എല്ലാ പ്രായക്കാരേയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. 100 മുടിവരെ ദിവസവും പൊഴിയാം. അത് സാധാരണമാണ്. എന്നാൽ ഇതിൽ കൂടുതൽ മുടി നിലത്തോ കിടക്കയിലോ കുളിമുറിയിലോ തോർത്തിലോ ചീപ്പിലോ കാണുമ്പോൾ നാം ശ്രദ്ധിക്കണം.
സ്ത്രീകൾക്ക് സാധാരണ നീളമുള്ള മുടിയായതിനാൽ പെട്ടെന്ന് മുടി കൊഴിച്ചിൽ ശ്രദ്ധയിൽപ്പെടും. എന്നാൽ പുരുഷന്മാർക്ക് മുടിയുടെ ഉള്ള് കുറയുകയും നെറ്റി കയറുകയും ചെയ്യുമ്പോഴാണ് മുടി കൊഴിച്ചിൽ ശ്രദ്ധയിൽപ്പെടുന്നത്. എല്ലാ മുടികൊഴിച്ചിലും കഷണ്ടിയിൽ (common baldness) എത്തുന്നില്ല.
രണ്ട് തരത്തിലുള്ള മുടി കൊഴിച്ചിലാണ് സാധാരണയായി കാണപ്പെടുന്നത്.
1. തലയുടെ ചില ഭാഗത്തെമുടി മാത്രം പൊഴിയൽ (patterned alopecia)
2. എല്ലാ ഭാഗത്ത് നിന്നും ഒരു പോലെ മുടി പൊഴിയുന്ന അവസ്ഥ (Diffuse alopecia)
ഏറ്റവും സാധാരണയായി കാണപ്പെടുന്നത് പാറ്റേൺഡ് അലോപേഷ്യ/ആൻഡ്രോജെനിക് അലോപേഷ്യ /കോമൺ ബാൾഡ്നെസ്സ് ആണ്. ഇത് കൂടുതലും പുരുഷന്മാരിലാണ് കാണപ്പെടുന്നതെങ്കിലും സ്ത്രീകളെയും ബാധിക്കാറുണ്ട്. ഇതുണ്ടാകാനുള്ള പ്രധാന കാരണം പാരമ്പര്യമാണ്. അതായത് മാതാപിതാക്കളുടെ ആരുടെയെങ്കിലും കുടുംബത്തിൽ കഷണ്ടിയുണ്ടെങ്കിൽ അടുത്ത തലമുറയ്ക്കും അതുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ആൻഡ്രോജെനിക് അലോപേഷ്യ കുറയ്ക്കാൻ വളരെയധികം ചികിത്സാ രീതികൾ ഇന്ന് നിലവിലുണ്ട്. പുറമെ പുരട്ടുന്ന മരുന്നുകൾ മുതൽ പി.ആർ.പി. തെറാപ്പി, ഹെയർ ട്രാൻസ്പ്ലാന്റേഷൻ വരെ ചികിത്സാരീതികളാണ്.
സാധാരണയായി കാണപ്പെടുന്ന ഒരു ഡിഫ്യൂസ് അലോപേഷ്യ ആണ് ടെലോജൻ ഇഫഌവിയം (Telogen effluvium). മുടി വളർച്ചയുടെ ഒരു ഘട്ടത്തിൽ വളരെയധികം മുടി പെട്ടെന്ന് എല്ലാ ഭാഗത്ത് നിന്നും ഒരുപോലെ കൊഴിഞ്ഞ് പോകുന്ന അവസ്ഥയാണിത്. 3-4 മാസം മുമ്പുണ്ടായ കാരണങ്ങളാകാം ഈ പെട്ടെന്നുള്ള മുടികൊഴിച്ചിലിന് പിന്നിൽ. അതായത് 3-4 മാസം മുമ്പ് വന്ന ഒരു പനി മതി ഇപ്പോൾ ശക്തമായ മുടി കൊഴിച്ചിൽ ഉണ്ടാകാൻ. സാധാരണ കാണുന്ന വൈറൽ പനി മുതൽ, ഡെങ്കിപ്പനി, ചിക്കൻപോക്സ്, തൈറോയ്‌ഡ് വരെ ഇപ്പോൾ മുടികൊഴിച്ചിലുണ്ടാക്കാം.
അതുപോലെ മറ്റൊരു കാരണമാണ് മാനസികസമ്മർദങ്ങൾ. ജീവിതചര്യകളിലെ മാറ്റം, പട്ടിണികിടക്കൽ, ആഹാരരീതിയിലെ വ്യതിയാനം, അനാരോഗ്യകരമായ ഡയറ്റ്, അപകടങ്ങൾ, ശസ്ത്രക്രിയ, കുടുംബത്തിലെ പിരിമുറുക്കം, മരണം തുടങ്ങിയ പലതും കാരണങ്ങളായേക്കാം. അസുഖങ്ങൾ കൊണ്ടും അവയ്ക്ക് കഴിക്കുന്ന മരുന്നുകൾ കൊണ്ടും മുടികൊഴിച്ചിൽ ഉണ്ടാകാം.
ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ടും മുടി കൊഴിച്ചിലുണ്ടാകാം. തൈറോയ്‌ഡ്, ഓറൽ കോൺട്രാസെപ്റ്റിവ് ഗുളികകൾ എന്നിവ കഴിച്ച് നിർത്തുന്നവരിലും പെട്ടെന്ന് മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്.
ഇങ്ങനെ ഉണ്ടാകുന്ന മുടികൊഴിച്ചിലിന്റെ പ്രത്യേകത ധാരാളം മുടി കൊഴിയുന്നുണ്ടെങ്കിലും നെറ്റി കയറുകയോ ഉള്ള് കുറയുകയോ ചെയ്യുന്നില്ലെന്നുള്ളതാണ്. 3-6 മാസത്തിൽ മുടികൊഴിച്ചിൽ മാറുന്നുവെന്നതും സമാധാനമാണ്. പക്ഷേ മേൽ പറഞ്ഞ ഘടകങ്ങൾ നിലനിൽക്കുകയാണെങ്കിൽ മുടി കൊഴിച്ചിൽ തുടർന്നുകൊണ്ടേയിരിക്കാം. അവിടെയാണ് മുടികൊഴിച്ചിൽ എങ്ങനെ പ്രതിരോധിക്കാമെന്നത് പ്രസക്തമാകുന്നത്.
1. തൈറോയ്‌ഡ്, ഹോർമോൺ വ്യതിയാനങ്ങൾ, പി.സി.ഒ.ഡി. എന്നിവ കണ്ടെത്തി അവയ്ക്ക് വേണ്ട ചികിത്സ തേടണം.
2. അയേൺ, സിങ്ക്, ബയോട്ടിൻ, കാത്സ്യം എന്നിവയുടെ കുറവ് അവ അടങ്ങിയ ആഹാരത്തിലും സപ്ലിമെന്റുകളിലും ഉൾപ്പെടുത്തി പരിഹരിക്കേണ്ടതാണ്. നോൺ വെജിറ്റേറിയൻ ഭക്ഷണശീലം പിന്തുടരുന്നവർക്ക് വളരെ എളുപ്പത്തിൽ മുട്ട, മീൻ, ഇറച്ചി തുടങ്ങിയവയിൽ നിന്ന് ആവശ്യത്തിനുള്ള പ്രോട്ടീൻ ലഭ്യമാണ്. എന്നാൽ വെജിറ്റേറിയൻ ഭക്ഷണരീതിയുള്ളവർ അയൺ ഫോർട്ടിഫൈഡ് ഭക്ഷണങ്ങൾ (നട്ട്സ്, പാൽ ഉത്‌പന്നങ്ങൾ, സീഡ്സ്, ഗ്രീൻപീസ്, മറ്റ് ധാന്യങ്ങൾ, പരിപ്പ് വർഗ്ഗങ്ങൾ) എല്ലാം കൃത്യമായ അളവിൽ ഉൾപ്പെടുത്തി ആവശ്യത്തിന് പോഷകങ്ങൾ ഉറപ്പാക്കാൻ ശ്രദ്ധിക്കണം.
3. ആഹാരത്തിൽ പ്രോട്ടീന്റെ കുറവാണ് മുടി കൊഴിച്ചിൽ ഉണ്ടാകാനുള്ള മറ്റൊരു കാരണം. ഡയറ്റിങ് ചെയ്യുകയാണെങ്കിൽ പോലും ദിവസവും വേണ്ട ഊർജം ശരീരത്തിന് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ദിവസവും കഴിക്കുന്ന ആഹാരത്തിൽ 0.8 ഗ്രാം/കിലോഗ്രാം ആണ് നമുക്ക് ആവശ്യമായി വരുന്ന പ്രോട്ടീൻ.
4. സ്ട്രെസ്സ് മൂലം മുടി കൊഴിച്ചിൽ ഉണ്ടാകാറുണ്ട്. കൃത്യമായ ഒരു ജീവിതരീതി പാലിക്കുന്നത് മാനസിക സമ്മർദം കുറയ്ക്കാൻ സഹായിക്കും. സ്ട്രെസ്സ് ജീവിതത്തെ സാരമായി ബാധിക്കുന്നുവെന്ന് തോന്നിയാൽ അത് മറികടക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യണം. യോഗ, ബ്രീത്തിങ് എക്സർസൈസ്, എയ്റോബിക് തുടങ്ങിയ ശാരീരിക വ്യായാമങ്ങൾ സ്ട്രെസ്സ് കുറയ്ക്കാൻ സഹായിക്കും.
മുടികൊഴിച്ചിൽ മറ്റ് രോഗാവസ്ഥ മൂലമല്ലെന്ന് ഡോക്ടറുടെ സഹായത്തോടെ ഉറപ്പുവരുത്തുകയും വേണം.
(പട്ടം എസ്.യു.ടി. ഹോസ്പിറ്റലിലെ ചർമരോഗ വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റ് ആണ് ലേഖിക)
Content Highlights:How to cure Hair loss tips to solve hair loss, Health