close

ആളുകൾ അഭിമുഖീകരിക്കുന്ന ഏറ്റവും സാധാരണമായ ചർമ്മപ്രശ്നങ്ങളിൽ ഒന്നാണ് മുഖക്കുരു. എന്നാൽ, മുഖത്തു മാത്രമല്ല, പലരുടെയും ശരീരത്തിലും മുഖക്കുരുവിന് സമാനമായ രീതിയിലുള്ള ചെറിയ കുരുക്കൾ കാണാറുണ്ട്. കൂടുതലും ശരീരത്തിന്റെ പിൻവശത്തോ ഷോൾഡറിന്റെ വശങ്ങളിലോ ഒക്കെയാണ് ഇത്തരം കുരുക്കൾ ധാരാളമായി കാണാറുള്ളത്. ബോഡി ആഗ്നേ (Body acne) എന്നു വിളിക്കപ്പെടുന്ന ഈ കുരുക്കൾ പലപ്പോഴും നേരിയ വേദനയും അസ്വസ്ഥയും ഉണ്ടാക്കാറുണ്ട്. ശരീരത്തിൽ ഇടയ്ക്കിടെ ഇത്തരം കുരുക്കൾ പ്രത്യക്ഷപ്പെടുന്നത് നിങ്ങളെ അലട്ടുന്നുണ്ടോ? ഇതാ, ഏതാനും പ്രതിവിധികൾ നിർദേശിക്കുകയാണ് ചർമ്മരോഗവിദ്ഗധർ.

എന്തുകൊണ്ടാണ് ശരീരത്തിൽ ഇത്തരത്തിലുള്ള കുരുക്കൾ ഉണ്ടാവുന്നത്? “ജനിതക ഹോർമോണുകളുടെ അസന്തുലിതാവസ്ഥ, ഓയിൽ മസാജ്, വർക്കൗട്ട് കൊണ്ടോ ചൂടിന്റെ ആധിക്യം കൊണ്ടോ ഉണ്ടാവുന്ന വിയർപ്പ്, പ്രോട്ടീൻ സപ്ലിമെന്റുകൾ, അനാബോളിക് സ്റ്റിറോയിഡുകൾ എന്നിവയാണ് ഇത്തരം കുരുക്കൾ ഉണ്ടാവാനുള്ള പ്രധാന കാരണം,” സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയിനർ യാസ്മിൻ കറാച്ചിവാല പറയുന്നു. കത്രീന കൈഫ്, വാണി കപൂർ, സോഫി ചൗദ്രി തുടങ്ങിയവരുടെ ഫിറ്റ്നസ്സ് ട്രെയിനറാണ് യാസ്മിൻ.

“മുഖക്കുരുവിന് കാരണമാകുന്ന ഓയിൽ ഗ്രന്ഥികൾ, മൃത കോശങ്ങൾ, ബാക്ടീരിയകളുടെ വ്യാപനം തുടങ്ങിയ ഘടകങ്ങൾ തന്നെയാണ് ശരീരത്തിലും കുരുക്കളുണ്ടാവാൻ കാരണമാവുന്നത്. സെബേഷ്യസ് ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന സെബം എന്നറിയപ്പെടുന്ന എണ്ണമയമുള്ള വസ്തുവും മൃതകോശങ്ങളും ചേർന്ന് കട്ടപിടിക്കുകയും അവ ചർമ്മസുഷിരത്തിൽ തടസ്സം സൃഷ്ടിക്കുകയും ചെയ്യും. ഇവ പിന്നീട് ബ്ലാക്ക്‌ഹെഡായി മാറും. ഇവയിൽ ബാക്‌ടീരിയയുടെ ആക്രമണമുണ്ടാവുന്നതോടെ അവ വീർത്ത് മുഖക്കുരുവിന് സമാനമായ കുരുക്കളായി തീരുകയാണ്,” ഡെർമറ്റോളജിസ്റ്റും ഡൽഹിയിലെ ദാഡു മെഡിക്കൽ സെന്റർ സ്ഥാപകയുമായ ഡോ നിവേദിത ദാഡു പറയുന്നു.

“കൂടുതലായി വിയർക്കുന്നവരിൽ ആണ് ഇത്തരം കുരുക്കൾ കൂടുതലും കാണപ്പെടുന്നത്. ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നതും ഇവയ്ക്കുള്ള സാഹചര്യമൊരുക്കും. ഗർഭധാരണം, ആർത്തവവിരാമം, പെരിമെനോപോസ് തുടങ്ങിയ ദ്രുതഗതിയിലുള്ള ഹോർമോൺ മാറ്റങ്ങളും ഈ പരിവർത്തന കാലഘട്ടങ്ങളിൽ എണ്ണ ഗ്രന്ഥികൾ കൂടുതൽ പ്രവർത്തിക്കുന്നതും ശരീരത്തിൽ കുരുക്കൾ വ്യാപകമാവാൻ കാരണമാകാറുണ്ട്,” ഡോക്ടർ നിവേദിത കൂട്ടിച്ചേർത്തു. ഏതാനും പരിഹാരമാർഗ്ഗങ്ങളും അവർ നിർദ്ദേശിക്കുന്നു.

  • സാലിസിലിക് ആസിഡ്/ ഗ്ലൈക്കോളിക് ആസിഡ് പോലുള്ള ഹൈഡ്രോക്സി ആസിഡുകൾ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക. ഈ ക്ലെൻസിംഗ് ഏജന്റുകൾ ചർമ്മത്തിലെ മാലിന്യങ്ങളെ പുറംതള്ളുന്നതിനും കഠിനമായ കുരുക്കളിൽ നിന്ന് സ്വാസ്ഥ്യം നേടാനും സഹായിക്കും.
  • ഗ്ലൈക്കോളിക് ആസിഡ് അല്ലെങ്കിൽ ലാക്റ്റിക് ആസിഡ് പോലെയുള്ള ആൽഫ ഹൈഡ്രോക്സി ആസിഡ് അടങ്ങിയ ഉൽപ്പന്നങ്ങളും സഹായകരമാണ്. ആൽഫ ഹൈഡ്രോക്സി ആസിഡുകൾ മൃതകോശങ്ങൾക്ക് പകരം വേഗത്തിൽ പുതുകോശങ്ങൾ ഉണ്ടാവാനും ചർമ്മസുഷിരങ്ങളിലെ അഴുക്ക് നീക്കം ചെയ്യാനും സഹായകമാണ്.
  • ഹൈഡ്രോക്സി ആസിഡ് അല്ലെങ്കിൽ ബെൻസോയിൽ പെറോക്സൈഡ് അടങ്ങിയ ബോഡി വാഷ് തിരഞ്ഞെടുക്കുക. ഇവ കുരുക്കളുണ്ടാവാൻ കാരണമാവുന്ന ബാക്ടീരിയകളെ കൊല്ലുകയും മൃതകോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും നല്ലതാണ്.
  • ശരീരത്തിലെ കുരുക്കളിൽ നിന്ന് മോചനം നേടാൻ ചർമ്മരോഗവിദഗ്ധനെ കണ്ട് ലോഷനോ സ്‌പ്രേയോ വാങ്ങിക്കുക. അമിതമായ വരൾച്ചയിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സാലിസിലിക് ആസിഡ് ഉൾപ്പെടുന്ന സ്‌പ്രേകൾ സഹായിക്കും. നിങ്ങളുടെ ഡോക്ടറുമായി കൂടിയാലോചിച്ച ശേഷം വിറ്റാമിൻ എയിൽ നിന്ന് ലഭിക്കുന്ന റെറ്റിനോയിഡുകളും ഉപയോഗിക്കാം. ഇത് ബ്ലാക്ക്‌ഹെഡ്‌സും വൈറ്റ്‌ഹെഡ്‌സും തകർക്കുകയും ചർമ്മസുഷിരങ്ങൾ അടയുന്നത് തടയാൻ സഹായിക്കുകയും ചെയ്യുന്നു.

പ്രശ്നത്തിന് പ്രതിവിധി നേടുന്നതിനൊപ്പം തന്നെ, താഴെ പറയുന്ന മുൻകരുതലുകൾ കൂടിയെടുക്കുന്നത് ശരീരത്തിലെ കുരുക്കൾ വീണ്ടും വരുന്നത് തടഞ്ഞുനിർത്താൻ സഹായിക്കുമെന്ന് ഡോ. ജയ്ശ്രീ ശരദും ഡോ. നിവേദിതയും പറയുന്നു.

  • ഓയിൽ മസാജുകൾ ഒഴിവാക്കുക.
  • വ്യായാമം കഴിഞ്ഞോ നന്നായി വിയർത്തിരിക്കുമ്പോഴോ ഉടനെതന്നെ വസ്ത്രങ്ങൾ മാറി കഴിയുന്നതും വേഗം കുളിക്കുക.
  • മൃതകോശങ്ങളെ പുറന്തള്ളാനും ചർമ്മ സുഷിരങ്ങളിലെ മാലിന്യം നീക്കം ചെയ്യാനും എക്സ്‌ഫോളിയേറ്റ് ചെയ്യുക. ഇവ ശരീരത്തിലെ കുരുക്കളുടെ വലിപ്പവും തീവ്രതയും കുറയ്ക്കുന്നതിനൊപ്പം മുഖക്കുരു, വൈറ്റ് ഹെഡ്സ്, ബ്ലാക്ക് ഹെഡ്സ് എന്നിവ പ്രത്യക്ഷപ്പെടുന്നത് തടയാനും സഹായിക്കും.
  • വരണ്ട ചർമ്മമുള്ളവർ കുളിച്ചതിന് ശേഷം, നോൺ-കോമഡോജെനിക് ലോഷൻ ഉപയോഗിച്ച് ശരീരം മോയ്സ്ചറൈസ് ചെയ്യുക.
  • മുടി കഴുകുമ്പോഴും ഷാംപൂ ചെയ്യുമ്പോഴുമൊക്കെ ശരീരത്തിനും കൂടുതൽ ശ്രദ്ധ നൽകണം. മുടിയിൽ ഉപയോഗിക്കുന്ന ഷാംപൂകളും കണ്ടീഷണറുകളുമൊക്കെ അവശിഷ്ടങ്ങൾ ശരീരത്തിൽ അവശേഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. അല്ലെങ്കിൽ ഈ അവശിഷ്ടങ്ങൾ ചർമ്മ സുഷിരം അടയാൻ കാരണമാവും.
  • സാലിസിലിക് ആസിഡ് അല്ലെങ്കിൽ ബെൻസോയിൽ പെറോക്സൈഡ് അടങ്ങിയ സോപ്പുകൾ ഉപയോഗിക്കാം.
  • സാലിസിലിക് ആസിഡ് അടങ്ങിയ ക്ലെൻസറുകൾ ഉപയോഗിക്കുന്നതും കുരുക്കൾ വേഗം ഉണങ്ങാനും ചുരുങ്ങിപ്പോവാനും സഹായിക്കും.
blogadmin

The author blogadmin

Leave a Response