ഏറെ ഗുണങ്ങളുള്ള പ്രകൃതിദത്തമായ ഒരു സൗന്ദര്യവർധകവസ്തുവാണ് കറ്റാർവാഴ. നിലവിൽ മാർക്കറ്റിൽ ലഭ്യമായ ഒട്ടുമിക്ക ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളിലും കറ്റാർവാഴയുടെ അംശം അടങ്ങിയിട്ടുണ്ട്. ചർമ്മസംരക്ഷണത്തിനു മാത്രമല്ല മുടിയുടെ സംരക്ഷണത്തിനും മികച്ചൊരു ഔഷധമാണ് കറ്റാർവാഴ.
മുടി ബലമുള്ളതാക്കാനും താരൻ അകറ്റാനും കറ്റാർവാഴ ജെൽ മുടിയിഴകളിൽ പുരട്ടുന്നത് നല്ലതാണ്. തലയിൽ ഉണ്ടാകുന്ന ചൊറിച്ചിൽ ശമിപ്പിക്കാനും കറ്റാർവാഴയ്ക്ക് സാധിക്കും. ജെൽ മുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിച്ച് 15 മിനിറ്റ് കഴിഞ്ഞ് നേരിയ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക
കറ്റാർവാഴ ജെൽ മുടിയിൽ പുരട്ടുന്നത് വഴി അത് മുടിക്ക് ആവശ്യമായ ഈർപ്പം പകരുന്നു. വരണ്ട മുടിയെന്ന പ്രശ്നം അകറ്റുകയും ചെയ്യും. അതുപോലെ മുട്ടയുടെ വെള്ളയും കറ്റാർവാഴ നീരും ചേർത്ത് യോജിപ്പിച്ച് മുടിയിൽ പുരട്ടിയാൽ ഒരുപരിധിവരെ മുടി കൊഴിച്ചിൽ തടയാൻ കഴിയും.
കറ്റാർവാഴ ജെൽ തലയോട്ടിയിൽ തേച്ചു പിടിപ്പിച്ച് അൽപ്പസമയം കഴിഞ്ഞ് കഴുകി കളയുന്നതുവഴി, മുടിയുടെ വളർച്ചയും മികച്ചതാവും. വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമാണ് കറ്റാർവാഴ. ഒപ്പം ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ ഫ്രീ റാഡിക്കലുകളിൽ നിന്ന് മുടിയെ സംരക്ഷിക്കാൻ സഹായിക്കുന്നു.