close
Uncategorized

സ്ത്രീകളില്‍ സെക്‌സിനോട് ഇഷ്ടക്കേട് വരുന്നതെന്തുകൊണ്ട്?

തുറന്ന് സംസാരിക്കാന്‍ പലരും വിമുഖത കാണിക്കുന്ന വിഷയമാണ് ലൈംഗികത. അത് സ്ത്രീകളില്‍ അധികമാണെന്നും നിരീക്ഷണങ്ങളുണ്ട്. വളരെ അടുപ്പമുള്ള സ്ത്രീ സൗഹൃദങ്ങളില്‍പോലും ലൈംഗികത വിരളമായേ ചര്‍ച്ചചെയ്യപ്പെടാറുള്ളൂ. പങ്കാളിയോടുപോലും ചിലര്‍ താത്പര്യങ്ങളെക്കുറിച്ചും ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്ന് സംസാരിക്കാന്‍ തയ്യാറാകുന്നില്ല. ലൈംഗിക ജീവിതത്തിലെ താളപ്പിഴകളെ സഹിച്ച് ജീവിക്കാമെന്ന നില
പാടിലേക്ക് ചില സ്ത്രീകളെങ്കിലും എത്തിച്ചേരുന്നു.

 

അങ്ങനെ മനസ്സില്ലാ മനസ്സോടെ ചെയ്യേണ്ട ഒന്നല്ല സെക്സ്

ലൈംഗിക പ്രശ്നങ്ങളുടെ കാരണങ്ങള്‍ കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞാല്‍ അത് പരിഹരിക്കാന്‍ സാധിക്കും. ലൈംഗികതയുടെ ആനന്ദം വീണ്ടെടുക്കാനുമാകും. അതിന് പ്രശ്നങ്ങള്‍ തുറന്നു സംസാരിക്കാനുള്ള സാഹചര്യവും അത് ഉള്‍ക്കൊള്ളാന്‍ പങ്കാളിക്ക് പക്വതയും ഉണ്ടാകണം. പരസ്പരം ഉള്ളറിഞ്ഞ് സംഭോഗത്തില്‍ ഏര്‍പ്പെടുമ്പോള്‍ മാത്രമേ ആനന്ദം ശരിയായി അനുഭവിക്കാനാകൂ.

സംഭോഗത്തിന്റെ ഘട്ടങ്ങള്‍

ലൈംഗിക പ്രതികരണങ്ങളെ, താത്പര്യങ്ങളെ നിര്‍ണയിക്കുന്നത് പല ഘടകങ്ങള്‍ ചേര്‍ന്നാണ്. ശാരീരികവും വൈകാരികവുമായ കാര്യങ്ങളും പരിചയവും ജീവിതരീതിയും ബന്ധത്തിന്റെ തീവ്രതയുമെല്ലാം അതിനെ സ്വാധീനിക്കുന്നുണ്ട്. ഇവയില്‍ ഏതെങ്കിലും ഒന്നില്‍ തടസ്സം നേരിട്ടാല്‍ അത് ലൈംഗിക ആസക്തിയെയോ ഉത്തേജനത്തെയോ സംതൃപ്തിയെയോ ബാധിക്കാം.

ലൈംഗിക പ്രതികരണ ചക്രത്തിന് നാല് തലങ്ങളാണ് ഉള്ളത്; ഉത്തേജനം, വികാരത്തിന്റെ ഉയര്‍ച്ച (പ്ലാറ്റു), രതിമൂര്‍ച്ഛ, പൂര്‍വസ്ഥിതി (റസല്യൂഷന്‍). പതുക്കെ തുടങ്ങി മൂര്‍ധന്യത്തിലേക്ക് കടന്ന് പിന്നിട് വിശ്രമാവസ്ഥയിലേക്ക് നീളുന്ന ആനന്ദത്തിന്റെ പടവുകളാണത്. ഇവയില്‍ ഏത് ഘട്ടത്തില്‍ വേണമെങ്കിലും ബുദ്ധിമുട്ടുണ്ടാകാം. തുടര്‍ച്ചയായി ലൈംഗിക അസംതൃപ്തി ഉണ്ടാകുകയാണെങ്കില്‍ ചികിത്സ തേടുന്നതാണ് ഉചിതം. പ്രയാസങ്ങളെ പങ്കാളികള്‍ക്കുതന്നെ പരസ്പരം പങ്കുവെച്ച് പരിഹരിക്കാന്‍ സാധിക്കുന്നതാണെങ്കില്‍ മറ്റ് ചികിത്സകളിലേക്ക് പോകേണ്ട കാര്യമില്ല.

സംതൃപ്തിയെ ബാധിക്കുമ്പോള്‍

ശാരീരിക കാരണങ്ങളെപ്പോലെ പ്രാധാന്യമര്‍ഹിക്കുന്നതാണ് മാനസിക കാരണങ്ങളും. ലൈംഗികതയുടെ വൈകാരികതലത്തില്‍ പങ്കാളികള്‍ തമ്മിലുള്ള മാനസിക അടുപ്പവും വിശ്വാസവും വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നു. സ്ത്രീകളില്‍ കാണുന്ന ലൈംഗിക അസംതൃപ്തിയുടെ മാനസിക തലങ്ങള്‍ പരിശോധിച്ചാല്‍ ഒട്ടേറെ കാര്യങ്ങള്‍ അതില്‍ അന്തര്‍ലീനമായി കാണാം. ജോലിസംബന്ധമായും അല്ലാതെയും ഉണ്ടാകുന്ന പിരിമുറുക്കങ്ങള്‍, ആശങ്കകള്‍, ലൈംഗികതയെക്കുറിച്ചുതന്നെയുള്ള ആശങ്കകള്‍, കുടുംബ ജീവിതത്തിലും വ്യക്തിബന്ധങ്ങളിലും ഉണ്ടാകുന്ന പ്രശ്നങ്ങള്‍, വിഷാദം, കുറ്റബോധം, ഭൂതകാലത്തുണ്ടായിട്ടുള്ള ലൈംഗികാഘാതങ്ങള്‍, അപ്രതീക്ഷിത ഗര്‍ഭധാരണമുണ്ടാകുമോ എന്ന ആശങ്ക തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു.

പങ്കാളിയുമായുള്ള അടുപ്പം

പങ്കാളിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍, ലൈംഗികതയുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയിക്കോട്ടെ, അതെല്ലാം ലൈംഗിക ജീവിതത്തെയും അതിന്റെ സംതൃപ്തിയെയും ബാധിക്കും. സ്വന്തം ശരീരത്തെക്കുറിച്ചുള്ള ആകുലതകളും സ്ത്രീകളില്‍ ലൈംഗികതയെ ബാധിച്ചേക്കാം.

വൈകാരിക മാറ്റങ്ങള്‍

ആര്‍ത്തവവിരാമവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വൈകാരിക മാറ്റങ്ങള്‍ സ്ത്രീകളില്‍ ലൈംഗിക വിരക്തി ഉണ്ടാക്കാം. എന്നാല്‍ ശാരീരികവും മാനസികവുമായ ഈ സ്വാഭാവിക മാറ്റത്തെ ഉള്‍ക്കൊണ്ടുതന്നെ രതി ആസ്വദിക്കാന്‍ കഴിയും. ആര്‍ത്തവ വിരാമം ലൈംഗികതയുടെ വിരാമമായി കാണേണ്ടതില്ല. ഗര്‍ഭധാരണം നടക്കുമോ എന്ന ഭയം വേണ്ട എന്നുള്ളതുകൊണ്ട് ശാന്തമായി രതി ആസ്വദിക്കാം.

രതിമൂര്‍ച്ഛ അനുഭവിക്കാതെ

ലൈംഗിക അനുഭൂതിയുടെ പാരമ്യതയാണ് രതിമൂര്‍ച്ഛ. പക്ഷേ, പല സ്ത്രീകളും രതിമൂര്‍ച്ഛ അനുഭവിക്കാനാവുന്നില്ലെന്ന് പരാതിപ്പെടാറുണ്ട്. ലൈംഗികമായ ചിന്തകളെ അടിച്ചമര്‍ത്തുക, പരിചയമില്ലായ്മ (സാധാരണയായി നവവധുക്കള്‍ക്കിടയില്‍ കണ്ടുവരുന്നു), അറിവില്ലായ്മ, കുറ്റബോധം, ഉത്കണ്ഠ എന്നിവയൊക്കെ രതിമൂര്‍ച്ഛ അനുഭവിക്കാന്‍ സാധിക്കാത്തതിന് കാരണമാകാറുണ്ട്. വേദനാജനകമായ രതിയോടുള്ള ഭയം സ്ത്രീകളുടെ ലൈംഗിക താത്പര്യത്തെ കുറച്ചേക്കാം.

മടുപ്പ് മാറ്റാന്‍

ശാരീരിക പ്രശ്നങ്ങള്‍ക്ക് പുറമെ വിഷാദം, പിരിമുറുക്കം തുടങ്ങിയ മാനസിക പ്രശ്നങ്ങളും സ്ത്രീകളിലെ ലൈംഗിക താത്പര്യം നഷ്ടപ്പെടുത്തിയേക്കാം. ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന സ്ഥലം, അവിടുത്തെ സുരക്ഷിതത്വം, കുട്ടികള്‍ അടുത്തുണ്ടെങ്കില്‍ അവര്‍ അറിയുമോ എന്നൊക്കെയുള്ള ആശങ്കകള്‍ ഘടകങ്ങളാണ്. സ്ഥിരമായി സ്വീകരിക്കുന്ന ലൈംഗിക ചേഷ്ടകളോടുള്ള മടുപ്പും ഉത്തേജനത്തെ ഇല്ലാതാക്കിക്കളയും. അത് ഒഴിവാക്കാന്‍ സംഭോഗത്തില്‍ പുതുമകള്‍ കൊണ്ടുവരാന്‍ ശ്രമിക്കണം.

ആനന്ദം നഷ്ടമാകാതിരിക്കാന്‍

സ്ത്രീകളിലെ ലൈംഗികപ്രശ്‌നങ്ങളും ലക്ഷണങ്ങളും വ്യത്യസ്തമായതിനാല്‍ അതിനുള്ള പ്രതിവിധിയും വ്യത്യസ്തമാണ്. ചിലര്‍ക്ക് പങ്കാളിയോട് മനസ്സുതുറന്ന് സംസാരിച്ചാല്‍ തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതേയുള്ളു. എന്നാല്‍ ചിലര്‍ക്ക് ഡോക്ടറുടെ സേവനമായിരിക്കും വേണ്ടത്. ചിലര്‍ക്ക് മാനസികാരോഗ്യ വിദഗ്ധരുടെ കൗണ്‍സലിങ് വേണ്ടിവരും.

 

  • ശരിയായ രീതിയിലുള്ള ലൈംഗിക വിദ്യാഭ്യാസമാണ് ആശങ്കകളെ മറികടക്കുന്നതിന് അത്യാവശ്യം. അത് ലൈംഗിക പ്രതികരണങ്ങളോടുള്ള തെറ്റിദ്ധാരണയും ആകാംഷയും കുറയ്ക്കാന്‍ സഹായിക്കും.
  • സ്വന്തം ശരീരവും പങ്കാളിയുടെ ശരീരവും ഓരോ ചെയ്തികളിലും എങ്ങനെ പ്രതികരിക്കുന്നു എന്ന് തിരിച്ചറിയുന്നത് ലൈംഗിക ആസ്വാദനം കൂട്ടാന്‍ സഹായകമാകും.
  • സ്ത്രീകള്‍ക്കും ലൈംഗികത ആസ്വദിക്കാനും പരീക്ഷണങ്ങള്‍ നടത്തുന്നതിനും സ്വാതന്ത്ര്യമുണ്ട്.
  • മാനസിക ഉല്ലാസം നല്‍കുന്ന കാര്യങ്ങളില്‍ വ്യാപൃതരാകുന്നതുകൊണ്ട് പിരിമുറുക്കം കുറയ്ക്കാനും ലൈംഗികത ആസ്വദിക്കാനും രതിമൂര്‍ച്ഛ അനുഭവിക്കുന്നതിനും സാധിക്കും.
  • മദ്യപാനശീലവും പുകവലിയും ഒഴിവാക്കുന്നത് ലൈംഗിക ഉത്തേജനം ഉണ്ടാക്കുന്നതിനും നിലനിര്‍ത്തുന്നതിനും സഹായകമാകും.
  • ആരോഗ്യകരമായ ജീവിതശൈലി പിന്‍തുടരേണ്ടത് അത്യാവശ്യമാണ്. ശാരീരികമായ ഉന്‍മേഷം നിലനിര്‍ത്തുന്നതിനും കൃത്യമായ വ്യായാമം ശീലിക്കുന്നത് നല്ലതാണ്. സ്റ്റാമിന കൂട്ടുന്നതിനും സ്വയംമതിപ്പ് കൂട്ടുന്നതിനും പിരിമുറുക്കം കുറയ്ക്കുന്നതിനും മാനസിക ഉന്‍മേഷം നിലനിര്‍ത്തുന്നതിനും പ്രണയാര്‍ദ്രമായ ചിന്തകള്‍ ഉണര്‍ത്തുന്നതിനും വ്യായാമം സഹായിക്കും.
  • പങ്കാളികള്‍ ഇഷ്ടങ്ങളെപ്പറ്റിയും അനിഷ്ടങ്ങളെപ്പറ്റിയും തുറന്നുസംസാരിക്കണം. ഇതുവരെ അങ്ങനെ ഒരു ശീലം ഇല്ലെങ്കില്‍ സാവധാനം അതിന് ശ്രമിക്കുന്നത് പങ്കാളികള്‍ തമ്മിലുള്ള മാനസിക അടുപ്പം കൂട്ടുന്നതിന് സഹായിക്കും. അതുവഴി സെക്‌സ് കൂടുതല്‍ ആസ്വാദ്യകരമാവുകയും ചെയ്യും.

 

blogadmin

The author blogadmin

Leave a Response