പേജിലെ പുതിയ അപ്ഡേറ്റ്സ് whatsapp വഴി ലഭിക്കുവാൻ. https://api.whatsapp.com/send?phone=447868701592&text=subscribe
ബന്ധങ്ങളിൽ ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെ സ്വാഭാവികമാണ്. പ്രണയബന്ധമായാലും സൗഹൃദമായാലും വീട്ടിനുള്ളിലായാലും നിസ്സാര കാര്യങ്ങൾക്കു പോലും പരിഭവിക്കുന്നവരും പിണങ്ങുന്നവരുമുണ്ട്. പക്ഷേ പിണങ്ങുമ്പോൾ പ്രതികരിക്കുന്ന രീതിയും പ്രധാനമാണ്. ചിലർക്കാകട്ടെ ആത്മസംയമനത്തോടെ പ്രതികരിക്കാൻ കഴിയുമെങ്കിൽ ചിലർ പരിധിവിട്ടുകളയും. അത് എതിർവശത്തു നിൽക്കുന്നയാളെ വേദനിപ്പിക്കുകയും ചെയ്യാം. അത്തരം സാഹചര്യങ്ങളിൽ ക്ഷമാപണത്തിനും വളരെ വലിയ സ്ഥാനമാണുള്ളത്. വേദനിപ്പിക്കുന്ന രീതിയിൽ പ്രതികരിച്ചുവെന്നു തോന്നിയാൽ ക്ഷമാപണം നടത്തുന്നതിലൂടെ ബന്ധം ഊഷ്മളമാക്കാം എന്നു പറയുകയാണ് സൈക്കോളജിസ്റ്റായ നിക്കോൾ ലെപേര.
വാക്കുകൾ കൊണ്ട് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ആത്മാർഥമായി ക്ഷമാപണം നടത്തേണ്ട രീതികള്‍ പങ്കുവെക്കുകയാണ് നിക്കോൾ. ഇൻസ്റ്റഗ്രാമിലൂടെയാണ് നിക്കോൾ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.
ബന്ധങ്ങളിൽ നാം സ്നേഹിക്കുന്നവരെ വേദനിപ്പിച്ചേക്കാം, അതുകൊണ്ടുതന്നെ ആത്മാർഥമായി ക്ഷമാപണം നടത്തേണ്ടതിനെക്കുറിച്ചും ശീലിച്ചിരിക്കണം എന്നു പറഞ്ഞാണ് നിക്കോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിലരാകട്ടെ തങ്ങൾ മനപ്പൂർവം വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ലെന്നും തെറ്റായ ലക്ഷ്യമില്ലായിരുന്നുവെന്നും കരുതി മാപ്പ് പറയാൻ തയ്യാറാവില്ല. മനപ്പൂർവം അല്ലെങ്കിൽക്കൂടിയും മറ്റൊരാളെ വാക്കുകളിലൂടെ വേദനിപ്പിച്ചേക്കാമെന്നും ക്ഷമാപണം എന്ന വാക്കിന് ബന്ധങ്ങളെ തകർക്കാതിരിക്കാനാവുമെന്നും നിക്കോൾ പറയുന്നു.
- നിങ്ങളെ വേദനിപ്പിച്ചുവെങ്കിൽ ക്ഷമിക്കൂ, എന്റെ അപ്പോഴത്തെ പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിക്കുന്നു.
- ഞാൻ പ്രതികരിച്ച രീതി ശരിയല്ലായിരുന്നു, അതിൽ ക്ഷമ ചോദിക്കുന്നു. തകർന്നിരിക്കുമ്പോൾ വികാരങ്ങൾ നിയന്ത്രിക്കാൻ ഞാൻ ശീലിക്കാം.
- എന്നോട് ക്ഷമിക്കൂ, ഞാനിപ്പോള്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?
- ഞാൻ ചെയ്തത് സ്വീകാര്യമോ ശരിയായതോ അല്ല. ഞാൻ ആ സ്വഭാവത്തിൽ മാറ്റം വരുത്തും.
തുടങ്ങിയവയാണ് ആത്മാർഥമായ ക്ഷമാപണ രീതികൾ എന്ന് നിക്കോൾ പറയുന്നു. അത്തരത്തിൽ ക്ഷമ ചോദിക്കുന്നവർ തുടർന്ന് തങ്ങളുടെ പ്രവൃത്തികളില്‍ മാറ്റം വരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യും. ഭാവിയിൽ അതുമാറ്റാൻ എന്തു ചെയ്യാമെന്നും ശ്രദ്ധിക്കും.
എന്നാൽ അതിനുപകരം ആത്മാർഥമല്ലാതെ ക്ഷമ പറയുന്നവരെക്കുറിച്ചും നിക്കോൾ കുറിക്കുന്നുണ്ട്. അവർ നിസ്സാരമായി ‘സോറി’ എന്നു പറയുകയോ ‘നിങ്ങൾക്ക് വേദനിച്ചെങ്കിൽ സോറി’ എന്നു പറയുകയോ ‘നിങ്ങൾ ആ രീതിയിൽ എടുത്തതിൽ സോറി’ എന്നൊക്കെയോ ആണ് പറയുക. അക്കൂട്ടർ വിഷയത്തിൽ നിന്ന് വ്യതിചലിക്കുന്നവരാകുമെന്നും നിക്കോൾ കുറിച്ചു.













