മഴവില്‍ നിറമുള്ള സ്വപ്‌നങ്ങളും മധുരപ്രതീക്ഷകളുമായിട്ടാണ് ഓരോരുത്തരും വിവാഹജീവിതത്തിലേക്കു കടക്കുന്നത്. പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെക്കുറിച്ചും നിരവധി പ്രതീക്ഷകളും സങ്കല്‍പങ്ങളുമുണ്ടാകും. പക്ഷേ ഇന്നു പലരുടെയും വിവാഹബന്ധം സ്വരച്ചേര്‍ച്ചയില്ലായ്മ മൂലം പരാജയത്തിന്റെ വക്കിലെത്തി നില്‍ക്കുന്നു. നിസാരകാരണങ്ങളുടെ പേരില്‍ വിവാഹമോചിതരാകുന്ന യുവദമ്പതികളുടെ എണ്ണം കൂടിവരുകയാണ്. മക്കളുടെ ജീവിതത്തിലേക്കു പ്രശ്‌നങ്ങളുടെ കൂമ്പാരവുമായി കടന്നുകയറുന്ന മാതാപിതാക്കളുടെ എണ്ണവും കുറവല്ല. പരസ്പരവിശ്വാസം, വിട്ടുവീഴ്ച, ആാര്‍ഥത, സ്‌നേഹം, കരുതല്‍, സംരക്ഷണം… ഇവയെല്ലാം ദാമ്പത്യജീവിതം സുഖകരമായി മുന്നോട്ടുകൊണ്ടുപോകാനുള്ള അനിവാര്യ ഘടകങ്ങളാണ്. ദാമ്പത്യബന്ധം എങ്ങനെ മധുരമുള്ളതാക്കാമെന്നതിനെക്കുറിച്ചറിയാം…
പ്രതീക്ഷകളുമായെത്തുന്ന നവവധു
‘ഡോക്ടറേ, ഞാന്‍ ആഗ്രഹിച്ചതുപോലെയല്ല ഈ നീനു പെരുമാറുന്നത്…’ സൈക്യാട്രിസ്റ്റിന്റെ മുന്നിലിരുന്നു ഭാര്യയുടെ കുറ്റങ്ങള്‍ ഓരോന്നായി നിരത്തുകയാണ് നോയല്‍. ”എന്നെ മനസിലാക്കുന്ന ഒരാളാണ് നോയല്‍ എന്നു കരുതിയാണ് ഞാന്‍ സ്‌നേഹിച്ചത്. പക്ഷേ ഞാന്‍ പ്രതീക്ഷിച്ചതുപോലെയല്ല നോയലിന്റെ സംസാരവും പ്രവൃത്തിയും… എല്ലാറ്റിനും അമ്മയുടെ അഭിപ്രായം കിട്ടണം. ആ ജീവിതത്തില്‍ എനിക്കൊരു സ്ഥാനവുമില്ല…എന്നോട് അല്‍പംപോലും സ്‌നേഹമില്ല…” നിറകണ്ണുകളോടെ നീനു പറഞ്ഞു.
പ്രമുഖ ഐടി കമ്പനിയില്‍ ഉദ്യോഗസ്ഥരാണു നീനുവും നോയലും. വിദ്യാസമ്പന്നരുടെ കുടുംബത്തില്‍ നിന്നുള്ള പ്രതിനിധികള്‍. നല്ല സാമ്പത്തികമുള്ള കുടുംബം. അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരായത്. പക്ഷേ വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുമ്പേ അവരുടെ ദാമ്പത്യജീവിതത്തില്‍ പൊരുത്തക്കേടുകള്‍ പുകയാന്‍ തുടങ്ങി.
പ്രശ്‌നങ്ങള്‍ വിവാഹമോചനത്തിലേക്കു നീങ്ങുമെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് നോയല്‍ നീനുവുമൊത്ത് മനഃശാസ്ത്രജ്ഞനെ കാണാനെത്തിയത്. ഭര്‍ത്താവിന് വിവാഹത്തിനുമുമ്പ് തന്നോടുണ്ടായിരുന്നത്ര സ്‌നേഹം ഇപ്പോഴില്ലെന്നതാണ് നീനുവിന്റെ പ്രശ്‌നം.
പ്രണയത്തില്‍ കാണാതെ പോകുന്നത്
നീനുവും നോയലും പ്രണയത്തില്‍ നിന്നാണ് വിവാഹജീവിതത്തിലേക്കു കടന്നത്. പ്രണയിക്കുമ്പോള്‍ കാമുകനു കാമുകി ആഗ്രഹിക്കുന്ന സ്‌നേഹം നല്‍കാന്‍ പറ്റുന്നു. എന്നാല്‍, വിവാഹജീവിതത്തിലേക്കു പ്രവേശിച്ചപ്പോള്‍ ഭാര്യയും ഭര്‍ത്താവും ജീവിതത്തില്‍ സ്‌നേഹം നിലനിര്‍ത്തിക്കൊണ്ടുതന്നെ നല്ല ഭാര്യയും നല്ല ഭര്‍ത്താവും ആകുന്നതിനോടൊപ്പം ഭര്‍ത്താവിന്റെ/ ഭാര്യയുടെ കുടുംബബന്ധങ്ങള്‍, വിവിധതരത്തിലുള്ള ഉത്തരവാദിത്വങ്ങള്‍ തുടങ്ങിയവയൊക്കെ ഭാര്യ/ ഭര്‍ത്താവ് മനസിലാക്കേണ്ടതുണ്ട്.
പ്രതീക്ഷയോടെ വിവാഹജീവിതത്തിലേക്കു കടന്നുവരുന്ന ഭാര്യയുടെ വികാരങ്ങളും ആഗ്രഹങ്ങളും സംരക്ഷിക്കപ്പെടേണ്ടതുമുണ്ട്. ഇരുവരും ഇതുമനസിലാക്കി ജീവിച്ചു തുടങ്ങുമ്പോള്‍ അസ്വാരസ്യങ്ങള്‍ ഒഴിവാകും. ഒരാള്‍ ഭര്‍ത്താവ് ആകുന്നതോടെ അമ്മയും മകനും തമ്മിലുണ്ടായിരുന്ന ഊഷ്മളമായ ബന്ധം മുറിച്ചുകളയാന്‍ പാടില്ല. എന്നാല്‍, കുടുംബം എന്ന സങ്കല്‍പത്തില്‍ ഏറ്റവും പ്രധാനകണ്ണികള്‍ ദമ്പതികള്‍ തന്നെയാണെന്ന സത്യം വിസ്മരിച്ചുകൂടാ.
നീണ്ടുപോകുന്ന ജീവിതത്തിന്റെ ഒരു തുടക്കം മാത്രമാണു വിവാഹം. അവിടെ നല്ല ഭാര്യയും നല്ല ഭര്‍ത്താവും ആയിരിക്കാന്‍ ദമ്പതികള്‍ എത്രമാത്രം പരിശ്രമിക്കുന്നുവോ അത്രമാത്രം ദാമ്പത്യജീവിതം വിജയപ്രദമായിരിക്കും.
പഴയ സാഹചര്യം മാറി
മുമ്പ് പെണ്ണുകാണല്‍ ചടങ്ങില്‍ പരസ്പരം കണ്ട യുവതിയും യുവാവും പിന്നീട് കാണുന്നത് വിവാഹത്തിന്റെ അന്നാണ്. സോഷ്യല്‍ മീഡിയയുടെ വരവോടെ ഇന്ന് ആ സാഹചര്യം മാറി. മാതാപിതാക്കള്‍ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം ആണെങ്കിലും പരസ്പരം പരിചയം ഉണ്ടാക്കിയിട്ടാണ് മിക്കവരും ദാമ്പത്യത്തിലേക്ക് കടക്കുന്നത്. ആ പരിചയത്തിലൂടെ പരസ്പരം മനസിലാക്കാനുള്ള സാഹചര്യം ഉണ്ടാകുന്നു. അപരിചിതത്വത്തിന്റെ തോട് പൊിക്കാനുള്ള അവസ്ഥ ഇന്നുണ്ട്. ഈ പരിചയപ്പെടലിലൂടെ തനിക്ക് പറ്റാത്ത ബന്ധം ആണെങ്കില്‍ അത് വേണ്ടെന്നു വയ്ക്കാനുള്ള സാഹചര്യവും സംജാതമാകുന്നുണ്ട്. വിവാഹം നിശ്ചയിച്ച ശേഷം വരന്റെ വീടു കാണാന്‍ പോകുന്ന പെണ്‍കുട്ടികളും കുറവല്ല.
പരിചയപ്പെടലിലൂടെ സാധ്യമാകുന്നത്
വിവാഹം നിശ്ചയിച്ചതിനുശേഷമുള്ള പരിചയപ്പെടലില്‍ വധൂവരന്മാര്‍ യഥാര്‍ഥ മുഖം കാണിക്കണമെന്നില്ല. ദാമ്പത്യത്തിലെ പൊരുത്തം നോക്കുന്നതിനേക്കാള്‍ മറ്റു പല സാമൂഹിക ഘടകങ്ങളുടെ തുറന്നുപറച്ചില്‍ പലപ്പോഴും മറച്ചുവയ്ക്കപ്പെടുന്നു. അതുകൊണ്ടുതന്നെ വിവാഹപൂര്‍വ മാസങ്ങളിലോ ആ കാലയളവിലോ കാണുന്ന വ്യക്തിയെ ആയിരിക്കില്ല യഥാര്‍ഥത്തില്‍ ദാമ്പത്യബന്ധത്തില്‍ എത്തുമ്പോള്‍ കാണുന്നത്.
വിവാഹം ആലോചിക്കുന്ന ഘട്ടത്തിലും നിശ്ചയിച്ച ശേഷവും സത്യസന്ധമായിട്ടു നമ്മള്‍ എന്താണെന്നുള്ള തുറന്നുപറച്ചിലും വരാനിടയുള്ള പൊരുത്തവും പൊരുത്തക്കേടും മുന്‍കൂട്ടി കണ്ട് എങ്ങനെ പരിഹരിക്കാമെന്നുള്ള ആസൂത്രണവും ഉണ്ടാകണം. വ്യക്തിത്വത്തെക്കുറിച്ചുള്ള അപരിചിതത്വം ഉണ്ടെങ്കില്‍ വിവാഹത്തിനു മുമ്പു തന്നെ പരസ്പര ധാരണയിലെത്തണം. നൂതന ആശയ വിനിമയ മാര്‍ഗങ്ങളുടെ വരവോടെ അതിനുള്ള സാഹചര്യം ഇന്നുണ്ട്. വരനെ അല്ലെങ്കില്‍ വധുവിനെ കൂടുതല്‍ അടുത്തറിയാനും ചേര്‍ച്ചക്കുറവ് ഉണ്ടെങ്കില്‍ അത് പരിഹരിക്കാനുമുള്ള അവസരമായി് അത് ഉപയോഗിക്കണം.
പൊരുത്തവും പൊരുത്തക്കേടും തുറന്നു പറയാം. കല്യാണത്തിനു മുമ്പ് സിനിമാശൈലിയിലുള്ള സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് നടത്തുന്ന കാലമാണിത്. ഇതിനെയെല്ലാം റൊമാന്‍സിനോ വിവാഹത്തിന്‍േറതായ ത്രില്ലിനോ മാത്രമായി കാണാതെ പരസ്പരം അടുത്ത് അറിയാനുള്ള വിവേകം ഉണ്ടാകണം.
പ്രണയ വിവാഹത്തില്‍ ആയാലും വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ ആയാലും ഭാര്യ ഭര്‍തൃവേഷത്തിലേക്കു മാറുമ്പോള്‍ നല്ലൊരു ശതമാനം ആളുകളുടെയും പെരുമാറ്റത്തില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടായേക്കാം. പരസ്പരം ഇടപെടുമ്പോഴുള്ള സത്യസന്ധത ഇല്ലായ്മ പരമാവധി ലഘൂകരിക്കണം. ഒരു വിവാഹവും നൂറു ശതമാനം പൊരുത്തം ഉള്ളതല്ലെന്ന വസ്തുത ഓര്‍മിക്കണം. പൊരുത്തക്കേടുകളെ സമര്‍ഥമായി കൈകാര്യം ചെയ്ത് രണ്ടു പേരും മനസു തുറന്ന് ആശയ വിനിമയം ചെയ്ത് നല്ല ബന്ധം ഉണ്ടാക്കാനുള്ള വൈഭവമാണ് വിവാഹം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതാണ് ദാമ്പത്യത്തിന്റെ വിജയവും. പൊരുത്തക്കേടുകളെ സമര്‍ഥമായി കൈകാര്യം ചെയ്യലാണ് നല്ല ദാമ്പത്യത്തില്‍ ഉണ്ടാകേണ്ടത്.
ഇതു ശ്രദ്ധിക്കാം
കുറച്ചു കാലം കഴിയുമ്പോഴുണ്ടാകുന്ന വൈരസ്യത്തെ മറിക്കാനുള്ള വൈഭവവും പങ്കാളികളില്‍ ഇരുവര്‍ക്കും വേണം. വ്യക്തിയെന്ന രീതിയിലും ലൈംഗികതയിലും ഉണ്ടാകുന്ന വൈരസ്യത്തെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
നല്ല ദാമ്പത്യബന്ധത്തിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മനസു തുറന്നുള്ള ആശയ വിനിമയം, പരസ്പരമുള്ള മനസിലാക്കല്‍, പങ്കാളിയുടെ ഭാഗത്തു നിന്നുള്ള ചിന്തിക്കല്‍, പങ്കാളി ചെയ്യുന്ന നല്ല കാര്യങ്ങളെ യാതൊരു മടിയും കൂടാതെ പ്രോത്സാഹിപ്പിക്കല്‍, പരസ്പര വിശ്വാസം, കുറ്റപ്പെടുത്തല്‍ ഒഴിവാക്കുക ഇവയെല്ലാം ശ്രദ്ധിച്ചാല്‍ ദാമ്പത്യബന്ധം മധുരമുള്ളതാക്കാം.
തയാറാക്കിയത്:
സീമ മോഹന്‍ലാല്‍
ഡോ.സി.ജെ ജോണ്‍
ചീഫ് സൈക്യാട്രിസ്റ്റ്
മെഡിക്കല്‍ട്രസ്റ്റ് ഹോസ്പിറ്റല്‍, എറണാകുളം