close

പ്രണയത്തിന്റെ പൂർണ്ണത ഒരിക്കലും ലൈംഗികതയിൽ അല്ല. പക്ഷെ വിശപ്പും ദാഹവും പോലെ മനുഷ്യന്റെ അടിസ്ഥാന വികാരം തന്നെയാണ് ലൈംഗിക തൃഷ്ണയും. രതിമൂർച്ഛ ഒരിക്കൽ പോലും അനുഭവിക്കാത്ത സ്ത്രീകൾ ഈ നാട്ടിൽ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? സ്വന്തം ലൈംഗികതയും താത്പര്യങ്ങളും കണ്ടെത്തുന്നതിന് മുൻപേ, അതിന് തക്ക ലോകപരിചയം സിദ്ധിക്കുന്നതിന് മുൻപേ വിവാഹക്കമ്പോളത്തിൽ കാഴ്ചയ്ക്കായി വയ്ക്കാൻ വിധിക്കപ്പെട്ട സ്ത്രീകൾ നിറയെ ഉള്ള നാടാണ് കേരളം.

വിവാഹത്തിന് ശേഷമുള്ള ‘അച്ചടക്കമുള്ള പ്രണയം’ ആസ്വദിക്കുന്നതിന് മുൻപേ ഗർഭധാരണം. ശരീരത്തിനും മനസ്സിനും സംഭവിക്കുന്ന മാറ്റങ്ങൾ ഉൾകൊള്ളാൻ കഴിയാതെ നിരാശയിൽ ആഴുന്ന സ്ത്രീകൾ വരെ ധാരാളമാണ്. ഈ സമയത്ത് തന്റെ ജീവിത പങ്കാളിയുടെ പിന്തുണയും ഇല്ലെങ്കിലോ? പ്രസവത്തിന് മുൻപും ശേഷവും ഉള്ള ദാമ്പത്യ ജീവിതത്തെ കുറിച്ചാണ് ഇനി പറയാനുള്ളത്.

25 വയസ്സ്‌കാരിയായ, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരമ്മയുടെ തുറന്നു പറച്ചിൽ ഇങ്ങനെയാണ്…. “വിവാഹത്തിന് ശേഷം എനിക്ക് ഭർത്താവ് എന്ന മനുഷ്യനോട് മാനസികമായി ഒരു അടുപ്പം രൂപപ്പെടാൻ മാസങ്ങൾ എടുത്തു. വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം ആയിരുന്നു. പരസ്പരം മനസ്സിലാക്കി പ്രണയിച്ച് വന്നപ്പോഴേക്ക് ഞാൻ ഗർഭിണിയായി. അത്ര നാൾ ലൈംഗിക ബന്ധം എന്ന് കേൾക്കുമ്പോൾ എനിക്ക് തല പെരുക്കുമായിരുന്നു. കടുത്ത വേദന തന്നെയായിരുന്നു.

പെനിട്രേറ്റ് ചെയ്യുന്നു – എന്ന കാര്യം ആലോചിക്കുമ്പോൾ തന്നെ എനിക്ക് ഭയമാകും. അതിനൊപ്പം ഭർത്താവിന്റെ ആസക്തിയോടെ ഉള്ള ധൃതിയും. പ്രസവകാലത്തും ഇതേ രീതി തുടർന്നിരുന്നു. ഈ പ്രക്രിയയാണോ ആളുകൾ പുകഴ്ത്തുന്ന ലൈംഗിക സുഖം?! എന്ന് ഞാൻ സത്യമായും അമ്പരന്നിരുന്നു. ഗർഭകാലത്താണ് ഞാനും ഭർത്താവും തമ്മിൽ മാനസികമായി ഒരു ഇഴയടുപ്പം രൂപപ്പെട്ടത്.

ഞങ്ങൾ തമ്മിൽ കടുത്ത പ്രണയത്തിൽ ആയിക്കഴിഞ്ഞിരുന്നു. അതിസുന്ദരമായ ദിനങ്ങൾ ആയിരുന്നു അത്. എന്നാൽ കുഞ്ഞ് ജനിച്ചതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ഒൻപതാം മാസം മുതൽ എന്റെ കഴുത്തിന് ചുറ്റും കൺതടങ്ങളിലും മറ്റും കറുത്ത അടയാളങ്ങൾ വരാൻ തുടങ്ങിയിരുന്നു. ശരീരം അമിതമായി തടിച്ചു. മുടിയെല്ലാം കൊഴിഞ്ഞുപോയി.

കുഞ്ഞ് പിറന്ന് ആദ്യത്തെ ഏതാനും ആഴ്ചകൾ ഞാൻ അകാരണമായി വിതുമ്പി കരയുകയായിരുന്നു. ഭർത്താവ് ആഴ്ചയിൽ ഒരിക്കൽ മാത്രമേ എന്റെ വീട്ടിൽ വന്നിരുന്നുള്ളൂ. അദ്ദേഹം ഇപ്പോഴും കൂടെ വേണം എന്ന് തോന്നുന്നത് ഒരു അതിമോഹം ആണെന്ന് സ്വയം പറഞ്ഞ് പഠിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ അദ്ദേഹം വന്നാലും ഞാൻ കിടക്കുന്ന മുറിയിലേക്ക് വരുന്നത് അപൂർവം മാത്രം.

കുഞ്ഞിനെ കാണാൻ തിരക്ക് പിടിച്ച്, കുഞ്ഞിന്റെ പേര് വിളിച്ചുകൊണ്ടാണ് വരവ് തന്നെ. രാത്രിയായാൽ ‘കുഞ്ഞ് കരഞ്ഞാൽ അവന്റെ ഉറക്കം പോകും’ എന്ന് പറഞ്ഞ് എന്റെ അമ്മ അദ്ദേഹത്തിന് മറ്റൊരു മുറിയിൽ കിടക്കാൻ സംവിധാനം ചെയ്തു. കുഞ്ഞിനെ കുറിച്ചല്ലാതെ എന്നോട് സംസാരിക്കാതെയായി. കുഞ്ഞിന്റെ സുഖവിവരം മാത്രം തിരക്കിക്കൊണ്ടിരുന്നു. എന്റെ നിർത്താതെയുള്ള പരിഭവം പറച്ചിലും വഴക്കും കേട്ട് സഹികെട്ട് അദ്ദേഹത്തിന് എന്നോട് ഉണ്ടായിരുന്ന അടുപ്പവും നഷ്ടപ്പെടുന്നതായി തോന്നി. തൊണ്ണൂറ് കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിൽ തിരിച്ചെത്തിയതോടെയാണ് എന്റെ മനസ്സും പരിതഃസ്ഥിതിയും പഴയപോലെ ആകാൻ തുടങ്ങിയത്. എന്നാൽ പ്രശ്നങ്ങൾ അവിടം കൊണ്ടും കഴിഞ്ഞില്ല.

സ്വാഭാവിക പ്രസവം ആയിരുന്നു. പ്രസവ ശേഷം എനിക്ക് തീക്ഷ്ണമായ ലൈംഗിക തൃഷ്ണ രൂപപ്പെട്ട് വന്നു. അത്ര സുഖകരമായ ഒരു അനുഭൂതിയായി ലൈംഗികത മാറി. അപൂർവമായി രതിമൂർച്ഛയും സംഭവിച്ചു. പക്ഷെ ഭർത്താവിന് പഴയ പോലെ എന്റെ ശരീരത്തോട് ആകർഷണമില്ല എന്ന് ഞാൻ മനസ്സിലാക്കി തുടങ്ങിയത് വളരെ വൈകിയാണ്. കാരണം അദ്ദേഹം ആസ്വദിച്ചിരുന്ന ഒതുങ്ങിയ അരക്കെട്ടും ഉയർന്ന സ്തനങ്ങളും ഇടതൂർന്ന മുടിയും ഒന്നും ഇന്നില്ല.

അമിതവണ്ണമുള്ള ഒരു മാംസപിണ്ഡം! ഉറക്കമില്ലാതെ കറുത്ത കൺതടങ്ങൾ.. ദേഹം ആസകലം കറുത്ത പാട്.. മനസ്സ് കൈവിട്ട് പോയ നാളുകളാണ് അത്. അടുത്തടുത്ത ദിവസങ്ങളിൽ ആവർത്തിച്ച് ലൈംഗികത ആവശ്യപ്പെടുമ്പോൾ അദ്ദേഹത്തിന് എന്നോട് കാമമല്ല വെറുപ്പാണ് തോന്നി തുടങ്ങിയത്. ലൈംഗികത മോഹിക്കുന്ന സ്ത്രീകൾ സ്വഭാവദൂഷ്യം ഉള്ളവരും അതേ സ്വഭാവമുള്ള ആണുങ്ങൾ പുരുഷത്വത്തിന്റെ നിറകുടങ്ങളും ആണല്ലോ..

പിന്നെ യാന്ത്രികമാണ് ജീവിതം. വല്ലപ്പോഴും വഴിപാട് പോലെ കാമം തീർക്കും. എനിക്കും തൃപ്തിയില്ല; അദ്ദേഹത്തിനും ഇല്ല. പിന്നെ കുടുംബം ആണല്ലോ വലുത്. കുഞ്ഞിന്റെ ജീവിതം ആണല്ലോ വിലപ്പെട്ടത്. ഞാൻ ഇനിയും പ്രസവിക്കും. ഇനി പഴയ എന്നിലേക്ക് ഒരു തിരിച്ച് പോക്ക് സാധ്യമേ അല്ല.” പറഞ്ഞു നിർത്തുമ്പോൾ ഒരു നെടുവീർപ്പോടെ എല്ലാം കേൾക്കാൻ മാത്രേ മറ്റേതൊരു സ്ത്രീക്കും കഴിയൂ.

ജീവിതത്തിന്റെ നേർക്കാഴ്ച

കേരളത്തിലെ ഒരു ശരാശരി വീട്ടമ്മയുടെ വിവാഹാനന്തര ജീവിതം ഇങ്ങനെയൊക്കെ തന്നെയാണ്. ആഗ്രഹിക്കാത്തപ്പോൾ വിവാഹം, ഭയക്കുമ്പോൾ ലൈംഗികത, കാത്തിരിക്കുമ്പോൾ അവഗണന, പിന്നീട് മോഹിക്കുമ്പോൾ വെറുപ്പ്. വിവാഹത്തിന് ശേഷം കുഞ്ഞുങ്ങൾ ഉണ്ടാകുന്നതിന് മുൻപ് തങ്ങളുടേത് മാത്രമായി കുറച്ച് കാലം ആസ്വദിച്ചിട്ടുള്ള ദമ്പതിമാർ സാക്ഷ്യപ്പെടുത്തുന്ന ഒരു വസ്തുതയുണ്ട്: ദാമ്പത്യം പ്രസവാനന്തരം പഴയ പടിയല്ല.

തങ്ങളുടെ സ്വകാര്യതയിലേക്ക് പുതിയൊരാൾ കടന്നുവരുമ്പോൾ ദാമ്പത്യത്തിൽ തീർച്ചയായും ചില താളപ്പിഴകൾ സംഭവിക്കും. അതിനെ എങ്ങനെ മറികടന്ന് പുതിയൊരു നോർമൽസിയിലേക്ക് എത്താം എന്ന വിഷയത്തിൽ ഗർഭകാലത്ത് തന്നെ ദമ്പതിമാർ കൗൺസിലിംഗ് സ്വീകരിക്കേണ്ടതാണ്.

സാമൂഹ്യ പ്രവർത്തകയും കൗൺസിലിങ് വിദഗ്ധയുമായ നീതു പോളി ഈ വിഷയത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ: “ഗർഭധാരണം, പ്രസവം തുടങ്ങിയവ സംബന്ധിച്ച് വെറും ശാരീരിക പ്രക്രിയകൾ മാത്രമല്ല. കാലാകാലങ്ങളായി ഇതിന്റെ ശാരീരിക വശങ്ങൾ മാത്രമാണ് നമ്മുടെ സമൂഹം ചർച്ച ചെയ്യുന്നത്. എന്നാൽ മാനസികമായി വളരെയധികം ബുദ്ധിമുട്ടുകൾ നിറഞ്ഞ കാലഘട്ടമാണ് സ്ത്രീകൾക്ക് ഗർഭകാലവും പ്രസവാനന്തര ദിനങ്ങളും.

സ്ത്രീയുടെ ശരീരത്തിൽ കുരുക്കുന്നത് സ്വന്തം ജീവന്റെ അംശമാണ് എന്ന് അവളുടെ പങ്കാളി മനസ്സിലാക്കി കൂടെ നിൽക്കേണ്ട സമയമാണ് അത്. അത്ര നാൾ പ്രണയം കൊണ്ട് തന്നെ മൂടിയ പങ്കാളി പെട്ടെന്ന് ഒരു ദിവസം മുതൽ കുഞ്ഞിനെ മാത്രം ലാളിക്കുന്നത് കാണുമ്പോൾ ഒരു സ്ത്രീക്ക് സ്വാഭാവികമായും വിഷമമായേക്കാം. അതിസൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട ഒന്നാണ് പ്രസവം കഴിഞ്ഞ ഒരു സ്ത്രീയുടെ മനസ്സ്.

അവളുടെ ശരീരത്തിനും മനസ്സിനും സംഭവിച്ച മാറ്റങ്ങൾ മനസ്സിലാക്കി അവളോടൊപ്പം നിൽക്കൽ ആണ് ഒരു പങ്കാളിക്ക് അക്കാലത്തു അവൾക്കായി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം. കുറഞ്ഞ പക്ഷം അവളുടെ വാക്കുകൾ കേൾക്കാനുള്ള ക്ഷമയും സമയവും എങ്കിലും പങ്കാളി കണ്ടെത്തേണ്ടതുണ്ട്. ഇല്ലെങ്കിൽ തുടർന്നുള്ള ജീവിതം തന്നെ ഇരുട്ടിൽ ആയേക്കും. ആശ്ചര്യം എന്ന് പറയട്ടെ, പെറ്റ് കിടക്കുന്ന പെണ്ണിന്റെ മുറിയിലേക്ക് പോലും അവളുടെ പുരുഷൻ പ്രവേശിക്കരുത് എന്ന് നിഷ്‌കർഷിക്കുന്ന നാടാണ് നമ്മുടേത്.”

പ്രസവാനന്തര ലൈംഗികത!

പ്രസവശേഷം എത്ര നാൾക്കുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം എന്ന ചോദ്യം നിരവധി പേർ, നിരവധി തവണ ഗൂഗിളിൽ തന്നെ അന്വേഷിച്ചിട്ടുണ്ട്. അതിന് ഒരൊറ്റ ഉത്തരമേ ഉള്ളൂ: മാനസികമായി സ്ത്രീ തയ്യാറെടുത്ത് കഴിയുമ്പോൾ. ചിലർക്ക് പ്രസവം മൂലമുണ്ടായ വേദന വല്ലാത്ത ട്രോമയാണ് സമ്മാനിക്കുക. മറ്റ് ചിലർക്ക് ആകട്ടെ, ലാളിക്കപ്പെടാനുള്ള അതിയായ മോഹവും. ഇതെല്ലാം മനസ്സിലാക്കി അവളുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കേണ്ടത് ഈ സമയത്ത് പങ്കാളിയുടെ ഉത്തരവാദിത്വം തന്നെയാണ്.

പ്രസവശേഷം ചില സ്ത്രീകൾക്ക് ലൈംഗികത ബന്ധം മടുത്ത് പോകാം. ചിലർക്ക് അതിയായ തൃഷ്ണയും തോന്നാം. ഇത് എന്ത് തന്നെയായാലും അമിതമായാൽ ഒരു കൗൺസിലിംഗ് വിദഗ്ധന്റെ സഹായം തേടി പിന്തുണ നൽകേണ്ടവരാണ് പങ്കാളികൾ. എന്നിരുന്നാലും പ്രസവാനന്തരം ആറ് മുതൽ പന്ത്രണ്ട് ആഴ്ചകൾ വരെയെങ്കിലും വിശ്രമിക്കാം എന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.

കുഞ്ഞിന്റെ സമയം കുഞ്ഞിന്

പ്രസവാനന്തരം കുഞ്ഞിനെ ചുറ്റിപ്പറ്റിയാണ് സാധാരണ സ്ത്രീകളുടെ ജീവിതം. എന്നാൽ അതിൽ നിന്നും കുറച്ച് സമയമെങ്കിലും മാറി, അവൾക്ക് അവളുടേതായ കാര്യങ്ങൾക്ക് ചെലവഴിക്കാൻ ഉള്ള സാഹചര്യം ഒരുക്കേണ്ടത് കുടുംബം തന്നെയാണ്. കുഞ്ഞിനോടുള്ള അമിത വാത്സല്യത്തിൽ അമ്മയുടെ സുഖവിവരങ്ങൾ തിരക്കാൻ തന്നെ മറക്കുന്ന ബന്ധുക്കൾ ഉള്ള നാടാണ് നമ്മുടേത്. പങ്കാളിയും അങ്ങനെയായാലോ? അതുകൊണ്ട് കുഞ്ഞിന്റെ സമയം കുഞ്ഞിന് ഭാര്യക്കുള്ള സമയം ഭാര്യക്ക്.

ചുരുക്കി പറഞ്ഞാൽ, ഗർഭധാരണവും പ്രസവവും ഒരു കപ്പിളിന്റെ ദാമ്പത്യ ജീവിതത്തിൽ വലിയ അഴിച്ചുപണികൾ തന്നെയാണ് നടത്തുന്നത്. അത് തരണം ചെയ്യാനും പിന്നീട് വന്നുചേരുന്ന പുതിയ ജീവിതരീതിയിൽ നൂറ് ശതമാനം ആത്മാർത്ഥത ഉറപ്പ് വരുത്താനും ദമ്പതിമാർ തന്നെ മുൻകൈ എടുക്കേണ്ടതുണ്ട്. പ്രസവാനന്തരം സ്ത്രീക്ക് രൂപപ്പെടുന്ന അപകർഷതാ ബോധത്തെ മറികടക്കാൻ പങ്കാളിയുടെ സ്നേഹ സാമീപ്യങ്ങൾ തന്നെ ആവശ്യമാണ്.

അതുകൊണ്ട് വിവാഹശേഷം സമയമെടുത്ത് തമ്മിൽ ഒരു ബോണ്ട് രൂപപ്പെടിത്തിയ ശേഷം മാത്രം പ്ലാൻ ചെയ്ത്, ആവശ്യമെന്ന് തോന്നിയാൽ മാത്രം ഗർഭം ധരിക്കുകയും, പിന്നീട് ഉണ്ടാകുന്ന വലിയ മാനസിക, ശാരീരിക പ്രതിസന്ധികളെ ദമ്പതിമാർ ഒരേ മനസ്സോടെ സ്നേഹം കൊണ്ട് മറികടക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഇക്കാര്യങ്ങൾ മനസിലാക്കി പെരുമാറാൻ ഭർത്താക്കന്മാരും കുടുംബാംഗങ്ങളും തയ്യാറാകുന്ന പക്ഷം സ്ത്രീകളുടെ പ്രസവാനന്തര ജീവിതം മനോഹരമാകും.

blogadmin

The author blogadmin

Leave a Response