close
ആർത്തവം (Menstruation)

ആര്‍ത്തവം വൈകുന്നു; കാരണങ്ങളും പരിഹാരവും

മിക്ക സ്ത്രീകളും ആര്‍ത്തവം വൈകുന്നതും ആര്‍ത്തവത്തോടനുബന്ധിച്ചുള്ള ആരോഗ്യപ്രശ്‌നങ്ങളുമുള്ളവരാണ്. ജീവിതശൈലിയിലുള്ള മാറ്റമാണ് ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള പ്രധാനകാരണം. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തരം പ്രയാസമനുഭവിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ടായതായി കണക്കുകൾ കാണിക്കുന്നു. ഇന്ത്യയില്‍ ഏകദേശം 35 ശതമാനം സ്ത്രീകളും ആര്‍ത്തവ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

നിരവധി കാരണങ്ങളാലാണ് ആര്‍ത്തവപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ജീവിതശൈലിയിലെ മാറ്റങ്ങള്‍കൊണ്ടുള്ള ആര്‍ത്തവക്രമമക്കേട് മാറ്റിയെടുക്കാവുന്നതാണ്. വിദഗ്ധ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം വന്ധ്യതയുള്‍പ്പെടെയുള്ള പല അവസ്ഥകള്‍ക്കും കാരണമാകും. ഹോര്‍മോണ്‍ വ്യതിയാനമാണ് ആര്‍ത്തവപ്രശ്‌നങ്ങള്‍ കൂടുതലായി വരാനുള്ള ഒരു കാരണം. പിസിഒഡി, പിസിഒഎസ് തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായുണ്ടാകുന്നതാണ്. ഇടക്കിടെയുള്ള പനി, ക്ഷയരോഗം, തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ആര്‍ത്തവചക്രത്തെ പ്രതികൂലമായാണ് ബാധിക്കുക.

മാനസികസമ്മര്‍ദ്ദവും ഉത്കണ്ഠയും സ്ത്രീകളുടെ ആര്‍ത്തവപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. തൊഴിലിടങ്ങളില്‍ നിന്നോ, കുടുംബത്തില്‍ നിന്നോ ഉള്ള സമ്മര്‍ദ്ദംപോലും സ്ത്രീകളുടെ ആരോഗ്യത്തെ മോശമായാണ് ബാധിക്കുക. വിളര്‍ച്ച സ്ത്രീകളില്‍ വ്യാപകമായി കാണപ്പെടുന്ന പ്രശ്‌നമാണ്. ഇത്തരം സ്ത്രീകള്‍ക്ക് ആര്‍ത്തവം ക്രമം തെറ്റാനുള്ള സാധ്യത ഏറെയാണ്. ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവം വൈകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇത്തരം ഗുളികകള്‍ പതിവായി കഴിക്കുന്നത് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. അമിതവണ്ണമുള്ളവര്‍ക്കും തീരെ മെലിഞ്ഞവര്‍ക്കും പ്രമേഹം പോലുള്ള ജീവിതശൈലീ രോഗങ്ങള്‍ ഉള്ളവര്‍ക്കും ആര്‍ത്തവ ക്രമക്കേടുകള്‍ ഉണ്ടാകും. തുടര്‍ച്ചയായി ആര്‍ത്തവ ക്രമക്കേടുള്ളവര്‍ തീര്‍ച്ചയായും തൈറോയ്ഡ് പരിശോധിക്കേണ്ടതാണ്.

തിരക്കുപിടിച്ച ജീവിത ചുറ്റുപാടില്‍ സ്ത്രീകള്‍ക്ക് വ്യായാമം ചെയ്യാന്‍ ഒട്ടും സമയമില്ലാതിരിക്കുകയാണ്. എല്ലാ ജോലികളും ചെയ്യുന്നതോടൊപ്പം വ്യായാമം ചെയ്യാന്‍ അല്‍പം സമയം കണ്ടെത്തേണ്ടതാണ്. ഇത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും സഹായകമാണ്.

Tags : ആര്‍ത്തവം
blogadmin

The author blogadmin

Leave a Response