അമ്മായിയമ്മ മരുമകളെയും മരുമകള്‍ അമ്മായിയമ്മയെയും ശത്രുവായി കരുതേണ്ടതില്ല. പരസ്പരം മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാം.
ഓര്‍മ്മവച്ച നാള്‍മുതല്‍ കേട്ടു പരിചയിച്ചതും വായിക്കാന്‍ തുടങ്ങിയ ശേഷം വായിച്ചു പഴകിയതും ദൃശ്യമാധ്യമങ്ങളില്‍ കണ്ടു ശീലിച്ചതുമായ ഒന്നാണ് څഅമ്മായിയമ്മ-മരുമക്കള്‍ പോര്چ. വളരെ കുറച്ചു കുടുംബങ്ങളില്‍ മാത്രം പ്രകടമാകുന്ന ഈ വൈരം ധാരാളം പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ഭാവനയില്‍ വികസിപ്പിച്ചെടുക്കുന്ന ചിത്രങ്ങള്‍. ഇപ്പോള്‍ പൊതുവായി ടി.വി സീരിയലുകളില്‍ കണ്ടുവരുന്നവ മനസ്സില്‍ പതിയുന്നതാകാം. ഇപ്പോള്‍ ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരാന്‍ കാരണം.
ഭര്‍ത്താവിനെ രക്ഷകനായി കരുതാം
കല്യാണം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് വരുന്ന പെണ്‍കുട്ടിക്ക് അവിടെ ആരുമായും പരിചയമോ, ബന്ധമോ ഉണ്ടാകാറില്ല. അതുകാരണം തന്നെ വിവാഹം കഴിച്ചയാളാണ് തന്റെ രക്ഷകന് എന്ന വിശ്വാസത്തിലാണവള്‍ അവിടെയെത്തുന്നത്. സാവധാനം ചുറ്റുപാടുകള്‍ മനസ്സിലാക്കി അതുമായി പൊരുത്തപ്പെട്ടു പോകുന്നവരാണ് അധികവും. രണ്ട് വ്യത്യസ്ഥ സാമൂഹിക സാഹചര്യങ്ങളിലുള്ള വ്യക്തികളാണെങ്കില്‍ ഈ പൊരുത്തപ്പെടലുകള്‍ എളുപ്പമല്ല, ഇവിടെ ഒരു കൂട്ടര്‍ക്ക് ഒരു തരം മാനസികമായ അപകര്‍ഷതാബോധം ഉടലെടുക്കുന്നത് കണ്ടുവരുന്നു.
താന്‍ ഭര്‍ത്താവിന്റെ / ഭാര്യയുടെ വീട്ടുകാരെക്കാള്‍ കുറഞ്ഞ സാമൂഹ്യ സ്ഥിതിയില്‍ നിന്നു വരുന്നതുകൊണ്ട് തന്നെ വേണ്ട വിധം അംഗീകരിക്കുന്നില്ല എന്ന തോന്നലാണ് ഇതില്‍ പ്രധാനം. ഇങ്ങനെയുള്ള വീടുകളില്‍ അമ്മായിയമ്മ ചെയ്യുന്നതെല്ലാം കുറ്റമായും പറയുന്നതെല്ലാം തന്നെ കുറ്റപ്പെടുത്തുന്നതിന് പറയുന്നതായും മരുമകള്‍ക്ക് / മകന് തോന്നും. ഇവിടെ നിന്നാണ് മിക്കവാറും ഉരസല്‍ തുടങ്ങുക. ഭാര്യയുടെ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ മുനവച്ചുള്ള സംസാരത്തില്‍ അവരോടൊപ്പം നല്‍ക്കാനോ അമ്മയെ കുറ്റപ്പെടുത്തുവാനോ ന്യായീകരിക്കുവാനോ കഴിയാത്ത അവസ്ഥിലാകും ഭര്‍ത്താവ് / ഭാര്യ. തന്നോടൊപ്പം നില്‍ക്കേണ്ട ഭര്‍ത്താവ് തന്നെ ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നില്ലെന്നു മനസ്സിലാക്കുന്ന ഭാര്യ വര്‍ദ്ധിച്ച വീര്യത്തോടെ അമ്മായിയമ്മയെ എതിര്‍ക്കാന്‍ തുടങ്ങും.
ഈഗോ തുടങ്ങുന്നു
മകനോ മകളോ ഉള്ള അമ്മമാര്‍ക്ക് തന്റെ കുട്ടി വളരെ പ്രധാനപ്പെട്ടതാണ്. ആ കുട്ടിക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതിരിക്കാന്‍ അവര്‍ അമിത ശ്രദ്ധ ചെലുത്തും. ഇത്തരം അമ്മമാരെ മരുമക്കള്‍ കാണുന്നത് നിത്യ ശല്യമായിട്ടായിരിക്കും. എന്റെ ഭര്‍ത്താവിനെ നോക്കാന്‍ എനിക്കറിയില്ലേ. ഞങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ അമ്മായിയമ്മയ്ക്കെന്തു കാര്യം? എന്ന രീതിയിലായിരിക്കും പ്രതികരണം. ഇത് ചില അമ്മായിയമ്മമാരുടെ വാശി കൂട്ടുകയും ബന്ധങ്ങള്‍ പാളിപ്പോകുകയും ചെയ്യും.
ഇതിനിടയില്‍പ്പെട്ടുപോകുന്ന മകനോ മകളോ ആണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത്. ഒരു പക്ഷവും പിടിക്കാനാവാതെ രണ്ടു കൂട്ടരെയും പിന്തുണയ്ക്കാനും തള്ളാനും കഴിയാതെ ത്രിശങ്കുവില്‍ നില്ക്കേണ്ടിവരുന്നവര്.
ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഭാര്യയും ഭര്‍ത്താവും പരസ്പരം മനസ്സിലാക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഇതിനായി അവര്‍ മാത്രമായി കുറെ സമയമെങ്കിലും ചെലവിടുകയും പരസ്പരം സംസാരിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. വിവാഹം കഴിഞ്ഞയുടനെയുള്ള കുറച്ചുനാളുകളെങ്കിലും ഇവര്‍ മാത്രമായി താമസിക്കുക എന്നത് പരസ്പരം മനസ്സിലാക്കുന്നതിനും പൊരുത്തപ്പെടുന്നതിനും ഏറെ സഹായകമാണ്. അതിനുശേഷം ഇവര്‍ ആരുടെയെങ്കിലും മാതാപിതാക്കളോടൊപ്പം കഴിഞ്ഞാല്‍ അധികം പ്രശ്നങ്ങള്‍ ഉണ്ടാകാനിടയില്ല.
മാതാപിതാക്കള്‍ മനസ്സിലാക്കണം
വ്യത്യസ്ത സാമൂഹിക പശ്ചാത്തലത്തില്‍ നിന്നു വരുന്ന മരുമകളില്‍/മരുമകനില്‍ വിശ്വാസം വളര്‍ത്തിയെടുക്കാനുതകുന്ന രീതിയിലാ യിരിക്കണം മാതാപിതാക്കള്‍ പെരുമാറേണ്ടത്. ഭാര്യയുടേയോ ഭര്‍ത്താവിന്റെയോ രക്ഷകര്‍ത്താക്കളില്‍ തങ്ങളോട് താത്പര്യം ജനിപ്പിക്കുക എന്നതാണ് പുതിയതായി വിവാഹം കഴിഞ്ഞെത്തുന്നവര്‍ ശ്രദ്ധിക്കേണ്ടത്. രണ്ടു വീടുകളും തങ്ങളുടേതാണെന്ന തോന്നല്‍ മനസ്സില്‍ നിര്‍ബന്ധമായും ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞാല്‍ കൂട്ടുകുടുംബത്തിലും ജീവിതം സന്തോഷകരമായിരിക്കും.
തങ്ങളുടെ മകനോ മകളോ കല്യാണം കഴിഞ്ഞാല്‍ അവരുടെ സ്വകാര്യതകള്‍ മാനിക്കപ്പെടേണ്ടതാണെന്നും മാതാപിതാക്കള്‍ അംഗീകരിക്കണം. വിവാഹത്തിനു മുമ്പ് അവരുടെ കാര്യങ്ങളില്‍ ഇടപെട്ടിരുന്നതുപോലെ അതു കഴിഞ്ഞും ഇടപെടാന്‍ ശ്രമിക്കരുത്. തെറ്റുകള്‍ കണ്ടാല്‍ ചൂണ്ടിക്കാണിക്കണം. പക്ഷേ, അത് കുറ്റപ്പെടുത്തലിന്റെ രീതിയിലാകരുത്. തെറ്റുകള്‍ കണ്ടാല്‍ ചൂണ്ടികാണിക്കണം. പക്ഷേ, അത് കുറ്റപ്പെടുത്തലിന്റെ രിതിയിലാകരുത്, ശാസന അതിരുവിടാതിരിക്കാനും ശ്രദ്ധിക്കണം. പ്രത്യേകിച്ച് മകന്റെയോ, മകളുടെയോ ജീവിതപങ്കാളിയുടെ മുന്നില്‍ വച്ച്.
ആശയവിനിമയം വേണം
ജനിച്ച നാള് മുതല്‍ ഇത്രയും കാലം വളര്‍ത്തി വലുതാക്കിയ അച്ഛനും അമ്മയ്ക്കും വിവാഹം കഴിഞ്ഞതുകൊണ്ട് തങ്ങളുടെ മകന്/മകള്‍ വലുതായി സ്വയം പര്യാപ്തനായി എന്ന് ഒരു രക്ഷാകര്‍ത്താവും വിചാരിക്കില്ല. അവര്‍ക്ക് തുടര്‍ന്നും തങ്ങളുടെ സഹായം അല്ലെങ്കല്‍ സംരക്ഷണം ആവശ്യമുണ്ട് എന്നാണ് ഭൂരിഭാഗവും കരുതുന്നത്. ഇത് മനസ്സിലാക്കി പെരുമാറാന്‍ കഴിഞ്ഞാല്‍ വലിയ ഒരളവുവരെ പ്രശ്നങ്ങള്‍ ഒഴിവായിക്കിട്ടും. ഇരുകൂട്ടരുടെയും രക്ഷാകര്‍ത്താക്കളുമായി തുറന്നു സംസാരിക്കുക, അവരെ അന്യരായി കാണാതിരിക്കുക, അവര്‍ക്ക് അവരുടെ കുട്ടിയുടെ മേലുള്ള വാത്സല്യവും സ്നേഹവും അംഗീകരിക്കുക എന്നിവയാണ് സമാധാന ജീവിതത്തിന് ഉതകുന്നത്.
ഏറ്റവും പ്രധാനം ഭാര്യയും ഭര്‍ത്താവും മാത്രമായി ആശയവിനിമയം സ്വതന്ത്രമായി നടത്തുവാനും ഇടപെടാനുമുള്ള സമയവും സൗകര്യവും കണ്ടെത്തുക എന്നതാണ്. പരസ്പരം തുറന്നു സംസാരിച്ചാല്‍ തന്നെ ഏറെ പ്രശ്നങ്ങളും പരിഹാരമാകും. കുട്ടികളുണ്ടായിക്കഴിഞ്ഞാല്‍ അവരുമൊത്ത് അച്ഛനും അമ്മയും സമയം ചെലവിടുന്നത് അവരുടെ വ്യക്തിവികാസത്തിനും പ്രയോജനകരമാകും.