്ഥതകള്‍ക്കും കലഹങ്ങള്‍ക്കും ഗാര്‍ഹികപീഡനങ്ങള്‍ക്കും അവിഹിതബന്ധങ്ങള്‍ക്കും ലഹരിയുപയോഗങ്ങള്‍ക്കും മാനസികപ്രശ്‌നങ്ങള്‍ക്കും വിവാഹമോചനത്തിനുമൊക്കെ ഇടയൊരുക്കാറുമുണ്ട്.

പ്രിയത്തോടെ ഉള്ളില്‍ക്കൊണ്ടുനടക്കുന്ന പ്രതീക്ഷകള്‍ ആരോഗ്യകരം തന്നെയാണോ എന്നെങ്ങനെ തിരിച്ചറിയാം, അപ്രായോഗികം എന്നു തെളിയുന്നവയെ എങ്ങനെ പറിച്ചൊഴിവാക്കാം, പ്രസക്തിയും പ്രാധാന്യവുമുള്ളതെന്നു ബോദ്ധ്യപ്പെടുന്നവയുടെ സാഫല്യത്തിനായി എങ്ങനെ പങ്കാളിയുടെ സഹായം തേടാം. അറിയേണ്ടതുണ്ട് ഇത്തരം കാര്യങ്ങള്‍…

ഡോ. ഷാഹുല്‍ അമീന്‍
സൈക്യാട്രിസ്റ്റ്
സെന്റ് തോമസ് ഹോസ്പിറ്റല്‍, ചങ്ങനാശ്ശേരി

ദാമ്പത്യബന്ധത്തിന് ഉറപ്പു നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് ലൈംഗികത. ലൈംഗികബന്ധത്തിലെ താളപ്പിഴകളും തകരാറുകളും പലപ്പോഴും ദാമ്പത്യത്തെ താറുമാറാക്കാറുണ്ട്. അതുകൊണ്ടുതന്നെ, ദാമ്പത്യ വിജയം ആഗ്രഹിക്കുന്നവര്‍ ലൈംഗികതയെക്കുറിച്ചുള്ള ആരോഗ്യകരമായ ധാരണകള്‍ രൂപപ്പെടുത്തേണ്ടതാണ്.

ഡോ. ടി.പി സന്ദീഷ്
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
ഗവ. മെന്റല്‍ ഹെല്‍ത്ത് സെന്റര്‍, കോഴിക്കോട്

blogadmin

The author blogadmin

Leave a Response