46 വയസ്സുള്ള വീട്ടമ്മയാണ്. കുറച്ചു മാസങ്ങളായി വല്ലാതെ വിയര്‍ത്തു കുളിക്കുന്നു. പ്രത്യേകിച്ച് രാത്രിയില്‍. ശരീരമാസകലം ചൂടു കയറുന്നതുപോലെ തോന്നും. ഇടവിട്ട് നെഞ്ചിടിപ്പുണ്ട്. ഡോക്ടറെ കാണിച്ചപ്പോള്‍ ആറുമാസം ഹോര്‍മോണ്‍ ഗുളികകള്‍ കഴിക്കാന്‍ തന്നു. ഇതു കഴിച്ചാല്‍ കുഴപ്പമുണ്ടോ? മറ്റെന്തെങ്കിലും ചികിത്സയുണ്ടോ?
45-52 വയസ്സിനിടയിലാണ് ആര്‍ത്തവ വിരാമം ഉണ്ടാവുന്നതെങ്കിലും അതിനു മുമ്പേയുള്ള എട്ടു പത്തു വര്‍ഷങ്ങള്‍ സ്ത്രീ ജീവിതത്തില്‍ ഒരു പരിണാമത്തിന്റെ കാലമാണ്. ഇക്കാലത്ത് സ്വാഭാവിക ഹോര്‍മോണിന്റെ വ്യതിയാനങ്ങള്‍ മൂലമുണ്ടാവുന്ന രാസപരിണാമങ്ങള്‍ പല ശാരീരിക, മാനസിക, വൈകാരിക അസ്വസ്ഥതകളും ഉണ്ടാക്കാറുണ്ട്. ഇത് സ്ത്രീയുടെ ദൈനംദിന ജീവിത ഗുണനിലവാരത്തെ സാരമായി ബാധിക്കുന്നു. സമയോചിതമായ ഇടപെടലുകളിലൂടെ ഇതുമൂലമുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവും.
ചികിത്സ തുടങ്ങുന്നതിനു മുമ്പേ വിശദമായ വൈദ്യ പരിശോധന വേണം. മുമ്പുണ്ടായിട്ടുള്ള രോഗങ്ങളുടെ വിശദ വിവരം, കഴിച്ച മരുന്നുകളുടേയും, അതുമൂലം എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെയും വിവരങ്ങള്‍ ഡോക്ടറോട് പറയണം. ഗൈനക്കോളജിസ്റ്റിനെ കാണുമ്പോള്‍ ഗര്‍ഭസംബന്ധമായ രോഗവിവരങ്ങള്‍ മാത്രം പറഞ്ഞാല്‍ പോര.
സ്തനങ്ങളില്‍ എന്തെങ്കിലും രോഗമുണ്ടോ എന്നറിയാനായി മാമ്മോഗ്രാം പരിശോധന നടത്തണം. വിശദമായ രക്തപരിശോധനയില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്‌ട്രോള്‍, മറ്റു കൊഴുപ്പിന്റെ വിശദവിവരം എന്നിവയും അറിയേണ്ടതാണ്. ഗര്‍ഭാശയഗള ക്യാന്‍സര്‍ ഉണ്ടോ എന്നറിയാനുള്ള പാപ് സ്മിയര്‍ ടെസ്റ്റ് നടത്തിയിരിക്കണം.
കരള്‍ രോഗം വന്നിട്ടുള്ളവര്‍, രക്തം കട്ടപിടിക്കുന്ന രോഗമുള്ളവര്‍, കാരണമില്ലാതെ രക്തസ്രാവമുള്ളവര്‍, സ്തനങ്ങളില്‍ അര്‍ബുദരോഗമുള്ളവര്‍, അടുത്ത രക്തബന്ധമുള്ളവരില്‍ അര്‍ബുദ രോഗമുണ്ടായിട്ടുള്ളവര്‍ തുടങ്ങിയ പ്രശ്‌നമുള്ളവര്‍ക്ക് ഹോര്‍മോണ്‍ ചികിത്സ നടത്താനാവില്ല. ഹോര്‍മോണ്‍ ഗുളിക കഴിക്കാനാവാത്തവരില്‍ ഇതിന്റെ വകഭേദമായ ഗുളികകള്‍ ലഭ്യമാണ്. ഇവയുടെ ഉപയോഗം യോനിയിലെ വരള്‍ച്ച മൂലമുണ്ടാകുന്ന ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്.
കഴിക്കുന്ന തരം ഗുളികകള്‍ക്ക് പുറമേ, പുരട്ടാനുള്ള ക്രീമുകള്‍ ലഭ്യമാണ്. ഇവ സുരക്ഷിതമാണ്. ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കാവുന്ന ഹോര്‍മോണ്‍ അടങ്ങിയ ഉപാധികളും ലഭ്യമാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ല. മാത്രമല്ല ആര്‍ത്തവ ക്രമക്കേടുകള്‍ക്കും അമിത രക്തസ്രാവത്തിനും പ്രതിവിധിയുമാണിത്.
മറ്റു ചികിത്സാ മാര്‍ഗങ്ങള്‍
പ്രകൃതിദത്തമായ ഹോര്‍മോണ്‍ അടങ്ങിയിട്ടുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഗുണം ചെയ്യും. ചേന, ചേമ്പ്, കാച്ചില്‍ എന്നിവയില്‍ പ്രകൃതിദത്തമായ ഹോര്‍മോണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. സോയാബീന്‍ ഉപയോഗിക്കുന്നതും നല്ലതാണ്.
ഭക്ഷണരീതിയിലും മാറ്റം വരുത്തണം. അരിയാഹാരം അമിതമായി കഴിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുക. കുറച്ച് ചോറ്, ചോറിന്റെ ഇരട്ടി മുളപ്പിച്ച പയറു വര്‍ഗങ്ങള്‍, പച്ചക്കറികള്‍, സസ്യാഹാരം എന്ന രീതിയിലുള്ള പ്രതിരോധത്തിലൂന്നിയ ജീവിതരീതി തുടരേണ്ടതാണ്.