close

ലൈംഗികപ്രശ്നങ്ങള്‍ ഒരു വ്യക്തിയുടെ ലൈംഗിക ജീവിതത്തിന്റെ പ്രാരംഭദശയില്‍ തന്നെയോ, വളരെക്കാലത്തെ സുഖകരമായ ലൈംഗികാനുഭവങ്ങള്‍ക്ക് ശേഷമോ സംഭവിക്കുന്നതാവാം. പൊടുന്നനയോ സാവധാനമായോ വന്നു ചേരുന്ന ഈ കയ്പേറിയ അനുഭവം ലൈംഗികാനന്ദത്തിലെ വിവിധ ഘട്ടങ്ങളില്‍ അനുഭവഭേദ്യമാവാം. ഇവയുടെ കാരണം ശാരീരികമോ, മാനസികമോ, രണ്ടുംകൂടിയോ ആകാം.

ലൈംഗിക ബലഹീനത അഥവാ ഉദ്ധാരണക്കുറവ് എന്നതുകൊണ്ടു ഉദ്ദേശിക്കുന്നത് ഒരു പുരുഷന്റെ ലിംഗം സംതൃപ്തി നല്‍കുന്ന രീതിയിലോ, യോനി പ്രവേശനത്തിന് യോഗ്യമായ രീതിയിലോ ഉദ്ധരിക്കപ്പെടാത്ത അവസ്ഥയാണ്. നിരവധി പുരുഷന്മാരുടെയും അവരുടെ പങ്കാളികളുടെയും ലൈംഗിക സംതൃപ്തിയെ വിവിധ രീതിയില്‍ ബാധിക്കുന്ന നിരാശയുളവാക്കുന്ന ഒരു അവസ്ഥയാണിത്.

യുവത്വത്തിന്റെ ആരംഭകാലങ്ങളില്‍തന്നെ, ഇരുപതുകളുടെ അവസാനവും മുപ്പതുകളുടെ ഇടയിലുമുള്ള നിരവധി പേര്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് പ്രതിവിധി തേടി വരുന്നത് ഇന്ന് ധാരാളമായി കാണാം.

അനവധി പേരില്‍ ശരിയായ ലൈംഗികാനന്ദം ലഭിക്കാത്ത അവസ്ഥ വരികയോ, രതിമൂര്‍ച്ചയുടെ അളവ് കുറയുകയോ, ലൈംഗിക ബന്ധങ്ങള്‍ക്കിടയിലുള്ള സമയം കൂടി വരികയോ ചെയ്യാറുണ്ട്. ഉദ്ധാരണത്തിന് ആവശ്യമായതിലേറെ സമയം വേണ്ടിവരികയും, ശരിയായ ഉദ്ധാരണം ലഭിക്കാതെ ലിംഗം തളര്‍ന്നിരിക്കുന്നതും അതിശക്തമായ പ്രചോദനത്തില്‍ മാത്രം ഉദ്ധരിക്കപ്പെടുന്നതും പലരിലും കാണാറുണ്ട്.

ഒരു പുരുഷനെന്ന നിലയില്‍ ആത്മാഭിമാനത്തിന് മുറിവേല്‍ക്കുന്നതോടൊപ്പം ലൈംഗിക പങ്കാളിയില്‍ നിരാശയും വെറുപ്പും ഉളവാക്കുവാനും ഇത് കാരണമാവുന്നു. യഥാസമയം ചികിത്സ തേടേണ്ട ഏതെങ്കിലും ശാരീരികമോ മാനസികമോ ആയ കാരണങ്ങളാകാം മിക്കപ്പോഴും ഉദ്ധാരണക്കുറവിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

അടുത്തകാലം വരെ ഉദ്ധാരണ പ്രശ്നങ്ങള്‍ പുറത്ത് പറയാന്‍ നിഷിദ്ധമായ ഒരു വിഷയമായിരുന്നു. കാലം മാറിയതോടെ ധാരാളം പേര്‍ വിദഗ്ദ ചികിത്സക്കായി എത്തുന്നതുകൊണ്ട് ഡോക്ടര്‍മാര്‍ തന്നെ ഈ പ്രശ്നങ്ങളെക്കുറിച്ച് കൂടുതല്‍ മാനസ്സിലാക്കുവാനും ആവശ്യമായ നിര്‍ദ്ദേശങ്ങളും ചികിത്സകളും നല്‍കുവാനും കൂടുതല്‍ ശ്രദ്ധിച്ചുവരുന്നു.

രോഗലകഷണങ്ങള്‍

ഉദ്ധാരണപ്രശ്നങ്ങളുണ്ടെന്ന് മനസ്സിലാക്കുവാനുള്ള മാര്‍ഗ്ഗം:

  • പൂര്‍ണമായ ഉദ്ധാരണം ഇടക്ക് വല്ലപ്പോഴും ലഭിക്കാതിരിക്കുക
  • ലൈംഗികബന്ധ സമയം മുഴുവനായും ഉദ്ധാരണം നിലനിര്‍ത്താന്‍ സാധിക്കാതെ വരിക
  • ഉദ്ധാരണശേഷി മുഴുവനായും നഷ്ടപ്പെടുക.

പുരുഷ പ്രജനന പ്രക്രിയ

ഒരു പുരുഷന്‍ ലൈംഗികമായി ഉത്തേജിതനാവുമ്പോള്‍ ശരീരത്തിലെ ഞരമ്പുകളുടെ പ്രവര്‍ത്തനം മൂലം ലിംഗാഗ്രം വരെ എത്തുന്ന രകതധമനികളിലേക്ക് സാധാരണാവസ്ഥയേക്കാള്‍ പത്തിരട്ടിയിലധികം ശക്തിയിലും അളവിലും രക്തം ഒഴുകിയെത്തി ധമനികളെ നിറയ്ക്കുകയും ലിംഗോദ്ധാരണം നടക്കുകയും ചെയ്യുന്നു. ഇതിനെത്തുടര്‍ന്ന് ലിംഗോത്തേജനം നിലനില്ക്കുന്നിടത്തോളം രകതചംക്രമണം തുടരുകയും ശകതിപ്പെടുകയും ഉദ്ധാരണം നിലനില്‍ക്കുകയും ചെയ്യുന്നു. സ്ഖലനം സംഭവിച്ചശേഷം അഥവാ ലൈംഗികോത്തേജനം അവസാനിക്കുമ്പോള്‍ മൃദുലമായ ധമനികളില്‍ നിന്നും അധികരകതം തിരിച്ചൊഴുകുകയും ലിംഗം ഉദ്ധരിക്കപ്പെടാത്ത പൂര്‍വ്വാവസ്ഥയിലേക്ക് മാറുകയും ചെയ്യുന്നു.

പുരുഷലൈംഗിക പ്രശ്നങ്ങളില്‍ സാധാരണമായ ശാരീരിക കാരണങ്ങള്‍

  • ഉദ്ധാരണത്തിന് കാരണമായ ഞരമ്പുകളുടെ ക്ഷീണാവസ്ഥ (ലിംഗത്തിലെ രക്തധമനികളിലേക്ക് രക്തം ഒഴുകിയെത്താനാവാത്ത അവസ്ഥ)
  • ലൈംഗിക രോഗങ്ങള്‍ (ഗുഹ്യ രോഗങ്ങള്‍, മൂത്രാശയ രോഗങ്ങള്‍ മുതലായവ)
  • ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
  • പ്രമേഹം (ദീര്‍ഘകാല പ്രമേഹ രോഗികളില്‍ സംഭവിക്കുന്ന ധമനികളുടെ കേടുപാടുകള്‍)
  • ലിംഗത്തിലെ രക്തധമനികളിലുണ്ടാവുന്ന സുഷിരങ്ങളിലൂടെയുള്ള രക്തപ്രവാഹം.
  • ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ (ടെസ്റ്റോസ്റ്റിറോൺ, ആൻഡ്രോജൻ ഹോര്‍മോണുകളുടെ തോതിലുള്ള കുറവ്)
  • രക്തപ്രവാഹത്തെ ബാധിക്കുന്ന തരത്തില്‍ ഹൃദയധമനികളുടെ തകരാറുകള്‍
  • പ്രോസ്റേറ്റ് ഗ്രന്ഥിയുടെ വീക്കം
  • മദ്യപാനം, മറ്റ് ലഹരിപദാര്‍ത്ഥങ്ങളുടെ തുടര്‍ച്ചയായ, അമിതമായ ഉപയോഗം (മദ്യം, മരിജുവാന – കഞ്ചാവ്, ലഹരി വസ്തുക്കള്‍, പുകയില, ഗുഡ്ക്ക തുടങ്ങിയവയുടെ നിരന്തരോപയോഗം ലിംഗാഗ്രത്തിലെ ധമനികളുടെ നാശത്തിനിടയാക്കുന്നു)
  • ചില അവശ്യമരുന്നുകളുടെ ഉപയോഗം (വിഷാദരോഗത്തിനും, മാനസികരോഗങ്ങള്‍ക്കും, രക്തസമ്മര്‍ദ്ദത്തിനും, ഉത്തേജനത്തിനും മറ്റുമുള്ള ചില ഔഷധങ്ങളുടെ തുടര്‍ച്ചയായ ഉപയോഗം)
  • ജന്മനായുള്ള ചില അപാകതകള്‍

ശാരീരികമല്ലാത്ത കാരണങ്ങള്‍

  • വിഷാദരോഗം പോലെയുള്ള മാനസിക പ്രശ്നങ്ങള്‍
  • ലൈംഗിക പങ്കാളിയില്‍ നിന്നുമുണ്ടാകുന്ന നെഗറ്റീവ് വികാര വിചാരങ്ങള്‍
  • സ്ട്രെസ്സ് – മാനസിക, ശാരീരിക സമ്മർദ്ദം
  • അമിത ആകാംക്ഷ, ഉത്കണ്ഠ
  • ക്ഷീണിതാവസ്ഥ
  • ലൈംഗികതയെക്കുറിച്ചുള്ള പേടിയും, മനസ്സാക്ഷിക്കുത്തും
  • മുന്‍പുണ്ടായിട്ടുള്ള വേദനാജനകമായ ലൈംഗികബന്ധത്തിലെ അനുഭവങ്ങള്‍

എപ്പോഴാണ് വിദഗ്ദോപദേശം ആവശ്യമാകുന്നത് ?

ചുരുക്കം ചില അവസരങ്ങളില്‍ ലൈംഗികോദ്ധാരണം ലഭിക്കാതെ വരുന്നത് സാധാരണമാണ്. രണ്ട് മാസത്തിലധികം ഉദ്ധാരണ പ്രശ്നം നിലനില്‍ക്കുകയാണെങ്കില്‍ അഥവാ തുടര്‍ച്ചയായി ഇത്തരം പ്രശ്നങ്ങള്‍ വരുന്നുണ്ടെങ്കില്‍ ലൈംഗീക രോഗ വിദക്ദ്ധന്റെ ഉപദേശം തേടേണ്ടത് സംതൃപ്തമായ ജീവിതത്തിനത്യാവശ്യമാണ്. മറ്റുള്ളവരുടെ ജീവിതവുമായി പരീക്ഷണം നടത്തുന്ന അല്പജ്ഞാനികളായ “മുറിവൈദ്യന്മാരെയും” എല്ലാ പ്രശ്നത്തിനും പരിഹാരം നല്‍കുന്ന “സര്‍വ്വജ്ഞാനികളായ” കുട്ടരേയുമല്ല ഈ പ്രശ്നങ്ങള്‍ക്ക് സമീപിക്കേണ്ടത്. മറിച്ച് ഇത്തരം കാര്യങ്ങളില്‍ ചികിത്സാനൈപുണ്യം നേടിയിട്ടുള്ള ലൈംഗികരോഗവിദഗ്ധന് നിങ്ങളുടെ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണങ്ങള്‍ മനസ്സിലാക്കി യഥാര്‍ത്ഥ പ്രതിവിധികള്‍ നിര്‍ദ്ദേശിക്കാനും മരുന്നുകള്‍ നല്‍കുവാനും കഴിയും. ഉദ്ധാരണ പ്രശ്നങ്ങള്‍ പുറത്ത് പറയാന്‍ മടിക്കുന്ന ഒരു വ്യകതിഗത പ്രശ്നമായി നിങ്ങള്‍ക്ക് തോന്നിയേക്കാമെങ്കിലും വിദഗ്ദോപദേശം നേടാന്‍ ഒരിക്കലും മടി കാണിക്കരുത്. 98% പേരിലും ഇത് ചികിത്സിച്ച് ഭേദമാക്കാവുന്നതേയുള്ളു.

blogadmin

The author blogadmin

Leave a Response