നാലാൾ കൂടുന്നിടത്തൊക്കെ പണ്ട് പ്രഷറും ഷുഗറും കൊളസ്ട്രോളുമൊക്കെയായിരുന്നു ചർച്ചാ വിഷയമെങ്കിൽ ഇന്ന് തൈറോയ്ഡാണ് താരം. ഇന്നെല്ലാവർക്കും ഈ ചെറിയ ഗ്രന്ഥിയെ അറിയാം. ‘കഴുത്തിനു മുൻവശത്തേക്കു നോക്കി ചെറിയ തടിപ്പുണ്ടല്ലോ, തൈറോയ്ഡിന്റെ പ്രശ്നമുണ്ടോ?’ എന്നും ഡോക്ടറെ കണ്ട് പരിശോധിച്ചു നോക്കണമെന്നും പറയുന്ന ഉപദേശികളും കുറവല്ല.
ഡോക്ടർമാർ രക്തത്തിലെ ഷുഗറിന്റെയും കൊളസ്ട്രോളിന്റെയുമൊക്കെ ടെസ്റ്റുകൾ ചെയ്യുന്നതു പോലെ തന്നെ തൈറോയ്ഡ് ഫങ്ഷൻ ടെസ്റ്റും ചെയ്യാൻ ഇപ്പോൾ രോഗികളോട് നിർേദശിക്കാറുണ്ട്. കൃത്യമായ കാരണം അറിയില്ലെങ്കിലും തൈറോയ്ഡ് പ്രശ്നങ്ങൾ കേരളത്തിൽ കൂടി വരികയാണ്. പ്രത്യേകിച്ചും സ്ത്രീകളിൽ. ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ വര്‍ധിക്കുന്നതായിരിക്കാം ഒരു കാരണം. കൂടാതെ തൈറോയ്ഡ് ടെസ്റ്റുകൾ സാർവത്രികമായതും കൂടുതൽ രോഗികളെ കണ്ടെത്തുന്നതിന് കാരണമായിട്ടുണ്ട്.
തൈറോയ്ഡ് രോഗങ്ങൾ രണ്ടു തരം
പ്രധാനമായും രണ്ടു തരത്തിലുളള തൈറോയ്ഡ് തകരാറുകളാണ് കണ്ടു വരുന്നത്. തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് എട്ടു മടങ്ങുവരെ ഈ പ്രശ്നം കൂടുതലായി കാണപ്പെടുന്നത്. ഹാഷിമോട്ടോസ് തൈറോയ്ഡൈറ്റിസ് എന്ന പ്രതിരോധ സംവിധാനത്തിലെ തകരാറു മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസത്തിന്റെ മുഖ്യ കാരണം. കൂടാതെ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുക, റേഡിയേഷൻ, ചികിത്സ എന്നിവയും തൈറോയ്ഡിന്റെ പ്രവർത്തന മാന്ദ്യമുണ്ടാക്കാം. ശരീരഭാരം കൂടുക, മുടികൊഴിച്ചിൽ, വരണ്ട ചര്‍മം, തണുപ്പ് സഹിക്കാനാവാത്ത അവസ്ഥ, ശരീരവേദന തുടങ്ങിയവയാണ് മുഖ്യ ലക്ഷണങ്ങൾ.
തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും അധികം ഹോർമോണ്‍ ഉല്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. ഗ്രേവ്സ് ഡിസീസ് എന്ന ഓട്ടോ ഇമ്യൂൺ രോഗം ഒരു പ്രധാന കാരണമാണ്. കൂടാതെ ചില മരുന്നുകളുടെ അമിത ഉപയോഗവും അയഡിന്റെ ആധിക്യവും ഹൈപ്പർ തൈറോയ്ഡിസമുണ്ടാക്കുന്നു. ശരീരം പെട്ടെന്നു ക്ഷീണിക്കുക, അമിത വിയർപ്പ്, നെഞ്ചിടിപ്പ്, കൈവിറയൽ, ചൂട് സഹിക്കാനാവാതെ വരിക, അമിത ഉത്കണ്ഠ, ദേഷ്യം എന്നിവയാണ് ലക്ഷണങ്ങൾ.
എന്തു കഴിക്കാം?
തൈറോയ്ഡ് ചികിത്സയ്ക്ക് മരുന്നുകളോടൊപ്പം ഭക്ഷണ നിയന്ത്രണത്തിനും പ്രാധാന്യമുണ്ട്. തൈറോയിഡ് ഹോർമോണ്‍ ശരിയായ അളവിൽ ഉല്പാദിപ്പിക്കപ്പെടണമെങ്കിൽ ഭക്ഷണത്തിൽ അയഡിൻ, കാത്സ്യം, നിയാസിൻ, സിങ്ക് ജീവകങ്ങളായ ബി12, ബി6, സി, ഇ തുടങ്ങിയവയൊക്കെ അടങ്ങിയിരിക്കണം. കടൽ വിഭവങ്ങളിൽ അയഡിൻ സമൃദ്ധമായടങ്ങിയിട്ടുണ്ട്. കടൽ മത്സ്യങ്ങളും പച്ചക്കറികളും അയഡിന്റെ ഉത്തമസ്രോതസ്സാണ്. തവിടുകളയാത്ത അരിയിൽ തൈറോയ്ഡ് ഹോർമോൺ ഉല്പാദനത്തിനാവശ്യമായ നിയാസിൻ ധാരാളമടങ്ങിയിട്ടുണ്ട്. ഹൈപ്പോതൈറോയ്ഡിസമുളളവരിൽ മലബന്ധം സാധാരണമാണ്. നാരുകൾ ധാരാളമടങ്ങിയ ഇലക്കറികളും പഴവർഗങ്ങളും പച്ചക്കറികളും കഴിച്ച് മലബന്ധം ഒഴിവാക്കാം.
എന്തു കഴിക്കരുത്?
തൈറോയ്ഡ് ഹോർമോണിന്റെ ഉല്പാദനത്തിന് തടസ്സം നിൽക്കുന്ന ചില ഭക്ഷണ സാധനങ്ങളുണ്ട്. ഇവയെ ഗോയിട്രോജനുകൾ എന്നാണ് വിളിക്കുന്നത്. ഇവയിലടങ്ങിയിരിക്കുന്ന സയനോഗ്ലൈക്കോസൈഡുകളും തയോസയനേറ്റുമാണ് ഹോർമോൺ ഉത്പാദനത്തെ തടയുന്നത്. കാബേജ്, കോളിഫ്ളവർ, കപ്പ, സോയാബീൻ, ചീര, മധുരക്കിഴങ്ങ് തുടങ്ങിയവ തൈറോയ്ഡ് ഗ്രന്ഥി അയഡിൻ ഉപയോഗിച്ചുകൊണ്ട് ഹോർമോൺ ഉല്പാദനം നടത്തുന്നതിനെ തടസ്സപ്പെടുത്തുന്നു. തൈറോയ്ഡ് പ്രശ്നങ്ങളുളളവർ ഇത്തരം ആഹാര സാധനങ്ങൾ കുറയ്ക്കുന്നതാണ് നല്ലത്.
തൈറോയ്ഡിന്റെ മരുന്ന് കഴിക്കുമ്പോൾ ശ്രദ്ധിക്കണം
1 ഭക്ഷണത്തിന് ഒന്നര മണിക്കൂർ മുമ്പ് മരുന്നു കഴിക്കണം.
2 ദിവസവും രാവിലെ ഒരേ സമയത്തു തന്നെ മരുന്നു കഴിക്കുക.
3 ഗുളിക കഴിക്കാൻ തിളപ്പിച്ചാറിയ വെളളമാണ് നല്ലത്.
4 മരുന്നു കഴിച്ച് ഒരു മണിക്കൂറിനുളളിൽ പാൽ, പാൽ ഉല്പന്നങ്ങള്‍ തുടങ്ങിയവ കഴിക്കരുത്.
ഡോ. ബി. പത്മകുമാർ
അഡീഷണൽ പ്രഫസർ,
മെഡിസിൻ
മെഡിക്കൽ കോളജ്,
ആലപ്പുഴ.