close

Parenting

Parentingചോദ്യങ്ങൾവൃക്തിബന്ധങ്ങൾ Relationship

‘മക്കളുടെ മുന്നിൽ വച്ച് ഭാര്യയെ ‘എടീ പോടീ’ എന്ന് വിളിക്കരുത്’; കുട്ടികൾ നന്നായി വളരാൻ ചെയ്യരുതാത്ത 10 കാര്യങ്ങൾ

അനുഭവങ്ങളിലൂടെയാണു കുട്ടികൾ പഠിക്കുന്നത്. കുട്ടികളുടെ മസ്തിഷ്കം വളരുന്നതും അവർ ഏതു തരത്തിലുള്ള അനുഭവങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്നതനുസരിച്ചാണ്. നല്ല അനുഭവങ്ങൾ നല്ല രീതിയിലുള്ള വളർച്ചയ്ക്കു സഹായകമാകുന്നു. മോശം അനുഭവങ്ങൾ അനാരോഗ്യകരമായ വളർച്ചയ്ക്ക് കാരണമാകുന്നു. ‘നല്ലകാലം വന്നു കാണാൻ, നല്ലതാക്കി െചാല്ലെടോ നീ’ എന്ന് കവി പി.പി. രാമചന്ദ്രൻ.

കുടുംബത്തിൽ നല്ല അനുഭവങ്ങൾ ഉണ്ടാകുക എന്നതു വളരെ പ്രധാനമാണ്. പഴയ വലിയ കുടുംബങ്ങളിൽ കുട്ടികൾക്ക് മാതൃകയാകാൻ പലരുണ്ടാകും. എന്നാൽ ഇന്നത്തെ ചെറിയ കുടുംബങ്ങളിൽ, മിക്കപ്പോഴും അമ്മയും അച്ഛനും മാത്രമാണ് കുഞ്ഞുങ്ങൾക്ക് മാതൃക (റോൾ മോഡൽ). പുസ്തകപഠനത്തിലും പരീക്ഷകൾക്കായുള്ള തയാറെടുപ്പിലും മാത്രം ശ്രദ്ധയാകുമ്പോൾ കുട്ടികളുടെ അനുഭവലോകം വീട്ടിനുള്ളിൽ മാത്രമായി ചുരുങ്ങുന്നു. ഇത് അച്ഛന്റെയും അമ്മയുടെയും ഉത്തരവാദിത്തം കൂടുന്നു; നല്ല കുടുംബാന്തരീക്ഷം കൂടുതൽ പ്രധാനപ്പെട്ടതാകുന്നു.

കുട്ടികളുടെ മുന്നിൽ ഒഴിവാക്കേണ്ട കുറച്ചു കാര്യങ്ങളാണു താഴെ പറയുന്നത്. പട്ടാളച്ചിട്ടയോടെ ഇതൊക്കെ പാലിക്കണമെന്നല്ല, കുട്ടികളുടെ മുന്നിൽ കുറച്ചുകൂടെ ശ്രദ്ധയോടെ െപരുമാറണമെന്നാണ് ഉദ്ദേശിക്കുന്നത്.

1. എപ്പോഴും കുറ്റം പറയരുത്, ചീത്ത വിളിക്കരുത്

കുട്ടികളിൽ കുറ്റം മാത്രം കാണുകയും പറയുകയും ചെയ്യുന്നതു ശരിയല്ല. തെറ്റുകൾ ചൂണ്ടിക്കാട്ടേണ്ടതുണ്ട്.എ ന്നാൽ അതു കുട്ടികളിൽ ആത്മവിശ്വാസക്കുറവും അവമതിപ്പും ഉണ്ടാകുന്ന തരത്തിലാകരുത്. നല്ലത് അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും രക്ഷിതാക്കൾക്കു കഴിയണം. മലയാളത്തിൽ ‘നല്ലത്’ എന്നു പറയുന്നതിനുള്ള വാക്കുകൾ തന്നെ കുറവാണ്. നമ്മുടെ ഭാഷയിൽ തന്നെ നല്ലത് അംഗീകരിക്കുന്നതിനുള്ള പുതിയ വാക്കുകൾ ഉണ്ടാകേണ്ടതുണ്ട്. സ്നേഹിക്കുന്നതുകൊണ്ടു കുട്ടികൾ വഷളാകില്ല. സ്േനഹത്തിനും അതിരുകൾ ഉണ്ട് എന്ന് കുട്ടികൾ അറിയണം എന്നുമാത്രം.കുട്ടികളുടെ മുന്നിൽവച്ചു മോശം ഭാഷ ഉപയോഗിക്കുന്നതും ‘ചീത്ത’ വാക്കുകൾ പറയുന്നതും കഴിയുന്നത്ര ഒഴിവാക്കുക.

കുട്ടികളുടെ ഭാഷ പ്രത്യേകിച്ചും ചെറിയ കുട്ടികളുടെ ഭാഷ രൂപപ്പെടുന്നത് കുടുംബാന്തരീക്ഷത്തിൽ നിന്നാണ്. ചീത്ത വാക്കുകൾ കുട്ടികൾ പറയുന്നതു മുതിർന്നവർ പറയുന്നതു കേട്ടിട്ടാണ്. മാന്യമായ, സംസ്കാരമുള്ള ഭാഷ കുട്ടികൾക്കുണ്ടാകണം. മാന്യമായ ഭാഷ എന്നതിനർഥം ‘അച്ചടിഭാഷ’ എന്നല്ല.

അഭിപ്രായവ്യത്യാസങ്ങൾ പരസ്പരബഹുമാനത്തോടെ എങ്ങനെ പ്രകടിപ്പിക്കാൻ കഴിയും എന്നും എങ്ങനെ സമവായത്തിലെത്താൻ കഴിയും എന്നും കുട്ടികൾ കണ്ടറിയേണ്ടതുണ്ട്.അച്ഛനമ്മമാരിൽ ഒരാൾ മറ്റേയാളുടെ ആഗ്രഹങ്ങൾക്കും അഭിപ്രായങ്ങൾക്കും വിലകല്പിക്കാതെ, ഏകാധിപത്യപരമായ രീതിയിൽ അഭിപ്രായങ്ങളും തീരുമാനങ്ങളും അടിച്ചേല്പിക്കുന്നത് കുട്ടികൾക്കു തെറ്റായ സന്ദേശം ആണു നൽകുക. ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ കുട്ടികൾ അറിഞ്ഞു തുടങ്ങേണ്ടത് കുടുംബാന്തരീക്ഷത്തിൽ നിന്നാണ്.

2. സ്ത്രീകളെ അധിക്ഷേപിക്കരുത്

കുട്ടികളുടെ മുന്നിൽ വച്ചു സ്ത്രീകളെക്കുറിച്ചു മോശമായി സംസാരിക്കുന്നതും െെലംഗികച്ചുവയോടെ സംസാരിക്കുന്നതും തീർത്തും ഒഴിവാക്കേണ്ടതാണ്. അച്ഛൻ അമ്മയെ, സഹോദരിയെ ‘എടീ പോടീ’ എന്നു വിളിക്കുമ്പോൾ അതാണ് കുട്ടികൾ പഠിക്കുന്നത്. ‘ആൺകുട്ടി’, ‘പെൺകുട്ടി’ എന്നു പക്ഷപാതം കാണിക്കുന്നത് ഒഴിവാക്കുക. ജൻഡർ ഇക്വാലിറ്റി (Gender Equality)യുടെ പാഠങ്ങൾ കുട്ടികൾ വീട്ടിൽ നിന്നാണു പഠിച്ചുതുടങ്ങേണ്ടത്.

3. പറയുന്നത് തന്നെ പ്രവർത്തിച്ചു കാണിക്കുക

കുട്ടികളോട് ഒന്നു പറയുകയും അതിനെതിരായി പ്രവർത്തിക്കുകയും ചെയ്യുന്നതു തെറ്റായ സന്ദേശമാണു നൽകുക.പറയുന്നതു പ്രവർത്തിയിലും കാണേണ്ടതുണ്ട് എന്നാണു കുട്ടികൾ അറിയേണ്ടത്. കളവു പറയരുത് എന്നു പഠിപ്പിക്കുകയും എന്നാൽ കുട്ടികളുടെ മുന്നിൽവച്ച് ആവശ്യത്തിന് കളവു പറയുകയും ചെയ്യുമ്പോൾ കുട്ടികൾ പഠിക്കുന്നത് ആവശ്യത്തിനു കളവുചെയ്യുന്നതിൽ തെറ്റില്ല എന്നാണ്.

4. പ്രായമായവരോട് മോശമായി പെരുമാറരുത്

പ്രായമായ ആളുകളോട് (വീട്ടിലും പുറത്തും) മോശം ഭാഷയിൽ സംസാരിക്കുകയും മോശമായ രീതിയിൽ പെരുമാറുകയും ചെയ്യരുത്. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും കുട്ടിയുടെ മുൻപിൽ വച്ച് അതു പറയാതിരിക്കുക. പ്രായമായ ആളുകളെ ബഹുമാനിക്കാനും അവർക്ക് അർഹമായ, ആവശ്യമായ പരിഗണന നൽകാനും കുട്ടികൾക്കു കഴിയണം. അതു വീട്ടിലുള്ളവരോടു മാത്രമല്ല, പൊതുസ്ഥലങ്ങളിലും പ്രായമുള്ള ആളുകളോട് മര്യാദയോടെയും സ്നേഹത്തോടെയും പെരുമാറേണ്ടത് ഉണ്ടെന്നു കുട്ടികൾ അറിയണം.

5. വൈകല്യമുള്ളവരെ പരിഹസിക്കരുത്

കുട്ടികളുടെ മുന്നിൽവച്ച് ഒരിക്കലും ശാരീരിക െെവകല്യങ്ങൾ ഉള്ളവരോടും മാനസിക െെവകല്യങ്ങൾ ഉള്ളവരോടും േമാശമായി പെരുമാറുകയും പരിഹസിച്ചു സംസാരിക്കുകയും ചെയ്യാൻ പാടില്ല. കുരുടൻ, പൊട്ടൻ എന്നിങ്ങനെയുള്ള പദപ്രയോഗങ്ങളും ഒഴിവാക്കണം.

പ്രായമുള്ളവരോടും െെവകല്യങ്ങൾ ഉള്ളവരോടും ദുർബലരോടും എങ്ങനെ പെരുമാറുന്നു എന്നതാണ് ഒരു സമൂഹത്തിന്റെ സംസ്കാരത്തിന്റെ അളവുകോൽ എന്നു കുട്ടികളെ പഠിപ്പിക്കണം. ഇത്തരം വൈകല്യങ്ങളെ സൂചിപ്പിക്കുന്ന ശരിയായ പദപ്രയോഗങ്ങൾ ചെറുപ്പത്തിലെ തന്നെ പഠിപ്പിക്കുക.

6. മൃഗങ്ങളോടും പക്ഷികളോടും ക്രൂരത പാടില്ല

പക്ഷികൾ, മൃഗങ്ങൾ–മറ്റു ജീവികളോട് കുട്ടികളുടെ മുന്നിൽ വച്ചു ക്രൂരമായി പെരുമാറുന്നത് ഒഴിവാക്കുക. ലോകം മനുഷ്യന്റെതു മാത്രമല്ല, മറ്റു ജീവികളുടേതുകൂടിയാണ്. മനുഷ്യനടക്കം എല്ലാ ജീവികൾക്കും ഈ ലോകത്തു തുല്യഅവകാശമാണ് എന്നു കുട്ടിക്കാലത്തേ മനസ്സിലാക്കണം. ഇത്തരം ആശയങ്ങളുള്ള കഥകൾ പറഞ്ഞുകൊടുത്താൽ അത് കുട്ടികളുടെ മനസ്സിൽ പതിഞ്ഞുകൊള്ളും.

7. പൊതുസ്ഥലങ്ങളിൽ മാലിന്യം ഇടരുത്

പരിസ്ഥിതിക്കും പ്രകൃതിക്കും നാശം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ മുന്നിൽ ചെയ്യുമ്പോൾ അതു തെറ്റായ ധാരണകളാണു കുട്ടികളിലുണ്ടാക്കുന്നത്.പൊതുസ്ഥലങ്ങളിലും പൊതുനിരത്തുകളിലും മാലിന്യം എറിയുമ്പോൾ പ്രകൃതിയെ നമ്മൾ നശിപ്പിക്കുകയാണ് എന്ന് കുട്ടികൾ ചെറുപ്പത്തിലേ അറിയേണ്ടതുണ്ട്.

പുഴകൾ മലിനമാക്കുന്നതും അത്യാവശ്യത്തിനല്ലാതെ ചെടികളും മരങ്ങളും നശിപ്പിക്കുമ്പോഴും നാം നമ്മോടുതന്നെ ദ്രോഹം ചെയ്യുകയാണ് എന്നു കുട്ടികൾ അറിയണം. പുഴകളും കാടുകളും ജീവജാലങ്ങളും ഒക്കെ മനുഷ്യവംശത്തിന്റെ നിലനില്പിനുതന്നെ ആവശ്യമാണ് എന്ന സന്ദേശമാണ് കുട്ടികൾക്കു നൽകേണ്ടത്.

8. കുട്ടികളുടെ മുന്നിൽ മദ്യപാനം അരുത്

കുട്ടികളുടെ മുന്നിൽ ലഹരി ഉപയോഗിക്കുന്നത് (പുകവലി, മദ്യം, മയക്കുമരുന്നുകൾ) ഒഴിവാക്കേണ്ടതാണ്. ലഹരിവസ്തുക്കളെയും ലഹരി ഉപയോഗത്തെയും മഹത്വവൽക്കരിച്ചു സംസാരിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

ലഹരി ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ചു കുട്ടികൾ അറിയണം. പലപ്പോഴും പുകവലിക്കുന്നതും മദ്യം ഉപയോഗിക്കുന്നതും ആണത്തത്തിന്റെ ലക്ഷണം ആയിട്ടാണു ജീവിതത്തിലും ദൃശ്യമാധ്യമങ്ങളിലും അവതരിക്കപ്പെടുന്നത്. അത് അങ്ങനെയല്ല എന്നാണു കുട്ടികളെ മനസ്സിലാക്കിക്കേണ്ടത്. തമാശയ്ക്കു പോലും ഇത്തരം ശീലങ്ങളിലേക്കു പോയാൽ അഡിക്‌ഷനായി മാറാമെന്നത് ഒാർമിക്കുക.

9. അധ്യാപകരെക്കുറിച്ച് കുറ്റം പറയരുത്

കുട്ടികളുടെ മുന്നിൽ വച്ച് അവരുടെ സ്കൂളിെനക്കുറിച്ചും പഠിപ്പിക്കുന്ന അധ്യാപകരെക്കുറിച്ചും മോശമായും അവമതിപ്പ് ഉണ്ടാക്കുന്ന രീതിയിലും സംസാരിക്കുന്നത് ഒഴിവാക്കുക.കുട്ടികൾക്കു തങ്ങളുടെ വിദ്യാലയത്തെക്കുറിച്ച് അഭിമാനം ഉണ്ടാകണം. അധ്യാപകരെ സ്നേഹ ബഹുമാനങ്ങളോടെ കാണാനും കഴിയണം.

10. ജീവിതത്തിൽ മോശം മാതൃക കാണിക്കരുത്

അനാരോഗ്യകരമായ രീതിയിൽ ടിവി/മൊെെബൽ/വിഷ്വൽമീഡിയ ഉപയോഗിക്കുന്നത് കുട്ടികൾക്ക് മോശം മാതൃകയാണു നൽകുന്നത്. പ്രയോജനകരവുമായ രീതിയിൽ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കാൻ കുട്ടികൾ ശീലിക്കണം. ഉദാഹരണത്തിനു കിടപ്പുമുറിയിൽ ടിവി കാണുന്നത് ഒഴിവാക്കുക. ഭക്ഷണം കഴിക്കുമ്പോൾ ടിവി കാണുന്നതും മൊെെബൽ ഉപയോഗിക്കുന്നതും ഒഴിവാക്കുക. ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് ടിവി/മൊെെബൽ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

അനാവശ്യമായ സോഷ്യൽമീഡിയയുടെ ഉപയോഗവും ഒഴിവാക്കുക. കുട്ടികളെ സംബന്ധിച്ചിടത്തോളം യഥാർഥജീവിതം പോലെ വെർച്വൽ ലോക(Virtual world)വും പ്രധാനമായ ഒരു കാലമാണു വരുന്നത്. അതുകൊണ്ടുതന്നെ സോഷ്യൽമീഡിയയിൽ ഇടപെടുന്ന രീതി, ഉപയോഗിക്കുന്ന ഭാഷഎന്നിവ കുട്ടികളെ ഒരുപാടു സ്വാധീനിക്കും. NEITIZEN എന്ന നിലയിലും കുട്ടികൾക്കു രക്ഷിതാക്കൾ മാതൃകയാവണം.

മാതാപിതാക്കൾ അനാരോഗ്യകരമായ ജീവിത െെശലി പുലർത്തിയാൽ മക്കളും കണ്ടുപഠിക്കും. ജീവിത ശൈലീരോഗങ്ങൾ കൂടിവരികയാണ്. ആരോഗ്യകരമായ ജീവിത െെശലി കുട്ടികൾ പഠിക്കേണ്ടത് കുടുംബത്തിൽ നിന്നാണ്. ഭക്ഷണം, ഉറക്കം, വിശ്രമം, വ്യായാമം–ഇതിലൊക്കെ ആരോഗ്യകരമായ ശീലങ്ങൾക്ക് മാതൃകയാകാൻ രക്ഷിതാക്കൾക്ക് കഴിയേണ്ടതുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. പി. കൃഷ്ണകുമാർ

ഡയറക്ടർ,ഇംഹാൻസ്
കോഴിക്കോട്

krikurp@ gmail.com

read more
Parenting

അച്ഛൻ പേപ്പർ വായിക്കുന്നു, അമ്മ അടുക്കളയിൽ പണിയെടുക്കുന്നു: തെറ്റായ ജെൻഡര്‍ റോളുകൾ നമ്മുടെ മക്കളേയും സ്വാധീനിക്കും

ഞാനെങ്ങനെയുണ്ടായി എന്നു മകനോ മകളോ ചോദിച്ചാൽ വിളറിപ്പോകുന്ന മാതാപിതാക്കളുടെ കാലം ഏതാണ്ട് അവസാനിച്ച മട്ടാണ്. മുതിര്‍ന്നു വിവാഹം കഴിഞ്ഞ്, ഭാര്യയും ഭര്‍ത്താവും ഇണ േചരുന്നതിലൂെടയാണ് അടുത്ത തലമുറയുണ്ടാകുന്നതെന്നും ഇതു വളരെ സ്വാഭാവികമായ കാര്യമാണെന്നും നീയുണ്ടായതും അതുപോലെ തന്നെയാണെന്നും കാര്യഗൗരവത്തോടു കൂടി പറഞ്ഞു കൊടുക്കുന്നവരാണ് പുതുതലമുറയിലെ മിക്ക മാതാപിതാക്കളും.

എന്നിരുന്നാലും കുട്ടികൾക്ക് സെക്സ് എജ്യൂക്കേഷൻ അഥവാ ലൈംഗിക വിദ്യാഭ്യാസം നൽകുമ്പോൾ മാതാപിതാക്കൾ വരുത്തുന്ന ചില തെറ്റുകൾ ഉണ്ട്. അറിഞ്ഞും അറിയാതെയും സംഭവിക്കുന്നത്. അത്തരം തെറ്റുകൾ തിരിച്ചറിഞ്ഞ് അവ കൂടി തിരുത്തി നമുക്കു മുന്നോട്ടു പോകാം.

ലൈംഗിക അവയവങ്ങളെ കുറിച്ച് പരാമര്‍ശിക്കുമ്പോൾ യഥാർഥ പേരുകൾ തന്നെ പറയാം.

മിക്ക മാതാപിതാക്കളും വരുത്തുന്ന അബദ്ധമാണിത്. കുട്ടികളോടു സംസാരിക്കുമ്പോള്‍ ലൈംഗിക അവയവങ്ങളെ മറ്റ് ചെല്ലപ്പേരുകളിലൂടെയോ മുറിവാക്കുകളിലൂടെയോ പരിചയപ്പെടുത്തുക എന്നത്. ഇത് കുട്ടികളിൽ തെറ്റിധാരണ ഉണ്ടാക്കും. െചല്ലപ്പേരു പറയുമ്പോള്‍ ആ േപരിലുള്ള വസ്തുവിനെക്കുറിച്ചാണോ െെലംഗികാവയവത്തെക്കുറിച്ചാണോ പരാമര്‍ശിക്കുന്നത് എന്നു മനസ്സിലാകാതെയുള്ള കണ്‍ഫ്യൂഷന്‍.

കുറച്ചു കൂടി മുതിര്‍ന്നു കഴിയുമ്പോൾ പറഞ്ഞതിനൊക്കെ ദ്വയാർഥങ്ങളുണ്ടോ എന്നൊക്കെയുള്ള പരിഭ്രാന്തി വരാം. ഇതെല്ലാം ഒഴിവാക്കാന്‍ തുടക്കം മുതലേ ലൈംഗിക അവയവങ്ങളെ അതതു പേരിൽ തന്നെ പരിചയപ്പെടുത്തുക. അതിൽ ഒരു നാണക്കേടും വിചാരിക്കേണ്ടതില്ല.

കണ്ണും കയ്യും മൂക്കൂം ചുണ്ടും ഉള്‍പ്പെടെ മറ്റേതൊരു അവയവത്തെപ്പറ്റി പറഞ്ഞു കൊടുക്കും പോലെ തന്നെ വേണം ഇതും പറയാൻ. ചമ്മലോ നാണമോ ഒന്നും കലർത്താതിരിക്കാൻ ശ്രമിക്കുക. ഇംഗ്ലിഷിലായാലും മലയാളത്തിലായാലും യഥാർഥ വാക്ക് തന്നെ ഉപയോഗിക്കുക. ഉദാഹരണത്തിന് ‘വജൈന’ എന്നല്ല ‘വൾവ’ എന്നാണ് സ്ത്രീയുടെ ലൈംഗീകാവയവത്തിന്റെ പേര്. മുതിർന്നവർ പോലും ഈ തെറ്റ് വരുത്താറുണ്ട്. വള്‍വ, പീനസ് എന്നു കുട്ടികള്‍ക്കു പറഞ്ഞു െകാടുക്കാം.

മലയാളത്തിലാണെങ്കില്‍ യോനി, ലിംഗം എന്നു തന്നെ പറയുക. പലപ്പോഴും ലൈംഗീകാവയവങ്ങളുടെ ചില പേരുകൾ അസഭ്യം എന്ന രീതിയില്‍ ചില ആളുകള്‍ പ്രയോഗിക്കാറുണ്ട്. അത്തരം പദപ്രയോഗങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കണം.പ്രൈവറ്റ് പാർ‌ട്ട് എന്നു മാത്രം എപ്പോഴും പറയുന്നതും ഒഴിവാക്കാം. കാര്യങ്ങൾ ശരിയായ അർഥത്തിൽ കുട്ടി മനസ്സിലാക്കുക എന്നത് പ്രധാനമാണ്.

വേണം, അതിർവരമ്പുകൾ

വീട്ടിലൊരു അതിഥി വന്നെന്നിരിക്കട്ടേ അ വരുടെ കയ്യിലൊരു കുഞ്ഞുവാവയുണ്ടെന്നും കരുതുക. ഉടനെ തന്നെ ആ കുഞ്ഞിനെ എടുത്ത് കളിപ്പിക്കുകയും കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയും ചെയ്യുന്നു… മിക്കാവാറും ഇടങ്ങളിൽ നടക്കുന്ന ‘സാധാരണ’ കാര്യം അല്ലേ? എന്നാൽ ഇത് നിങ്ങളുടെ കുട്ടിക്ക് കൊടുക്കുന്ന സന്ദേശം എന്താണ്? അനുവാദമില്ലാതെ ആർക്കും എന്തും ചെയ്യാം എന്നൊരു ചിന്ത കുട്ടിയിൽ വളരുന്നു.

അതുപോലെ നമ്മൾ നമ്മുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പമിരിക്കുമ്പോൾ ഒരാളോട് ‘ഓ, നീ മെലിഞ്ഞ് തൊലിഞ്ഞ് വല്ലാണ്ടായല്ലോ? വണ്ണം വച്ചങ്ങ് വീർത്തു പോയല്ലോ?’ എന്നൊക്കെ പറയുന്നത് കുട്ടി കേൾക്കുന്നുണ്ട്.

ബോഡി ഷെയ്മിങ് പോലുള്ള കാര്യങ്ങൾ മറ്റുള്ള വരുടെ അതിരുകൾ ഭേദിച്ച് നമുക്കും ചെയ്യാം എന്ന് കുട്ടി എവിടെയോ പഠിച്ചു വയ്ക്കുന്നു. ഇത്തരം കാര്യങ്ങളൊക്കെ മാതാപിതാക്കൾ തന്നെ ഒഴിവാക്കുക.

ലൈംഗികവിദ്യാഭ്യാസം തുടങ്ങുന്നത് കുട്ടികളില്‍ നിന്നല്ല, മറിച്ച് നമ്മളിൽ നിന്നു തന്നെയാണ്. അതു പോലെ വീട്ടിൽ ആളുകൾ വരുമ്പോൾ അങ്കിളിനൊരു ‘ഷേക് ഹാൻഡ് കൊടുത്തേ, എല്ലാവർക്കും വേണ്ടി പാട്ട് പാടിക്കേ…’ എന്നൊക്കെ കുട്ടിയോട് ചോദിക്കുന്നത് തെറ്റാണ്. അവരുടെ അനുവാദം ചോദിച്ചിട്ട് മാത്രമേ എന്തും ചെയ്യാവൂ. കുട്ടിയെ മറ്റൊരു വ്യക്തിയായി തന്നെ കാണണം. ആ വ്യക്തിയുടെ അതിർവരമ്പുകളെ എപ്പോഴും മാനിക്കുകയും വേണം. എന്നാലേ ഈ കുട്ടി നാളെ അനുവാദമില്ലാതെ മറ്റൊരു കുട്ടിയെ കെട്ടിപ്പിടിക്കുകയോ ഉമ്മ വയ്ക്കുകയോ ചെയ്യാതിരിക്കൂ. അമ്മ/അച്ഛൻ പോലും പെർമിഷൻ ചോദിച്ചിട്ടേ കുഞ്ഞുങ്ങളെ എടുക്കൂ എന്നൊക്കെ കണ്ടു വളരുന്ന കുട്ടികൾ അ വരുടെ ജീവിതത്തിലെ അതിർവരമ്പുകളും അത്രയും ഉറപ്പുള്ളതാക്കി വയ്ക്കും.

സ്വന്തം കുട്ടിയുടെ കാര്യത്തിൽ എല്ലാ കെട്ടിപ്പിടുത്തങ്ങളും ചോദിച്ചിട്ട് ചെയ്യാൻ പറ്റിയെന്ന് വരില്ല. എന്നാലും ഓർക്കുമ്പോഴൊക്കെ ചോദിക്കണം. ‘ഞാനൊന്ന് ഹഗ് ചെയ്യട്ടേ, കിസ് ചെയ്യട്ടേ’ എന്നൊക്കെ. ഏറ്റവും പ്രധാന കാര്യം കുട്ടി ‘നോ’ എന്നു പറഞ്ഞാൽ പിന്നെ, അങ്ങനെ ചെയ്യാതിരിക്കാൻ ശ്രമിക്കണം എന്നതാണ്.

അപരിചിതരെ മാത്രമല്ല പേടിക്കേണ്ടത് എന്ന പറയാം

കുട്ടികൾക്കെതിരെയുള്ള അക്രമണങ്ങളിൽ 97ശതമാനം നടക്കുന്നതും വളരെയടുത്ത ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമൊക്കെയാണ്. അതുകൊണ്ട് അപരിചിതർ എന്നല്ല ആര് നിങ്ങളെ എന്തു തരത്തിൽ ബുദ്ധിമുട്ടിച്ചാലും അത് അച്ഛനോടും അമ്മയോടും പറയണം എന്നു വേണം പറഞ്ഞു കൊടുക്കാൻ.

വീട്ടുകാരോ സുഹൃത്തുക്കളോ ഇഷ്ടമല്ലാത്ത കാര്യങ്ങൾ ചെയ്താൽ ‘അവരങ്ങിനെ ചെയ്യില്ല, തോന്നൽ മാത്രമാകും’ എന്നോർത്ത് മൂടി വയ്ക്കരുതെന്ന് കുട്ടിയോട് പ്രത്യേകം പറയുക.

കൺസെന്റ് എജ്യൂക്കേഷൻ കൃത്യമായി ചെയ്യുക

ലൈംഗിക വിദ്യാഭ്യാസത്തിലെ പ്രധാന വിഭാഗം തന്നെയാണ് കൺസെന്റ് എജ്യൂക്കേഷൻ. അതിൽ നമ്മൾ കുട്ടിയോട് പറയുന്നത് ‘നീയാ ണ് നിന്റെ ശരീരത്തിന്റെ ഉടമ. അതുകൊണ്ട് ത ന്നെ മോശമായ സ്പർശമോ പെരുമാറ്റമോ ഉണ്ടായാൽ ‘നോ’ പറയാൻ നീ ഭയക്കേണ്ടതില്ല’ എന്നാണ്.

എന്നാൽ ആറു മാസത്തിൽ കുഞ്ഞിന് ചോറു കൊടുക്കുന്നതു മുതൽ ഈ കൺസെന്റ് എജ്യൂക്കേഷൻ ആരംഭിക്കുന്നു എന്ന് പലരും മറക്കുന്നു. കുട്ടി കഴിച്ചു കഴിഞ്ഞ് വേണ്ട/മതി എന്നൊക്കെ പറയുമ്പോൾ നമ്മള്‍ അതിനെ ബ ഹുമാനിക്കുന്നുണ്ടോ എന്നത് പ്രധാനമാണ്. കുട്ടി ‘മതി’ എന്നു പറഞ്ഞിട്ടും പേടിപ്പിച്ച് കഴിപ്പിക്കുകയോ മറ്റു കാര്യങ്ങൾ കാണിച്ച് പറ്റിച്ച് കഴിപ്പിക്കുകയോ ഒക്കെ ചെയ്യുമ്പോൾ കുട്ടികളെ മാനിപ്പുലേറ്റഡ് ആക്കുന്നതും നമ്മൾ തന്നെ പഠിപ്പിക്കുന്നു. കുട്ടിയുടെ ‘നോ’ മാതാപിതാക്കൾ ബഹുമാനിക്കുന്നില്ലെങ്കിൽ. ‘എന്റെ എതിർപ്പിന് ഒരു വിലയുമില്ല’ എന്ന് കുട്ടി വിചാരിക്കും. ഇത്തരം കാര്യങ്ങൾ മാതാപിതാക്കളും ശ്രദ്ധിക്കണം.

എത്ര കഴിച്ചു, വയർ നിറഞ്ഞോ എന്നതൊക്കെ കുട്ടിയുടെ ശരീരം കുട്ടിയോട് പറയുന്ന കാര്യങ്ങളാണ്. നമ്മൾ അത് മനസ്സിലാക്കുന്നതിനു പകരം ‘ഹേയ്, ഈ പ്രായത്തി ൽ ഇത്രയൊന്നും കഴിച്ചാൽ പോരാ. കുറച്ചൂടെ കഴിക്കാൻ പറ്റും എന്ന് സ്നേഹത്തോടെ പറഞ്ഞാലും ദേഷ്യത്തോടെ പറഞ്ഞാലും അത് കുട്ടിയുടെ നോ’യ്ക്ക് എതിരാണ്.

കുട്ടിയുടെ വിശപ്പ് കൂടി പരിഗണിച്ച് വേണം ഭക്ഷണം കൊടുക്കാൻ. അല്ലാതെ മാതാപിതാക്കൾ നിശ്ചയിക്കുന്ന അളവുകൾ പ്രകാരമല്ല. ഭക്ഷണക്കാര്യത്തിൽ ആയാൽ പോലും കുട്ടിയുടെ ‘നോ’ നിങ്ങൾ ബഹുമാനിക്കുക, അപ്പോൾ മാത്രമേ നിങ്ങളുടെ ‘നോ’ കുട്ടിയും ബഹുമാനിക്കൂ. പല മുതിർന്നവരും അപകടകരമായ അവസ്ഥകളിൽ പോലും ‘നോ’ പറയാൻ പറ്റാതെ കുഴങ്ങുന്നതിന് കാരണം ചെറുപ്പത്തിൽ നേരിട്ട സാഹചര്യങ്ങളാകാം.

അഞ്ച്–ആറ് വയസ്സിലാണ് സെക്സ് എജ്യൂക്കേഷൻ തുടങ്ങേണ്ടത് എന്നു വിചാരിക്കുന്നവർ ഓർക്കുക, ഇക്കാലയളവിനുള്ളിൽ തന്നെ കുട്ടി നമ്മളിൽ നിന്നും ചുറ്റുപാടിൽ നിന്നുമൊക്കെ പല കാര്യങ്ങളും പഠിച്ചെടുക്കുന്നുണ്ട്.

ഇമോഷൻസ് അടക്കി വയ്ക്കാൻ പഠിപ്പിക്കരുത്

ഏഴുവയസ്സു വരെ കുട്ടിയുടെ വളർച്ചാ കാലഘട്ടത്തിലെ നിർണായക കാലഘട്ടമാണ്. തലച്ചോറിന്റെ വൈകാരിക കേന്ദ്രമായ ലിംബിക് സിസ്റ്റം രൂപപ്പെടുന്ന സമയം. ഈ കാലഘട്ടത്തിൽ കുട്ടികൾ ധാരാളം വൈകാരിക പ്രകടനങ്ങളും വാശികളും ആവശ്യമില്ലാത്ത കരച്ചിലും (അവർക്ക് ആവശ്യ മാണ് താനും) ഒക്കെ കാണിക്കാറുണ്ട്.

പല മാതാപിതാക്കളും കുട്ടി കരയുന്നതിനോട് പൊരുത്തപ്പെടാൻ പറ്റാത്തവരാണ്. മിക്കവാറും തന്നെ ആളുകൾ ‘മിണ്ടാതിരിക്ക്, കരയാതിരിക്ക്, ആയ്യോ കരയാൻ പാടില്ല’ എന്നൊക്കെ പറഞ്ഞ് കരച്ചിൽ അടക്കി വയ്ക്കാനാണ് പഠിപ്പിക്കുന്നത്. കരച്ചിൽ പ്രോത്സാഹിപ്പിക്കുക തന്നെ വേണം. എന്നാലേ മുതിരുമ്പോൾ വികാരങ്ങൾ വേണ്ടവിധത്തിൽ പ്രകടിപ്പിക്കാൻ അവർക്ക് കഴിയൂ. ഇമോഷൻസും സെക്സ് എജ്യൂക്കേഷനിൽ ഉൾപ്പെടുന്നു എന്നു പോലും പലരും മനസ്സിലാക്കാറില്ല.

വീട്ടിൽ അച്ഛനും അമ്മയും കുട്ടിയുമുണ്ട്. അച്ഛൻ പേപ്പർ വായിക്കുന്നു, ഫോൺ നോക്കുന്നു. അമ്മ മാത്രം എപ്പോഴും അടുക്കളയിൽ പണിയെടുക്കുന്നു. ഇത്തരം തെറ്റായ ജെൻഡർ റോളുകൾ കണ്ട് വളരുന്ന കുട്ടിയെയും സ്വാധീനിക്കും.

സംഭാഷണങ്ങൾക്കിടയിൽ ‘ഓ, അതിപ്പോ പെണ്ണുങ്ങൾ നോക്കുന്ന പോലാകുമോ ആണുങ്ങൾ നോക്കിയാൽ?’ എ ന്നൊക്കെ പറയുന്നത് പോലും കുട്ടിയുടെ ഉള്ളിൽ ജെൻഡർ സ്റ്റീരിയോടൈപ്പിങ് നടക്കുന്നുണ്ട്. അതുപോലെ ‘നീ എന്തിനാ ഷോട്ട്സ് ഇടുന്നേ? അത് ചേട്ടനിട്ടാൽ മതി, ആൺകുട്ടികൾ എന്തിനാ പിങ്ക് ഇടുന്നേ നെയിൽ പോളിഷ് ഇടുന്നേ?’ എന്നിങ്ങനെയുള്ള കാര്യങ്ങൾ പറയുമ്പോഴും ശ്രദ്ധിക്കണം. കുട്ടികൾക്ക് ആണ്, പെണ്ണ് എന്നുള്ള വേർതിരിവുകൾ ഇല്ല, അവർക്കിഷ്ടമുള്ളത് അവർ ചെയ്ത് നോക്കുന്നു. അത് അവരുടെ ഇഷ്ടത്തിന് വിടുക.

തുടർച്ചയായി ഏഴ്, എട്ട്, ഒൻപത് വയസ്സിലൊക്കെ എ തിർ ലിംഗത്തിലേ പോലെ ആകാൻ നോക്കുന്നു എങ്കിൽ മാത്രമാണ് ജെ‍ൻഡർ കൺഫ്യൂഷൻ കുട്ടിക്കുണ്ടോ എന്ന് നോക്കി അതനുസരിച്ചു സപ്പോർട്ട് നൽകേണ്ടത്.

ഗുഡ് ടച്, ബാഡ് ടച് ഇനി വേണ്ട

‘ഗുഡ് ടച്, ബാഡ് ടച്’ എന്ന് പഠിപ്പിക്കുന്നതിന് പകരം സെയ്ഫ് ആൻഡ് അൺസേഫ് അപ്രോച്ച്/ ബിഹേവിയർ എന്നതാണ് ഇ പ്പോൾ പഠിപ്പിക്കുന്നത്. കാരണം തൊടുന്നത് വരെ കുഴപ്പമില്ല, തൊട്ടാൽ മാത്രമേ ഗുഡ് ടച്, ബാഡ് ടച് എന്ന് പറയാവൂ എന്ന് കുട്ടി വിചാരിക്കും.

കുട്ടികളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നവർ ആദ്യമേ കുട്ടിയെ തൊട്ടെന്നിരിക്കില്ല. മറ്റു പല വർത്തമാനങ്ങൾ, നഗ്നത പ്രദർശിപ്പിക്കൽ, ചില വിഡിയോസ് കാണി ക്കൽ തുടങ്ങിയ കാര്യങ്ങളിലൂടെയാകാം വല വിരിക്കാൻ ശ്രമിക്കുന്നത്. ഇതൊക്കെ ചിലപ്പോൾ ഒരു വർഷത്തോളം നീളും. എന്നിട്ടാകാം കുട്ടിയെ തൊടുന്നത്. ആ ഒരു വർഷം കുട്ടി മിണ്ടാതിരുന്നിട്ട് തൊട്ട് കഴിയുമ്പോ ൾ മാത്രം പറഞ്ഞാലും അക്കാലമത്രയും കൊണ്ട് കുട്ടിക്കുണ്ടായ മാനസിക വേദന മാറ്റാൻ വിഷമമാകും. ചിലപ്പോൾ ഇപ്പറയുന്ന വ്യക്തി കുട്ടിയുമായി ഉണ്ടാക്കിയെടുത്ത അടുപ്പം കാരണം കുട്ടി എന്തും സഹിക്കുന്ന അവസ്ഥയിലേക്കും എത്തിക്കാണും.

ഒരാളുടെ പെരുമാറ്റത്തിൽ എന്തെങ്കിലും അസ്വാഭാവികത തോന്നുന്നുണ്ടെങ്കിൽ ഉടൻ അതൃപ്തി അറിയിക്കുക/അല്ലെങ്കിൽ മാതാപിതാക്കളോട് പറയുക എന്നാണ് കുട്ടിയോട് പറയേണ്ടത്.

സഹജവാസന കൊണ്ട് കുട്ടിയുടെ ഉള്ളിൽ ഉണ്ടാകുന്ന വിലയിരുത്തലിന് പ്രാധാന്യം നൽകണം. ‘ഒരാൾ മോശമായി പെരുമാറുന്നു എന്ന് തോന്നിയാൽ ഉടനെ അവരുടെയടുത്ത് നിന്ന് മാറുക, അവരോട് മിണ്ടേണ്ട, എന്നോട് വന്ന് പറയൂ…’ എന്നൊക്കെ കുട്ടിയോട് പറയാം. മോശമായ പെരുമാറ്റം ഉണ്ടായാൽ പ്രതികരിക്കു ക തന്നെ വേണമെന്ന് കുട്ടിക്ക് പറഞ്ഞുകൊടുക്കാം. ഇ ത്തരം പരാതികൾ കുട്ടികൾ പറയുമ്പോൾ അവഗണിക്കരുത്. വേണ്ട ശ്രദ്ധ കൊടുക്കണം.

ആൺകുട്ടികൾക്ക് സെക്സ് എജ്യൂക്കേഷൻ

പെൺകുട്ടികളാണ് ലൈംഗിക അതിക്രമങ്ങ ൾക്ക് ഇരയാകുന്നത് എന്നൊരു പൊതുധാരണയിൽ പലരും പെൺകുട്ടികൾക്ക് സെക്സ് എജ്യൂക്കേഷനിൽ കൊടുക്കുന്നത്ര ശ്രദ്ധ ആ ൺകുട്ടികൾക്ക് കൊടുക്കാറില്ല. അത് തെറ്റാണ്. മിനിസ്ട്രി ഓഫ് വിമൻ ആന്‍ഡ് ചൈൽഡ് വെൽഫെയറിന്റെ കണക്കനുസരിച്ച് ആൺകുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ സംബന്ധിച്ചുള്ള കേസുകൾ വളരെ കൂടുതലാണ്. അതുകൊണ്ട് ജാഗ്രതയുടെ കാര്യത്തിൽ ലിംഗവിവേചനം വേണ്ട.

ആൺകുട്ടികളെ കളിക്കാൻ വിടുമ്പോൾ പോലും ‘അവൻ ആരുടെയെങ്കിലും കൂടെപ്പോയി കളിക്കട്ടെന്നേ’ എന്നൊരു മട്ടുണ്ട്. അതു വേണ്ട. പെൺകുട്ടിയുടെ കാര്യത്തിൽ എടുക്കുന്ന അതേ ശ്രദ്ധ ആൺകുട്ടിയുടെയും കാര്യത്തിൽ കാണിക്കണം. ആരോടൊപ്പമാണ് കുട്ടികൾ കളിക്കുന്നതെന്ന് അറിഞ്ഞു വയ്ക്കണം. എന്തും തുറന്ന് പറയാനും കരയാനുമുള്ള സ്വാതന്ത്ര്യം ആണിനും പെണ്ണിനും ഒരേ പോലെ നൽകി മക്കളെ വളർത്തുക.

ലൈംഗികത മറച്ചു വയ്ക്കേണ്ടതല്ല

സെക്സ് എജ്യൂക്കേഷൻ എന്നാൽ ലൈംഗികാതിക്രമങ്ങൾ തടയാൻ വേണ്ടി മാത്രമുള്ളതാണെന്നൊരു തെറ്റിധാരണയുണ്ട്. വ്യത്യാസങ്ങൾ മനസ്സിലാക്കി എല്ലാവരേയും തുല്യരായി കാണാനും പൊതുവേ ജാഗ്രതയോടെ ഇരിക്കാനും ഒക്കെയുള്ളതാണ് ലൈംഗിക വിദ്യാഭ്യാസം. സെക്സ് എന്താണെന്ന അറിവ് ഇല്ലാത്ത കുട്ടിക്ക് ലൈംഗികാതിക്രമം എന്താണെന്നും മനസ്സിലാകില്ല. ഗർഭധാരണം പോലുള്ള കാര്യങ്ങളെ കുറിച്ച് സത്യസന്ധമായി പറഞ്ഞ് മനസ്സിലാക്കാൻ മാതാപിതാക്കൾ പഠിക്കണം.

‘നീ കുട്ടിയല്ലേ, അതറിയേണ്ട’ എന്നൊക്കെ പറഞ്ഞ് കളിയാക്കുകയോ മാറ്റി നിർത്തുകയോ ദേഷ്യപ്പെടുകയോ ചെയ്യരുത്. കാരണം കുട്ടി തന്നെയാണ് ആ ചോദ്യം ചോദിക്കുന്നത്, അപ്പോൾ ‘പ്രായമായില്ല’ എന്നുള്ള ന്യായീകരണമല്ല അതിന്റെ ഉത്തരം.

നമ്മൾ ഉത്തരം പറഞ്ഞില്ലെങ്കിൽ കുട്ടി അത് മറ്റ് വഴികളിലൂടെ കണ്ടുപിടിക്കാൻ ശ്രമിക്കുമെന്നോർക്കാം. ഇത് തെറ്റിധാരണകളും അപകടങ്ങളുമുണ്ടാക്കാം. കുട്ടിക്ക് എന്ത് ആവശ്യമുണ്ടെങ്കിലും നിങ്ങളോട് ചോദിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന വിശ്വാസം അത്യാവശ്യമാണ്.

ശരീരത്തെ അപമാനിക്കരുത്

ശരീരത്തെ അപമാനിക്കുന്ന തരത്തിലുള്ള സംസാരങ്ങൾ വീട്ടിൽ ഉണ്ടാകാതിരിക്കാൻ നോക്കുക. ശരീര ഭാഗങ്ങൾ കാണിച്ച് ‘ഷെയിം ഷെയിം’ എന്നൊന്നും പ റയാതിരിക്കുക. ശരീരത്തെ ഒരിക്കലും മോശമായി ചിത്രീകരിക്കരുത്.

നഗ്നത തെറ്റല്ലെന്നും എന്നാൽ എവിടെയൊക്കെ നഗ്നതയാകാം, എവിടെ ആകരുത് എന്നുമാണ് പഠിപ്പിച്ചുകൊടുക്കേണ്ടത്. സ്വകാര്യത, സ്വകാര്യ ഇടങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കുക. കുളിമുറിയും കിടപ്പറയുമാണ് സ്വകാര്യ ഇടങ്ങൾ എന്നൊക്കെ കുട്ടിയോട് പറയാം.

ഇതൊന്നും പറയാത്ത കുട്ടി ലിവിങ് റൂമിലും തുണിയുടുക്കാതെ വന്നേക്കാം. അപ്പോൾ പോലും കളിയാക്കരുത്. പകരം കാര്യങ്ങൾ മനസ്സിലാക്കുക. മറിച്ച് നിങ്ങൾ ശരീരത്തിൽ നോക്കി പരിഹസിച്ചാൽ കുട്ടി സ്വന്തം ശരീരത്തോട് മതിപ്പില്ലാത്ത അവസ്ഥയിലെത്തിയേക്കാം.

വളർന്നു കഴിഞ്ഞ് സ്വന്തം പങ്കാളിക്ക് മുന്നിൽ പോലും അപകർഷത കാരണം ശരീരം വെളിച്ചത്തിൽ കാണിക്കാൻ പറ്റാത്ത ധാരാളം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ശരിയായ ലൈംഗിക വിദ്യാഭ്യാസം ചെറുപ്പത്തിലേ നൽകണം.

വിവരങ്ങള്‍ക്ക് കടപ്പാട്:

സ്വാതി ജഗ്തീഷ്,

(മായാസ് അമ്മ– ഇൻസ്റ്റഗ്രാം) ലാക്റ്റേഷൻ കൗൺസലർ, സെക്സ് എജ്യൂക്കേറ്റർ

read more