close
ചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

കോണ്ടം ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ലൈംഗികബന്ധത്തിൽ പുരുഷ ലിംഗത്തില്‍ നിന്നും പുറംതള്ളുന്ന  ബീജത്തെ യോനിയിലേക്ക് കടക്കുന്നത് തടഞ്ഞുകൊണ്ട് ആ ബീജത്തെ  ശേഖരിച്ചു വെക്കുന്ന ഒരു ഗർഭനിരോധന ഉറയാണ് കോണ്ടം.

എയ്ഡ്‌സ് പോലെ ലൈംഗികബന്ധത്തിലൂടെ പകരുന്ന മാരക രോഗങ്ങളെ ചെറുക്കുന്നതിനും ഗർഭനിരോധന ഉറ അഥവാ കോണ്ടം  ഉപയോഗിക്കാവുന്നതാണ്.

സ്ത്രീക്കും പുരുഷനും ഉപയോഗിക്കാവുന്ന പ്രത്യേകതരം  കോണ്ടങ്ങളുണ്ട്.

പുരുഷന്മാർ ഉദ്ധരിച്ച ലിംഗത്തിൽ ഒരു സുരക്ഷാകവചം പോലെ ഉറ ധരിക്കുന്നു. സ്ത്രീകള്‍ക്കുള്ള ഉറകള്‍ യോനിക്കുള്ളിലെക്ക് തിരുകികയറ്റി ഉപയോഗിക്കുന്ന രീതിയിലുള്ളവയാണ്.

കോണ്ടം ശുക്ലത്തിലെ മാത്രമല്ല, പുരുഷൻ ലിംഗത്തില്‍നിന്നും പുറത്തുവരുന്ന  ദ്രാവകത്തിലെ (Precum) ബീജങ്ങളും, രോഗാണുക്കളും പങ്കാളിയുടെ ശരീരത്തിൽ എത്താതിരിക്കുന്നു എന്നതും കോണ്ടത്തിന്‍റെ വലിയൊരു ഗുണമാണ്.

റബ്ബറിന്‍റെ ഒരു ഉപോല്പന്നമായ ലാറ്റക്‌സ് (Latex) കൊണ്ടാണ് സാധാരണ കോണ്ടം നിർമ്മിക്കുന്നത്. ലാറ്റക്‌സ് അലർജിയുള്ളവർക്ക് വേണ്ടി പോളിയൂറത്തിൻ, പോളിഐസോപ്രീൻ, ഹൈഡ്രോജെൽ തുടങ്ങിയ മറ്റ് വസ്തുക്കൾ കൊണ്ട് നിർമ്മിക്കുന്ന കോണ്ടങ്ങളും ലഭ്യമാണ്.

വിപണിയില്‍  പല നിറങ്ങളിലും വിലയിലും ഫ്ലേവറുകളിലുമുള്ള കൊണ്ടങ്ങൾ ലഭ്യമാണ്.

പക്ഷേ അതിനേക്കാളൊക്കെ പ്രധാനപ്പെട്ട കാര്യം  കോണ്ടം  ഉപയോഗിക്കുന്നവരുടെ കോണ്ടത്തെക്കുറിച്ചുള്ള അറിവുമായി ബന്ധപ്പെട്ടിരിക്കുന്നു.

എന്തുകൊണ്ടെന്നാൽ കോണ്ടം ശരിയായി ഉപയോഗിച്ചില്ലെങ്കിൽ അത് പൊട്ടിപ്പോകാനും അതിന്റെ ഗുണം ലഭിക്കാതിരിക്കാനും സാധ്യതയുണ്ട്.

ശരിയായ രീതിയിൽ ധരിക്കുന്നത് 98% വരെ ഫലപ്രദമാണ്.

എന്നാൽ ലൈംഗിക ബന്ധത്തിനിടെ കോണ്ടം പൊട്ടി തകരാറുണ്ടാവാൻ കാരണം മാനുഫാക്ചറിംഗ് ഡിഫക്റ്റ് അല്ല, ഉപയോഗത്തിലെ കുഴപ്പമാണ്.

കോണ്ടം എങ്ങനെ ശരിയായി ഉപയോഗിക്കാം

  1. എപ്പോഴും ലാറ്റക്‌സ്/പോളി യുറത്തേൻ കോണ്ടം ഉപയോഗിക്കുക.
  2. ബന്ധപ്പെടുന്നതിന് മുമ്പ് ഉദ്ധരിച്ച ലിംഗത്തിന്റെ മകുടത്തിൽ കോണ്ടം ധരിപ്പിക്കുക. അറ്റത്ത് അരയിഞ്ച് അകലം ഇട്ടിരിക്കണം. കാരണം സ്പേം അതിൽ തങ്ങാനുള്ളതാണ്. ചിലപ്പോൾ പ്രഷർ കോണ്ടത്തെ കീറിയേക്കാം. കാരണം ലിംഗത്തിൽ നിന്ന് ശുക്ലം സ്രവിക്കുന്നത് മണിക്കൂറിൽ 27 മൈൽ സ്പീഡിലാണ്. അഗ്രചർമ്മ ഛേദനം ചെയ്യാത്ത ആളാണെങ്കിൽ അഗ്രചർമ്മം പിന്നിലേക്ക് വലിച്ചിട്ടേ കോണ്ടമിടാവൂ.
  3. കോണ്ടം ലിംഗമകുടത്തിൽ ഒരു റബ്ബർ ക്യാപ്പ് പോലെ ഫിറ്റ് ആയിരിക്കണം. അങ്ങനെയായാൽ കോണ്ടം മുഴുവൻ ലിംഗ ദണ്ടിലേക്ക് വേഗം കറക്കിക്കയറ്റാം. കോണ്ടത്തിന്റെ അറ്റത്ത് പിടിച്ച് കൊണ്ട് കോണ്ടം മുഴുവനായി ലിംഗത്തിലേക്ക് തിരുകിക്കയറ്റുക. അഗ്രത്ത് ഞെക്കി കോണ്ടത്തിൽ ഉള്ള വായു കളയുക.
  4. കോണ്ടം പൊട്ടിയിട്ടുണ്ടെങ്കിൽ ഉടൻ അത് മാറ്റി വേറെ ഉപയോഗിക്കുക.
  5. സ്ഖലനത്തിന് ശേഷം യോനിയിൽ നിന്ന് ലിംഗം ഊരുന്നതിന് മുമ്പായി ലിംഗച്ചുവട്ടിലെ കോണ്ടത്തിന്റെ അറ്റത്ത് പിടിച്ച് കൊണ്ട് ഊരുക. ശേഷം മെല്ലെ കോണ്ടം ലിംഗത്തിൽ നിന്ന് ഊരിക്കളയുക.
  6. ഒരു കോണ്ടം ഒരു തവണത്തെ ഉപയോഗത്തിന് വേണ്ടി മാത്രമുള്ളതാണ്. കോണ്ടം ഒരിക്കലും കഴുകിയിട്ട് വീണ്ടും ഉപയോഗിക്കരുത്.
  7. എണ്ണ അടങ്ങിയ കൃത്രിമ ലൂബ്രിക്കന്റുകളുടെ കൂടെ ഉപയോഗിച്ചാൽ ലാറ്റക്സ് കോണ്ടം പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. എന്നാൽ ജലാംശമുള്ളതൊ/ സിലിക്കൺ അടിസ്ഥാനമാക്കിയ ലൂബ്രിക്കന്റുകൾക്ക് (Water based Lubricants) ഇങ്ങനെ സംഭവിക്കാറില്ല.
  8. സംഭോഗത്തിന് തുടക്കം മുതൽ ഒടുക്കം വരെ ധരിക്കുന്നതാണ് ഏറ്റവും നല്ലത്.
  9. കോണ്ടം വാങ്ങുമ്പോൾ കാലാവധി കഴിയാത്തത് നോക്കി വാങ്ങിക്കുക.
  10. കവർ തുറക്കുമ്പോൾ കോണ്ടം കീറുന്നില്ല എന്ന് ഉറപ്പുവരുത്തുക.
  11. ഒരു സമയത്ത് ഒരു കോണ്ടം ഉപയോഗിക്കുന്നതാണ് നല്ലത്. രണ്ടു കോണ്ടങ്ങൾ ഒരുമിച്ച് ഉപയോഗിക്കുന്നത് കൊണ്ട് പ്രത്യേകിച്ചു ഗുണമൊന്നുമില്ല. പകരം രണ്ടും തമ്മിൽ ഉരസി കീറിപ്പോവാനിടയുണ്ട്.

ലൈംഗിക താല്‍പ്പര്യം നമ്മുടെ തലച്ചോറിനെ വളരെയധികം ഉദ്ദീപിപ്പിക്കും ആ സമയത്ത് നമ്മള്‍ പലതും മറക്കും..

പക്ഷേ മറക്കല്ലേ.. കോണ്ടം നല്ലതിന്..

blogadmin

The author blogadmin

Leave a Response