close
ചോദ്യങ്ങൾദാമ്പത്യം Marriageവൃക്തിബന്ധങ്ങൾ Relationship

ഈ 7 കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഒഴിവാക്കാം

വലിയ പ്രതീക്ഷയോടെ വിവാഹം കഴിക്കുന്ന പലർക്കും പ്രതീക്ഷിച്ച ഒരു ദാമ്പത്യ ബന്ധം സാധ്യമാവാറില്ല. അതിന് കാരണം വിവാഹ ബന്ധത്തിൽ ഉണ്ടാകുന്ന ചെറിയ ചെറിയ പ്രശ്നങ്ങൾ ആണ്. ഇത്തരത്തിൽ ദാമ്പത്യ ജീവിതത്തിൽ സാധാരണ പ്രശ്‍നങ്ങൾ സൃഷ്ടിക്കുന്ന 7 കാരണങ്ങളും അവക്കുള്ള പരിഹാരവും എന്താണെന്ന് നോക്കാം.
1. തെറ്റായ രീതിയിലുള്ള ആശയവിനിമയം: ദമ്പതിമാർ തമ്മിൽ വ്യക്തമായ ആശയവിനിമയം ഇല്ലാത്തതോ അല്ലെങ്കിൽ തെറ്റായ രീതിയിൽ ആശയവിനിമയം നടത്തുന്നതോ ആണ് വിവാഹ ജീവിതത്തിലുണ്ടാവുന്ന പ്രശ്നങ്ങൾക്കുള്ള ഒന്നാമത്തെ കാരണം. ദാമ്പത്യ ജീവിതത്തെ കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകൾ, പ്രതീക്ഷകൾ എന്നിവയെക്കുറിച്ച് നിങ്ങൾക്ക് വ്യക്തമായ ഒരു ധാരണ ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതുപോലെ തന്നെ വ്യക്തമായ ആശയവിനിമയത്തിലൂടെ പങ്കാളിയെ അത് ബോദ്ധ്യേപ്പെടുത്തേണ്ടതുമുണ്ട്. തന്റെ പങ്കാളി തന്നിൽ നിന്ന് എന്താണോ ആഗ്രഹിക്കുന്നത് എന്ന വ്യക്തമായ ധാരണയില്ലാത്തതാണ് മിക്ക പ്രശ്നങ്ങളുടെയും മൂല കാരണം.
2. സ്വകാര്യത ഇല്ലാതിരിക്കൽ: ദമ്പതിമാർ എന്ന നിലയിൽ നിങ്ങളുടേത് മാത്രമായ ചില സ്വകാര്യ സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. എല്ലാ കാര്യങ്ങളും എല്ലാവരുമായും പങ്കുവെക്കേണ്ടതില്ല. നിങ്ങൾ ഒരുമിച്ച് എവിടെയെങ്കിലും ഒന്ന് യാത്ര പോയി തിരിച്ചെത്തിയാൽ വള്ളിപുള്ളി വിടാതെ നടന്നതെല്ലാം സ്വന്തം വീട്ടുകാരോട് പറയേണ്ടതില്ല. എല്ലാവരുടെയും വീട്ടിലെ അവസ്ഥ ഒരുപോലെയാവില്ല. അതുകൊണ്ട് തന്നെ ബുദ്ധിപരമായി മറച്ചുവെക്കേണ്ട കാര്യങ്ങൾ മറച്ചു വെക്കുക തന്നെ ചെയ്യുക. അതുപോലെതന്നെ ഒരു വ്യക്തി എന്ന നിലയിൽ പങ്കാളിയുടെ സ്വകാര്യതയെ മാനിക്കുക. എല്ലാ രഹസ്യങ്ങളും പരസ്പരം അറിയുന്നവരെന്ന നിലക്ക് പങ്കാളിയെക്കുറിച്ച് രഹസ്യമായി വെക്കേണ്ടത് രഹസ്യമാക്കി വെക്കുക തന്നെ വേണം. എല്ലാ കാര്യങ്ങളും സുഹൃത്തുക്കളോട് പറയരുത്. നിങ്ങളുടെ രഹസ്യങ്ങൾ അറിയുന്ന പല സുഹൃത്തുക്കളും പിന്നീട് നിങ്ങളുടെ ജീവിതത്തിൽ പ്രശ്‍നങ്ങൾ ഉണ്ടാവാൻ കാരണക്കാരായേക്കാം.
3. അമിത പ്രതീക്ഷ: പലരുടെയും ജീവിതം പരാജയപ്പെടാനുള്ള പ്രധാനപ്പെട്ട ഒരു കാരണം തന്റെ പങ്കാളിയെ കുറിച്ചുള്ള അമിത പ്രതീക്ഷകളാണ്. ഒരു വിവാഹ ജീവിതത്തിൽ കാര്യങ്ങൾ എങ്ങനെ സുഗമമായി നടക്കുന്നു എന്ന് മനസ്സിലാക്കാതിരിക്കുന്നതും ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷിക്കാൻ കാരണമാകും. ഓരോ മനുഷ്യരും വ്യത്യസ്‍തരാണെന്നതുപോലെ അവരുടെ അഭിരുചികളും വ്യത്യസ്തമാണെന്നു മനസ്സിലാക്കി ഇഷ്ടാനിഷ്ടങ്ങളിൽ പരസ്പരം സഹകരിച്ച് ജീവിക്കുന്നതിലൂടെയാണ് വിജയകരമായ ദാമ്പത്യജീവിതം സാധ്യമാകുന്നത്. പങ്കാളിയെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചുമുള്ള അമിതപ്രതീക്ഷൾ ദമ്പതിമാർക്കിടയിൽ നിരന്തരമായി പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകും.
4. സ്വന്തം വീട്ടുകാരുടെ കാര്യത്തിൽ സ്വാർത്ഥരാവുക: ദമ്പതിമാർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാവാനുള്ള മറ്റൊരു കാരണമാണ്, സ്വന്തം വീട്ടുകാരുടെ കാര്യത്തിൽ കാണിക്കുന്ന സ്വാർത്ഥത. സ്വന്തം മാതാപിതാക്കൾ നിങ്ങൾക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണോ അത്രത്തോളം തന്നെ പ്രധാനപ്പെട്ടതാണ് നിങ്ങളുടെ പങ്കാളിക്ക് അവരുടെ മാതാപിതാക്കളും. ഭാര്യയുടെ വീട്ടുകാർ അറിയരുതെന്ന് ഭർത്താവ് ആഗ്രഹിക്കുന്ന നിസ്സാര കാര്യങ്ങൾ ഭാര്യയും, ഭർത്താവിന്റെ വീട്ടുകാർ അറിയരുതെന്ന് ഭാര്യ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഭർത്താവും രഹസ്യമാക്കി വെക്കുക നിങ്ങൾക്കിടയിലുണ്ടാവുന്ന ചെറിയ പിണക്കങ്ങൾ സ്വന്തം വീട്ടുകാർ വലിയ ഗൗരവമേറിയ എന്തോ പ്രശ്നമായിട്ടായിരിക്കും മനസിലാക്കുക. ഏതൊരു ദാമ്പത്യ ജീവിതത്തിന്റെയും വിജയത്തിന് പങ്കാളിയുടെ ചെറിയ പോരായ്മകൾ സ്വന്തം വീട്ടുകാരിൽ നിന്ന് മറച്ചു വെക്കുക തന്നെ വേണം. എന്നാൽ ഗാർഹിക പീഢനം പോലെ ഗൗരവമേറിയ കാര്യങ്ങൾ ഒരിക്കലും സമയത്ത് വേണ്ടപ്പെട്ടവരെ അറിയിക്കാതിരിക്കുകയും ചെയ്യരുത്.
5. തർക്കങ്ങൾ: വിവാഹ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാവുന്നത് തർക്കങ്ങളാണ്. തർക്കത്തിലേർപ്പെടുമ്പോൾ കാതലായ പ്രശ്നം ചർച്ച ചെയ്യാതെ മറ്റെന്തെങ്കിലുമൊക്കെ വിളിച്ചു പറയുകയായിരിക്കും രണ്ടുകൂട്ടരും ചെയ്യുന്നത്. “നിങ്ങൾ അന്ന് അത് ചെയ്തില്ലേ നീ പണ്ട് ഇങ്ങനെ ചെയ്തില്ലേ” പോലെയുള്ള കാര്യങ്ങൾക്കായിരിക്കും മുൻഗണന കൊടുക്കുക. ഒടുവിൽ തർക്കം തീർന്നാലും പ്രശ്നം അതുപോലെതന്നെ അവിടെ അവശേഷിക്കുകയും, അത് ഒരിടവേളക്ക് ശേഷം വീണ്ടും മറ്റൊരു തർക്കത്തിന് കാരണമാവുകയും ചെയ്യും.
6. ലൈംഗിക അസംതൃപ്തി: ലൈംഗികതയുടെ കാര്യത്തിൽ സ്ത്രീയും പുരുഷനും വളരെ വലിയ വ്യത്യാസമുണ്ട്. സ്ത്രീപുരുഷ ലൈംഗികതയെക്കുറിച്ച് ദമ്പതിമാർക്ക് ശെരിയായ ധാരണയില്ലാത്തത് ദാമ്പത്യ ജീവിതത്തിൽ സ്ഥിരമായ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. പുരുഷനെ സമ്പന്തിച്ചിടത്തോളം ലൈംഗിക ബന്ധത്തിന് തയ്യാറാവാൻ ഒരു നിമിഷം മതി, എന്നാൽ സ്ത്രീകളെ സംബന്ധിച്ച് സമയമെടുത്ത് മാത്രമേ അവർ ലൈംഗികബന്ധത്തിന് ശാരീരികമായും മാനസികമായും തയ്യാറെടുക്കുകയുള്ളൂ. അത്പോലെ തന്നെ രതിമൂർച്ചക്ക് ശേഷം ആ അവസ്ഥയിൽ നിന്ന് മുക്തരാവാനും സ്ത്രീകൾക്ക് സമയമെടുക്കും. ഇതെല്ലം മനസ്സിലാക്കി പരസ്പരം അറിഞ്ഞു പെരുമാറുന്നതിലൂടെ മാത്രമേ രണ്ടുപേർക്കും ഒരു പോലെ ലൈംഗികത ആസ്വദിക്കാൻ കഴിയൂ. ലൈംഗിക അതൃപ്തി ക്രമേണ ജീവിതത്തിന്റെ സകല മേഖലകളിലേക്കും വ്യാപിക്കുകയും ദാമ്പത്യജീവിതം പരാജയപ്പെടാൻ കാരണമാവുകയും ചെയ്യും.
7. സത്യസന്ധത പുലർത്താതിരിക്കുക: ദമ്പതിമാർക്കിടയിൽ പ്രശ്നങ്ങളുണ്ടാവാനുള്ള മറ്റൊരു കാരണമാണ് ദാമ്പത്യ ജീവിതത്തിൽ സത്യസന്ധത പുലർത്താതിരിക്കുക എന്നത്. പങ്കാളിയോടുള്ള നിങ്ങളുടെ പെരുമാറ്റവും, സ്നേഹവും, പിണക്കവും, എല്ലാം സത്യസന്ധമായിരിക്കണം. നിരന്തരം കള്ളം പറയുന്നത് പരസ്പരം വിശ്വാസം നഷ്ടപ്പെടാനും അതുവഴി വിവാഹ ബന്ധത്തിൽ വിള്ളലുണ്ടാവാൻ കാരണമാവുകയും ചെയ്യും.
നിരന്തരമായി നിങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാവുകയും അത് ആരോഗ്യകരമായ ഒരു വിവാഹ ബന്ധം അസാധ്യമാക്കുകയും ചെയ്യുകയാണെങ്കിൽ അതെങ്ങനെ പരിഹരിക്കാം.
ഇതിന് ഒന്നാമതായി വേണ്ടത്, പ്രശ്നങ്ങൾ ഇല്ലാത്ത ഒരു ദാമ്പത്യ ജീവിതവുമില്ല എന്ന തിരിച്ചറിവാണ്. എല്ലാവരുടെയും ജീവിതത്തിലും ഇത്തരത്തിലുള്ള കൊച്ചു കൊച്ചു പ്രശ്ങ്ങൾ ഉണ്ടാവുന്നുണ്ട് എന്ന് മനസ്സിലാകുകയും, പ്രശ്നങ്ങൾ തീർക്കാൻ ഞാൻ ആദ്യം മുൻകൈ എടുക്കും എന്ന് രണ്ടു പേരും തീരുമാനിക്കുകയും ചെയ്യുക.
ദമ്പതിമാർ തമ്മിൽ ശെരിയായ രീതിയിലുള്ള ആശയവിനിമയം വളരെ പ്രധാനമാണ്. മിക്ക പ്രശ്നങ്ങളും വ്യക്തമായ ആശയവിനിമയത്തിലൂടെ പരിഹരിക്കാൻ കഴിയും. എത്ര കാലം ഒരുമിച്ച് കഴിഞ്ഞാലും മനസ്സിലുള്ളത് മുഴുവൻ ദമ്പതിമാർക്ക് പരസ്പരം വായിച്ചെടുക്കാൻ കഴിയണമെന്നില്ല. നിങ്ങൾ മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നെ മനസ്സിലാക്കിക്കൊടുക്കുക എന്നത് പ്രധാനമാണ്. എനിക്ക് ഇന്നതൊക്കെ ആവശ്യമുണ്ടെന്നും, എനിക്ക് ഇന്ന കാര്യങ്ങൾ ഇഷ്ടമാണ് എന്നും ഇന്ന കാര്യങ്ങൾ ഇഷ്ടമല്ല എന്നും പരസ്പരം തുറന്നു പറയുക.
സ്ഥിരമായി നിങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ തല്ക്കാലം കുറച്ചു ദിവസം അകന്നു നിൽക്കുന്നത് പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായകരമായേക്കാം. എന്നാൽ അകന്നു നിൽക്കുന്നത് പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരത്തിന് വേണ്ടിയാണെന്ന് രണ്ടുപേർക്കും വ്യക്തമായ ധാരണയുണ്ടായിരിക്കണം.
കുറച്ചു ദിവസം അകന്നു നിൽക്കുമ്പോൾ ഒരുമിച്ചു ചിലവഴിച്ചിരുന്ന നല്ല സന്ദർഭങ്ങൾ നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുകയും, വീണ്ടും കാണണമെന്ന മോഹം ഉദിക്കുകയും ചെയ്യും. സ്വസ്ഥമായി ഇരുന്ന് തന്റെ ഭാഗത്തുള്ള തെറ്റെന്താണെന്ന് മനസ്സിലാക്കി, അത് തിരുത്തി വീണ്ടും ഒരുമിച്ചു മുന്നോട്ടു പോവുക.
മറ്റൊരു കാര്യം നിങ്ങൾ രണ്ടുപേരും ഒരു ടീം ആണെന്ന് മനസിലാക്കുക എന്നതാണ്. നിങ്ങൾ തമ്മിൽ വഴക്കിടുമ്പോൾ രണ്ടുപേരും പരസ്പരം എതിർ ചേരിയിലാണെന്ന് കരുതുന്നതിന് പകരം നിങ്ങൾ ഒരുമിച്ചാണെന്നും, പ്രശ്നമാണ് നിങ്ങളുടെ എതിരാളി എന്നും മനസ്സിലാക്കി പ്രശ്നം പരിഹരിക്കാൻ രണ്ടുപേരും ഒരുമിച്ച് ശ്രമിക്കുക. ഏതൊരു പ്രശ്നത്തിനും പരിഹാരം ഉണ്ടെന്ന് മനസ്സിലാക്കി, ഏതു പ്രശ്നങ്ങളെയും സൗമ്യമായി നേരിടാൻ കഴിയും എന്ന് മനസ്സിലാക്കി മുന്നോട്ടു പോകുക.
പ്രശ്നങ്ങൾ സ്വയം പരിഹരിക്കാൻ കഴിയില്ല എന്നുണ്ടെങ്കിൽ മാത്രം കുടുംബത്തിലെ മുതിർന്ന ആളുകളുടെയോ ഒരു ഫാമിലി കൗൺസിലറുടെയോ സഹായം തേടുക
നിങ്ങളുടെ പ്രശ്നങ്ങൾ ഞങ്ങൾക്കെഴുതാം, ദാമ്പത്യം മാഗസിനിലൂടെ നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്നു
അയക്കേണ്ട വിലാസം
പുതിയ ലേഖനങ്ങൾ നിങ്ങളുടെ ഫോണിൽ നേരിട്ട് ലഭിക്കാൻ ദാമ്പത്യ ജീവിതം കമ്മ്യൂണിറ്റിയിൽ അംഗമാവുക👇
https://api.whatsapp.com/send?phone=447868701592&text=question
blogadmin

The author blogadmin

Leave a Response