മിക്കവാറും സ്ത്രീകളും പ്രസവം കഴിഞ്ഞ് പെട്ടെന്ന് തൂക്കം കുറച്ച് പഴയ രൂപത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്. വളരെ പെട്ടെന്ന് ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കരുത്. ഗര്‍ഭാവസ്ഥയില്‍ ഒന്‍പത് മാസം കൊണ്ടാണല്ലോ തൂക്കം കൂടിയത്. ഒരാഴ്ച അരക്കിലോയില്‍ കൂടുതല്‍ തൂക്കം കുറയ്ക്കാന്‍ ശ്രമിക്കേണ്ട. ആദ്യത്തെ ആഴ്ചയില്‍തന്നെ ലഘു വ്യായാമങ്ങള്‍: (ഡീപ് ബ്രീത്തിങ്, കുറേശ്ശെ നടത്തം തുടങ്ങിയവ) ചെയ്യാം. കാലില്‍ രക്തം കട്ടപിടിക്കാതിരിക്കാന്‍ ഇതു നല്ലതാണ്.
പിന്നീട് വയറിലെ പേശികള്‍ മുറുകാനുള്ള വ്യായാമം എല്ലാ ദിവസവും 3- 4 തവണ ചെയ്യാം. പ്രസവംമൂലം അയവു കൂടിയ ഭഗപേശികളുടെ മുറുക്കം വര്‍ധിപ്പിക്കാന്‍ ‘കെഗല്‍സ്’ വ്യായാമം ചെയ്യാം. ചിലര്‍ക്ക് പ്രസവശേഷം അറിയാതെ മൂത്രം പോകും; ഈ പ്രശ്‌നത്തിന് ഈ വ്യായാമം ഒരു പരിഹാരമാണ്.
മൂന്നു മാസമാകുമ്പോഴേക്കും എയ്‌റോബിക്‌സ്, നീന്തല്‍, എന്നിവയൊക്കെ ചെയ്യാം. യോഗയും നല്ലതാണ്. ഈ സമയം കൊണ്ടേ പേശികളും സന്ധികളും പൂര്‍വസ്ഥിതിയിലാകുകയുള്ളൂ.