പ്രകൃതി തരും സൗന്ദര്യം മറക്കാതെ ഓർക്കേണ്ട കാര്യങ്ങൾ ഇതാണ്
തിളങ്ങും മുഖകാന്തി
മുഖചർമ്മം വളരെ മൃദുവാണ്. അതിനാൽ സംരക്ഷണത്തിൽ ഏറെ ശ്രദ്ധിക്കണം. വീര്യം കൂടിയ സോപ്പ് ഉപയോഗിച്ച് മുഖം കഴുകരുത്. തണുത്ത വെള്ളത്തിൽ കഴുകി ശുചിയാക്കുക. ആഴ്‌ചയിലൊരിക്കൽ ആവി പിടിപ്പിക്കുന്നത് മുഖത്തെ അമിതമായ എണ്ണമയം നീക്കും. മുഖത്തിലിടുന്ന ലേപനങ്ങൾ കഴുകി കളയാൻ ജലാംശം മുഴുവൻ പോയി ഉണങ്ങി വരളും വരെ കാത്തിരിക്കരുത്. ഉണങ്ങാൻ തുടങ്ങുമ്പോൾ ലേപനങ്ങൾ കഴുകിക്കളയുക. ലേപനം കഴുകിയ ഉടനെ മുഖത്ത് വെയിൽ കൊള്ളരുത്. ലേപനങ്ങൾ അപ്പോഴത്തെ ആവശ്യത്തിന് മാത്രം അരച്ചെടുത്ത് ഉപയോഗിക്കുന്നതാണ് നല്ലത്. നിത്യവും നസ്യം ചെയ്യുന്നത് മുഖത്തിന്റെ സൗന്ദര്യവും തിളക്കവും കൂട്ടുന്നു. നസ്യം ചെയ്യാനുള്ള അണുതൈലം ആയുർവേദ മരുന്നു കടകളിൽ ലഭിക്കും. നസ്യം തനിയെ ചെയ്യാം. മലർന്നു കിടന്നിട്ട് അണുതൈലം ഓരോ തുള്ളിവീതം ഓരോ മൂക്കിലും ഒഴിച്ച് ഉള്ളിലേക്ക് വലിക്കുക. മൂക്കിന്റെ വശങ്ങൾ മെല്ലെ തിരുമ്മുക. വായിലേക്ക് വരുന്ന കഫം തുപ്പിക്കളയണം. രാവിലെ കുളിക്കുന്നതിന് മുമ്പ് വേണം നസ്യം ചെയ്യാൻ. രോഗങ്ങളുള്ള സമയത്ത് നസ്യം ചെയ്യരുത്. നസ്യം കഴിഞ്ഞയുടൻ മുഖത്ത് ലേപനങ്ങൾ പുരട്ടരുത്.
മുഖകാന്തി ലഭിക്കാൻ
*രക്തചന്ദനം, പാച്ചോറ്റിത്തൊലി, പൂവത്ത് ഇവ കുറച്ചെടുത്ത് അല്‌പം വെള്ളം തൊട്ട് അരച്ചെടുക്കുക. കുഴമ്പാക്കി മുഖത്ത് പുരട്ടുക. ജലാംശം വറ്റിത്തുടങ്ങുമ്പോൾ മുഖം തണുത്ത വെള്ളത്തിൽ കഴുകി മൃദുവായി തുടച്ചുണക്കുക.
*മഞ്ഞൾ, രക്തചന്ദനം, മരമഞ്ഞൾ, ഇരട്ടിമധുരം ഇവ ഒരേ അളവിലെടുത്ത് പൊടിച്ച് സൂക്ഷിക്കുക. ഇതിൽ നിന്ന് ഓരോന്നും അല്‌പമെടുത്ത് പാലിൽ പുഴുങ്ങി ലേപനമാക്കി മുഖത്ത് പുരട്ടുക. ഉണങ്ങിത്തുടങ്ങുമ്പോൾ മുഖം വൃത്തിയായി കഴുകുക.
* ദിവസവും കുളിക്കുംമുമ്പ് മുഖം വെളിച്ചെണ്ണ തേച്ച് തടവുക. മുഖം മിനുസമാകും.
* ഉണക്കമുന്തിരി ഏഴെണ്ണമെടുത്ത് തണുത്ത വെള്ളത്തിലിട്ട് വയ്‌ക്കുക. കുതിർന്നു കഴിയുമ്പോൾ വെള്ളമൂറ്റിക്കളഞ്ഞ് മുന്തിരിയെടുത്ത് ഒരു ടീസ്‌പൂൺ ചെറുനാരങ്ങാനീരിൽ അരച്ചുകുഴമ്പാക്കുക. മുഖത്ത് പുരട്ടി പതിനഞ്ച് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയുക.
* തുളസിയില പിഴിഞ്ഞെടുത്ത നീരും ചെറുതേനും ഒരു ടേ.സ്‌പൂൺ വീതമെടുത്ത് രാവിലെ വെറും വയറ്റിൽ സേവിക്കുക. മുഖം തുടുത്ത് തിളങ്ങും.
മുഖക്കുരുവിന്റെ പാട് മാറ്റാൻ
* രക്തചന്ദനം വെള്ളരിക്കാ നീരിൽ തൊട്ടരച്ചത് മുഖത്തെ കറുത്ത പാടുകളിൽ പുരട്ടുക. അര മണിക്കൂറിന് ശേഷം ശുദ്ധജലത്തിൽ കഴുകിക്കളയുക.
* പേരാലിന്റെ തളിരില അരച്ച് കുഴമ്പാക്കി മുഖത്ത് പുരട്ടുക. അരമണിക്കൂറിന് ശേഷം കഴുകിക്കളയുക.
* ആര്യവേപ്പിന്റെ ഇല മൂന്നെണ്ണവും ഒരിഞ്ച് കഷണം പച്ചമഞ്ഞളും അരച്ചു കുഴമ്പാക്കി മുഖത്ത് പുരട്ടുക.
* നാല്‌പാമരാദി വെളിച്ചെണ്ണ അരടീസ്‌പൂൺ മുഖത്ത് തേച്ച് തിരുമ്മുക. പത്ത് മിനിട്ട് കഴിഞ്ഞ് ചെറുപയർ പൊടിയും തണുത്തവെള്ളവും ഉപയോഗിച്ച് കഴുകിക്കളയുക.
ചർമ്മകാന്തിക്ക്
* അല്‌പം പച്ചമഞ്ഞൾ എടുത്ത് തൊലി ചുരണ്ടിക്കളഞ്ഞ് വൃത്തിയാക്കി അരച്ചെടുക്കുക. ഇത്കുളിക്കുന്നതിനു മുമ്പ് ശരീരത്ത് തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം ഈഞ്ചയും പയറുപൊടിയും തേച്ച് കഴുകിക്കളയുക. ആഴ്‌ചയിലൊരിക്കൽ ഇത് ചെയ്‌താൽ ശരീരത്തിന് ചർമ്മകാന്തിയേറും.
* ശരീരത്തിലെ അനാവശ്യരോമവളർച്ച തടയാനും ഇത് ഫലപ്രദമാണ്. രോമങ്ങൾ കൂടുതലായി വളരുന്ന ഭാഗത്ത് മഞ്ഞളരച്ചു പുരട്ടി അരമണിക്കൂറിന് ശേഷം കഴുകുക.
* ബദാം എണ്ണ ശരീരമാസകലം തേച്ച് പിടിപ്പിച്ച് രണ്ടുമണിക്കൂറിന് ശേഷം ചെറുപയർ പൊടി തേച്ച് കുളിക്കുക.
* വെളിച്ചെണ്ണ ചെറുചൂടോടെ ദേഹത്ത് തേച്ച് പിടിപ്പിക്കുക. അതിനുശേഷം ശരീരമാസകലം മഞ്ഞൾപ്പൊടി തേയ്‌ക്കുക. അരമണിക്കൂറിന് ശേഷം ചെറുപയർ പൊടി തേച്ച് വൃത്തിയായി കുളിക്കുക.
* ചെറുപയർ പൊടിയും അരച്ച മഞ്ഞളും കുറച്ചെടുത്ത് ചെറുനാരങ്ങാനീര് ചേർത്ത് ദേഹത്ത് പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞ് ഇഞ്ച കൊണ്ട് ദേഹം തേച്ച് കുളിക്കുക.
* കുങ്കുമാദി തൈലം തേച്ച് ഒരു മണിക്കൂറിന് ശേഷം ചെറുപയർപൊടി തേച്ചി കുളിക്കുക.
* ത്വക്കിലെ വരകളും അടയാളങ്ങളും അകറ്റാൻ ചന്ദനമരച്ച് വെണ്ണ ചേർത്ത് പുരട്ടണം.
ശരീരദുർഗന്ധം അകറ്റാൻ
* തുളസിയിലയും രാമച്ചവും ഇട്ട് തിളപ്പിച്ചാറിയ വെള്ളത്തിൽ കുളിക്കുക. ശരീരത്തിന് സുഗന്ധമുണ്ടാകും.
* ചന്ദനം അരച്ച് പേസ്റ്റാക്കി ശരീരത്ത് തേച്ച് കുളിക്കുക.
* കുളിക്കുന്ന വെള്ളത്തിൽ അല്‌പം രാമച്ചം ഇട്ട് തിളപ്പിച്ചാറിയ ശേഷം ചന്ദനം അരച്ചത് അല്‌പം ചേർത്തിളക്കുക. ഈ വെള്ളത്തിൽ കുളിക്കുക.
* ഒരു ടേ.സ്‌പൂൺ കസ്‌തൂരി മഞ്ഞൾ ചന്ദനം അരച്ചത് ഇവ ശരീരത്ത് പുരട്ടി ഒരു മണിക്കൂറിന് ശേഷം കുളിക്കുക. വിയർപ്പ് നാറ്റം അകലം.
ചൂട് കുരുമാറാൻ
* നെന്മേനി, വാകപ്പൊട തേച്ച് കുളിക്കുക. തേയ്‌ക്കാൻ ഇഞ്ച ഉപയോഗിക്കുക. ചൂട് കുരു അകലും.
* നാല്‌പാമരപ്പട്ട ചതച്ചിട്ട വെള്ളം കൊണ്ട് കുളിക്കുന്നത് ചർമ്മരോഗങ്ങളെ അകറ്റും.
പാലുണ്ണി മാറാൻ
ഇരട്ടിമധുരം തേനിൽ അരച്ച് പാലുണ്ണിയിൽ പുരട്ടുക. ജലാംശം വറ്റുമ്പോൾ ഇതാവർത്തിക്കണം.
ചുണങ്ങ് മാറാൻ
* ചന്ദനം ചെറുനാരങ്ങാ നീരിൽ അരച്ചതും അല്‌പം പൊൻകാരവും ചേർത്ത് കുഴച്ച് ചുണങ്ങിൽ പുരട്ടുക.
* ചെറുനാരങ്ങാനീരും ഉപ്പും ചേർത്ത് കുഴച്ച് ചുണങ്ങുള്ള ഭാഗത്ത് പുരട്ടുക.
കഴുത്തിലെ കറുപ്പ് മാറാൻ
* കഴുത്തിലെ കറുപ്പ് നിറം മാറാൻ അല്‌പം ചെറുനാരങ്ങാനീരും കല്ലുപ്പ് പൊടിച്ചതും മിശ്രിതമാക്കി പുരുട്ടുക.
* ഉലുവ അരച്ച് തൈരിൽ ചേർത്ത് പുരട്ടുക.
* പഴുത്ത പപ്പായയുടെ നീരും അല്‌പം ഇന്തുപ്പും പച്ചക്കർപ്പൂരവും ചേർത്ത് കഴുത്തിൽ പുരട്ടുക
കൈമുട്ടിലെ കറുപ്പ് മാറാൻ
* രക്തചന്ദനം, രാമച്ചം എന്നിവ പനിനീരിൽ അരച്ച് കൈമുട്ടുകളിൽ പുരട്ടുക. കൈമുട്ടുകളിലെ കറുപ്പ് നിറം മാറും.
* ചെറുനാരങ്ങാനീരും കല്ലുപ്പും പൊടിച്ചതും മിശ്രിതമാക്കി പുരട്ടുക.
അമിതവണ്ണം പോകാൻ
* വെണ്ണമാറ്റിയ മോരിൽ ത്രിഫലപ്പൊടി കലർത്തി കുടിക്കുക. തിപ്പലി വേരരച്ച് കഴിക്കുക. ഇവ വയറ്റിലെ കൊഴുപ്പ് അലിയിച്ച് കളയും.
* ഉപ്പിട്ട ചൂട് വെള്ളത്തിൽ ടവൽ മുക്കിപ്പിഴിഞ്ഞ് വയറിൽ ആവി പിടിപ്പിക്കുക. വയറിലെ കൊഴുപ്പ് അലിയിച്ചു കളയാൻ ഇത് സഹായിക്കും.
* മുതിര, എള്ള്, വെളുത്തുള്ളി, ആവണക്കിൻ വേര് ഇവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുക. വയർ കുറയും.
* നിത്യവും രാവിലെ വെറുംവയറ്റിൽ അരഗ്ലാസ് വെള്ളത്തിൽ ഒരു ടീ.സ്‌പൂൺ തേൻ ചേർത്ത് കുടിക്കുക.
* ബ്രഹ്മി ഇടിച്ച് പിഴിഞ്ഞ നീര് ഒരു ടീസ്‌പൂൺ സമം തേനും ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുക.
* ഒരു നുള്ള് ചുക്കുപൊടി നല്ലെണ്ണയിൽ ചാലിച്ച് രാവിലെ വെറും വയറ്റിൽ കഴിക്കുക.
ഇടതൂർന്ന മുടിയ്‌ക്ക്
മുടിയിൽ തേയ്‌ക്കാനായി എണ്ണ കാച്ചുമ്പോൾ ഒന്നോ രണ്ടോ മാസത്തേക്ക് മാത്രം തയ്യാറാക്കി വയ്‌ക്കുക. ഒന്നോ രണ്ടോ വർഷത്തേയ്‌ക്കായാൽ ഈർപ്പം ചേർന്ന് നീരിറക്കമുണ്ടാകും.
മുടി കൊഴിച്ചിൽ മാറാൻ
- * ബ്രഹ്മി, കയ്യോന്നി, കറ്റാർവാഴ, നിലനാരകം, നെല്ലിക്ക ഇവയും അഞ്ജനക്കല്ലും ചേർത്ത് എണ്ണ കാച്ചി തേയ്ക്കുന്നത് മുടി ഇടതൂർന്ന് കറുത്ത നിറത്തിൽ വളരാൻ സഹായിക്കും. ജലദോഷം ഇടയ്ക്കിടെ ഉണ്ടാകുന്നവർക്ക് ഈ എണ്ണ അനുയോജ്യമല്ല. അത്തരക്കാർ അല്പം തുളസിയിലനീരുകൂടി ചേർത്ത് എണ്ണ കാച്ചി തേയ്‌ക്കാം.
* കറ്റാർവാഴപ്പോള, മൈലാഞ്ചിയില, കയ്യോന്നിയില, കുരുനീക്കിയ പച്ചനെല്ലിക, കറിവേപ്പില ഇവയെടുത്ത് അരച്ച് കുഴമ്പാക്കി തലയിൽ തേച്ചുപിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം കഴുകികളയുക. ആഴ്‌ചയിൽ മൂന്നുതവണ ഇത് ചെയ്യണം.
അകാലനര മാറാൻ
* കുറച്ച് പച്ചനെല്ലിക്കയെടുത്ത് കുരുമാറ്റിയിട്ട് അരച്ചെടുക്കുക. ഈ മിശ്രിതത്തിൽ ഏതാനും ചെമ്പരത്തിപ്പൂവ് അരച്ചതും കൂടി ചേർത്ത് തലയിൽ തേച്ച് പിടിപ്പിക്കുക.
* അല്‌പം മൈലാഞ്ചിയില എടുത്ത് കഴുകി വൃത്തിയാക്കി വെള്ളം തൊട്ട് അരച്ചെടുക്കുക. ഈ മിശ്രിതം തണലിൽ വച്ച് ഉണക്കിയെടുക്കണം. ഈർപ്പം മാറ്റി പൂപ്പൽ കയറാതെ സൂക്ഷിക്കുക. ഇതിൽ നിന്നും അല്‌പം എടുത്ത് ദിവസവും ഒരു ടീ.സ്‌പൂൺ വെളിച്ചെണ്ണയിൽ ചാലിച്ച് തലയിൽ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം ചെമ്പരത്തിപ്പൂവും ഇലയും അരച്ചുണ്ടാക്കുന്ന താളി ഉപയോഗിച്ച് തലമുടി വൃത്തിയായി കഴുകുക. ആഴ്‌ചയിൽ മൂന്ന് തവണ ചെയ്യണം.
* ചെറുപ്പത്തിലെ നര ബാധിക്കുന്നവർ നരസിംഹരസായനം കഴിക്കുക. കയ്യോന്നി നീരോ നെല്ലിക്ക നീരോ ദിവസവും ഒരു ടേ.സ്‌പൂൺ വീതം കഴിക്കുക. പുളി അധികമുള്ള ആഹാരം ഒഴിവാക്കണം. ചൂട് വെള്ളത്തിൽ തല കുളിക്കരുത്.
താരൻ അകറ്റാനും മുടിക്കായ മാറാനും
* വെളുത്തുള്ളി ചതച്ചരച്ച് നല്ലെണ്ണയിൽ കുഴച്ച് അല്‌പനേരം വച്ചിരുന്ന ശേഷം മുടിയിൽ പുരട്ടുക.
* കയ്യോന്നി നീരിൽ കുരുമുളക് ചതച്ചതും കൃഷ്‌ണതുളസിയിലയുമിട്ട് വെളിച്ചെണ്ണ കാച്ചി മുടിയിൽ തേയ്‌ക്കുക.
* ചെമ്പരത്തിപ്പൂവും കൃഷ്‌ണതുളസിയിലയും ഇട്ട് കാച്ചിയ എണ്ണ തേയ്‌ക്കുക.
പാദങ്ങൾ മനോഹരമാക്കാൻ* പാദങ്ങളുടെ വിണ്ടുകീറൽ അകറ്റാൻ കാലിന്റെ അടിവശം കല്ലിൽ ഉരച്ച് കഴുകണം. പ്യൂമിക് സ്റ്റോൺ കൊണ്ട് ഉരച്ച് കഴുകിയാലും മതി. ആര്യവേപ്പിലയും പച്ചമഞ്ഞളും അരച്ച് കാൽ വിണ്ടുകീറുന്ന ഭാഗത്ത് പുരട്ടുക. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയണം. പാദം മുഴുവനുമായി വെളിച്ചെണ്ണ പുരട്ടി മൃദുവായി തടവുക.
കറിവേപ്പിലയും പച്ചമഞ്ഞളും തൈരിൽ അരച്ചത് പാദങ്ങൾ വിണ്ടുകീറിയ ഭാഗത്ത് പുരട്ടി അരമണിക്കൂർ കഴിഞ്ഞുകഴുകിക്കളയുക. വിണ്ടുകീറൽ മാറും.