സ്ട്രെയ്റ്റനിങ്ങിനു ശേഷം വന്ന ട്രെൻഡ് ആണ് സ്മൂത്തനിങ്. ഇത് സ്ട്രെയ്റ്റനിങ് പോലെ മുടി വടി പോലെയാക്കുന്നില്ല. റീ ബോണ്ടിങ്ങിന്റെ കുറച്ച് വീര്യം കുറഞ്ഞ രീതിയാണ് സ്മൂത്തനിങ് ഹെയർ ട്രീറ്റ്മെന്റ്. ഇതിലൂടെ മുടിയെ മൃദുവും സിൽക്കിയും ആക്കി മാറ്റാം. മുടി കെട്ടാനും സ്റ്റൈൽ ചെയ്യാനും എളുപ്പം സാധിക്കും. മുടിക്ക് അത്യാവശ്യം വേണ്ട മോയിസ്ചറൈസേഷനും ലഭിക്കുന്നു.മുടിയുടെ ആരോഗ്യം അനുസരിച്ച് സ്മൂത്തനിങ് ക്രീം ഇടുന്നതാണ് ആദ്യഘട്ടം. ഷാംപൂ ഉപയോഗിച്ച് മുടി കഴുകി 100 ശതമാനം ഡ്രൈ ചെയ്ത ശേഷമാണ് സ്മൂത്തനിങ് ക്രീം മുടിയിൽ പുരട്ടുന്നത്. 20– 30 മിനിറ്റ് ഈ ക്രീം മുടിയിൽ വയ്ക്കുന്നു.പിന്നെ, മുടി ഷാംപൂ വാഷ് ചെയ്ത് കണ്ടീഷനർ ഇട്ട് അയണിങ് ചെയ്യുന്നു.
മുടിക്ക് അനുസരിച്ചാണ് അയണിങ്. ന്യൂട്രലൈസർ ഇട്ട് 20 മിനിറ്റ് വയ്ക്കുന്നു. പിന്നെ, ഷാംപൂ ഇല്ലാതെ കണ്ടീഷനർ ഇട്ട് 10 മിനിറ്റിനു ശേഷം വാഷ് ചെയ്ത് ഡ്രൈ ചെയ്യുന്നു. ഇതാണ് സ്മൂത്തനിങ്ങിന്റെ രീതി. സ്മൂത്തനിങ് കഴിഞ്ഞ് നാലാം ദിവസമേ തലമുടി കഴുകാവൂ. ബ്യൂട്ടീഷൻ നിർദേശിച്ച ഷാംപൂവും കണ്ടീഷനറും ഉ പയോഗിച്ച് മാത്രം മുടി കഴുകുക.സ്മൂത്തനിങ് കഴിഞ്ഞ് മൂന്നാഴ്ച കഴിഞ്ഞാൽ തലമുടിയിൽ എണ്ണ തേക്കാം. തലയോട്ടിയിലും മുടിയിഴകളിലുമെല്ലാം എണ്ണ പുരട്ടുന്നത് മുടിയുടെ ആരോഗ്യം കാക്കും. പതിവായി ഉപയോഗിക്കുന്നത് ഏത് എണ്ണയാണോ അതു തന്നെ ഉപയോഗിക്കാം. മാസത്തിൽ ഒരിക്കൽ ബ്യൂട്ടി പാർലറിൽ പോയി ഹെയർ സ്പാ ചെയ്യാം. ഇതു മുടിക്ക് പ്രോട്ടീൻ പരിചരണം നൽകുന്നു.
ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഓയിൽ മസാജ് ചെയ്ത് ഷാംപൂ ഇട്ട് മുടി കഴുകുക. ഓയിൽ മസാജ് മുടിക്ക് മോയിസ്ചറൈസിങ് നൽകും. ഒട്ടും മോയിസ്ചറൈസിങ് കൊടുക്കാത്ത മുടിക്ക് അറ്റം പൊട്ടൽ വരാം.സ്മൂത്തനിങ്ങിന്റെ ഫലം 6– 8 മാസം വരെ നിൽക്കും. ഈ സമയം കഴിയുമ്പോൾ പുതിയ മുടി വളരുന്നു. ഒരു തവണ സ്മൂത്തനിങ് ചെയ്ത് എട്ടു മാസം കഴിയാതെ അടുത്ത സ്മൂത്തനിങ് ചെയ്യാൻ പാടില്ല. അങ്ങനെ ചെയ്താൽ മുടികൊഴിച്ചിൽ വരാം.