ഇന്നത്തെ ചെറുപ്പക്കാരികളുടെ പേടിസ്വപ്നങ്ങളിലൊന്നാണ് പോളി സിസ്റ്റിക് ഓവേറിയന്‍ ഡിസീസ് (പി.സി.ഒ.ഡി.). ഇതേക്കുറിച്ച് മനസ്സിലാക്കാന്‍ ആര്‍ത്തവത്തെക്കുറിച്ചും അതിലുണ്ടാകുന്ന വ്യത്യാസങ്ങളെക്കുറിച്ചും പെണ്‍കുട്ടികളും അച്ഛനമ്മമാരും ചിലത് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ഒരു സ്ത്രീയുടെ പ്രധാന ഉത്പാദനാവയവങ്ങള്‍ ഗര്‍ഭപാത്രം, അണ്ഡാശയം, അണ്ഡവാഹിനി നാളം എന്നിവയാണ്. ഇതിനെല്ലാം പുറമേ ഇതിന്റെയെല്ലാം പ്രവര്‍ത്തനം നിയന്ത്രിക്കുന്ന വേറൊരു പ്രധാനകേന്ദ്രവും ഉണ്ട്. മസ്തിഷ്‌കത്തില്‍ സ്ഥിതിചെയ്യുന്ന രണ്ട് എന്‍ഡോക്രൈന്‍ ഗ്രന്ഥികളാണവ. പിറ്റിയൂട്ടറിയും ഹൈപ്പോതലാമസും.
പെണ്‍കുട്ടി ഋതുമതിയാകുന്നത് ഗര്‍ഭപാത്രം ഗര്‍ഭം ധരിക്കാനും അണ്ഡാശയം അണ്ഡത്തെ ഉത്പാദിപ്പിക്കാനും തയ്യാറായി എന്ന സൂചനയാണ്. സാധാരണരീതിയില്‍ ഒരു മാസത്തില്‍, അതായത് 28-30 ദിവസത്തിനുള്ളില്‍ ഒരു അണ്ഡം ഉത്പാദിപ്പിക്കപ്പെടുന്നു. അണ്ഡോത്പാദന സമയത്ത് ഹോര്‍മോണുകളുടെ പ്രവര്‍ത്തനംമൂലം ഗര്‍ഭപാത്രത്തിന്റെ ഉള്ളിലെ എന്‍ഡോമെട്രിയം എന്ന സ്തരത്തിന് കട്ടികൂടുന്നു. അണ്ഡം ഉത്പാദിപ്പിച്ച് 14 ദിവസം കഴിയുമ്പോഴേക്കും കട്ടികൂടിയ എന്‍ഡോമെട്രിയം ഗര്‍ഭാശയത്തില്‍നിന്ന് അടര്‍ന്ന് ആര്‍ത്തവരക്തമായി പുറത്തുവരുന്നു. ഈ പ്രക്രിയ ഓരോ മാസവും ആവര്‍ത്തിക്കുന്നു. ഇതിനെയാണ് ആര്‍ത്തവം എന്നുപറയുന്നത്. സാധാരണരീതിയില്‍ നാലുമുതല്‍ ഏഴുദിവസംവരെ രക്തസ്രാവം ഉണ്ടായിരിക്കും.
പിറ്റിയൂട്ടറിയിലും ഹൈപ്പോതലാമസിലുംനിന്ന് ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകളാണ് അണ്ഡോത്പാദനത്തെ നിയന്ത്രിക്കുന്നത്. ഈ ഹോര്‍മോണുകള്‍ ശരിയായരീതിയില്‍ ഉത്പാദിപ്പിക്കപ്പെടുമ്പോള്‍ അണ്ഡം കൃത്യമായി ഉണ്ടാകുന്നു. എപ്പോള്‍ അതിന് ഏറ്റക്കുറച്ചില്‍ ഉണ്ടാകുന്നുവോ അപ്പോള്‍ അണ്ഡത്തിന്റെ ഉത്പാദനത്തെയും അത് ബാധിക്കുന്നു. അത് ഒരു രോഗമായി കണക്കാക്കുന്നത് തെറ്റാണ്.
മസ്തിഷ്‌കത്തെ നിയന്ത്രിക്കുന്നത് മനസ്സാണെന്ന് പറയുന്നത് ഒരു പരിധിവരെ ശരിയാണ്. നമ്മുടെ മനസ്സിലൂടെ തലച്ചോറില്‍ എത്തുന്ന എല്ലാവികാരങ്ങളും ഈ ഹോര്‍മോണുകളുടെ അട്ടിമറിക്ക് കാരണമായിത്തീരുന്നു. ഇന്നത്തെ ജീവിതത്തിലെ പിരിമുറുക്കം, ഭക്ഷണരീതി, താളംതെറ്റിയ ജീവിതക്രമം എല്ലാം ഇതിന് കാരണമാണ്.
അണ്ഡം ശരിയായി ഉത്പാദിപ്പിക്കപ്പെടാതിരിക്കുമ്പോള്‍ അണ്ഡാശയത്തില്‍നിന്ന് അണ്ഡം ശരിയായി പുറത്തുവരുന്നില്ല. മാത്രമല്ല, അണ്ഡം ഉണ്ടായി പുറത്തുവരുന്നതിനുപകരം ചെറിയ ചെറിയ സിസ്റ്റ് ഉണ്ടാകുന്നു. ദ്രാവകം നിറഞ്ഞ ഒരു മുട്ട എന്നുമാത്രമേ സിസ്റ്റിന് അര്‍ഥമുള്ളൂ. അത്തരം ഒട്ടേറെ സിസ്റ്റുകളാണ് അണ്ഡാശയത്തില്‍ ഉണ്ടാകുന്നത്. അങ്ങനെ സിസ്റ്റുകൊണ്ട് മൂടപ്പെട്ട അണ്ഡാശയത്തെയാണ് പോളിസിസ്റ്റിക് ഓവറി എന്നുപറയുന്നത്. അതായത് ദ്രാവകംനിറഞ്ഞ മുട്ടകള്‍ ചെറിയ മുത്തിന്റെ വലിപ്പത്തില്‍ -വലിപ്പം അല്‍പ്പം കൂടിയും കുറഞ്ഞും ഇരിക്കും- അണ്ഡാശയത്തിന്റെ മുകളില്‍ പരന്നുകിടക്കുന്നു.
അണ്ഡാശയം ഇങ്ങനെ പോളിസിസ്റ്റിക്കായി മാറുമ്പോള്‍ അണ്ഡം കൃത്യമായി ഉത്പാദിപ്പിക്കപ്പെടാത്തതുകൊണ്ട് ആര്‍ത്തവം ക്രമംതെറ്റുന്നു. ചിലര്‍ക്ക് ഇതുകൂടാതെ അമിതവണ്ണം, മുഖത്തും നാഭിഭാഗത്തും കൈയിലും കാലിലും അധിക രോമവളര്‍ച്ച എന്നിവയും കാണപ്പെടുന്നു. ഇതെല്ലാം ചേര്‍ത്താണ് പോളി സിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം അഥവാ പോളി സിസ്റ്റിക് ഓവേറിയന്‍ ഡിസീസ് (പി.സി.ഒ.ഡി.) എന്നുപറയുന്നത്.
എങ്ങനെ ഇതിനെ കൈകാര്യംചെയ്യണം?
ആദ്യമായി മനസ്സിലാക്കേണ്ട കാര്യം ആര്‍ത്തവം തുടങ്ങിക്കഴിഞ്ഞാല്‍ അടുത്തമാസംമുതല്‍തന്നെ അത് കൃത്യമായി വന്നുകൊള്ളണമെന്ന് നിര്‍ബന്ധമില്ല എന്നതാണ്.