പോഷക സമ്പുഷ്ടമായതും വിറ്റാമിനുകള്‍ ധാരാളം അടങ്ങിയതുമായ ഭക്ഷണമാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം. അതിനാല്‍ തന്നെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നതാണ് വിറ്റാമിന്റെ കുറവ്.
വിറ്റാമിന്‍ കുറയുമ്പോള്‍ ശരീരത്തില്‍ ചില ലക്ഷണങ്ങള്‍ കാണാം. അത് തിരിച്ചറിഞ്ഞ് വേണ്ട കാര്യങ്ങള്‍ ചെയ്യുന്നത് അത്തരം പ്രശ്‌നങ്ങളെ അകറ്റാന്‍ സഹായിക്കും.
നിരവധി ഹോര്‍മോണ്‍ മാറ്റങ്ങളുടെ പ്രത്യാഘാതങ്ങളാണ് ചര്‍മത്തിലെ പാടുകള്‍ക്കും ചര്‍മത്തിന്റെ വിളര്‍ച്ചയ്ക്കും കാരണം. വിറ്റാമിനുകളുടെ കുറവ് ഉണ്ടാകുമ്പോഴും ചര്‍മത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകും.
വിറ്റാമിന്‍ എ, വിറ്റാമിന്‍ ഇ എന്നിവയുടെ കുറവ് മൂലം മുഖത്ത് കുരുക്കള്‍ ഉണ്ടാകാന്‍ ഇടയാകുന്നു. വിറ്റാമിന്‍ ബി12 കുറയുന്നവരില്‍ ചര്‍മത്തിന് വിളര്‍ച്ച പോലെ കാണാം. കടുത്ത ക്ഷീണവും മൂഡ് മാറ്റങ്ങളും കാണാം.
തൂങ്ങിയ കണ്ണുകള്‍
തൂങ്ങിയതും വീര്‍ത്തതുമായ കണ്ണുകള്‍ക്ക് കാരണം അലര്‍ജിയാകാം. രാവിലെ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോഴും ഇത്തരത്തില്‍ കാണാറുണ്ട്. ശരീരത്തില്‍ അയഡിന്‍ കുറയുന്നതിന്റെ ലക്ഷണമായും ഇത് കാണാം. അയഡിന്‍ കുറയുന്നത് തൈറോയ്ഡ് രോഗങ്ങളുമായി ബന്ധപ്പെട്ടായിരിക്കാം. ഇത് തളര്‍ച്ച, ക്ഷീണം, കാരണമറിയാതെ ശരീരഭാരം കൂടല്‍, കണ്ണുകള്‍ തൂങ്ങി നില്‍ക്കല്‍ എന്നീ അവസ്ഥയിലേക്കെത്തിക്കുന്നു. ഇക്കാര്യങ്ങള്‍ പരിഗണിച്ച് വിദഗ്ധ പരിശോധനകള്‍ നടത്തി ആവശ്യമായ ചികിത്സ സ്വീകരിക്കണം.
മോണയിലെ രക്തസ്രാവം
വിറ്റാമിന്‍ സിയുടെ കുറവ് ശരീരത്തിന് നിരവധി പ്രശ്‌നങ്ങളുണ്ടാക്കും. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് മോണയില്‍ നിന്നുള്ള രക്തസ്രാവം. സ്‌കര്‍വി എന്നറിയപ്പെടുന്ന രോഗമാണിത്. വിറ്റാമിന്‍ സി ആവശ്യത്തിന് ലഭിക്കാന്‍ ഓറഞ്ച്, ലെമണ്‍, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങള്‍ കഴിക്കേണ്ടതുണ്ട്.
ചുണ്ടിന് വിളര്‍ച്ച
വിളറിയതോ നിറമില്ലാത്തതോ ആയ ചുണ്ടുകള്‍ പല രോഗങ്ങളുടെയും ലക്ഷണമായിരിക്കാം. അനീമിയയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷണവും ഇതുതന്നെ. രക്തത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണം കുറയുന്ന അവസ്ഥയാണ് അനീമിയക്ക് കാരണം. ശരീരത്തിന് ആവശ്യത്തിന് ഇരുമ്പിന്റെ അംശം ലഭിക്കാത്തതാണ് ചുവന്ന രക്താണുക്കളുടെ അളവ് കുറയാന്‍ കാരണം. ഇതുമൂലം ശരീര കോശങ്ങളിലേക്ക് ഓക്‌സിജനെ വഹിക്കാനുള്ള കഴിവ് കുറയുന്നു. ഇത് ചര്‍മത്തിനും ചുണ്ടിനും നിറവ്യത്യാസമുണ്ടാക്കുന്നു. ഇരുമ്പിന്റെ കുറവ് ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കാന്‍ ഇടയാക്കുന്നു.
മുടി പൊട്ടിപ്പോകല്‍
ആവശ്യത്തിന് ബയോട്ടിന്‍ അഥവ വിറ്റാമിന്‍ ബി7 ലഭിക്കാത്തതാണ് മുടി വരണ്ട് പൊട്ടിപ്പോകാന്‍ കാരണം. മുടി പുഷ്ടിയോടെ വളരാന്‍ സഹായിക്കുന്നത് ബയോട്ടിന്‍ വിറ്റാമിനാണ്. ഈ വിറ്റാമിന്റെ അളവ് കുറയുന്നത് താരന്‍ ഉണ്ടാകാനും മുടി വരള്‍ച്ചയ്ക്കും കാരണമാകുന്നു. നഖങ്ങള്‍ കനംകുറഞ്ഞ് പൊട്ടിപ്പോകാനും ഇത് വഴിയൊരുക്കുന്നു. അതിനാല്‍ തന്നെ വിറ്റാമിന്‍ ബി7 സമൃദ്ധമായ കൊഴുപ്പ് കുറഞ്ഞ മാംസം, പഴങ്ങള്‍, പച്ചക്കറികള്‍, പയര്‍, മത്സ്യം എന്നിവയടങ്ങിയ ഭക്ഷണം കഴിക്കുന്നത് ബയോട്ടിന്‍ കുറയാതെ നോക്കാനും അതുവഴി മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.