close

blogadmin

ചോദ്യങ്ങൾവൃക്തിബന്ധങ്ങൾ Relationship

വിവാഹമോചനങ്ങൾ കൂടുന്നത് എന്തുകൊണ്ട്..???

വിവാഹപൂര്‍വ കൗണ്‍സിലിംഗ് അനിവാര്യം

ദാമ്പത്യത്തെ പവിത്രമായി കണ്ടുകൊണ്ടിരുന്നവരാണ് മലയാളികള്‍. പക്ഷേ തലമുറകളുടെ ചിന്താഗതിക്കും ജീവിതരീതിക്കും മാറ്റം വന്നപ്പോള്‍ അവിടെ പൊരുത്തങ്ങളെക്കാള്‍ കൂടുതല്‍ പൊരുത്തക്കേടുകള്‍ വന്നുതുടങ്ങി. അണ്ടര്‍സ്റ്റാന്‍ഡിംഗ് എന്നത് അഡ്ജസ്റ്റ്മെന്‍റിലേക്ക് വഴിമാറി. പരസ്പരം മനസിലാക്കാനോ പ്രശ്നങ്ങള്‍ ഒരുമിച്ചിരുന്നു ചര്‍ച്ചചെയ്തു പരിഹരിക്കാനോ ശ്രമിക്കാത്ത യുവതലമുറ ആര്‍ക്കും എപ്പോഴും ഒഴിഞ്ഞുപോകാവുന്ന കൂട്ടുകച്ചവടത്തിന്‍റെ അവസ്ഥയിലേക്കു കുടുംബബന്ധങ്ങളെ കൊണ്ടെത്തിക്കുകയാണ്.

ചെറിയപ്രശ്നങ്ങള്‍ ഉണ്ടായാല്‍പോലും വിവാഹമോചനത്തിനു മുതിരുകയും വിവാഹബന്ധങ്ങളുടെ തകര്‍ച്ച തീരെ ഗൗരവമല്ലാതായി മാറുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗ് ഏറെ പ്രസക്തമാവുകയാണ്. വിവാഹ ജീവിതത്തിലേക്ക് കടക്കുന്നവരെ അതിന് സജ്ജരാക്കുകയാണ് വിവാഹപൂര്‍വ കൗണ്‍സിലിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്. വിവാഹം നിയമപരമായി മാത്രം ഒരുമിക്കാന്‍ കഴിയുന്ന ഒന്നാണെങ്കിലും ശാരീരികവും മാനസികവുമായ ഐക്യമാണ് വിവാഹജീവിതത്തിനു അടിത്തറ ഒരുക്കുന്നത്. അതിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനൊപ്പം ഉള്ളില്‍പതിഞ്ഞുപോയ സംശയങ്ങള്‍ ദൂരീകരിക്കാനും കുടുംബജീവിതത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും വന്നുചേരാനിടയുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യേണ്ട രീതികളെക്കുറിച്ചും സംതൃപ്ത ദാമ്പത്യജീവിതത്തെക്കുറിച്ചും കുട്ടികളുടെ പരിചരണത്തെക്കുറിച്ചുമെല്ലാം വേണ്ടത്ര അറിവുപകരാനും വിവാഹപൂര്‍വ കൗണ്‍സിലിംഗ് സഹായകരമാകും.

പെരുകുന്ന വിവാഹമോചനങ്ങള്‍

ഇന്ത്യയുടെ വിവാഹമോചന തലസ്ഥാനമെന്ന വിശേഷണം കേരളം കൊണ്ടുനടക്കാന്‍ തുടങ്ങിയിട്ടു കാലങ്ങളേറെയായി. കേരളത്തില്‍ പ്രതിവര്‍ഷം ശരാശരി രണ്ടായിരത്തോളം ദമ്പതികള്‍ വിവാഹമോചിതരാകുന്നുവെന്നാണ് കുടുംബകോടതികള്‍ ലഭ്യമാക്കുന്ന കണക്ക്. ഇതിന്‍റെ എത്രയോ ഇരട്ടി വിവാഹമോചന കേസുകളാണ് കുടുംബകോടതികളില്‍ കെട്ടിക്കിടക്കുന്നത്. മൂന്നുവര്‍ഷം മുമ്പുവരെ ഇത് ആയിരത്തിനും ആയിരത്തി അഞ്ഞൂറിനും ഇടയിലായിരുന്നു. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ വിവാഹമോചന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകള്‍ പരിശോധിച്ചാല്‍ പലതിലും അടിസ്ഥാനമില്ലാത്തതും പ്രാധാന്യമില്ലാത്തതുമായ കാരണങ്ങളിലാണ് വിവാഹമോചനം നടന്നിരിക്കുന്നതെന്നു കാണാം. കേരളത്തില്‍ വിവാഹമോചനത്തിനുവേണ്ടി ഏറ്റവും കൂടുതല്‍ കോടതിയില്‍ കയറിയിറങ്ങുന്നത് 18നും 35നും മധ്യേ പ്രായമുള്ളവരാണ്. പ്രൊഫഷണലുകളും വിദ്യാസമ്പന്നരായവരുമാണ് ഇതില്‍ കൂടുതലും.

വിവാഹമോചനങ്ങള്‍ പെരുകുന്നതിന്‍റെ ചില കാരണങ്ങള്‍:

* വിവാഹജീവിതത്തോടുള്ള പ്രതിബദ്ധതക്കുറവ്

* ദമ്പതികള്‍ തമ്മിലുള്ള ആശയവിനിമയത്തിന്‍റെ അഭാവം.

* പങ്കാളിയെ അവഗണിക്കല്‍.

* ഈഗോയും പരസ്പരം അംഗീകരിക്കുന്നതിലുള്ള താല്‍പര്യമില്ലായ്മയും.

* ലൈംഗികമായ പൊരുത്തക്കേടുകളും പരസ്പരവിശ്വാസക്കുറവും.

* മദ്യം അടക്കമുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം.

* ശാരീരികവും മാനസികവും ലൈംഗികവുമായ അതിക്രമം.

* പ്രശ്നങ്ങള്‍ പരിഹരിക്കാനോ കൈകാര്യം ചെയ്യാനോ ഉള്ള കഴിവില്ലായ്മ.

* വ്യക്തിപരവും തൊഴില്‍പരവുമായ ലക്ഷ്യങ്ങളിലുള്ള വൈരുദ്ധ്യം.

* കുടുംബത്തെ മുന്നോട്ടു നയിക്കുന്നതില്‍ ഉണ്ടാകുന്ന വിഭിന്നമായ പ്രതീക്ഷകള്‍.

* സാമ്പത്തിക പ്രശ്നങ്ങള്‍.

* ബൗദ്ധികമായ പൊരുത്തക്കേടുകളും കാര്‍ക്കശ്യസ്വഭാവവും.

* മനോരോഗങ്ങള്‍.

* മതപരമായ വിശ്വാസങ്ങളിലെ വ്യത്യാസം.

* സംസ്കാരത്തിലെയും ജീവിതരീതിയിലെയും വൈരുദ്ധ്യങ്ങള്‍.

യഥാസമയം ഒരുമിച്ചിരുന്നു സംസാരിച്ചോ ചര്‍ച്ചചെയ്തോ പരിഹരിക്കാവുന്ന പ്രശ്നങ്ങളാണു കൂടുതല്‍ വഷളാക്കി വേര്‍പിരിയലിന്‍റെ വക്കിലേക്ക് കൊണ്ടെത്തിക്കുന്നത്. നിസ്സാര കാരണങ്ങളുടെ പേരിലാണു ഭൂരിഭാഗം പേരും പിരിയാന്‍ തീരുമാനമെടുക്കുന്നത്. പലര്‍ക്കും പിരിയുന്നതില്‍ അല്‍പംപോലും സങ്കടമില്ലെന്നതാണ് മറ്റൊരു വസ്തുത. ജീവിതത്തെ നിസാരവത്കരിക്കുകയാണ് ഇവര്‍. ഒരു ദിവസം പോലും ഒരുമിച്ച് ജീവിച്ചിട്ടില്ലാത്ത ആളുകള്‍പോലും വിവാഹ മോചനത്തിന് ഒരുങ്ങുന്നകാലമാണിത്. വിദ്യാഭ്യാസപരമായും സാമൂഹികമായും മാറ്റമുണ്ടായെങ്കിലും ഭദ്രമായൊരു കുടുംബാന്തരീക്ഷം കൊണ്ടുപോകാനുള്ള പക്വത പലര്‍ക്കുമില്ല എന്നതാണ് ഇത്തരം നീക്കങ്ങള്‍ തെളിയിക്കുന്നത്. അതുകൊണ്ടുതന്നെ, ചെറിയ മത്സരപരീക്ഷകള്‍ക്കുപോലും വന്‍തയ്യാറെടുപ്പ് നടത്തുന്നവര്‍ വിവാഹജീവിതം എന്ന വലിയ പരീക്ഷക്കുവേണ്ടി മാനസികമായ എന്തുതയ്യാറെടുപ്പ് നടത്തുന്നുവെന്നു സ്വയം ചിന്തിച്ചുനോക്കുന്നതും ഈഅവസരത്തില്‍ നന്നായിരിക്കും.

ഇത് വിവിഹമോചനത്തെ പിന്തുണക്കുന്ന മാതാപിതാക്കളുടെ കാലം

പണ്ടുകാലത്ത് വരന്‍റെയോ വധുവിന്‍റെ മാതാപിതാക്കള്‍ പുലര്‍ത്തുന്ന കാര്‍ക്കശ്യനിലപാടുകളും കൃത്യമായ നിരീക്ഷണവും കുടുംബബന്ധങ്ങളുടെ കെട്ടുറപ്പും കാരണം വിവാഹബന്ധങ്ങള്‍ക്ക് ദീര്‍ഘായുസ്സ് ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അണുകുടുംബങ്ങളിലേക്കു ജീവിതം പറിച്ചുനടപ്പെടുമ്പോള്‍ ദമ്പതികള്‍ക്കു സ്വന്തം കുടുംബത്തിലെ മുതിര്‍ന്ന ഒരാളിനോടു ഒരു തുറന്നുപറച്ചിലിനു കഴിയാതെ വരുന്നു. പണ്ട് വിവാഹമോചനം തടയാന്‍ മാതാപിതാക്കള്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇന്നു മാതാപിതാക്കളുടെ പിന്തുണയോടെയുള്ള വേര്‍പിരിയലാണ് നടക്കുന്നത്. വിവാഹമോചനത്തിനു പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുന്‍കൈയെടുക്കുന്ന പ്രവണത ഇന്നു വര്‍ധിക്കുകയാണ്. ഇതേനിലപാടുതന്നെ അവരുടെ അഭിഭാഷകരും കോടതിയില്‍ സ്വീകരിക്കുന്നു.

യാഥാര്‍ഥ്യബോധത്തോടെയാകണം പ്രതീക്ഷകള്‍

വിവാഹജീവിതത്തെക്കുറിച്ചു ഉന്നതമായ ശുഭപ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്നത് നല്ലതാണ്. പക്ഷേ അത്തരം പ്രതീക്ഷകള്‍ യാഥാര്‍ഥ്യബോധത്തില്‍ അധിഷ്ഠിതമായിരിക്കണം. കുടുംബജീവിതത്തില്‍ ഉണ്ടായേക്കാവുന്ന സാമ്പത്തികാവശ്യങ്ങള്‍, പുലര്‍ത്തേണ്ട ഉത്തരവാദിത്തങ്ങള്‍, നിലനിര്‍ത്തേണ്ട സാമൂഹ്യബന്ധങ്ങള്‍ എന്നിവയെക്കുറിച്ചു മുന്‍പേതന്നെ വ്യക്തമായ അവബോധമുണ്ടായിരിക്കണം. ഇവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസ്വാരസ്യങ്ങളാണു പലപ്പോഴും കുടുംബസംഘര്‍ഷത്തിലേക്കു നയിക്കുന്നത്. പൊരുത്തക്കേടുകള്‍ പലകാരണങ്ങള്‍കൊണ്ടും പല സാഹചര്യങ്ങള്‍കൊണ്ടും സംഭവിച്ചേക്കാം. എന്നാല്‍ നിങ്ങളുടെയും പങ്കാളിയുടെയും ചിന്താഗതികളെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുണ്ടെങ്കില്‍ കുടുംബജീവിതത്തില്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ നല്ലൊരു ശതമാനവും ഒഴിവാക്കാനാകും. പക്ഷേ അതിനായി ചില കണക്കുകൂട്ടലുകള്‍ അനിവാര്യമാണ്. വിവാഹജീവിതത്തിനുമുമ്പുതന്നെ ഈ കണക്കുകൂട്ടലുകളില്‍ വ്യക്തത വരുത്തിയിരിക്കണമെന്നുകൂടി ഓര്‍മിപ്പിക്കട്ടെ.

കലഹരഹിത സന്തുഷ്ടജീവിതം മിഥ്യാധാരണ

കലഹരഹിതമായും സ്നേഹപൂര്‍ണമായും നൂറുശതമാനവും സന്തുഷ്ടമായ വൈവാഹിക ജീവിതം നയിക്കാന്‍ കഴിയുമെന്നത് വിവാഹത്തിനുമുമ്പ് തോന്നുന്ന ഒരു മിഥ്യാധാരണയാണ്. വിവാഹശേഷം യാഥാര്‍ഥ്യങ്ങളെ മുഖാമുഖം വീക്ഷിക്കേണ്ടിവരുമ്പോള്‍ ഭാവനയില്‍ കണ്ടതൊന്നുമല്ല വാസ്തവമെന്നു തിരിച്ചറിയേണ്ടിവരും. എന്തെങ്കിലും തരത്തിലുള്ള എതിരഭിപ്രായങ്ങള്‍ വിവിധ സാഹചര്യങ്ങളില്‍ നിങ്ങളുടെ പങ്കാളിയില്‍നിന്നുണ്ടാകുമ്പോള്‍ മാത്രമാണ് നിങ്ങളുടെ ഭാവനാവിഗ്രഹങ്ങള്‍ ഓരോന്നായി ഉടയാന്‍ തുടങ്ങുന്നത്. വാക്കുകള്‍ക്കിടയിലെ പൊരുത്തക്കേടുകള്‍ മനസുകള്‍ തമ്മിലുള്ള അകല്‍ച്ചയിലേക്കു വഴിമാറാന്‍ അധികം വൈകണമെന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യങ്ങള്‍ എപ്പോഴെങ്കിലും വന്നുചേര്‍ന്നേക്കാമെന്നു കരുതി അതിനെ അതിജീവിക്കാന്‍ നിങ്ങള്‍ വിവാഹത്തിനുമുമ്പുതന്നെ മാനസികമായി തയ്യാറെടുത്തിരിക്കണം. അതുകൊണ്ടാണ് സമീപഭാവിയില്‍ വിവാഹിതരാകാന്‍ പോകുന്നവര്‍ നല്ലൊരു കുടുംബജീവിതം സാധ്യമാക്കാന്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗിനു നിര്‍ബന്ധമായും വിധേയരായിരിക്കണമെന്നു പറയുന്നത്.

വിവാഹപൂര്‍വ കൗണ്‍സിലിംഗ്

അറിഞ്ഞോ അറിയാതെയോ വിവിധ സാഹചര്യങ്ങളില്‍നിന്നും വന്നുചേരുന്ന വ്യക്തിയധിഷ്ഠിതമായ സംഘര്‍ഷങ്ങള്‍ക്കിടയില്‍നിന്നാണു ഭൂരിഭാഗം പേരും യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ വിവാഹമെന്ന മറ്റൊരു ജീവിതാവസ്ഥയിലേക്കു മാറുന്നത്. എന്നാല്‍ വിവാഹജീവിതത്തെക്കുറിച്ചു മുന്‍ധാരണയോടെ മനസിലുറച്ചുപോയ സങ്കല്‍പങ്ങളല്ല വിവാഹാനന്തരം തുടര്‍ച്ചയായി അഭിമുഖീകരിക്കേണ്ടി വരുന്നതെങ്കില്‍ അത്തരത്തിലുള്ള ഒരു കുടുംബജീവിതം ഇരുപങ്കാളികള്‍ക്കും ബാധ്യതയായി തീരും. അതേസമയം പ്രശ്നങ്ങളും അഭിപ്രായ വൈരുദ്ധ്യങ്ങളും പൊരുത്തക്കേടുകളും ഉണ്ടാകുമ്പോള്‍ അതിനെ സമചിത്തതയോടെ നേരിടാന്‍ പ്രാപ്തനാണെങ്കില്‍ ദീര്‍ഘകാലം നീളുന്ന സന്തുഷ്ട ദാമ്പത്യജീവിതം നയിക്കാനാകും. ഇത്തരത്തില്‍ പ്രശ്നങ്ങളെ അതിജീവിക്കാന്‍ വിവാഹത്തിനുമുമ്പുതന്നെ പ്രാപ്തമാക്കുന്ന ശാസ്ത്രീയരീതിയാണ് വിവാഹപൂര്‍വ കൗണ്‍സിലിംഗ് പിന്തുടരുന്നത്. വിവാഹജീവിതത്തിനിടെ നിങ്ങളുടെ താളം തെറ്റിച്ചേക്കാവുന്ന അപ്രതീക്ഷിത സംഭവങ്ങളെയും പ്രശ്നങ്ങളെയും മന:സ്ഥൈര്യത്തോടെ നേരിടാന്‍ ഇത്തരം പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ നിങ്ങളെ സഹായിക്കും.

കൗണ്‍സിലിംഗ് പ്രസക്തമാകുന്നത് എന്തുകൊണ്ട്?

വിവാഹത്തെക്കുറിച്ചു പലര്‍ക്കും പലതരത്തിലുള്ള സങ്കല്‍പങ്ങളാകും ഉണ്ടാകുക. ഇത്തരത്തില്‍ മനസില്‍ ഉറച്ചുപോയ സങ്കല്‍പങ്ങള്‍ പലതും യാഥാര്‍ഥ്യത്തിനു നിരക്കുന്നത് ആയിരിക്കണമെന്നില്ല. ഈ സാഹചര്യത്തില്‍ നിങ്ങളില്‍ ഉറഞ്ഞുപോയ തെറ്റിദ്ധാരണകളെ മാറ്റാന്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ സഹായകരമാകും. മറ്റൊന്നു വിവാഹജീവിതത്തെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ പരിഹരിക്കലാണ്. ഭാര്യാഭര്‍തൃബന്ധം, പരസ്പരം മനസ്സിലാക്കല്‍, മനപൊരുത്തം, കുടുംബാസൂത്രണത്തിന്‍റെ പ്രാധാന്യം, സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടവിധം, ലൈംഗികമായ തെറ്റിദ്ധാരണകള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം ഈ ക്ലാസ്സുകളില്‍ ഉത്തരം ലഭിക്കും. അസംഭവ്യമെന്നോ അപ്രതീക്ഷിതമെന്നോ നിങ്ങള്‍ക്കു തോന്നിയേക്കാവുന്നതും എന്നാല്‍ ഭാവിയില്‍ നേരിടേണ്ടി വന്നേക്കാവുന്നതുമായ ചില പ്രശ്നങ്ങള്‍ക്കു മുന്‍കരുതലെടുക്കുന്നതിനും സഹായിക്കുന്നതിനു പുറമേ പ്രിമാരിറ്റല്‍ കൗണ്‍സിലിംഗ് ക്ലാസ്സുകളില്‍ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ നിങ്ങളുടെ ഭാവിജീവിതത്തിനു മുതല്‍ക്കൂട്ടാകുമെന്ന കാര്യത്തിലും ഒരു സംശയവും വേണ്ട.

വിവാഹപൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമെന്ന് വനിതാ കമ്മീഷന്‍

കേരളത്തില്‍ വിവാഹമോചിതരാകുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണമെന്ന സംസ്ഥാന വനിതാ കമ്മീഷന്‍റെ നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്. കുടുംബബന്ധങ്ങളുടെ കെട്ടുറപ്പ് സ്നേഹത്തിന്‍റെയും പരസ്പര ധാരണകളുടെയും സുവര്‍ണനൂലിഴകള്‍കൊണ്ട് തുന്നിച്ചേര്‍ക്കേണ്ട ഒന്നാണ്. ആ തുന്നിച്ചേര്‍ക്കല്‍ പൂര്‍ണമാകണമെങ്കില്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗ് അനിവാര്യമാണ്. ബന്ധങ്ങളിലെ വിശ്വാസക്കുറവും പരസ്പരം മനസിലാക്കുന്നതില്‍ വരുന്ന വീഴ്ചയും ദാമ്പത്യജീവിതത്തെ തച്ചുടക്കുന്ന സാഹചര്യത്തിലാണ് വധൂവരന്‍മാര്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗിനു വിധേയമായിരിക്കണമെന്ന കര്‍ശന നിര്‍ദേശം വനിതാ കമ്മീഷന്‍ മുന്നോട്ടുവെച്ചത്. കുടുംബങ്ങളില്‍ ആരോഗ്യകരമായ ബന്ധം ഉണ്ടാകുവാന്‍ യുവതീയുവാക്കള്‍ക്ക് കൃത്യമായ ബോധവത്കരണം അനിവാര്യമാണ്. ഇപ്പോള്‍ തന്നെ ചില ക്രിസ്ത്യന്‍സഭകളടക്കമുള്ള സമുദായ സംഘടനകള്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗ് നടത്തിവരുന്നുണ്ട്.

പരാജിതരാകരുത്, ഈ ജീവിതപരീക്ഷയില്‍

ജീവിതം ഒരു പരീക്ഷയാണ്. അവിടെ അവനോ അവള്‍ക്കോ സ്വന്തമായി ഒരു ചോദ്യകടലാസും ഉണ്ടാകും. അതിന്‍റെ ഉത്തരങ്ങള്‍ മറ്റൊരാളിന്‍റെ ജീവിതത്തില്‍നിന്നും പകര്‍ത്താനാകില്ല. സ്വന്തം ജീവിതത്തില്‍ നിന്നുയരുന്ന ചോദ്യങ്ങള്‍ക്കു സ്വയം ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ ഒരു പരാജയമാണെന്നു ഉറപ്പിക്കാം. പ്രശ്നങ്ങള്‍ക്കുമുമ്പില്‍ പകച്ചുനില്‍ക്കുന്നതിനുപകരം അവയെ ആത്മവിശ്വാസത്തോടെയും ലക്ഷ്യബോധത്തോടെയും നേരിടുന്നവരാണ് യഥാര്‍ഥ വിജയികള്‍. ഈ പ്രശ്നം കൈകാര്യം ചെയ്യാന്‍ എനിക്കറിയാം എന്ന ദൃഢനിശ്ചയമാണ് നമുക്ക് ഉണ്ടാകേണ്ടത്. ഇത്തരത്തിലുള്ള ദൃഢനിശ്ചയത്തിന്‍റെ അഭാവത്തിലും അപക്വമായ തീരുമാനങ്ങളുടെ പേരിലും മനോഹരമായ ജീവിതം നയിച്ചിരുന്ന പലകുടുംബങ്ങളും തകര്‍ച്ചയിലകപ്പെട്ട പല ഉദാഹരണങ്ങളും കൗണ്‍സിലിംഗ് ക്ലാസ്സുകളില്‍ പങ്കെടുക്കുന്നതോടെ നിങ്ങള്‍ക്കു ബോധ്യമാകും. വിവാഹാനന്തരമുണ്ടാകുന്ന പ്രശ്നങ്ങളെ സമചിത്തതയോടെ നേരിടാനും പ്രതിസന്ധികളെ അതിജീവിക്കാനും ഉത്തമ വൈവാഹിക ജീവിതം സാധ്യമാക്കുന്നതിനും വിവാഹപൂര്‍വ കൗണ്‍സിലിംഗ് നിങ്ങളെ ഏറെ സഹായിക്കുമെന്നു ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കട്ടെ.

read more
ആരോഗ്യംലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationship

ലൈംഗിക വിജ്ഞാന പഠനത്തിന്റെ അനിവാര്യത

മനുഷ്യ ജീവിതത്തില്‍ ഏറ്റവും സമ്മോഹനമായ കാലഘട്ടമാണ് കൗമാരം. സ്വപ്നങ്ങളും, ആഗ്രഹങ്ങളും, ജീവിതാഭിലാഷങ്ങളുമെല്ലാം പിറവിയെടുക്കുന്ന കാലം. പക്ഷേ സൂക്ഷിച്ചില്ലെങ്കില്‍ ജീവിതത്തിലെ ഏറ്റവും അപകടമേറിയ കാലഘട്ടവുമാണിത്.

വിദ്യാര്‍ഥികളെ സംബന്ധിച്ച് അവര്‍ക്കു അവരുടെ ശരീരത്തെക്കുറിച്ചും എതിര്‍ലിംഗത്തിലുള്ളവരെക്കുറിച്ചും ചിന്തകളുണരുന്ന സമയം കൂടിയാണ് കൗമാരം. സാങ്കേതികവിദ്യ അതിന്‍റെ എല്ലാവിധ സൗകര്യങ്ങളോടെയും വിദ്യാര്‍ഥി ജീവിതത്തിന്‍റെ ഭാഗമാകുമ്പോള്‍ അവയില്‍നിന്നടക്കം നേടുന്ന അറിവിനെ ശരിയായ രീതിയിലാണോ ഗ്രഹിക്കുന്നതെന്നു ബോധ്യപ്പെടുത്താന്‍ ആധികാരികമായ ചില ബോധ്യപ്പെടുത്തലുകള്‍ അനിവാര്യമാണ്.

അത്തരം ഇടപെടലുകളാണു ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ പ്രസക്തിയിലൂടെ അര്‍ഥമാക്കുന്നത്. മാതാപിതാക്കള്‍ പലപ്പോഴും കൗമാരക്കാരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതില്‍ പരാജയപ്പെടാറുണ്ട്. കുട്ടികള്‍ വലുതാകുമ്പോള്‍ എല്ലാം മനസ്സിലാക്കിക്കോളും എന്ന ധാരണയിലാണു അവര്‍ കഴിഞ്ഞുകൂടുന്നത്. എന്നാല്‍ ഇതു തെറ്റാണെന്നു ആദ്യം തന്നെ പറയട്ടെ. കൗമാരപ്രായത്തില്‍ കുട്ടികളില്‍ ലൈംഗിക വികാരമുണ്ടാകുന്നത് തെറ്റല്ല. ശാരീരികവും വൈകാരികവുമായ വളര്‍ച്ചയും വികാസവും കൗമാര പ്രായത്തിന്‍റെ പ്രത്യേകതയാണ്. കൗമാര പ്രായത്തില്‍ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകള്‍ ലൈംഗിക വികാരത്തെ ഉത്തേജിപ്പിക്കുന്നു.

കൗമാര കാലഘട്ടത്തില്‍ ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളോടും പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളോടും ലൈംഗിക ആകര്‍ഷണം ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ അമിതവും അനിയന്ത്രിതവുമായ ലൈംഗികാഭിനിവേശം കുട്ടികളെ തെറ്റുകളിലേക്ക് നയിക്കാന്‍ ഇടയാക്കും. മദ്യവും മയക്കുമരുന്നുംപോലെ, കുട്ടികളെ വഴിതെറ്റിക്കുന്ന മറ്റൊരു ലഹരിയാണ് തെറ്റായ രീതിയിലുള്ള ലൈംഗികത. അതുകൊണ്ടുതന്നെ അവര്‍ക്കു ഇതിനെക്കുറിച്ചു ശരിയായ ബോധവത്കരണം നല്‍കേണ്ടതുണ്ട്.

വികലമായ അറിവുകള്‍ അപകടം

സമൂഹത്തിനു ലൈംഗികബോധവത്കരണം നല്‍കുന്നതിന്‍റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കു സ്കൂള്‍തലത്തില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നത് ഉചിതമായിരിക്കുമെന്നാണു ഇന്നു പൊതുവേ ഉയരുന്ന അഭിപ്രായം. പഠനത്തോടൊപ്പം ലൈംഗികതയെക്കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് ലഭിക്കാന്‍ സഹായകമാകുന്ന രീതിയില്‍ വിദ്യാഭ്യാസരീതി പരിഷ്കരിക്കണം എന്ന ആവശ്യത്തിനു ഒരു ദശകത്തിലധികം പഴക്കമുണ്ട്. മാറിയ കാലഘട്ടത്തില്‍ കുട്ടികള്‍ ഇന്‍റര്‍നെറ്റ്, മൊബൈല്‍ഫോണ്‍ സൗകര്യങ്ങളില്‍നിന്നും ചുറ്റുമുള്ള സൗഹൃദങ്ങളില്‍നിന്നും ബന്ധുക്കളില്‍നിന്നുമെല്ലാം ലൈംഗികതയുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ മസിലാക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ പലതും ശരിയായ രീതിയില്‍ അല്ലാത്തതിനാല്‍ അവര്‍ തെറ്റായ വഴിയിലേക്കു തിരിയാന്‍ സാധ്യത ഏറെയാണ്. കൗമാരപ്രായത്തില്‍ ഇന്‍റര്‍നെറ്റും സിനിമകളും നല്‍കുന്ന വികലമായ അറിവുകളാണു യൗവനത്തിന്‍റെ ഒരുഘട്ടംവരെ കുട്ടികളെ നയിക്കുന്നത്. ലൈംഗിക ആവശ്യങ്ങള്‍ക്കായി ഇന്‍റര്‍നെറ്റ് ദുരുപയോഗം ചെയ്യുന്ന കൗമാരക്കാരുടെ എണ്ണം കേരളത്തില്‍ വര്‍ധിക്കുകയാണെന്നു സര്‍വേ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ ഇരുപത്തിയഞ്ച് ശതമാനത്തോളം കുട്ടികളും അശ്ലീല വെബ്സൈറ്റുകള്‍ ആസ്വദിക്കാന്‍ വേണ്ടി മാത്രം ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നുവത്രേ. ഇതില്‍ ഭൂരിഭാഗവും വീട്ടിനുള്ളിലെ കമ്പ്യൂട്ടറും ചിലര്‍ മൊബൈല്‍ ഫോണും ആയുധമാക്കുന്നു. കൂടാതെ ലൈംഗിക ആഭാസങ്ങളള്‍ അരങ്ങു തകര്‍ക്കുന്ന സിനിമകളും ടെലിവിഷന്‍ ദൃശ്യങ്ങളും പരസ്യങ്ങളും കുട്ടികളെ വികലമായ മാനസികാവസ്ഥയിലേക്ക് നയിക്കുന്നു. വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധം തെറ്റല്ല എന്ന വിധത്തിലുള്ള സന്ദേശം പ്രചരിപ്പിക്കുന്ന ചാനല്‍ ചര്‍ച്ചകളും പത്രവാര്‍ത്തകളും ചില വനിതാ മാസികകളിലെ ഫീച്ചറുകളും കുട്ടികളെ ലൈംഗികതയുടെ തെറ്റായ വഴികളിലേക്ക് നയിക്കുകയാണ്.

ക്ലാസ് മുറികള്‍ മാതൃകയാകണം

വിവിധ സാഹചര്യങ്ങളില്‍നിന്നും കുട്ടികള്‍ മനസിലാക്കുന്ന തെറ്റായ കാര്യങ്ങളെയും അവരുടെ ഉള്ളില്‍ ഉറച്ചുപോകുന്ന തെറ്റായ അറിവുകളെയും തിരുത്താന്‍ വിദ്യാലയങ്ങളില്‍തന്നെ ശരിയായ ലൈംഗിക വിദ്യാഭ്യാസം നല്‍കാന്‍ സാധിക്കണം. അതിന് പാഠ്യപദ്ധതിയില്‍ ലൈംഗികത ഒരു വിഷയമായി ഉള്‍പ്പെടുത്തുകയും പക്വതയോടെ കുട്ടികള്‍ക്കുമുന്നില്‍ ഇക്കാര്യം പറഞ്ഞുനല്‍കാന്‍ പ്രാപ്തരായ അധ്യാപകരുണ്ടാവുകയും വേണം. ബോധവത്കരണം ലൈംഗിക അറിവുകള്‍ പകര്‍ന്നു നല്‍കുന്നതില്‍ ഒതുക്കുന്നതിനപ്പുറം അവര്‍ക്കുനേരെയുണ്ടാകുന്ന ഏതുതരം ചൂഷണവും പ്രതിരോധിക്കാനുള്ള കഴിവുകളെക്കുറിച്ചും ബോധ്യപ്പെടുത്താന്‍ കഴിയണം. മലയാളി സമൂഹം ഒരുപരിധിവരെയെങ്കിലും പിന്തുടരുന്ന കപട സദാചാരത്തിന്‍റെ കുരുക്ക് അഴിച്ചുമാറ്റാന്‍ തുടക്കമിടേണ്ടതും ക്ലാസ്മുറികളില്‍നിന്നുതന്നെ. സമഗ്രവും ആധികാരികവുമായ അവബോധം പ്രദാനം ചെയ്യുന്നതിലൂടെ മാത്രമേ സദാചാര വിരുദ്ധ സമൂഹത്തിനു മാതൃകയാകാനും നമ്മുടെ കുട്ടികള്‍ക്കു കഴിയൂ. കൗമാരകാലത്ത് കുട്ടികളിലുണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍, കൗമാരകാലത്തെ ലൈംഗിക ചിന്തകള്‍, ലൈംഗികത നിയന്ത്രിക്കേണ്ടതിന്‍റെ ആവശ്യം, തെറ്റായ ലൈംഗികത വഴി പകരുന്ന മാരക വിപത്തുകള്‍, ലൈംഗിക വൈകൃതങ്ങള്‍, എതിര്‍ലിംഗത്തോടുള്ള മനോഭാവം, സദാചാരബോധം വളര്‍ത്തേണ്ടതിന്‍റെയും പാലിക്കേണ്ടതിന്‍റെയും ആവശ്യകത തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ കൗമാരപ്രായത്തില്‍തന്നെ കുട്ടികള്‍ക്കു വിശദീകരിക്കേണ്ടതാണ്. ലൈംഗികത സംബന്ധിച്ച് ശരിയായ ബോധം ലഭിക്കാനും മികച്ച രീതിയില്‍ പെരുമാറാനും കുട്ടികള്‍ക്കു കഴിയണം. ഇതിനു പാകമാകുന്ന തരത്തിലുള്ള ലൈംഗിക വിദ്യാഭ്യാസമാണു ക്ലാസ് മുറികളില്‍ നല്‍കേണ്ടത്.

ബോധവത്കരണം അനിവാര്യം

കുട്ടികള്‍ക്കു ശരിയായ ലൈംഗിക വിദ്യാഭ്യാസം പകര്‍ന്നുനല്‍കാന്‍ പരിമിതിയുണ്ടെന്നു വിശ്വസിക്കുന്നവരാണു മാതാപിതാക്കളില്‍ ഏറെയും. പ്രത്യേകിച്ച് കേരള സാഹചര്യത്തില്‍. അതുകൊണ്ടുതന്നെ രക്ഷകര്‍ത്താവിന്‍റെ സ്ഥാനത്തുനിന്നുകൊണ്ട് ഇത്തരം അറിവുകള്‍ ആധികാരികമായി കുട്ടികള്‍ക്കു പകര്‍ന്നു നല്‍കാന്‍ അധ്യാപകര്‍ക്കു മാത്രമേ കഴിയൂ. ജീവിതത്തില്‍ സെക്സിനുള്ള മഹത്തായ സ്ഥാനം എന്താണെന്നു വ്യക്തമായി തിരിച്ചറിയാനും നിയന്ത്രിക്കാനും സഹായകമാകുന്ന രീതിയിലായിരിക്കണം വിവരങ്ങള്‍ അവരെ ധരിപ്പിക്കേണ്ടത്. ലൈംഗികത വിശാലമായ അര്‍ഥത്തില്‍ എല്ലാ ജീവജാലങ്ങളിലുമുള്ള ജീവധര്‍മ്മമാണെന്നു ബോധ്യപ്പെടുത്താന്‍ ശ്രമിക്കണം.

പഠിപ്പിക്കാനും പക്വതവേണം

പാളിപ്പോയാല്‍ വന്‍തോതില്‍ അരാജകത്വം ഉണ്ടാകാമെന്നതിനാല്‍ മറ്റു വിഷയങ്ങളില്‍നിന്നു വ്യത്യസ്തമായി തികഞ്ഞ പക്വതയോടെ മാത്രം കൈകാര്യം ചെയ്യേണ്ടതാണു ലൈംഗിക വിദ്യാഭ്യാസം. ഇത്തരം പാഠ്യപദ്ധതിയിലും നടത്തിപ്പിലും ഏറെ സൂക്ഷ്മതപാലിച്ചില്ലെങ്കില്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകുന്ന ദുരിതാവസ്ഥയിലാകും. ഈ വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ പക്വതയും അവതരണശൈലിയും ഏറെ പ്രധാനമാണ്.

വാര്‍ത്തകള്‍ വാസ്തവമാണ്, അവഗണിക്കരുത്

ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന നിരവധി വാര്‍ത്തകളാണ് ദിവസേന മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. അത് സ്വന്തം വിട്ടീലായാലും അയല്‍വീടുകളിലായും ബന്ധുഗൃഹങ്ങളിലായാലും അരങ്ങേറിയതാകാം. ഈ വാര്‍ത്തകളില്‍ പ്രതിപാദിപ്പിക്കപ്പെടുന്ന ഇരയാക്കപ്പെട്ട കുട്ടികള്‍ക്കു നേരിടേണ്ടിവന്ന ദുരനുഭവംപോലെ, അതേ മാനസികാവസ്ഥതന്നെയാണ് ഇത്തരം വാര്‍ത്തകള്‍ ശ്രവിക്കേണ്ടിവരുന്ന മറ്റുകുട്ടികളുടെയും ഉള്ളില്‍ രൂപംകൊള്ളുന്നത്. അകാരണമായ ഭയം ഉള്‍പ്പടെ, സമാനമായ സാഹചര്യത്തില്‍ അകപ്പെടേണ്ടി വരുമോ എന്ന ആശങ്കയും അവര്‍ക്കുണ്ടായേക്കാം. ഈ സാഹചര്യത്തില്‍ സ്വയം പ്രതിരോധത്തിനായെങ്കിലും വ്യക്തമായ ലൈംഗിക ബോധവത്കരണം കുട്ടികള്‍ക്കു ലഭ്യമാക്കേണ്ടതാണ്. ്ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്‍റെ കേസ് പട്ടിക പരിശോധിച്ചാല്‍ ശിക്ഷിക്കപ്പെട്ട നല്ലൊരു ഭാഗം കുട്ടികളും ലൈംഗിക കുറ്റകൃത്യത്തിനു വിധേയരായവരാണെന്നു മനസിലാക്കാം. ഇതില്‍ ഭൂരിഭാഗം കുട്ടികളും മാതാപിതാക്കളുടെ സംരക്ഷണയില്‍ കഴിഞ്ഞിരുന്നവരാണ്.

വഴിതെറ്റിക്കാന്‍ ആളുണ്ട്; പക്ഷേ വഴിതെറ്റരുതേ..

കൗമാരക്കാരെ, പ്രത്യേകിച്ച് പെണ്‍കുട്ടികളെ വഴിതെറ്റിക്കാന്‍ സമൂഹത്തില്‍ ചില വിഷവിത്തുകള്‍ പതിയിരുപ്പുണ്ടെന്നു ഓര്‍മിക്കുക. അവര്‍ നിങ്ങള്‍ക്കു ചുറ്റുമോ സമൂഹത്തില്‍ എവിടെയെങ്കിലുമോ അല്ലെങ്കില്‍ ഇന്‍റര്‍നെറ്റിലെ അജ്ഞാതയിടങ്ങളിലോ ഒക്കെ ചതിവല നെയ്തു കാത്തിരിക്കുന്നുണ്ടാകാം. വ്യക്തമായ അറിവില്ലായ്മകൊണ്ടുതന്നെ വഴിതെറ്റിക്കാന്‍ ഇക്കൂട്ടര്‍ക്കു വളരെ എളുപ്പമായിരിക്കും. ഇത്തരം ചതികളില്‍ അകപ്പെടാതിരിക്കാന്‍ കൗമാരക്കാര്‍ക്ക് ഹൈസ്കൂള്‍തലത്തില്‍ തന്നെ ബോധവല്ക്കരണ പരിപാടികള്‍ക്കു തുടക്കമിടുന്നത് നന്നായിരിക്കും.

ശരിയായ ആരോഗ്യപരിചരണത്തിന്

സ്വന്തം ശരീരാവയവങ്ങളെക്കുറിച്ചുള്ള വ്യക്തമായ ബോധ്യമുണ്ടാകുന്നതിനൊപ്പം അവ ശുചിത്വത്തോടെ പരിചരിക്കേണ്ടതിന്‍റെ അനിവാര്യതയും ലൈംഗിക രോഗങ്ങള്‍, അവ കാരണം ഉണ്ടാകുന്ന ദുരിതങ്ങള്‍, സാമൂഹിക പ്രശ്ങ്ങള്‍ തുടങ്ങിയവയും കുട്ടികള്‍ തിരിച്ചറിയേണ്ടതുണ്ട്. ആരോഗ്യബോധവത്കരണത്തിലും സാമൂഹ്യസുരക്ഷിതത്വത്തിലും അധിഷ്ഠിതമായ ലൈംഗിക വിജ്ഞാനം ഉള്‍ക്കൊള്ളുന്ന ലക്ഷ്യബോധത്തോടെയുള്ള പാഠ്യപദ്ധതിയാണു ആവിഷ്കരിക്കേണ്ടത്.

സാമൂഹിക അനിവാര്യത

കുട്ടികള്‍ക്കു ലൈംഗികവിജ്ഞാനം നല്‍കുന്നതു അവരുടെ കൗമാരകാലത്തെ ഭംഗിയായി തരണം ചെയ്യുന്നതിനൊപ്പം യൗവനവും വിവാഹജീവിതവുമൊക്കെ വിജയകരമായി ഭവിക്കാന്‍ അതു സഹായകമാകും. എതിര്‍ ലിംഗത്തിലുള്ളവരെ മാന്യമായി കാണാനും സമീപിക്കാനും പക്വത നല്‍കാനും ഇതു സഹായിക്കും. സ്ത്രീ പുരുഷ സമത്വ മനോഭാവം സൃഷ്ടിക്കുന്നതിനും എതിര്‍ലിംഗത്തിലുള്ളവരും തനിക്കു തുല്യരാണെന്നുള്ള പൊതുബോധം നിലനിര്‍ത്തുന്നതിനും സ്കൂളുകളില്‍നിന്നും നേടുന്ന ഈ അറിവ് ഉപകരിക്കുമെന്നതിലും തര്‍ക്കമില്ല. അതോടൊപ്പം തെറ്റായ ചിന്തകളെയും ദുഷ്പ്രവണതകളെയും മനസില്‍നിന്നകറ്റി ശരിയായ സമൂഹജീവിയായി ജീവിക്കാനും ഇതു സഹായിക്കും.

ബോധവത്കരണവും ചികിത്സയും കൗണ്‍സിലിംഗും

അതേസമയം എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി അടക്കമുള്ള ആരോഗ്യ സംവിധാനങ്ങള്‍ സംഘടിപ്പിക്കുന്ന ബോധവത്കരണ ക്ലാസ്സുകള്‍ ഏറെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. ഇച്ഛാശക്തിയുള്ള തലമുറയെ വളര്‍ത്തിയെടുക്കാന്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും സമൂഹത്തിനും ബാധ്യതയുണ്ടെന്ന കാര്യം വിസ്മരിക്കരുത്. തെറ്റായ ലൈംഗിക പ്രവണതകള്‍മൂലം വഴിതെറ്റുന്ന കുട്ടികളില്‍ ഉണ്ടാകുന്ന മാനസികവും വൈകാരികവുമായ പ്രശ്നങ്ങള്‍ നിരവധിയാണ്. ഇവര്‍ക്കു പഠനകാര്യങ്ങളില്‍ ശ്രദ്ധകുറയുകയും ക്രിമിനല്‍വാസനകള്‍ വര്‍ധിക്കുകയും ചെയ്യും. മുതിരുമ്പോള്‍ പീഡനക്കേസുകളിലും പെണ്‍വാണിഭ കുറ്റകൃത്യങ്ങളിലും ഇടപെട്ട് പിടിക്കപ്പെടുകയും സമൂഹത്തില്‍ വെറുക്കപ്പെട്ടവരായി ജീവിക്കേണ്ടിവരുന്ന സാഹചര്യവും ഉണ്ടായിക്കൂടെന്നില്ല. മാത്രമല്ല, വികലമായ ലൈംഗിക ധാരണകള്‍ വച്ചുപുലര്‍ത്തുന്ന കുട്ടികളുടെ ഭാവിയിലെ ദാമ്പത്യജീവിതം പരാജയപ്പെടാന്‍ ഇടയുണ്ടെന്നു മനശാസ്ത്ര വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ചികിത്സ വേണ്ടുന്നവിധത്തില്‍ പെരുമാറ്റ പ്രശ്നങ്ങളും ലൈംഗിക വൈകല്യങ്ങളും പ്രകടിപ്പിക്കുന്ന കുട്ടികളെ നേര്‍വഴിക്ക് നടത്തുന്നതിനായി മനഃശാസ്ത്രജ്ഞരുടെയോ കൗണ്‍സിലര്‍മാരുടെയോ മനോരോഗ വിദഗ്ധരുടെയോ സേവനം പ്രയോജനപ്പെടുത്തേണ്ടതാണ്. ഇവരുടെ അടുത്തേക്ക് ബാല, കൗമാര പ്രായത്തിലുള്ളവര്‍ കൂടുതലായി ചികിത്സ തേടി എത്തുന്നു എന്നതുതന്നെ അവരില്‍ നല്ലൊരുഭാഗവും ചൂഷണങ്ങള്‍ക്കു ഇരയാക്കപ്പെടുന്നു എന്നതിനു തെളിവാണ് ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനെങ്കിലും ദുഷിച്ച ലൈംഗികതയുടെ അപകടങ്ങള്‍ തിരിച്ചറിയാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന വിധത്തില്‍ അവര്‍ക്കു അതിനെക്കുറിച്ചു വ്യക്തമായ ബോധവത്കരണം പകര്‍ന്നു നല്‍കാന്‍ നമുക്കു ശ്രമിക്കാം.

read more
ആരോഗ്യംചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationship

വിവാഹേതര ബന്ധങ്ങൾ പെരുകുന്ന കേരളം

കേരളത്തിലെ കുടുംബകോടതികളില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിവാഹമോചന കേസുകളുടെ എണ്ണം ഓരോ വര്‍ഷവും കുതിച്ചുയരുകയാണ്. എന്തുകൊണ്ട് വിവാഹമോചനം വര്‍ധിക്കുന്നുവെന്ന ചോദ്യത്തിനു ഉത്തരംതേടി അധികം അലയേണ്ടതില്ല. വിവാഹേതരബന്ധങ്ങള്‍ തന്നെയാണ് പ്രധാന കാരണം.

പരസ്പര വിശ്വാസത്തോടെയും സ്നേഹത്തോടെയും ജീവിക്കേണ്ട ദമ്പതികള്‍ ദാമ്പത്യത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങളെ കാറ്റില്‍ പറത്തി മുന്നേറുന്ന കാഴ്ച. അതെ, വിവാഹമോചനങ്ങള്‍ക്കൊപ്പം വിവാഹേതരബന്ധങ്ങളുടെയും സ്വന്തം നാടായി കേരളം മാറുകയാണ്. കാമുകന്‍റെ കൂടെ ജീവിക്കാന്‍ ഭര്‍ത്താവിനെ ക്വട്ടേഷന്‍ കൊടുത്ത് കൊല്ലിച്ച യുവതിയും മുന്‍കാമുകിയോടൊപ്പം ജീവിക്കാന്‍ തടസ്സം നിന്ന ഭാര്യയെ കഴുത്തുഞെരിച്ചുകൊന്ന് കെട്ടിത്തൂക്കുന്ന ഭര്‍ത്താവും വിദേശത്തുള്ള ഭര്‍ത്താവിനെ മറന്ന് തന്നെക്കാള്‍ പ്രായം കുറഞ്ഞ ചെറുപ്പക്കാരനുമായി ഒളിച്ചോടുന്ന വീട്ടമ്മയും ഒരേ കട്ടിലിലില്‍ കിടക്കുന്ന ഭാര്യയെ ഉറക്കികിടത്തി അന്യസ്ത്രീകളുമായി ചാറ്റുചെയ്യുന്ന പുരുഷനുമെല്ലാം ഇന്നു കേരളീയ കുടുംബജീവിതത്തിന്‍റെ നേര്‍സാക്ഷ്യങ്ങളാവുകയാണ്.

ആരുടെ ഭാഗത്താണു ശരി, എവിടെയാണു തെറ്റ് എന്നൊന്നും തിരിച്ചറിയാന്‍ കഴിയാതെ വിവാഹേതരബന്ധങ്ങള്‍ അനസ്യൂതം തുടരുന്ന കാലമാണിത്. ഭര്‍ത്താവും ഭാര്യയും സ്വതന്ത്രരാവുകയും ഇരുവര്‍ക്കും വ്യക്തിഗത വരുമാനങ്ങളും സൗഹൃദങ്ങളും വര്‍ധിക്കുകയും സാങ്കേതികവിദ്യകള്‍ കൂടുതല്‍ സൗകര്യം ഒരുക്കുകയും ചെയ്യുന്നതോടെ കേരളത്തില്‍ അവിഹിതബന്ധങ്ങളുടെ ഗ്രാഫ് ഉയരുന്നുവെന്നാണു പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

മറ്റൊരു സ്ത്രീയോടോ പുരുഷനോടോ തോന്നുന്ന അതിരുകവിഞ്ഞ താല്‍പര്യം എന്തുകൊണ്ട് സ്വന്തം ഭാര്യയോടോ ഭര്‍ത്താവിനോടോ തോന്നുന്നില്ല എന്നതാണ് ഇവിടത്തെ പ്രശ്നം. അവിഹിതബന്ധങ്ങള്‍ ഒരിക്കലും ഹിതമല്ല എന്നിരിക്കെ അതു കുടുംബാന്തരീക്ഷത്തെ പൂര്‍ണമായും തളര്‍ത്തുകയും തകര്‍ക്കുകയും ചെയ്യുമെന്ന് ആരും ചിന്തിക്കുന്നില്ല.

പിന്നൊരിക്കലും കെട്ടിപ്പെടുക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കും ചിലപ്പോള്‍ ചിരകാല വേര്‍പിരിയലിലേക്കും അതുനയിക്കുമെന്നിരിക്കെ അവിഹിതബന്ധത്തിനു നിങ്ങള്‍ക്കു കൂട്ടൊരിക്കിയവര്‍പോലും ഇത്തരം പ്രതിസന്ധിയില്‍ കൂടെ ഉണ്ടായിരിക്കണമെന്നില്ല. വിവാഹേതരബന്ധങ്ങളില്‍ കുടുങ്ങി സ്വന്തം കുടുംബജീവിതം തന്നെ അപകടത്തിലാകുന്ന അവസ്ഥയില്‍ പരിഹാരംതേടി കൗണ്‍സിലിംഗ് സെന്‍ററുകളെ സമീപിക്കുന്ന സ്ത്രീ പുരുഷന്‍മാരുടെ എണ്ണവും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.

കുടുംബജീവിതത്തിന്‍റെ നിര്‍വചനങ്ങള്‍ തിരുത്തുന്ന കാലം

കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ സാമൂഹ്യാവസ്ഥയിലുണ്ടായ മാറ്റം കേരളത്തിലെ കുടുംബാന്തരീക്ഷത്തിന്‍റെ കെട്ടുറപ്പിനെ തന്നെ മാറ്റികഴിഞ്ഞു. സമൂഹത്തെക്കാള്‍ വ്യക്തിക്കാണു പ്രാധാന്യമെന്ന അവസ്ഥ കൈവരികയും ലൈംഗിക സ്വാതന്ത്ര്യം അവകാശമായി പുതുതലമുറ ചിന്തിക്കുകയും ചെയ്തു തുടങ്ങി. ആണ്‍,പെണ്‍ വ്യത്യാസമില്ലാതെ സാമ്പത്തിക സ്വയംപര്യാപ്തകൂടി കൈവന്നതോടെ സ്വാതന്ത്ര്യം ആര്‍ക്കും എവിടെയും എപ്പോഴും ആഘോഷിക്കാവുന്ന അവസ്ഥയിലെത്തി.

പൊതുനിരത്തില്‍ പരസ്പരം ചുംബിക്കാനുള്ള അവകാശത്തിനുവേണ്ടി പോരാടുന്ന യുവതലമുറ ദാമ്പത്യം എന്ന പവിത്രമായ സങ്കല്‍പത്തെതന്നെ തല്ലിതകര്‍ക്കുകയാണ്. ജോലിസ്ഥലത്തും പുറത്തും അന്യപുരുഷനും അന്യസ്ത്രീക്കും പരസ്പരം ഇടപെഴകാനും ആഘോഷിക്കാനുമുള്ള സാഹചര്യങ്ങള്‍കൂടി വര്‍ധിച്ചതോടെ കുടുംബം എന്നത് രണ്ടാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

കാണാമറയത്തിരുന്നു പരസ്പരം കണ്ടുസംസാരിക്കാവുന്ന വിധത്തിലേക്കു സാങ്കേതികവിദ്യ വളരുകയും ജോലിത്തിരക്കുകളുടെയും മാനസിക പിരിമുറുക്കങ്ങളുടെയും ഇടയില്‍ ദമ്പതികള്‍ തമ്മിലുള്ള ആശയവിനിമയം കുറഞ്ഞുപോയതും വിവാഹേതരബന്ധങ്ങള്‍ക്കു വഴിയൊരുക്കി. സ്വകാര്യസ്ഥാപനങ്ങളിലെ ഷിഫ്റ്റ് സമ്പ്രദായം തമ്മില്‍ കാണാന്‍ കഴിയാത്ത അവസ്ഥയിലേക്കു ദമ്പതികളെ കൊണ്ടെത്തിച്ചു. വിവാഹേതര ബന്ധങ്ങള്‍ നാട്ടിന്‍ പുറങ്ങളില്‍ ഇന്നു വാര്‍ത്തകളാണെങ്കില്‍ നഗരങ്ങളില്‍ ഇന്ന് അതൊരു കേള്‍വിവാക്കുപോലും അല്ലാതായിരിക്കുന്നു.

വിവാഹേതരബന്ധങ്ങളുടെ സ്വന്തം കേരളം

ഭാര്യാഭര്‍ത്താക്കന്‍മാരുടെ വിവാഹേതര ബന്ധങ്ങള്‍ കേരളത്തില്‍ അടുത്ത കാലത്തായി വര്‍ദ്ധിച്ചു വരുകയാണ്. പരസ്പരം മടിയോ മറയോ ഇല്ലാതെ ഭാര്യയും ഭര്‍ത്താവും പരസ്പരം അവിഹിത ബന്ധങ്ങള്‍ ആസ്വദിക്കുന്ന സാഹചര്യത്തില്‍വരെ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. ഇത്തരത്തില്‍ ഒരുവശത്ത് സദാചാര സംസ്കാരം തന്നെ തകര്‍ന്നടിയുമ്പോള്‍ മറ്റൊരുവശത്തു ഭര്‍ത്താവിന്‍റെയും ഭാര്യയുടെയും വഴിവിട്ട ബന്ധങ്ങള്‍ ഏറുകയാണ്.

പണ്ടൊക്കെ ദാമ്പത്യത്തിലെ സ്വരച്ചേര്‍ച്ചകള്‍ ബന്ധുക്കളോടു പങ്കുവയ്ക്കുമായിരുന്നെങ്കില്‍ അണുകുടുംബങ്ങളിലേക്കു ജീവിതം പറിച്ചുനട്ടതോടെ ചിന്തകളും വിചാരങ്ങളും പ്രശ്നങ്ങളും പങ്കുവയ്ക്കാന്‍, പ്രത്യേകിച്ചു കുടുംബിനികളായ സ്ത്രീകള്‍ക്ക് ഒരിടം ഇല്ലാതെ വന്നിരിക്കുന്നു. ഫേസ്ബുക്കിലും വാട്സ്ആപ്പിലും ഫീലിങ് സാഡും ഫീലിങ് ആന്‍ഗ്രിയും പോലുള്ള സ്റ്റാറ്റസുകള്‍ അപ്ഡേറ്റ്ചെയ്യുന്നവരെ ആശ്വസിപ്പിക്കാന്‍ നൂറുകണക്കിനു അപരിചിതര്‍ വാട്സ് റോങ് വിത്ത് യു എന്നു ചോദിച്ചെത്തുന്ന കാലമാണിത്.

ഇവരുടെ വഴിവിട്ടുള്ള ആശ്വാസ സാമിപ്യത്തില്‍ അകപ്പെട്ടുപോയി കഴിഞ്ഞാല്‍ പലപ്പോഴും അത് അരുതാത്ത ബന്ധത്തിലേക്കു നയിക്കാനാണു സാധ്യത. പിന്നീടൊരിക്കല്‍ അവിഹിത ബന്ധത്തിനു തടസ്സം നേരിടുമ്പോള്‍ അയച്ച മെസ്സേജുകളും നഗ്നചിത്രങ്ങളും കാട്ടി ഭീഷണിപ്പെടുത്തുന്നതും പലരും നേരിട്ട ദുരനുഭവമാണ്.

അവിഹിതബന്ധങ്ങള്‍ പ്രധാനകാരണം

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കേരള പൊലിസ് രജിസ്റ്റര്‍ ചെയ്തത് ആറായിരത്തിലേറെ ഒളിച്ചോട്ട കേസുകളാണ്. ഇതില്‍ അറുപത്തിയഞ്ച് ശതമാനത്തോളംപേരും വിവാഹിതരായ സ്ത്രീകളാണ്. മുപ്പത്തിയഞ്ച് ശതമാനം മാത്രമാണു അവിവാഹിതരായ പെണ്‍കുട്ടികളുടെ നിരക്ക്. വിവാഹിതരായ സ്ത്രീകളില്‍ പതിനഞ്ചു ശതമാനവും തങ്ങളെക്കാള്‍ പ്രായം കുറഞ്ഞ യുവാക്കളോടൊപ്പമാണു ഒളിച്ചോടിയത്.

ഇതില്‍ പത്തുശതമാനവും ഒന്നോ രണ്ടോ കുട്ടികളുടെ അമ്മമാരാണ്. നൊന്തു പ്രസവിച്ച മക്കളെ വരെ ഉപേക്ഷിച്ചാണു പല അമ്മമാരുടെയും ഒളിച്ചോട്ടം. മരുമകളോ മകളോ ഒളിച്ചോടിയതിന്‍റെ പേരില്‍ വീടുവിറ്റ് നാട്ടില്‍നിന്നുതന്നെ പലായനം ചെയ്യേണ്ടിവന്ന കുടുംബങ്ങളും നിരവധി. വിവാഹമോചന നിരക്കില്‍ മുന്നില്‍ നില്‍ക്കുന്ന കേരളം വിവാഹേതരബന്ധം മുഖേനയുള്ള ഒളിച്ചോട്ട കണക്കുകളിലും മുന്നിലെത്താന്‍ മത്സരിക്കുകയാണ്. ഒരുവര്‍ഷം മുപ്പതിനായിരത്തിലേറെ വിവാഹമോചന കേസുകളാണു കുടുംബകോടതിയുടെ പരിഗണനയിലെത്തുന്നത്. അവിഹിതബന്ധങ്ങളാണ് ഇതില്‍ മിക്ക കേസുകളിലെയും പ്രധാന കാരണം.

എന്തുകൊണ്ട് വിവാഹേതര ബന്ധങ്ങള്‍?

സ്വന്തം പങ്കാളിയില്‍നിന്നുള്ള മാനസികവും ശാരീരികവുമായ പരിചരണവും ശ്രദ്ധയും യഥാസമയം ലഭിക്കാതെ വരുമ്പോഴോ പങ്കാളിയില്‍നിന്നും അവഗണിക്കപ്പെടുന്നുവെന്ന തോന്നലുണ്ടാകുമ്പോഴോ ആണ് പലരും വിവാഹേതര ബന്ധങ്ങളിലേക്കു വഴുതിവീഴുന്നത്.

കിടപ്പറയിലെ പ്രശ്നങ്ങളും ഇതിനു ഒരു പരിധിവരെ കാരണമാകാം. ആഗ്രഹിക്കുന്ന സമയത്ത് പരിഗണനയും സ്നേഹവും ലഭിക്കാതെ വരുമ്പോള്‍ മനസ്സുകൊണ്ട് മറ്റൊരാളെ തിരഞ്ഞുപോകാം. അത്തരം വീര്‍പ്പുമുട്ടലുകളില്‍ അപ്രതീക്ഷിതമായെത്തുന്ന പരിചയക്കാരില്‍ ആകൃഷ്ടരാകപ്പെട്ടുവെന്നും വരാം. അവിടെ സ്വന്തം കുടുംബത്തെക്കുറിച്ചോ സമൂഹത്തെക്കുറിച്ചോ ഒന്നും ചിന്തിച്ചുവെന്നും വന്നേക്കില്ല.

ഈ അപ്രതീക്ഷിത സൗഹൃദം വഴിവിട്ടബന്ധമായി കലാശിക്കാന്‍ അധികം വൈകേണ്ടതില്ല. വിവാഹേതര ബന്ധങ്ങള്‍ക്കു അവഗണന ഒരു കാരണമാണെങ്കില്‍ ലൈംഗികമായോ ശാരീരികമായോ മാനസികമായോ പങ്കാളിയില്‍നിന്നും നിരന്തരം അനുഭവിക്കേണ്ടിവരുന്ന പീഡനമാണു മറ്റൊരു വസ്തുത.

കൂടാതെ തന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കു പങ്കാളിയില്‍നിന്നും വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ വരുമ്പോള്‍, തീര്‍ത്തും ഒറ്റപ്പെടുന്ന അവസ്ഥയില്‍ അവനോ അവളോ മറ്റൊരാളോട് മനസ് തുറക്കാന്‍ ശ്രമിക്കാനും ഇടയുണ്ട്. ഇങ്ങനെ വന്നുചേരുന്ന സുഹൃത്തുക്കളില്‍ അന്യന്‍റെ കുടുംബപരാജയങ്ങള്‍ മുതലെടുക്കാന്‍ ശ്രമിക്കുന്ന ഒരു ന്യൂനപക്ഷമെങ്കിലും ആശ്വാസം പകരുന്നുവെന്ന വ്യാജേന കിട്ടിയ അവസരം മുതലെടുക്കുന്ന സംഭവങ്ങളും വിരളമല്ല.

വിരുന്നെത്തിയ സുഹൃത്തിനു ഹൃദയം കൈമാറികഴിയുമ്പോള്‍ സ്വന്തം പങ്കാളിയോട് തീര്‍ത്തും പകയും വെറുപ്പും വിദ്വേഷവും തുടങ്ങാന്‍ കാലതാമസമുണ്ടാകില്ല. ജോലിയുമായി ബന്ധപ്പെട്ടു ഭര്‍ത്താവ് ദൂരസ്ഥലത്തായിരിക്കുമ്പോള്‍ നേരംപോക്കിന് തുടങ്ങുന്ന ഫോണ്‍, ചാറ്റിങ് ബന്ധം ഭര്‍ത്താവ് തിരികെയെത്തുമ്പോള്‍ പിടിക്കപ്പെടുന്നതും ദീര്‍ഘനാളുകള്‍ക്കുശേഷം ഭര്‍ത്താവ് മടങ്ങിയെത്തുമ്പോള്‍ അതുവരെ തുടര്‍ന്നുവന്നിരുന്ന അവിഹിതബന്ധം മുറിഞ്ഞുപോകുമോയെന്ന ഭയമൂലം ഒളിച്ചോടിപ്പോകുന്നതും കേരളത്തിലെ അനുഭവങ്ങളാണ്. അതേസമയം പുരുഷന്‍മാരെ വിവാഹേതരബന്ധത്തിനു പ്രേരിപ്പിക്കുന്ന നിരവധി സ്ത്രീകളും ഇവിടെയുണ്ട്.

മാന്യമായി ജീവിക്കുന്ന പുരുഷന്‍മാരെയാണ് ഇത്തരക്കാര്‍ വലയില്‍ കുടുക്കുന്നത്. ഇവരുടെ സ്വാധീനത്തില്‍ വശംവദരായി തീര്‍ന്നു കഴിഞ്ഞാല്‍ ആത്യന്തികമായി അവര്‍ക്കു നഷ്ടപ്പെടുന്നതു സ്വന്തം കുടുംബം തന്നെയായിരിക്കും. ഈ പുരുഷന്‍മാര്‍ക്ക് അഭിമാന നഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും സാമ്പത്തിക നഷ്ടവും സംഭവിക്കാറുണ്ടെന്നത് മറ്റൊരു യാഥാര്‍ഥ്യം.

കുടുംബ ഘടന വിവാഹതേര ബന്ധങ്ങളുടെ മറ്റൊരു കാരണം

കൂട്ടുകുടുംബങ്ങളില്‍നിന്നും അണുകുടുംബങ്ങളിലേക്കും ഫ്ളാറ്റ് ജീവിതത്തിലേക്കും യൗവനങ്ങളെ പറിച്ചുനട്ടപ്പോള്‍ പ്രത്യേകിച്ചും തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന ഏകാന്തത അവരെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. കമ്പ്യൂട്ടറിലും മൊബൈല്‍ഫോണിലും അഭയം തേടുന്ന അവര്‍ സംസാരിക്കാന്‍ ആരെയും തേടിപ്പോയേക്കാം. തന്നെ കേള്‍ക്കാനും പ്രശ്നങ്ങള്‍ തുറന്നു സംസാരിക്കാനും ഇത്തരത്തില്‍ തേടുന്ന സൗഹൃദങ്ങളുടെ അങ്ങേത്തലക്കല്‍ തൊണ്ണൂറു ശതമാനവും ചതിക്കുഴികളായിരിക്കും.

ഈ സാഹചര്യത്തില്‍ അവരെ തിരുത്താനോ നല്ല വഴി ഉപദേശിക്കാനോ ആരും കൂടെയില്ലാത്തത് കുടുംബബന്ധങ്ങള്‍ തകര്‍ക്കുന്ന അവസ്ഥയിലെത്തിക്കും. അതേസമയം ഇന്ന് നല്ലൊരുഭാഗം സ്ത്രീകളും സ്വയംപര്യാപ്തരാണ്. അവരവുടെ ജീവിതത്തിനുവേണ്ട വരുമാനം അവര്‍ ജോലിചെയ്തുണ്ടാക്കുന്നു. സ്വന്തം ആവശ്യങ്ങള്‍ക്കായി ഒറ്റക്ക് പുറത്തുപോകുന്നു. ആരെ സുഹൃത്തായി സ്വീകരിക്കണമെന്നോ ആരോട് എന്ത് സംസാരിക്കണന്നോ അവര്‍ സ്വയം നിശ്ചയിക്കുന്നു. അവരുടെ സ്വകാര്യതയില്‍ ഭര്‍ത്താവിനുപോലും റോള്‍ ഇല്ലാതെ വരുന്നു. കുടുംബം എന്നത് ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള മനസിലാക്കല്‍ ആണെന്നിരിക്കേ പരസ്പരം പങ്കുവയ്ക്കാന്‍ കഴിയാത്ത ഈ സ്വയംപര്യാപ്തതയും അപകടം തന്നെയാണ്.

കാരണങ്ങള്‍ നിങ്ങളുടേത് മാത്രമാണ്

വിവാഹേതര ബന്ധങ്ങളിലേക്കു വഴുതിവീഴുന്നവര്‍ക്കു അവരവരുടേതായ കാരണങ്ങള്‍ ഉണ്ടാകാം. ആ കാരണങ്ങള്‍ അവരെ സംബന്ധിച്ചു ആ ബന്ധത്തെ ന്യായീകരിക്കാനുള്ള ഉപാധിമാത്രമാണെന്നു ഓര്‍മിക്കുക. നിങ്ങളുമായി ബന്ധമുള്ള ഒരു കുടുംബത്തെയോ സാമൂഹിക അവസ്ഥയേയോപോലും അത് തകര്‍ത്തുകളയും. വിവാഹേതര ബന്ധങ്ങള്‍ ഒരുതരത്തിലും നല്ലതല്ല. പരസ്പരം പൊരുത്തപ്പെടാന്‍ ഒരു രീതിയിലും കഴിയാത്ത സാഹചര്യത്തില്‍മാത്രം നിയമപരമായി ആ വിവാഹബന്ധം വേര്‍പെടുത്തിയശേഷം മറ്റൊരാളെ നിയമപരമായിതന്നെ ജീവിതത്തിലേക്കു ക്ഷണിക്കുന്നതിനെക്കുറിച്ച് ആലോചിക്കാം.

വിവാഹിതരായിരിക്കേ ഒന്നിലേറെ പങ്കാളികളിലേക്കു ജീവിതം പറിച്ചുനടുന്ന പ്രവണത പാടില്ല. വിവാഹേതരബന്ധങ്ങളും തുടര്‍ന്നുള്ള ഒളിച്ചോട്ടവുമെല്ലാം കടുത്ത നിയമക്കുരുക്കുകളിലേക്കും സാമൂഹിക പ്രത്യാഘാതങ്ങളിലേക്കും വഴിവെക്കുമെന്നിരിക്കെ അത്തരം ശ്രമങ്ങള്‍ക്കു മുതിരാതിരിക്കുന്നതു തന്നെയാണ് ഉത്തമം. വിവാഹവും കുടുംബജീവിതവുമെല്ലാം വെറും ലൈംഗികതക്കുവേണ്ടി മാത്രമാകരുത്. വിവാഹത്തിലൂടെ സ്ത്രീയും പുരുഷനും ഒന്നാകുന്നതും കുടുംബജീവിതത്തിനു തുടക്കം കുറിക്കുന്നതും വെറും ലൈംഗിക ഇച്ഛയുടെ പൂര്‍ത്തീകരണത്തിനു മാത്രമല്ലെന്നും മനുഷ്യന്‍റെ വ്യക്തിത്വത്തിന്‍റെ പരിപക്വതക്ക് സഹായിക്കുന്നതാണെന്നും മനസിലാക്കുക.

പുരുഷനും സ്ത്രീയും ഒരുപോലെ കുറ്റക്കാര്‍

സ്വന്തം ഭാര്യയെ വഞ്ചിച്ച് അന്യസ്ത്രീയുടെ പിന്നാലെ പോകുന്ന പുരുഷനും ഭര്‍തൃമതിയായിരിക്കേ അന്യന്‍റെ കിടപ്പറയിലേക്കു പോകുന്ന സ്ത്രീയും ഒരുപോലെ കുറ്റക്കാരാണ്. മിക്ക സന്ദര്‍ഭങ്ങളിലും സ്ത്രീകള്‍ പ്രലോഭനങ്ങള്‍ക്കു വശംവദരാകുകയോ പുരുഷന്‍മാര്‍ അവരെ ഇരയാക്കുകയോ ആണ് ചെയ്യുന്നത്. ഭര്‍ത്താവുമായുള്ള അസ്വാരസ്യങ്ങള്‍ തുറന്നു പറഞ്ഞ് പരിഹരിക്കാനാണു ഭാര്യമാര്‍ ശ്രമിക്കേണ്ടത്. നിങ്ങളുടെ പ്രശ്നങ്ങള്‍ അന്യനാട്ടിലിരിക്കുന്ന ഭര്‍ത്താവിനു അയാളുടെ ജോലിതിരക്കിനിടയില്‍ ചിലപ്പോള്‍ മനസിലായിയെന്നു വരില്ല. അതേസമയം നിങ്ങളെ പ്രലോഭിക്കാനെത്തുന്ന അന്യപുരുഷന്‍മാരെ തിരിച്ചറിയാന്‍ നിങ്ങള്‍ക്കു കഴിയണം. ശക്തമായി പ്രതികരിച്ചാലോ ഭര്‍ത്താവ് ഉള്‍പ്പടെ കുടുംബത്തിലെ മുതിര്‍ന്നവരെ അറിയിച്ചാലോ തന്നെ ഇരയാക്കാന്‍ ശ്രമിക്കുന്ന പരപുരുഷന്‍മാരെ ഒഴിവാക്കാമെന്നിരിക്കേ, ദുര്‍ബല നിമിഷങ്ങളില്‍ അതിനു തയ്യാറാകാതിരിക്കുന്നതാണ് പ്രശ്നം.

പക്ഷേ ചില സാഹചര്യങ്ങളില്‍ സ്ത്രീകളെമാത്രം കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. കുടുംബിനികളായ ഓരോ സ്ത്രീയുടെയും ആവശ്യങ്ങള്‍ വ്യത്യസ്തമാണ്. ഒരാള്‍ക്ക് സാമ്പത്തിക സുരക്ഷയാണ് ആവശ്യമെങ്കില്‍ മറ്റൊരാള്‍ക്ക് ആവശ്യം മാനസിക പിന്തുണയാണ്. മറ്റുചിലര്‍ക്കാകട്ടെ സ്വകാര്യമായ മറ്റുചില താല്‍പര്യങ്ങള്‍. ഇവിടെ അവരുടെ ആവശ്യങ്ങള്‍ മനസിലാക്കാന്‍ ഭര്‍ത്താവിന് കഴിയാത്തതാണു പരാജയം. വിവാഹേതര ബന്ധങ്ങള്‍ക്കു വഴിതെളിക്കുന്നതില്‍ നമ്മുടെ മാധ്യമങ്ങളും ഒരു പങ്കുവയ്ക്കുന്നുണ്ട്. കുടുംബിനികളായ സ്ത്രീകളെ സംബന്ധിച്ചു ടെലിവിഷന്‍ സീരിയലുകള്‍ക്ക് അടിമപ്പെട്ടാണു പലരുടെയും ജീവിതം. ചിലരാകട്ടെ ഇന്നും ചില നിലവാരം കുറഞ്ഞ പ്രസിദ്ധീകരണങ്ങളിലെ പൈങ്കിളി സാഹിത്യത്തിനു പിന്നാലെ പോകുന്നു. അല്‍പംകൂടി വിദ്യാഭ്യാസബോധം ഉയര്‍ന്നവരാണെങ്കില്‍ ഇന്‍റര്‍നെറ്റിനെ കൂട്ടുപിടിക്കുന്നു. സീരിയല്‍ കഥാപാത്രങ്ങള്‍ സംസാരിക്കുന്ന ഭാഷയും പ്രയോഗങ്ങളും സ്വന്തം കുടുംബത്തിലും പകര്‍ത്താന്‍ ശ്രമിക്കുന്നവരും വിരളമല്ല.

വിവാഹേതര ബന്ധങ്ങള്‍ ദുരന്തമാണ്; ഒഴിവാക്കുക

വിവാഹേതര ബന്ധങ്ങളില്‍ തൊണ്ണൂറ്റിയൊമ്പതു ശതമാനവും ദുരന്തമാണ്. അല്ലെങ്കില്‍ നിങ്ങള്‍ക്കു ലഭ്യമായ അറിവുവച്ച് സ്വയം ചിന്തിച്ചുനോക്കുക. താത്കാലിക സന്തോഷത്തിനുവേണ്ടിയുള്ള വഴിവിട്ട ബന്ധങ്ങള്‍ ഭാവിയില്‍ കടുത്ത ദുരന്തങ്ങളാണു സമ്മാനിക്കുക. ചിലപ്പോള്‍ ഒരു നേരംപോക്കിനായി തുടങ്ങുന്ന ബന്ധം കുടുംബാന്തരീക്ഷത്തെ തകര്‍ക്കുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ നിങ്ങള്‍ പകച്ചുനില്‍ക്കേണ്ടി വരും. അവിടെ സ്വന്തം കാല്‍ചുവട്ടിലെ മണ്ണുപോലും നഷ്ടപ്പെട്ട് നിങ്ങള്‍ നിസഹായരായി തീരും.

എങ്ങനെ കുടുംബജീവിതത്തിലേക്കു തിരിച്ചുവരാം?

തെറ്റുപറ്റിപ്പോയെന്ന തിരിച്ചറിവ് ഏറെ പ്രധാനമാണ്. അത് പങ്കാളിയോടു തുറന്നു പറയുക. അയാളുടെ മാനസികബോധത്തെ തൃപ്തിപ്പെടുത്താനാകുംവിധം നിങ്ങളുടെ കുറ്റബോധം ആത്മാര്‍ഥമാണെങ്കില്‍ നഷ്ടപ്പെട്ടുവെന്നു കരുതിയ ഒരു കുടുംബാന്തരീക്ഷം നിങ്ങള്‍ക്കു തിരിച്ചെടുക്കാനായേക്കും. ഭര്‍ത്താവിനോടുള്ള തുറന്നു പറച്ചില്‍ ആ വ്യക്തിയുടെ മാനസിക നിലവാരത്തെ ആശ്രയിച്ചിരിക്കുമെന്നിരിക്കേ, അനുകൂല സാധ്യതകള്‍ പൂര്‍ണമായും തള്ളിക്കളയേണ്ടതില്ല. പക്ഷേ ഓര്‍മിക്കുക- വിവാഹേതര ബന്ധത്തില്‍ നിങ്ങള്‍ക്കു തിരിച്ചുവരവ് ഏറെക്കുറെ അസാധ്യമാണ്.

വിവാഹമോചനം, കുട്ടികളുടെ ഭാവി, കുടുംബത്തിന്‍റെ സാമൂഹ്യസ്ഥിതി, ബന്ധുക്കള്‍ക്കുണ്ടാകുന്ന അപമാനം തുടങ്ങി ഒരുപാട് ഘടകങ്ങളെ നിങ്ങളുടെ അനാവശ്യബന്ധങ്ങള്‍ ബാധിക്കുമെന്നതില്‍ സംശയമില്ല. ഭാവിയില്‍ നിങ്ങളുടെ കുട്ടികള്‍ക്കും ഈ വഴി തെരഞ്ഞെടുക്കാന്‍ നിങ്ങള്‍തന്നെ സ്വയം ഒരു ഉദാഹരണമായി തീരുകയാണെന്നും മനസിലോര്‍ക്കുക. ഒളിച്ചോട്ടത്തിലോടെ നിങ്ങള്‍ ഉപേക്ഷിച്ചുപോകുന്ന കുട്ടിയെ നിങ്ങളുടെ പങ്കാളികൂടി കൈവിടുകയാണെങ്കില്‍ അവരുടെ ഭാവി എന്തായിരിക്കുമെന്നുകൂടി ചിന്തിക്കുക.

വിവാഹേതര ബന്ധങ്ങള്‍ എങ്ങനെ ഒഴിവാക്കാം?

* പരസ്പരം ബഹുമാനിക്കുകയും ചെറിയ കാര്യങ്ങളാണെങ്കിലും അഭിനന്ദിക്കുകയും ചെയ്യുക.

* പങ്കാളിയോട് സത്യസന്ധത പുലര്‍ത്തുകയും മന:സാക്ഷിവെടിഞ്ഞു പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുക.

* എല്ലാക്കാലത്തും പരസ്പരം പ്രിയപ്പെട്ടവരാണെന്നു ഓര്‍മിക്കുക.

* തുറന്നു കേള്‍ക്കാനും മനസിലാക്കാനും ഒരുമിച്ചു ചെലവഴിക്കാനും സമയം കണ്ടെത്തുക.

* ഭാര്യയായാലും ഭര്‍ത്താവായാലും വ്യക്തിസ്വാതന്ത്ര്യം പ്രധാനമാണ്. അതിനെ മാനിക്കുക.

* കടുംപിടുത്തം കുടുംബം തകര്‍ത്തേക്കും. അതിനാല്‍ ദുര്‍വാശി ഒഴിവാക്കുക.

* ഏതു വിഷയത്തിലായാലും പരസ്പരം അഭിപ്രായം തേടുന്നത് നല്ലതാണ്. പക്ഷേ അഭിപ്രായങ്ങള്‍ ഒരിക്കലും അടിച്ചേല്‍പ്പിക്കരുത്.

* പരിധിവിട്ട ആഗ്രഹങ്ങള്‍ ഒഴിവാക്കുകയും കൈയിലൊതുങ്ങുന്ന ആഗ്രഹങ്ങള്‍ സാധിക്കാനും ശ്രമിക്കുക. സ്വപ്നങ്ങളും താത്പര്യങ്ങളും പറയാം

* ഒരിക്കലും പങ്കാളിയെ തരംതാഴ്ത്തുകയോ അധിക്ഷേപിക്കുകയോ ചെയ്യരുത്.

* പരാതികളും കുറ്റങ്ങളും മാത്രം പറയുന്നത് വെറുപ്പിലേക്കേ വഴിതെളിക്കുകയുള്ളൂ

* കുറ്റങ്ങള്‍ കണ്ടെത്തിയാല്‍പോലും അത് തിരുത്താന്‍ ശ്രമിക്കുന്ന നല്ലൊരു സുഹൃത്താകുക.

* പങ്കാളിയുടെ സുഹൃത്തുക്കള്‍ ആരാണെന്നു പരസ്പരം അറിയുക. പങ്കാളി അറിയാത്ത ഒരു സുഹൃത്തും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകരുത്.

* സ്വകാര്യത പങ്കാളികള്‍ക്കു ഒരിക്കലും വ്യത്യസ്തമാകരുത്. അവിടെ മറച്ചുവയ്ക്കലുകള്‍ പാടില്ല.

* ഫേസ്ബുക്ക്, വാട്സ് ആപ്പ്, ജിമെയില്‍ അക്കൗണ്ടുകള്‍ സുതാര്യമായിരിക്കുക. പങ്കാളികളില്‍ ആര്‍ക്കും മറ്റൊരാളുടെ അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ കഴിയണം.

* സോഷ്യല്‍ മീഡിയ സൗഹൃദങ്ങള്‍ക്കു പരിധി നിശ്ചയിക്കുക. സ്വന്തം കുടുംബത്തിന്‍റെ കഥപറയാനോ പങ്കാളിയുടെ കുറ്റങ്ങള്‍ പറയാനോഉള്ള ഇടമല്ല സോഷ്യല്‍ മീഡിയയെന്ന മനസിലാക്കുക.

ഓര്‍മിക്കാന്‍ മറ്റുചിലതുകൂടി

വിവാഹ ജീവിതത്തിലേക്കു പ്രവേശിക്കുന്നവര്‍ നിര്‍ബന്ധമായും പ്രീമാരിറ്റല്‍ കൗണ്‍സിലിങിനു വിധേയമായിരിക്കണം. കുടുംബജീവത്തെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ പരിഹരിക്കുന്നതിനും കുടുംബത്തെ എങ്ങനെ മുന്നോട്ടു നയിക്കണം എന്നതിനെക്കുറിച്ചും വ്യക്തമായ രേഖാചിത്രം ഇത്തരം കൗണ്‍സിലിങ് ക്ലാസുകള്‍ നിങ്ങള്‍ക്കു നല്‍കും. വിവാഹത്തിനുമുമ്പ് പൂര്‍ണമായ ലൈംഗിക വിദ്യാഭ്യാസം നേടിയിരിക്കാന്‍ ശ്രമിക്കുക. ലൈംഗികമായ അറിവില്ലായ്മകളും തെറ്റിദ്ധാരണകളും അസംതൃപ്തമായ ജീവിതത്തിലേക്കു നയിക്കുമെന്നതിനാല്‍ വിവാഹേതരബന്ധങ്ങളിലേക്കു പങ്കാളി ചിന്തിച്ചുവെന്നുവരാം. മറ്റൊന്നു തന്‍റെ പങ്കാളിക്ക് അവിഹിതബന്ധമുണ്ട് എന്നറിയുന്നത് ചിലപ്പോള്‍ ചിലരെയെങ്കിലും മാനസികമായും തളര്‍ത്തിയേക്കാം. ഒന്നുകില്‍ താന്‍ വഞ്ചിക്കപ്പെട്ടുവെന്ന തിരിച്ചറിവോ അല്ലെങ്കില്‍ പങ്കാളിയെ തൃപ്തിപ്പെടുത്തുന്നതില്‍ താന്‍ പരാജയമാണെന്ന ബോധമോ വിഷാദരോഗം പോലെയുള്ള മാനസികാവസ്ഥയിലേക്കും നയിച്ചേക്കാം. സ്വന്തം വ്യക്തിത്വംപോലും നഷ്ടപ്പെട്ടുവെന്ന അവസ്ഥയില്‍ അവര്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചാലും കുറ്റപ്പെടുത്തേണ്ടതില്ല. വിവാഹേതരബന്ധങ്ങള്‍ ലൈംഗികരോഗങ്ങള്‍ അടക്കമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കും വഴിതെളിക്കും. മറ്റൊന്നു അവിഹിതബന്ധത്തിനു നിങ്ങളെ ഇരയാക്കപ്പെടുന്ന ആള്‍ പണത്തിനോ സ്വത്തിനോ ശരീരത്തിനോ വേണ്ടി തുടര്‍ന്നു നടത്തുന്ന ബ്ലാക്ക് മെയിലിങ്. അവിടെയും എല്ലാത്തരത്തിലും നഷ്ടം നിങ്ങള്‍ക്കു മാത്രമാകും. ഒരു പങ്കാളിയെ മാത്രം ജീവിതത്തില്‍ കരുതുന്നത് വ്യക്തിജീവിതത്തിന്‍റെ ഉയര്‍ച്ചക്കും വ്യക്തിത്വവികസനത്തിനും ഉത്തമമാണെന്നും ഏതു പ്രശ്നങ്ങളിലും ഒരു ഉറച്ച സപ്പോര്‍ട്ട് ഉണ്ടാകുന്നതിനു സഹായകമാണെന്നും മനസ്സില്‍ കുറിക്കുക. അവിഹിതബന്ധങ്ങള്‍ ഒരിക്കലും നിങ്ങളുടെ നല്ലതിനാകില്ല എന്നു ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിച്ചുകൊണ്ട് നിര്‍ത്തട്ടെ.

read more
ആരോഗ്യംവൃക്തിബന്ധങ്ങൾ Relationship

അമ്മായിയമ്മയെ അമ്മയായി കരുതാം

അമ്മായിയമ്മ മരുമകളെയും മരുമകള്‍ അമ്മായിയമ്മയെയും ശത്രുവായി കരുതേണ്ടതില്ല. പരസ്പരം മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാം.

ഓര്‍മ്മവച്ച നാള്‍മുതല്‍ കേട്ടു പരിചയിച്ചതും വായിക്കാന്‍ തുടങ്ങിയ ശേഷം വായിച്ചു പഴകിയതും ദൃശ്യമാധ്യമങ്ങളില്‍ കണ്ടു ശീലിച്ചതുമായ ഒന്നാണ് څഅമ്മായിയമ്മ-മരുമക്കള്‍ പോര്‍چ. വളരെ കുറച്ചു കുടുംബങ്ങളില്‍ മാത്രം പ്രകടമാകുന്ന ഈ വൈരം ധാരാളം പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ഭാവനയില്‍ വികസിപ്പിച്ചെടുക്കുന്ന ചിത്രങ്ങള്‍. ഇപ്പോള്‍ പൊതുവായി ടി.വി സീരിയലുകളില്‍ കണ്ടുവരുന്നവ മനസ്സില്‍ പതിയുന്നതാകാം. ഇപ്പോള്‍ ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരാന്‍ കാരണം.

ഭര്‍ത്താവിനെ രക്ഷകനായി കരുതാം

കല്യാണം കഴിഞ്ഞ് വരന്‍റെ വീട്ടിലേക്ക് വരുന്ന പെണ്‍കുട്ടിക്ക് അവിടെ ആരുമായും പരിചയമോ, ബന്ധമോ ഉണ്ടാകാറില്ല. അതുകാരണം തന്നെ വിവാഹം കഴിച്ചയാളാണ് തന്‍റെ രക്ഷകന്‍ എന്ന വിശ്വാസത്തിലാണവള്‍ അവിടെയെത്തുന്നത്. സാവധാനം ചുറ്റുപാടുകള്‍ മനസ്സിലാക്കി അതുമായി പൊരുത്തപ്പെട്ടു പോകുന്നവരാണ് അധികവും. രണ്ട് വ്യത്യസ്ഥ സാമൂഹിക സാഹചര്യങ്ങളിലുള്ള വ്യക്തികളാണെങ്കില്‍ ഈ പൊരുത്തപ്പെടലുകള്‍ എളുപ്പമല്ല, ഇവിടെ ഒരു കൂട്ടര്‍ക്ക് ഒരു തരം മാനസികമായ അപകര്‍ഷതാബോധം ഉടലെടുക്കുന്നത് കണ്ടുവരുന്നു.

താന്‍ ഭര്‍ത്താവിന്‍റെ / ഭാര്യയുടെ വീട്ടുകാരെക്കാള്‍ കുറഞ്ഞ സാമൂഹ്യ സ്ഥിതിയില്‍ നിന്നു വരുന്നതുകൊണ്ട് തന്നെ വേണ്ട വിധം അംഗീകരിക്കുന്നില്ല എന്ന തോന്നലാണ് ഇതില്‍ പ്രധാനം. ഇങ്ങനെയുള്ള വീടുകളില്‍ അമ്മായിയമ്മ ചെയ്യുന്നതെല്ലാം കുറ്റമായും പറയുന്നതെല്ലാം തന്നെ കുറ്റപ്പെടുത്തുന്നതിന് പറയുന്നതായും മരുമകള്‍ക്ക് / മകന് തോന്നും. ഇവിടെ നിന്നാണ് മിക്കവാറും ഉരസല്‍ തുടങ്ങുക. ഭാര്യയുടെ അല്ലെങ്കില്‍ ഭര്‍ത്താവിന്‍റെ മുനവച്ചുള്ള സംസാരത്തില്‍ അവരോടൊപ്പം നല്‍ക്കാനോ അമ്മയെ കുറ്റപ്പെടുത്തുവാനോ ന്യായീകരിക്കുവാനോ കഴിയാത്ത അവസ്ഥിലാകും ഭര്‍ത്താവ് / ഭാര്യ. തന്നോടൊപ്പം നില്‍ക്കേണ്ട ഭര്‍ത്താവ് തന്നെ ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നില്ലെന്നു മനസ്സിലാക്കുന്ന ഭാര്യ വര്‍ദ്ധിച്ച വീര്യത്തോടെ അമ്മായിയമ്മയെ എതിര്‍ക്കാന്‍ തുടങ്ങും.

ഈഗോ തുടങ്ങുന്നു

മകനോ മകളോ ഉള്ള അമ്മമാര്‍ക്ക് തന്‍റെ കുട്ടി വളരെ പ്രധാനപ്പെട്ടതാണ്. ആ കുട്ടിക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതിരിക്കാന്‍ അവര്‍ അമിത ശ്രദ്ധ ചെലുത്തും. ഇത്തരം അമ്മമാരെ മരുമക്കള്‍ കാണുന്നത് നിത്യ ശല്യമായിട്ടായിരിക്കും. എന്‍റെ ഭര്‍ത്താവിനെ നോക്കാന്‍ എനിക്കറിയില്ലേ. ഞങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ അമ്മായിയമ്മയ്ക്കെന്തു കാര്യം? എന്ന രീതിയിലായിരിക്കും പ്രതികരണം. ഇത് ചില അമ്മായിയമ്മമാരുടെ വാശി കൂട്ടുകയും ബന്ധങ്ങള്‍ പാളിപ്പോകുകയും ചെയ്യും.

ഇതിനിടയില്‍പ്പെട്ടുപോകുന്ന മകനോ മകളോ ആണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത്. ഒരു പക്ഷവും പിടിക്കാനാവാതെ രണ്ടു കൂട്ടരെയും പിന്‍തുണയ്ക്കാനും തള്ളാനും കഴിയാതെ ത്രിശങ്കുവില്‍ നില്‍ക്കേണ്ടിവരുന്നവര്‍.

ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഭാര്യയും ഭര്‍ത്താവും പരസ്പരം മനസ്സിലാക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഇതിനായി അവര്‍ മാത്രമായി കുറെ സമയമെങ്കിലും ചെലവിടുകയും പരസ്പരം സംസാരിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. വിവാഹം കഴിഞ്ഞയുടനെയുള്ള കുറച്ചുനാളുകളെങ്കിലും ഇവര്‍ മാത്രമായി താമസിക്കുക എന്നത് പരസ്പരം മനസ്സിലാക്കുന്നതിനും പൊരുത്തപ്പെടുന്നതിനും ഏറെ സഹായകമാണ്. അതിനുശേഷം ഇവര്‍ ആരുടെയെങ്കിലും മാതാപിതാക്കളോടൊപ്പം കഴിഞ്ഞാല്‍ അധികം പ്രശ്നങ്ങള്‍ ഉണ്ടാകാനിടയില്ല.

മാതാപിതാക്കള്‍ മനസ്സിലാക്കണം

വ്യത്യസ്ത സാമൂഹിക പശ്ചാത്തലത്തില്‍ നിന്നു വരുന്ന മരുമകളില്‍/മരുമകനില്‍ വിശ്വാസം വളര്‍ത്തിയെടുക്കാനുതകുന്ന രീതിയിലാ യിരിക്കണം മാതാപിതാക്കള്‍ പെരുമാറേണ്ടത്. ഭാര്യയുടേയോ ഭര്‍ത്താവിന്‍റെയോ രക്ഷകര്‍ത്താക്കളില്‍ തങ്ങളോട് താത്പര്യം ജനിപ്പിക്കുക എന്നതാണ് പുതിയതായി വിവാഹം കഴിഞ്ഞെത്തുന്നവര്‍ ശ്രദ്ധിക്കേണ്ടത്. രണ്ടു വീടുകളും തങ്ങളുടേതാണെന്ന തോന്നല്‍ മനസ്സില്‍ നിര്‍ബന്ധമായും ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞാല്‍ കൂട്ടുകുടുംബത്തിലും ജീവിതം സന്തോഷകരമായിരിക്കും.

തങ്ങളുടെ മകനോ മകളോ കല്യാണം കഴിഞ്ഞാല്‍ അവരുടെ സ്വകാര്യതകള്‍ മാനിക്കപ്പെടേണ്ടതാണെന്നും മാതാപിതാക്കള്‍ അംഗീകരിക്കണം. വിവാഹത്തിനു മുമ്പ് അവരുടെ കാര്യങ്ങളില്‍ ഇടപെട്ടിരുന്നതുപോലെ അതു കഴിഞ്ഞും ഇടപെടാന്‍ ശ്രമിക്കരുത്. തെറ്റുകള്‍ കണ്ടാല്‍ ചൂണ്ടിക്കാണിക്കണം. പക്ഷേ, അത് കുറ്റപ്പെടുത്തലിന്‍റെ രീതിയിലാകരുത്. തെറ്റുകള്‍ കണ്ടാല്‍ ചൂണ്ടികാണിക്കണം. പക്ഷേ, അത് കുറ്റപ്പെടുത്തലിന്‍റെ രിതിയിലാകരുത്, ശാസന അതിരുവിടാതിരിക്കാനും ശ്രദ്ധിക്കണം. പ്രത്യേകിച്ച് മകന്‍റെയോ, മകളുടെയോ ജീവിതപങ്കാളിയുടെ മുന്നില്‍ വച്ച്.

ആശയവിനിമയം വേണം

ജനിച്ച നാള്‍ മുതല്‍ ഇത്രയും കാലം വളര്‍ത്തി വലുതാക്കിയ അച്ഛനും അമ്മയ്ക്കും വിവാഹം കഴിഞ്ഞതുകൊണ്ട് തങ്ങളുടെ മകന്‍/മകള്‍ വലുതായി സ്വയം പര്യാപ്തനായി എന്ന് ഒരു രക്ഷാകര്‍ത്താവും വിചാരിക്കില്ല. അവര്‍ക്ക് തുടര്‍ന്നും തങ്ങളുടെ സഹായം അല്ലെങ്കല്‍ സംരക്ഷണം ആവശ്യമുണ്ട് എന്നാണ് ഭൂരിഭാഗവും കരുതുന്നത്. ഇത് മനസ്സിലാക്കി പെരുമാറാന്‍ കഴിഞ്ഞാല്‍ വലിയ ഒരളവുവരെ പ്രശ്നങ്ങള്‍ ഒഴിവായിക്കിട്ടും. ഇരുകൂട്ടരുടെയും രക്ഷാകര്‍ത്താക്കളുമായി തുറന്നു സംസാരിക്കുക, അവരെ അന്യരായി കാണാതിരിക്കുക, അവര്‍ക്ക് അവരുടെ കുട്ടിയുടെ മേലുള്ള വാത്സല്യവും സ്നേഹവും അംഗീകരിക്കുക എന്നിവയാണ് സമാധാന ജീവിതത്തിന് ഉതകുന്നത്.

ഏറ്റവും പ്രധാനം ഭാര്യയും ഭര്‍ത്താവും മാത്രമായി ആശയവിനിമയം സ്വതന്ത്രമായി നടത്തുവാനും ഇടപെടാനുമുള്ള സമയവും സൗകര്യവും കണ്ടെത്തുക എന്നതാണ്. പരസ്പരം തുറന്നു സംസാരിച്ചാല്‍ തന്നെ ഏറെ പ്രശ്നങ്ങളും പരിഹാരമാകും. കുട്ടികളുണ്ടായിക്കഴിഞ്ഞാല്‍ അവരുമൊത്ത് അച്ഛനും അമ്മയും സമയം ചെലവിടുന്നത് അവരുടെ വ്യക്തിവികാസത്തിനും പ്രയോജനകരമാകും.

read more
ആരോഗ്യംഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ലൈംഗിക ആരോഗ്യം (Sexual health )വന്ധ്യത

വന്ധ്യത ഒരു കുറ്റമല്ല

വിശേഷങ്ങള്‍ തിരക്കാന്‍ മലയാളിയ്ക്ക് എന്നും ഇഷ്ടമാണ്. അതിപ്പോള്‍ അടുത്ത ബന്ധുവായാലും ബസില്‍ വച്ച് പരിചയപ്പെട്ട ഒരാളായാലും ശരി വീട്, വിവാഹം കഴിച്ചോ, ജോലിയെന്താണ് തുടങ്ങി ഒരു കൂട്ടം ചോദ്യങ്ങള്‍ നമുക്ക് ചോദിക്കാനുണ്ടാകും.

ചില വിദേശരാജ്യങ്ങളിലെല്ലാം മറ്റൊരു വ്യക്തിയുടെ സ്വകാര്യതയിലേയ്ക്ക് ഇടപെടുന്നത് ദുസ്വാതന്ത്ര്യമായി വ്യാഖ്യാനിക്കപ്പെടുമ്പോള്‍ നമ്മള്‍ ഒരു അവകാശം പോലെയാണ് ഇതിനെ കാണുന്നത്. ഈ ചോദ്യങ്ങള്‍ ആ വ്യക്തിയെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിക്കുന്നുണ്ടോ എന്ന് ആരും ചിന്തിക്കാറില്ല. വിവാഹിതരായ പുരുഷനോടും സ്ത്രീയോടും ” വിശേഷമൊന്നുമായില്ലേ” എന്നു ചോദിക്കുന്നത് നമ്മുടെ സമൂഹത്തില്‍ ഒരാചാരം പോലെ ആയിത്തീര്‍ന്നിട്ടുണ്ട്.

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാത്ത ദമ്പതിമാര്‍ ഏറ്റവും പേടിക്കുന്നത് ഈ ചോദ്യത്തെയാണ്.

” വീട്ടിലെ ഏറ്റവും ഇളയകുട്ടിയായിരുന്നു നിഖിത. മൂന്ന് ആണ്‍മക്കള്‍ക്കു ശേഷമുണ്ടായ പെണ്‍കുട്ടി. കോളേജ് അധ്യാപകരായ അച്ഛനും അമ്മയും അവളെ ലാളിച്ചാണ് വളര്‍ത്തിയത്. വീട്ടില്‍ എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം അവള്‍ക്കുണ്ടായിരുന്നു. പഠനം കഴിഞ്ഞ് സ്വന്തമായൊരു ജോലി സമ്പാദിച്ചു കഴിഞ്ഞാണ് അവള്‍ ആ ഇഷ്ടം വീട്ടില്‍ അവതരിപ്പിച്ചത്.

കുട്ടിക്കാലം മുതല്‍ ഒപ്പം പഠിച്ച ഒരു സുഹൃത്തുമായി അവള്‍ അടുപ്പത്തിലായിരുന്നു. നിഖിതയുടെ വീട്ടുകാര്‍ക്ക് അടുത്തറിയുന്ന കുടുംബമായിരുന്നു അവരുടേത്. ഒരു പൊതുമേഖലാബാങ്കില്‍ പ്രൊബേഷണറി ഓഫീസറായി ജോലി നോക്കുകയാണ് ചെറുക്കന്‍. നല്ല സ്വഭാവം. വീടുമായി അധികം ദൂരമില്ലാത്തതു കൊണ്ട് മകളെ എപ്പോഴും അടുത്തു കിട്ടും എന്ന സന്തോഷവും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഉണ്ടായിരുന്നു. എതിര്‍പ്പൊന്നും കൂടാതെ വിവാഹം നടന്നു.

ഒപ്പം പഠിച്ച സുഹൃത്തുക്കളെല്ലാം തെല്ല് അസൂയയോടെ തന്നെയാണ് അവരുടെ ജീവിതത്തെ നോക്കികണ്ടത്. ഒരു വര്‍ഷത്തേയ്ക്ക് കുട്ടികള്‍ വേണ്ടെന്നായിരുന്നു ഇരുവരുടേയും തീരുമാനം. അതുകൊണ്ടു തന്നെ വിശേഷം തിരക്കിയെത്തുവരെ ഒരു പുഞ്ചിരിയോടെ നേരിടാന്‍ അവര്‍ക്കു കഴിഞ്ഞു. എന്നാല്‍ രണ്ടരവര്‍ഷം കഴിഞ്ഞിട്ടും അവരുടെ ജീവിതത്തിലേയ്ക്ക് ഒരു കുഞ്ഞു കടന്നു വരുന്നതിന്‍റെ സൂചനകളൊന്നും കണ്ടില്ല. ഒരു ഡോക്ടറെ കാണാമെന്ന് നിഖിത നിര്‍ദേശിച്ചെങ്കിലും ഭര്‍ത്താവ് പലകാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു. ഈ വിഷയത്തെ പറ്റി പറഞ്ഞ് അവര്‍ക്കിടയില്‍ ചെറിയ പിണക്കങ്ങള്‍ പതിവായി.

ഒരിക്കല്‍ ഒരു സുഹൃത്തിന്‍റെ വീട്ടില്‍ നടന്ന ഒരു ആഘോഷത്തിനിടെ കുട്ടികള്‍ ഉണ്ടാകാത്തത് നിഖിതയുടെ കുഴപ്പമാണെന്ന തരത്തില്‍ ഭര്‍ത്താവ് സംസാരിച്ചു. സുഹൃത്തുക്കളുടെ മുന്നില്‍ വച്ച് ഭര്‍ത്താവ് ഇത്തരത്തില്‍ പെരുമാറിയെന്ന് അവള്‍ക്ക് ആദ്യം വിശ്വസിക്കാന്‍ തന്നെ കഴിഞ്ഞില്ല. ആഘോഷത്തിനിടെ മദ്യത്തിന്‍റെ പുറത്ത് എന്തൊക്കെയോ വിളിച്ചു പറഞ്ഞു എന്നേ കണക്കാക്കിയുള്ളൂ. പിന്നീടൊരിക്കല്‍ ഭര്‍ത്താവിനൊപ്പം ജോലി നോക്കുന്ന ഒരു സ്ത്രീയുമായി സംസാരിക്കുന്നതിനിടെ ഓഫീസിലും അയാള്‍ ഇതു തന്നെയാണ് പറഞ്ഞിരിക്കുന്നതെന്ന് മനസ്സിലായി.

അന്നു വൈകിട്ട് ഇതു പറഞ്ഞ് നിഖിത ഭര്‍ത്താവിനോട് വഴക്കിട്ടു. ഭര്‍ത്താവിന്‍റെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു. കുട്ടികളുണ്ടാകാത്തത് അവളുടെ കുറ്റമാണെന്നും എല്ലാം അറിഞ്ഞുകൊണ്ട് അയാളുടെ ജീവിതം നശിപ്പിക്കുകയായിരുന്നുവെന്നുമെല്ലാമാണ് ഭര്‍ത്താവ് അവളോടു പറഞ്ഞത്. പിറ്റേന്നു തന്നെ നിഖിത സ്വന്തം വീട്ടിലേയ്ക്കു പോന്നു. ചെറുപ്പം മുതലേ കണ്ടുവളര്‍ന്ന പങ്കാളിയുടെ ഈ പ്രതികരണത്തിന്‍റെ ഷോക്ക് മാറും മുന്‍പു തന്നെ ഡൈവോഴ്സ് നോട്ടീസും അവളെ തേടിയെത്തി.

മാനസികമായി തകര്‍ന്നു പോയ അവസ്ഥയിലാണ് അവള്‍ കൗണ്‍സിലിങ് സെന്‍ററിലെത്തിയത്. ഒപ്പം എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ അവളുടെ അച്ഛനമ്മമാരും. നിഖിതയുടെ ഭര്‍ത്താവുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യമൊന്നും അയാള്‍ അതിനു തയ്യാറായില്ല. എങ്കിലും ഏറെ തവണ നിര്‍ബന്ധിച്ചപ്പോള്‍ അയാള്‍ എത്തി. കുഴപ്പം തന്‍റേതാണെന്ന് അയാള്‍ വൈദ്യപരിശോധനയിലൂടെ മനസ്സിലാക്കിയിരുന്നു. എന്നാല്‍ അത് ഭാര്യയുടേയും സമൂഹത്തിന്‍റേയും മുന്നില്‍ അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. ഡോക്ടറെ കാണാന്‍ ഭാര്യ നിര്‍ബന്ധിക്കുമ്പോഴൊക്കെ ഒഴിഞ്ഞുമാറി രക്ഷപെട്ടിരുന്നെങ്കിലും ഉള്ളില്‍ ടെന്‍ഷനുണ്ടായിരുന്നു.

ഭാര്യയ്ക്കാണ് പ്രശ്നമെന്ന് മറ്റുള്ളവരെ പറഞ്ഞ് വിശ്വസിപ്പികുകയാണ് ഇതിനുള്ള പോംവഴിയായി അയാള്‍ കണ്ടെത്തിയത്. എങ്കിലും ഒരിക്കലും നിഖിതയെ നഷ്ടപ്പെടുത്താന്‍ അയാള്‍ ആഗ്രഹിച്ചിരുന്നില്ല. ഭാര്യ വീട്ടില്‍ നിന്ന് വഴക്കിട്ടു പോയതോടെ വീട്ടുകാര്‍ അയാളെ ഡൈവോഴ്സ് നോട്ടീസ് അയക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ചികിത്സ തേടേണ്ടതിന് പകരം ഭാര്യയെ കുറ്റപ്പെടുത്തി കൊണ്ട് യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുകയാണ് ഭര്‍ത്താവ് ചെയ്തത്.

നിഖിതയാകട്ടെ ഭര്‍ത്താവിന്‍റെ അസ്വഭാവികമായ പ്രതികരണത്തിന്‍റെ കാരണം തേടുന്നതിനു പകരം പെട്ടന്ന് വീടുവിട്ട് ഇറങ്ങി പോരുകയാണ് ഉണ്ടായത്. തെറ്റുകള്‍ മനസ്സിലാക്കിയപ്പോള്‍ ജീവിതത്തില്‍ ഒരുമിച്ചു തന്നെ മുന്നോട്ടു പോകാന്‍ അവര്‍ തീരുമാനിച്ചു. ഒരു കുഞ്ഞുണ്ടാകാനുള്ള ചികിത്സയിലും പ്രാര്‍ത്ഥനയിലുമാണ് അവര്‍ ഇപ്പോഴും…

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കുട്ടികള്‍ ഉണ്ടാകാത്ത ദമ്പതിമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഒരു ഉദാഹരണം മാത്രമാണ് ഇത്. കുട്ടികള്‍ ഇല്ലാത്ത അവസ്ഥ ഓരോ വ്യക്തിയിലും ഉളവാക്കുന്ന പ്രതികരണങ്ങള്‍ വ്യത്യസ്ത തരത്തിലായിരിക്കും. ചിലര്‍ വിഷാദത്തിന് അടിമപ്പെടുമ്പോള്‍ മറ്റുചിലര്‍ കൂടുതല്‍ ദേഷ്യക്കാരാകുന്നതായിട്ടാണ് കാണുന്നത്. ബന്ധുക്കളുടേയും പരിചയക്കാരുടേയും ചോദ്യങ്ങള്‍ ഭയന്ന് ചിലര്‍ സ്വയം ഉള്‍വലിയുന്ന സ്വഭാവക്കാരായി മാറുന്നു.

ഒന്നിച്ചു നില്‍ക്കണം

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുട്ടികള്‍ ഉണ്ടാകാത്ത അവസ്ഥ വരുമ്പോള്‍ ഭാര്യഭര്‍തൃ ബന്ധത്തില്‍ വിള്ളല്‍ വീഴാനുള്ള സാധ്യതയേറെയാണ്. കുട്ടികള്‍ ഉണ്ടാകാത്തതില്‍ ഇരുവരും മാനസിക വിഷമം അനുഭവിക്കുന്നുണ്ടാകും.

മറ്റുള്ളവരുടെ ഉപദേശങ്ങളും കുറ്റപ്പെടുത്തലുകളുമെല്ലാം രണ്ടുപേരും നിശബ്ദം സഹിക്കുന്നുണ്ടാകും. ഇവര്‍ പലപ്പോഴും സ്വന്തം വിഷമവും ദേഷ്യവുമെല്ലാം പ്രകടിപ്പിക്കുന്നത് പങ്കാളിയുടെ മുന്നില്‍ മാത്രമായിരിക്കും. പരസ്പരം വിഷമങ്ങള്‍ പങ്കുവയ്ക്കുന്നത് ആശ്വാസം കൊണ്ടുവരുമെന്നത് സത്യമാണ്. പക്ഷേ വിഷമങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ കുറ്റപ്പെടുത്തലിന്‍റെ സ്വരം വന്നാല്‍ അത് പങ്കാളിയെ വേദനിപ്പിക്കുമെന്ന് ഉറപ്പാണ്. കുട്ടികള്‍ ഉണ്ടാകാത്ത അവസ്ഥ വരുമ്പോള്‍ വൈദ്യപരിശോധനയ്ക്കു ശേഷം ആര്‍ക്കാണ് ചികിത്സ വേണ്ടതെന്ന് നിര്‍ണ്ണയിക്കുകയാണ് ആദ്യം വേണ്ടത്.

അതനുസരിച്ച് ചികിത്സ തേടേണ്ടത് ആരായാലും അയാളോടു പങ്കാളി കൂടുതല്‍ സ്നേഹവും കരുതലും കാണിക്കുകയാണ് വേണ്ടത്. എല്ലാം നിന്‍റെ കുഴപ്പം കൊണ്ടല്ലേ എന്ന രീതിയില്‍ പെരുമാറിയാല്‍ പങ്കാളിയ്ക്ക് നിങ്ങളോടുള്ള സ്നേഹം എന്നെന്നേയ്ക്കുമായി നഷ്ടപ്പെടും. ഭാവിയില്‍ കുട്ടികളുണ്ടായി ജീവിതം സുഗമമായി മുന്നോട്ടു പോയാലും വിഷമഘട്ടത്തില്‍ നിങ്ങള്‍ ഒറ്റപ്പെടുത്തി എന്ന ചിന്ത അവരുടെ ഉള്ളില്‍ ഉണ്ടാകും. കുഞ്ഞിന് ജډം നല്‍കാന്‍ കഴിയാതെ വരുമ്പോള്‍ ഏറെ വിഷമിക്കുന്നത് സ്ത്രീകള്‍ ആണ്. സമൂഹത്തിന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വിഷമിക്കുന്ന പല ഭര്‍ത്താക്കന്‍മാരും കുഴപ്പം ഭാര്യയ്ക്കാണെന്ന് മറുപടി നല്‍കി ഒഴിയുന്നത് കാണാറുണ്ട്.

വൈദ്യപരിശോധന പോലും നടത്താതെയാവും പലപ്പോഴും ഇവര്‍ ഇത്തരമൊരു മറുപടി നല്‍കുന്നത്. ചുരുക്കത്തില്‍ കുഴപ്പം തന്‍റേതായാലും ഭര്‍ത്താവിന്‍റേതായാലും കുറ്റപ്പെടുത്തല്‍ കേള്‍ക്കേണ്ടി വരുന്ന ഒരു വിഭാഗം സ്ത്രീകള്‍ ഉണ്ട്. പലപ്പോഴും ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ ഇവരോടു മോശമായി പെരുമാറുന്നു. നേരിട്ടു കുറ്റപ്പെടുത്താന്‍ കഴിയാത്തതിനാല്‍ ഭര്‍ത്താവിന്‍റെ അമ്മ തന്‍റെ വസ്ത്രധാരണത്തേയും കൂട്ടുകാരേയുമെല്ലാം പറ്റി മോശമായി പറയുന്നുവെന്ന് ഒരു യുവതി സങ്കടത്തോടെ പറയുകയുണ്ടായി. മകന്‍റെ കുട്ടിയെ പ്രസവിക്കാനല്ലെങ്കില്‍ അവളെ പിന്നെ എന്തിനാണെന്ന് ചോദിക്കുന്ന അമ്മായിയമ്മമാരും കുറവല്ല.

ഈ കുറ്റപ്പെടുത്തലുകളുടെ നടുവില്‍ നിന്ന് അവള്‍ ആശ്വാസം തേടിയെത്തുന്നത് ഭര്‍ത്താവിനരികിലാണ്. എന്നാല്‍ ഭര്‍ത്താവും കുറ്റപ്പെടുത്തുന്ന അവസ്ഥ വരുമ്പോഴാണ് അവര്‍ മാനസികമായി തകര്‍ന്നു പോകുന്നത്. ഭര്‍ത്താവ് ഉപേക്ഷിക്കുമോ എന്ന ചോദ്യവുമായാണ് ലിസ കൗണ്‍സിലിങ് സെന്‍ററിലെത്തിയത്. മൂന്നു വര്‍ഷം മുന്‍പാണ് അവരുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവ് ഓസ്ത്രേലിയയില്‍ ജോലി നോക്കുന്നു.

പ്രേമവിവാഹമായതിനാല്‍ ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ക്ക് അത്ര സമ്മതമുണ്ടായിരുന്നില്ല. എതിര്‍ത്തില്ല എന്നു മാത്രം. വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം വിദേശത്തേയ്ക്കു പോയി. എന്തിനും ഏതിനും പിന്തുണ നല്‍കിയിരുന്ന പങ്കാളി പക്ഷേ കുട്ടികള്‍ ഉണ്ടാകാതെയായതോടെ പഴയ സ്നേഹം കാണിക്കാതെയായി. ലീവിനു നാട്ടില്‍ വന്നപ്പോള്‍ അവളെ സ്വന്തം വീട്ടില്‍ കൊണ്ടുചെന്നാക്കി. ഡൈവോഴ്സ് നോട്ടീസ് ലഭിക്കുമോ എന്ന പേടിയിലാണ് ലിസ ഓരോ ദിവസവും കഴിച്ചു കൂട്ടുന്നത്. ഒരുപാട് സ്നേഹിച്ച ഭര്‍ത്താവില്‍ നിന്നുണ്ടായ പെരുമാറ്റം അവള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ലിസയെ പോലെ ഒരുപാട് പേര്‍ നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്നുണ്ട്. ഒരുകാലത്ത് എല്ലാമെല്ലാമായ ഭര്‍ത്താവ് കുട്ടികള്‍ ഉണ്ടാകാതെയാകുമ്പോള്‍ ഉപേക്ഷിക്കുന്ന അവസ്ഥ നേരിടേണ്ടി വരുന്നവര്‍. കുട്ടികള്‍ ഇല്ലാതെ വരുമ്പോള്‍ പുരുഷനും കുറ്റപ്പെടുത്തലുകളും കളിയാക്കലുകളും കേള്‍ക്കേണ്ടി വരുന്നു. ഇത് പലപ്പോഴും അവരില്‍ നിരാശയും മാനസികപിരിമുറുക്കവും സൃഷ്ടിക്കുന്നു. ഈ അവസ്ഥയില്‍ മദ്യത്തില്‍ അഭയം തേടുന്നവരുണ്ട്.

പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകുമെന്നല്ലാതെ മദ്യം ഒരിക്കലും ഇതില്‍ നിന്ന് മോചനം നല്‍കുന്നില്ല. മദ്യപിച്ച് വീട്ടിലെത്തി ഭാര്യയുമായി വഴക്കിടുന്നതും അവരെ കുറ്റപ്പെടുത്തി സംസാരിക്കുന്നതുമെല്ലാം പങ്കാളിയെ മാനസികമായി അകറ്റാന്‍ മാത്രമേ സഹായിക്കൂ. വിഷാദരോഗികളായി മാറുന്ന മറ്റൊരു കൂട്ടരുണ്ട്. ജോലിസ്ഥലത്തും കുടുംബത്തിലും സ്വയം സൃഷ്ടിച്ച ഒരു വലയത്തിനുള്ളിലാവും ഇവര്‍. ആരോടും സംസാരിക്കാനോ പൊതുചടങ്ങുകളില്‍ പങ്കെടുക്കാനോ താത്പര്യം കാണിക്കില്ല. ഒന്നിനും കൊള്ളാത്തവനാണ് താന്‍ എന്ന ചിന്തയും മനസ്സില്‍ പേറി നടക്കുന്നവരാവും ഇവര്‍. പങ്കാളിയുടെ പെരുമാറ്റത്തില്‍ പെട്ടന്നുണ്ടായ മാറ്റം ഉള്‍ക്കൊള്ളാന്‍ ഭാര്യയ്ക്ക് കഴിഞ്ഞെന്ന് വരില്ല. അതോടെ കുടുംബജീവിതത്തില്‍ അകല്‍ച്ചയുണ്ടാകുന്നു. കുട്ടികള്‍ ഉണ്ടാകാത്തതില്‍ ഭര്‍ത്താവിനെ കുറ്റപ്പെടുത്തി സംസാരിക്കുന്ന സ്ത്രീകളും ഉണ്ട്. ഇത് ഭര്‍ത്താവിന്‍റെ ആത്മവിശ്വാസം തകര്‍ക്കും. ലൈംഗികബന്ധത്തിനുള്ള താത്പര്യം കുറയാനും പരാജയപ്പെടാനും വരെ ഇത് കാരണമാകും. കുറ്റപ്പെടുത്തല്‍ പലപ്പോഴും ആത്മഹത്യയിലേയ്ക്ക് നയിക്കാനുള്ള സാധ്യതയും ഉണ്ട്.

ജീവിതത്തിന്‍റെ പ്രതിസന്ധി ഘട്ടത്തില്‍ പരസ്പരം കുറ്റപ്പെടുത്താതെ ഒരുമിച്ചു നില്‍ക്കുകയാണ് വേണ്ടത്. ബന്ധുക്കളുടേയും അയല്‍ക്കാരുടേയും അനാവശ്യ ഇടപെടലുകള്‍ക്ക് നിന്നു കൊടുക്കാതെ ശുഭചിന്തയോടെ മുന്നോട്ടു പോകുക. ചെറിയൊരു വഴക്കു പോലും ഈ ഘട്ടത്തില്‍ നിങ്ങളെ തമ്മില്‍ അകറ്റിയേക്കാം. അതിനാല്‍ കരുതലോടെ ഇടപെടുക. പഴയതിലും ഊഷ്മളമായൊരു ബന്ധം നിലനിര്‍ത്താം. കുത്തുവാക്കുകള്‍ പറയുന്നവരുടെ മുന്നില്‍ കരഞ്ഞിട്ടോ ദേഷ്യപ്പെട്ടിട്ടോ കാര്യമില്ല. പകരം പഴയതിലും സന്തോഷമായി ജീവിച്ചു കാണിക്കുകയാണ് വേണ്ടത്.

വേണം, ശരിയായ ചികിത്സ

ഒരു വര്‍ഷത്തെ ലൈംഗികബന്ധത്തിനു ശേഷവും ഗര്‍ഭിണിയാവുന്നതിന്‍റെ സൂചനകള്‍ ലഭിച്ചില്ലെങ്കില്‍ ഇരുവരും വൈദ്യപരിശോധനയ്ക്ക് വിധേയരാവുകയും തുടര്‍ന്ന് ഡോക്ടര്‍ നിര്‍ദേശിക്കുന്നപ്രകാരമുള്ള ചികിത്സ തേടുകയുമാണ് വേണ്ടത്. എന്നാല്‍ മിക്കവരും വൈകിയ വേളയില്‍ മാത്രമാണ് ഇതിന് തയ്യാറാവുന്നതെന്നതാണ് പ്രശ്നം.

ദുരഭിമാനം മൂലം വൈദ്യപരിശോധനയ്ക്ക് വിധേയരാവാന്‍ മടിക്കുന്ന ഒരു വിഭാഗം ആളുകളുണ്ട്. കുറച്ചു കൂടി കാത്തിരിക്കാം എന്ന ചിന്താഗതിയില്‍ വൈദ്യപരിശോധന നീട്ടിക്കൊണ്ടു പോകുന്നവരും ഉണ്ട്. ഇരുകൂട്ടരും പ്രശ്നം തിരിച്ചറിഞ്ഞ് ചികിത്സ തുടങ്ങുമ്പോഴേയ്ക്കും ഏറെ സമയം നഷ്ടപ്പെടുത്തിയിട്ടുണ്ടാകും. ഇതിനു പുറമേ തട്ടിപ്പുകളില്‍ ചെന്നു ചാടുന്ന മറ്റൊരു വിഭാഗം ആളുകളുണ്ട്. കുട്ടികള്‍ ഇല്ല എന്ന സങ്കടത്തില്‍ കഴിയുന്നവരെ മുതലെടുക്കാനായി പലതരം തട്ടിപ്പുകളാണ് അരങ്ങേറുന്നത്.

പ്രത്യേക പൂജയും മന്ത്രവാദവുമെല്ലാം നടത്തിയാല്‍ കുട്ടികള്‍ ഉണ്ടാകുമെന്ന് വാഗ്ദാനം നല്‍കുകയാണ് ഇവര്‍ ആദ്യം ചെയ്യുക. ഫലസിദ്ധി ഉറപ്പു നല്‍കി ദമ്പതിമാരെ വ്യാജ സ്വാമിമാരുടേയും ദിവ്യന്‍മാരുടേയും അടുത്തെത്തിക്കുന്നു. മുന്‍പ് ഇത്തരത്തില്‍ പൂജയോ മന്ത്രവാദമോ നടത്തിയ പലര്‍ക്കും കുട്ടികള്‍ ഉണ്ടായ കഥകള്‍ പറഞ്ഞ് ഇവര്‍ ദമ്പതിമാരുടെ വിശ്വാസം നേടിയെടുക്കും. പിന്നീട് പൂജയുടേയും മറ്റും ചിലവുകള്‍ പറഞ്ഞ് കഴിയുന്നത്ര പണം തട്ടിയെടുക്കും. ചില പ്രത്യേക ആയുര്‍വേദ മരുന്നുകള്‍ സേവിച്ചാല്‍ കുട്ടികള്‍ ഉണ്ടാകുമെന്ന് പറഞ്ഞ് പറ്റിക്കുന്ന മുറിവൈദ്യന്‍മാരും ഉണ്ട്.

മരുന്നിന്‍റെ വിലയായി വലിയൊരു തുക ഇവര്‍ ഈടാക്കും. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ പോലും പലപ്പോഴും ഇത്തരം തട്ടിപ്പുകളില്‍ വീഴുന്നു. മിക്ക സംഭവങ്ങളിലും മാസങ്ങള്‍ കഴിഞ്ഞാണ് അവര്‍ ഇത്തരം തട്ടിപ്പുകള്‍ തിരിച്ചറിയുക. കുട്ടികള്‍ ഉണ്ടാകാത്ത സ്ത്രീയെ നിര്‍ബന്ധിച്ച് കഠിനമായ വ്രതങ്ങള്‍ എടുപ്പിക്കുന്ന കുടുംബങ്ങളുണ്ട്. ഇതിലൂടെ അവരുടെ ആരോഗ്യനില വഷളാവുക മാത്രമേ ഉള്ളൂ. പൂജയ്ക്കും നേര്‍ച്ചകള്‍ക്കും പിന്നാലെ പോകുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ചികിത്സയ്ക്കു വേണ്ടി വിനിയോഗിക്കേണ്ട സമയവും പണവുമാണ് നഷ്ടപ്പെടുന്നത്. ശരിയായ ചികിത്സ തേടുന്നതിനൊപ്പം പ്രാര്‍ത്ഥന നല്ലതാണ്. അത് മനസ്സില്‍ ശുഭാപ്തി വിശ്വാസം നിറയ്ക്കാനും മാനസികപിരിമുറുക്കം അകറ്റാനും സഹായിക്കും.

ഒറ്റപ്പെടുത്തരുത്, അവരെ

കുട്ടികള്‍ ഇല്ലാത്ത ദമ്പതിമാരെ ഏറ്റവും വിഷമിപ്പിക്കുന്നത് ബന്ധുക്കളുടേയും പരിചയക്കാരുടേയും ചോദ്യങ്ങളാണ്. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കാന്‍ മടിച്ചാണ് പലപ്പോഴും അവര്‍ പൊതുചടങ്ങുകളില്‍ നിന്ന് അകന്നു നില്‍ക്കുന്നത്. ഓഫീസില്‍ ഉച്ചയൂണിന്‍റെ സമയത്ത് ഒപ്പമിരിക്കുന്ന കൂട്ടുകാരികളെല്ലാം അവരുടെ കുട്ടികളെ കുറിച്ചു മാത്രം സംസാരിക്കുന്നു. അപ്പോള്‍ കുട്ടികളില്ലാത്ത എനിക്ക് അവരില്‍ നിന്ന് ഒറ്റപ്പെട്ടു പോകുന്നതായി തോന്നുന്നു എന്ന് വിവാഹം കഴിഞ്ഞ് നാലു വര്‍ഷമായിട്ടും കുട്ടികളില്ലാത്ത ഒരു യുവതി പറയുകയുണ്ടായി.

സഹപ്രവര്‍ത്തകര്‍ മനപൂര്‍വം അവളെ വിഷമിപ്പിക്കാനായി പറയുന്നതാകണമെന്നില്ല. ജോലിതിരക്കിനിടയില്‍ ഉച്ചയ്ക്കു കിട്ടുന്ന ആകെ ഒഴിവു സമയത്ത് അവര്‍ കുട്ടികളുടെ പഠനത്തേയും ആഹാരത്തേയും പറ്റി ഓര്‍ക്കുകയും പരസ്പരം പങ്കുവയ്ക്കുകയും ചെയ്യുന്നതാവാം. മനപൂര്‍വമല്ലാത്ത ഈ സംസാരം പോലും അവരെ വിഷമിപ്പിക്കുന്നുണ്ടെങ്കില്‍ കുത്തുവാക്കുകളും അനാവശ്യ ചോദ്യങ്ങളും അവര്‍ക്ക് എത്ര മനപ്രയാസം സൃഷ്ടിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഒരിക്കലും അവരെ കൂട്ടത്തില്‍ നിന്ന് ഒറ്റപ്പെടുത്തും വിധം പെരുമാറാതെയിരിക്കുക. അവരുടെ വിഷമങ്ങളും പ്രയാസങ്ങളും കേള്‍ക്കുകയും ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടു പോകാന്‍ പ്രേരിപ്പിക്കുകയും ചെയ്യണം.

നിങ്ങളുടെ കുട്ടിയുടെ വിശേഷങ്ങള്‍ മാത്രം അവരോട് തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കരുത്. തിരിച്ച് ഒന്നും പറയാന്‍ ഇല്ലല്ലോ എന്ന ചിന്ത അവരെ സങ്കടപ്പെടുത്തും. അടുത്ത സുഹൃത്താണെങ്കില്‍ അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങളെ പറ്റി ചോദിക്കാം. അടുത്തിടെ കണ്ട സിനിമയോ യാത്ര പോയസ്ഥലങ്ങളോ വായിച്ച പുസ്തകങ്ങളോ അങ്ങനെ എന്തും.

ചില സാഹചര്യങ്ങളില്‍ തീര്‍ത്തും അപരിചിതരോട് ഇടപഴകേണ്ടി വരാം. അങ്ങനെ വരുമ്പോള്‍ അവരുടെ തീര്‍ത്തും വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് ചൂഴ്ന്ന് ചോദിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വിവാഹം കഴിഞ്ഞോ, കുട്ടികളുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ അവര്‍ അവഗണിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ ആവര്‍ത്തിച്ചു ചോദിക്കാതിരിക്കുക. കുട്ടികള്‍ ഇല്ല എന്ന മറുപടി നല്‍കി കഴിഞ്ഞാല്‍ വിവാഹം കഴിഞ്ഞിട്ട് എത്ര കാലമായി എന്ന് ഒരിക്കലും ചോദിക്കരുത്. തികച്ചും അപരിചിതനായ വ്യക്തിയെ അനാവശ്യചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കേണ്ട കാര്യം നിങ്ങള്‍ക്കില്ല. അവര്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ ചികഞ്ഞെടുത്തു കൊണ്ടല്ല സൗഹൃദം സ്ഥാപിക്കേണ്ടത്, മാന്യമായ പെരുമാറ്റം കൊണ്ടാണെന്ന് എപ്പോഴും ഓര്‍മ്മിക്കുക.

കുട്ടികള്‍ ഉണ്ടാകാത്തത് ഒരിക്കലും ഒരു കുറ്റമോ കുറവോ അല്ലെന്ന് തിരിച്ചറിയുക. ഓരോ വ്യക്തിയുടേയും ശാരീരിക, ആരോഗ്യപരമായ കാരണങ്ങളെ ആശ്രയിച്ചിരിക്കുന്നൊരു വിഷയമാണത്. അതുകൊണ്ടു തന്നെ എന്തോ കുറ്റം ചെയ്തു എന്ന രീതിയില്‍ ആരെങ്കിലും പെരുമാറുമ്പോള്‍ വിഷമിക്കേണ്ട കാര്യമില്ല. ശരിയായ ചികിത്സ തേടുകയും കുത്തുവാക്കുകള്‍ പറയുന്നവരെ പുഞ്ചിരിയോടെ നേരിടുകയുമാണ് വേണ്ടത്. പങ്കാളിയുമായി ഊഷ്മളമായ ബന്ധം നിലനിര്‍ത്തുകയും ശുഭാപ്തിവിശ്വാസത്തോടെ ഒരുമിച്ച് മുന്നോട്ടു പോവുക.

(കുറിപ്പ് : ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പേരുകള്‍ യഥാര്‍ത്ഥമല്ല)

read more
ആരോഗ്യംവൃക്തിബന്ധങ്ങൾ Relationship

മദ്ധ്യവയസ്സിലും ജീവിതം ആസ്വദിക്കാം…

നാല്‍പ്പത്തഞ്ച് പിന്നിട്ട ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് രവികുമാര്‍.  ഭാര്യയും ഉദ്യോഗസ്ഥയാണ്. മക്കള്‍ ഇരുവരും നഗരത്തിലെ ഒരു പ്രമുഖ പ്രൊഫഷണല്‍ കോളേജില്‍ പഠിക്കുന്നു. നല്ല നിലയില്‍ ജീവിക്കുന്ന കുടുംബം. തകര്‍ന്ന ഹൃദയവുമായാണ് അദ്ദേഹം സൈക്കോളജിസ്റ്റിനെ കണ്ടത്. എന്നാല്‍ അദ്ദേഹം സംസാരിച്ചു തുടങ്ങിയപ്പോള്‍ ആശങ്കപ്പെടേണ്ടതായി ഒന്നും ഇല്ലെന്നു മനസ്സിലായി.

ജീവിതത്തില്‍ ഒന്നിനും ഒരു ഉേډഷം തോന്നുന്നില്ല എന്നാണ് രവികുമാര്‍ പറഞ്ഞത്. ചെറുപ്പത്തില്‍ ജീവിതം ആസ്വാദ്യകരമായിരുന്നു. ഒന്നിനു പിന്നാലെ ഒന്നായി ഉത്തരവാദിത്തങ്ങള്‍ ജീവിതത്തിലേയ്ക്കു കടന്നുവന്നുകൊണ്ടിരുന്നു. പഠന ശേഷം ജോലി കണ്ടെത്താനായുള്ള ഓട്ടപ്പാച്ചില്‍, അതിനു ശേഷം വിവാഹം പിന്നെ കുട്ടികള്‍, അവരുടെ പഠനം അങ്ങനെ എല്ലാം ഒടുവില്‍ അവസാനിച്ചു.

ഇപ്പോള്‍ ജീവിതത്തിന് പ്രത്യേകിച്ചൊരു ലക്ഷ്യവുമില്ല. ദിവസവും ജോലിക്കു പോകുന്നു, മടങ്ങിയെത്തുന്നു. ഭാര്യയും അങ്ങനെ തന്നെ. കുട്ടികള്‍ അരികിലുണ്ടായിരുന്നപ്പോള്‍ അവരുടെ പഠനവും അവധിക്കാലവും യാത്രകളും ജീവിതത്തിലെ മടുപ്പ് അകറ്റിയിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ ദിവസവും ഒരു പോലെ തോന്നുന്നു.

ജീവിതം ഇങ്ങനെ വെറുതേ കടന്നു പോകുകയാണെന്ന് ഒരു തോന്നല്‍ – ഇത് രവിയുടെ മാത്രം പ്രശ്നമല്ല, നാല്‍പ്പത്തഞ്ചു പിന്നിട്ട വലിയൊരു വിഭാഗം ആളുകളും ഈ ചിന്താഗതിയില്‍ ജീവിതം തള്ളിനീക്കുന്നവരാണ്. ജീവിതത്തിന്‍റെ രസങ്ങളെല്ലാം അവസാനിച്ചു എന്ന ചിന്തയാണ് ഒന്നിനോടും താത്പര്യമില്ലാത്ത അവസ്ഥയില്‍ ഇവരെ കൊണ്ടെത്തിക്കുന്നത്. മറിച്ച്, ജീവിതത്തിന്‍റെ ഈ കാലവും ആസ്വദിക്കാനുള്ളതാണ് എന്ന് തിരിച്ചറിഞ്ഞാല്‍ ഈ മടുപ്പും ഉേډഷമില്ലായ്മയും തുടച്ചു നീക്കാന്‍ കഴിയും.

ഇത് പുതിയ തുടക്കം 

ജീവിതം തുടക്കം മുതല്‍ അവസാനം വരെ ഒരുപോലെയല്ല. ഇനി അഥവാ അത് അങ്ങനെയായിരുന്നെങ്കില്‍ അതെത്ര വിരസമാകുമായിരുന്നു എന്ന് ആലോചിച്ചു നോക്കൂ. ജീവിതത്തിലെ ഓരോ കാലഘട്ടത്തിനും അതിന്‍റേതായ സൗന്ദര്യം ഉണ്ട്. യാതൊരുവിധ ഉത്തരവാദിത്തങ്ങളുടേയും ഭാരം ഇല്ലാത്ത തീര്‍ത്തും സ്വതന്ത്രമായ കാലഘട്ടമാണ് ഓരോരുത്തരുടേയും ശൈശവം. കൂട്ടുകാരും കളിപ്പാട്ടങ്ങളും കുസൃതികളും കുറുമ്പുകളും നിറഞ്ഞ കാലം. അതിനു ശേഷം ഓരോരുത്തരും വിദ്യാലയ മുറ്റത്തെത്തുന്നു. അവിടെ നിന്ന് പഠനമെന്ന ഉത്തരവാദിത്തം ജീവിതത്തിലേയ്ക്ക് പതിയ കടന്നു വരുന്നു. പഠനം പൂര്‍ത്തിയാക്കി കൗമാരം കടന്ന് യൗവ്വനത്തിലേയ്ക്ക് ചുവടു വയ്ക്കുന്നതോടെ ചുമതലകളുടെ ഭാരം കൂടി വരും. ജോലി കണ്ടെത്തി വിവാഹജീവിതത്തിലേയ്ക്ക് കടക്കാനുള്ള തയ്യാറെടുപ്പാണ് പിന്നെ. വിവാഹശേഷം കുട്ടികളുണ്ടായി അവരെ വളര്‍ത്തേണ്ട കടമ ഓരോരുത്തരിലും വന്നു ചേരുന്നു. എന്നാല്‍ മക്കള്‍ മുതിര്‍ന്നു കഴിയുമ്പോള്‍ ജീവിതത്തിന്‍റെ വേഗം കുറയുന്നതായി അനുഭവപ്പെടും. മക്കള്‍ പഠനവും ജോലിയുമെല്ലാമായി തിരക്കിലാകുമ്പോള്‍ സ്വന്തം ജീവിതം ശൂന്യമായ അവസ്ഥ.  നാല്‍പ്പത്തഞ്ചുകളില്‍ ജീവിക്കുന്ന ഓരോരുത്തര്‍ക്കും ഇത്തരം ഒരു അനുഭവം പങ്കുവയ്ക്കാന്‍ ഉണ്ടാകും. എന്നാല്‍ ഇത് ജീവിതത്തിലെ സന്തോഷങ്ങളുടെ എല്ലാം അവസാനമായി കണക്കാക്കേണ്ടതില്ല. മറിച്ച് ചുമതലകളുടെ ഭാരമൊഴിഞ്ഞ് ജീവിതം ആവോളം ആസ്വദിക്കാന്‍ പറ്റിയ സമയമാണിത്. ഇത് ജീവിതത്തിലെ ഒരു പുതിയ തുടക്കമാണെന്ന് കണക്കാക്കാം. ഇത്രയും കാലം എന്തൊക്കെയോ സ്വന്തമാക്കാനുള്ള ഓട്ടമായിരുന്നു. എന്നാല്‍ ഇനി ഈ നിമിഷം മുതല്‍ ഞാന്‍ സ്വതന്ത്രനാണെന്ന് ചിന്തിക്കാം. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഈ സമയത്തെ നന്നായി ഉപയോഗിക്കുമെന്ന് പ്രതിജ്ഞയെടുക്കാം.

ഒന്നും അവസാനിച്ചിട്ടില്ല

ഒരു പ്രായം കഴിഞ്ഞാല്‍ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും അസ്തമിക്കും എന്ന ധാരണയില്‍ ജീവിക്കുന്നവരാണ് ബഹുഭൂരിഭാഗവും. ചെറുപ്പകാലം മനോഹരമായിരുന്നു. എന്നാല്‍ മധ്യവയസ്സ് പിന്നിട്ടാല്‍ ഒതുങ്ങിക്കൂടണം എന്നാണ് ഇവരുടെ ചിന്ത. ഇത് തീര്‍ത്തും തെറ്റാണ്. ചെറുപ്പകാലത്തെ പല തിരക്കുകള്‍ക്കിടയില്‍ ചെയ്യാന്‍ കഴിയാതെ പോയ പല കാര്യങ്ങളും ചെയ്യാനുള്ള അവസരമാണ് ഈ കാലം നിങ്ങള്‍ക്കു മുന്നില്‍ തുറന്നു തരുന്നത്. ചെറുപ്പത്തില്‍ നൃത്തം പഠിക്കണമെന്ന് ആഗ്രഹിച്ചിട്ടും നടന്നില്ല എങ്കില്‍ ഇപ്പോള്‍ അത് പഠിക്കാന്‍ തുടങ്ങാം. ഈ പ്രായത്തില്‍ നൃത്തപഠനമോ എന്ന മനോഭാവം മാത്രം മാറ്റിയാല്‍ നിങ്ങള്‍ക്ക് അതിനു സാധിക്കും. നൃത്തം മാത്രമല്ല, സംഗീതമോ ചിത്രംവരയോ അങ്ങനെ എന്തും പഠിക്കാം. ചെറുപ്പത്തില്‍ ഒരുപാട് സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെന്ന് മനസ്സില്‍ ആശിച്ചിട്ടുണ്ടാകും. എന്നാല്‍ തിരക്കുകള്‍ കാരണം പലപ്പോഴും അത് നടന്നെന്നു വരില്ല. എന്നാല്‍ താരതമ്യേന ഉത്തരവാദിത്തങ്ങള്‍ കുറഞ്ഞ ഈ സമയത്ത് യാത്രകള്‍ക്ക് സമയം കണ്ടെത്താന്‍ എളുപ്പമാണ്. ദീര്‍ഘകാലമായി ജോലി നോക്കുന്നവരാണെങ്കില്‍ അനുവദിച്ചു കിട്ടാവുന്ന അവധികളുടെ എണ്ണവും കൂടിയിട്ടുണ്ടാകും. ഇതും അനുകൂല ഘടകമാണ്. ഒറ്റയ്ക്കോ കുടുംബത്തിനൊപ്പമോ യാത്രകള്‍ പോകാം. ഇത് മനസ്സിന് ഉേډഷം തിരികെ നല്‍കും. സ്കൂളില്‍ പഠിച്ചിരുന്ന കാലത്തുള്ള സുഹൃത്തുക്കളുമായി പരിചയം പുതുക്കാം. സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ നിന്ന് അവരെ കണ്ടെത്താം. ഇടയ്ക്ക് ഒരുമിച്ചു കൂടാം. യാത്രകളോ ഔട്ടിങ്ങുകളോ പ്ലാന്‍ ചെയ്യാം. അതിലൂടെ കുസൃതിയും കുറുമ്പും നിറഞ്ഞ ആ കുട്ടിക്കാലത്തെ തിരികെ പിടിക്കാന്‍ ശ്രമിക്കാം.

അസുഖങ്ങള്‍ പിടിമുറുക്കുമ്പോള്‍

കാലചക്രം തിരിയുമ്പോള്‍ ഓരോരുത്തരുടേയും ജീവിതത്തിലേയ്ക്ക് വിളിക്കാതെ കയറി വരുന്ന അതിഥിയാണ് അസുഖം. പലതരം ശാരീരിക അവശതകള്‍ പിടിമുറുക്കുമ്പോള്‍ ജീവിതത്തില്‍ ഉേډഷക്കുറവ് അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ശരീരവും മനസ്സും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ശരീരം ക്ഷീണിക്കുമ്പോള്‍ ഒപ്പം മനസ്സും ക്ഷീണിക്കും. അതിനാല്‍ അസുഖങ്ങളെ അകറ്റി നിര്‍ത്താനുള്ള മുന്‍കരുതലുകള്‍ എടുക്കാം. ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമത്തിനായി നീക്കിവയ്ക്കാം. വൈകുന്നേരങ്ങളില്‍ ചെറിയ ദൂരം നടക്കാം. ഇത് മനസ്സിനും ഉേډഷം നല്‍കും. അസുഖത്തിന്‍റെ ചെറിയ ലക്ഷണങ്ങള്‍ പ്രകടമാകുമ്പോഴേയ്ക്കും തളര്‍ന്നു പോകുന്നവരാണ് ഒരു വിഭാഗം ആളുകള്‍. എന്നാല്‍ ഇത് പാടില്ല. മനസ്സിന് ചെറിയ തളര്‍ച്ച ബാധിച്ചാല്‍ അത് ശരീരത്തിലും പ്രതിഫലിക്കും. അസുഖങ്ങളെ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയും. എന്നാല്‍ മാനസികമായി തളര്‍ന്നാല്‍ ജീവിതത്തില്‍ നിന്ന് എല്ലാ സന്തോഷങ്ങളും പോയി മറയും. അതിനാല്‍ അസുഖങ്ങളെ കുറിച്ചോര്‍ത്ത് അമിതമായി ആശങ്കപ്പെടേണ്ടതില്ല. അതേസമയം കൃത്യസമയത്ത് ചികിത്സ തേടാനും ആരോഗ്യകരമായ ജീവിതരീതി പിന്തുടരാനും ശ്രമിക്കുക.

അലസത അകറ്റാം

ജീവിതം ഒരേ താളത്തില്‍ മുന്നോട്ടു പോകുമ്പോള്‍ അലസത പിടികൂടാനുള്ള സാധ്യത കൂടുതലാണ്. അതിനെ മറികടക്കാന്‍ എന്തെങ്കിലും കാര്യങ്ങളില്‍ സജീവമാകാന്‍ ശ്രമിക്കുക. ദൈനംദിന ജീവിതത്തിലെ ചുമതലകള്‍ക്ക് അപ്പുറം സ്വയം എന്തെങ്കിലുമൊക്കെ ചെയ്യാന്‍ സമയം കണ്ടെത്തുക. ജോലി നോക്കുന്ന ഒരാളാണെങ്കിലും കൃഷിയില്‍ താത്പര്യമുണ്ടെങ്കില്‍ എന്തെങ്കിലും നട്ടു വളര്‍ത്താന്‍ ശ്രമിക്കുക. സേവന-സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുണ്ടെങ്കില്‍ അതും ആകാം. അത്തരത്തില്‍  സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഏതെങ്കിലും സംഘടനയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാം. മറ്റുള്ളവരുടെ ജീവിതത്തില്‍ വെളിച്ചം പകരാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ മനസ്സിന് സംതൃപ്തിയും സമാധാനവും കൈവരും. വായനാശീലം ഉള്ള വ്യക്തിയാണെങ്കില്‍ അടുത്തുള്ള ലൈബ്രറിയില്‍ അംഗത്വമെടുക്കാം. ദിവസവും അല്പനേരം വായനയ്ക്കായി നീക്കി വയ്ക്കാം. ചുറ്റുവട്ടത്ത് നടക്കുന്ന പൊതുപരിപാടികളില്‍ പങ്കെടുക്കാം. ജോലി-വീട് എന്ന ദിനചര്യമാറ്റി വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും കലാപരിപാടികള്‍ കാണാന്‍ പോകാം. മിക്ക നഗരങ്ങളിലും സംഗീതനാടകനൃത്ത പരിപാടികള്‍ അരങ്ങേറാറുണ്ട്. മിക്കയിടങ്ങളിലും ഇത് പൊതുജനങ്ങള്‍ക്ക് സൗജന്യമായി കാണാന്‍ സാധിക്കുകയും ചെയ്യും. ഇത്തരം അവസരങ്ങള്‍ ഉപയോഗിക്കാം. ഇത്തരത്തില്‍ എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കാന്‍ ശ്രമിച്ചാല്‍ ജീവിതത്തില്‍ ഉേډഷം വീണ്ടെടുക്കാന്‍ സാധിക്കും.

ജീവിതം നമുക്ക് ഒന്നേയുള്ളൂ. അത് ഓരോ നിമിഷവും ആസ്വദിക്കാന്‍ ശ്രമിക്കുക. ജീവിതത്തില്‍ നല്ലത്, മോശം എന്നിങ്ങനെ രണ്ടു കാലഘട്ടങ്ങള്‍ ഇല്ല. ജീവിതത്തിലെ ഓരോ കാലത്തിനും അതിന്‍റേതായ പ്രത്യേകതകള്‍ ഉണ്ട്. അത് ഉള്‍ക്കൊണ്ടു കൊണ്ടു ജീവിക്കാന്‍ ശ്രമിക്കുക. ഓരോരുത്തരുടേയും മനോഭാവമാണ് അവരവരുടെ ജീവിതത്തെ രൂപപ്പെടുത്തിയെടുക്കുന്നത്. ചുമതലകള്‍ തീര്‍ന്നുവെന്നും ജീവിതത്തില്‍ ഇനി ആസ്വദിക്കാന്‍ ഒന്നും ബാക്കി ഇല്ലെന്നും ഒരാള്‍ ചിന്തിച്ചാല്‍ അയാളുടെ ജീവിതം അങ്ങനെ തന്നെയായിത്തീരും. മറിച്ച്, ഓരോ ദിവസവും ആസ്വദിച്ചു കൊണ്ട് മുന്നോട്ടു പോകുമ്പോള്‍ ജീവിതം സന്തോഷഭരിതമായി മാറും.

read more
Parentingആരോഗ്യംവൃക്തിബന്ധങ്ങൾ Relationship

കുട്ടികൾക്ക് വേണ്ടത് അമിതാശ്രയമല്ല; ആത്മവിശ്വാസമാണ് …

” അശോക്-ദീപ ദമ്പതികളുടെ ഏകമകനാണ് അഭിനന്ദ്. രണ്ടാം ക്ലാസില്‍ പഠിക്കുന്നു. അച്ഛനും അമ്മയും ജോലിക്കാരായതിനാല്‍ അമ്മമ്മയാണ് അവന്‍റെ കാര്യങ്ങള്‍ നോക്കിയിരുന്നത്. അടുത്തിടെ അവര്‍ കുടുംബവീട്ടില്‍ നിന്ന് നഗരത്തില്‍ പുതുതായി വാങ്ങിയ ഫ്ളാറ്റിലേയ്ക്ക് താമസം മാറി. അമ്മമ്മയും ഒപ്പം വരണമെന്ന് കുട്ടി വാശിപിടിച്ചു. അതെ തുടര്‍ന്ന് കുറച്ചു ദിവസം അവര്‍ ഫ്ളാറ്റില്‍ വന്ന് താമസിച്ചെങ്കിലും വീട്ടിലെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയാത്തതിനാല്‍ മടങ്ങിപ്പോയി. ദിവസങ്ങള്‍ കഴിയുമ്പോള്‍ കുട്ടിയുടെ വാശി കുറയുമെന്നും കാര്യങ്ങള്‍ നേരെയാകുമെന്നുമായിരുന്നു അച്ഛനമ്മമാര്‍ കരുതിയത്. എന്നാല്‍ കുട്ടി ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കാതിരിക്കുകയും രാത്രി ഉറക്കത്തിലും അമ്മമ്മയെ വിളിച്ചു കരയുകയുമാണ് ഉണ്ടായത്. ആരോഗ്യം മോശമാകുകയും പനിപിടിപെടുകയും ചെയ്തതോടെ അവര്‍ കുട്ടിയെ തിരികെ കുടുംബവീട്ടില്‍ എത്തിച്ചു. അമ്മമ്മയ്ക്ക് കുട്ടിയോടൊപ്പം സ്ഥിരമായി താമസിക്കാന്‍ കഴിയില്ലെന്നത് ഒരു യാഥാര്‍ത്ഥ്യമായിരിക്കെ ഇനിയെന്തു ചെയ്യണമെന്നാണ് അധ്യാപകദമ്പതികളായ അശോകിന്‍റേയും ദീപയുടേയും ചോദ്യം.” ഒരൊറ്റ ദിവസം കൊണ്ട് കുട്ടിയെ അമ്മമ്മയില്‍ നിന്നും അടര്‍ത്തി മാറ്റാനാണ് ഇവിടെ അച്ഛനമ്മമാര്‍ ശ്രമിച്ചത്. അത് ഒരിക്കലും സാധ്യമല്ല. ഇതുവരെ ലഭിച്ചിരുന്ന കരുതലും സ്നേഹവും പെെ ട്ടന്നൊരു ദിനം നഷ്ടപ്പെടുമ്പോള്‍ കുട്ടി മാനസികമായി തകര്‍ന്നു പോകും. തനിക്ക് ഇഷ്ടപ്പെട്ട വ്യക്തിയുടെ കൂടെ കൂടുതല്‍ സമയം ചെലവിടാനാണ് മുതര്‍ന്നവരെ പോലെ തന്നെ കുട്ടിയും ആഗ്രഹിക്കുക. എന്നാല്‍ ഏതെങ്കിലുമൊരു വ്യക്തിയോട് അവര്‍ അമിതമായ അടുപ്പം കാണിക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. ഇവിടെയാണ് അഭിനന്ദിന്‍റെ അച്ഛനമ്മമാര്‍ പരാജയപ്പെട്ടത്. കുട്ടിയുടെ മുഴുവന്‍ ഉത്തരവാദിത്വവും അവര്‍ അമ്മമ്മയെ ഏല്‍്പ്പിച്ചു. എന്തിനും ഏതിനും അമ്മമ്മ ഒപ്പം വേണമെന്ന വാശി അംഗീകരിച്ചു കൊടുത്തു. കുട്ടി പിരിയാന്‍ കഴിയാത്തവിധം അവരുമായി അടുത്തപ്പോള്‍ അവന്‍റെ വാക്കുകള്‍ക്ക് ചെവികൊടുക്കാതെ പെട്ടെന്നൊരു ദിവസം വീടുമാറി. ഏതൊരു കുട്ടിയിലും മാനസികപിരിമുറുക്കം സൃഷ്ടിക്കാവുന്ന കാര്യങ്ങളാണ് ഇവ. പകരം അച്ഛനമ്മമാര്‍ കുട്ടിയുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും വീടുമാറേണ്ട കാര്യം പതിയെ അവനെ പറഞ്ഞു മനസ്സിലാക്കുകയുമായിരുന്നു വേണ്ടത്. ഒപ്പം ഒരു മുന്‍കരുതലെന്നവണ്ണം അമ്മമ്മയില്ലാതെ നിങ്ങള്‍ക്കൊപ്പം ബന്ധുവീടുകളിലോ സുഹൃത്തുക്കളുടെയടുത്തോ താമസിക്കാന്‍ അവസരങ്ങള്‍ ഒരുക്കുകയും ചെയ്യാമായിരുന്നു. വീട്ടില്‍ നിന്ന് തീര്‍ത്തും അപരിചിതമായ മറ്റൊരു സാഹചര്യവുമായി പൊരുത്തപ്പെടേണ്ടത് എങ്ങനെയെന്ന് പഠിക്കാനും കുട്ടിയ്ക്ക് ഇതിലൂടെ കഴിയുമായിരുന്നു. അല്പം താമസിച്ചു പോയെങ്കിലും ഇനിയെങ്കിലും ഈ കാര്യങ്ങള്‍ ചെയ്താല്‍ പുതിയ വീട്ടിലേയ്ക്കു താമസം മാറ്റുന്നത് അത്ര പ്രയാസകരമാകില്ലെന്നാണ് അശോകിനോടും ദീപയോടും പറഞ്ഞത്.

കുട്ടികള്‍ക്ക് ഏതെങ്കിലും ഒരു പ്രത്യേകവ്യക്തിയുമായുണ്ടാകുന്ന അടുപ്പം മിക്കപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. കുട്ടിയ്ക്ക് അവരുമായി എത്രത്തോളം അടുപ്പം ഉണ്ടെന്നതിനനുസരിച്ചിരിക്കും അവരെ പിരിയുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍. സ്നേഹവും കരുതലും നല്ലതാണെങ്കിലും ഒരു വ്യക്തിയുടെ അസാന്നിധ്യത്തില്‍ ജീവിക്കാനാകില്ല എന്ന തരത്തിലേയ്ക്ക് അടുപ്പം വളര്‍ന്നാല്‍ അത് അപകടമാണ്.

എന്തുകൊണ്ട്?

അച്ഛനും അമ്മയും ജോലിസംബന്ധമായ തിരക്കുകളില്‍പ്പെടുകയും കുട്ടിയെ നോക്കാന്‍ വേണ്ടത്ര സമയം കിട്ടാതെ വരികയും ചെയ്യുമ്പോഴാണ് വീട്ടിലെ മുതിര്‍ന്നവരേയോ ജോലിക്കാരികളേയോ പരിചരണം ഏല്‍പ്പിക്കേണ്ടി വരുന്നത്. ഓര്‍മ്മ വച്ച കാലം മുതല്‍ തന്നെ പരിചരിച്ച വ്യക്തിയോട് കുട്ടിയ്ക്ക് അടുപ്പം ഉണ്ടാകുന്നത് സ്വാഭാവികമാണ്. അച്ഛനമ്മമാര്‍ കുട്ടികള്‍ കുസൃതി കാണിച്ചാല്‍ വഴക്കു പറയുകയോ അടിക്കുകയോ ചെയ്യുമെങ്കിലും അതേസ്ഥാനത്ത് വീട്ടിലെ പ്രായമായവരാണ് കുട്ടിയെ നോക്കുന്നതെങ്കില്‍ അത്ര കാര്‍ക്കശ്യത്തോടെ പെരുമാറാറില്ല. പേരക്കുട്ടിയോടുള്ള വാത്സല്യത്തിന്‍റെ പുറത്ത് അവര്‍ കാണിക്കുന്ന ചെറുതോ വലുതോ ആയ തെറ്റുകള്‍ അവര്‍ കണ്ടില്ലെന്നു നടിക്കാം. അതുപോലെ തന്നെ കുട്ടി സമയത്ത് ഭക്ഷണം കഴിച്ചില്ലെങ്കില്‍ മാതാപിതാക്കള്‍ നിര്‍ബന്ധപൂര്‍വ്വം ഭക്ഷണം കഴിപ്പിക്കും. എന്നാല്‍ ഒരു ജോലിക്കാരി കുട്ടിയെ ഇതുപോലെ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കണമെന്നില്ല. തീരെ ചെറിയപ്രായത്തില്‍ എ  ന്താണ്  ശരി, തെറ്റ് എന്ന് തിരിച്ചറിയാനുള്ള വിവേകം കുട്ടികള്‍ക്കുണ്ടാകില്ല. അതിനാല്‍ എല്ലാ കാര്യങ്ങളിലും അവരുടെ ഇഷ്ടത്തിന് വഴങ്ങാത്ത മാതാപിതാക്കളേക്കാള്‍ അവര്‍ക്കിഷ്ടം എന്തിനും സ്വാതന്ത്ര്യം നല്‍കുന്ന വീട്ടിലെ മുതിര്‍ന്നവരേയും ജോലിക്കാരിയേയും ഒക്കെയാകും.  കുട്ടിയെ സംബന്ധിക്കുന്ന എല്ലാ ചുമതലകളും ഒരു വ്യക്തിയില്‍ നിക്ഷിപ്തമാകുമ്പോള്‍ സംഭവിക്കുന്ന ഒരു പ്രശ്നമാണിത്.

സ്നേഹം ചൂഷണം ചെയ്യുമ്പോള്‍ 

വസ്തുവിറ്റ വകയില്‍ അമ്മമ്മയുടെ കൈവശം നല്ലൊരു തുകയുണ്ടെന്ന് എട്ടാം ക്ലാസില്‍ പഠിക്കുന്ന പേരക്കുട്ടി മനസ്സിലാക്കി. അവര്‍ക്ക് തന്നോടുള്ള വാത്സല്യം മുതലെടുത്ത് പല കാരണങ്ങള്‍ പറഞ്ഞ് കുട്ടി പണം വാങ്ങിക്കൊണ്ടിരുന്നു. ലഭിച്ച പണമത്രയും ഓണ്‍ലൈന്‍ ഷോപ്പിങ്ങിലൂടെ പലതരം സാധനങ്ങള്‍ വാങ്ങാനായാണ് കുട്ടി ചെലവിട്ടിത്. അച്ഛനും അമ്മയും ഏറെ വൈകിയാണ് ഇക്കാര്യങ്ങള്‍ അറിഞ്ഞത്. ഇത്തരത്തില്‍ വീട്ടിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് തന്നോടുള്ള സ്നേഹം ചൂഷണം ചെയ്യുന്ന കുട്ടികളും ഉണ്ട്. ഇവിടെ എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടി അച്ഛനമ്മമാര്‍ അറിയാതെ പണമാണ് നേടിയെടുത്തതെങ്കില്‍ തീരെ ചെറിയ കുട്ടികളും വീട്ടിലെ പ്രായമായവരെ കൂട്ടുപിടിച്ച് അവരുടെ പല ആവശ്യങ്ങളും നടത്തിയെടുക്കുന്നുണ്ട്. നാലു വയസ്സുകാരിയായ മകളെ എവിടെ കൊണ്ടുപോകണമെങ്കിലും അമ്മമ്മയും ഒപ്പം കൂട്ടണമെന്ന് ഒരമ്മ പറഞ്ഞതോര്‍ക്കുന്നു. വഴിയിലുള്ള കടയിലെ എന്ത് സാധനം ചൂണ്ടിക്കാണിച്ചാലും അമ്മമ്മ അത് അവള്‍ക്ക് വാങ്ങിച്ചു കൊടുക്കും, ഞങ്ങള്‍ക്കൊപ്പം വന്നാല്‍ അത് നടക്കില്ലെന്നറിയാം- അവര്‍ പറഞ്ഞു. ഇത്തരത്തില്‍ സ്നേഹക്കൂടുതല്‍ കൊണ്ട് പേരക്കുട്ടിയുടെ വേണ്ടതും വേണ്ടാത്തതുമായ ആവശ്യങ്ങളെല്ലാം നിറവേറ്റി കൊടുക്കുമ്പോള്‍ അത് കുട്ടിയെ കൂടുതല്‍ പിടിവാശിക്കാരാക്കി മാറ്റുമെന്ന് അവര്‍ ചിന്തിക്കുന്നതേയില്ല.

അറിയാം ഇടപെടാം

കുട്ടി കൂടുതല്‍ സമയവും ജോലിക്കാരിക്കൊപ്പമോ നിങ്ങളുടെ മാതാപിതാക്കള്‍ക്കൊപ്പമോ ആണെങ്കിലും അവിടെ നടക്കുന്ന ഓരോ കാര്യവും അറിയാന്‍ ശ്രമിക്കണം. കുട്ടി സമയത്തിന് ഭക്ഷണം കഴിച്ചോ സ്കൂളില്‍ പോയോ പഠിക്കുന്നുണ്ടോ തുടങ്ങി അവരെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും പൂര്‍ണ്ണമായും ശ്രദ്ധിക്കേണ്ടത് നിങ്ങളാണ്. സമയക്കുറവ് മൂലം മറ്റൊരാളുടെ സഹായം തേടുകയാണെങ്കില്‍ പോലും ഇക്കാര്യങ്ങള്‍ കുട്ടിയോടോ അവരെ നോക്കുന്നവരോടോ ചോദിച്ചറിയണം. കുട്ടിയുമായി സംസാരിക്കാന്‍ പരമാവധി സമയം കണ്ടെത്തണം. കുട്ടികള്‍ പറയുന്ന എല്ലാ കാര്യങ്ങളും ശ്രദ്ധാപൂര്‍വ്വം കേള്‍ക്കണം. അമ്മ അല്ലെങ്കില്‍ അച്ഛന്‍ ഞാന്‍ പറയുന്നത് കേള്‍ക്കുന്നുണ്ടെന്ന തോന്നല്‍ കൂടുതല്‍ സംസാരിക്കാന്‍ അവരെ പ്രേരിപ്പിക്കും. അങ്ങനെ വരുമ്പോള്‍ വീട്ടില്‍ നടന്ന എല്ലാ കാര്യങ്ങളും വള്ളിപുള്ളി വിടാതെ അവര്‍ പറയും. എല്ലാം കേട്ടുകഴിഞ്ഞ ശേഷം അന്നു നടന്ന കാര്യങ്ങളില്‍ പാടില്ല എന്ന് നിങ്ങള്‍ക്കു തോന്നുന്ന കാര്യങ്ങള്‍ ഇനി ചെയ്യരുത് എന്ന് അവരോടു പറയാം. ഉദാഹരണത്തിന് കുട്ടി ചോറുകഴിക്കാന്‍ മടി കാണിച്ചപ്പോള്‍ പകരം എന്തെങ്കിലും ബേക്കറിപലഹാരങ്ങള്‍ കൊടുത്തുവെന്നിരിക്കട്ടേ. അങ്ങനെ ബേക്കറി സാധനങ്ങള്‍ കൊടുക്കരുതെന്ന് കുട്ടിയെ നോക്കുന്നവരോട് ആവശ്യപ്പെടാം. ഒപ്പം തന്നെ ചോറിനു പകരം പലഹാരങ്ങള്‍ കഴിച്ചാല്‍ ഇനിമുതല്‍ അതൊന്നും വാങ്ങിത്തരില്ലെന്ന് കുട്ടിയോടും പറയാം. കുട്ടിയെ ശാസിക്കുമ്പോള്‍ തന്നെ അത് അവരെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഉദ്ദേശിച്ചുള്ളതാകണം. മറിച്ച് പലഹാരങ്ങള്‍ കഴിച്ചുവെന്ന് പറഞ്ഞ് ദേഹോപദ്രവം ഏല്‍പ്പിക്കുകയും കഠിനമായി ശാസിക്കുകയും ചെയ്താല്‍ അവര്‍ പിന്നീട് സത്യസന്ധമായി കാര്യങ്ങള്‍ തുറന്നു പറഞ്ഞുവെന്ന് വരില്ല.

സ്വയം ചെയ്യാന്‍ പരിശീലിപ്പിക്കാം

ഓരോ പ്രായത്തിലും കുട്ടിയ്ക്ക് തന്നെ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ഉണ്ട്. ഇതു മനസ്സിലാക്കി അവരോട് തനിയെ ചെയ്യാന്‍ ആവശ്യപ്പെടാം. ആദ്യ ദിവസം തന്നെ അവര്‍ അത് കൃത്യമായി ചെയ്തുവെന്ന് വരില്ല. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ അത് ചെയ്യാന്‍ അവര്‍ പഠിച്ചുകൊള്ളും. ഉദാഹരണത്തിന് ഒരു ദിവസത്തെ ടൈംടേബിള്‍ നോക്കി പുസ്തകങ്ങള്‍ ബാഗില്‍ അടുക്കിവയ്ക്കുന്നത് സ്കൂളില്‍ പുതുതായി ചേര്‍ന്ന ഒരു കുട്ടിയെ സംബന്ധിച്ച് പ്രയാസകരമായിരിക്കും. എന്നാല്‍ എല്ലാ ദിവസവും നിങ്ങള്‍ തന്നെ ബാഗില്‍ എല്ലാം ഒരുക്കി കൊടുത്താല്‍ അവര്‍ അക്കാര്യം ശ്രദ്ധിക്കുക പോലും ഇല്ല. അതിനാല്‍ ആദ്യ ദിവസങ്ങളില്‍ ബാഗ് ഒരുക്കുമ്പോള്‍ അവരേയും കൂടെ കൂട്ടാം. നാളെ തനിയെ ചെയ്യണമെന്ന് ആവശ്യപ്പെടാം. അവര്‍ എല്ലാം ബാഗില്‍ വച്ചതിനു ശേഷം എന്തെങ്കിലും മറന്നുവോ എന്ന് ആദ്യത്തെ ഒരാഴ്ച നിങ്ങള്‍ ശ്രദ്ധിക്കണം. എന്നാല്‍ പിന്നീട് അവര്‍ അത് കൃത്യമായി ചെയ്യുമെന്ന് ഉറപ്പാണ്. എല്ലാത്തിനും ഒരു വ്യക്തിയെ ആശ്രയിക്കുമ്പോഴാണ് ആ വ്യക്തിയോട് കുട്ടികള്‍ പരിധിയില്‍ കവിഞ്ഞ അടുപ്പം കാണിക്കുന്നത്. അവര്‍ ഇല്ലാതെ ഭക്ഷണം കഴിക്കില്ല, ഉറങ്ങില്ല-ഇത്തരം വാശികള്‍ കുട്ടികളില്‍ സാധാരണമാണ്. എന്നാല്‍ ചെറിയപ്രായത്തില്‍ തന്നെ ഇത് മാറ്റിയെടുക്കാവുന്നതേയുള്ളൂ. അവരുടെ സാന്നിധ്യം ഇല്ലാത്ത സമയങ്ങള്‍ കുട്ടിയുടെ ജീവിതത്തില്‍ ഉണ്ടാക്കിയെടുക്കുക എന്നതാണ് ആദ്യത്തേത്. കുട്ടിയും നിങ്ങളും തനിച്ചുള്ള യാത്രകളോ ആഘോഷങ്ങളോ പ്ലാന്‍ ചെയ്യാം. വരാന്‍ കുട്ടി വിസമ്മതിച്ചാലും യാത്രയിലേയോ ആഘോഷങ്ങളിലേയോ അവര്‍ക്കിഷ്ടമാകാന്‍ ഇടയുള്ള കാര്യങ്ങള്‍ പറഞ്ഞ് കൂടെ വരാന്‍ പ്രേരിപ്പിക്കാം. ബന്ധുവീടുകളിലോ അടുത്ത സുഹൃത്തുക്കളുടെ വീടുകളിലോ കുട്ടിയുമൊത്ത് താമസിക്കാം. ഇത്തരം സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ എല്ലായ്പ്പോഴും ആ വ്യക്തി തനിക്കൊപ്പം ഉണ്ടാകില്ല എന്ന യാഥാര്‍ത്ഥ്യം കുട്ടി പതിയെ അംഗീകരിക്കാന്‍ തുടങ്ങും. ഒപ്പം ഓരോ പ്രായത്തിലും അവര്‍ക്ക് തനിയെ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. അല്ലാത്തപക്ഷം ചിറകിനടിയില്‍ ഒതുങ്ങിക്കൂടുന്ന പക്ഷിക്കുഞ്ഞുങ്ങളായി മാറും അവര്‍.

പലകാരണങ്ങള്‍ കൊണ്ട് കുട്ടികള്‍ ഏതെങ്കിലും ഒരു വ്യക്തിയോട് അമിതമായ അടുപ്പം പുലര്‍ത്തുന്നതായി കാണാം. ചെറുപ്രായത്തിലെ കുട്ടിയെ നോക്കിയവരോ അല്ലെങ്കില്‍ ആവശ്യപ്പെടുന്നതെന്തും വാങ്ങിനല്‍കുന്ന വീട്ടിലെ മുതിര്‍ന്നവരോ അങ്ങനെ കുട്ടിയുടെ മനസ്സില്‍ സ്ഥാനം നേടിയവരാകും ഇവര്‍. ഊണിലും ഉറക്കത്തിലും ഇവരെ കൂടാതെ കഴിയാനാകില്ല എന്ന രീതിയില്‍ വളര്‍ന്നുവരുന്ന കുട്ടിയ്ക്ക് പെട്ടെന്നൊരു ദിവസം ഇവരുടെ അസാന്നിധ്യം ജീവിതത്തില്‍ ഉണ്ടാകുന്നത് താങ്ങാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ വളരെ ചെറിയ പ്രായത്തില്‍ തന്നെ സാവധാനം കുട്ടിയെ ഇതില്‍ നിന്നു പുറത്തു കൊണ്ടുവരാനാകണം അച്ഛനമ്മമാര്‍ ശ്രമിക്കേണ്ടത്. ഒപ്പം ഒരു വ്യക്തിയേയും അമിതമായി ആശ്രയിക്കാതെ കാര്യങ്ങള്‍ സ്വയം ചെയ്യാനുള്ള മനോഭാവവും കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ വിജയിച്ചു.

(കുറിപ്പ് : ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പേരുകള്‍ യഥാര്‍ത്ഥമല്ല)

read more
വൃക്തിബന്ധങ്ങൾ Relationship

പുനര്‍വിവാഹ ജീവിതം സന്തോഷകരമാക്കാന്‍

പുനര്‍വിവാഹം ഇന്ന് അപരിചിതമായൊരു വാക്കല്ല. പലകാരണങ്ങളാല്‍ വിവാഹമോചനം നേടിയവരും ജീവിതപങ്കാളിയെ നഷ്ടപ്പെട്ടവരുമെല്ലാം പുനര്‍വിവാഹത്തിനു തയ്യാറാവുന്നു.

ജീവിതയാത്രയില്‍ ഒരു കൂട്ടുവേണമെന്ന തോന്നലാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നത്. ഒറ്റപ്പെടല്‍ ഒഴിവാക്കാനും പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനും പുനര്‍വിവാഹങ്ങള്‍ സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ പുനര്‍വിവാഹിതരിലും വിവാഹമോചനങ്ങള്‍ കൂടുകയാണ്.

ആദ്യ വിവാഹത്തിലെ എല്ലാ വെല്ലുവിളികളും പുനര്‍വിവാഹത്തിലും നിലനില്‍ക്കുന്നുണ്ടെങ്കിലും മക്കള്‍, സ്വത്തുവിഭജനം തുടങ്ങി ആദ്യ വിവാഹത്തില്‍ പ്രത്യക്ഷമല്ലാതിരുന്ന ചില കാരണങ്ങള്‍ കൂടി പുനര്‍വിവാഹത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.

കോളേജ് അധ്യാപികയാണ് മീര. പഠനം കഴിഞ്ഞയുടന്‍ വീട്ടുകാര്‍ അവളെ വിവാഹം കഴിപ്പിച്ചയച്ചു. ഭര്‍ത്താവും വീട്ടുകാരും അവളോട് ഏറെ സ്നേഹത്തോടെയാണ് ഇടപെട്ടിരുന്നത്. സന്തോഷകരമായ ദാമ്പത്യത്തിനിടെ അവര്‍ക്ക് ഒരു മകള്‍ ജനിച്ചു. ഒരു വര്‍ഷം കൂടി കഴിഞ്ഞപ്പോഴാണ് അവള്‍ക്ക് സ്വന്തം വീടിന് അടുത്തുള്ള കോളേജില്‍ ജോലി ശരിയാവുന്നത്. ഭര്‍ത്താവിന്‍റെ അനുവാദത്തോടെ തന്നെ അവള്‍ ആ ജോലി സ്വീകരിച്ചു. തത്കാലികമായി അവള്‍ സ്വന്തം വീട്ടില്‍ താമസമാക്കി. ഒരു അവധിദിനത്തില്‍ പതിവു പോലെ കുഞ്ഞിനേയും കൊണ്ട് ഭര്‍തൃവീട്ടില്‍ എത്തിയ അവള്‍ വലിയൊരു വഴക്കിന് സാക്ഷിയായി. തന്‍റെ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെ ചൊല്ലിയാണ് ആ വഴക്കെന്ന് അറിഞ്ഞതോടെ അവള്‍ ആകെ തകര്‍ന്നു പോയി.

പിന്നീടുള്ള അന്വേഷണത്തില്‍ ഇക്കാര്യം സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ അവള്‍ വിവാഹമോചനം നേടി. ജോലിയും കുഞ്ഞുമായി തന്‍റേതായൊരു ലോകത്തില്‍ ജീവിക്കുമ്പോഴും വീട്ടുകാര്‍ അവളെ മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. എന്നാല്‍ ഇനിയൊരു വിവാഹം വേണ്ടെന്ന നിലപാടിലായിരുന്നു അവള്‍.

ഒരു സഹപ്രവര്‍ത്തകയുടെ വീട്ടില്‍ നടന്ന പിറന്നാളാഘോഷത്തിനിടെയാണ് മീര സ്റ്റീഫനെ പരിചയപ്പെടുന്നത്. പിന്നീട് സാമൂഹ്യമാധ്യമം വഴി അവര്‍ സൗഹൃദം നിലനിര്‍ത്തി. ബാങ്ക് ഉദ്യോഗസ്ഥനായ സ്റ്റീഫന്‍റെ ഭാര്യ രണ്ടു വര്‍ഷം മുന്‍പ് കാറപകടത്തില്‍ മരിച്ചു പോയിരുന്നു. സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള സംസാരം ഇരുവരേയും അടുപ്പിച്ചു.

ഇരുവീട്ടുകാര്‍ക്കും ഈ ബന്ധത്തില്‍ താത്പര്യമുണ്ടായിരുന്നില്ല. എതിര്‍പ്പിനെ വകവയക്കാതെ തന്നെ അവര്‍ വിവാഹിതരായി. ഒരു വാടകവീടെടുത്ത് താമസം ആരംഭിച്ചു. കുഞ്ഞിനോട് സ്റ്റീഫന്‍ സ്നേഹത്തോടെ പെരുമാറുന്നതു കാണുമ്പോഴൊക്കെ തന്‍റെ തീരുമാനം ശരിയായിരുന്നുവെന്ന് മീര ആശ്വസിച്ചു. അവര്‍ക്ക് ഒരു ആണ്‍കുഞ്ഞു ജനിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മൂത്ത കുട്ടി കുഞ്ഞിനെ ഉപദ്രവിക്കുന്നുവെന്ന് സ്റ്റീഫന്‍ പരാതിപ്പെടാന്‍ തുടങ്ങി.

ഇരുവരും കളിക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞാലുടന്‍ സ്റ്റീഫന്‍ മൂത്ത കുട്ടിയെ അടിക്കും. ഒരു ദിവസം വീട്ടിലെത്തിയ മീര കാണുന്നത് മകളെ സ്റ്റീഫന്‍ ഒരു മുറിയില്‍ അടച്ചിട്ടിരിക്കുന്നതാണ്. ഇതു ചോദ്യം ചെയ്തപ്പോള്‍ ഇളയ കുഞ്ഞിനെ ഉപദ്രവിക്കാതിരിക്കാനാണെന്ന മറുപടിയാണ് കിട്ടിയത്. മൂത്തകുട്ടിയാകട്ടെ, സ്റ്റീഫനെ കാണുമ്പോള്‍ പേടിച്ച് നിലവിളിക്കാന്‍ തുടങ്ങി.

പെട്ടെന്നുണ്ടായ പ്രശ്നങ്ങള്‍ മകളുടെ മനസ്സിനെ ബാധിക്കുന്ന ഘട്ടം എത്തിയപ്പോഴാണ് മീര കൗണ്‍സിലിങ് സെന്‍ററിലെത്തിയത്. സ്റ്റീഫന്‍റെ പെട്ടെന്നുള്ള ഭാവമാറ്റം ഉള്‍ക്കൊള്ളാന്‍ കഴിയാത്തതായിരുന്നു ഇരുവരുടേയും പ്രശ്നം. സ്റ്റീഫനാകട്ടെ പുതിയ കുഞ്ഞിനെ ഭാര്യ വേണ്ടത്ര സ്നേഹിക്കുന്നുണ്ടോ എന്ന സംശയമായിരുന്നു. ഇരുവരേയും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. മൂത്ത കുട്ടിയുടെ മനസ്സിലാകട്ടെ സ്റ്റീഫന്‍ ഒരു പേടിസ്വപ്നമായിരുന്നു. അത് പെട്ടെന്ന് തുടച്ചു മാറ്റാന്‍ എളുപ്പമല്ലെങ്കിലും സ്നേഹപൂര്‍ണ്ണമായ പെരുമാറ്റത്തിലൂടെ മകളോട് അടുക്കാന്‍ അയാള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

തെറ്റുകള്‍ ആവര്‍ത്തിക്കരുത്

പുതിയ ചുവടുവെയ്പ്പാണ് പുനര്‍വിവാഹം. മുന്‍ വിവാഹത്തില്‍ നിന്ന് നിങ്ങള്‍ പലതും പഠിച്ചിട്ടുണ്ടാകും. ഒരു വിവാഹമോചനത്തിനു ശേഷമാണ് വിവാഹത്തിനൊരുങ്ങുന്നതെങ്കില്‍ മുന്‍ വിവാഹത്തിലെ ശരിതെറ്റുകള്‍ വിലയിരുത്തുക. പൂര്‍ണ്ണമായും ഒരാളുടെ മാത്രം തെറ്റു കൊണ്ട് വിവാഹമോചനത്തിലെത്താനുള്ള സാധ്യത കുറവാണ്. സ്വതന്ത്രമായി ചിന്തിച്ച് ആദ്യ വിവാഹത്തില്‍ തന്‍റെ ഭാഗത്തു നിന്നുണ്ടായ പിഴവുകള്‍ മനസ്സിലാക്കുക. തെറ്റുകള്‍ സംഭവിച്ചിരിക്കാം; അത് ആവര്‍ത്തിക്കാതിരിക്കുക എന്നതാണ് പുനര്‍വിവാഹത്തിനൊരുങ്ങുമ്പോള്‍ ആദ്യം ഓര്‍മ്മിക്കേണ്ടത്. മുന്‍ വിവാഹം പരാജയപ്പെടാന്‍ ഉണ്ടായ കാരണങ്ങളും സാഹചര്യങ്ങളും പുനര്‍വിവാഹത്തിലും ഉണ്ടായേക്കാം. അതുകൊണ്ട് പെട്ടെന്നൊരു തീരുമാനത്തിലേയ്ക്ക് എത്തരുത്. ആദ്യ വിവാഹത്തേക്കാള്‍ കരുതലോടെ വേണം പുനര്‍വിവാഹത്തിനൊരുങ്ങാന്‍. ആദ്യ വിവാഹത്തില്‍ എന്താണോ നഷ്ടപ്പെട്ടിരുന്നത് അതാണ് മിക്കവരും പുനര്‍വിവാഹത്തില്‍ തേടുന്നത്. ആദ്യ പങ്കാളിയ്ക്ക് ഇല്ലാതിരുന്ന ഗുണഗണങ്ങള്‍ പുതിയ പങ്കാളിയ്ക്ക് ഉണ്ടായേക്കാം. എന്നാല്‍ ആദ്യ പങ്കാളിയില്‍ നിങ്ങള്‍ ശ്രദ്ധിക്കാതെ പോയിരുന്ന പല ഗുണങ്ങളും പുതിയ പങ്കാളിയക്ക് ഉണ്ടായില്ല എന്നു വരാം. ആദ്യ വിവാഹത്തില്‍ നിന്ന് പൂര്‍ണ്ണമായും മോചനം നേടിയ ശേഷം മാത്രമേ പുനര്‍വിവാഹത്തിനൊരുങ്ങാവൂ. ഒരു വാശിയ്ക്കോ മാതാപിതാക്കളെ സന്തോഷിപ്പിക്കാനോ വേണ്ടി ഒരിക്കവും വീണ്ടും വിവാഹം കഴിക്കരുത്. വിവാഹത്തിനു മുന്‍പ് പുതിയ പങ്കാളിയെ മനസ്സിലാക്കുക. നിങ്ങളുടെ പ്രതീക്ഷകളും സങ്കല്‍പ്പങ്ങളും പങ്കുവയ്ക്കുന്നതോടൊപ്പം ആദ്യ വിവാഹത്തില്‍ നിന്നുണ്ടായ ആശങ്കകളും തുറന്നു സംസാരിക്കാം. ‘തന്‍റേതല്ലാത്ത കാരണത്താല്‍ വിവാഹമോചനം നേടിയ’ എന്ന സംബോധനയോടെയാണ് പല വിവാഹപരസ്യങ്ങളും തുടങ്ങുന്നത്. തന്‍റെ ഭാഗത്ത് യാതൊരു തെറ്റും ഉണ്ടായിരുന്നില്ല, എല്ലാം പങ്കാളിയുടെ കുറ്റമായിരുന്നു എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതാണ് ഈ പരസ്യങ്ങള്‍. ഈ ഒരു മനോഭാവത്തോടെ ഒരിക്കലും പുതിയ പങ്കാളിയെ സമീപിക്കരുത്. പകരം തന്‍റെ ജീവിതത്തില്‍ സംഭവിച്ചതെന്താണെന്ന് തുറന്നു പറയുക. തന്‍റെ പ്രവര്‍ത്തികള്‍ തെറ്റായിരുന്നു എന്ന് ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതും പറയാം. ഒരു വിലയിരുത്തലിന് അവസരം നല്‍കണം. കാര്യങ്ങളെല്ലാം അറിഞ്ഞു കൊണ്ടു തന്നെ അവര്‍ നിങ്ങളെ സ്വീകരിക്കുമ്പോള്‍ മാത്രമേ ആ ബന്ധം നിലനില്‍ക്കൂ. എന്തെങ്കിലും ഒളിച്ചുവയ്ക്കാന്‍ ശ്രമിച്ചു എന്ന തോന്നല്‍ പോലും വലിയ വഴക്കുകള്‍ക്ക് വഴിവച്ചേക്കാം.

കുട്ടികളെ അവഗണിക്കരുത്

കുട്ടികളെ ചൊല്ലിയാണ് പല പുനര്‍വിവാഹങ്ങളും വേര്‍പിരിയുന്നത്. പുതിയ പങ്കാളി ആദ്യ ബന്ധത്തിലെ കുട്ടിയോട് വേണ്ടത്ര സ്നേഹം കാണിക്കുന്നില്ല എന്നത് പുനര്‍വിവാഹിതര്‍ക്കിടയിലെ സ്ഥിരം പരാതിയാണ്. ഇവിടെ മനസ്സിലാക്കാതെ പോകുന്ന ഒരു കാര്യം ബയോളജിക്കല്‍ പാരന്‍റായ നിങ്ങള്‍ കുട്ടിയ്ക്കു നല്‍കുന്ന അതേ പരിഗണനയും സ്നേഹവും പുതിയ പങ്കാളിയ്ക്ക് നല്‍കാന്‍ കഴിയണമെന്നില്ല എന്നതാണ്. ഇത് അംഗീകരിച്ചു കൊണ്ടു തന്നെ വേണം പുതിയ വിവാഹബന്ധത്തിലേയക്കു കടക്കാന്‍. എന്നാല്‍ കുട്ടിയെ ഒറ്റപ്പെടുത്തുകയോ വേര്‍തിരിച്ചു കാണുകയോ പാടില്ലെന്ന് നിര്‍ബന്ധം പിടിക്കാം. കുട്ടിയും പുതിയ പങ്കാളിയുമായി ആരോഗ്യകരമായ ഒരു ബന്ധം വിവാഹത്തിനു മുന്‍പേ വളര്‍ത്തിയെടുക്കുന്നതും നല്ലതാണ്. പുതിയ വിവാഹത്തിനു തയ്യാറെടുക്കുമ്പോള്‍ തന്നെ കുട്ടികളുടെ ഉത്കണഠകളും പരിഗണിക്കണം. ഏതുപ്രായത്തിലുള്ള കുട്ടികളായാലും കുടുംബത്തിലേയ്ക്ക് പെട്ടെന്നൊരാള്‍ വരുന്നത് അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരില്ല. മുതിര്‍ന്ന കുട്ടികളാണെങ്കില്‍ ഈ വിഷയത്തെ പറ്റി അവരുമായി സംസാരിക്കാം. അവരുടെ ആശങ്കകള്‍ അതെന്തു തന്നെയായാലും ക്ഷമയോടെ കേള്‍ക്കുന്നത് ഗുണം ചെയ്യും. നിങ്ങള്‍ അവരെ പരിഗണിക്കുന്നു എന്നൊരു തോന്നല്‍ അവരില്‍ വളര്‍ത്താന്‍ ഇതിലൂടെ കഴിയും. വിവാഹത്തോടെ ഇതുവരെ അച്ഛന് അല്ലെങ്കില്‍ അമ്മയ്ക്ക് തന്നോടുണ്ടായിരുന്ന സ്നേഹം കുറഞ്ഞു പോയേക്കുമോ എന്ന ഭയം അവരുടെ ഉള്ളില്‍ ഉണ്ടാകും. എന്നാല്‍ എന്തുസംഭവിച്ചാലും അവര്‍ നിങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞായിരിക്കുമെന്ന് ഉറപ്പു നല്‍കാം. നമ്മുടെ ജീവിതത്തിലേയ്ക്ക് പുതിയൊരാള്‍ വരുന്നുവെന്നുവെന്ന് അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കണം. ഒറ്റയ്ക്കു കഴിയുന്ന രക്ഷിതാവിനൊപ്പം ജീവിച്ച കുട്ടി പുതിയ പങ്കാളിയുടെ കടന്നു വരവിനെ സംശയത്തോടെയാവും വീക്ഷിക്കുക. പുതിയ പങ്കാളി നല്ലവനല്ലെന്ന് ചിലപ്പോള്‍ അവര്‍ മനസ്സില്‍ ഉറപ്പിച്ചിട്ടുണ്ടാകും.  അമ്മയെ അല്ലെങ്കില്‍ അച്ഛനെ തനിക്കു തിരിച്ചു കിട്ടാന്‍ വേണ്ടി ഓരോ കാരണങ്ങള്‍ കണ്ടുപിടിച്ച് പുതിയ ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുന്ന കുട്ടികളും കുറവല്ല. അതുപോലെ തന്നെ നിങ്ങള്‍ പുതിയ പങ്കാളിയെ ഇഷ്ടപ്പെടുന്നതു പോലെ കുട്ടിയ്ക്ക് സ്നേഹിക്കാന്‍ കഴിയണമെന്നില്ല. അവരുടെ മനസ്സില്‍ സ്വസ്ഥമായ ജീവിതത്തിലേയ്ക്കു കടന്നുവരുന്ന ഒരു അപരിചിതനാണ് പുതിയ പങ്കാളി. ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ ഏറെ സങ്കീര്‍ണ്ണമായി മാറിയേക്കാവുന്ന പ്രശ്നങ്ങളാണ് ഇതെല്ലാം. കുട്ടികളുടെ പ്രായം പരിഗണിച്ചു കൊണ്ട് അവര്‍ക്ക് മനസ്സിലാക്കാന്‍ പറ്റുന്ന രീതിയില്‍ ഇക്കാര്യങ്ങള്‍ അവതരിപ്പിക്കുകയാണ് പോംവഴി. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ ഒരു കൗണ്‍സിലറുടെ സഹായം തേടുക. ഒപ്പം പുതിയ പങ്കാളിയും കുട്ടിയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നിങ്ങളാല്‍ കഴിയാവുന്നതെല്ലാം ചെയ്യുക. അതുപോലെ തന്നെ പുതിയ പങ്കാളിയ്ക്ക് കുട്ടികള്‍ ഉണ്ടെങ്കില്‍ അവരോട് സ്നേഹത്തോടെ പെരുമാറാന്‍ നിങ്ങളും ശ്രദ്ധിക്കണം. കുട്ടികള്‍ തമ്മിലും ആരോഗ്യകരമായ ബന്ധം വളര്‍ത്തിയെടുക്കണം. നിസ്സാരകാര്യങ്ങള്‍ക്ക് അവര്‍ തമ്മില്‍ വഴക്കിടുമ്പോള്‍ പോലും കൃത്യമായി ഇടപെട്ടിട്ടില്ലെങ്കില്‍ അത് ബന്ധത്തെ ബാധിക്കും. ആദ്യവിവാഹത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ മറ്റൊരു സാഹചര്യമാണ് പുനര്‍വിവാഹത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം വ്യക്തമായി ഉള്‍ക്കൊണ്ടു കൊണ്ടു വേണം വിവാഹബന്ധത്തിലേയ്ക്കു കടക്കാന്‍.

സാമ്പത്തികവശങ്ങള്‍ അറിയണം

സ്വത്തുക്കളെ സംബന്ധിച്ചുള്ള തര്‍ക്കമാണ് പുനര്‍വിവാഹങ്ങളെ വേര്‍പിരിയലിലേയ്ക്കു നയിക്കുന്ന മറ്റൊരു ഘടകം. ആദ്യ വിവാഹത്തിലെ സാമ്പത്തിക ബാധ്യതകള്‍ കഴിയുന്നതും തീര്‍ത്തതിനു ശേഷമേ വീണ്ടും ഒരു ബന്ധത്തിലേയ്ക്കു കടക്കാവൂ. വിവാഹത്തിനു മുന്‍പു തന്നെ സ്വത്തുവിവരങ്ങളെ കുറിച്ച് പങ്കാളിയുമായി സംസാരിക്കാം. ആദ്യ ബന്ധത്തില്‍ നിങ്ങള്‍ക്കു വന്നിട്ടുള്ള ബാധ്യതകളെ കുറിച്ചും പറയണം. നിയമപരമായി ആദ്യ ബന്ധത്തിലെ കുട്ടിയ്ക്കു നിങ്ങളുടെ സ്വത്തിന്‍മേലുള്ള അവകാശത്തെ പറ്റിയും പുതിയ പങ്കാളിയെ ബോധ്യപ്പെടുത്തണം. വിവാഹത്തിനു മുന്‍പേ ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തിയാല്‍ പിന്നീട് കലഹം ഒഴിവാക്കാം. ആദ്യവിവാഹത്തിലെ മകന് അല്ലങ്കില്‍ മകള്‍ക്ക് സ്വത്തിന്‍റെ ഒരു വിഹിതം നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പലപ്പോഴും കൊലപാതകങ്ങളിലേയ്ക്കു വരെ നയിക്കാറുണ്ട്. ഇതിന് ദിവസവും എത്രയോ ഉദാഹരണങ്ങള്‍ നാം പത്രങ്ങളില്‍ കാണുന്നു. അതുകൊണ്ടു തന്നെ ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. ആദ്യവിവാഹത്തിലെ കുട്ടിയെ പുതിയ പങ്കാളിയ്ക്ക് സ്വന്തം കുട്ടിയായി കണക്കാക്കാന്‍ കഴിയാതെ വരുന്നതിനാലാണ് അവന് അല്ലെങ്കില്‍ അവള്‍ക്ക് സ്വത്തിന്‍റെ ഒരു പങ്ക് നല്‍കുന്നതിനെ അവര്‍ എതിര്‍ക്കുന്നത്. തന്‍റെ മകന് അര്‍ഹതപ്പെട്ടത് മറ്റൊരാള്‍ തട്ടിയെടുക്കുന്നു എന്ന ചിന്തയായിരിക്കും അവരുടെ ഉള്ളില്‍. പുതിയ പങ്കാളിയുമൊത്ത് ജീവിതം തുടങ്ങുന്നതിനു മുന്‍പു തന്നെ ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കണം. വേണമെങ്കില്‍ ഒരു അഭിഭാഷകന്‍റെ സഹായവും തേടാം. ആദ്യ വിവാഹത്തിലെ സാമ്പത്തിക ബാധ്യതകളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന കാര്യത്തിലും വ്യക്തത വേണം. പുതിയ പങ്കാളിയ്ക്ക് കുട്ടികളുണ്ടെങ്കില്‍ സ്വത്തുവിഭജിക്കുമ്പോള്‍ അവരേയും കണക്കിലെടുക്കേണ്ടി വരുമെന്ന കാര്യം നിങ്ങളും മനസ്സിലാക്കണം. അവരുടെ ചെലവുകള്‍ കൈകാര്യം ചെയ്യേണ്ടതെങ്ങനെയാണെന്ന കാര്യത്തിലും വിവാഹത്തിനു മുന്‍പ് ധാരണയുണ്ടാക്കണം. പുനര്‍വിവാഹത്തിലെ സാമ്പത്തികപ്രശ്നങ്ങള്‍ പരിഹരിക്കുന്നത് പലപ്പോഴും എളുപ്പമല്ല. വിവാഹത്തിനു മുന്‍പു തന്നെ ഒരു അഭിഭാഷകന്‍റെ സഹായത്തോടെ എല്ലാ കാര്യങ്ങളിലും ധാരണയുണ്ടാക്കുന്നത് സഹായകരമാകും.

താരതമ്യം വേണ്ട

“ഞാന്‍ എത്ര ശ്രമിച്ചാലും അതുപോലെയാകാന്‍ കഴിയില്ല, അതുകൊണ്ട് ഈ ബന്ധം എനിക്കു വേണ്ട” ആശ സങ്കടത്തോടെ പറഞ്ഞു. ആശയുടെ ആദ്യ വിവാഹമായിരുന്നു അത്. ഭര്‍ത്താവിന്‍റെ ആദ്യഭാര്യ ഒരു അപകടത്തില്‍ മരണപ്പെട്ടിരുന്നു. ഭര്‍തൃവീട്ടുകാരുടെ സാമ്പത്തികനില കൂടി കണക്കിലെടുത്താണ് ആശയുടെ വീട്ടുകാര്‍ ഈ വിവാഹം ഉറപ്പിച്ചത്. വിവാഹം കഴിഞ്ഞ് ആദ്യ ദിവസങ്ങളില്‍ തന്നെ ഭര്‍ത്താവ് അവളോട് ആദ്യ വിവാഹത്തിന്‍റെ കഥകള്‍ പറഞ്ഞു കൊടുത്തു. ഭാര്യയെ നഷ്ടപ്പെട്ടതിനെ പറ്റി പറയുമ്പോഴൊക്കെ അദ്ദേഹം വികാരാധീനനായി. ആദ്യമൊക്കെ ഇതെല്ലാം ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും മുന്‍ഭാര്യയോടുള്ള സ്നേഹത്തെ ഉള്ളില്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നെങ്കിലും ഇത് പതിവായപ്പോള്‍ ആശയ്ക്ക് അത് ഉള്‍ക്കൊള്ളാനായില്ല. ആശ മുടി കെട്ടുമ്പോഴും ഒരുങ്ങുമ്പോഴും എല്ലാം മുന്‍ഭാര്യ ഇങ്ങനെയായിരുന്നു എന്ന് ഭര്‍ത്താവ് പറയും. എ്ല്ലാകാര്യങ്ങളിലും ഇങ്ങനെ താരതമ്യം ചെയ്തു തുടങ്ങിയപ്പോള്‍ അവര്‍ക്കിടയില്‍ ചെറിയ വഴക്കുകള്‍ ഉടലെടുത്തു. ഭര്‍ത്താവ് തന്നെ ഒട്ടും പരിഗണിക്കുന്നില്ലെന്ന തോന്നല്‍ ഉണ്ടായപ്പോഴാണ് ആശ ഇങ്ങനെയൊരു തീരുമാനത്തിലേയ്ക്കെത്തിയത്. ” കേള്‍ക്കുമ്പോള്‍ നിസ്സാരമായി തോന്നാമെങ്കിലും ഏറെ അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നൊരു പ്രശ്നമാണ് താരതമ്യം. ലോകത്തില്‍ എല്ലാ വ്യക്തികളും അവരവര്‍ ആയിരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. മറ്റൊരാളുമായി താരതമ്യപ്പെടുത്തുന്നത് ആര്‍ക്കും സഹിക്കാനാവില്ല. പുതിയ പങ്കാളിയുമൊത്ത് ജീവിതം തുടങ്ങുമ്പോള്‍ പ്രത്യേകം ഓര്‍ക്കേണ്ട കാര്യമാണിത്. പഴയ വിവാഹത്തില്‍ സംഭവിച്ചത് എന്തുമായിക്കൊള്ളട്ടേ, അതിന്‍റെ ഓര്‍മ്മകളെ പുതിയ വിവാഹത്തിലേയ്ക്കു വലിച്ചിഴയ്ക്കരുത്. മുന്‍ വിവാഹത്തിന്‍റെ ഓര്‍മ്മകള്‍ പൂര്‍ണ്ണമായും തുടച്ചു നീക്കാന്‍ സാധ്യമല്ല. പക്ഷേ യാതൊരു കാരണവശാലും പുതിയ പങ്കാളിയുടെ മുന്‍പില്‍ ഇടയ്ക്കിടെ ഇക്കാര്യങ്ങള്‍ പറയാതിരിക്കുക. നിങ്ങള്‍ ഇപ്പോഴും മുന്‍വിവാഹത്തില്‍ ജീവിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന തോന്നല്‍ അവരെ ഏറെ വേദനിപ്പിക്കും. മുന്‍ പങ്കാളിയ്ക്കുണ്ടായിരുന്ന പല ഗുണങ്ങളും പുതിയ പങ്കാളിയ്ക്ക് ഉണ്ടാവണമെന്നില്ല. വിവാഹശേഷം ഇക്കാര്യം നിങ്ങള്‍ തിരിച്ചറിയുമെങ്കിലും ഒരിക്കലും അത് അവരോട് ആ രീതിയില്‍ തുറന്നു പറയാതിരിക്കുക. പകരം ഇങ്ങനെ ചെയ്യുന്നതാണ് എനിക്ക് ഇഷ്ടം എന്നു സൂചിപ്പിച്ചാല്‍ പ്രശ്നം പരിഹരിക്കാം.

ആദ്യവിവാഹത്തില്‍ നിന്ന് എല്ലാം പഠിച്ചു എന്ന മനോഭാവത്തോടെ ഒരിക്കലും വീണ്ടും വിവാഹത്തിന് ഒരുങ്ങരുത്. ആദ്യ വിവാഹത്തിലെ സാഹചര്യങ്ങളോ വെല്ലുവിളികളോ ആയിരിക്കില്ല പുനര്‍വിവാഹത്തില്‍ നിങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. ആദ്യ വിവാഹത്തിന്‍റെ നിന്ന് പൂര്‍ണ്ണമായും മോചനം നേടിയ ശേഷം ഒരു പുതിയ അധ്യായത്തിലേയ്ക്കു കടക്കുന്ന മനോഭാവത്തോടെ വേണം പുനര്‍വിവാഹത്തെ സമീപിക്കാന്‍. എങ്കില്‍ ആദ്യ വിവാഹത്തിലെ കയ്പ്പേറിയ ഓര്‍മ്മകള്‍ തുടച്ചു മാറ്റി സ്നേഹസമൃദ്ധമായ പുതിയ ജീവിതം കെട്ടിപ്പടുക്കാന്‍ നിങ്ങള്‍ക്കു സാധിക്കും.

 

read more
ആരോഗ്യംചോദ്യങ്ങൾവൃക്തിബന്ധങ്ങൾ Relationship

ഭാര്യയും ഭർത്താവും രണ്ടു സ്വഭാവക്കാരാകുമ്പോൾ…

തിരുവനന്തപുരത്തെ ഒരു ബാങ്കില്‍ ഉദ്യോഗസ്ഥയാണ് നിത. അച്ഛനും അമ്മയും സഹോദരനും വര്‍ഷങ്ങളായി വിദേശത്ത് താമസമാണ്.

നാട്ടില്‍ ജീവിക്കണമെന്ന ആഗ്രഹത്താല്‍ നിത മാത്രം മടങ്ങിപ്പോരുകയായിരുന്നു. മൂന്നു മാസം മുന്‍പായിരുന്നു അവളുടെ വിവാഹം. തിരുവനന്തപുരത്തു തന്നെയുള്ള ഒരു ബിസിനസ്സ് കുടുംബത്തിലെ അംഗമായിരുന്നു വരന്‍. നിതയുടെ അച്ഛനും അമ്മയും സഹോദരനും അവധിയ്ക്ക് വരുന്നത് അനുസരിച്ച് ചടങ്ങുകള്‍ പെട്ടെന്ന് നടത്തി. പഠനവും ജോലിയുമായി ജീവിതത്തിലെ കൂടുതല്‍ സമയവും ഒറ്റയ്ക്ക് താമസിച്ചിട്ടുള്ള നിത വിവാഹശേഷം ഒരു കൂട്ടുകുടുംബത്തിലേയ്ക്കാണ് എത്തിപ്പെട്ടത്.

ഭര്‍ത്താവിന്‍റെ സഹോദരനും ഭാര്യയും കുട്ടികളും സഹോദരിയും അച്ഛനമ്മമാരും ഉള്‍പ്പെട്ടതായിരുന്നു കുടുംബം. കൂടുതല്‍ സമയവും തനിച്ചിരിക്കാന്‍ ഇഷ്ടപ്പെടുന്ന ഉള്‍വലിഞ്ഞ പ്രകൃതക്കാരിയായിരുന്നു നിത. എന്നാല്‍ ഭര്‍ത്താവിന്‍റെ വീടാകട്ടെ എപ്പോഴും ബഹളമയമായിരുന്നു. ഇതിനു പുറമേ നിതയുടെ ഭര്‍ത്താവിന് പൂച്ചകളെ ഏറെ ഇഷ്ടമായിരുന്നു. അയാള്‍ സുന്ദരന്‍മാരായ രണ്ടു പൂച്ചകളെ വീട്ടില്‍ ഓമനിച്ച് വളര്‍ത്തിയിരുന്നു. അവയ്ക്ക് വീട്ടില്‍ സര്‍വസ്വതന്ത്ര്യവും അനുവദിച്ചു നല്‍കിയിരുന്നു. വീട്ടില്‍ എല്ലായിടത്തും അവ ചുറ്റിത്തിരിഞ്ഞു നടന്നു. യാതൊരു ജീവികളേയും വളര്‍ത്തി ശീലമില്ലാത്ത നിതയ്ക്കാവട്ടെ പൂച്ചകള്‍ ഊണുമേശയിലും കിടക്കയിലും അടുക്കളയിലും കയറി നടക്കുന്നത് കണ്ട് അറപ്പു തോന്നി.

തന്‍റെ അനിഷ്ടം അവള്‍ ഭര്‍ത്താവിനെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. തന്‍റേയും വീട്ടുകാരുടേയും ശീലങ്ങള്‍ മാറ്റാന്‍ കഴിയില്ലെന്നും വീട്ടിലേയ്ക്കു വന്ന പെണ്‍കുട്ടി അതുമായി പൊരുത്തപ്പെടാന്‍ തയ്യാറാവണമെന്നുമായിരുന്നു അയാളുടെ മറുപടി. ഇതെ ചൊല്ലി അവര്‍ തമ്മില്‍ വഴക്കുകള്‍ പതിവായി. ഈ രീതിയില്‍ അധികം കാലം അവിടെ ജീവിക്കാന്‍ തനിക്ക് കഴിയില്ലെന്ന് നിത തീരുമാനിച്ചു. അവള്‍ ഹോസ്റ്റലിലേയ്ക്കു മാറി. മകളുടെ പ്രശ്നങ്ങള്‍ അറിഞ്ഞ് അച്ഛനമ്മമാര്‍ നാട്ടിലെത്തി. സന്തോഷകരമായ ദാമ്പത്യജീവിതം നയിച്ചിരുന്ന അവര്‍ക്ക് മകളുടെ വിവാഹബന്ധം തകരുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നു. അങ്ങനെയാണ് അവര്‍ മകളേയും കൂട്ടി എന്‍റെ അടുക്കല്‍ എത്തിയത്. നിതയുടെ ഭര്‍ത്താവിനും ഇതൊരു ഷോക്ക് തന്നെയായിരുന്നു. തന്‍റെ വിവാഹജീവിതത്തില്‍ ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് അയാള്‍ ഒരിക്കലും കരുതിയിരുന്നില്ല. അതുകൊണ്ടു തന്നെ ഒരുമിച്ചിരുന്ന് സംസാരിക്കാന്‍ ക്ഷണിച്ചപ്പോള്‍ അയാള്‍ വന്നു. ഇരുവരും അവരവരുടെ ഭാഗത്തു നിന്ന് മാത്രമാണ് കാര്യങ്ങളെ നോക്കി കണ്ടത് എന്നതാണ് ഇവിടെ സംഭവിച്ചത്. തന്‍റെ പെരുമാറ്റം അല്ലെങ്കില്‍ ശീലം മറ്റൊരാളെ എങ്ങനെ ബുദ്ധിമുട്ടിക്കും എന്ന് അവര്‍ ചിന്തിച്ചതേയില്ല. പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ നിത ശ്രമിച്ചതേയില്ല. ഇവിടെ ജീവിക്കാന്‍ തനിക്കു കഴിയില്ല എന്ന മനോഭാവത്തോടെയാണ് അവള്‍ കാര്യങ്ങളെ സമീപിച്ചത്. ഭര്‍ത്താവകട്ടെ, വീട്ടില്‍ വന്നു കയറുന്ന പെണ്‍കുട്ടി എല്ലാം സഹിക്കാന്‍ തയ്യാറാവണം എന്ന ചിന്താഗതിക്കാരനായിരുന്നു. ഒരുമിച്ചിരുന്ന് സംസാരിച്ചപ്പോള്‍ ഇരുവര്‍ക്കും തങ്ങളുടെ തെറ്റ് ബോധ്യമായി. ഇരുവരും തങ്ങളുടെ വീഴ്ചകള്‍ തിരുത്താന്‍ തയ്യാറായപ്പോള്‍ അവര്‍ക്കിടയിലെ പ്രശ്നങ്ങളും അവസാനിച്ചു.

പങ്കാളികളുടെ സ്വഭാവശീലങ്ങളിലെ പൊരുത്തമില്ലായ്മ മൂലം ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങള്‍ വേണ്ടരീതിയില്‍ പരിഹരിച്ചില്ലെങ്കില്‍ അത് വിവാഹമോചനത്തിനു വരെ കാരണമായേക്കാം. നിസ്സാരമെന്ന് കണക്കാക്കി അവഗണിക്കുന്ന ശീലങ്ങള്‍ക്ക് പോലും വിവാഹബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിയും.

ഭക്ഷണം മാറുമ്പോള്‍

ഓരോ വ്യക്തിയുടേയും ഭക്ഷണശീലങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. എന്നാല്‍ കുടുംബജീവിതത്തിലേയ്ക്ക് ചുവടുവയ്ക്കുമ്പോള്‍ ഭക്ഷണകാര്യത്തില്‍ വിട്ടുവീഴ്ച അനിവാര്യമായി വരും. ഈ ഭക്ഷണം എനിക്കിഷ്ടമല്ല എന്ന്ു പറയാനും അത് കഴിക്കാതിരിക്കാനും ഉള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിയ്ക്കും ഉണ്ട്. എന്നാല്‍ തനിക്ക് ഇഷ്ടപ്പെടാത്ത ഭക്ഷണം പങ്കാളി കഴിച്ചാല്‍ അതിനെ തടസ്സപ്പെടുത്തേണ്ടതില്ല. മാത്രമല്ല ആ ഭക്ഷണം വീട്ടില്‍ പാകം ചെയ്യാനുള്ള സ്വാതന്ത്ര്യവും അവര്‍ക്ക് നല്‍കണം. വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കുന്ന ഒരാള്‍ക്ക് നോണ്‍വെജ് ഇഷ്ടപ്പെടുന്ന പങ്കാളിയെ ലഭിച്ചാല്‍ വിരുദ്ധമായ ഭക്ഷണതാത്പര്യങ്ങള്‍ മൂലം അവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. തങ്ങള്‍ കഴിക്കുന്ന ഭക്ഷണമാണ് ശരി എന്നൊരു നിലപാട് സ്വീകരിക്കുമ്പോഴാണ് പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. മറിച്ച് ഞാന്‍ എനിക്ക് ഇഷ്ടമുള്ളത് കഴിക്കുന്നു, പങ്കാളി അവന് അല്ലെങ്കില്‍ അവള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കുന്നു എന്ന് ചിന്തിച്ചാല്‍ അവിടെ പ്രശ്നങ്ങള്‍ ഇല്ല. വെജ് ഇഷ്ടപ്പെടുന്നയാളെ നോണ്‍വെജ് കഴിക്കാന്‍ നിര്‍ബന്ധിക്കുമ്പോഴും നോണ്‍വെജ് ഇഷ്ടപ്പെടുന്നയാളെ വെജിറ്റേറിയന്‍ ആക്കാന്‍ ശ്രമിക്കുമ്പോഴും അയാളുടെ ഭക്ഷണസ്വാതന്ത്ര്യത്തിനു മേല്‍ നിങ്ങള്‍ കൈകടത്തുകയാണെന്ന് ഓര്‍മ്മിക്കുക. മതവിശ്വാസങ്ങള്‍ മതചിന്തകള്‍ക്ക് അതീതമായി പ്രണയിച്ച് വിവാഹം കഴിക്കുന്നവര്‍ ഭാവിയില്‍ വിശ്വാസങ്ങളുടെ പേരില്‍ കലഹിക്കാനുള്ള സാധ്യത കൂടുതലാണ്. വിവാഹസമയത്ത് പങ്കാളിയുടെ നിര്‍ബന്ധം മൂലം മറ്റൊരു മതത്തിലേയ്ക്ക് മാറേണ്ടി വന്നവര്‍ ഉണ്ടാകാം. വര്‍ഷങ്ങളായി പിന്തുടര്‍ന്നു വന്നിരുന്ന ആചാരാനുഷ്ഠാനങ്ങള്‍ ഒറ്റ ദിവസം കൊണ്ട് മറക്കുന്ന സാധ്യമല്ല. പഴയ വിശ്വാസത്തിലേയ്ക്ക് തിരികെ പോകാനുള്ള ആഗ്രഹം അവരുടെ ഉള്ളില്‍ എല്ലായ്പ്പോഴും നിലനില്‍ക്കുന്നുണ്ടാകും. ഏതെങ്കിലും അവസരത്തില്‍ പഴയ വിശ്വാസങ്ങള്‍ പങ്കാളിയുടെ മനസ്സില്‍ നിലനില്‍ക്കുന്നു എന്ന് രണ്ടാമത്തെയാള്‍ മനസ്സിലാക്കിയാല്‍ അവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ തുടങ്ങുകയായി. മതം മാറാതെ തന്നെ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചവര്‍ പോലും പിന്നീട് കുട്ടികളുണ്ടാകുന്ന സമയത്ത് അവരെ ഏതു വിശ്വാസരീതിയില്‍ വളര്‍ത്തണം എന്നതിനെ ചൊല്ലി വഴക്കിടാറുണ്ട്. എന്‍റെ വി്ശ്വാസമാണ് ശരി എന്ന നിലപാടു തന്നെയാണ് ഇവിടേയും കുഴപ്പം ഉണ്ടാക്കുന്നത്. ഞാന്‍ ഞാനായി നിലനില്‍ക്കും അതേസമയം മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കുകയും ചെയ്യും എന്ന് തീരുമാനിച്ചാല്‍ അവിടെ പ്രശ്നങ്ങള്‍ അവസാനിക്കും.

ജീവിതരീതികള്‍ ജീവിതം ആഘോഷിക്കാനുള്ളതാണ് എന്ന ചിന്ത മുറുകെ പിടിക്കുന്ന മനുഷ്യരുണ്ട്. ഇവര്‍ പൊതുവേ സമ്പാദ്യങ്ങളില്‍ വിശ്വസിക്കാറില്ല. കിട്ടുന്ന പണം മുഴുവന്‍ ചെലവിടാനാകും ഇവര്‍ക്ക് താത്പര്യം. സാമ്പത്തികഭദ്രതയെ കുറിച്ചോ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചോ ഇവര്‍ കാര്യമായി ആശങ്കപ്പെടാറില്ല. അതേസമയം കിട്ടുന്ന പണം മുഴുവന്‍ നാളേയ്ക്കു വേണ്ടി സൂക്ഷിച്ചു വയ്ക്കാന്‍ താത്പര്യം കാണിക്കുന്നവര്‍ ഉണ്ട്. വളരെ പിശുക്കി മാത്രമേ ഇവര്‍ പണം കൈകാര്യം ചെയ്യുകയുള്ളൂ. ഈ രണ്ടു വിരുദ്ധസ്വഭാവങ്ങളില്‍ പെട്ടവരാണ് പങ്കാളികളെങ്കില്‍ അവിടെ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. രണ്ടുപേരും സ്വന്തം നിലയ്ക്ക് സമ്പാദിക്കുന്നവരാണെങ്കില്‍ പ്രശ്നങ്ങള്‍ കുറേയൊക്കെ ഒഴിവായെന്നു വരും. ഓരോരുത്തരും അവരവരുടെ പണം ചെലവിടുന്നതിനാലാണ് ഇത്. അതേസമയം പങ്കാളികളിലൊരാള്‍ക്ക് വരുമാനം ഇല്ല എന്നു വരികയാണെങ്കില്‍ പ്രശ്നങ്ങള്‍ ഗുരുതരമാകും. രണ്ടുപേരുടേയും നിലപാട് ഇവിടെ ശരിയാണ്. ജീവിതം ആഘോഷിക്കാനും സമ്പാദിക്കാനും ഉള്ളതാണ്. എന്നാല്‍ രണ്ടിനും ഒരു അതിര്‍വരമ്പ് നിശ്ചയിക്കണമെന്നു മാത്രം. പണം സമ്പാദിക്കേണ്ടതിന്‍റേയും ചെലവിടേണ്ടതിന്‍റേയും ആവശ്യത്തെ പറ്റി പരസ്പരം ചര്‍ച്ച ചെയ്യുക. ഇനിയങ്ങോട്ട് ഇരുവരും ഒരുമിച്ചാണ് കുടുംബം മുന്നോട്ടു കൊണ്ടുപോകേണ്ടത് എന്ന കാര്യം മനസ്സില്‍ വച്ചുകൊണ്ടാകണം ചര്‍ച്ച. പ്രശ്നങ്ങള്‍ പരസ്പരം പറഞ്ഞു പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു കൗണ്‍സിലറുടെ സഹായം തേടുക. വളര്‍ന്നു വന്ന സാഹചര്യങ്ങളാണ് ഓരോ വ്യക്തിയുടേയും ജീവിതരീതി നിര്‍ണ്ണയിക്കുന്നത്. കുടുംബങ്ങള്‍ തമ്മില്‍ സാമ്പത്തികമായി ഏറെ അന്തരം ഉണ്ടെങ്കില്‍ ആ വിവാഹബന്ധത്തിലെ പങ്കാളികളുടെ സ്വഭാവത്തിലും അത് പ്രതിഫലിക്കും. സമ്പത്തിനു നടുവില്‍ വളര്‍ന്നൊരാളുടെ ജീവിതരീതി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് പരിചിതമായിരിക്കണമെന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ പങ്കാളിയുടെ ഭാഗത്ത് നിന്ന് ചിന്തിക്കാനും അവരെ മനസ്സിലാക്കാനും കഴിയണം. എങ്കില്‍ മാത്രമേ പരസ്പര ഐക്യത്തോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂ.

ചില ശീലങ്ങള്‍ മാറ്റണം

ചെറുപ്പം മുതലേ പാലിച്ചു വന്ന ശീലങ്ങള്‍ പിന്നീട് ജീവിതത്തില്‍ നിന്ന് തുടച്ചു നീക്കാന്‍ എളുപ്പമല്ല. ചിലര്‍ ചിട്ടയായ ജീവിതം പിന്തുടരുന്നവരാകും. വീട്ടിലെ ഓരോ സാധനങ്ങളും ഇന്ന സ്ഥലത്ത് ഇരിക്കണമെന്ന് ഇവര്‍ക്ക് നിര്‍ബന്ധം ഉണ്ടാകും. അലക്ഷ്യമായി ഒന്നും ചിതറിക്കിടക്കുന്നത് കാണാന്‍ ഇത്തരം വ്യക്തികള്‍ ആഗ്രഹിക്കുകയില്ല. ഉറങ്ങുന്ന സമയം, ഉണരുന്ന സമയം, വ്യായാമം, ഭക്ഷണം ഇങ്ങനെ ഓരോന്നിനും ഇവര്‍ക്ക് കൃത്യമായ സമയം ഉണ്ടാകും. എന്നാല്‍ ഇതില്‍ നിന്ന് തീര്‍ത്തും വിഭിന്നമായ ജീവിതം നയിക്കുന്നവരുണ്ട്. അവര്‍ക്ക് ഒന്നിനും പ്രത്യേക സമയം ഉണ്ടാകാറില്ല. ഓരോ ദിവസവും അതിന്‍റേതായ വഴിയ്ക്ക് മുന്നോട്ടു പോകും എന്നാണ് അവര്‍ ചിന്തിക്കുക. ഈ രണ്ടുകൂട്ടരും ഒരുമിച്ചാല്‍ അവരുടെ വിവാഹജീവിതത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഒരാള്‍ എല്ലാം ചിട്ടയായി അടുക്കിവയ്ക്കുമ്പോള്‍ അടുത്തയാള്‍ അതെല്ലാം അലങ്കോലമാക്കിയിടും. വഴക്കുണ്ടാകാന്‍ കൂടുതല്‍ കാരണങ്ങള്‍ തിരയേണ്ടതില്ല. തന്‍റെ തെറ്റ് തിരിച്ചറിയുക എന്നത് മാത്രമാണ് ഇവിടെ വഴക്ക് ഒഴിവാക്കാന്‍ മാര്‍ഗ്ഗം. പങ്കാളിയുടെ സ്ഥാനത്ത് നിങ്ങള്‍ ആയിരുന്നെങ്കില്‍ എന്ന് ചിന്തിക്കുക. അങ്ങനെ ചിന്തിക്കുമ്പോള്‍ വളരെയെളുപ്പത്തില്‍ തെറ്റും ശരിയും തിരിച്ചറിയാനാകും. എല്ലാം എപ്പോഴും ചിട്ടയായിരിക്കണം എന്ന വാശി വേണ്ട, ജീവിതം അങ്ങനെ അളന്നു മുറിച്ച് ജീവിക്കേണ്ട ഒന്നല്ല. അതേസമയം മറ്റൊരാളെ ബുദ്ധിമുട്ടിച്ചു കൊണ്ട് എല്ലാം എപ്പോഴും അലങ്കോലമാക്കിയിടുന്നത് വളരെ മോശം ശീലങ്ങളില്‍ ഒന്നാണ്. വീടും പരിസരവും വൃത്തിയായും അടുക്കോടെയും സൂക്ഷിക്കേണ്ടത് പങ്കാളിയെ പോലെ തന്നെ നിങ്ങളുടേയും ആവശ്യമാണ്. വീടു വൃത്തിയാക്കാനും ജോലികള്‍ പങ്കിട്ടു ചെയ്യാനും ശീലിക്കാം.

 

     

    ഇഷ്ടങ്ങള്‍ അനിഷ്ടങ്ങളാകുമ്പോള്‍

    ഓരോ വ്യക്തിയ്ക്കും ഓരോ താത്പര്യങ്ങള്‍ ഉണ്ടാകും. ചിലര്‍ക്ക് ഇംഗ്ലീഷ് സിനിമകളോടും പാശ്ചാത്യസംഗീതത്തോടും ഇഷ്ടം ഉണ്ടാകുമ്പോള്‍ മറ്റു ചിലര്‍ക്ക് മലയാളം സിനിമകളും പാട്ടും മാത്രം കേള്‍ക്കാനായിരിക്കും താത്പര്യം. നൈറ്റ് ക്ലബ്ബും പാര്‍ട്ടിയും ഒരു വിഭാഗം ആളുകള്‍ക്ക് ജീവിതത്തില്‍ നിന്ന് ഒഴിച്ചു കൂടാന്‍ ആകാത്തതാണെങ്കില്‍ മറ്റൊരു വിഭാഗം ആളുകള്‍ക്ക് ബഹളങ്ങളില്‍ നിന്നകന്ന് വീട്ടില്‍ ഒതുങ്ങി കൂടിയിരിക്കാന്‍ ആയിരിക്കും താത്പര്യം. വളര്‍ന്നു വന്ന സാഹചര്യങ്ങളും സാമ്പത്തികനിലയും ആകും ഓരോരുത്തരുടേയും താത്പര്യങ്ങളെ രൂപപ്പെടുത്തിയിട്ടുണ്ടാകുക. വിവാഹം കഴിഞ്ഞു എന്നു കരുതി ഒരാള്‍ അയാളുടെ താത്പര്യങ്ങളെ ഉപേക്ഷിക്കണമെന്നില്ല. അതേസമയം പങ്കാളിയെ നിര്‍ബന്ധിച്ച് തന്‍റെ ശീലങ്ങളിലേയ്ക്ക് മാറ്റാന്‍ ശ്രമിക്കരുത്. ഓരോ വ്യക്തിയും സ്പെഷ്യല്‍ ആണ് എന്ന കാര്യം ആണ് ഇവിടെ ഓര്‍ക്കേണ്ടത്. അവരുടെ ഇഷ്ടങ്ങള്‍ പിന്തുടരാന്‍ അവരെ അനുവദിക്കുക. അവരുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുക. ലൈംഗികബന്ധത്തിലും ഇത്തരം ഇഷ്ടാനിഷ്ടങ്ങള്‍ പ്രതിഫലിച്ചേക്കാം. ചിലര്‍ക്ക് ലൈംഗികകാര്യങ്ങളില്‍ അമിത താത്പര്യം ഉണ്ടായിരിക്കും. പങ്കാളിയ്ക്ക് ചിലപ്പോള്‍ ഇത് ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല. ലൈംഗികബന്ധത്തിന് ഒട്ടും താത്പര്യം കാണിക്കാത്ത പങ്കാളിയെ ലഭിച്ചാലും ഇതേ അവസ്ഥ ഉണ്ടാകാം. ഇത്തരം അവസരങ്ങളില്‍ പ്രശ്നങ്ങള്‍ പരസ്പരം തുറന്നു സംസാരിക്കാന്‍ ശ്രമിക്കുക. ആവശ്യമെങ്കില്‍ ഒരു ഡോക്ടറുടെ സഹായം തേടുക.

    യാത്ര പോകാം

    വിവാഹത്തിനു ശേഷം പങ്കാളിയുമൊത്ത് യാത്രകള്‍ പോകാന്‍ ശ്രമിക്കുക. യാത്രകള്‍ മനസ്സിന്‍റെ വാതിലുകള്‍ വിശാലമാക്കും. ഭിന്നസ്വഭാവക്കാരായ വ്യക്തികളേയും വിചിത്രമായ ജീവിതരീതികളും പരിചയപ്പെടാന്‍ യാത്രകള്‍ അവസരമൊരുക്കും. തങ്ങളുടെ പ്രശ്നങ്ങള്‍ എത്ര നിസ്സാരമാണ് എന്നൊരു ചിന്ത രണ്ടുപേരുടേയും ഉള്ളില്‍ ഉണ്ടാക്കാന്‍ ഇത് സഹായിക്കും. കൂടാതെ യാത്രകളില്‍ ഒരുപാട് സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ടി വരും. കൂടാതെ യാത്ര ചെയ്യുമ്പോള്‍ ഓരോരുത്തരും അവരവരുടെ കംഫര്‍ട്ട്സോണില്‍ നിന്ന് പുറത്തു വരും. ജീവിതത്തെ കൂടുതല്‍ മനസ്സിലാക്കാനും എല്ലാം ഉള്‍ക്കൊള്ളാനും യാത്രകള്‍ സഹായിക്കും.

    താന്‍ ആഗ്രഹിക്കുന്ന സ്വഭാവഗുണങ്ങള്‍ ഉള്ള പങ്കാളിയെ വേണമെന്നാണ് ഓരോ വ്യക്തിയും ആഗ്രഹിക്കുക. എന്നാല്‍ പലപ്പോഴും വിരുദ്ധ സ്വഭാവമുള്ള വ്യക്തിയായിരിക്കും ജീവിതത്തിലേയ്ക്കു കടന്നു വരുന്നത്. എന്നാല്‍ അതില്‍ നിരാശപ്പെടേണ്ട ആവശ്യമില്ല. ഈ ലോകത്തില്‍ ഒന്നും പൂര്‍ണ്ണമല്ല. കുറ്റങ്ങളും കുറവുകളും ഇല്ലാത്ത മനുഷ്യരും ഇല്ല. ചിലപ്പോള്‍ വിരുദ്ധസ്വഭാവം കാരണം ജീവിതം സ്വരച്ചേര്‍ച്ചയുള്ളതാകാം. പെട്ടെന്നു ദേഷ്യം വരുന്ന ഒരാള്‍ക്ക് ശാന്തശീലനായ പങ്കാളിയെ കിട്ടുന്നത് അനുയോജ്യമാണ്. പങ്കാളിയുടെ സ്വഭാവം എന്തു തന്നെയായാലും അത് ഉള്‍ക്കൊളളാനും പൊരുത്തപ്പെടാനും ആവശ്യമെങ്കില്‍ തിരുത്താനും ശീലിച്ചാല്‍ മാത്രമേ ദാമ്പത്യജീവിതം വിജയകരമാകൂ.

     

    read more
    ആരോഗ്യംഉദ്ധാരണംഗര്‍ഭധാരണം (Pregnancy)രതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വജൈനിസ്മസ്‌ (Vaginismus )വന്ധ്യതവൃക്തിബന്ധങ്ങൾ Relationship

    നല്ല സെക്സിന് മനസ്സ് വില്ലനാകാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

    രണ്ടു വ്യക്തികളുടെ മനസ്സും ശരീരവും ആത്മാവും ഒന്നാകുമ്പോൾ അനുഭവപ്പെടുന്ന നിർവചിക്കാൻ സാധിക്കാത്ത ആനന്ദാനുഭൂതിയാണു സെക്സ്. ഈ അനുഭൂതി ഉളവാകണമെങ്കിൽ സെക്സ് പരസ്പരം ആസ്വദിച്ച് അതിനെ പൂർണമായി ഉൾക്കൊണ്ടു ചെയ്യണം. ഇങ്ങനെ ആസ്വദിച്ചു ചെയ്യുവാൻ സാധിക്കാത്തവർക്ക് അതൊരു വിരസമായതോ വേദനാജനകമായതോ ആയ അവസ്ഥയായി മാറാം. മറ്റൊരർഥത്തിൽ മിക്ക ലൈംഗിക പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം മാനസിക നിലപാടുകളാണെന്നറിയുക.

    പ്രശ്നങ്ങളറിയാം

    ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനു താൽപര്യമില്ലാത്ത അവസ്ഥ. ഉത്തേജനം ലഭിക്കാത്ത അവസ്ഥ. വേദനയോടുകൂടിയ ലൈംഗികബന്ധം, ബന്ധപ്പെടുമ്പോൾ സംതൃപ്തി ലഭിക്കാതിരിക്കുക തുടങ്ങിയവയാണു സ്ത്രീകളിൽ സാധാരണ കാണുന്ന ലൈംഗിക പ്രശ്നങ്ങൾ. വ്യത്യസ്ത കാരണങ്ങളാലാണ് ഇങ്ങനെ സംഭവിക്കുന്നത്. പുറത്തുപറയുവാൻ മടിക്കുന്നതിനാൽ ജീവിതകാലം മുഴുവൻ അസംതൃപ്തമായ ജീവിതം നയിക്കേണ്ടി വരുന്നവരുണ്ട്. ലൈംഗിക പ്രശ്നങ്ങൾ, അതു എന്തു തന്നെ ആയാലും പരിഹരിക്കപ്പെടാവുന്നതേയുള്ളൂ. ജീവിത പങ്കാളിയോടും ആവശ്യമെങ്കിൽ ഡോക്ടറോടും പ്രശ്നങ്ങൾ യഥാസമയം പങ്കുവയ്ക്കുകയാണു വേണ്ടത്.

    രണ്ടു കാരണങ്ങൾ

    മാനസികമോ ശാരീരികമോ ആയ കാരണങ്ങൾ മൂലം ലൈംഗിക പ്രശ്നങ്ങളുണ്ടാകാം. ഇതു പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു.

    ശാരീരികമായ കാരണങ്ങൾ

    ∙ ഹോർമോൺ അസന്തുലിതാവസ്ഥ

    ∙ പ്രമേഹം

    ∙ ആർത്തവവിരാമം

    ∙ ലഹരിവസ്തുക്കളുടെ ദുരുപയോഗം

    ∙ തൈറോയ്ഡ് പ്രശ്നങ്ങൾ

    ∙ വജൈനിസ്മസ് എന്ന അവസ്ഥ

    ∙ ലൈംഗികരോഗങ്ങൾ

    മനസ്സിന്റെ തടസങ്ങൾ

    സ്ട്രെസ്സ് അഥവാ സമ്മർദം/ഉത്കണ്ഠ, കുടുംബപ്രശ്നങ്ങൾ മൂലമോ, ജോലി സംബന്ധമായ കാരണങ്ങള്‍ മൂലമോ, സ്ത്രീകളിലുണ്ടാകുന്ന അമിതസമ്മർദം, പങ്കാളിയെ തൃപ്തിപ്പെടുത്താനാകുമോ എന്ന ഉത്കണ്ഠ എന്നിവ സ്ത്രീലൈംഗികതയെ ബാധിക്കുന്നതായി കണ്ടുവരുന്നു.

    സെക്സിനെക്കുറിച്ചുള്ള ശരിയായ അവബോധം ഇല്ലാത്തതു മറ്റൊരു പ്രശ്നമാണ്. രക്ഷിതാക്കളും മറ്റും കുട്ടികൾക്കു കൊടുക്കുന്ന ലൈംഗികത പാപമാണ് എന്ന നിർദേശം. പിൽക്കാലത്തു സെക്സിനോടുള്ള ഭയം, സങ്കടം, ദേഷ്യം, അറപ്പ് മുതലായവ ലൈംഗികതയോടുള്ള താൽപര്യം കെടുത്തിക്കളയുന്നു.

    ലൈംഗികതയോടുള്ള അമിതഭയത്താൽ ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ അറിയാതെ തന്നെ യോനിപേശികളിൽ സങ്കോചം ഉണ്ടായി ലൈംഗികബന്ധം വേദനാജനകമാകാം. അതു ലൈംഗികാഭിനിവേശവും തൃപ്തിയും ഇല്ലാതാക്കാം.

    കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെങ്കിൽ ആ മോശമായ /ഭീതിജനകമായ അനുഭവം പിൽക്കാലത്ത് എതിർലിംഗത്തിൽ പെട്ടവരുമായോ /പങ്കാളിയുമായോ മാനസികവും വൈകാരികവും ശാരീരികവുമായുള്ള അകൽച്ചയ്ക്കു കാരണമാവാറുണ്ട്. ചുരുക്കം ചിലരിൽ ഇതു മൂലം സ്വന്തം ശരീരത്തെ തന്നെ വെറുക്കുന്ന അവസ്ഥ വരുത്തും. ലൈംഗികതയിൽ നിന്നു പൂർണമായും മനസ്സുകൊണ്ടു വിട്ടുനിൽക്കുമ്പോൾ അത് ആസ്വദിക്കാനാകില്ലല്ലോ.

    ബന്ധങ്ങളിലുള്ള വിള്ളൽ, ജീവിത പങ്കാളിയോട് വൈകാരികമായ അടുപ്പക്കുറവ്, പരസ്പരം വ്യസ്തമായ ലൈംഗിക കാഴ്ചപ്പാട് എന്നിവയും പ്രതിസന്ധിയാകാറുണ്ട്.

    സ്ത്രീകളിലെ സംശയരോഗം ഒരു പ്രധാന വില്ലനായി പ്രവർത്തിക്കാറുണ്ട്. തന്റെ പങ്കാളിക്കു തന്നെ ഇഷ്ടമല്ല, മറ്റാരോ ജീവിതത്തിൽ ഉണ്ട് എന്ന തെറ്റായ തോന്നൽ പരസ്പരമുള്ള ലൈംഗികതയുടെ താളം തെറ്റിക്കാം.

    ലൈംഗികതയെ ഗുരുതരമായി ബാധിക്കുന്ന മാനസിക പ്രശ്നമാണു വിഷാദം അഥവാ ഡിപ്രഷൻ. ആൻഹിഡോനിയ എന്ന സ്ഥിതി വിശേഷമാണ് മറ്റൊന്ന്. സന്തോഷകരമായ ഒരു കാര്യവും ആസ്വദിക്കാനോ വേണ്ട രീതിയിൽ അനുഭവിക്കുവാനോ കഴിയാത്ത അവസ്ഥയാണിത്. ഇത്തരത്തിലുള്ള പല കാരണങ്ങളും മനോരോഗങ്ങളും ലൈംഗികപ്രശ്നങ്ങൾക്കു കാരണമാകാറുണ്ട്.

    സ്ത്രീകളിലുള്ള കുറ്റബോഝം (guilt feeling) ആണ് മറ്റൊരു പ്രശ്നം. ജീവിത പങ്കാളിയോടല്ലാതെ മറ്റാരെങ്കിലുമായി അറിഞ്ഞോ/ അറിയാതെയോ ഉണ്ടായിട്ടുള്ള വിവാഹപൂർവ/വിവാഹേതര ലൈംഗികബന്ധം പിൽക്കാലത്ത് ഈ അവസ്ഥ ഉണ്ടാക്കാറുണ്ട്.

    പങ്കാളിയിൽ നിന്നു വേണ്ടത്ര പരിഗണന ലഭിക്കാതെ വരിക, പങ്കാളിയിൽ നിന്ന് അനുഭവപ്പെടുന്ന വേദനാജനകമായ ലൈംഗികബന്ധം. വേദന ജനിപ്പിച്ചുകൊണ്ടു പങ്കാളി നടത്തുന്ന കാമകേളികൾ. പങ്കാളിക്കു സെക്സിനോടുള്ള അമിതാസക്തി മുതലായവ സ്ത്രീകളിൽ ലൈംഗികാഗ്രഹം ഇല്ലാതെയാക്കാം.

    സുരക്ഷിതത്വമില്ലായ്മ (Insecurity feeling) ഒരു ഭോഗവസ്തു ആയി മാത്രമാണു തന്നെ പങ്കാളി കണക്കാക്കുന്നത് എന്ന തോന്നൽ, വികാരങ്ങളെ മുറിപ്പെടുത്തുന്ന രീതിയിലുള്ള പങ്കാളിയുടെ പെരുമാറ്റം സ്ത്രീകളുടെ ലൈംഗിക വിരക്തിക്കു കാരണമാകാറുണ്ട്.

    യോനിവരൾച്ച, യോനിസങ്കോചം ഇതെല്ലാം വേദനാജനകമായ ബന്ധത്തിനു കാരണമാകാറുണ്ട്. അതിനാൽ ലൈംഗികതയോടുള്ള താൽപര്യം ഇല്ലാതാവുകയും ലൈംഗിക വിരക്തി, ഭയം, ഇവ വർദ്ധിപ്പിക്കുന്നതിനും കാരണാകുന്നു.

    ആർത്തവ വിരാമത്തെ തുടർന്നുണ്ടാകുന്ന ഹോർമോൺ വ്യതിയാനവും വൈകാരിക മാറ്റങ്ങളും ലൈംഗിക താൽപര്യത്തെ ബാധിക്കുന്നു. അതുപോലെ തന്നെ ഗർഭപാത്രം നീക്കം ചെയ്ത പലരിലും ഇത്തരം അവസ്ഥകൾ ഉണ്ടാകാം.

    പരിഹാരമാർഗങ്ങൾ

    പരസ്പരം ഇഷ്ടപ്പെടുന്ന സ്ത്രീയും പുരുഷനും തമ്മിൽ ആഴത്തിലുള്ള തീവ്രപ്രണയത്തിന്റെ പവിത്രമായ ഒന്നു ചേരലാണു സെക്സ്. ലൈംഗികതയെക്കുറിച്ചുള്ള ശരിയായ അറിവ് ലൈംഗികതയ്ക്കു തടസ്സമാകുന്ന മാനസിക പ്രശ്നങ്ങളെ വലിയൊരളവോളം നീക്കാൻ ഉപകരിക്കും.

    സെക്സ് പൂർണമായും ആസ്വദിക്കുവാൻ പറ്റണമെങ്കിൽ രണ്ടു വ്യക്തികളും ഒരേ മനസ്സോടുകൂടി ശരീരത്തോടുകൂടി ഒന്നായി ചേരണം. സ്വന്തം ജീവിതപങ്കാളിയായ സ്ത്രീയുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പുരുഷനും, തന്റെ ഇണയെ മനസ്സാക്കി സ്ത്രീയും പ്രവർത്തിക്കേണ്ട വിധം ഇനി പറയാം.

    ആശയവിനിമയം

    ഭാര്യയോട് /പങ്കാളിയോടു നന്നായി സംസാരിക്കുക, എത്രത്തോളം അവളെ പ്രണയിക്കുന്നുണ്ടെന്നു മനസ്സിലാക്കി കൊടുക്കുക. പറയുക. അവളുടെ ഹൃദയത്തിന്റെ വാതിലുകൾ സ്നേഹത്തിലൂടെയും വിശ്വാസത്തിലൂടെയും തുറക്കുക. അവൾക്കു വേണ്ട ആത്മവിശ്വാസം കൊടുക്കുക. തിരിച്ചും ഇതേപോലെ പ്രവർത്തിക്കുക.

    മോശം വാക്കുകൾ ദേഷ്യം, കുറ്റപ്പെടുത്തലുകൾ തുടങ്ങിയവ രണ്ടുകൂട്ടരും കിടപ്പറയ്ക്കു പുറത്തു വയ്ക്കുക.

    ലൈംഗിക ശുചിത്വം, പരസ്പരം പാലിക്കുക.

    കിടപ്പറയിലേക്കു പോകുന്നതിനു മുമ്പുതന്നെ എല്ലാ ദിവസവും ദമ്പതികൾ ഒരുമിച്ചിരിക്കണം. പരസ്പരം കേൾക്കണം. ശാരീരികവും വൈകാരികവും മാനസികവുമായ ഇണപ്പൊരുത്തമുണ്ടാക്കുകയാണ് ദാമ്പത്യത്തിൽ ലൈംഗികതയുടെ മുഖ്യ ധർമം. അതിനായി സ്ത്രീയുടെ വിഷമതകളെ ശ്രദ്ധാപൂർവം കേൾക്കുക. പ്രശ്നങ്ങൾ എന്തു തന്നെ ആയാലും കുറ്റപ്പെടുത്താതെ ഞാനുണ്ട് കൂടെ എന്നുള്ള ഉറപ്പും വിശ്വാസവും നൽകുക.

    പുരുഷൻ കിടക്കയിൽ ചെന്നയുടൻ നേരേ ലൈംഗികബന്ധത്തിൽ ഏർപ്പെടാതിരിക്കുക. ഭാര്യയും ഭര്‍ത്താവും പരസ്പരം ശരീരത്തെയും രതിബിന്ദുക്കളെയും അടുത്തറിഞ്ഞു പരിലാളനങ്ങളിലൂടെ ത്രസിപ്പിക്കുമ്പോഴേ സെക്സ് ആസ്വാദ്യകരമാവൂ. അതിനായി സ്ത്രീശരീരം എന്തെന്ന് പുരുഷനും പുരുഷശരീരം എന്തെന്ന് സ്ത്രീയും മനസ്സിലാക്കാൻ ശ്രമിക്കുക.

    ഭാര്യഭർത്താക്കന്മാർ തമ്മിലുള്ള സ്നേഹവും തുറന്ന ഇടപെടലും ലൈംഗികതയിലുള്ള പരസ്പര ഇഷ്ടാനിഷ്ടങ്ങൾ പങ്കുവച്ച് അതിനനുസൃതമായി പ്രവർത്തിക്കുകയും ചെയ്യുന്നതു സെക്സ് ആസ്വദിക്കാൻ അനിവാര്യമാണ്.

    പൂർവലീലകളിൽ പുതുമ

    പുരുഷൻ സാവധാനത്തോടെ മാത്രം ലൈംഗികതയിലേക്കു കടക്കുക. പൂർവലീലകളിലൂടെ (Foreplay) സ്ത്രീയെ പരമാവധി ഉത്തേജിപ്പിക്കുക. പുരുഷൻ പൂർവലീലകളിൽ വ്യത്യസ്തത കണ്ടെത്താൻ ശ്രമിക്കുകയാണെങ്കിൽ ലൈംഗികജീവിതം കൂടുതൽ ആഹ്ലാദകരമാക്കുവാനും ആസ്വദിക്കുവാനും സാധിക്കും. ഇതിനായി ഇണയുടെ താൽപര്യങ്ങൾ ചോദിച്ചറിയുക.

    സെക്സിനു മുൻപു സ്ത്രീകളോടുളള കരുതലും ലാളനയും പോലെ തന്നെ പ്രധാനപ്പെട്ടതാണ് സെക്സിനു ശേഷമുള്ള കരുതലും.

    സ്ത്രീയുടെ ജീവിതത്തിൽ ലൈംഗികത മാത്രമല്ല അവൾ ആഗ്രഹിക്കുന്നത്. പ്രണയവും തലോടലും കൈകൾ കോർത്തുപിടിക്കുന്നതും ചുംബിക്കുന്നതും എല്ലാം അവൾ ആഗ്രഹിക്കുന്നു. തന്റെ പുരുഷന്റെ കൈക്കുള്ളിൽ സുരക്ഷിതയാണ് എന്നുള്ള തോന്നൽ അവൾക്ക് ഉളവാകും വിധത്തിൽ പ്രവർത്തിക്കുക. ഇതെല്ലാം സ്ത്രീക്കു നൽകുവാൻ പുരഷൻ തയാറാകണം.

    പുരുഷന്റെ തകർപ്പൻ പ്രകടനത്തെക്കാൾ പരസ്പരം മനസ്സിലാക്കിയും അംഗീകരിച്ചും കൊണ്ടുള്ള സ്നേഹപൂർണമായ ലാസ്യമാണ് ലൈംഗികബന്ധത്തിലും ദാമ്പത്യത്തിലും സ്ത്രീ ആഗ്രഹിക്കുന്നത്.

    സംശയരോഗം, വിഷാദം, ഉത്കണ്ഠ, ആൻഹിഡോനിയ പോലുള്ള അവസ്ഥകൾ, മറ്റു മനോരോഗങ്ങൾ മുതലായവ അനുഭവിക്കുന്ന സ്ത്രീകൾക്കു പ്രശ്നപരിഹാരത്തിനു മനഃശാസ്ത്ര വിദഗ്ധനെ സമീപിക്കാം.

    ലൈംഗികതയും അതിനോടനുബന്ധിച്ച അനുഭൂതിയും കാലത്തിനും പ്രായത്തിനും അതീതമാണ്. ലൈംഗികതയോടുള്ള വിരക്തി താൽപര്യക്കുറവ് എല്ലാം തോന്നുന്നതിന് ഒരു കാരണം മനസ്സിൽ ഒട്ടേറെ അനാവശ്യ ചിന്തകളാണ്. ഈ ചിന്തകളെ കറക്ട് ചെയ്താൽ മാറാവുന്ന പ്രശ്നങ്ങളേയുള്ളൂ. ലൈംഗികതയിൽ അതിനായി വേണ്ടപക്ഷം മനഃശാസ്ത്ര വിദഗ്ധന്റെയോ സെക്സോളജിസ്റ്റിന്റെയോ സഹായം തേടാം.

    പങ്കാളികൾക്കു പരസ്പരം താൽപര്യമുള്ളതെന്തും സെക്സിൽ അനുവദനീയമാണ്. എത്രത്തോളം സെക്സ് ആസ്വദിക്കാൻ സാധിക്കുന്നുവെന്നു തുറന്നു സംസാരിക്കുക. വിലങ്ങായി നിൽക്കുന്ന ഏതു മാനസിക പ്രശ്നങ്ങളെയും പരസ്പരം സഹകരണത്തോടെ പരിഹാരിക്കാം.

    ആനന്ദം തിരിച്ചുപിടിക്കാൻ ടെക്നിക്കുകൾ

    ദാമ്പത്യത്തിന്റെ ആദ്യനാളുകളിൽ ഏറ്റവും ആനന്ദദായകമാണ് ലൈംഗികത. പിന്നീട് ക്രമേണ അതിന്റെ രസം നഷ്ടപ്പെട്ടുപോകുന്നവർ ഒട്ടേറെയാണ്. ശരീരത്തിലുള്ള കൗതുകങ്ങളും മാനസികമായ കെട്ടുറപ്പും കുറയുന്നതാണ് ഇതിന്റെ പ്രധാന കാരണം. ലൈംഗികതയെ പതിവു ചിട്ടവട്ടങ്ങളുടെ പുറത്തേയ്ക്കു പറിച്ചു നടുന്നതിലൂടെ ലൈംഗികാനന്ദം തിരിച്ചു കൊണ്ടുവരാൻ സാധിക്കും. സെക്സിനായി സ്ഥലം, സമയം, രീതി എന്നീ മൂന്നു കാര്യങ്ങൾ ബോധപൂർവം മാറ്റുന്നതു വളരെയധികം പ്രയോജനപ്പെടും. രാത്രിയിലുണ്ടായിരുന്ന സെക്സ് പകൽ പരീക്ഷിക്കും പോലെ, കിടപ്പു മുറിയിൽ നിന്നും മറ്റൊരിടത്തേക്കു മാറും പോലെ പുതുമകള്‍ പരീക്ഷിക്കാം. ആനന്ദം തിരിെകപ്പിടിക്കാം.

    ഡോ. സന്ദീഷ് പി.ടി.

    ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

    ഗവ. മെന്റൽ ഹൽത് സെന്റർ

    കോഴിക്കോട്.

    read more
    1 51 52 53 54 55 79
    Page 53 of 79